Sunday, October 31, 2010
വര്‍ഗീസ് വധം: സത്യം ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍
എന്താണ് വര്‍ഗീസ് ചെയ്ത തെറ്റ് ? വയനാട്ടിലെ ആദിവാസികളെ മേലാളന്മാര്‍ മൃഗങ്ങളേക്കാള്‍ കഷ്ടമായി പീഡിപ്പിച്ച് പണിയെടുപ്പിക്കുകയും മനുഷ്യരെന്ന നിലയ്ക്ക് മാന്യമായി അദ്ധ്വാനിച്ച് ജീവിക്കാനുള്ള അവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്തപ്പോള്‍ ആ നിസ്സഹായ ജനതയുടെ മോചനത്തിനുവേണ്ടി തന്റെ അറിവും കഴിവും മനസ്സും വര്‍ഗീസ് സമര്‍പ്പിച്ചതാണ് ഭരണകൂടത്തിന് രുചിക്കാതെ പോയത്.
ആതിരേ,"സത്യമേവ ജയതേ" എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും അഭിമാനിക്കാവുന്നതാണ് നക്സലൈറ്റ് വര്‍ഗീസ് വധക്കേസില്‍ സിബിഐ കോടതി പുറപ്പെടുവിച്ച വിധി. 40 വര്‍ഷം മുമ്പ് നടന്ന ഒരു കിരാത കൊലപാതകത്തിലെ പ്രതിയെ ശിക്ഷിച്ചുകൊണ്ട് നീതിപീഠത്തിന് ജനങ്ങളോടും സത്യത്തോടുമുള്ള ഐക്യദാര്‍ഢ്യം ഒരിക്കല്‍ കൂടി വ്യക്തമാക്കിയിരിക്കുന്നു. വര്‍ഗീസിനെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവിട്ട അന്നത്തെ ഐജി ലക്ഷ്മണയ്ക്ക് 10000 രൂപ പിഴയും ജീവപര്യന്തം തടവുമാണ് സിബിഐ കോടതി പ്രത്യേക ജഡ്ജി എസ്.വിജയകുമാര്‍ വിധിച്ചത്.
അത്യപൂര്‍വ്വമായ ഒരു കേസും ഒരു വിധിയുമാണ് ഇത്. 40 വര്‍ഷം മുമ്പ് ആദിവാസികളെ മനുഷ്യരാക്കാനും അവര്‍ക്ക് നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കാന്‍ അവരെ സമരസജ്ജരാക്കാനും ജീവിതം പോരാട്ടമാക്കിയ വയനാട് ഒഴുക്കന്‍മൂല അരീക്കാട്ട് വീട്ടില്‍ വര്‍ഗീസ് എന്ന നക്സല്‍ വര്‍ഗീസിനെ, അധികാര ദുരമൂത്ത ഭരണകൂട ഭീകരത പട്ടാപ്പകല്‍ വെടിവെച്ച് കൊന്നശേഷം പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്ന കള്ളക്കഥ പ്രചരിപ്പിച്ച് ഒളിപ്പിച്ച് വെച്ച സത്യമാണ് ഇപ്പോള്‍, ആതിരേ, ഫീനിക്സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നത്.
കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ് ക്രൂരമായി വെടിവെച്ച് കൊല്ലുന്ന സംഭവം കേരളത്തില്‍ ആദ്യമായിരുന്നു. എന്നാല്‍, അന്ന് ഐജിയായിരുന്ന ലക്ഷ്മണയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരും സംഭവത്തെ ഏറ്റുമുട്ടല്‍ മരണമായി ചിത്രീകരിച്ച് രക്ഷപ്പെട്ടിടത്താണ്, 40 വര്‍ഷത്തിന് ശേഷം നീതിപീഠത്തിന്റെ ഇടപെടല്‍ മൂലം നീതി നടപ്പാക്കിയിരിക്കുന്നത്. തീര്‍ച്ചയായും , അധഃസ്ഥിത വര്‍ഗത്തിന്റെയും സമൂഹത്തിലെ ദുരിതമനുഭവിക്കുന്ന മറ്റു വിഭാഗങ്ങളുടെയും മോചനത്തിനുവേണ്ടി പോരാടുന്നവര്‍ക്ക് പ്രത്യേക കരുത്ത് പകരുന്നതാണ് ഈ വിധി.
