Sunday, April 1, 2012

അബ്ദു റബ്ബ്‌ തുഗ്ലക്കിന്‌ പഠിക്കുമ്പോള്‍


വിവരക്കേടും ദീര്‍ഘ വീക്ഷണമില്ലായ്മയും വാണിക താത്പര്യങ്ങളുമാണ്‌ കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ കുട്ടിച്ചോറാക്കിയിട്ടുള്ളത്‌. യുഡിഎഫ്‌ ഭരിക്കുമ്പോള്‍ പരമ്പരാഗത അവകാശമെന്നോണം വിദ്യാഭ്യാസ വകുപ്പ്‌ ന്യൂനപക്ഷങ്ങള്‍ക്ക്‌ ഏല്‍പിച്ചുകൊടുക്കുന്നതിന്റെ തിരിച്ചടിയാണിത്‌. മുന്‍കാല അനുഭവങ്ങളില്‍ നിന്ന്‌ നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ ഒന്നും പഠിക്കുന്നില്ല എന്നതിന്റെ ഏറ്റവും മാരകമായ ദൃഷ്ടാന്തമാണ്‌ വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബും അദ്ദേഹത്തിന്റേയും ഉപദേഷ്ടാക്കളുടേയും ഈ പുതിയ പരിഷ്ക്കാരവും.
ആതിരേ,യുഡിഎഫിന്റെ ഭരണകാലത്ത്‌ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട ഘടക കക്ഷികള്‍ക്ക്‌ കൈയ്യിട്ടുവാരാനും തോന്ന്യാസങ്ങള്‍ കാണിക്കാനും ലഭിക്കുന്ന സ്ഥിരം വകുപ്പാണ്‌ വിദ്യാഭ്യാസം. ഒരു നാടിന്റെ ഭാവിയും സംസ്കാരവും സാക്ഷരതയും സംരക്ഷിക്കാനും അവയില്‍ കാലാനുസൃതമായ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി വെല്ലുവിളികളെ നേരിടാന്‍ വിദ്യാര്‍ത്ഥിസമൂഹത്തെ പ്രാപ്തമ്രാക്കേണ്ടതിനുപകരം സമുദായ രാഷ്ട്രീയവും വരുമാന രാഷ്ട്രീയവും കളിക്കാനാണ്‌ ഇതുവരെ ഈ വകുപ്പ ഭരിച്ച ന്യൂനപക്ഷ കക്ഷികള്‍ക്കെല്ലാം താത്പര്യം.
അബ്ദുറബ്ബും ഇതിന്‌ അപവാദമാകാന്‍ പാടില്ലല്ലോ!
വിവരക്കേടിന്റെ ആള്‍രൂപമായി തുഗ്ലക്ക്‌ പരിഷ്ക്കാരങ്ങള്‍ ഒന്നൊന്നായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്‌ ആ വിദ്വാന്‍. അവയില്‍ ഏറ്റവും ഒടുവിലത്തേതാണ്‌ സംസ്ഥാനത്തെ വിഎച്ചഎസ്‌ഇ കോഴ്സുകള്‍ ഹയര്‍ സെക്കന്ററിയില്‍ ലയിപ്പിക്കാനുള്ള നീക്കം. അധ്യാപകരടക്കം ആയിരക്കണക്കിന്‌ വിഎച്ചഎസ്‌ഇ ജീവനക്കാര്‍ക്ക്‌ ഇപ്പോഴുള്ള തൊഴില്‍ നഷ്ടപ്പെടുത്താനും ഈ മേഖലയില്‍ നിയമനം പ്രതീക്ഷിച്ച്‌ കാത്തിരിക്കുന്നവരെ കടുത്ത നിരാശതയിലാഴ്ത്താനും അബ്ദു റബ്ബിനോട്‌ അതിരേ,ഇവരെന്തു പാതകമാണ്‌ ചെയ്തത്‌..?
ബന്ധപ്പെട്ടവരുമായി കൂടിയാലോചിക്കാതെയും വേണ്ടത്ര മുന്നൊരുക്കം നടത്താതെയുമുള്ള ഈ നീക്കം വിദ്യാഭ്യാസ മേഖലയ്ക്ക്‌ മാത്രമല്ല തൊഴില്‍ മേഖലയ്ക്കും ശാപമാകാന്‍ പോകുകയാണ്‌. നേരത്തേ സൂചിപ്പിച്ചതുപോലെ നിരവധിപ്പേര്‍ക്ക്‌ ജോലി ഇല്ലാതാകുന്നതും നൂറുകണക്കിന്‌ തൊഴിലവസരങ്ങള്‍ നഷ്ടമാകുന്നതും വന്‍ പ്രതിഷേധങ്ങള്‍ ക്ഷണിച്ചു വരുത്തും;സമരപരമ്പരകളിലൂടെ സമാധാന ജീവിതം ഭഞ്ജിക്കപ്പെടും.
വിഎച്ചഎസ്‌ഇ സ്കൂളുകളില്‍ ഇപ്പോള്‍, 2700 നോണ്‍ വൊക്കേഷണല്‍ അധ്യാപകരും 1100 വീതം വൊക്കേഷണല്‍ അധ്യാപകരും ഇന്‍സ്ട്രക്ടര്‍മാരും ലാബ്‌ അസിസ്റ്റന്റുമാരും ഉണ്ട്‌. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ പകര്‍ന്ന്‌ കൊടുക്കാനാണ്‌ ,ആതിരേ,വിഎച്ച്‌എസ്‌ഇ ആരംഭിച്ചത്‌. ഈ കോഴ്സുമൂലം എത്രപേര്‍ക്ക്‌ തൊഴില്‍ ലഭിച്ചു എന്ന ചോദ്യം തല്‍ക്കാലം മാറ്റിവെയ്ക്കാം. വിഎച്ച്‌എസ്‌ഇ ഹയര്‍സെക്കന്ററിയില്‍ ലയിക്കുന്നതോടെ താത്പര്യമുള്ളവര്‍ മാത്രം തൊഴിലധിഷ്ഠിത കോഴ്സ്‌ പഠിച്ചാല്‍ മതിയാകും. അതിനായി ഈ കോഴ്സുകള്‍ ഐച്ഛിക വിഷയങ്ങളാകും. പ്ലസ്‌ ടൂവിന്‌ ഇപ്പോള്‍തന്നെ നിരവധി വിഷയങ്ങള്‍ പഠിക്കാനുള്ളതുകൊണ്ട്‌ അധികവിഷയങ്ങള്‍ സ്വീകരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ താത്പര്യപ്പെടുകയില്ല.
ഈ കോഴ്സുകളുടെ കോ ഓര്‍ഡിനേറ്റര്‍മാരായിട്ടാണ്‌ വിഎച്ച്‌എസ്‌ഇ അധ്യാപകരെ പരിഗണിക്കുന്നത്‌. പഠിക്കാന്‍ കുട്ടികള്‍ ഇല്ലെങ്കില്‍ വൊക്കേഷണല്‍ അധ്യാപകരുടേയും ഇന്‍സ്ട്രക്ടര്‍മാരുടേയും ആവശ്യമുണ്ടാവില്ല. സ്കൂളുകളില്‍ നിന്ന്‌ സംഗീതം, തയ്യല്‍, ചിത്രരചന തുടങ്ങിയ അധ്യാപക തസ്തികകള്‍ ഇല്ലാതായതുപോലെ ഈ തസ്തികകളും ക്രമേണ ഇല്ലാതെയാകും.
എന്നുമാത്രമല്ല ലാബ്‌ അസിസ്റ്റന്റുമാരെ സംബന്ധിച്ചിടത്തോളം ഹയര്‍ സെക്കന്ററിയിലേയ്ക്കുള്ള മാറ്റം തരംതാഴ്ത്തലുമാകും. വിഎച്ച്‌എസ്‌ഇ ലാബ്‌ അസിസ്റ്റന്റുമാരുടെ ശമ്പള സ്കെയില്‍ 9940 - 16580 രൂപയാണ്‌. അതേസമയം പ്ലസ്‌ ടൂ ലാബ്‌ അസിസ്റ്റന്റുമാരുടേത്‌ 8960 - 14250 രൂപയും .അതു കൊണ്ടും തീരുന്നില്ല പ്രശ്നം. പ്ലസ്‌ ടൂവില്‍ വേണ്ടത്ര ലാബ്‌ അസിസ്റ്റന്റ്മാര്‍ ഉള്ളതുകൊണ്ട്‌ പുതുതായി ആരേയും നിയമിക്കേണ്ട ആവശ്യമില്ല. അതായത്‌ വിഎച്ചഎസ്‌ഇ ലാബ്‌ അസിസ്റ്റന്റുമാര്‍ക്കെല്ലാം ഈ ലയനത്തോടെ ജോലി നഷ്ടപ്പെടുമെന്ന്‌ സാരം.
സംസ്ഥാനത്ത്‌ 1983 മുതല്‍ സര്‍ക്കാര്‍ സ്കൂളുകളിലും 1991 മുതല്‍ എയ്ഡഡ്‌ സ്കൂളുകളിലും വിഎച്ച്‌എസ്‌ഇ നിലവിലുണ്ട്‌. അഗ്രികള്‍ച്ചര്‍, ഫിഷറീസ്‌, ആനിമല്‍ ഹസ്ബന്ററി, ലാബ്ടെക്നീഷ്യന്‍, ഇസിജി ടെക്നീഷ്യന്‍, ട്രാവല്‍ ആന്റ്‌ ടൂറിസം, ഫിസിക്കല്‍ എജ്യോൂ‍ക്കേഷന്‍ തുടങ്ങി 42 കോഴ്സുകളാണ്‌ 392 സ്കൂളുകളിലെ വിഎച്ച്‌എസികളിലുള്ളത്‌. ഈ കോഴ്സുകള്‍ കാലഹരണപ്പെട്ടതുകൊണ്ട്‌ നിര്‍ത്തലാക്കേണ്ടതാണ്‌ എന്ന്‌ അബ്ദുറബും സര്‍ക്കാരും പറയുന്നു. പകരം ടൂറിസം, ഐടി, റീട്ടെയില്‍ മാര്‍ക്കറ്റിംഗ്‌, ആരോഗ്യം എന്നിവയില്‍ മാത്രമായും കോഴ്സുകള്‍ ചുരുക്കണമെന്നാണ്‌ അബ്ദു റബ്ബിന്റെ വെളിപാട്‌!.
ഉണ്ടിരിക്കുന്ന നായര്‍ക്ക്‌ വിളിവരുന്നതുപോലെ നടപ്പിലാക്കുന്ന ഇത്തരം പരിഷ്ക്കാരങ്ങള്‍ തീര്‍ച്ചയായും വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയോ ഭാവി ശോഭനമാക്കാനുള്ള നീക്കമല്ല. മറിച്ച്‌ ചില വ്യവസായ താത്പര്യങ്ങളും പുതിയ കോഴ്സുകള്‍ അനുവദിക്കുന്നതിലൂടെ നേടിയെടുക്കാവുന്ന കമ്മീഷനും കോഴയുമൊക്കെയാണ്‌ അബ്ദു റബ്ബിന്റെയും കൂട്ടരുടേയും ലക്ഷ്യം. അല്ലായിരുന്നവെങ്കില്‍ ഏറെ തൊഴില്‍ സാധ്യതയുള്ള അഗ്രികള്‍ച്ചര്‍, ആനിമല്‍ ഹസ്ബന്ററി തുടങ്ങിയ കോഴ്സുകള്‍ നിര്‍ത്തലാക്കുമായിരുന്നില്ലല്ലോ.
വിഎച്ച്‌എസ്‌ഇ പഠനം കഴിഞ്ഞാല്‍ തൊഴില്‍ ലഭിക്കാനുള്ള സാധ്യത ഏറെയായിരുന്നു. എന്നാല്‍ പ്ലസ്‌ ടൂ പഠനം കഴിഞ്ഞാല്‍ അതേവിഷയങ്ങളില്‍ ഉപരി പഠനം കൂടി കഴിയാതെ ജോലി ലഭിക്കുകയില്ല. കൃഷി, മത്സ്യം - മൃഗസംരക്ഷണം പോലെയുള്ള വകുപ്പുകളില്‍ വിഎച്ച്‌എസ്‌ഇ കഴിഞ്ഞവര്‍ക്ക്‌ ഉടന്‍ ജോലി ലഭിക്കാനുള്ള സാഹചര്യം സംസ്ഥാനത്ത്‌ ഇപ്പോഴും നിലവിലുണ്ട്‌. എന്നിട്ടാണ്‌, ആതിരേ, ആ കോഴ്സുകളെല്ലാം കാലഹരണപ്പെട്ടതാണെന്ന്‌ വിധിയെഴുതി ഏറെ മത്സരമുള്ളതും കേരളത്തില്‍ നിന്നുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ തൊഴില്‍ സാധ്യത്യില്ലാത്തതുമായ ഐടി ടൂറിസം പോലെയുള്ള കോഴ്സുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്‌. ഇപ്പോള്‍ നിലവിലുള്ള വിഎച്ച്‌എസ്‌ഇ കോഴ്സുകളില്‍ ടൈപ്പ്‌റൈറ്റിംഗ്‌ പഠിപ്പിക്കുന്ന ഓഫീസ്‌ സെക്രട്ടറിഷിപ്പാണ്‌ കാലഹരണപ്പെട്ട ഏക കോഴ്സ്‌. ടൈപ്പിന്‌ പകരം കമ്പ്യൂട്ടര്‍ പഠനം ഉള്‍പ്പെടുത്തി ഈ കോഴ്സ്‌ കാലാനുസൃതം പരിഷ്ക്കരിക്കാവുന്നതേയുള്ളൂ. ഒപ്പം വിഎച്ച്‌ എസ്‌ഇയിലെ മറ്റ്‌ കോഴ്സുകളുടെ സിലബസ്‌ പരിഷ്കരിക്കുകയും ചെയ്താല്‍ അബ്ദു റബ്ബും ഉപദേശകരും ഇപ്പോള്‍ മുന്നോട്ട്‌ വെയ്ക്കുന്ന കോഴ്സുകളേക്കാള്‍ കൂടുതല്‍ തൊഴില്‍ സാധ്യതയുള്ളതാണ്‌ വിഎച്ച്‌എസ്‌ഇ കോഴ്സുകള്‍. ഈ തൊഴില്‍ സാധ്യതയാണ്‌ വിദ്യാഭ്യാസ പരിഷ്കരണത്തിലൂടെ അബ്ദു റബ്ബ്‌ ഇല്ലാതെയാക്കുന്നത്‌. മാത്രമല്ല ഇവ നിര്‍ത്തലാക്കുന്നതോടെ ഇപ്പോള്‍ ജോലിയുള്ള ആയിരക്കണക്കിന്‌ അധ്യാപകര്‍ക്കും ലാബ്‌ അസിസ്റ്റന്റ്‌ അടക്കമുള്ള ജീവനക്കാര്‍ക്കും ജോലി നഷ്ടപ്പെടുകയും ചെയ്യും. തീരുന്നില്ല പ്രശ്നം വിഎച്ച്‌എസിയിലെ 42 കോഴ്സുകളുടേയും റാങ്ക്‌ ലിസ്റ്റ്‌ നിലവിലുള്ളതുകൊണ്ട്‌ ജോലി പ്രതീക്ഷിക്കുന്നവരും നിരാശതയുടെ പടുകുഴിയിലേയ്ക്ക്‌ വലിച്ചെറിയപ്പെടും. അബ്ദു റബ്ബിന്റെയും സര്‍ക്കാരിന്റെയും ഈ തലതിരിഞ്ഞ നയം സമരങ്ങളേയും ക്ഷണിച്ച്‌ വരുത്തുകയാണ്‌. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ലക്ചറേഴസ്‌ അസോസിയേഷന്‍, വൊക്കേഷണല്‍ ഇന്‍സ്ട്രക്ടേഴ്സ്‌ അസോസിയേഷന്‍, ലാബ്‌ ടെക്നിക്കല്‍ അസിസ്റ്റന്റ്‌ യൂണിയന്‍, എന്നീ സംഘടനകള്‍ ഈമാസം 9 മുതല്‍ സെക്രട്ടറിയേറ്റിന്‌ മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കാന്‍ പോകുകയാണ്‌.
വിവരക്കേടും ദീര്‍ഘ വീക്ഷണമില്ലായ്മയും വാണിക താത്പര്യങ്ങളുമാണ്‌ ആതിരേ,കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ കുട്ടിച്ചോറാക്കിയിട്ടുള്ളത്‌. യുഡിഎഫ്‌ ഭരിക്കുമ്പോള്‍ പരമ്പരാഗത അവകാശമെന്നോണം വിദ്യാഭ്യാസ വകുപ്പ്‌ ന്യൂനപക്ഷങ്ങള്‍ക്ക്‌ ഏല്‍പിച്ചുകൊടുക്കുന്നതിന്റെ തിരിച്ചടിയാണിത്‌. മുന്‍കാല അനുഭവങ്ങളില്‍ നിന്ന്‌ നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ ഒന്നും പഠിക്കുന്നില്ല എന്നതിന്റെ ഏറ്റവും മാരകമായ ദൃഷ്ടാന്തമാണ്‌ വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബും അദ്ദേഹത്തിന്റേയും ഉപദേഷ്ടാക്കളുടേയും ഈ പുതിയ പരിഷ്ക്കാരവും.

1 comment:

Anonymous said...

ഇപ്പോള്‍ നിലവിലുള്ള വിഎച്ച്‌എസ്‌ഇ കോഴ്സുകളില്‍ ടൈപ്പ്‌റൈറ്റിംഗ്‌ പഠിപ്പിക്കുന്ന ഓഫീസ്‌ സെക്രട്ടറിഷിപ്പാണ്‌ കാലഹരണപ്പെട്ട ഏക കോഴ്സ്‌. ടൈപ്പിന്‌ പകരം കമ്പ്യൂട്ടര്‍ പഠനം ഉള്‍പ്പെടുത്തി ഈ കോഴ്സ്‌ കാലാനുസൃതം പരിഷ്ക്കരിക്കാവുന്നതേയുള്ളൂ.
എല്‍ ഡി ടൈപ്പിസ്റ്റ് ജോലിക്ക് ഇനി പി എസ് സി അപ്ലിക്കേഷന്‍ വിളിക്കില്ലേ അതോ അവരെ ഒക്കെ പിരിച്ചു വിടുമോ