Wednesday, March 21, 2012
പിറവം: സമ്മതിദാനത്തിന്റെ പക്വത
ഇടതുമുന്നണിയ്ക്ക് കഴിഞ്ഞതവണ ലഭിച്ചതിനേക്കാള്‍ 4000 ത്തിലധികം വോട്ട് ഇത്തവണ സ്വന്തമാക്കാന്‍ കഴിഞ്ഞെങ്കിലും പുതുതായി വോട്ടവകാശം നേടിയ 19000 പേരില്‍ ബാക്കിയുള്ളവര്‍ യു ഡി എഫിന്റെ പിന്നില്‍ അണിനിരക്കുകയായിരുന്നു. വോട്ടിന്റെ ഗണിതത്തില്‍ ഇടതുമുന്നണിയ്ക്ക് ആശ്വസിക്കാമെങ്കിലും അവരുടെ മണ്ഡലങ്ങളെന്ന് അറിയപ്പെട്ടിരുന്ന ചോറ്റാനിക്കരയിലും തിരുവാങ്കുളത്തുമെല്ലാം ഇത്തവണയുണ്ടായ തിരിച്ചടി എല്‍ ഡി എഫിന്റെ ന്യായവാദങ്ങളെയെല്ലാം തിരസ്ക്കരിക്കുന്നതാണ്. യു ഡി എഫിന് അവരുടെ മുഴുവന്‍ വോട്ടും സമാഹരിക്കാന്‍ സാധിച്ചപ്പോള്‍ എല്‍ ഡി എഫിന് തങ്ങളുടെ പരമ്പരാഗത വോട്ടുകള്‍പോലും പിടിച്ചുനിര്‍ത്താന്‍ കഴിയാതെപോയെങ്കില്‍ അതിന്റെ കാരണങ്ങള്‍ തിരയേണ്ടത് സി പി എമ്മിനുള്ളിലും ഇടതുമുന്നണിയ്ക്കുള്ളിലുമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്‍ശേഷം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ രൂപംകൊണ്ട അമിതാധികാര പ്രവണതയും നഗ്നമായി പ്രദര്‍ശിപ്പിക്കപ്പെട്ട വിഭാഗീയതയും പിറവത്തെ ഇടുതപക്ഷ വോട്ടര്‍മാരില്‍പോലും തിരസ്ക്കാരത്തിന്റെ ചിന്തകളാണ് ഉദ്ദീപിപിച്ചത്. അണികള്‍ക്ക്പോലും അനുകൂലിക്കാനാകാത്ത ഇടതുനേതൃത്വത്തിന്റെ പ്രത്യയശാസ്ത്ര വിരുദ്ധതയ്ക്ക് പിറവം നല്‍കിയ മുന്നറിയിപ്പാണ് അനൂപിന്റെ അപ്രതീക്ഷിതഭൂരിപക്ഷം.
ആതിരേ,രാഷ്ട്രീയകേരളം അത്യാകാംക്ഷയോടെ കാത്തിരുന്ന പിറവം ഉപതെരഞ്ഞെടുപ്പിലെ ജനവിധി യു ഡി എഫിന് അനുകൂലം. അന്തരിച്ച മന്ത്രി ടി എം ജേക്കബിന്റെ മകനും യൂത്ത്ഫ്രണ്ട് ജേക്കബ് ഗ്രൂപ്പിന്റെ പ്രസിഡന്റുമായ അനൂപ് ജേക്കബ് കന്നിയംഗത്തില്‍ 12070 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പ്രകടമായത് സമ്മിതിദാനത്തിന്റെ പക്വതയായിരുന്നു. ആനുകാലിക കേരള രാഷ്ട്രീയത്തെക്കുറിച്ച് ആഴത്തിലുള്ള ഉള്‍ക്കാഴ്ച പിറവത്തെ സമ്മതിദായകര്‍ക്കുണ്ടായിരുന്നു എന്ന് തിരിച്ചറിയാന്‍ യു ഡി എഫിനോ എല്‍ ഡി എഫിനോ കഴിഞ്ഞില്ല എന്ന വാസ്തവവും ഇപ്പോള്‍ വ്യക്തമായിരിക്കുന്നു.
