Wednesday, April 4, 2012

കുട്ടാടന്‍ പൂശാരിമാരാകുന്ന കുഞ്ഞൂഞ്ഞും. കുഞ്ഞുമാണിയും കുഞ്ഞാപ്പയും


കാക്കനാട്‌ 246 ഏക്കര്‍ സ്ഥലത്ത്‌ ഐടി പാര്‍ക്കും കെട്ടിട സമുച്ചയങ്ങളും ഉള്‍പ്പെടുന്ന ബൃഹത്തായ പദ്ധതിയാണ്‌ സ്മാര്‍ട്ട്‌ സിറ്റിയിലൂടെ വിഭാവനം ചെയ്യുന്നത്‌. സ്മാര്‍ട്ട്‌ സിറ്റിയ്ക്ക്‌ സെസ്‌ പദവി ലഭിച്ചിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിടത്ത്‌ തന്നെ നില്‍ക്കുന്നു എന്നു പറയുമ്പോള്‍ ഭരണ തുടക്കത്തില്‍ത്തന്നെ ജനവഞ്ചനയുടെ നിഷാദ ചരിതം രചിക്കുകയാണ്‌ ഉമ്മന്‍ചാണ്ടിയെന്ന്‌ നാം തിരിച്ചറിയണം. സ്മാര്‍ട്ട്‌ സിറ്റിയ്ക്കുവേണ്ടി ജനങ്ങളെ കുടിയൊഴുപ്പിച്ച്‌ അക്വയര്‍ ചെയ്ത സ്ഥലത്ത്‌ ചുറ്റുമതില്‍ കെട്ടിയതല്ലാതെ മറ്റ്‌ നിര്‍മ്മാണങ്ങള്‍ ഒന്നും കഴിഞ്ഞ ആറ്‌ മാസത്തിനുള്ളില്‍ നടന്നിട്ടില്ല. മെട്രോ സിറ്റിയുടെ വികസനത്തിനുവേണ്ടി കിടപ്പാടം നല്‍കി ഒഴിഞ്ഞുപോയ നൂറുകണക്കിന്‌ തദ്ദേശ വാസികളെ ക്രൂരമായ കബളിപ്പിക്കുന്നത്‌ കൂടിയാണ്‌ സര്‍ക്കാരിന്റെ ഈ അനാസ്ഥ. ഇടത്‌ വലത്‌ സര്‍ക്കാരുകള്‍ അഭിമാന സ്തംഭമായി വിശേഷിപ്പിച്ച സ്മാര്‍ട്ട്‌ സിറ്റി പദ്ധതിയാണ്‌ അവഗണിക്കപ്പെട്ടനാഥമായി ഇപ്പോള്‍ വികസന വഴിയോരത്ത്‌ കിടക്കുന്നത്‌.


ആതിരേ,അലക്കൊഴിഞ്ഞിട്ട്‌ കാശിക്കുപോകാന്‍ നേരമില്ലാത്ത വണ്ണാന്റെ അവസ്ഥയിലാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സഹമന്ത്രിമാരും.
അഭ്യസ്ഥവിദ്യരും അല്ലാത്തവരുമായ തൊഴില്‍രഹിതരടക്കമുള്ള കേരളീയാരോട്‌ കഴിഞ്ഞ സര്‍ക്കാര്‍ അനുവര്‍ത്തിച്ച വാഗ്ദാനവഞ്ചനയ്ക്ക്‌ തിരിച്ചടി നല്‍കി ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ അധികാരത്തിലേറ്റിയപ്പോള്‍ സമ്മതിദായകര്‍ ചില മിനിമം പരിപാടികള്‍ പ്രതിക്ഷിച്ചിരുന്നു. നാടിന്റെ വികസനവും നാട്ടാര്‍ക്ക്‌ തൊഴിലും ഉറപ്പ്‌ വരുത്തുന്ന കാര്യത്തിലെങ്കിലും യുഡിഎഫ്‌ സര്‍ക്കാര്‍ മുന്‍ സര്‍ക്കാരില്‍ നിന്ന്‌ വേറിട്ട നിലപാട്‌ ഉമ്മന്‍ ചാണ്ടി സ്വീകരിക്കുമെന്നായിരുന്നു വോട്ടര്‍മാരുടെ കണക്കുകൂട്ടല്‍. എന്നാല്‍ അധികാരിത്തിന്റെ ഒരുവര്‍ഷം തികയറായിട്ടും ഒരു ബഡ്ജറ്റ്‌ അവതരിപ്പിച്ചിട്ടും ജനങ്ങള്‍ പ്രതീക്ഷിച്ച മിനിമം പരിപാടിയുടെ കാര്യത്തില്‍പ്പോലും പ്രതീക്ഷയ്ക്ക്‌ വകയുള്ള നീക്കങ്ങളല്ല ഉണ്ടായിട്ടുള്ളത്‌.
അധികാരത്തിന്റെ പങ്ക്‌ സ്വന്തമാക്കാനുള്ള തര്‍ക്കത്തില്‍ സമയം കളയുകയാണ്‌ കോണ്‍ഗ്രസും ഘടക കക്ഷികളും. അനൂപിന്റെ സത്യപ്രതിജ്ഞ, ലീഗിന്റെ അഞ്ചാം മന്ത്രി ,മാണിയുടെ രാജ്യസഭാ സീറ്റ്‌ തുടങ്ങി ജനഹിതങ്ങളല്ലാത്ത വിഷയങ്ങള്‍ക്ക്‌ ചുറ്റും ചക്കുകാളകളായിത്തിരിയുകയാണ്‌ മുഖ്യമന്ത്രിയും സഹമന്ത്രിമാരും.
വികസനക്കുതിപ്പിന്‌ ആക്കമേകുന്നതും ലക്ഷക്കണക്കിന്‌ അഭ്യസ്തവിദ്യര്‍ക്ക്‌ തൊഴില്‍ നല്‍കാന്‍ സാധ്യതയുള്ളതുമായ പദ്ധതികളായിരുന്നു , ആതിരേ,സ്മാര്‍ട്ട്‌ സിറ്റിയും സൈബര്‍ സിറ്റിയും. അവ നടപ്പിലാക്കാതെ യുവജനങ്ങളെ വഞ്ചിച്ചതിന്റെ തിരിച്ചടികൂടിയായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ജനവിധി. ഈ രണ്ടു പദ്ധതികളും നടപ്പിലാക്കുന്ന കാര്യത്തില്‍ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങളേയും നടപടികളേയും നഖശിഖാന്തം എതിര്‍ത്തവരാണ്‌ ഉമ്മന്‍ചാണ്ടിയും കൂട്ടരും. വികസന വിരോധികളായ കമ്മ്യൂണിസ്റ്റുകാര്‍ സംസ്ഥാനത്തിന്‌ വികസന ഭൂപടത്തില്‍ ആദരണീയ സ്ഥാനം നേടിയെടുക്കാനുതകുന്ന സ്മാര്‍ട്ട്‌ സിറ്റിയും സൈബര്‍ സിറ്റിയും സമയബന്ധിതമായി നടപ്പിലാക്കാന്‍ താത്പര്യം കാണിക്കാതെ സംസ്ഥാനത്തെ ജനങ്ങളെ കബളിപ്പിക്കുകയാണ്‌ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ എന്ന്‌ ആക്ഷേപിച്ചവര്‍ അധികാരത്തിലെത്തിയപ്പോള്‍ ഈ രണ്ടുകാര്യത്തിലെങ്കിലും ആശാവഹമായ നിലപാടും നയങ്ങളും കര്‍മ്മപദ്ധതികളും ആവിഷ്കരിക്കുമെന്ന്‌ കരുതിയവര്‍ പമ്പര വിഢികളായി; ആതിരേ, അധിക്ഷേപാര്‍ഹമായ വിധത്തില്‍ വഞ്ചിക്കപ്പെട്ടു..
ലക്ഷത്തിലേറേ തൊഴിലവസരങ്ങളും കൊച്ചിയുടെ വികസനത്തിന്‌ വന്‍ കുതിപ്പും പ്രഖ്യാപിച്ച്‌ കൊട്ടും കുരവയുമായി തുടക്കമിട്ട സ്മാര്‍ട്ട്‌ സിറ്റിയും സൈബര്‍സിറ്റിയും ആരംഭിച്ചിടത്തുനിന്ന്‌ ഒരുഞ്ചുപോലും മുന്നോട്ട്‌ പോയിട്ടില്ല.മറിച്ച്‌ അതിവേഗം ബഹുദൂരം എന്ന ഉമ്മന്‍ചാണ്ടിയുടെ വികസന മന്ത്രം, ഈ വിഷയത്തില്‍ ജനവഞ്ചനയുടെ ലോഗോ ആയി പരണമിച്ചിരിക്കുകയാണ്‌ ഇപ്പോള്‍.
കാക്കനാട്‌ 246 ഏക്കര്‍ സ്ഥലത്ത്‌ ഐടി പാര്‍ക്കും കെട്ടിട സമുച്ചയങ്ങളും ഉള്‍പ്പെടുന്ന ബൃഹത്തായ പദ്ധതിയാണ്‌ സ്മാര്‍ട്ട്‌ സിറ്റിയിലൂടെ വിഭാവനം ചെയ്യുന്നത്‌. സ്മാര്‍ട്ട്‌ സിറ്റിയ്ക്ക്‌ സെസ്‌ പദവി ലഭിച്ചിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിടത്ത്‌ തന്നെ നില്‍ക്കുന്നു എന്നു പറയുമ്പോള്‍ ഭരണ തുടക്കത്തില്‍ത്തന്നെ ജനവഞ്ചനയുടെ നിഷാദ ചരിതം രചിക്കുകയാണ്‌ ഉമ്മന്‍ചാണ്ടിയെന്ന്‌ നാം തിരിച്ചറിയണം. സ്മാര്‍ട്ട്‌ സിറ്റിയ്ക്കുവേണ്ടി ജനങ്ങളെ കുടിയൊഴുപ്പിച്ച്‌ അക്വയര്‍ ചെയ്ത സ്ഥലത്ത്‌ ചുറ്റുമതില്‍ കെട്ടിയതല്ലാതെ മറ്റ്‌ നിര്‍മ്മാണങ്ങള്‍ ഒന്നും കഴിഞ്ഞ ആറ്‌ മാസത്തിനുള്ളില്‍ നടന്നിട്ടില്ല. മെട്രോ സിറ്റിയുടെ വികസനത്തിനുവേണ്ടി കിടപ്പാടം നല്‍കി ഒഴിഞ്ഞുപോയ നൂറുകണക്കിന്‌ തദ്ദേശ വാസികളെ ക്രൂരമായ കബളിപ്പിക്കുന്നത്‌ കൂടിയാണ്‌ സര്‍ക്കാരിന്റെ ഈ അനാസ്ഥ. ഇടത്‌ വലത്‌ സര്‍ക്കാരുകള്‍ അഭിമാന സ്തംഭമായി വിശേഷിപ്പിച്ച സ്മാര്‍ട്ട്‌ സിറ്റി പദ്ധതിയാണ്‌ ആതിരേ,അവഗണിക്കപ്പെട്ടനാഥമായി ഇപ്പോള്‍ വികസന വഴിയോരത്ത്‌ കിടക്കുന്നത്‌.
ദീര്‍ഘനാളത്തെ തടസങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിരാമമിട്ട്‌ 2011 ഒക്ടോബര്‍ എട്ടിനാണ്‌ സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്‌. പദ്ധതി പ്രദേശം ഉള്‍പ്പെടുന്ന വടവുകോട്‌ - പുത്തന്‍കുരിശ്‌ പഞ്ചായത്തില്‍ നിര്‍മ്മാണം തുടങ്ങിയ പദ്ധതിയുടെ ഒന്നാംഘട്ടം രണ്ടു വര്‍ഷത്തിനുള്ളിലും 6000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള സ്മാര്‍ട്ട്‌ സിറ്റിയുടെ ഒന്നാംഘട്ടം ഒരുവര്‍ഷം കൊണ്ടും പൂര്‍ത്തിയാക്കുമെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ടികോം സി ഈ ഒ അബ്ദുള്‍ ലത്തീഫ്‌ അല്‍ മുല്ലയും അന്ന്‌ പ്രഖ്യാപിച്ചത്‌.
എന്നാല്‍ ' വഞ്ചി തിരുനക്കരെ തന്നെ ' പദ്ധതി പ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നടന്നിട്ടില്ല. ഇതിനായി ടികോം ചുമതലപ്പെടുത്തിയ കൊച്ചി സ്മാര്‍ട്ട്‌ സിറ്റിയുടെ മാനേജിംഗ്‌ ഡയറക്ടര്‍ ബാബു ജോര്‍ജ്‌ ഇപ്പോള്‍ ദുബായിലാണ്‌. എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തുമെന്നായിരുന്നു യുഡിഎഫ്‌ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്‌. ഇതിനായി യുകെയിലെ കാനന്‍ ഡിസൈനിംഗ്സിനെ ചുമതലപ്പെടുത്തുകയും ചെയ്തു. അവിടെ തീര്‍ന്നു നടപടികള്‍. ടികോം തങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന്‌ കൗശലപൂര്‍വ്വം ഒഴിഞ്ഞുമാറിയപ്പോള്‍ ഇങ്ങനെയൊരു പദ്ധതി ആരംഭിച്ചിട്ടുണ്ടെന്ന വസ്തുത സൗകര്യപൂര്‍വ്വം വിസ്മരിക്കുകയാണ്‌ ഉമ്മന്‍ചാണ്ടിയും മന്ത്രിസഭയും. പദ്ധതിയ്ക്കായി നല്‍കിയ ഭൂമി 70 ശതമാനം ഐടി അനുബന്ധ വ്യവസായസ്ഥാപനങ്ങള്‍ക്ക്‌ നല്‍കുന്നതിന്‌ അനുമതി നല്‍കിയിട്ടും നടപടികള്‍ ആരംഭിച്ചില്ല എന്നുപറയുമ്പോള്‍, ആതിരേ, വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിക്ക്‌ മന്ത്രിസഭയില്‍ എന്തു പണിയാണെന്ന്‌ ചോദിച്ചേ മതിയാകൂ.
ഇതിനിടെ പദ്ധതിയ്ക്ക്‌ മുമ്പായി ഐടി അനുബന്ധ പരിശീലന കേന്ദ്രം തുടങ്ങുമെന്ന വാഗ്ദാനവും നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരും സ്മാര്‍ട്ട്‌ സിറ്റി കമ്പനിയും സംയുക്തമായിട്ടാകും ഈ പരിശീലന കേന്ദ്രം തുടങ്ങുംക എന്നായിരുന്നു പ്രഖ്യാപനം. ഇതിന്റെ നടപടികളും കടലാസിലൊതുങ്ങി.അല്ല ഒതുക്കി! സ്മാര്‍ട്ട്‌ സിറ്റിയുടെ ഡയറക്ട്‌ ബോര്‍ഡ്‌ യോഗം ചേര്‍ന്നിട്ട്‌ മാസങ്ങളായി എന്നുപറയുമ്പോള്‍ തൊഴില്‍ രഹിതരായ അഭ്യസ്ഥ വിദ്യരെ അവരുടെ പ്രതീക്ഷകളില്‍ നിന്ന്‌ ബഹുദൂരം അകറ്റി നിര്‍ത്തി അതിവേഗം ജനവഞ്ചന നടപ്പിലാക്കുകയാണ്‌ ഉമ്മന്‍ ചാണ്ടിയെന്നര്‍ത്ഥം..
പൊതുമേഖലാ സ്ഥാപനമായ എച്ചഎംടിയില്‍ നിന്നു വാങ്ങിയ 70 ഏക്കര്‍ സ്ഥലത്താണ്‌ സൈബര്‍സിറ്റി സ്ഥാപിക്കുമെന്ന്‌ പ്രഖ്യാപിച്ചത്‌. എന്നാല്‍ ഈ ലക്ഷ്യം മറയാക്കി ഭൂമി വാങ്ങിയ ബ്ലൂ സ്റ്റാര്‍ റിയല്‍ എസ്റ്റേറ്റ്‌ ഇതുവരെ ഒരു കല്ലുപോലും അവിടെ ഇട്ടിട്ടില്ല. കോടികള്‍ വിലവരുന്ന സര്‍ക്കാര്‍ ഭൂമി ഇപ്പോള്‍ ഇവരുടെ കൈവശമാണ്‌. ഭൂ മൂഫിയകളുടെ താത്പര്യ സംരക്ഷിക്കാനും സര്‍ക്കാര്‍ ഭൂമി ചുളുവിലയ്ക്ക്‌ നിര്‍മ്മാണ ഭീമന്മാര്‍ക്ക്‌ കൈമാറി കമ്മീഷന്‍ തട്ടാനുള്ള മറയാണ്‌ സൈബര്‍ സിറ്റി എന്ന ആരോപണം സത്യമായിരിക്കുകയാണിപ്പോള്‍. കേരളത്തിലെ തൊഴില്‍രഹിതരായ ചെറുപ്പക്കാരെ സംരക്ഷിക്കാനും മെട്രോ സിറ്റിയുടെ വികസനം ത്വരിതപ്പെടുത്താനും പ്രഖ്യാപിച്ച സ്മാര്‍ട്ട്‌ സിറ്റിയും സൈബര്‍ സിറ്റിയും ആരംഭിക്കാന്‍ സര്‍ക്കാര്‍ തലത്തിലും സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകുനില്ല. പൊതുജനം കഴുതയാണെന്ന രാഷ്ട്രീയക്കാരന്റെ വിശ്വാസം സത്യമാണെന്നും സ്ഥാപിക്കപ്പെട്ടിരിക്കുന്നു. പ്രഖ്യാപിച്ച പദ്ധതികള്‍ തുടങ്ങിയ ഇടത്ത്‌ തന്നെ നില്‍ക്കുമ്പോള്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച്‌ ജനവഞ്ചനയ്ക്ക്‌ നവീന പരിപ്രേക്ഷ്യം ചമച്ച്‌ തൊഴില്‍രഹിതരെ ,കൊട്ടപ്പാല്‌ കുടിപ്പിച്ച്‌ ഓന്തുകളാക്കി മാരണക്രീയകള്‍ക്കുപയോഗിക്കുന്ന ,' ഖസാക്കിന്റെ ഇതിഹാസത്തിലെ ' കുട്ടാടന്‍ പൂശാരിയാകുകയാണ്‌ , ആതിരേ,കുഞ്ഞൂഞ്ഞും. കുഞ്ഞുമാണിയും കുഞ്ഞാപ്പയും

No comments: