Tuesday, October 26, 2010
കെ.വി. തോമസ് കൊലയാളികള്‍ക്കൊരു കൂട്ടാളി
വ്യവസായം വളരണം അതിന്റെ പേരില്‍ ബഹുരാഷ്ട്ര ചൂഷകരുടെ പിണിയാളുകളായി കമ്മീഷന്‍ കൈപ്പറ്റണം അതിലൂടെ തന്റെയും കുടുംബത്തിന്റെയും സാമ്പത്തിക നില ഭദ്രമാക്കണം എന്ന ഒറ്റ ചിന്തമാത്രമേ കെ.വി തോമസ് അടക്കമുള്ള നേതാക്കന്മാര്‍ക്കുള്ളു. ഇനിയും ഇത്തരം മാരക കീടനാശിനികള്‍ ഉത്പാദിപ്പിച്ച് സാധാരണ ജനങ്ങളുടെ ജീവനുമേല്‍ കളിച്ച് അവരെ കൊന്നൊടുക്കി വ്യവസായം വികസിപ്പിച്ച് കെ.വി തോമസും കൂട്ടരും ശോഭനമായ ഭാവി വരും തലമുറയ്ക്ക് നല്‍കാന്‍ ശ്രമിക്കുമ്പോള്‍ അരുത് കാട്ടാളാ എന്ന് പറയുക മാത്രമല്ല, കാട്ടാളന്മാരുടെ മുന്നേറ്റത്തെ സര്‍വ്വ സന്നാഹങ്ങളോടെ തടയേണ്ടതും എന്റെയും നിങ്ങളുടെയും ചുമതലയാണ്. അല്ലെങ്കില്‍ ജനിക്കാനിരിക്കുന്ന തലമുറ ജനിതക വൈകല്യങ്ങളോടെ പിറക്കും. അത്തരം ഒരു കുഞ്ഞിന്റെ മാതാവും പിതാവുമാകാന്‍ മനസ്സുണ്ടെങ്കില്‍ കെ.വി തോമസിന് കൈയ്യടിക്കുക. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ നിലപാട് തിരുത്താനുള്ള പ്രതിരോധത്തില്‍, പ്രതിഷേധത്തില്‍ അണിചേരുക.
എന്തുകൊണ്ടാണ് ആതിരേ, നമ്മള്‍ വോട്ട് ചെയ്ത് നേതാക്കളും മന്ത്രിമാരുമാക്കുന്നവര്‍, അധികാരം കൈയാളിക്കഴിയുമ്പോള്‍ സമ്മതിദായകരെയും നികുതിദായകരെയും വഞ്ചിച്ച് ചൂഷകരുടെയും മുതലെടുപ്പുകാരുടെയും പക്ഷം ചേരുന്നത്? വോട്ടിലൂടെ നേതൃസ്ഥാനവും നികുതിയിലൂടെ അവര്‍ക്ക് ഭൗതീക സുഖസൗകര്യങ്ങളും ഒരുക്കി കൊടുക്കുന്ന സാധാരണ ജനങ്ങളെ കണ്ണില്‍ ചോരയില്ലാതെ കബളിപ്പിച്ച് ഇവര്‍ ആര്‍ക്കുവേണ്ടിയാണ് ഭരണം നടത്തുന്നത് ?
ഈ ജനവഞ്ചനയുടെ കാര്യത്തില്‍ കോണ്‍ഗ്രസെന്നോ കമ്യൂണിസ്റ്റെന്നോ ഉള്ള വ്യത്യാസമില്ല, ആതിരേ. പാര്‍ട്ടികളും കൊടികളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. പൊതുസമൂഹത്തിന്റെ ഇത്തിരി സ്വാസ്ഥ്യം പോലും കവര്‍ന്നെടുത്ത് അവരുടെ നിത്യജീവിതം നരകമാക്കി മാറ്റുന്ന ഈ രാഷ്ട്രീയ പരിഷകളെ എങ്ങനെ നേരിട്ടാലാണ്, സാധാരണ ജനങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ സംരക്ഷിച്ച് മാന്യതയോടെ കേവലമനുഷ്യരായി ഈ നാട്ടില്‍ ജീവിക്കാന്‍ കഴിയുമെന്ന് എത്ര ചിന്തിച്ചിട്ടും മാര്‍ഗം കാണുന്നില്ല. കിട്ടുന്ന അവസരങ്ങളെല്ലാം പൊതുജനങ്ങളെ ദ്രോഹിച്ച് ബഹുരാഷ്ട്ര കുത്തകകള്‍ക്കും മൂലധന ചൂഷകര്‍ക്കും ഓശാന പാടുന്ന സാമദ്രോഹികളാണ് ഇന്ന് നമ്മുടെ നേതാക്കന്മാര്‍.
