Thursday, April 26, 2012

'പത്രസമരവും' രാഷ്ട്രീയക്കാരുടെ വഞ്ചനയും

നീതിക്കും ന്യായത്തിനും അടിസ്ഥാന വര്‍ഗങ്ങളുടെ ഉന്നമനത്തിനും ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണത്തിനുമായാണ്‌ നിലകൊള്ളുന്നതെന്ന്‌ അവകാശപ്പെടുന്ന മാധ്യമങ്ങള്‍ പോലും പക്ഷേ അവരെ ജനകീയരാക്കുന്ന പത്ര ഏജന്റുമാരുടേയും പത്ര വിതരണക്കാരുടേയും പ്രശ്നങ്ങള്‍ക്ക്‌ നേരേ കണ്ണടയ്ക്കുകയായിരുന്നു...ശബ്ദമില്ലാത്തവന്റെ ശബ്ദം... നീതി നിഷേധിക്കപ്പെട്ടവന്‌ നീതി ഉറപ്പാക്കുവാനുമുള്ള മാര്‍ഗം.. അസംഘടിത വിഭാഗത്തിന്റെ ആവശ്യങ്ങള്‍ ഭരണകൂടത്തെ ബോധ്യപ്പെടുത്താനുള്ള മാധ്യമം എന്നൊക്കെ കൊട്ടിഘോഷിക്കുന്ന പത്ര മുതലാളിമാരാണ്‌ അവരുടെ നിലനില്‍പിന്റെ ഈ അടിസ്ഥാന ഘടകത്തെ ഇതുവരെ വഞ്ചിച്ചുകൊണ്ടിരുന്നതും ഇപ്പോള്‍ ആ വിഭാഗം നടത്തിയ സമരത്തെ പൊളിച്ചടുക്കിയതും.
ഒന്നും നേടാനാവാതെ, ഓട്ടേറേ നഷ്ടപ്പെടുത്തികൊണ്ട്‌ കേരളത്തിലെ പത്ര ഏജന്റുമാര്‍ 36 ദിവസമായി നടത്തിയ സമരം അവസാനിച്ചു,ആതിരേ, ആതിരേ.... ഹൈക്കോടതിയുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയുടെ ഭാഗമായി സമരം നിറുത്തി എന്നാണ്‌ പറയുന്നതെങ്കിലും പത്ര ഏജന്റുമാരുടെ സമരം മാധ്യമഭീമന്മാരും മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളും ചേര്‍ന്ന്‌ പൊളിക്കുകയായിരുന്നു യഥാര്‍ത്ഥത്തില്‍. നിസ്വന്‍ എന്നും നിസ്വനായി തുടരണമെന്നും പ്രബലരായ സമ്പന്ന വിഭാഗത്തോട്‌ എതിരിടാന്‍ പാടില്ല എന്നുമുള്ള മുതലാളിത്തത്തിന്റെ കാട്ടുനീതിയാണ്‌ ഈ പരാജയത്തോടെ, എല്ലാ തൊഴിലാളി വര്‍ഗ സമര മുന്നേറ്റ ചരിത്രങ്ങളേയും ലജ്ജിപ്പിച്ചുകൊണ്ട്‌ വിജയിച്ചിരിക്കുന്നത്‌. സമരം ചെയ്തതിന്റെ പേരില്‍ ഒട്ടേറേ ഏജന്റുമാരെ പിരിച്ചുവിട്ട്‌ പുതിയ ഏജന്‍സി നല്‍കിയിരുന്നു. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണം എന്ന ആവശ്യംപോലും അംഗീകരിക്കപ്പെട്ടിട്ടില്ല. നിലവില്‍ ഏജന്‍സി ഉണ്ടെങ്കിലും മാനേജ്മെന്റ്‌ കേസില്‍ കുടുക്കിയവര്‍ക്കും ഇനി ഏജന്‍സി ലഭിക്കില്ല. അതായത്‌ ഈ സമരംകൊണ്ട്‌ ഉന്നയിക്കപ്പെട്ട ആവശ്യങ്ങള്‍ ഒന്നുംതന്നെ നേടിയെടുക്കാന്‍ കഴിഞ്ഞില്ല എന്നുമാത്രമല്ല ഓട്ടേറേപ്പേര്‍ക്ക്‌ ഉപജീവന മാര്‍ഗം നഷ്ടപ്പെടുകയും ചെയ്തു. രാഷ്ട്രീയ പ്രബുദ്ധതയുടേയും തൊഴിലാളി വര്‍ഗസമരാജ്ജയ്യതയുടേയും ചരിത്രമുള്ള കേരളത്തിലാണ്‌ ഒരു വിഭാഗം തൊഴിലാളികള്‍ തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ നടത്തിയ സമരം ഇങ്ങനെ ചിതറിക്കപ്പെട്ടത്‌. തുടങ്ങിയ നാള്‍മുതല്‍ ഇതുവരെ ഒരിക്കലും കൂലിവര്‍ദ്ധനവില്ലാത്ത ഒരു മേഖലയാണ്‌ പത്രവിതരണത്തിന്റേത്‌. കേരളത്തിലെ ആയിരക്കണക്കിനുവരുന്ന പത്രവിതരണക്കാരുടെ കണ്ണീരിലും പട്ടിണിയിലും തിടംവെച്ചാണ്‌ ഇന്ന്‌ കോടികള്‍ ലാഭമുണ്ടാക്കുന്ന പത്ര ഭീമന്മാര്‍ വളര്‍ന്ന്‌ വലുതായത്‌. അവര്‍ കോടികള്‍ ലാഭം ഉണ്ടാക്കുമ്പോഴും പട്ടിണികിടക്കുന്ന ഏജന്റുമാരുടെ, വിതരണക്കാരുടെ ജീവിതാവസ്ഥകളില്‍ ആര്‍ക്കും ഒരു ആശങ്കയുമുണ്ടായിരുന്നില്ല. ഇവരുടെ ദയനീയാവസ്ഥയെക്കുറിച്ചും ഇവര്‍ ഉന്നയിച്ച ആവശ്യങ്ങളെക്കുറിച്ചും കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ട്രേഡ്‌ യൂണിയന്‍ സംഘടനകള്‍ക്കും വ്യക്തമായ ധാരണയുണ്ടായിരുന്നതാണ്‌. എന്നിട്ടും ഇതുവരെ ഈ വിഭാഗത്തിന്റെ പ്രശ്നങ്ങളും ആവശ്യങ്ങളും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിലും ചര്‍ച്ചയ്ക്ക്‌ വിധേയമായില്ല : ആരും ഇവരുടെ ആവശ്യങ്ങള്‍ ഏറ്റെടുത്ത്‌ അവയ്ക്ക്‌ പരിഹാരം കണ്ടെത്തിയില്ല. നീതിക്കും ന്യായത്തിനും അടിസ്ഥാന വര്‍ഗങ്ങളുടെ ഉന്നമനത്തിനും ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണത്തിനുമായാണ്‌ നിലകൊള്ളുന്നതെന്ന്‌ അവകാശപ്പെടുന്ന മാധ്യമങ്ങള്‍ പോലും പക്ഷേ അവരെ ജനകീയരാക്കുന്ന പത്ര ഏജന്റുമാരുടേയും പത്ര വിതരണക്കാരുടേയും പ്രശ്നങ്ങള്‍ക്ക്‌ നേരേ കണ്ണടയ്ക്കുകയായിരുന്നു, ആതിരേ.. ശബ്ദമില്ലാത്തവന്റെ ശബ്ദം... നീതി നിഷേധിക്കപ്പെട്ടവന്‌ നീതി ഉറപ്പാക്കുവാനുമുള്ള മാര്‍ഗം.. അസംഘടിത വിഭാഗത്തിന്റെ ആവശ്യങ്ങള്‍ ഭരണകൂടത്തെ ബോധ്യപ്പെടുത്താനുള്ള മാധ്യമം എന്നൊക്കെ കൊട്ടിഘോഷിക്കുന്ന പത്ര മുതലാളിമാരാണ്‌ അവരുടെ നിലനില്‍പിന്റെ ഈ അടിസ്ഥാന ഘടകത്തെ ഇതുവരെ വഞ്ചിച്ചുകൊണ്ടിരുന്നതും ഇപ്പോള്‍ ആ വിഭാഗം നടത്തിയ സമരത്തെ പൊളിച്ചടുക്കിയതും. ആയിരങ്ങളില്‍ നിന്ന്‌ പതിനായിരങ്ങളിലേയ്ക്ക്‌ മാസംതോറും പരസ്യനിരക്ക്‌ വര്‍ദ്ധിപ്പിക്കുന്ന മാധ്യമ ഭീമന്മാര്‍ ഏജന്റുമാരും പത്രവിതരണക്കാരുമായ അടിസ്ഥാന വിഭാഗത്തിന്റെ പ്രശ്നങ്ങള്‍ക്കെതിരെ പ്രതിലോമ നിലപാട്‌ സ്വീകരിച്ചപ്പോള്‍ അവരെ അതില്‍ നിന്നും പിന്‍തിരിപ്പിക്കാനും ഏജന്റുമാര്‍ ഉന്നയിച്ച ആവശ്യങ്ങളുടെ ന്യായങ്ങള്‍ ബോധ്യപ്പെടുത്തി നിലപാടെടുക്കാനും നിര്‍ബന്ധിക്കേണ്ടിയിരുന്ന മുഖ്യധാരാ രാഷ്ട്രീയ - ട്രേഡ്‌ യൂണിയന്‍ പ്രസ്ഥാനങ്ങളും സാമൂഹിക സന്നദ്ധ സംഘങ്ങളും പൗരാവകാശ പ്രവര്‍ത്തകരുമൊക്കെ ഈ വിഭാഗത്തെ ഉളുപ്പില്ലാതെ വഞ്ചിക്കുന്ന നിലപാടാണ്‌, ആതിരേ, സ്വീകരിച്ചത്‌. മാധ്യമ ഭീമന്മാരുടെ പിടിവാശി തെറ്റാണെന്ന്‌ പറയാന്‍ പോലുമുള്ള ആര്‍ജ്ജവം ഇവരില്‍ ആരില്‍ നിന്നും ഉണ്ടായില്ല. മറിച്ച്‌ മാധ്യമ മുതലാളിമാരെ പിണക്കി ഏജന്റുമാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതില്ല എന്ന തൊഴിലാളി വിരുദ്ധവും മുതലാളിത്ത പ്രീണനവും നിറഞ്ഞ നിലപാടാണ്‌ ഇവരെല്ലാം സ്വീകരിച്ചത്‌. ആവശ്യത്തിനും അനാവശ്യത്തിനും ഇടപെട്ടും പ്രസ്താവനകള്‍ ഇറക്കിയും സമൂഹ മനസിനേയും ബോധങ്ങളേയും കലുഷിതമാക്കാറുള്ള മത സാമുദായികസംഘടനാ നേതാക്കളേയും ഈ സമരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കാണാനുണ്ടായില്ല. പ്രബലരും സാമ്പത്തികമായി ഉന്നതരുമായ മാധ്യമ ഭീമന്മാരുടെ അടിസ്ഥാന വര്‍ഗ വിരുദ്ധ നിലപാടുകള്‍ക്ക്‌ പച്ചക്കൊടി പിടിച്ച രാഷ്ട്രീയ അശ്ലീലതയുടെ 36 ദിവസങ്ങളാണ്‌ കടന്നുപോയത്‌. സംഘടിത തൊഴിലാളി വര്‍ഗത്തിന്റെ വിജയ കഥകള്‍ ഏറെ രചിക്കപ്പെട്ട രാഷ്ട്രീയ ഭൂമികയിലാണ്‌ ഇത്തരമൊരു വഞ്ചനയും ചൂഷണവും ഇപ്പോള്‍ കൊടിപാറിക്കുന്നത്‌. മാധ്യമാ മുതലാളിമാരെ വെല്ലുവിളിച്ചാല്‍ ഇങ്ങനെയൊക്കെയായിരിക്കും സംഭവിക്കുക എന്നാണ്‌ അവര്‍ നല്‍കുന്ന മുന്നറിയിപ്പ്‌. ഇതാകട്ടെ കേരളത്തിലെ അസംഘടിത തൊഴിലാളികളുടെ മുന്നേറ്റങ്ങള്‍ക്കെതിരെയുള്ള ഭീഷണിയുമാണ്‌. കേരളാ സ്റ്റേറ്റ്‌ ന്യൂസ്‌ പേപ്പര്‍ ഏജന്റ്സ്‌ അസോസിയേഷന്‍ കോ ഓര്‍ഡിനേഷന്‍ കമ്മറ്റി ഭാരവാഹികളും മലയാള മനോരമ, മാതൃഭൂമി, ഹിന്ദു, പത്ര മാനേജ്മെന്റ്‌ പ്രതിനിധികളും ഹൈക്കോടതി, മീഡിയേഷന്‍ സെല്‍ മുമ്പാകെ നടത്തിയ ചര്‍ച്ചയിലെ ധാരണ പ്രകാരമാണ്‌ 36 ദിവസമായി നടത്തിവന്ന സമരം അവസാനിപ്പിച്ചത്‌. സമരത്തിനാധാരമായ കാരണങ്ങളും മറ്റു വിഷയങ്ങളും മെയ്‌ 26 ന്‌ വീണ്ടും ചര്‍ച്ച ചെയ്യാമെന്ന്‌ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ആവശ്യങ്ങള്‍ അംഗീകരിക്കുമെന്നാണ്‌ പ്രതീക്ഷയെന്നും കോ ഓര്‍ഡിനേഷന്‍ ജോയിന്റ്‌ കണ്‍വീനര്‍ പി.കെ. സത്താര്‍ പറഞ്ഞു. സമരം പിന്‍വലിച്ചാല്‍ ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ചര്‍ച്ച ആകാമെന്ന്‌ മാനേജ്മെന്റ്‌ പ്രതിനിധികളും അറിയിച്ചിട്ടുണ്ട്‌. കോ ഓര്‍ഡിനേഷന്‍ കമ്മറ്റി സമരത്തില്‍ നിന്ന്‌ പിന്മാറിയ വിവരം അഭിഭാഷകനായ ഡോ. സെബാസ്റ്റ്യന്‍പോള്‍ മുഖേനയാണ്‌ മധ്യസ്ഥരെ അറിയിച്ചത്‌. അഭിഭാഷകരായ രഘു നന്ദനമേനോന്‍, പി.ടി. ബാബു കുമാര്‍ എന്നിവരാണ്‌ ചര്‍ച്ചയ്ക്ക്‌ മധ്യസ്ഥത വഹിച്ചത്‌. പത്ര ഏജന്റുമാരുടെ സമരം ഒത്തുതീര്‍പ്പാക്കണം എന്നാവശ്യപ്പെട്ട്‌ ഹര്‍ജി നല്‍കിയ അഡ്വ. ബേസില്‍ അട്ടിപ്പേറ്റി പത്ര മാനേജ്മെന്റിന്റെ അഭിഭാഷകര്‍, കോ ഓര്‍ഡിനേഷന്‍ ഭാരവാഹികള്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. കേരളത്തിന്റെ സമര ചരിത്രത്തില്‍ ഇതിഹാസമായി മാറേണ്ടിയിരുന്ന ഒരു മുന്നേറ്റത്തേയാണ്‌ മുഖ്യധാരാ രാഷ്ട്രീയ - ട്രേഡ്‌ യൂണിയന്‍ പ്രസ്ഥാനങ്ങളും മാധ്യമ കുത്തകകളും ചേര്‍ന്ന്‌ കഴുത്തുഞ്ഞെരിച്ച്‌ കൊന്നത്‌. മാധ്യമ മുതലാളിമാരെ പിണക്കി വിതരണക്കാരുടെ പട്ടിണി മാറ്റേണ്ടതില്ല എന്ന്‌ കരുതിയതുകൊണ്ടാകാം കേന്ദ്ര മന്ത്രി മുതല്‍ പ്രാദേശിക നേതാക്കള്‍വരെ പത്ര വിതരണ തൊഴിലാളികളുടെ സമരത്തിനെതിരെ തിരിഞ്ഞത്‌. ഓര്‍ക്കണം ചെയ്യുന്ന ജോലിക്ക്‌ മാന്യമായ പ്രതിഫലം ലഭിക്കാന്‍ വേണ്ടിയായിരുന്നു ഈ സമരം. അതിനെയാണ്‌ ഇങ്ങനെ ശ്വാസംമുട്ടിച്ച്‌ കൊന്നത്‌. ഇവരുടെയെല്ലാം തൊഴിലാളി വര്‍ഗ ബോധവും അസംഘടിത തൊഴിലാളി വിഭാഗത്തോടുള്ള സമീപനവും എത്രമാത്രം മനുഷ്യത്വ രഹിതവും മുതലാളിത്ത താത്പര്യങ്ങളെ സംരക്ഷിക്കുന്നതാണെന്നും ഇതോടെ വ്യക്തമായി, ആതിരേ.

No comments: