Monday, April 16, 2012
ഇതുപോലൊരു വര്‍ഗീയ ഭരണം...
ഇപ്പോള്‍ സ്ഥിതിയാകെ കീഴ്മേല്‍ മറിഞ്ഞിരിക്കുന്നു സമൂഹത്തിനും സംസ്കാരമുള്ള ജനതയ്ക്കും അപായകരമായ ജാതി - സാമുദായിക ചിന്ത കഠിനമായ നശീകരണത്വരയോടെ, സ്പര്‍ദ്ധാവിശേഷങ്ങളോടെ തിരിച്ചെത്തിയിരിക്കുകയാണ്. മന്ത്രിസഭയിലെ വകുപ്പ് പുനര്‍നിര്‍ണ്ണയംപോലും ജാതിയുടേയും സമുദായത്തിന്റേയും മതത്തിന്റേയും അടിസ്ഥാനത്തിലാണ് നടന്നത്. മികവിന്റേയും ജനപക്ഷ - മതനിരപേക്ഷ നിലപാടുകളുടേയും അടിസ്ഥാനത്തില്‍ മന്ത്രിമാരെ നിര്‍ണ്ണയിക്കുകയും നിയമിക്കുകയും ചെയ്യേണ്ടിടത്താണ് ജാതിചിന്തയുടെ , സാമൂദായിക വെറിയുടെ ദുഷ്ട് നിറഞ്ഞ് ഇപ്പോള്‍ വിങ്ങല്‍ കൊള്ളുന്നത്. ....!
ആതിരേ,ചരിത്രബോധമില്ലായ്മയാണ് വര്‍ത്തമാനകാല മുഖ്യധാരാ രാഷ്ട്രീയ സംഘടനാസാരഥികളുടെ സമൂഹവിരുദ്ധത. ലോകജനത ഉന്നിദ്രമായ സാംസ്കാരിക സ്വത്വങ്ങളിലേയ്ക്ക് കുതിക്കുമ്പോള്‍ ,വിപ്ലവകരമായ സാമൂഹികമാറ്റങ്ങള്‍ സ്വായത്തമാക്കുമ്പോള്‍ സാക്ഷരരെന്നും രാഷ്ട്രീയപ്രബുദ്ധരെന്നും അവകാശപ്പെടുന്നവരുടെ സ്വന്തം നാടിനെ ചരിത്രബോധമില്ലാത്ത നേതാക്കള്‍ വിവേകഭ്രംശത്തിന്റെ, അപമാനവീകതയുടെ ചതിക്കുഴിയിലേയ്ക്ക് വലിച്ച് താഴ്ത്തുകയാണ്.
ഫ്യൂഡല്‍ വ്യവസ്ഥിതിക്കാലത്തെ മാടമ്പിത്തരങ്ങളും ജാതിചിന്തകളും അതിന്റെ ഉപോല്‍പന്നമായ സാമുദായിക വക്രീകരണങ്ങളും പുനരുജ്ജീവിപ്പിക്കുന്ന നികൃഷ്ടമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ്, ആതിരേ, കേരളത്തിലിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. നാടിന്റെ ഭഗധേയം നിര്‍ണയിക്കേണ്ടവര്‍ നിന്ദ്യമായ ഇത്തരം കൗശലങ്ങളില്‍ അഭിരമിക്കുമ്പോള്‍ മതസാമുദായിക ശക്തികള്‍ വിഷലിപ്തമായ തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനും അത് ഭരണത്തിലും പൊതുസമൂഹത്തിലും അടിച്ചേല്‍പിക്കാനും വ്യഗ്രത കൊള്ളുന്നത് സ്വാഭാവികം മാത്രം.
