Wednesday, October 27, 2010

പിണറായിക്കും പാര്‍ട്ടിക്കും ഇടതുമുന്നണിക്കും ഇനിയെങ്കിലും ബോധമുദിക്കുമോ ....?


ഇവിടെ സങ്കീര്‍ണമായതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കാവുന്നതുമായ ഒരു രാഷ്ട്രീയ സാഹചര്യം, ആതിരേ ഉരുത്തിരിഞ്ഞ്‌ വന്നിട്ടുണ്ട്‌. തദ്ദേശ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ കത്തോലിക്ക സഭ ഇറക്കിയ ഇടയലേഖനത്തിലൂടെ മുന്നോട്ട്‌ വച്ച രാഷ്ട്രീയ നിലപാടിന്‌ ജനകീയ പിന്തുണ ലഭിച്ചു എന്നാണ്‌ കെസിബിസിയുടെ വക്താവ്‌ ഫാ. സ്റ്റീഫന്‍ ആലത്തറ അവകാശപ്പെട്ടത്‌. തീര്‍ച്ചയായും സ്ഫോടനാത്മകമായ ഒരു അന്തരീക്ഷത്തിലേക്കാണ്‌ കാര്യങ്ങള്‍ നീങ്ങുന്നത്‌. രാഷ്ട്രീയത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യാനും വ്യവഛേദിക്കാനും ആരംഭിച്ചാല്‍ ജനാധിപത്യം ഇല്ലാതാകുമെന്ന കാര്യത്തില്‍ സംശയമില്ല.

ആതിരേ,പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെയും ആ പാര്‍ട്ടി നയിക്കുന്ന ഇടതുമുന്നണിയെയും നിഷ്കരുണം നിരസിച്ചുകൊണ്ട്‌ കേരളം അതിന്റെ രാഷ്ട്രീയ പ്രബുദ്ധത വ്യക്തമാക്കിയതാണ്‌ തദ്ദേശ സ്ഥാപനങ്ങളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പ്‌. അഹങ്കാരവും അഴിമതിയും വിവരക്കേടും നിറഞ്ഞ ഒരു രാഷ്ട്രീയ നേതൃത്വത്തെയും പാര്‍ട്ടിയെയും മുന്നണിയെയും അംഗീകരിക്കുന്ന പ്രശ്നമില്ല എന്ന്‌ കേരളത്തിലെ സമ്മതിദായകര്‍ ഒറ്റക്കെട്ടായി വിധിയെഴുതിയിരിക്കുന്നു.
പതിവിന്‌ വിപരീതമായി കനത്ത പോളിങ്ങാണ്‌ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കണ്ടത്‌. ഇത്‌ തങ്ങള്‍ക്കനുകൂലമായ ജനഹിതമാണെന്ന്‌ പറഞ്ഞുനടന്ന പിണറായിക്കും ജയരാജന്മാര്‍ക്കും മറ്റു മുന്നണി നേതാക്കന്മാര്‍ക്കും ഇനി തലയില്‍ മുണ്ടിട്ടല്ലാതെ ജനമധ്യത്തില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയുകയില്ല.
നാലരവര്‍ഷത്തെ ഇടതുമുന്നണി ഭരണത്തോടുള്ള സമ്മതിദായകന്റെ എതിര്‍പ്പാണ്‌ ഇത്തവണ പ്രകടമായതെന്ന്‌ അംഗീകരിക്കാനുള്ള കേവല മാന്യതയെങ്കിലും ഈ നേതാക്കളില്‍ നിന്നും ഇടതുമുന്നണിയില്‍ നിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു, ആതിരേ. എന്നാല്‍, അപ്പോഴും അഹന്തയുടെയും വളച്ചുകെട്ടലിന്റെയും ഭാഷയില്‍ സംസാരിക്കാനാണ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി പോലും തയ്യാറായത്‌. നിയമസഭാ തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടുകൊണ്ടുള്ള ക്രിസ്ത്യന്‍ വോട്ടുകളുടെ ഏകീകരണമാണ്‌ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കണ്ടതെന്നും ലോകസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ വോട്ട്‌ നേടി ഇടതുമുന്നണി നില മെച്ചപ്പെടുത്തിയെന്നുമാണ്‌ കേന്ദ്രകമ്മിറ്റി വിലയിരുത്തിയത്‌.
എന്നാല്‍, ലോകസഭാ തെരഞ്ഞെടുപ്പിലെന്ന പോലെ ഇത്തവണയും പിണറായി വിജയനും പിണിയാളുകളും സ്വീകരിച്ച അടവുനയം പുറംകാലുകൊണ്ട്‌ കേരളത്തിലെ വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞതുകൊണ്ടാണ്‌, ആതിരേ, ഇത്രയും വലിയ തിരിച്ചടിയുണ്ടായത്‌. സഭയും രാഷ്ട്രീയവുമെന്ന അനാവശ്യവിഷയം ഉയര്‍ത്തിക്കൊണ്ടുവന്ന്‌ ഇവര്‍ ആരംഭിച്ച സംവാദവും വിവാദവും ബൂംറാങ്ങായ്‌ പരിണമിച്ചിരിക്കുകയാണ്‌. സഭ രാഷ്ട്രീയത്തില്‍ ഇടപെടുന്നു, ഇടയലേഖനങ്ങളിലൂടെ പുരോഹിതന്മാര്‍ ജനാധിപത്യ പ്രക്രിയകളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നൊക്കെയായിരുന്നു പിണറായി അടക്കമുള്ളവര്‍ പറഞ്ഞുനടന്നിരുന്നത്‌. യഥാര്‍ത്ഥത്തില്‍ സഭയെ കടന്നാക്രമിക്കുക എന്ന ചിന്ത പിണറായിക്കുണ്ടായിരുന്നില്ല. ഒരു സംവാദമുണ്ടാക്കി ക്രൈസ്തവ വോട്ടര്‍മാരില്‍ തങ്ങളുടെ നിലപാട്‌ അംഗീകരിക്കുന്ന വിഭാഗത്തെ അടര്‍ത്തിയെടുത്ത്‌ അവരുടെ വോട്ട്‌ നേടി നില മെച്ചപ്പെടുത്തുക എന്നതായിരുന്നു പിണറായിയുടെ ലക്ഷ്യം. എന്നാല്‍, പിണറായി ഒരു ഇഎംഎസ്‌ അല്ലാത്തതുകൊണ്ടും അദ്ദേഹം അഴിമതിയുടെ കളങ്കമുള്ള നേതാവായതുകൊണ്ടും അടവുനയം തിരിച്ചടിക്കുകയാണുണ്ടായത്‌. ഒപ്പം മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ധാര്‍ഷ്ട്യത മൂലം മുന്നണിയില്‍ നിന്ന്‌ ആട്ടിപുറത്താക്കിയ ജനതാദള്‍ (എസ്‌) ഐഎന്‍എല്‍, കേരളാ കോണ്‍ഗ്രസ്‌ (ജെ) എന്നീ വിഭാഗങ്ങളുടെ വോട്ട്‌ നഷ്ടമായതും ഇത്തവണത്തെ തിരിച്ചടിക്ക്‌ കാരണമായി. ലോകസഭാ തെരഞ്ഞെടുപ്പിലെ അതേ വോട്ടിംഗ്‌ പാറ്റേണാണ്‌ ഇത്തവണയും ദൃശ്യമായത്‌.
സഭയ്ക്കെതിരെ പാര്‍ട്ടിയും മുന്നണിയും നടത്തിയ അനാവശ്യ ആക്രമണം മധ്യകേരളത്തില്‍ വന്‍ ആഘാതമാണ്‌ ഇടതുമുന്നണിക്കേല്‍പ്പിച്ചത്‌. കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇത്‌ ക്രൈസ്തവ വോട്ടുകളുടെ ഏകീകരണത്തിന്‌ കാരണമായി. അതോടൊപ്പം ജോസഫ്‌ - മാണി ഗ്രൂപ്പുകളുടെ ലയനം കൂടിയായപ്പോള്‍ ഇടതുമുന്നണിയുടെ പരാജയം ഈ ജില്ലകളില്‍ പൂര്‍ണമായി.
ഇവിടെ സങ്കീര്‍ണമായതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കാവുന്നതുമായ ഒരു രാഷ്ട്രീയ സാഹചര്യം, ആതിരേ ഉരുത്തിരിഞ്ഞ്‌ വന്നിട്ടുണ്ട്‌. തദ്ദേശ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ കത്തോലിക്ക സഭ ഇറക്കിയ ഇടയലേഖനത്തിലൂടെ മുന്നോട്ട്‌ വച്ച രാഷ്ട്രീയ നിലപാടിന്‌ ജനകീയ പിന്തുണ ലഭിച്ചു എന്നാണ്‌ കെസിബിസിയുടെ വക്താവ്‌ ഫാ. സ്റ്റീഫന്‍ ആലത്തറ അവകാശപ്പെട്ടത്‌. തീര്‍ച്ചയായും സ്ഫോടനാത്മകമായ ഒരു അന്തരീക്ഷത്തിലേക്കാണ്‌ കാര്യങ്ങള്‍ നീങ്ങുന്നത്‌. രാഷ്ട്രീയത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യാനും വ്യവഛേദിക്കാനും ആരംഭിച്ചാല്‍ ജനാധിപത്യം ഇല്ലാതാകുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, ഇപ്പോള്‍ ഉരുത്തിരിഞ്ഞിരിക്കുന്ന സാഹചര്യം ഫാ. സ്റ്റീഫന്‍ ആലത്തറയുടെ അവകാശവാദത്തെ സാധൂകരിക്കുന്നതാണെന്ന്‌ വാദിക്കാവുന്ന നിലയിലാണ്‌. ശ്രദ്ധിക്കണം ഇത്തരം ഒരു നിലപാടിലേക്ക്‌ സഭയും വിശ്വാസികളും സ്വാഭാവികമായി വന്നുചേര്‍ന്നതല്ല. മറിച്ച്‌ അവരെ സങ്കീര്‍ണവും സ്ഫോടനാത്മകവുമായ ഈ പരിസരത്തേക്ക്‌ പിണറായി വിജയന്‍ ആട്ടിത്തെളിച്ചുകൊണ്ടുവരികയായിരുന്നു. ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ സക്രിയമായ രാഷ്ട്രീയ ഇടപെടലിന്‌ ഒരു സംഘടന രൂപം കൊള്ളുന്ന അവസ്ഥയാണെന്നും ഓര്‍ക്കണം. ക്രിസ്ത്യന്‍ ഡെമോക്രാറ്റിക്‌ യൂണിയന്‍ എന്ന പേരില്‍ കോഴിക്കോട്‌ രൂപം കൊണ്ടിട്ടുള്ള ഈ സംഘടനയ്ക്ക്‌ ഇനി രാഷ്ട്രീയത്തില്‍ ഇടപെടാനുള്ള വാതിലാണ്‌, വിവരക്കേടുകൊണ്ട്‌ പിണറായി വിജയന്‍ തുറന്നുകൊടുത്തത്‌. ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ സദ്ദാം ഹുസൈനെ മുന്നില്‍ നിര്‍ത്തി ഇഎംഎസ്‌ നടത്തിയ അടവു നയത്തിന്റെ ഓര്‍മ്മയിലാവണം ഇത്തവണ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി പുതിയ, തിരിച്ചടിയായ അടവുനയം പരീക്ഷിച്ചതെന്നു തോന്നുന്നു. അത്‌ പാര്‍ട്ടിക്കും മുന്നണിക്കും പ്രഹരമായി എന്നിടത്ത്‌ പ്രശ്നം അവസാനിക്കുന്നില്ല, ആതിരേ. മറിച്ച്‌ കേരളത്തിലെ സാക്ഷരരായ ക്രൈസ്തവ സമ്മതിദായകരുടെ ചിന്തകളെ വികലമായി സ്വാധീനിക്കാന്‍ പോവുകയാണ്ീ‍ പുതിയ സാഹചര്യം. ഈ ദുരവസ്ഥയുടെ ഉത്തരവാദിത്തം പിണറായി വിജയനും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും ഏറ്റെടുത്തേ തീരു.
ആതിരേ, എല്ലാവിധ മത ഇടപെടലുകളെയും വര്‍ഗീയ സാന്നിധ്യങ്ങളെയും ചിന്തകളെയും പ്രവര്‍ത്തികളെയും പ്രതിരോധിക്കാന്‍ ബാധ്യസ്ഥമായ ഒരു പാര്‍ട്ടി അതിന്റെ ബുദ്ധിശൂന്യമായ നേതൃത്വ നിലപാടുകൊണ്ട്‌ ഭീകരമാകാവുന്ന ജാതീയ വര്‍ഗീയതയ്ക്ക്‌ വളം വെച്ചിരിക്കുകയാണ്‌. ലോകസഭാ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ പിഡിപി പോലുള്ള വര്‍ഗീയ കക്ഷികളെ ഒപ്പം കൂട്ടിയതിന്റെ തിരിച്ചടി പോലെ തന്നെ ഒരിക്കലും രക്ഷപ്പെടാനാവാത്ത പാതകമായിരിക്കും ഇതെന്ന്‌ വരുംകാല രാഷ്ട്രീയ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തും.
ഇതിനൊപ്പം സംസ്ഥാന ഭരണത്തിന്റെയും പ്രാദേശിക ഭരണത്തിന്റെയും ജനവിരുദ്ധ നയങ്ങളോടുള്ള ജനങ്ങളുടെ എതിര്‍പ്പുകൂടി ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ട്‌. തകര്‍ന്ന ക്രമസമാധാന നില, ലോട്ടറി മാഫിയയുമായുള്ള അവിശുദ്ധ ബന്ധം, മദ്യമാഫിയയുമായുള്ള കൊടുക്കല്‍ വാങ്ങല്‍, സ്മാര്‍ട്ട്‌ സിറ്റി പോലെയുള്ള പദ്ധതികളുടെ വഞ്ചന, പൊതുവിദ്യാഭ്യാസ മേഖലയില്‍ സൃഷ്ടിച്ച അരക്ഷിതാവസ്ഥ, ആരോഗ്യരംഗത്തെ കെടുകാര്യസ്ഥത, മുന്നണിക്കുള്ളിലെ പിണക്കങ്ങള്‍, മഞ്ഞളാംകുഴി അലിയെ അധിക്ഷേപിക്കുക വഴി മുസ്ലീം വിഭാഗത്തോട്‌ കാണിച്ച അഹന്ത, തൊഴില്‍ രഹിതരോടുള്ള വഞ്ചന, തുടങ്ങി നിരവധി ഘടകങ്ങള്‍ ഇത്തവണത്തെ ഇടതുപക്ഷത്തിന്റെ നാണംകെട്ട തോല്‍വിക്ക്‌ കാരണങ്ങളായിട്ടുണ്ട്‌. ഇനിയെങ്കിലും ഈ വാസ്തവങ്ങള്‍ അംഗീകരിക്കാനുള്ള വിവേകവും വിനയവും പിണറായി വിജയനും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കും ഇടതുമുന്നണിക്കും ഉണ്ടാകുമോ ?
ഉണ്ടായില്ല എന്നു കരുതി ലോകം അവസാനിക്കാനൊന്നും പോകുന്നില്ല. പക്ഷെ, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ ഈ വികല നേതാക്കന്മാരെയും പാര്‍ട്ടിയെയും മുന്നണിയെയും കേരളത്തിലെ വിവേചന ശക്തിയുള്ള സമ്മതിദായകര്‍ മ്യൂസിയം പീസാക്കി മാറ്റും സംശയമില്ല, ആതിരേ.

1 comment:

Anonymous said...

Who is this Athira?