ആ വഞ്ചനയുടെ സ്വരമാണ് ആതിരെ, കഴിഞ്ഞദിവസം കാസര്‍ഗോഡ് കേന്ദ്ര മന്ത്രികെ.വി. തോമസില്‍ നിന്ന് ഉയര്‍ന്നുകേട്ടത്. എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനി കേരളത്തിലെ ജനങ്ങള്‍ക്ക് (കാസര്‍ഗോട്ടെ ജനങ്ങള്‍ക്ക്) ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല എന്നാണ് കാസര്‍ഗോട്ടെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ അന്താരാഷ്ട്ര നാളികേര സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.വി. തോമസ് അവകാശപ്പെട്ടത്. എന്‍ഡോസള്‍ഫാന്‍ മനുഷ്യരില്‍ രോഗത്തിന് കാരണമാകുമെന്ന് ആരും പറഞ്ഞിട്ടില്ല പോലും. ഏറ്റവുമൊടുവില്‍ കേരള സര്‍ക്കാര്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലും ഇതേ നിര്‍ദേശമാണ് ഉള്ളതുപോലും............!
ഒരു ജനതയെ എത്ര ഭീകരമായിട്ടാണ് കെ.വി തോമസ് ആ പ്രസംഗത്തില്‍ വഞ്ചിച്ചത്! കാസര്‍ഗോട്ടെ കശുവണ്ടി തോട്ടങ്ങളില്‍ തളിച്ച എന്‍ഡോസള്‍ഫാന്‍ മൂലം ജനിതക വൈകല്യവുമായി ജനിച്ച് നരകിക്കുന്ന ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ക്ക് സമീപം നിന്നുകൊണ്ടാണ് ബഹുരാഷ്ട്ര കുത്തക കമ്പനിക്കുവേണ്ടി തോമസ് ഈ വിടുപണി ചെയ്തത്.
ഇക്കാര്യത്തില്‍ തോമസിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അദ്ദേഹം ഉള്‍പ്പെടുന്ന യുപിഎ സര്‍ക്കാരിന്റെ നിലപാട് ഇതിനേക്കാള്‍ വഞ്ചനാത്മകമാണ്, ആതിരേ. ഈ മാസം സ്റ്റോക്‍ഹോമില്‍ ചേര്‍ന്ന, മാരക കീടനാശിനികള്‍ നിരോധിക്കുന്നത് സംബന്ധിച്ച രാജ്യാന്തര കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാനുവേണ്ടി വാദിച്ചത് ഇന്ത്യ മാത്രമായിരുന്നു എന്നോര്‍ക്കുക. എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചാല്‍ രാജ്യത്തിന് കോടികളുടെ വരുമാനം ലഭിക്കുമെന്ന നിലപാടാണ് കണ്‍വെന്‍ഷനില്‍ ഇന്ത്യന്‍ പ്രതിനിധി സ്വീകരിച്ചത്. കണ്‍വെന്‍ഷനില്‍ പങ്കെടുത്ത 29 രാജ്യങ്ങളുടെ പ്രതിനിധികളില്‍ 28 പേരും എന്‍ഡോസള്‍ഫാനെ എതിര്‍ത്തപ്പോള്‍ ഇന്ത്യന്‍ പ്രതിനിധി മാത്രമാണ് ഈ മാരക വിഷത്തിനുവേണ്ടിയും ആ വിഷം ഉത്പാദിപ്പിക്കുന്ന ബഹുരാഷ്ട്ര കമ്പനിക്കുവേണ്ടിയും വാദിച്ചത്.
ആതിരേ, കാസര്‍ഗോട്ട് നിരവധി ജീവിന്‍ കവരുകയും നൂറ് കണക്കിന് കുഞ്ഞുങ്ങളെ ജനിതക രോഗങ്ങളിലേക്ക് തള്ളിവിടുകയും ചെയ്ത എന്‍ഡോസള്‍ഫാന്‍, പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കാത്ത മികച്ച കീടനാശിനിയാണെന്ന് കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തെ പ്രതിനിധീകരിച്ച് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത ഛദ്ദ ചൗധരി അഭിപ്രായപ്പെട്ടു. വനം പരിസ്ഥിതി മന്ത്രാലയത്തില്‍ രാസവസ്തു അപകടങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടിയുള്ള പ്രത്യേക ഡിവിഷന്റെ ഡയറക്ടറാണ് ഛദ്ദ ചൗധരി. ആരോഗ്യ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സംബന്ധിച്ച് പൂര്‍ണമായും നിശബ്ദത പാലിച്ച ഛദ്ദ ചൗധരി എന്‍ഡോസള്‍ഫാന്‍ നിര്‍മ്മിക്കുന്ന കമ്പനികളുടെ പ്രശ്നത്തെ കുറിച്ചാണ് ആകുലതയോടെ സംസാരിച്ചത്. എന്‍ഡോസള്‍ഫാന്‍ ഇന്ത്യയില്‍ പൂര്‍ണമായി നിരോധിച്ചാല്‍ നൂറ് ദശലക്ഷം അമേരിക്കന്‍ ഡോളര്‍ വാര്‍ഷിക വരുമാനമുള്ള കമ്പനികള്‍ക്ക് നഷ്ടമേറെയുണ്ടാകുമെന്നും അത് സാധ്യമല്ലെന്നുമായിരുന്നു ഛദ്ദയുടെ വാദം.
എന്‍ഡോസള്‍ഫാന്‍ കൂടുതലായി ഉപയോഗിച്ചുകൊണ്ടിരുന്ന ബ്രസീല്‍ പോലും നിരോധനം ഏര്‍പ്പെടുത്തുകയാണെന്ന് കണ്‍വെന്‍ഷനില്‍ അറിയിച്ചതോടെ ഇന്ത്യ ഒറ്റപ്പെട്ടു. ഇനി അടുത്ത മേയില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്റെ പ്രശ്നങ്ങളെ കുറിച്ച് വിശദമായി അറിയിക്കാമെന്നാണ് ഇന്ത്യ കണ്‍വെന്‍ഷനില്‍ നിലപാടെടുത്തത്.അതായത് ഒരു വര്‍ഷം കൂടി ഇന്ത്യിലെ നിസ്സഹായരായ സാധുക്കളെ എന്‍ഡോസല്‍ഫാന്‍ ഉപയോഗിച്ച് നരകയാതനയില്‍ ആഴ്ത്തുമെന്ന് സാരം
അതേ ഛദ്ദ ചൗധരി കൊലയാളികളായ കീടനാശിനി നിര്‍മ്മാതാക്കള്‍ക്കുവേണ്ടി എടുത്ത നിലപാടിന്റെ കേരള പതിപ്പാണ് കെ.വി തോമസിലൂടെ കാസര്‍ഗോഡ് കണ്ടതും കേട്ടതും.
മനുഷ്യജീവന് ഭീഷണി സൃഷ്ടിക്കുന്ന കീടനാശിനിയാണ് എന്‍ഡോസള്‍ഫാനെന്നും അതുകൊണ്ട് അത് പൂര്‍ണമായും നിരോധിക്കണമെന്നാണ് സ്റ്റോക്‍ഹോം കണ്‍വെന്‍ഷന്റെ ശാസ്ത്ര സമിതി യോഗത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദേശം. എന്‍ഡോസള്‍ഫാനും അസിന്‍ഫോസ് മീഥൈനും മനുഷ്യനും പരിസ്ഥിതിക്കും കനത്ത ആഘാതമുണ്ടാക്കുമെന്നാണ് ഈ സംഘം വിലയിരുത്തിയത്. അതുകൊണ്ട് എന്‍ഡോസള്‍ഫാന്റെ ഉത്പാദനത്തിലും ഉപയോഗത്തിലും കര്‍ശന നിയന്ത്രണങ്ങള്‍ വേണമെന്നാണ് കണ്‍വെന്‍ഷന്റെ ശാസ്ത്ര സമിതി ആവശ്യപ്പെട്ടിത്.
ആതിരേ,കാര്‍ഷിക മേഖലയില്‍ കീടനാശിനിയായി ഉപയോഗിക്കുന്ന എന്‍ഡോസള്‍ഫാന്‍ വെള്ളത്തിലും മണ്ണിലും എന്തിനധികം അമ്മമാരുടെ മുലപ്പാലിലും അടിഞ്ഞുകിടന്ന് തലമുറകളെ കൊന്നൊടുക്കികൊണ്ടിരിക്കുമെന്നാണ് ലോകത്താകമാനം നടന്നിട്ടുള്ള പഠനങ്ങളില്‍ നിന്ന് വ്യക്തമായിട്ടുള്ളത്. എന്നിട്ടും ഛദ്ദ ചൗധരിക്കും കെ.വി തോമസിനുമൊന്നും അത് ബോധ്യമാവുന്നില്ല എന്നുപറയുമ്പോള്‍ ആരുടെ താല്‍പ്പര്യങ്ങളാണ് ഈ നീച നേതൃത്വങ്ങള്‍ സംരക്ഷിക്കുന്നതെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.
അമേരിക്ക, കാനഡ, ന്യൂസിലണ്ട്, യൂറോപ്യന്‍ രാജ്യങ്ങള്‍, ശ്രീലങ്ക തുടങ്ങി വിവരമുള്ളവരും തങ്ങളുടെ പൗരന്മാരുടെ ആരോഗ്യകാര്യത്തില്‍ ജാഗ്രതയുള്ളവരുമായ നേതാക്കള്‍ ഭരിക്കുന്ന അറുപതിലേറെ സര്‍ക്കാരുകള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിു. എന്നാല്‍, മന്‍മോഹന്‍സിംഗും സോണിയയും നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാരിനും അതിന്റെ പ്രതിനിധികളായ ഛദ്ദ ചൗധരിക്കും കെ.വി തോമസിനുമൊന്നും ഈ സത്യം മനസ്സിലാക്കാനുള്ള മനസ്സില്ല. തങ്ങളെ നേതാക്കളായി നിലനിര്‍ത്തുന്ന വോട്ടര്‍മാരുടെ ആരോഗ്യ കാര്യത്തിലും അതിജീവന കാര്യത്തിലും തെല്ലും ശ്രദ്ധയുമില്ല. അവരെ സംബന്ധിച്ചിടത്തോളം കൊടും വിഷം ഉത്പാദിപ്പിക്കുന്ന ബഹുരാഷ്ട്ര കമ്പനികളുടെ ലാഭനഷ്ടങ്ങളാണ് പ്രധാനം. മനുഷ്യജീവന് പുല്ലവില പോലുമില്ല. മനുഷ്യര്‍ പിടഞ്ഞുമരിക്കട്ടെ. ജനിതക വൈകല്യങ്ങളോടെ കുഞ്ഞുങ്ങള്‍ പിറക്കട്ടെ. അതൊന്നും ഈ ദുഷ്ട ഹൃദയങ്ങള്‍ക്ക് വിഷയമല്ല. വ്യവസായം വളരണം അതിന്റെ പേരില്‍ ബഹുരാഷ്ട്ര ചൂഷകരുടെ പിണിയാളുകളായി കമ്മീഷന്‍ കൈപ്പറ്റണം അതിലൂടെ തന്റെയും കുടുംബത്തിന്റെയും സാമ്പത്തിക നില ഭദ്രമാക്കണം എന്ന ഒറ്റ ചിന്തമാത്രമേ കെ.വി തോമസ് അടക്കമുള്ള നേതാക്കന്മാര്‍ക്കുള്ളു. ഇനിയും ഇത്തരം മാരക കീടനാശിനികള്‍ ഉത്പാദിപ്പിച്ച് സാധാരണ ജനങ്ങളുടെ ജീവനുമേല്‍ കളിച്ച് അവരെ കൊന്നൊടുക്കി വ്യവസായം വികസിപ്പിച്ച് കെ.വി തോമസും കൂട്ടരും ശോഭനമായ ഭാവി വരും തലമുറയ്ക്ക് നല്‍കാന്‍ ശ്രമിക്കുമ്പോള്‍ അരുത് കാട്ടാളാ എന്ന് പറയുക മാത്രമല്ല, കാട്ടാളന്മാരുടെ മുന്നേറ്റത്തെ സര്‍വ്വ സന്നാഹങ്ങളോടെ തടയേണ്ടതും എന്റെയും നിങ്ങളുടെയും ചുമതലയാണ്. അല്ലെങ്കില്‍ ജനിക്കാനിരിക്കുന്ന തലമുറ ജനിതക വൈകല്യങ്ങളോടെ പിറക്കും. അത്തരം ഒരു കുഞ്ഞിന്റെ മാതാവും പിതാവുമാകാന്‍ മനസ്സുണ്ടെങ്കില്‍ കെ.വി തോമസിന് കൈയ്യടിക്കുക. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ നിലപാട് തിരുത്താനുള്ള പ്രതിരോധത്തില്‍, പ്രതിഷേധത്തില്‍ അണിചേരുക.
Subscribe to:
Post Comments (Atom)
No comments:
Post a Comment