ആതിരേ,വികൃത ജാതിചിന്തയും അപമാനകരമായ സാമുദായിക സ്പര്‍ദ്ധയും കൊണ്ട് കലുഷിതമായ കിരാതഭൂതകാലം കേരള ചരിത്രത്തിനുണ്ട്. പൊതുനിരത്തില്‍ നായ ഉള്‍പ്പടെയുള്ള മൃഗങ്ങള്‍ക്ക് അനുവദിച്ചിരുന്ന സഞ്ചാരസ്വാതന്ത്ര്യം പോലും അധഃസ്ഥിത വിഭാഗത്തിന് നിഷേധിച്ച്, കീഴാളവര്‍ഗത്തെ തീണ്ടാപ്പാടകലനിര്‍ത്തി ,തത്വമസിയുടേയും അഹംബ്രഹ്മാസ്മിയുടെയും സനാതനാഹ്വാനങ്ങളിലേയ്ക്ക് ശ്രദ്ധതിരിച്ച ശൂദ്രന്റെ കാതില്‍ ഈയം ഉരുക്കിയൊഴിച്ച് ജാതിക്കോയ്മ അര്‍മാദിച്ച ആ കെട്ടകാലഘട്ടത്തിലെ കേരളത്തെയാണ് സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചത്. ദേശീയ തലത്തിലും ജാതിവ്യവസ്ഥയുടെ സമാനമായ കരാളത കൊടികുത്തി വാഴുന്നുണ്ടായിരുന്നു. അതില്‍നിന്ന് രാഷ്ട്രത്തെ മോചിപ്പിക്കാനാണ് ഗാന്ധിജി അയിത്തോച്ഛാടനവും ജാതിവിരുദ്ധ സമരവും കോണ്‍ഗ്രസിന്റെ നയപരിപാടികളില്‍ ഏറ്റവും പ്രധാനമായിയായി സ്വീകരിച്ചത്. ഗോപാലകൃഷ്ണ ഗോഖലെ മുതലുള്ള സാമൂഹികപരിഷ്കര്‍ത്താക്കള്‍ തുടങ്ങിവെച്ച ജാതി നിര്‍മ്മാര്‍ജ്ജന ദൗത്യത്തിന് ദേശീയതലത്തില്‍ ഗാന്ധിജിയും കേരളത്തില്‍ കെ. കേളപ്പനും എ.കെ. ഗോപാലനും പോലെയുള്ള മനുഷ്യത്വത്തിന്റെ നേര്‍രൂപങ്ങളുംനടത്തിയ ത്യാഗസുരഭിലമായ സമര പരമ്പരകളിലൂടെയാണ് സമൂഹത്തിന്റെ പൂമുഖത്തുനിന്നും ജാതിചിന്തയെ പിന്നാമ്പുറത്തേയ്ക്ക് മാറ്റി വയ്ക്കാനായത്. ശ്രീനാരയണഗുരു അടക്കമുള്ള നവോത്ഥാന നായകന്മാരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിപോലെയുള്ള പുരോഗമന രാഷ്ട്രീ പ്രസ്ഥാനങ്ങളും അതിജാഗ്രതയോടെ നടത്തിയ പ്രക്ഷോഭങ്ങളും ജാതിചിന്തയെ പൊതുസമൂഹത്തിന്റെ മുഖ്യപരിഗണനയില്‍നിന്ന് ഒഴിവാക്കാന്‍ സഹായിച്ചു.
ആ ഭഗീരഥപ്രയത്നങ്ങളിലൂടെ കേരളം സ്വന്തമാക്കിയ സാമൂഹിക നവോത്ഥാനവും സാമുദായിക വിമലീകരണവും മതനിരപേക്ഷതയുമാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് അതിദാരുണമായി ഗളച്ഛേദം ചെയ്യപ്പെട്ടിരിക്കുന്നതും. ആ സ്ഥാനത്ത് ജാതിവെറിയുടെയും മതവൈരത്തിന്റേയും വേതാളങ്ങളെ പുനഃപ്രതിഷ്ഠിച്ചിട്ടുള്ളതും.
സമീപ ഭൂതകാലത്തില്‍ ഉണ്ടായിട്ടില്ലാത്ത ജാതീയമുന്‍വിധികളുടേയും സാമുദായികദുശാഠ്യങ്ങളുടേയും പ്രതീകമായും പര്യായമായും ഉമ്മന്‍ചാണ്ടി മന്ത്രിസഭ അധഃപതിച്ചുകഴിഞ്ഞു. വ്യക്തിപരമായി ഉമ്മന്‍ചാണ്ടിയുടേയും വിശേഷാല്‍ കോണ്‍ഗ്രസിന്റേയും പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്ന രീതിയിലാണിപ്പോള്‍ മന്ത്രിസഭയുടെ രൂപവും ഭാവവും ്. ജാതിഅടിസ്ഥാനത്തില്‍ മന്ത്രിമാരെ തരംതിരിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന അവസ്ഥയോളം ഈ ഭരണം നാറിയിരിക്കുകയാണ്.
ആതിരേ.മുസ്ലീംലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം സൃഷ്ടിച്ചത് യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയ പ്രതിസന്ധിയല്ല, മറിച്ച് പൊതുസമൂഹത്തില്‍ ജാതി ചിന്തയുടെ പുനസ്ഥാപനമാണ്. ഇതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനും ചാനല്‍ ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെട്ട കെപിസിസി ഭാരവാഹികളും കോണ്‍ഗ്രസ് നേതാക്കളും ഏറ്റെടുത്തേ മതിയാകൂ. ലീഗിന്റെ അഹന്തയിലൂന്നിയ അഞ്ചാംമന്ത്രി സ്ഥാനമെന്ന അവകാശ വാദത്തില്‍നിന്ന് അവരെ പിന്തിരിപ്പിക്കാന്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ അവലംഭിച്ച കൗശലമാണിപ്പോള്‍ സാമൂഹികവിപത്തായി പരിണമിച്ചിരിക്കുന്നത്.
ലീഗിന്റെ ഈ അവകാശവാദം ഉയരുന്നതുവരെ ക്രൈസ്തവ വിഭാഗങ്ങളെ മന്ത്രിസ്ഥാനം വിഭജിക്കുന്ന ഘട്ടത്തില്‍ ന്യൂനപക്ഷമായി ഗണിച്ചിരുന്നില്ല. അവര്‍ക്ക് ലഭിച്ചിരുന്ന സ്ഥാനങ്ങള്‍ എത്രകൂടുതലായാലും അത് വിവാദമായി മാറിയിരുന്നുമില്ല. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്തുപോലും മന്ത്രിമാരുടെ എണ്ണത്തേയും പ്രാതിനിധ്യത്തേയും ഇത്രരൂക്ഷമായ ജാതി - സാമുദായിക പരിഗണനകളാല്‍ വിലയിരുത്തപ്പെട്ടിട്ടുമില്ല.
എന്നാല്‍ ഇപ്പോള്‍ സ്ഥിതിയാകെ കീഴ്മേല്‍ മറിഞ്ഞിരിക്കുന്നു, ആതിരേ ! സമൂഹത്തിനും സംസ്കാരമുള്ള ജനതയ്ക്കും അപായകരമായ ജാതി - സാമുദായിക ചിന്ത കഠിനമായ നശീകരണത്വരയോടെ, സ്പര്‍ദ്ധാവിശേഷങ്ങളോടെ തിരിച്ചെത്തിയിരിക്കുകയാണ്. മന്ത്രിസഭയിലെ വകുപ്പ് പുനര്‍നിര്‍ണ്ണയംപോലും ജാതിയുടേയും സമുദായത്തിന്റേയും മതത്തിന്റേയും അടിസ്ഥാനത്തിലാണ് നടന്നത്. മികവിന്റേയും ജനപക്ഷ - മതനിരപേക്ഷ നിലപാടുകളുടേയും അടിസ്ഥാനത്തില്‍ മന്ത്രിമാരെ നിര്‍ണ്ണയിക്കുകയും നിയമിക്കുകയും ചെയ്യേണ്ടിടത്താണ് ജാതിചിന്തയുടെ , സാമൂദായിക വെറിയുടെ ദുഷ്ട് നിറഞ്ഞ് ഇപ്പോള്‍ വിങ്ങല്‍ കൊള്ളുന്നത്.
മുസ്ലീലീഗിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് കണ്ടെത്തിയ സാമുദായിക സന്തുലനനയം ഭൂരിപക്ഷ - ഹൈന്ദവ വികാരങ്ങളുടെ സമരതീക്ഷ്ണതയ്ക്കും ആ വിഭാഗങ്ങളുടെ ഏകീകരണത്തിനും കാരണമായപ്പോള്‍ അതിനെ മറികടക്കാന്‍ വകുപ്പ് പുനര്‍നിര്‍ണയ പ്രക്രിയയില്‍ ഈ ഘടകങ്ങള്‍ സന്നിവേശിപ്പിച്ചിട്ടും നായരീഴവ, സംഘബോധങ്ങളുടെ ദുഃശാഠ്യത്തെ തൃപ്തിപ്പെടുത്തുന്നതില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസിന്റെ നയരൂപീകരണ വിദഗ്ദ്ധന്മാരും അമ്പേ പരാജയപ്പെടുകയാണുണ്ടായത്. എന്‍എസ്‌എസും എസ്‌എന്‍ഡിപിയും ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനത്തിനെതിരെ വിഷലിപ്തമായ പദപ്രയോഗങ്ങളോടെയും ഭീഷണികളോടെയും രംഗത്തെത്തിയതോടെ ആഭ്യന്തരവകുപ്പ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും റവന്യൂ വകുപ്പ് അടൂര്‍ പ്രകാശിനും നല്‍കിയതില്‍ അര്‍ത്ഥമില്ലാതായിരിക്കുകയാണ്. എന്നുമാത്രമല്ല ക്രിസ്ത്യന്‍വിഭാഗത്തെ ന്യൂനപക്ഷ പട്ടികയില്‍ ചേര്‍ത്തുപറയാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാകുകയും ചെയ്തു. ഇതോടെ ക്രൈസ്തവരും യുഡിഎഫ് ഭരണത്തില്‍ അനര്‍ഹമായ സ്ഥാനങ്ങള്‍ കൈയ്യടക്കുന്നു എന്ന ആരോപണവും ശക്തമായി.
ഇത് വരുംകാലങ്ങളില്‍ യുഡിഎഫിന് പൂരണം കണ്ടെത്താനാവാത്ത സമസ്യയായി തീരുമെന്നകാര്യത്തില്‍ സംശയമില്ല. മുമ്പ് ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസില്‍ നേതാക്കള്‍ ചേരിതിരിഞ്ഞതെങ്കില്‍ ഇന്നത് ജാതിയുടേയും സമുദായത്തിന്റേയും കൊടിയടയാളങ്ങളിളകുന്ന സ്ഫോടനാത്മക ഭൂമികയിലാണ് സംഭവിക്കുന്നത്. വിവിധ ജാതികള്‍ക്കും സമുദായങ്ങള്‍ക്കും കണക്കുപറയാനും സമ്മര്‍ദ്ദതന്ത്രങ്ങള്‍ ശക്തമാക്കാനും അവകാശവാദങ്ങള്‍ രൂക്ഷമാക്കാനുമാണ് മുഖ്യമന്ത്രിയുടേയും കോണ്‍ഗ്രസിന്റേയും നിലപാടുകള്‍ സഹായകമായിട്ടുള്ളത്. ഇത് വിപത്താണ്. കുടത്തില്‍നിന്ന് ഭൂതത്തെ തുറന്നുവിട്ട വിഢിത്തമാണ്. ഇതിന് എണ്ണിയെണ്ണി മറുപടി പറയാന്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പി.പി. തങ്കച്ചനും നിര്‍ബന്ധിതരാണ്. അതില്‍ അനുരഞ്ജനത്തിനോ നീക്കുപോക്കിനോ ആതിരേ,അതിവിദൂരമായ സാധ്യതപോലുമില്ല.
Subscribe to:
Post Comments (Atom)
No comments:
Post a Comment