Thursday, April 19, 2012

പേരറിയാത്തൊരു പെണ്‍കുരുന്നേ നിന്റെ നോവറിയുന്നു ഞാന്‍........

പെണ്‍കുഞ്ഞുങ്ങളെ ശാപമായി കാണുന്ന സ്വഭാവം വര്‍ഗ വര്‍ണ്ണ കുലവ്യത്യാസമില്ലാതെ ഇന്ത്യയില്‍ എമ്പാടുമുണ്ട്‌. ഈശ്വരന്റെ സൃഷ്ടിയാണ്‌ മനുഷ്യരെന്ന്‌ പറഞ്ഞുതീരുംമുമ്പാണ്‍കാപാലികനായ പിതാവിനാല്‍ കൊലചെയ്യപ്പെടുന്ന ഒരു പെണ്‍കുഞ്ഞിന്റെ അവസാനത്തെ പിടച്ചിലും കരച്ചിലും നമ്മുടെ കാതുകളിലേയ്ക്ക്‌ ആര്‍ത്തലച്ചെത്തുന്നത്‌. എങ്ങനെ ഈ ദൈന്യാവസ്ഥയില്‍ നിന്ന്‌ പെണ്‍കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ കഴിയും ? ഈശ്വരന്‍പോലും നിസഹായനായി നില്‍ക്കുമ്പോള്‍ മനുഷ്യത്വത്തിന്‌ എന്തുചെയ്യാനാണ്‌ കഴിയുക? അമ്മയുടെ ഗര്‍ഭപാത്രംമുതല്‍ കുഴിമാടംവരെ നിരന്തര ചൂഷണത്തിനും കൊടിയപീഡനങ്ങള്‍ക്കും ഇരയാക്കപ്പെടുന്ന സ്ത്രൈണദൈനതയെക്കുറിച്ച്‌ വായിച്ചും കേട്ടും കണ്ടും മനസ്‌ കലുഷിതമായ അവസ്ഥയിലാണ്‌, ആതിരേ, മനുഷ്യപറ്റും വിവേകവുമുള്ളവരെല്ലാം. സ്ത്രീയെ ലൈംഗീകോപഭോഗവസ്തുവായി മാത്രം കാണുന്ന ഒരു സമൂഹവും മേധാവിത്വത്തിന്റെ ക്രൗര്യമുനകളാല്‍ പെണ്മയെ കൊരുത്തുവലിക്കുന്ന ആണ്‍വര്‍ഗവും ഈശ്വരന്റെതന്നെ സൃഷ്ടികളാണോ എന്ന്‌ സംശയിക്കുകയും ശങ്കിക്കുകയും ചെയ്യേണ്ടുന്ന അവസ്ഥകളെയാണ്‌ വര്‍ത്തമാനകാലം അഭിമുഖീകരിക്കുന്നത്‌. ഇതുപക്ഷെ ഈ കാലത്തിന്റെ മാത്രം സവിശേഷതയല്ല.. മനുഷ്യകുലത്തെക്കുറിച്ചുള്ള വാമൊഴികഥനകാലംമുതല്‍തന്നെ ചൂഷണത്തിനും പീഡനത്തിനും വിധേയമാക്കപ്പെട്ട സ്ത്രൈണനിസഹായതയുടെ ഗദ്ഗദങ്ങളല്ലേ ചരിത്രത്തിന്റെ അകത്തളങ്ങളില്‍ നിന്ന്‌ കേള്‍ക്കാനുള്ളൂ! പെണ്‍കുഞ്ഞുങ്ങളോടുള്ള സമീപനത്തില്‍ ആധുനിക ലോകത്തിന്റെ കാഴ്ചപ്പാട്‌ സംസ്കാര സമ്പന്നമാകുമ്പോഴും ഇന്ത്യയിലേയും ചൈനയിലേയും പെണ്‍കുഞ്ഞുങ്ങളാണ്‌ ഏറ്റവുമധികം ദുഖവും ദുരിതവുമനുഭവിക്കുന്നവര്‍ എന്നാണ്‌ ഈവര്‍ഷം ആദ്യം യുഎന്‍ പുറത്തിറക്കിയ ഒരുപഠനം വ്യക്തമാക്കുന്നത്‌. പെണ്‍കുരുന്നുകളെ നോവിന്റെ നീറ്റലിലാഴ്ത്തി രസിക്കുന്ന ക്രൂരമാനസങ്ങള്‍ ഇന്ത്യയിലാണെമ്പാടുമുള്ളത്‌. " യത്രനാര്യസ്തു പൂജ്യന്തേ രമന്തമന്തമന്തമന്തേ തത്രദേവതഃ "( എവിടെ നാരിമാര്‍ ആദരിക്കപ്പെടുന്നോ അവിടെ ദേവതകള്‍ രമിക്കുന്നു ) എന്ന സംസ്കൃതചിത്തം ,സംസ്ക്കരത്തിലകമായി കരുതുന്ന ഇന്ത്യയിലാണ്‌ കുരുന്നു പെണ്‍കുഞ്ഞുങ്ങള്‍ കിരാതമായി വേദനിപ്പിക്കപ്പെടുന്നതെന്ന വാസ്തവം നോവിന്റെ കുഴിബോംബുകള്‍ തന്നെയാണ്‌, ആതിരേ.... പിറന്നുവീഴുന്ന പെണ്‍കുഞ്ഞുങ്ങളെ മുതല്‍ വൃദ്ധകളെ വരെ ലൈംഗീകദാഹശമനത്തിന്‌ ഉപയോഗിക്കുന്ന ആണ്‍കാമങ്ങളുടെ സ്വന്തം നാടാണ്‌ സാക്ഷരകേരളം പോലുമിന്ന്‌!. ബാല്യത്തില്‍ സംരക്ഷിക്കേണ്ട പിതാവും ജ്ഞാനം പകര്‍ന്നുകൊടുക്കേണ്ട ഗുരുനാഥനും അടക്കമുള്ള കാമപ്പേക്കൂത്തുകള്‍ക്ക്‌ പിച്ചിച്ചീന്താനുള്ള മാംസസാന്നിദ്ധ്യങ്ങളായി കേരളത്തിലെ പെണ്‍കുഞ്ഞുങ്ങളും മാറിക്കഴിഞ്ഞു. ഇതിന്‌ പുറമെയാണ്‌ പ്രസവിച്ചയുടന്‍ വഴിയിലുപേക്ഷിക്കപ്പെടുന്ന പെണ്‍കുഞ്ഞുങ്ങളുടെ കണ്ണീര്‍ക്കണങ്ങള്‍, ആതിരേ, മാധ്യമങ്ങളില്‍ നിറയുന്നത്‌. പ്രസവിച്ച ഉടനെ പെണ്‍കുഞ്ഞങ്ങളുടെ നാക്കിലേയ്ക്ക്‌ അമ്മിഞ്ഞപ്പാലിന്‌ പകരം കടലാവണക്കണ്ണിന്റെ കറ ഇറ്റിക്കുന്ന അല്ലെങ്കില്‍ പാലിനായികരയുന്ന ചൊരിവായ്ക്കുള്ളിലേയ്ക്ക്‌ ഒരുപിടി നെല്ല്‌ വാരിയിട്ട്‌ പെണ്‍കുഞ്ഞിനെ കൊല്ലുന്ന തമിഴ്‌നാട്ടിലെ ഉശിലാംപെട്ടിയിലെ അമ്മമാരെ ഞെട്ടിക്കുന്ന രീതിയില്‍ നവജാതശിശുവിനെ ടോയ്‌ലറ്റില്‍ ഫ്ലഷ്ചെയ്യുന്ന മാതൃകഥകളും കേരളത്തിന്‌ ഇന്ന്‌ സ്വന്തം!! കൊടുംപീഡനത്തിന്‌ ഇരയായി ഒരുമാസത്തോളം ജീവനുവേണ്ടി മല്ലടിക്കേണ്ടിവന്ന ഫലക്ക്‌ എന്ന രണ്ടുവയസുകാരിയുടെ ദുരന്തമുണ്ടാക്കിയ ഞെട്ടലില്‍നിന്ന്‌ ഇനിയും നാം മോചിതരായിട്ടില്ല. എന്നാല്‍ ഫലക്ക്‌ ഒറ്റപ്പെട്ട ദുര്യോഗമല്ലെന്ന്‌ ബംഗലൂരുവില്‍ നിന്നും ഭോപ്പാലില്‍ നിന്നുമുള്ള ശിശുരോദനങ്ങള്‍, ആതിരേ, നമ്മെ ബോധ്യപ്പെടുത്തുന്നു. നേഹ അഫ്രീന്‍ എന്ന പെണ്‍കുഞ്ഞിന്റെ അനുഭവം ...ഹോ, എത്ര ക്രൂരവും ഹൃദയഭേദകവുമാണ്‌ ! മൂന്‍ന്മാസം തികയാത്ത നേഹയെ പെണ്‍കുഞ്ഞായതിന്റെ പേരില്‍ പിതാവ്‌ ഉമര്‍ ഫറൂക്ക്‌ മര്‍ദ്ദിച്ച്‌ കൊല്ലുകയായിരുന്നല്ലോ!!. ഭാര്യ രേഷ്മ ഭാനു , നേഹയെ പ്രസവിച്ച നിമിഷം മുതല്‍ പിതാവ്‌ ഉമര്‍ കോപംകൊണ്ട്‌ ഭ്രാന്തനാവുകയായിരുന്നു. പിഞ്ചുകുഞ്ഞാണെന്ന്‌ പോലും കരുതാതെ ഏപ്രില്‍ 5 വ്യാഴാഴ്ച ഉമര്‍ നേഹയെ ഭീകരമായി തല്ലിച്ചതച്ചു. മരണാസന്നയായ ആ കുഞ്ഞിനെ രേഷ്മയും ബന്ധുക്കളും ചേര്‍ന്ന്‌ ബംഗലൂരുവിലെ വാണിവിലാസ്‌ ആശുപത്രയില്‍ എത്തിച്ചപ്പോഴാണ്‌ പുറംലോകം അധമനായ ഒരു പിതാവിന്റെ തനിനിറം മനസിലാക്കിയത്‌. സംഭവത്തിന്‌ ശേഷം ഒളിവില്‍ പോയ ഉമര്‍ ഏപ്രില്‍ 8 ഞായറാഴ്ചയാണ്‌ അറസ്റ്റിലായത്‌. ഉമറിന്റെ രണ്ടാം ഭാര്യയാണ്‌ രേഷ്മ. ആണ്‍കുട്ടിയെ പ്രസവിക്കാതിരുന്നതിന്റെപേരില്‍ രേഷ്മയേയും ഇയാള്‍ മര്‍ദ്ദിക്കുമായിരുന്നു. കഴിഞ്ഞയാഴ്ച തന്റെ ബന്ധുക്കളില്‍ ഒരാള്‍ക്ക്‌ ആണ്‍കുട്ടി ജനച്ചതോടെ ഉമറിന്റെ ദേഷ്യം ഇരട്ടിയായി. മദ്യപിച്ചെത്തിയ ഉമര്‍ ഭാര്യയെ മര്‍ദ്ദിച്ചവശയാക്കി. അതിനുശേഷമാണ്‌ കുഞ്ഞിന്‌ നേരേ തിരിഞ്ഞത്‌. കുഞ്ഞിന്റെ വായില്‍ തുണി തിരുകിയശേഷം വടികൊണ്ട്‌ തല്ലിച്ചതയ്ക്കുകയായിരുന്നു. അടികൊണ്ട്‌ തളര്‍ന്നുപോയ നേഹയ്ക്ക്‌ ബോധം വീണപ്പോഴാണ്‌ കുഞ്ഞിന്റെ മരണവെപ്രാളം ശ്രദ്ധയില്‍പ്പെട്ടത്‌. ഉമര്‍ അപ്പോള്‍ മദ്യലഹരിയില്‍ ഗാഢനിദ്രയിലായിരുന്നു. ഭര്‍ത്താവിനെ കുലുക്കിവിളിച്ച്‌ ഉണര്‍ത്തിയെങ്കിലും കുഞ്ഞിന്റെ കാര്യത്തില്‍ അയാള്‍ ശ്രദ്ധകാണിച്ചില്ല. പെട്ടെന്ന്‌ നേഹ രക്തം ഛര്‍ദ്ദിച്ചതോടെ ഓടി രക്ഷപെടുകയും ചെയ്തു. അയല്‍വാസിയുടെ സഹായത്തോടെയാണ്‌ രേഷ്മ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്‌. മുമ്പ്‌ രണ്ടുതവണ ഉമര്‍ കുഞ്ഞിനെ വല്ലാതെ ഉപദ്രവിച്ചിട്ടുണ്ടെന്നും ഭര്‍ത്താവിനെ ഭയന്ന്‌ താന്‍ അക്കാര്യം മറച്ചുവെയ്ക്കുകയായിരുന്നെന്നും രേഷ്മ വെളിപ്പെടുത്തി. ഒരിക്കല്‍ കുഞ്ഞിന്റെ നെറ്റിയിലും പുറത്തും സിഗരറ്റ്‌ കൊണ്ടു പോള്ളിക്കുയും ചെയ്തു. ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്‌ നേഹ. ബന്ധുക്കളുടെ മുഴുവന്‍ പ്രാര്‍ത്ഥന നേഹയ്ക്ക്‌ ചുറ്റും സംരക്ഷണവലയം തീര്‍ത്തെങ്കിലും ഫലക്കിന്റെ വിധിതന്നെയായിരുന്നു നേഹയുടേയും.മര്‍ദ്ദനമേറ്റ്‌ നരകിച്ച്‌ നരകിച്ച്‌ മരിച്ചൊടുങ്ങി, നേഹയും ആണ്‍കുഞ്ഞിനെ ആഗ്രഹിച്ച നരേന്ദ്ര റാണയെന്ന 40 കാരന്‍ രണ്ടുദിവസം മാത്രം പ്രായമുള്ള തന്റെ കുഞ്ഞിനെ നിക്കോട്ടിന്‍ കൊടുത്തു കൊന്ന കഥയാണ്‌ നേഹയുടെ ദുരന്തത്തിന്‌ പിന്നാലെ ഭോപ്പാലില്‍ നിന്നെത്തിയ കരളുലച്ച മറ്റൊരു വാര്‍ത്ത. ആറുമാസം മുമ്പാണ്‌ അയാള്‍ കുഞ്ഞിനെ കൊന്നത്‌. ഏപ്രില്‍ 8 ഞായറാഴ്ചയാണ്‌ ആ പുത്രീഘാതകനേയും അറസ്റ്റ്‌ ചെയ്തത്‌. കഴിഞ്ഞ ഒക്ടോബര്‍ 17ന്‌ റാണയുടെ ഭാര്യ ഒരു സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുഞ്ഞിന്‌ ജന്മം നല്‍കി. രണ്ടുദിവസത്തിന്‌ ശേഷം കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ്‌ നിക്കോട്ടിന്‍ ഉള്ളില്‍ചെന്നാണ്‌ കുഞ്ഞ്‌ മരിച്ചെന്ന ഞെട്ടിക്കുന്ന സത്യം വെളിപ്പെട്ടത്‌. പെണ്‍കുഞ്ഞ്‌ ജനിച്ചതില്‍ അസ്വസ്ഥനായി താന്‍തന്നെയാണ്‌ കൊലപാതകം ചെയ്തതെന്ന്‌ റാണ പോലീസിനോട്‌ സമ്മതിച്ചിട്ടുണ്ട്‌. പെണ്‍കുഞ്ഞുങ്ങളെ ശാപമായി കാണുന്ന സ്വഭാവം വര്‍ഗ വര്‍ണ്ണ കുലവ്യത്യാസമില്ലാതെ ഇന്ത്യയില്‍ എമ്പാടുമുണ്ട്‌. ഈശ്വരന്റെ സൃഷ്ടിയാണ്‌ മനുഷ്യരെന്ന്‌ പറഞ്ഞുതീരുംമുമ്പാണ്‌, ആതിരേ, കാപാലികനായ പിതാവിനാല്‍ കൊലചെയ്യപ്പെടുന്ന ഒരു പെണ്‍കുഞ്ഞിന്റെ അവസാനത്തെ പിടച്ചിലും കരച്ചിലും നമ്മുടെ കാതുകളിലേയ്ക്ക്‌ ആര്‍ത്തലച്ചെത്തുന്നത്‌. എങ്ങനെ ഈ ദൈന്യാവസ്ഥയില്‍ നിന്ന്‌ പെണ്‍കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ കഴിയും ? ഈശ്വരന്‍പോലും നിസഹായനായി നില്‍ക്കുമ്പോള്‍ മനുഷ്യത്വത്തിന്‌ എന്തുചെയ്യാനാണ്‌ ആതിരേ,കഴിയുക? പേരറിയാത്തൊരു പെണ്‍കുരുന്നേ നിന്റെ നോവറിയുന്നു ഞാന്‍ നീറുന്നു എന്ന്‌ വിലപിക്കാനല്ലാതെ....?!

No comments: