Tuesday, April 10, 2012

ആര്‍ക്കാണ്‌ മുസ്ലീംലീഗിനെ പേടി


പ്രതീക്ഷിച്ചതിലും വന്‍ ഭൂരിപക്ഷത്തോടെ പിറവം മണ്ഡലം യുഡിഎഫ്‌ നിലനിര്‍ത്തിയപ്പോള്‍ ലീഗ്‌ നേതൃത്വം അഞ്ചാം മന്ത്രിയെന്ന അവകാശവാദം അശ്ലീലകരമായ രീതിയില്‍ ശക്തമാക്കി. അതുകൊണ്ട്‌ പിറവത്തെ വോട്ടര്‍മാര്‍ക്ക്‌ ഉപതെരഞ്ഞെടുപ്പിന്‌ മുമ്പ്‌ നല്‍കിയ വാഗ്ദാനം പാലിച്ച്‌ അനൂപ്‌ ജേക്കബിനെ മന്ത്രിയാക്കാന്‍ സാധിക്കാതെ നിന്ന്‌ വിയര്‍ക്കേണ്ട ഗതികേട്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും യുഡിഎഫ്‌ നേതൃത്വത്തിനും ഉണ്ടായി. തങ്ങളുടെ അഞ്ചാം മന്ത്രിയ്ക്കൊപ്പം മാത്രമേ അനൂപ്‌ ജേക്കബ്‌ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യൂ എന്ന്‌ ഡിക്റ്റേറ്റ്‌ ചെയ്തുകൊണ്ട്‌ യുഡിഎഫിനേയും പിറവത്തെ സമ്മതിദായകരേയും ലീഗ്‌ ഹൈജാക്ക്‌ ചെയ്യുന്നതാണ്‌ പിന്നെ കണ്ടത്‌. കഴിഞ്ഞ കുറെ ആഴ്ചകളായി കേരളത്തില്‍ ഭരണം എന്ന ഒരു പ്രക്രിയ ഉണ്ടായിരുന്നില്ല, ആതിരേ. ലീഗിനെ എങ്ങനെ അനുനയിപ്പിക്കും എന്ന ചിന്തയില്‍ കാലുവെന്ത നായ്ക്കളെപ്പോലെ ഓടിനടക്കുകയായിരുന്നു ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും.


ആതിരേ, 'ചത്തകുതിരയെന്ന്‌' പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റു അധിക്ഷേപിച്ച മുസ്ലീം ലീഗിന്‌ മാന്യത നല്‍കി സ്വീകരിച്ച്‌ മുന്നണി രാഷ്ട്രീയത്തിന്റെ ശാപമാക്കിമാറ്റിയത്‌ സാക്ഷാല്‍ ഇ.എം.എസ്‌ നമ്പൂതിരിപ്പാടാണ്‌. 67-ലെ സപ്തമുന്നണി രാഷ്ട്രീയപരീക്ഷണകാലം മുതല്‍ ഇടുതപക്ഷത്തും വലതുപക്ഷത്തും തരംപോലെ ചേര്‍ന്ന്‌ ജനാധിപത്യമൂല്യങ്ങളേയും മതനിരപേക്ഷ ബോധങ്ങളേയൂം എന്നും ഹൈജാക്‌ ചെയ്തിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ്‌ മുസ്ലീം ലീഗ്‌.
എന്നുമാത്രമല്ല കയറിപ്പറ്റുന്ന മുന്നണികളില്‍ വിദ്യാഭ്യാസം അടക്കം പൊതു സമൂഹവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്ന വകുപ്പുകള്‍ സ്വന്തമാക്കി മതന്യൂനപക്ഷമെന്ന അഹങ്കാരത്തില്‍ അവയുടെ ഭരണം സമൂഹത്തിന്റെ പൊതു ധാരയ്ക്ക്‌ വിരുദ്ധമായി പ്രതിഷ്ഠിച്ച്‌ രാഷ്ട്രീയവും സാമ്പത്തികവുമായ നേട്ടങ്ങള്‍ കൊയ്തെടുത്തിട്ടുള്ള അധികാര വഞ്ചനകൂടിയാണ്‌ ഈ സംഘടന. അതിജീവന - അധികാര രാഷ്ട്രീയത്തില്‍ അങ്ങനെ അനിവാര്യഘടകമായി മാറിയ മസ്ലീംലീഗ്‌ യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവും സാമൂഹികവുമായ പുരോഗതിയ്ക്ക്‌ തടസം നിന്നിട്ടേയുള്ളു.
