Thursday, November 4, 2010
കുടിവെള്ളം : അഭിമാനം പണയപ്പെടുത്തുമ്പോള്‍
നികുതിദായകരും സമ്മതിദായകരും ഇവിടെ ഒരു തിരിച്ചറിവിലേക്ക് വന്നേ തീരു. നിങ്ങള്‍ നല്‍കുന്ന വോട്ടും നികുതിപ്പണവും ഉപയോഗിച്ച് അധികാരത്തിലേറി നിങ്ങള്‍ക്കെതിരെ പാരപണിയുകയാണ് ഇടത്-വലത് വ്യത്യാസമില്ലാതെ ഈ രാഷ്ട്രീയ പരിഷകള്‍. ഇന്നുവരെ പണം കൊടുക്കാതെ വഴിവക്കത്തെ പൊതുടാപ്പില്‍ നിന്ന് ലഭിച്ചുകൊണ്ടിരുന്ന കുടിവെള്ളത്തിന് നാളെ മുതല്‍ പണം ഈടാക്കാന്‍ ഇവര്‍ തയ്യാറാകുമ്പോള്‍ സൂക്ഷിക്കുക. മറ്റന്നാള്‍ മുതല്‍ നിങ്ങള്‍ ശ്വസിക്കുന്ന വായുവിനും നിങ്ങളാസ്വദിക്കുന്ന സൂര്യപ്രകാശത്തിനും ഇവര്‍ നികുതി ആവശ്യപ്പെടും. ഭീഷണമാണ് ഭാവി. ഭീകരമാണ് വരാന്‍ പോകുന്ന നാളുകള്‍. അതുകൊണ്ട് അതിനെ ചെറുക്കാന്‍ ഇത്തരം ചൂഷണശക്തികളെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ഇന്നേ പടയണി ചേര്‍ന്നേ മതിയാവൂ.ആതിരേ, അതിനുള്ള ധൈര്യവും സമ്മതവും നമുക്കുണ്ടോ എന്നതാണ് കാലം മുന്നോട്ടുവെയ്ക്കുന്ന ചോദ്യം.
വെള്ളവും വെളിച്ചവും വായുവും ആര്‍ക്കും കപ്പം കൊടുക്കാതെ ഏതൊരു മനുഷ്യനും സ്വീകരിക്കാനും ആസ്വദിക്കാനും കഴിയുന്ന പ്രകൃതിയുടെ വരദാനമാണ് എന്ന ചിന്ത തിരുത്തിക്കുറിപ്പിക്കുകയാണ് ആതിരേ, നട്ടെല്ലില്ലാത്ത രാഷ്ട്രീയ നേതൃത്വങ്ങള്‍. കുടിവെള്ളത്തിനും സൂര്യപ്രകാശത്തിനും ശുദ്ധവായുവിനും കരം കൊടുത്തേ കഴിയു എന്ന് പാശ്ചാത്യ അധിനിവേശത്തിന്റെ പൈശാചികതയായി ലോകബാങ്കും അനുബന്ധ സാമ്പത്തിക സംവിധാനങ്ങളും ശാഠ്യം പിടിക്കുമ്പോള്‍ അതിന് വഴങ്ങിക്കൊടുക്കുന്ന പ്ലാസ്റ്റിക് നട്ടെല്ലുകളുമായി ഇടതുപക്ഷ ഭരണം പോലും സമ്മതിദായകരെയും നികുതിദായകരെയും വഞ്ചിക്കുന്നതാണ് വര്‍ത്തമാനകാല ദുരവസ്ഥ.
ജലനിധി !
ആതിരേ, എത്ര ലാവണ്യസുന്ദരമായ പദം !!
എന്നാല്‍,കെരള സര്‍ക്കാരിന്റെ ' ജലനിധി കുടിവെള്ള പദ്ധതി 'യുടെ ഭാഗമായി സ്ഥാപിക്കുന്ന പൊതുടാപ്പുകളിലൂടെ ലഭിക്കുന്ന വെള്ളത്തിന് ജനങ്ങള്‍ പണം നല്‍കണമെന്ന ലോകബാങ്കിന്റെ വൃത്തികെട്ട ശാഠ്യത്തിന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും ജലമന്ത്രി എം.കെ പ്രേമചന്ദ്രനും ഇവരടങ്ങുന്ന ഇടതുമുന്നണിയെ നയിക്കുന്ന പിണറായി വിജയനുമൊക്കെ മുട്ടുമടക്കി ഏറാന്‍ മൂളിയിരിക്കുകയാണ്.
നൂറ് പഞ്ചായത്തിലാണ് ജലനിധി പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തുകളില്‍ നിലവിലുള്ള പൊതുടാപ്പുകള്‍ ജലനിധിപദ്ധതിയുമായി യോജിപ്പിക്കും. അതോടെ ഈ ടാപ്പുകളിലെ വെള്ളത്തിനും ജനങ്ങള്‍ പണം നല്‍കേണ്ടിവരും.
കേരളത്തില്‍ പൊതുടാപ്പുകള്‍ വേണ്ട എന്നാണ് , ആതിരേ, ലോകബാങ്ക് ആദ്യം ശാഠ്യം പിടിച്ചത്. കേരളത്തിലെ എല്ലാ വീടുകളിലും വാട്ടര്‍ കണക്ഷന്‍ ഉണ്ടെന്നും അതുകൊണ്ട് പൊതുടാപ്പുകള്‍ വേണ്ട എന്നുമാണ് ലോകബാങ്കിന്റെ കണ്ടെത്തല്‍. ഏത് കൊഞ്ഞാണനാണ് ലോകബാങ്കിന് വേണ്ടി ഇത്തരമൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ചോദിക്കാന്‍ പിണറായി വിജയനോ വി.എസ് അച്യുതാനന്ദനോ എം.കെ. പ്രേമചന്ദ്രനോ നട്ടെല്ലില്ലാതെ പോയി..! ഭരണകൂടത്തിന്റെ ഈ വഞ്ചനയ്ക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം നടത്തേണ്ട ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും കെ.എം മാണിക്കും കുഞ്ഞാലിക്കുട്ടിക്കുമൊക്കെ ശിഖണ്ഡിത്വവും ബാധിച്ചു. ഈ നേതാക്കന്മാരുടെ വീടുകളില്‍ വാട്ടര്‍കണക്ഷനുള്ളതുകൊണ്ടും അതിലൂടെ ലഭിക്കുന്ന കുടിവെള്ളത്തിന് പണം നല്‍കേണ്ടതില്ലാത്തതുകൊണ്ടും ലോകബാങ്കിന്റെ പാദസേവകരാകാന്‍ ഇവര്‍ക്ക് മടിയില്ല.
പക്ഷെ, ആതിരേ, ഇന്ന് കേരളം ഭരിക്കുന്ന അച്യുതാനന്ദനും അച്യുതാനന്ദന്‍ ഉള്‍പ്പെടുന്ന ഇടതുമുന്നണിയെ നയിക്കുന്ന പിണറായി വിജയനും അതുപോലെ തന്നെ മുമ്പ് കേരളം ഭരിച്ച ഉമ്മന്‍ചാണ്ടിക്കും ഉമ്മന്‍ചാണ്ടി ഉള്‍പ്പെടുന്ന പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയെ നയിക്കുന്ന രമേശ് ചെന്നിത്തലയ്ക്കുമറിയാം കേരളത്തിലെ എല്ലാ നികുതിദായകര്‍ക്കും സമ്മതിദായകര്‍ക്കും സ്വന്തമായി വീടില്ല എന്ന്. സ്വന്തമായി വീടുള്ള എല്ലാവര്‍ക്കും വാട്ടര്‍കണക്ഷനും ഇലക്ട്രിസിറ്റി കണക്ഷനുമില്ല എന്ന്. ഇവരെ വോട്ടു ബാങ്കാക്കി രാഷ്ട്രീയം കളിക്കുന്ന ഈ വേതാളങ്ങള്‍ക്കെല്ലാം നന്നായിട്ടറിയാം പൊതുടാപ്പില്‍ നിന്ന് വെള്ളമെടുത്താണ് ഇവര്‍ നിത്യവൃത്തി കഴിക്കുന്നതെന്ന്. ലോകബാങ്ക് പറഞ്ഞു : " കേരളത്തിലെ ജനങ്ങള്‍ക്കെല്ലാം ഹൗസ് കണക്ഷന്‍ ഉള്ളതുകൊണ്ട് പൊതുടാപ്പ് വേണ്ട ". സായിപ്പിന്റെ മുമ്പില്‍ കവാത്ത് മറന്നുനില്‍ക്കുകയായിരുന്നു വിപ്ലവ വായാടികളും ഖദറിന്റെ വാണിജ്യക്കാരും. അതുകൊണ്ടാണ് ജലനിധി പദ്ധതിയില്‍ പൊതുടാപ്പുകള്‍ സ്ഥാപിക്കേണ്ടിവന്നാല്‍ ഗുണഭോക്താക്കളില്‍ നിന്ന് പണം ഈടാക്കണമെന്ന ലോകബാങ്കിന്റെ നിര്‍ബന്ധത്തിന് ഈ വഞ്ചകരെല്ലാം റാന്‍ മൂളിയത്.
ഇപ്പോള്‍ പൊതുടാപ്പുകളിലൂടെ ഉപയോഗിക്കുന്ന ജലത്തിന് എല്ലാമാസവും വാട്ടര്‍ അതോറിറ്റിക്ക് തദ്ദേശഭരണസ്ഥാപനങ്ങളാണ് പണം നല്‍കുന്നത്. ജലനിധി പദ്ധതി വന്നാലും ഈ നില തുടര്‍ന്നാല്‍ മതിയെന്ന് എം.കെ പ്രേമചന്ദ്രന്റെ ജലംവകുപ്പ് നിര്‍ദേശിച്ചെങ്കിലും സ്വന്തമായി വീടില്ലാത്തവനെന്ന് അഭിമാനിക്കുന്ന വിപ്ലവകാരി പാലൊളി മുഹമദ് കുട്ടി ഭരിക്കുന്ന തദ്ദേശ വകുപ്പ് പറഞ്ഞത് ചെലവിന്റെ ഒരു വിഹിതം മാത്രമേ ഇനി വഹിക്കാന്‍ കഴിയൂ എന്നാണ്. ഓര്‍ക്കണം ജലനിധി പദ്ധതി വരുന്നതിന് മുമ്പ് പൊതുടാപ്പിലൂടെ ഉപയോഗിക്കുന്ന ജലത്തിന്റെ പണം മുഴുവന്‍ വാട്ടര്‍ അതോറിറ്റിക്ക് നല്‍കിക്കൊണ്ടിരിക്കുന്നവരാണ് ലോകബാങ്കിന്റെ മേല്‍നോട്ടത്തില്‍ ഒരു പദ്ധതി വന്നപ്പോള്‍ പണം നല്‍കാന്‍ കഴിയുകയില്ലെന്നും കയറിക്കിടക്കാന്‍ ഒരു കൂരപോലുമില്ലാത്തവരില്‍ നിന്ന് ഉപയോഗിക്കുന്ന ജലത്തിന്റെ പണം വാങ്ങണമെന്നും ആവശ്യപ്പെട്ടിരിക്കുന്നത്. ചതിക്കും വഞ്ചനക്കും പാലൊളി മുഹമ്മദ് കുട്ടിയെന്നും പിണറായി വിജയനെന്നും വി.എസ് അച്യുതാനന്ദനെന്നും എം.കെ. പ്രേമചന്ദ്രനെന്നും ഉമ്മന്‍ചാണ്ടിയെന്നും രമേശ് ചെന്നിത്തലയെന്നും കെ.എം. മാണിയെന്നും കുഞ്ഞാലിക്കുട്ടിയെന്നുമൊക്കെയാണ് പര്യായമെന്ന് ടാപ്പില്ലാത്ത പൈപ്പിലൂടെ വാസ്തവമൊഴുകുന്നത് കാണാന്‍ കഴിയുന്നില്ലേ, ആതിരേ...?
കാലവര്‍ഷവും തുലാവര്‍ഷവും എന്ന രണ്ടുമഴക്കാലവും കിഴക്കോട്ടൊഴുകുന്ന നാല് നദികളടക്കം 44 നദികളും കൊണ്ട് സമ്പന്നമായ, ഉര്‍വരമായ ഒരു ഭൂപ്രദേശമാണ് കേരളം. എന്നാല്‍, കുടിവെള്ളത്തിനും മറ്റ് നിത്യോപയോഗ ആവശ്യത്തിനും ഇന്ന് ജലമില്ലാതെ നരകിക്കുകയാണ് കേരളീയര്‍. പ്രകൃതി കരുണയോടെ നല്‍കുന്ന ജലസമ്പത്ത് കൃത്യമായി പരിപാലിക്കാന്‍ കഴിയാത്ത അലസതയുടെ തിരിച്ചടിയാണ് ഇപ്പോള്‍ കേരളം അനുഭവിക്കുന്നത്. മഴവെള്ളം അടക്കമുള്ള ജലം സംഭരിക്കാനും അത് ആവശ്യാനുസരണം ജനങ്ങള്‍ക്ക് വിതരണം ചെയ്യാനുമുള്ള പ്രാഥമികമായ ഉത്തരവാദിത്തം ഭരണകൂടത്തിനാണ്. ഇപ്പോള്‍ സംസ്ഥാന ഭരണത്തോടൊപ്പം തൃത്താല ഭരണവുമാണ് കേരളത്തില്‍ കാര്യകര്‍തൃത്വം നടത്തുന്നത്. ഇവര്‍ക്കാര്‍ക്കും കുടിവെള്ള സംരക്ഷണ കാര്യത്തില്‍ അല്‍പ്പം പോലും ജാഗ്രതയില്ലാതെ പോയതുകൊണ്ടാണ് ലോകബാങ്കിനെ പോലെയുള്ള രാഷ്ട്രാന്തര മൂലധന ചൂഷകരുടെ സഹായം തേടേണ്ടിവന്നിരിക്കുന്നത്. ലോക ബാങ്കിനെ നിയന്ത്രിക്കുന്നത് ഇന്ത്യ അടക്കമുള്ള മൂന്നാം ലോകരാഷ്ട്രങ്ങളെ തകര്‍ക്കാര്‍ ശ്രമിക്കുന്ന പാശ്ചാത്യ സാമ്പത്തിക ശക്തികളാണ്. ഇത് അറിഞ്ഞിട്ടു തന്നെയാണ്, ആതിരേ, ഇത്തരം ചൂഷകരുടെ സഹായം പൗരന്റെ നിത്യജീവിതാവശ്യങ്ങള്‍ക്കുവേണ്ടി ഇടതുപക്ഷ സര്‍ക്കാര്‍ പോലും സ്വീകരിക്കുന്നത്.
ഇവിടെ ഓര്‍ക്കേണ്ടതായ ഒരു വാസ്തവമുണ്ട്. ലോകബാങ്കും എഡിബിയും അടക്കമുള്ള പാശ്ചാത്യ സാമ്പത്തിക ശക്തികളില്‍ നിന്ന് സഹായം തേടുന്നതിനെതിരെ വന്‍ പ്രക്ഷോഭം നടത്തിയ ഇടതുപക്ഷമാണ് കേരളം ഭരിക്കുന്നത്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഒന്നുപറയുകയും ഭരണത്തിലേറുമ്പോള്‍ എതിര്‍ത്തതിനെ സ്വീകരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ വഞ്ചനയുടെ ദുരിതം പേറേണ്ടി വരുന്നത് കേരളത്തിലെ സാധാരണക്കാരാണ്. അതിന്റെ ഏറ്റവും വലിയ തെളിവാണ് പൊതുടാപ്പുകളിലൂടെ ലഭിക്കുന്ന ജലത്തിന് പണം നല്‍കണമെന്ന ലോകബാങ്കിന്റെ വ്യവസ്ഥയ്ക്ക് കേരളസര്‍ക്കാരും പ്ലാനിംഗ് വിദഗ്ധന്മാരും സമ്മതം മൂളിയത്.
ജലനിധി പദ്ധതിയില്‍ സ്ഥാപിക്കുന്ന പൊതു ടാപ്പിലൂടെ ലഭിക്കുന്ന വെള്ളത്തിന് തദ്ദേശ ഭരണസ്ഥാപനവും അതാത് ദേശത്തെ ഗുണഭോക്തൃ സമിതിയും തുല്ല്യമായി പണം നല്‍കണമെന്നാണ് ഇപ്പോഴത്തെ തീരുമാനം. ജലത്തിന്റെ ഉപഭോഗം നിര്‍ണയിക്കാന്‍ പൊതുടാപ്പിലും മീറ്റര്‍ ഘടിപ്പിക്കും. പദ്ധതി ചെലവിന്റെ 75 ശതമാനം ലോകബാങ്കും 15 ശതമാനം ഗുണഭോക്തൃ സമിതികളും 10 ശതമാനം തദ്ദേശ ഭരണസ്ഥാപനങ്ങളും വഹിക്കണമെന്നായിരുന്നു ലോകബാങ്കിന്റെ വാശി. എന്നാല്‍, ഇതില്‍ ഗുണഭോക്തൃ വിഹിതം 10 ശതമാനമായി കുറച്ചിട്ടുണ്ടെന്നും പട്ടിക ജാതി പട്ടിക വര്‍ഗങ്ങള്‍, ആദിവാസികള്‍ മറ്റ് പിന്നാക്ക വിഭാഗത്തിലുള്ളവര്‍ എന്നിവരുടെ ഗുണഭോക്തൃ വിഹിതം ഒരു ശതമാനമായി നിജപ്പെടുത്തിയിട്ടുണ്ടെന്നുമാണ് എം.കെ.പ്രേമചന്ദ്രന്‍ അഭിമാനത്തൊടെ പറയുന്നത്.
ആതിരേ, ഇവിടെ ഒരു ചോദ്യം ഉന്നയിക്കപ്പെടും. പൊതുടാപ്പില്‍ നിന്ന് വെള്ളമെടുക്കുന്നവരെല്ലാം ഗുണഭോക്താക്കളാണല്ലോ. അവരില്‍ നിന്നാണല്ലോ ഗുണഭോക്തൃ വിഹിതം ഈടാക്കേണ്ടത്. വിയര്‍ത്ത് വലഞ്ഞ് വിശന്നുവരുന്ന ഒരു വ്യക്തിക്ക് ഇത്തരത്തിലൊരു നിബന്ധനയുള്ളപ്പോള്‍ വെള്ളം കുടിക്കാന്‍ അര്‍ഹതയുണ്ടാകുമോ ? തെരുവില്‍ വീടില്ലാതെ കിടക്കുന്നവരില്‍ നിന്ന് എങ്ങനെ ഗുണഭോക്തൃ വിഹിതം വാങ്ങിയെടുക്കും. കേരളത്തിന്റെ പുതിയ വികസന സാഹചര്യത്തില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ഇവിടെ വന്ന് വഴിയോരത്ത് തമ്പടിച്ച് ജോലി ചെയ്യുന്നവര്‍ ആയിരക്കണക്കിന് പേരുണ്ട്. ഇവരും പൊതുടാപ്പില്‍ നിന്ന് ജലം ഉപയോഗിക്കുന്ന ഗുണഭോക്താക്കളാണ്. ഇവരില്‍ നിന്ന് എങ്ങനെ ഗുണഭോക്തൃ വിഹിതം ഈടാക്കും? കഴിയില്ലെങ്കില്‍ ഇവര്‍ക്ക് പൊതുടാപ്പില്‍ നിന്ന് കുടിവെള്ളം നിഷേധിക്കുമെന്നാണോ പറഞ്ഞുവരുന്നത്.
ഓര്‍ക്കണം തെരുവില്‍ അലയുന്ന ഒരു ഭിക്ഷക്കാരന്‍ വാങ്ങുന്ന തീപ്പെട്ടിയില്‍നിന്നുപോലും നികുതി ഈടാക്കി ഞെളിയുന്ന ഭരണകൂടങ്ങളാണ് സംസ്ഥാങ്ങളിലും കേന്ദ്രത്തിലുമുള്ളത്. അങ്ങനെ നികുതി നല്‍കുന്ന ഇന്ത്യന്‍ പൗരന് പണം നല്‍കാതെ കുടിവെള്ളം നല്‍കുകയില്ല എന്നാണോ വിവക്ഷ? സത്യം തുറന്നുപറയണം. അതിനുള്ള ആര്‍ജ്ജവവും നട്ടെല്ലുറപ്പും കാണിക്കണം. ആതിരേ, പാശ്ചാത്യ സാമ്പത്തിക ശക്തികളുടെ കാലുനക്കികളായി ഒരു രാജ്യത്തിന്റെയും പ്രദേശത്തിന്റെയും അതിലെ പൗരന്മാരുടെയും സ്വയം ശീര്‍ഷത്വവും മനുഷ്യനായി ജീവിക്കാനുള്ള അവകാശവും അടിയറവെയ്ക്കാന്‍ ആരാണ് ഈ നേതൃമ്മന്യന്മാര്‍ക്ക് അവകാശവും അധികാരവും നല്‍കിയിരിക്കുന്നത്.
നികുതിദായകരും സമ്മതിദായകരും ഇവിടെ ഒരു തിരിച്ചറിവിലേക്ക് വന്നേ തീരു. നിങ്ങള്‍ നല്‍കുന്ന വോട്ടും നികുതിപ്പണവും ഉപയോഗിച്ച് അധികാരത്തിലേറി നിങ്ങള്‍ക്കെതിരെ പാരപണിയുകയാണ് ഇടത്-വലത് വ്യത്യാസമില്ലാതെ ഈ രാഷ്ട്രീയ പരിഷകള്‍. ഇന്നുവരെ പണം കൊടുക്കാതെ വഴിവക്കത്തെ പൊതുടാപ്പില്‍ നിന്ന് ലഭിച്ചുകൊണ്ടിരുന്ന കുടിവെള്ളത്തിന് നാളെ മുതല്‍ പണം ഈടാക്കാന്‍ ഇവര്‍ തയ്യാറാകുമ്പോള്‍ സൂക്ഷിക്കുക. മറ്റന്നാള്‍ മുതല്‍ നിങ്ങള്‍ ശ്വസിക്കുന്ന വായുവിനും നിങ്ങളാസ്വദിക്കുന്ന സൂര്യപ്രകാശത്തിനും ഇവര്‍ നികുതി ആവശ്യപ്പെടും. ഇവരെക്കൊണ്ട് ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കാനുള്ള സാമ്പത്തിക ശക്തികള്‍ക്കും കൗശലങ്ങള്‍ക്കും അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ അധിനിവേശ ഭീകരന്മാര്‍ രൂപം കൊടുക്കും. അവരുടെ അഞ്ചാംപത്തികളായി നാം തെരഞ്ഞെടുത്തയയ്ക്കുന്ന ജനപ്രതിനിധികള്‍ നമ്മുടെ ശ്വസിക്കാനുള്ള അവകാശം പോലും കവര്‍ന്നെടുക്കാന്‍ പോവുകയാണ്. ഭീഷണമാണ് ഭാവി. ഭീകരമാണ് വരാന്‍ പോകുന്ന നാളുകള്‍. അതുകൊണ്ട് അതിനെ ചെറുക്കാന്‍ ഇത്തരം ചൂഷണശക്തികളെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ഇന്നേ പടയണി ചേര്‍ന്നേ മതിയാവൂ.ആതിരേ, അതിനുള്ള ധൈര്യവും സമ്മതവും നമുക്കുണ്ടോ എന്നതാണ് കാലം മുന്നോട്ടുവെയ്ക്കുന്ന ചോദ്യം.
Subscribe to:
Post Comments (Atom)
No comments:
Post a Comment