പരമ്പരാഗതമായ യു ഡി എഫ് മണ്ഡലത്തില്‍ നടക്കുന്ന ഒരു ഉപതെരഞ്ഞെടുപ്പിന് അത്രയ്ക്കൊന്നും രാഷ്ട്രീയ പ്രാധാന്യം ഉണ്ടാകാറില്ല. എന്നാല്‍ രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഭരണം നടത്തുന്ന മുന്നണിയ്ക്ക് ഇതുപോലെ ഒരു ഉപതെരഞ്ഞെടുപ്പ് ജീവന്‍മരണ പോരാട്ടമാണ്. പ്രതിപക്ഷത്തിന് സര്‍ക്കാരിനെക്കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ ലഭിക്കുന്ന രാഷ്ട്രീയ അവസരവുമാണ്. അതുകൊണ്ടുതന്നെ പൊതുതെരഞ്ഞെടുപ്പിന് ലഭിക്കുന്ന മാധ്യമ- പൊതുജന ജാഗ്രതയും പ്രചാരണ പരിപാടികളുമാണ് പിറവത്ത് കണ്ടത്.
ടി എം ജേക്കബിന്റെ മണ്ഡലമെന്ന് പരക്കെ വിശേഷിപ്പിക്കപ്പെടുന്ന പിറവത്ത്, ആതിരേ, രണ്ടുതവണ മാത്രമാണ് ഇടതുമുന്നണിയ്ക്ക് വിജയിക്കാന്‍ കഴിഞ്ഞത്. ഈ രണ്ടു വിജയങ്ങളും സവിശേഷമായ രാഷ്ട്രീയ പശ്ചാത്തലത്തില്‍നിന്ന് പരിണമിച്ചതുമായിരുന്നു. ടി എം ജേക്കബിന്റെ നിലപാടുകളായിരുന്നു അന്നെല്ലാം നിര്‍ണ്ണയകമായിരുന്നത്. യു ഡി എഫുമായി ടി എം ജേക്കബ് മറുതലിച്ച് നിന്ന് സമയങ്ങളിലാണ് ഇടുതമുന്നണിയ്ക്ക് മണ്ഡലം സ്വന്തമാക്കാന്‍ രണ്ട് വട്ടവും സാധിച്ചത്.
ഇത്തവണത്തെ ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലം തിരിച്ചുപിടിക്കാമെന്ന അമിത ആത്മവിശ്വാസം ഇടതുമുന്നണിയ്ക്കുണ്ടായിരുന്നു എന്നുവേണം കരുതാന്‍. കഴിഞ്ഞതവണ ഫലഫ്രഖ്യാപന നിമിഷംവരെ ലീഡ് മാറ്റിമറിച്ച് ഉദ്വേഗത്തിന്റെ കൊടുമുടിയില്‍ കേരളത്തെ നിര്‍ത്തിയ മണ്ഡലമായിരുന്നു പിറവം. ഒടുവില്‍ 157 വോട്ടിന്റെ ഭൂരിപക്ഷത്തിന് ടി എം ജേക്കബിനെ വിജയിപ്പിക്കുകയും ചെയ്തു.
അന്ന് ടി എം ജേക്കബിനെ നേരിട്ട എം ജെ ജേക്കബിനെ സ്ഥാനാര്‍ത്ഥിയാക്കുകവഴി പ്രചാരണത്തിന്റെ തുടക്കത്തില്‍ ഇടതുപക്ഷം മേല്‍ക്കൈ നേടിയെന്നായിരുന്നു അവരുടേയും മാധ്യമങ്ങളുടേയും രാഷ്ട്രീയ നിരീക്ഷകരുടേയും പ്രഥമിക വിലയിരുത്തല്‍. രാഷ്ട്രീയത്തില്‍ താരതമ്യേന അപരിചിതനായ അനൂപ് ജേക്കബിന് ഈട് വെയ്പ്പായി പറയാനുണ്ടായിരുന്നത് ടി എം ജേക്കബ് എന്ന പിതൃത്വം മാത്രമായിരുന്നു. അതുകൊണ്ട് അനൂപിനെ കീഴടക്കി മണ്ഡലം തിരിച്ചുപിടിച്ച് യു ഡി എഫ് ഭരണത്തെ സമ്മര്‍ദ്ദത്തിലും സംഘര്‍ഷത്തിലും ആക്കാം എന്നതായിരുന്നു ഇടതുമുന്നണിയുടെ പ്രത്യാശ. അതിന് അനുസൃതമായും ചിട്ടയൊപ്പിച്ചും ഇടതുമുന്നണിയുടെ മണ്ഡലത്തിലെ പ്രവര്‍ത്തകരെ രണ്ടാംനിരയിലേയ്ക്കോ മൂന്നാം നിരയിലേയ്ക്കോ പിന്‍വലിച്ച് ഇ പി ജയരാജിന്റെ നേതൃത്വത്തില്‍ സംസ്ഥാന നേതാക്കളെ അണിനിരത്തിയായിരുന്നു പ്രചാരണം.
പിറവത്തിന്റെ രാഷ്ട്രീയ പ്രധാന്യവും അത് ഭരണരംഗത്ത് സൃഷ്ടിക്കാവുന്ന അനിശ്ചിതാവസ്ഥയും മുന്നില്‍കണ്ട് യു ഡി എഫ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ എക്സൈസ് വകുപ്പ് മന്ത്രി കെ ബാബുവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ അനൂപിനുവേണ്ടി സമ്മതിദായകരെ സമീപിക്കുകയായിരുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ രണ്ടുകൂട്ടരും ,ഗൃഹപാഠങ്ങളുടെ സഹായത്തോടെ ,നടത്തിയപ്പോഴും മണ്ഡലത്തിന്റെ മനസ് വ്യക്തമായി തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല എന്നതാണ് അനൂപിന് ലഭിച്ച വന്‍ ഭൂരിപക്ഷം വ്യക്തമാക്കുന്നത്.
സാമുദായിക ശക്തികളുടെ അധാര്‍മ്മികമായ ഏകീകരണവും ഭരണയന്ത്രം ഉപയോഗിച്ചുകൊണ്ടുള്ള പ്രീണന സമ്മര്‍ദ്ദങ്ങളും മദ്യവും പണവുമടക്കമുള്ള പ്രലോഭനങ്ങള്‍ നീട്ടിയുള്ള പ്രചാരണവും മൂലമാണ് യു ഡി എഫിന് ഇത്ര ബൃഹത്തായ ഭൂരിപക്ഷം സൃഷ്ടിക്കാന്‍ കഴിഞ്ഞതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ ആരോപിച്ചപ്പോള്‍ , ആതിരേ,പിറവത്തിന്റെ പക്വമായ സമ്മതിദാന ബോധത്തെയാണ് അവര്‍ അവഹേളിച്ചത്.
എം ജെ ജേക്കബ് എന്ന ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥി സുസമ്മതനും സ്വീകാര്യനാണെങ്കിലും അദ്ദേഹത്തെ ജയിപ്പിച്ചാലുണ്ടാകാവുന്ന രാഷ്ട്രീയ അനിശ്ചിതത്വം പിറവത്തെ വോട്ടര്‍മാര്‍ വ്യക്തമായി മനസിലാക്കിയിരുന്നു. അത്തരമൊരു രാഷ്ട്രീയ പരീക്ഷണത്തിന് അനുഗുണമല്ല നിലവിലുള്ള സാഹചര്യമെന്ന് തിരിച്ചറിഞ്ഞ് അവര്‍ മനസ്സ് തുറന്നപ്പോള്‍ അത് എല്‍ ഡി എഫിന് തിരിച്ചടിയായി.അതാണ് , ആതിരേ,കലര്‍പ്പില്ലാത്ത രാഷ്ട്രീയവാസ്തവം.
ഇത്തവണ മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെയും യു ഡി എഫ് ഘടകകക്ഷികളുടേയും പ്രവര്‍ത്തനം സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നതായിരുന്നു. മുന്‍കാലങ്ങളില്‍ ടി എം ജേക്കബിനെ കേന്ദ്രീകരിച്ചുകൊണ്ടുള്ള രാഷ്ട്രീയ തര്‍ക്കങ്ങളും ഇഷ്ടക്കേടുകളും സൃഷ്ടിച്ച യു ഡി എഫ് വിരുദ്ധമനോഭാവം ഇത്തവണ പിറവത്ത് ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് അടക്കമുള്ളവര്‍ ഒരേമനസോടെ അനൂപിനുവേണ്ടി പ്രവര്‍ത്തിച്ചപ്പോള്‍ അവരുടെ ഐക്യത്തേയും കൂട്ടായ്മയേയും പരമ്പരാഗതമായ യു ഡി എഫ് മണ്ഡലം അംഗീകരിക്കുകയും ആശീര്‍വദിക്കുകയുമായിരുന്നു.