" ജാത്യാലുള്ളത്‌ തേച്ചാല്‍ പോകില്ല " അതുതന്നെയാണ്‌ ഉമ്മന്‍ചാണ്ടി നേരിടുന്ന പ്രതിസന്ധിയും. കേവലം രണ്ടു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ പതിമൂന്നാം കേരള നിയമസഭയിലെ ഭരണകക്ഷിയായപ്പോള്‍ യുഡിഎഫിനെ വരച്ചവരയില്‍ നിര്‍ത്തി തങ്ങളുടെ അധാര്‍മ്മിക താത്പര്യങ്ങളെല്ലാം ഭരണതുടക്കത്തില്‍തന്നെ നേടിയെടുക്കാമെന്നാണ്‌ ലീഗിന്റെ അധികാരകേന്ദ്രങ്ങളും രാഷ്ട്രീയദല്ലാളന്മാരും കണക്കുകൂട്ടയത്‌. അതുകൊണ്ടാണ്‌ ആതിരേ, യുഡിഎഫില്‍ പോലും ചര്‍ച്ച ചെയ്യാതെ മുസ്ലീം ലീഗിന്റെ സംസ്ഥാന അധ്യക്ഷനും മുസ്ലീങ്ങളുടെ ഇപ്പോഴത്തെ ആത്മീയ നേതാവുമായ പാണക്കാട്‌ ഹൈദര്‍ അലി ശിഹാബ്‌ തങ്ങളെക്കൊണ്ട്‌ ലീഗിന്‌ ഈ ഭരണത്തില്‍ ലീഗിന്‌ അഞ്ച്‌ മന്ത്രിമാര്‍ ഉണ്ടാകുമെന്ന്‌ ഔദ്യോഗികമായിതന്നെ പ്രഖ്യാപനം നടത്തിച്ചത്‌. മന്ത്രിമാരുടെ എണ്ണത്തിനൊപ്പം അവരുടെ പേരുകളും വകുപ്പുകളും പ്രഖ്യാപിച്ചുകൊണ്ട്‌ ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രി എന്നനിലയ്ക്കുള്ള പ്രത്യേക അധികാരങ്ങളെപ്പോലും ലീഗ്‌ വെല്ലുവിളിച്ചത്‌.
മുന്നണി രാഷ്ട്രീയത്തില്‍ അധികാരവും അതിന്റെ മറവിലുള്ള നേട്ടങ്ങളുമാണ്‌ പ്രാഥമിക ലക്ഷ്യങ്ങളെങ്കിലും കൂട്ടുകക്ഷികള്‍ ചില സാമാന്യ മര്യാദകള്‍ പാലിക്കേണ്ടതുണ്ട്‌. മുന്നണിയിലെ ഘടക കക്ഷികളുമായി ചര്‍ച്ചചെയ്ത്‌ മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിക്കുക എന്നതും മുഖ്യമന്ത്രിയുടെ അധികാരം അംഗീകരിച്ചുകൊണ്ട്‌ വകുപ്പുകള്‍ വിഭജിക്കുക എന്നതുമാണത്‌. കൂട്ടുകക്ഷി ഭരണത്തിന്റെ ഈ പ്രാഥമിക മര്യാദ ലംഘിച്ചുകൊണ്ട്‌ അഹങ്കാരത്തിന്റേയും അധികാരത്തിന്റേയും ധാര്‍ഷ്ട്യമാണ്‌ ലീഗ്‌ പ്രകടിപ്പിച്ചത്‌.