വര്‍ഗീസ് വധം കഴിഞ്ഞ് 40 വര്‍ഷം പിന്നിട്ടിട്ടും ഇന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ആദിവാസികള്‍ അടക്കമുള്ള ദളിത് പിന്നാക്ക വിഭാഗങ്ങളുടെ മോചനത്തിനും ഉന്നമനത്തിനും വേണ്ടി പോരാടുന്ന സമരവീര്യങ്ങളെ വെടിവെച്ചും മര്‍ദിച്ചും കൊല്ലുന്ന കിരാത നീതിപാലനസാഹചര്യമാണ് നിലവിലുള്ളത്. വ്യാജ ഏറ്റുമുട്ടലുകളുടെ പേരില്‍ ഗുജറാത്തിലും കശ്മീരിലും ആന്ധ്രയിലും ബംഗാളിലും ഝാര്‍ഖണ്ഡിലുമെല്ലാം മനഷ്യാവകാശ പ്രവര്‍ത്തകരെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും ഉന്മൂലനം ചെയ്യുന്ന ഭരണകൂട ഭീകരതയ്ക്ക് ഒരു മുന്നറിയിപ്പ് കൂടിയാണ്, ആതിരേ, ഈ വിധി. ഉന്നതനായ ഒരു പോലീസ് ഓഫീസര്‍ പ്രതിയായ വധ കേസില്‍ 40 വര്‍ഷത്തിനുശേഷം വിധിയുണ്ടാകുന്നതും ചരിത്രത്തിലാദ്യം. നശിപ്പിക്കപ്പെട്ട തെളിവുകള്‍ പുനഃസ്ഥാപിച്ച് കുറ്റവാളികളെ കണ്ടെത്താന്‍ സിബിഐ അന്വേഷകരും പ്രോസിക്യൂഷനും നടത്തിയ പോരാട്ടത്തെ ഇന്ത്യയിലെ എല്ലാ മര്‍ദിത വിഭാഗങ്ങളുടെയും പേരില്‍ ഞങ്ങള്‍ അഭിനന്ദിക്കുന്നു. ലക്ഷ്യബോധത്തോടെ സമര്‍പ്പണത്തോടെ അന്വേഷണം നടത്തുകയും തെളിവുകള്‍ യുക്തിഭദ്രമായി ന്യായാസനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്താല്‍ ഏത് കൊലകൊമ്പനേയും അഴി എണ്ണിക്കാമെന്ന സന്ദേശവും ഈ വിധി നല്‍കുന്നുണ്ട്. സമ്പത്തിന്റെയും രാഷ്ട്രീയ സ്വാധീനങ്ങളുടെയും ബലത്തില്‍ വന്‍കിട കുറ്റവാളികള്‍ നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാന കാല പരിസരത്ത് ഈ വിധി ഏറെ പ്രസക്തമാണ്.
എന്താണ് വര്‍ഗീസ് ചെയ്ത തെറ്റ് ? വയനാട്ടിലെ ആദിവാസികളെ മേലാളന്മാര്‍ മൃഗങ്ങളേക്കാള്‍ കഷ്ടമായി പീഡിപ്പിച്ച് പണിയെടുപ്പിക്കുകയും മനുഷ്യരെന്ന നിലയ്ക്ക് മാന്യമായി അദ്ധ്വാനിച്ച് ജീവിക്കാനുള്ള അവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്തപ്പോള്‍ ആ നിസ്സഹായ ജനതയുടെ മോചനത്തിനുവേണ്ടി തന്റെ അറിവും കഴിവും മനസ്സും വര്‍ഗീസ് സമര്‍പ്പിച്ചതാണ് ഭരണകൂടത്തിന് രുചിക്കാതെ പോയത്.
60 കളുടെ ഒടുവില്‍ ലോകമാസകലം ഉണ്ടായ വിപ്ലവ മുന്നേറ്റത്തില്‍ എല്ലാ ഭരണകൂടങ്ങളും ശരിക്കും വിറച്ചിരുന്നു. അധികാരത്തിന്റെ ദുരയില്‍ പൗരന്മാരുടെ അവകാശങ്ങളെല്ലാം ധ്വംസിച്ച് മദിച്ചുവാണ ഭരണവര്‍ഗത്തിനെതിരെ ആയുധമെടുത്ത് പോരാടാന്‍ മര്‍ദിതരും ചൂഷിതരും സന്നദ്ധമായപ്പോള്‍ ഭരണകൂടങ്ങള്‍ വേവലാതികൊണ്ടത് സ്വാഭാവികം. അതുതന്നെയാണ് കേരളത്തില്‍, വയനാട്ടില്‍ സംഭവിച്ചത്.
ജന്മിമാരുടെ അടിയാള ചൂഷണം കൊടികുത്തിവാണിരുന്ന അറുപതുകളിലാണ് വയനാട്ടില്‍ നക്സല്‍ പ്രസ്ഥാനം വേരാഴ്ത്തുന്നതും പോരാട്ടവീര്യങ്ങള്‍ ആയുധത്തിന്റെ ഭാഷയില്‍ അധികാരത്തെ ചോദ്യം ചെയ്യാന്‍ തുടങ്ങിയതും. ഒരു കര്‍ഷക കുടുംബത്തില്‍ മെച്ചപ്പെട്ട ജീവിത സാഹചര്യത്തില്‍ വളര്‍ന്നിട്ടും, പഠനത്തില്‍ മിടുക്കനായിരുന്ന വര്‍ഗീസ് വസന്തത്തിന്റെ ഇടിമുഴക്കം വയനാട്ടില്‍ സൃഷ്ടിക്കാനാണ് ആദിവാസികള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നത്. ജന്മിമാരുടെ കാടത്തത്തിനെതിരെ വര്‍ഗീസിന്റെ നേതൃത്വത്തില്‍ കൂമ്പാരകൊല്ലിയിലും കൂമന്‍കൊല്ലിയിലും രഹസ്യയോഗങ്ങള്‍ ചേര്‍ന്നു. അജിത, തേറ്റമല കൃഷ്ണന്‍ കുട്ടി, ഗ്രോ വാസു, കിസാന്‍ തൊമ്മന്‍ തുടങ്ങിയ സമര്‍പ്പിത ചേതസ്സുകള്‍ കൂടി സംഘത്തില്‍ ചേര്‍ന്നപ്പോള്‍ പശ്ചിമ ബംഗാളിലെ നക്സല്‍ ബാരിയില്‍ ഉടലെടുത്ത മോചനത്തിന്റെ ചുവന്ന പാത വയനാട്ടിലെ കൊടും കാട്ടിലും തെളിയുകയായിരുന്നു.
ആതിരേ, അതോടെ ജന്മിമാരുടെയും അവരുടെ പാദസേവകരായ ഭരണകര്‍ത്താക്കളുടെയും പോലീസിന്റെയും കണ്ണിലെ കരടുകളായി മാറി ഈ സഖാക്കള്‍. ഇവരെ തേടിയുള്ള പോലീസിന്റെ നരനായാട്ടില്‍ ആദിവാസി യുവാക്കളും അവരുടെ പെണ്ണുങ്ങളും കൊടിയ മര്‍ദനത്തിനും ലൈംഗീക പീഡനത്തിനും ഇരയായി. ഒരു സ്വതന്ത്രരാഷ്ട്രത്തില്‍ ആധുനീക കാലത്താണ് ഭരണകൂടത്തിന്റെ ഭീകരത ഇങ്ങനെ മുടിയഴിച്ചാടിയതെന്നോര്‍ക്കണം. പുറംലോകവുമായി ബന്ധമില്ലാതെ കൊടുംകാട്ടില്‍ ഒരു ട്രാന്‍സിസ്റ്ററിന്റെ സഹായത്തോടെ നക്സല്‍ ബാരിയില്‍ നിന്നുള്ള പോരാട്ട വാര്‍ത്തകളില്‍ കുളിര്‍ത്ത്, അതിന്റെ ആവേശത്തില്‍ ആദിവാസികളെ സംഘം ചേര്‍ത്ത് ജന്മിമാര്‍ക്കെതിരായുള്ള പോരാട്ടത്തില്‍ വര്‍ഗീസും സംഘവും അപ്പോഴും മുന്നേറുകയായിരുന്നു. കഴുകന്മാരെ പോലെ , കാക്കിയണിഞ്ഞ ഭീകരരൂപങ്ങള്‍ തങ്ങള്‍ക്കുവേണ്ടി തിരച്ചില്‍ നടത്തിയപ്പോഴും ഏറ്റെടുത്ത ദൗത്യത്തില്‍നിന്ന് പിന്‍വാങ്ങാതെ പോരാട്ടപാതയില്‍ കുതിക്കുകയായിരുന്നു വര്‍ഗീസും സംഘവും. വിപ്ലവ വീര്യം ഉള്‍ക്കൊണ്ട ആദിവാസി സമൂഹത്തിന്റെ ചെറുത്ത് നില്‍പ്പ് ശക്തമായപ്പോള്‍ ഭരണകൂടം അതിന്റെ ഭീകരത വര്‍ധിപ്പിച്ചു. വയനാട്ടില്‍ പോലീസ് രാജിന്റെ നാളുകളായിരുന്നു പിന്നീട് ഉണ്ടായത്. ഇതിനിടയില്‍ കിസാന്‍ തൊമ്മന്‍ മരിക്കുകയും അജിതയും വാസുവും അറസ്റ്റിലാവുകയും ചെയ്തപ്പോള്‍ ഒറ്റപ്പെട്ടുപോയിട്ടും വര്‍ഗീസ് തന്റെ പോരാട്ടം തുടര്‍ന്നുകൊണ്ടേയിരുന്നു. ഒരു ചതിയില്‍ പിടിക്കപ്പെട്ട വര്‍ഗീസിനെ അന്ന് ഐജിയായിരുന്ന ലക്ഷ്മണയുടെ നിര്‍ദേശപ്രകാരം എം.എസ്.പിയില്‍ കോണ്‍സ്റ്റബിളായ രാമചന്ദ്രന്‍നായര്‍ പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ചുകൊല്ലുകയായിരുന്നു.
എന്നാല്‍, പോലീസുമായുള്ള ഏറ്റുമുട്ടലില്‍ വര്‍ഗീസ് കൊല്ലപ്പെട്ടു എന്ന് വരുത്തി തീര്‍ക്കാന്‍ അന്ന് ലക്ഷ്മണയ്ക്കും കേരളത്തിലെ ഭരണകര്‍ത്താക്കള്‍ക്കും കഴിഞ്ഞിരുന്നു.
1970 ഫെബ്രുവരി 18 നായിരുന്നു കേരളത്തെ നടുക്കിയ, വിപ്ലവ പ്രസ്ഥാനങ്ങളുടെ നട്ടെല്ലിലൂടെ തരിപ്പ് പായിച്ച ഈ ക്രൂര കൊലപാതകം നടന്നത്.
എന്നാല്‍, കുറ്റബോധത്തില്‍ ഉരുകി നാളുകള്‍ കഴിച്ച രാമചന്ദ്രന്‍ നായര്‍ 1998-ല്‍ നടന്ന സംഭവം ലോകത്തോട് പറയുകയും തുടര്‍ന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്ത ശേഷമാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സിബിഐയ്ക്ക് കോടതി ഉത്തരവ് നല്‍കിയത്.
ആ അന്വേഷണത്തിന്റെ പരിസമാപ്തിയിലാണ് ലക്ഷ്മണയെ കുറ്റവാളിയായി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നതും അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുത്തതും.
വര്‍ഗസിനെ കൊല്ലാന്‍ ഉത്തരവിട്ടത് ലക്ഷ്മണയാണ്. ആ അര്‍ത്ഥത്തില്‍ സംഭവത്തില്‍ അദ്ദേഹത്തിനുള്ള പങ്ക് ക്രിമിനല്‍ സ്വഭാവമുള്ളതാണ്. അതിന്റെ ശിക്ഷ അദ്ദേഹത്തിന് ലഭിച്ചു. എന്നാല്‍,ആതിരേ, ലക്ഷ്മണയെ പോലെയുള്ള ഉദ്യോഗസ്ഥരെ മുന്നില്‍ നിര്‍ത്തി വര്‍ഗീസ് വേട്ടയ്ക്ക് ഉത്തരവ് കൊടുത്ത ഒരു രാഷ്ട്രീയ സംവിധാനം അന്ന് കേരളത്തിലുണ്ടായിരുന്നു.കെ.കരുണാകരനായിരുന്നു അതിന് ചുക്കാന്‍ പിടിച്ചത്. ശക്തിയാര്‍ജ്ജിക്കുന്ന ആദിവാസി ചെറുത്തുനില്‍പ്പില്‍ തങ്ങളുടെ അധികാര സ്ഥാനങ്ങള്‍ നഷ്ടമാകുമെന്ന് ഭയപ്പെട്ട കരുണാകരനും കൂട്ടരും അടങ്ങുന്ന രാഷ്ട്രീയ വഞ്ചകരാണ് യഥാര്‍ത്ഥത്തില്‍ വര്‍ഗീസ് വധത്തിലെ പ്രധാന പ്രതികളും ഗൂഢാലോചനക്കാരും. ലിഖിതമായ ഭരണഘടനയും നിയമസംവിധാനവും ഉണ്ടെന്ന് അഭിമാനിക്കുമ്പോള്‍ പോലും അധികാരത്തിന്റെ ഉന്നതസ്ഥാനങ്ങളില്‍ വിലസുന്ന ഇത്തരം ക്രിമനിലുകളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനോ അവര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കാനോ കഴിയാത്തതാണ്,ആതിരേ ഇന്ത്യയിലെ ന്യായപാലനത്തിന്റെ ഏറ്റവും വലിയ പോരായ്മ. ആ പോരായ്മ അംഗീകരിച്ചുകൊണ്ടുതന്നെ വിധിയെ സഹര്‍ഷം സ്വാഗതം ചെയ്യുക.
ഇന്ത്യയുടെ വര്‍ത്തമാനകാല പശ്ചാത്തലത്തില്‍ ലോക്കപ്പിലിട്ടും വ്യാജ ഏറ്റുമുട്ടലിന്റെ പേരിലും മനുഷ്യാവകാശ പ്രവര്‍ത്തകരടക്കമുള്ളവരെ ഇഞ്ചിഞ്ചായി കൊല്ലുന്ന ഭരണകൂട ഭീകരതയ്ക്കെ,തിരായ നിയമത്തിന്റെ മുന്നറിയിപ്പായിട്ടും ഈ വിധിയെ വിലയിരുത്തണം.
അതേ, ആതിരേ സ്വര്‍ണപ്പാത്രം കൊണ്ട് മൂടിവെച്ചാലും സത്യം ഒരുനാള്‍ പുറത്തുവരും. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും.ആ സന്ദേശവും ഈ വിധി ഉള്‍ക്കൊള്ളുന്നു
11111
Subscribe to:
Post Comments (Atom)
No comments:
Post a Comment