ഇടതുമുന്നണിയ്ക്ക് കഴിഞ്ഞതവണ ലഭിച്ചതിനേക്കാള്‍ 4000 ത്തിലധികം വോട്ട് ഇത്തവണ സ്വന്തമാക്കാന്‍ കഴിഞ്ഞെങ്കിലും പുതുതായി വോട്ടവകാശം നേടിയ 19000 പേരില്‍ ബാക്കിയുള്ളവര്‍ യു ഡി എഫിന്റെ പിന്നില്‍ അണിനിരക്കുകയായിരുന്നു. വോട്ടിന്റെ ഗണിതത്തില്‍ ഇടതുമുന്നണിയ്ക്ക് ആശ്വസിക്കാമെങ്കിലും അവരുടെ മണ്ഡലങ്ങളെന്ന് അറിയപ്പെട്ടിരുന്ന ചോറ്റാനിക്കരയിലും തിരുവാങ്കുളത്തുമെല്ലാം ഇത്തവണയുണ്ടായ തിരിച്ചടി എല്‍ ഡി എഫിന്റെ ന്യായവാദങ്ങളെയെല്ലാം തിരസ്ക്കരിക്കുന്നതാണ്. യു ഡി എഫിന് അവരുടെ മുഴുവന്‍ വോട്ടും സമാഹരിക്കാന്‍ സാധിച്ചപ്പോള്‍ എല്‍ ഡി എഫിന് തങ്ങളുടെ പരമ്പരാഗത വോട്ടുകള്‍പോലും പിടിച്ചുനിര്‍ത്താന്‍ കഴിയാതെപോയെങ്കില്‍ അതിന്റെ കാരണങ്ങള്‍ തിരയേണ്ടത് സി പി എമ്മിനുള്ളിലും ഇടതുമുന്നണിയ്ക്കുള്ളിലുമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്‍ശേഷം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ രൂപംകൊണ്ട അമിതാധികാര പ്രവണതയും നഗ്നമായി പ്രദര്‍ശിപ്പിക്കപ്പെട്ട വിഭാഗീയതയും പിറവത്തെ ഇടുതപക്ഷ വോട്ടര്‍മാരില്‍പോലും തിരസ്ക്കാരത്തിന്റെ ചിന്തകളാണ് ഉദ്ദീപിപിച്ചത്. അണികള്‍ക്ക്പോലും അനുകൂലിക്കാനാകാത്ത ഇടതുനേതൃത്വത്തിന്റെ പ്രത്യയശാസ്ത്ര വിരുദ്ധതയ്ക്ക് പിറവം നല്‍കിയ മുന്നറിയിപ്പാണ് അനൂപിന്റെ അപ്രതീക്ഷിതഭൂരിപക്ഷം.
ഭരണത്തിന്റെ വിലയിരുത്തലാണ് ഇത്തവണത്തെ വോട്ടെടുപ്പെന്ന പിണറായിയുടെ വെല്ലുവിളി ഏറ്റെടുത്തത് ഉമ്മന്‍ചാണ്ടിയോ യു ഡി എഫോ ആയിരുന്നില്ല. മറിച്ച് മണ്ഡലത്തിലെ വോട്ടര്‍മാരായിരുന്നു. രാഷ്ട്രീയ അനിശ്ചിതത്വമല്ല സുസ്ഥിരമായ ഭരണമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കിയപ്പോള്‍ ഇടതുമുന്നണി മുന്നോട്ടുവെച്ച ആരോപണാധിഷ്ടിത വിഷയങ്ങള്‍ മണ്ഡലത്തിന്റെ മനസില്‍ ഏശിയില്ലെന്ന് സാരം. അതുപോലെതന്നെ യു ഡി എഫ് പ്രചരണായുധങ്ങളാക്കിയ നെയ്യാറ്റിന്‍കര സംഭവമോ അഭിസാരിക പ്രയോഗമോ വോട്ടര്‍മാര്‍ കാര്യമാക്കിയില്ലെന്നും വ്യക്തം. നൂല്‍പ്പാലത്തിലൂടെ സഞ്ചരിച്ചിരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് 'ഒരു കൈ സഹായകമാകുകയായിരുന്നു' പിറവത്തിന്റെ മനസ്. ഈ മനസ് ഒപ്പം നിര്‍ത്തുന്നതില്‍ ഉമ്മന്‍ചാണ്ടിയും കെ ബാബുവും വിജയിച്ചു എന്നും വിലയിരുത്തേണ്ടതുണ്ട്.
രണ്ടുമാസത്തിനുള്ളില്‍ നടക്കുന്ന നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാന്‍ ഈ വിജയം യു ഡി എഫിന് സഹായകമാകുമ്പോള്‍ അനൂപിന് ലഭിച്ച 12000 വോട്ടിന്റെ ഭൂരിപക്ഷം, ആതിരേ എല്‍ ഡി എഫിനെ നെയ്യാറ്റിന്‍കരയിലും പ്രതിരോധത്തിലാഴ്ത്തും.
Subscribe to:
Post Comments (Atom)
No comments:
Post a Comment