അന്നുതന്നെ ലീഗിന്റെ ഈ നടപടിയെ ചോദ്യംചെയ്ത്‌ മുഖ്യമന്ത്രിയുടെ പ്രത്യേക അധികാരങ്ങളില്‍ കടന്നുകയറുന്ന ധിക്കാരത്തെ നിയന്ത്രിച്ഛിരുന്നെങ്കില്‍ ,ആതിരേ, കഴിഞ്ഞ ഒരു മാസമായി മുഖ്യമന്ത്രിയും യുഡിഎഫും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഭരണപരമായ സമ്മര്‍ദ്ദവും സംഘര്‍ഷവും ഒഴിവാക്കാമായിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകളോടുള്ള സമ്മതിദായകരുടെ വിപ്രതിപത്തിയായിരുന്നു ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കിയ യുഡിഎഫിന്‌ അനുകൂലമായ മാന്‍ഡേറ്റായത്‌. സുതാര്യവും ജനപക്ഷനിലപാടുകള്‍ ഉള്ളതുമായ ഭരണം ഉമ്മന്‍ചാണ്ടിയില്‍ നിന്ന്‌ കേരളത്തിലെ സമ്മതിദായകര്‍ പ്രതീക്ഷിച്ചിരുന്നു. നേരിയ ഭൂരിപക്ഷം മാത്രമുള്ളതുകൊണ്ട്‌ ഘടക കക്ഷികളും ജനഹിതത്തിനനുസരിച്ച്‌ ഭരണം നടത്തുമെന്നും സമ്മതിദായകര്‍ വിശ്വസിച്ചു. 100 ദിവസത്തെ കര്‍മ്മ പരിപാടി പ്രഖ്യാപിച്ചുകൊണ്ട്‌ കരുതലിന്റേയും ദീര്‍ഘവീക്ഷണത്തിന്റേയും ഭരണസംസ്കാരമാണ്‌ തങ്ങള്‍ നടപ്പിലാക്കുക എന്ന ധാരണ ജനഹൃദയങ്ങളില്‍ എത്തിക്കുന്നതില്‍ ഉമ്മന്‍ചാണ്ടി വിജയിക്കുകയും ചെയ്തു.
എന്നാല്‍ ഭരണത്തിന്റെ ആറാം മാസംമുതല്‍ അഞ്ചാം മന്ത്രിയെന്ന മുയലിന്റെ മൂന്നാമത്തെ ചെവിയില്‍ ഇറുകെ പിടിച്ചുകൊണ്ട്‌ ലീഗ്‌ തങ്ങളുടെ സ്വതസിദ്ധമായ മുന്നണിവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ സമ്മര്‍ദ്ദ രാഷ്ട്രീയം കളിച്ചുതുടങ്ങി. അതിന്റെ വരുംവരായ്കകള്‍ നന്നായിട്ട്‌ ബോധ്യമുണ്ടായിട്ടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലോ യുഡിഎഫ്‌ കണ്‍വീനര്‍ പി.പി. തങ്കച്ചനോ ലീഗിന്റെ അധികാര കൊതിയ്ക്ക്‌ തടയിടാന്‍ ശ്രമിച്ചില്ല. പകരം അഴകൊഴമ്പന്‍ നയങ്ങളും നിലപാടുകളും സ്വീകരിച്ച്‌ ലീഗിന്റെ അവകാശവാദത്തിന്‌ അനാവശ്യമായ വിലപേശല്‍ കരുത്ത്‌ പകര്‍ന്നുകൊടുക്കുകയും ചെയ്തു.
ഭക്ഷ്യ സിവില്‍ സപ്ലൈസ്‌ വകുപ്പ്‌ മന്ത്രി ടി.എം. ജേക്കബിന്റെ മരണത്തെത്തുടര്‍ന്ന്‌ പിറവം ഉപതെരഞ്ഞെടുപ്പ്‌ വന്നപ്പോള്‍ ലീഗിലെ അധികാരക്കോമരങ്ങള്‍ അഞ്ചാം മന്ത്രിയെന്ന കാര്‍ഡ്‌ വിദഗ്ദ്ധമായി കശക്കിയിട്ടു. പിറവത്ത്‌ ജയിക്കേണ്ടത്‌ തന്റേയും മുന്നണിയുടേയും അനിവാര്യതയായതുകൊണ്ട്‌ പതിവ്‌ അനുരഞ്ജന സ്വഭാവം പുലര്‍ത്തിക്കൊണ്ട്‌, മുഖ്യമന്ത്രി , ഉപതെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന്റെ കാലുവാരല്‍ സാധ്യത തടഞ്ഞു. പ്രതീക്ഷിച്ചതിലും വന്‍ ഭൂരിപക്ഷത്തോടെ പിറവം മണ്ഡലം യുഡിഎഫ്‌ നിലനിര്‍ത്തിയപ്പോള്‍ ലീഗ്‌ നേതൃത്വം അഞ്ചാം മന്ത്രിയെന്ന അവകാശവാദം അശ്ലീലകരമായ രീതിയില്‍ ശക്തമാക്കി. അതുകൊണ്ട്‌ പിറവത്തെ വോട്ടര്‍മാര്‍ക്ക്‌ ഉപതെരഞ്ഞെടുപ്പിന്‌ മുമ്പ്‌ നല്‍കിയ വാഗ്ദാനം പാലിച്ച്‌ അനൂപ്‌ ജേക്കബിനെ മന്ത്രിയാക്കാന്‍ സാധിക്കാതെ നിന്ന്‌ വിയര്‍ക്കേണ്ട ഗതികേട്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും യുഡിഎഫ്‌ നേതൃത്വത്തിനും ഉണ്ടായി. തങ്ങളുടെ അഞ്ചാം മന്ത്രിയ്ക്കൊപ്പം മാത്രമേ അനൂപ്‌ ജേക്കബ്‌ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യൂ എന്ന്‌ ഡിക്റ്റേറ്റ്‌ ചെയ്തുകൊണ്ട്‌ യുഡിഎഫിനേയും പിറവത്തെ സമ്മതിദായകരേയും ലീഗ്‌ ഹൈജാക്ക്‌ ചെയ്യുന്നതാണ്‌ പിന്നെ കണ്ടത്‌. കഴിഞ്ഞ കുറെ ആഴ്ചകളായി കേരളത്തില്‍ ഭരണം എന്ന ഒരു പ്രക്രിയ ഉണ്ടായിരുന്നില്ല, ആതിരേ. ലീഗിനെ എങ്ങനെ അനുനയിപ്പിക്കും എന്ന ചിന്തയില്‍ കാലുവെന്ത നായ്ക്കളെപ്പോലെ ഓടിനടക്കുകയായിരുന്നു ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും.
വൈകിയാണെങ്കിലും വിവേകം ഉദിച്ചു. യുഡിഎഫില്‍ അനൗപചാരികമായ ചര്‍ച്ചപോലും നടത്താതെ പാണക്കാട്‌ ഹൈദര്‍ അലി ശിഹാബ്‌ തങ്ങളെ മറയാക്കി ലീഗ്‌ നടത്തിയ സമ്മര്‍ദ്ദതന്ത്രത്തിന്‌ ഇന്നലെ കോണ്‍ഗ്രസ്‌ ഹൈക്കമാന്റ്‌ വിദഗ്ദ്ധമായി തടയിട്ടു. അഞ്ചാം മന്ത്രിയെന്ന പ്രശ്നം ഉദിക്കുന്നില്ല എന്ന്‌ അസന്ദിഗ്ദ്ധമായി ഹൈക്കമാന്റ്‌ വെളിപ്പെടുത്തി. അഞ്ചാം മന്ത്രിയെ തന്നില്ലെങ്കില്‍ ഭരണം അട്ടിമറിക്കും എന്ന നിലയ്ക്കുള്ള ഭീഷണി മുഴക്കിയ മുസ്ലീംലീഗ്‌ നേതാക്കള്‍ ഇപ്പോള്‍ മുഖം രക്ഷിക്കാനുള്ള പാക്കേജ്‌ തേടുകയാണ്‌. കയ്ച്ചിട്ടിറക്കാനും മധുരിച്ചിട്ട്‌ തുപ്പാനുംവയ്യാത്ത സങ്കീര്‍ണ്ണ സന്ദിഗ്ദ്ധാവസ്ഥയിലാണ്‌ ലീഗ്‌ നേതൃത്വം. മലപോലെ വന്നത്‌ എലിപോലെ പോയി. ലീഗ്‌ അഞ്ചാംമന്ത്രിയെ പ്രഖ്യാപിച്ച അന്നുതന്നെ ഈ ബുദ്ധി ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും പി.പി തങ്കച്ചനും പ്രകടിപ്പിച്ചിരുന്നുവെങ്കില്‍ ലീഗിന്റെ അഹന്ത ഇത്രയ്ക്ക്‌ വര്‍ദ്ധിക്കുകയോ വഷളാകുകയോ ചെയ്യുമായിരുന്നില്ല. അനാവശ്യമായ അനുരഞ്ജനം അശ്ലീലമാണെന്ന്‌ ഇപ്പോഴെങ്കിലും ഉമ്മന്‍ചാണ്ടിയ്ക്ക്‌ ബോധ്യമായിട്ടുണ്ടാകണം. നട്ടെല്ല്‌ നിവര്‍ത്തി നില്‍ക്കേണ്ട സമയത്ത്‌ അതിന്‌ തയ്യാറായില്ലെങ്കില്‍ ഇത്തരം ഏടാകൂടങ്ങള്‍ തലയില്‍ കയറുക മാത്രമല്ല സര്‍വ്വതും ദുഷിപ്പിക്കുമെന്ന്‌ ഇനിയെങ്കിലും ഉമ്മന്‍ ചാണ്ടി മനസിലാക്കിയെങ്കില്‍....അതേ ആതിരേ, ചത്തകുതിര തന്നെയാണ്‌ മുസ്ലീം ലീഗ്‌.

No comments: