Monday, April 23, 2012

അസ്തമിച്ചത്‌ മലയാളസിനിമയുടെ 'നവോദയം'

സിനിമയുടെ വിപണ തന്ത്രങ്ങള്‍ അദ്ദേഹത്തോളം ഹൃദിയസ്ഥമാക്കിയ നിര്‍മ്മാതാക്കള്‍ മലയാളത്തില്‍ വേറേയില്ല. പ്രതിസന്ധികളുടെ തിരയേറ്റങ്ങളെ നിശ്ചയദാര്‍ഢ്യം കൊണ്ട്‌ തടഞ്ഞുനിര്‍ത്തിയ ചങ്കൂറ്റമാണ്‌ ഈ കുട്ടനാട്ടുകാരന്റേത്‌. ജലനിരപ്പിന്‌ താഴെ കൃഷിചെയ്ത്‌ പ്രകൃതിയെ വെല്ലുവിളിക്കുന്ന കുട്ടനാടിന്റെ നെഞ്ചുറപ്പാണത്‌ . മരണത്തിന്‌ തൊട്ടുമുമ്പ്‌, 88-ാ‍ം വയസിലും സിനിമാരംഗത്ത്‌ കര്‍മ്മനിരതനായിരുന്നു അദ്ദേഹം. താന്‍ നിര്‍മ്മിച്ച ചാണക്യന്‍ എന്ന ചിത്രത്തിന്റെ വ്യാജ സിഡികള്‍ വ്യാപകമാകുന്നതിനെ തടയാന്‍ കഴിയാതെവന്നപ്പോള്‍ കാല്‍ നൂറ്റാണ്ടുമുമ്പ്‌ ഊരിവെച്ച നിര്‍മ്മാതാവിന്റെ കുപ്പായം വീണ്ടും അണിയുന്നതിനെക്കുറിച്ചുള്ള ചിന്തയിലായിരുന്നു അദ്ദേഹം. വാര്‍ദ്ധക്യത്തിന്റെ പരിമിതികളെ കൂസാതെ പ്രവൃത്തി പഥത്തില്‍ സജീവമായിരുന്ന അപ്പച്ചന്‍ ഉത്പതിഷ്ണുക്കള്‍ക്ക്‌, കഠിനാധ്വാനികള്‍ക്ക്‌ എന്നും ഒരു മാതൃകയായിരുന്നു.
ആതിരേ,ഏഴുപതിറ്റാണ്ടുകാലം മലയാളസിനിമാ നിര്‍മ്മാണരംഗത്തെ ഉത്തുംഗപ്രതിഭയായിരുന്ന നവോദയ അപ്പച്ചന്‍ ഓര്‍മ്മയായി.,! അന്താരാഷ്ട്ര തലത്തിലുള്ള സാങ്കേതികമികവ്‌ പരിചയപ്പെടുത്തി മലയാള സിനിമക്ക്‌ പുതിയ ദിശാബോധംനല്‍കി ലോകസിനിമയുടെ വേദിയില്‍ ഇരിപ്പിടമൊരുക്കിയ ക്രാന്തദര്‍ശിയായിരുന്നു നവോദയ അപ്പച്ചന്‍ എന്നറിയപ്പെടുന്ന മാളിയംപുരയ്ക്കല്‍ ചാക്കോ പുന്നൂസ്‌. മലയാള ചലച്ചിത്ര ഭൂമികയില്‍ വിസ്മയങ്ങളുടെ സ്ഫോടനങ്ങള്‍ സൃഷ്ടിച്ച അദ്ദേഹമാണ്‌ രാജ്യത്തെ ആദ്യ ത്രിഡി സിനിമയും ദക്ഷിണേന്ത്യയിലെ ആദ്യ 70 എംഎം ചിത്രവും സിനിമാസ്കോപ്പ്‌ ചിത്രവും സമ്മാനിച്ചത്‌. ഓരോ ചിത്രത്തിനും പുതുമയുള്ളത്‌ എന്തെങ്കിലും ഉണ്ടാകണമെന്ന്‌ നിഷ്കര്‍ഷിച്ച്‌ അദ്ദേഹം അതിനായി സാങ്കേതിക മികവിന്റെ ഏതറ്റംവരെ പോകാനും പണം എത്രവേണമെങ്കിലും മുടക്കാനും ഒട്ടും മടി കാണിച്ചിട്ടില്ല. സിനിമയുടെ വിപണ തന്ത്രങ്ങള്‍ അദ്ദേഹത്തോളം ഹൃദിയസ്ഥമാക്കിയ നിര്‍മ്മാതാക്കള്‍ മലയാളത്തില്‍ വേറേയില്ല. പ്രതിസന്ധികളുടെ തിരയേറ്റങ്ങളെ നിശ്ചയദാര്‍ഢ്യം കൊണ്ട്‌ തടഞ്ഞുനിര്‍ത്തിയ ചങ്കൂറ്റമാണ്‌ ഈ കുട്ടനാട്ടുകാരന്റേത്‌. ജലനിരപ്പിന്‌ താഴെ കൃഷിചെയ്ത്‌ പ്രകൃതിയെ വെല്ലുവിളിക്കുന്ന കുട്ടനാടിന്റെ നെഞ്ചുറപ്പാണത്‌ . മരണത്തിന്‌ തൊട്ടുമുമ്പ്‌, 88-ാ‍ം വയസിലും സിനിമാരംഗത്ത്‌ കര്‍മ്മനിരതനായിരുന്നു അദ്ദേഹം. താന്‍ നിര്‍മ്മിച്ച ചാണക്യന്‍ എന്ന ചിത്രത്തിന്റെ വ്യാജ സിഡികള്‍ വ്യാപകമാകുന്നതിനെ തടയാന്‍ കഴിയാതെവന്നപ്പോള്‍ കാല്‍ നൂറ്റാണ്ടുമുമ്പ്‌ ഊരിവെച്ച നിര്‍മ്മാതാവിന്റെ കുപ്പായം വീണ്ടും അണിയുന്നതിനെക്കുറിച്ചുള്ള ചിന്തയിലായിരുന്നു അദ്ദേഹം. വാര്‍ദ്ധക്യത്തിന്റെ പരിമിതികളെ കൂസാതെ പ്രവൃത്തി പഥത്തില്‍ സജീവമായിരുന്ന അപ്പച്ചന്‍ ഉത്പതിഷ്ണുക്കള്‍ക്ക്‌, കഠിനാധ്വാനികള്‍ക്ക്‌ എന്നും ഒരു മാതൃകയായിരുന്നു. ഏഴു പതിറ്റാണ്ടുമുമ്പ്‌ ജ്യേഷ്ഠ സഹോദരന്‍ കുഞ്ചാക്കോയുടെ കളരിയിലൂടെയായിരുന്നു വെള്ളിത്തിരയിലേയ്ക്ക്‌ അപ്പച്ചന്‍ എന്ന പതിനേഴുംകാരന്റെ കടന്നുവരവ്‌. ഉദയ സ്റ്റുഡിയോ നിര്‍മ്മിച്ച നല്ലതങ്ക എന്ന ചിത്രത്തോടെ അപ്പച്ചനും മലയാള സിനിമയുടെ അവിഭാജ്യ ഘടകമാകുകയായിരുന്നു. വടക്കന്‍ പാട്ടുകള്‍ക്ക്‌ ഉദയ സ്റ്റുഡിയോ നല്‍കിയ ചലച്ചിത്രഭാഷ്യം മലയാളിപ്രേക്ഷകര്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചെങ്കിലും അതിനുപിന്നിലെ കഠിനാധ്വാനം ആതിരേ,അധികമാര്‍ക്കുമറിയില്ല. അപ്പച്ചന്റെ വാക്കുകള്‍തന്നെ ഉദ്ധരിക്കാം.'വടക്കന്‍പാട്ടുകള്‍ തേടി ഞങ്ങള്‍ തലശ്ശേരിക്കുപോയി. പക്ഷേ അതേക്കുറിച്ച്‌ ആധികാരികമായി അറിയാവുന്നവര്‍ കുറവ്‌. ഒടുവില്‍ പാടത്ത്‌ പണിയെടുക്കുകയായിരുന്ന ഒരു സ്ത്രീയെകണ്ടു. അവര്‍ക്ക്‌ വടക്കന്‍പാട്ടുകള്‍ നന്നായി അറിയാമായിരുന്നു. അത്‌ ഞങ്ങള്‍ കുറിച്ചെടുത്തു. പിന്നീട്‌ തിരക്കഥയെഴുതി.......' കുഞ്ചാക്കോയുടെ നിര്യാണത്തിനുശേഷം 1976 ലാണ്‌ അപ്പച്ചന്‍ കാക്കനാട്‌ ആസ്ഥാനമായി നവോദയ സ്റ്റുഡിയോ ആരംഭിച്ചത്‌. ഉദയയുടെ ട്രേഡ്മാര്‍ക്കായിരുന്ന വടക്കന്‍പാട്ട്‌ ചിത്രങ്ങളെ നവോദയയും കൈവിട്ടില്ല. കടത്തനാട്ട്‌ മാക്കവും തച്ചോളി അമ്പുവും മലയാളത്തിന്‌ ലഭിച്ചത്‌ അങ്ങനെയാണ്‌. മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ്‌ ചിത്രമായിരുന്നു തച്ചോളി അമ്പു. അന്ന്‌ പത്തോളം തിയറ്ററില്‍ മാത്രമായിരുന്നു സിനിമാസ്കോപ്പ്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സംവിധാനം ഉണ്ടായിരുന്നത്‌. മറ്റ്‌ തിയറ്ററുകള്‍ക്ക്‌ സിനിമാസ്കോപ്പ്‌ സ്ക്രീനും ലെന്‍സും നല്‍കിയാണ്‌ അപ്പച്ചന്‍ കാഴ്ചയുടെ വിപ്ലവത്തിന്‌ അരങ്ങൊരുക്കിയത്‌. പിന്നീടായിരുന്നു മലയാളത്തിലെ ആദ്യത്തെ 70 എംഎം ചിത്രമായ പടയോട്ടം വെള്ളിത്തിരയിലെത്തിച്ചത്‌. 1984 - ലെ ഓണക്കാലത്ത്‌ ഇന്ത്യയിലെ ആദ്യത്തെ ത്രിഡി സിനിമ പിറന്നു. മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ആ ചിത്രം അഖിലേന്ത്യാതലത്തില്‍ ബ്ലോക്ക്‌ ബസ്റ്ററായിരുന്നു. വ്യത്യസ്ത ചിത്രങ്ങളൊരുക്കി ചലച്ചിത്ര ലോകത്ത്‌ വിസ്മയങ്ങളുടെ പരമ്പര സൃഷ്ടിച്ച അപ്പച്ചന്‍ വൈകാതെ നിര്‍മ്മാണരംഗത്തുനിന്ന്‌ പിന്മാറുന്നതാണ്‌ കണ്ടത്‌. ചാണക്യന്‍ എന്ന ചിത്രത്തിന്‌ വ്യാജ പകര്‍പ്പുകള്‍ ഇറങ്ങിയപ്പോള്‍ അത്‌ തടയാനാകാതെ മനംനൊന്തായിരുന്നു പിന്മാറ്റം. പിന്നീട്‌ ദൂരദര്‍ശനുവേണ്ടി ബൈബിള്‍ സീരിയല്‍ നിര്‍മ്മിച്ച്‌ ഈ രംഗത്തുനിന്നും പൂര്‍ണ്ണമായി പിന്‍വാങ്ങുകയായിരുന്നു. 1995-ല്‍ ചെന്നെക്ക്‌ സമീപം താംബരത്ത്‌ കോടികള്‍ ചിലവിട്ട്‌ കിഷ്കിന്ധ എന്ന അമ്യൂസ്മെന്റ്‌ പാര്‍ക്ക്‌ നിര്‍മ്മിച്ചപ്പോള്‍ അതും ഒരു വ്യത്യസ്തതയായിരുന്നു. തിരിച്ചടികളും ബാങ്ക്‌ വായ്പാ ബാധ്യതകളും ഞെരുക്കിയപ്പോഴും അദ്ദേഹം തളര്‍ന്നില്ല. ഇരട്ടി ശക്തിയോടെ കര്‍മ്മരംഗത്ത്‌ അപ്പച്ചന്‍ തിരിച്ചെത്തി. നേരത്തേ സൂചിപ്പിച്ച കുട്ടനാടിന്റെ ചങ്കൂറ്റം. ആതിരേ,മലയാള സിനിമാകണ്ട ഏറ്റവും ക്രിയേറ്റീവ്‌ ആയ നിര്‍മ്മാതാവായിരുന്നു നവോദയ അപ്പച്ചന്‍. കലാകാരന്മാരുടെ സര്‍ഗശേഷിയില്‍ പൂര്‍ണ്ണമായും വിശ്വസിച്ച അദ്ദേഹം സിനിമയുടെ സാങ്കേതികസാധ്യതകളിലും അത്രതന്നെ വിശ്വാസമര്‍പ്പിച്ചു. കഥ തീരുമാനമായിക്കഴിഞ്ഞാല്‍ ആലപ്പുഴക്കാരും കുട്ടനാട്ടുകാരുമായ പല തുറകളില്‍പ്പെട്ട ആളുകളുടെ ഒരു സംഘത്തോട്‌ അത്‌ പറയുന്ന പതിവുണ്ടായിരുന്നു നവോദയയില്‍ എന്ന്‌ സംവിധായകന്‍ രാജീവ്‌ കുമാര്‍ അനുസ്മരിക്കുന്നു. അവരുടെ പ്രതികരണമറിയുകയും അതിനൊത്ത്‌ കഥയിലും സന്ദര്‍ഭങ്ങളിലും ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു അദ്ദേഹം. സിനിമാ പാട്ടുകളുടെ ഈണത്തിന്റെ കാര്യത്തില്‍ കര്‍ശനമായ നിഷ്കര്‍ഷ അപ്പച്ചന്‍ പുലര്‍ത്തിയിരുന്നു. കേട്ടവര്‍ ഓര്‍ത്തുപാടാത്ത ഈണങ്ങള്‍ വേണ്ടേ വേണ്ട എന്നായിരുന്നു അപ്പച്ചന്റെ നിലപാട്‌. മോഹന്‍ലാല്‍, ശങ്കര്‍, പൂര്‍ണിമ, ഊര്‍മ്മിള, ഗീതുമോഹന്‍ദാസ്‌, ബേബി ശാലിനി തുടങ്ങിയുള്ള അഭിനേതാക്കളും ഫാസില്‍, പ്രിയദര്‍ശന്‍, സിബി മലയില്‍, രഘുനാഥ്‌ പലേരി, മാത്യു പോള്‍, ടി.കെ. രാജീവ്‌ കുമാര്‍ തുടങ്ങിയ സംവിധായകരും ഗുണസിംഗ്‌, ജെറി അമല്‍ ദേവ്‌, മോഹന്‍ സിത്താര എന്നീ സംഗീത സംവിധായകരും ജി. വേണുഗോപാല്‍ എന്ന ഗായകനും അപ്പച്ചന്റെ അകമഴിഞ്ഞ പ്രോത്സാഹനത്തിന്റെ നവോദയായുടെ ചിറകില്‍ വെള്ളിത്തിരയിലെത്തിയ പ്രതിഭകളാണ്‌. ഇവരുള്‍പ്പെടുന്ന മലയാള സിനിമയുടെ കുലപതിയാണ്‌ യാത്രയായത്‌. അപ്പച്ചന്റെ ദീപ്തസ്മരണയ്ക്കുമുന്നില്‍ എന്റേയും ആദരാഞ്ജലികള്‍.

No comments: