Monday, November 8, 2010

ഒബാമയുടെ സന്ദര്‍ശനം : 'ആല്‍ത്തണലില്‍ ' മയങ്ങിയ മാധ്യമങ്ങള്‍


പൊട്ടിപ്പൊളിഞ്ഞ്‌ പാളീസായ ഒരു സാമ്പത്തിക വ്യവസ്ഥയില്‍ നിന്ന്‌ തന്റെ രാജ്യത്തെ രക്ഷപ്പെടുത്താനാണ്‌ ഒബാമ എത്തിയത്‌. ഒബാമയുടെ സാമ്പത്തിക നയം അവിടത്തെ ജനങ്ങള്‍ പുറംകാലുകൊണ്ട്‌ ചവിട്ടിത്തെറിപ്പിച്ചു എന്ന്‌ സെനറ്റിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ വ്യക്തമാക്കുന്നു. അങ്ങനെ പിടിച്ചുനില്‍ക്കാന്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ കണ്ടെത്താനും അമേരിക്കയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും വേണ്ടിയായിരുന്നു ഒബാമ ഇന്ത്യയിലെത്തിയത്‌. അമേരിക്കയില്‍ ഇപ്പോള്‍ ഒന്നരകോടി തൊഴില്‍ രഹിതരുണ്ട്‌. തൊഴിലില്ലായ്മയുടെ വളര്‍ച്ച 9.6 ശതമാനമാണ്‌. ഈ സാഹചര്യത്തില്‍ പ്രതിമാസം 1.5 ലക്ഷം തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കുക എന്നതാണ്‌ അമേരിക്കയുടെ ലക്ഷ്യം. അതിന്റെ തുടക്കമായിരുന്നു യഥാര്‍ത്ഥത്തില്‍ ഒബാമയുടെ ഇന്ത്യാസന്ദര്‍ശനം.


അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ എന്തിനായിരുന്നു ഇന്ത്യയില്‍ വന്നത്‌ ?
ആതിരേ, ഇന്ത്യയിലെ പൊതുസമൂഹം ഈ ചോദ്യം ഉന്നയിക്കുന്നത്‌ ഇന്ത്യയിലെ മാധ്യമങ്ങളോടാണ്‌.
ഒരു ലോകാത്ഭുതം സംഭവിക്കാന്‍ പോകുന്നു എന്ന മട്ടില്‍ വര്‍ണനകളും വിവരണങ്ങളും കൊണ്ട്‌ മാധ്യമങ്ങള്‍ വന്‍ ഒച്ചപ്പാടാണ്‌ സൃഷ്ടിച്ചത്‌. ഒബാമ ഇന്ത്യയിലെത്തിയാല്‍ ഒട്ടേറെ കരാറുകളില്‍ ഒപ്പിടുമെന്നും യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗത്വം, ആണവ സുരക്ഷ, കശ്മീര്‍ സമസ്യ തുടങ്ങി രാജ്യം ആവശ്യപ്പെടുന്ന ഗൗരവപൂര്‍ണമായ വിഷയങ്ങളില്‍ ഇന്ത്യയ്ക്കനുകൂലമായ നിലപാട്‌ ഒബാമയില്‍ നിന്നുണ്ടാകുമെന്നും അതിലൂടെ ഇന്ത്യ തേനും പാലുമൊഴുകുന്ന കനാന്‍ ദേശമായി മാറും എന്നൊക്കെയുള്ള ധാരണ വളര്‍ത്താനാണ്‌ മാധ്യമങ്ങള്‍ ശ്രമിച്ചത്‌.
(പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു നടത്തിയ 45 മിനിറ്റു നേരത്തെ സംസാരത്തില്‍ ഈ വിഷയങ്ങള്‍ ഒബാമ സ്പര്‍ശിച്ചെങ്കിലും, ആതിരേ, ആ വാക്കുകളുടെയിടയിലും ഒബാമ ഉപയോഗിച്ച വാചകങ്ങളുടെ അടിയിലും അമേരിക്കന്‍ കമ്പോള താത്പര്യങ്ങളാണ്‍കഴുകന്‍ കണ്ണ്‌ തുറന്ന്‌ നിന്നിരുന്നത്‌ )
എന്നാല്‍, ഇന്ത്യയിലേക്ക്‌ വരുംമുമ്പ്‌ തന്നെ തന്റെ സന്ദര്‍ശനോദ്ദേശ്യം ഒബാമ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ വാണിജ്യസാധ്യതകള്‍ മുതലെടുക്കുക മാത്രമാണ്‌ തന്റെ ലക്ഷ്യമെന്ന്‌ അസന്ദിഗ്ധമായി അദ്ദേഹം പറഞ്ഞത്‌ പക്ഷെ, ഇവിടത്തെ മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടില്ല. അമേരിക്കന്‍ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ കൂടുതലായി വില്‍ക്കാന്‍ സാധിക്കുമോ എന്നുമാത്രമായിരുന്നു ഒബാമ അന്വേഷിച്ചത്‌. ഇന്ത്യക്കാര്‍ കൂടുതല്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ അവിടെ ഉത്പാദനം വര്‍ധിക്കുകയും അവിടുത്തുകാര്‍ക്ക്‌ കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുകയും ചെയ്യും എന്ന്‌ ഒബാമയ്ക്ക്‌ അറിയാമായിരുന്നു. ആ അറിവ്‌ ഇവിടെ അടിച്ചേല്‍പ്പിക്കുന്നതില്‍ ഒബാമ വിജയിക്കുകയും അത്‌ കണ്ടെത്തുന്നതില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ പരാജയപ്പെടുകയും ചെയ്തു.
സന്ദര്‍ശനത്തിന്റെ തുടക്കത്തില്‍ തന്നെ അമേരിക്കന്‍ കമ്പനികള്‍ക്ക്‌ 1000 കോടി യുഎസ്‌ ഡോളറിന്റെ (ഏകദേശം 44000 കോടി രൂപ) കരാറുകള്‍ നേടിയെടുത്തുകൊണ്ടാണ്‌ , അതിരേ, ഒബാമ തന്റെ കമ്പോള വേട്ട ആരംഭിച്ചത്‌. ഈ കരാറിലൂടെ അമേരിക്കയില്‍ അരലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും അദ്ദേഹത്തിന്‌ കഴിഞ്ഞു. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാതെ, ഒബാമയെ പ്രകീര്‍ത്തിക്കാനാണ്‌ ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ മത്സരിച്ചത്‌. ഇന്ത്യന്‍ ഐടി കമ്പനികളുടെ നെഞ്ച്‌ പിളര്‍ക്കുകയായിരുന്നു ഈ കരാറിലൂടെയെന്ന്‌ തിരിച്ചറിഞ്ഞത്‌ വിരലിലെണ്ണാവുന്ന മാധ്യമങ്ങള്‍ മാത്രം. അമേരിക്കന്‍ കമ്പനികള്‍ അവിടത്തെ ജോലികള്‍ ഇന്ത്യയിലേക്ക്‌ മാറ്റുന്നതിനെ (ഔട്ട്‌ സോഴ്സിംഗ്‌) തുടക്കം മുതല്‍ എതിര്‍ത്തിരുന്ന ഒബാമ ഇന്ത്യയിലെത്തിയിട്ടും ആ നിലപാടില്‍ അയവ്‌ വരുത്തിയില്ല. ഇന്നലെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലും ഇക്കാര്യം അദ്ദേഹം അടിവരയിട്ടുപറഞ്ഞു.
ഇന്ത്യ പ്രതീക്ഷിച്ച യുഎന്നിലെ സ്ഥിരാംഗത്വം, കശ്മീര്‍ വിഷയത്തിലെ ക്രിയാത്മകമായ ഇടപെടല്‍ തുടങ്ങിയ ഘടകങ്ങളില്‍ നിന്ന്‌ കൗശലപൂര്‍വ്വം നയതന്ത്രജ്ഞതയോടെയാണ്‌ ഒബാമ ഒഴിഞ്ഞുമാറിയത്‌. തീവ്രവാദം അവസാനിപ്പിക്കേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നം ഉഭയകക്ഷി ചര്‍ച്ചയിലൂടെയാണ്‌ പരിഹരിക്കേണ്ടതെന്നും ഈ വിഷയത്തില്‍ അമേരിക്ക മധ്യസ്ഥത പാലിക്കുന്ന പ്രശ്നമേയില്ല എന്നും ഒബാമ പറഞ്ഞിട്ടും ഇന്ത്യയിലെ മാധ്യമങ്ങള്‍ക്ക്‌ അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നുപറയുമ്പോള്‍ , ആതിരേ, വിവേചനശീലത്തില്‍ നാമെത്രയോ പിന്നിലാണെന്ന്‌ സമ്മതിക്കേണ്ടിവരും. അതല്ലെങ്കില്‍ ലോകപോലീസ്‌ ചമയുന്ന അങ്കിള്‍ സാമിനോടും യാങ്കികളോടുമുള്ള മാനസികവിധേയത്വം അത്രമാത്രം അശ്ലീലഭരിതമാണെന്ന്‌ പറയേണ്ടിവരും. രണ്ടായാലും ഇന്ത്യയെ കേവലം ഒരു കമ്പോളമായി കണ്ട്‌ അതിന്റെ സാധ്യതകള്‍ ചൂഷണം ചെയ്യാനാണ്‌ ഒബാമ എത്തിയതെന്ന്‌ എഴുതാനും പറയാനും നമ്മുടെ ഭൂരിപക്ഷം മുഖ്യധാരാ മാധ്യമങ്ങള്‍ക്കും നട്ടെല്ലില്ലാതെ പോയി എന്നത്‌ അവിതര്‍ക്കിതമായ വാസ്തവമാണ്‌.
ആതിരേ, പൊട്ടിപ്പൊളിഞ്ഞ്‌ പാളീസായ ഒരു സാമ്പത്തിക വ്യവസ്ഥയില്‍ നിന്ന്‌ തന്റെ രാജ്യത്തെ രക്ഷപ്പെടുത്താനാണ്‌ ഒബാമ എത്തിയത്‌. ഒബാമയുടെ സാമ്പത്തിക നയം അവിടത്തെ ജനങ്ങള്‍ പുറംകാലുകൊണ്ട്‌ ചവിട്ടിത്തെറിപ്പിച്ചു എന്ന്‌ സെനറ്റിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ വ്യക്തമാക്കുന്നു. അങ്ങനെ പിടിച്ചുനില്‍ക്കാന്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ കണ്ടെത്താനും അമേരിക്കയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും വേണ്ടിയായിരുന്നു ഒബാമ ഇന്ത്യയിലെത്തിയത്‌. അമേരിക്കയില്‍ ഇപ്പോള്‍ ഒന്നരകോടി തൊഴില്‍ രഹിതരുണ്ട്‌. തൊഴിലില്ലായ്മയുടെ വളര്‍ച്ച 9.6 ശതമാനമാണ്‌. ഈ സാഹചര്യത്തില്‍ പ്രതിമാസം 1.5 ലക്ഷം തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കുക എന്നതാണ്‌ അമേരിക്കയുടെ ലക്ഷ്യം. അതിന്റെ തുടക്കമായിരുന്നു യഥാര്‍ത്ഥത്തില്‍ ഒബാമയുടെ ഇന്ത്യാസന്ദര്‍ശനം. 10 വര്‍ഷം കൊണ്ട്‌ അമേരിക്കയിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഇന്ത്യന്‍ വിപണിയെ പരമാവധി ചൂഷണം ചെയ്യുക എന്നതായിരുന്നു ഒബാമയുടെ മുഖ്യലക്ഷ്യം. അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. എന്നിട്ടും നമ്മുടെ മാധ്യമങ്ങള്‍ക്ക്‌ അത്‌ ബോധ്യപ്പെട്ടില്ല എന്നതിന്റെ തെളിവാണ്‌ കഴിഞ്ഞദിവസങ്ങളില്‍ അദ്ദേഹം കുട്ടികളോടൊത്ത്‌ ദീപാവലി ആഘോഷിച്ചതും ഹുമയൂണിന്റെ ഖബറിടം സന്ദര്‍ശിച്ചതുമൊക്കെ വാര്‍ത്തകളാക്കിയും ചിത്രങ്ങളാക്കിയും പത്രങ്ങളിലെയും ടെലിവിഷനിലെയും സ്ഥലവും സമയവും നഷ്ടപ്പെടുത്തിയത്‌. ഒപ്പം ഭാര്യ മിഷേലിനെയും ഹൈലൈറ്റ്‌ ചെയ്യാന്‍ മാധ്യമങ്ങള്‍ മത്സരിക്കുന്നുണ്ടായിരുന്നു. ഇനി ഇന്ത്യയിലെ ഫാഷന്‍ ട്രെന്‍ഡിന്‌ ചുക്കാന്‍ പിടിക്കുന്നത്‌ മിഷേലാണെന്ന്‌ വരെ എഴുതിയും പറഞ്ഞും പ്രചരിപ്പിക്കാന്‍ ഇവിടെത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ അല്‍പ്പം പോലും ഉളുപ്പില്ലായിരുന്നു.
ഒന്നറിയണം, ആതിരേ, ഇന്ത്യന്‍ പ്രധാനമന്ത്രിയോ പ്രസിഡന്റോ അമേരിക്ക സന്ദര്‍ശിച്ചാല്‍ എന്തായിരിക്കും അവിടത്തെ മാധ്യമങ്ങളുടെ നിലപാട്‌ ? കൂടിവന്നാല്‍ ഒരുകോളം വാര്‍ത്ത. പ്രൈംടൈം ന്യൂസില്‍ ഒരു മിനിറ്റ്‌ പരാമര്‍ശം. അതിലപ്പുറം ഒരു പരിഗണനയും ലഭിക്കാത്തിടത്താണ്‌ ആഴ്ചകള്‍ക്ക്‌ മുമ്പേ തന്നെ ഒബാമയുടെ സന്നാഹങ്ങളെ കുറിച്ചും യാത്രചെയ്യുന്ന വാഹനങ്ങളെ കുറിച്ചും ഒക്കെ എഴുതിയും പറഞ്ഞും ഇന്ത്യക്കാരുടെ ശ്രദ്ധമുഴുവന്‍ ഒബാമയിലേക്ക്‌ തിരിച്ചുവെച്ചത്‌.
ശരിക്കും ഒരു വിനോദസഞ്ചാരമാണ്‌ ഒബാമയും ഭാര്യയും ഇന്ത്യയില്‍ നടത്തിയത്‌. ഒപ്പം വന്ന വ്യവസായികള്‍ അവര്‍ക്കാവശ്യമുള്ള കരാറുകള്‍ ഇതിനിടയില്‍ നേടിയെടുക്കുകയും ചെയ്തു. ഗൗരവുമള്ള ഒരു ചര്‍ച്ചയോ നയതന്ത്ര തലത്തില്‍ ശ്രദ്ധേയമാകുന്ന ഒരുനിലപാടോ ഈ സന്ദര്‍ശനത്തില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ല. ഇന്ത്യന്‍ ഭരണകൂടത്തിന്റെ സഹജമായ വിധേയത്വഭാവം പരമാവധി ചൂഷണം ചെയ്ത്‌ അമേരിക്കന്‍ കമ്പോളത്തിന്റെ വിപുലീകരണം സാധിച്ചെടുത്തിരിക്കുകയാണ്‌ ഒബാമ.
ഒബാമയുടെ ഡല്‍ഹി സന്ദര്‍ശനത്തിന്റെ ഭാഗമായി കോണ്‍ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) പുറത്തിറക്കിയ സര്‍വേ റിപ്പോര്‍ട്ട്‌ ഞെട്ടിക്കുന്നവാസ്തവങ്ങളാണ്‌ നമ്മുടെ മുന്നില്‍ വയ്ക്കുന്നത്‌. അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികളില്‍ പോലും അമേരിക്കക്കാര്‍ക്കാണ്‌ പ്രാമുഖ്യം. അവിടെ യുഎസ്‌ പൗരന്മാര്‍ക്ക്‌ അപ്രഖ്യാപിത സംവരണമാണ്‌ നിലവിലുള്ളത്‌.
അമേരിക്കയില്‍ ശക്തമായ വേരോട്ടമുള്ള മൂന്ന്‌ കമ്പനികളാണ്‌ ജൂബിലന്റ്‌ ഭാരതീയ ഗ്രൂപ്പ്‌, മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്ര, അവാന്ത ഗ്രൂപ്പ്‌ എന്നിവ. ഫാര്‍മസ്യൂട്ടിക്കല്‍, ലൈഫ്‌ സയന്‍സ്‌, ഹെല്‍ത്ത്‌ കീയര്‍, എണ്ണ - പ്രകൃതി വാതക പര്യവേഷണം തുടങ്ങിയ മേഖലകളില്‍ 300 കോടി ഡോളറിന്റെ അറ്റദായമുള്ള ജൂബിലന്റ്‌ ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന 901 പ്രഫഷണലുകളില്‍ 891 പേരും അമേരിക്കന്‍ പൗരന്മാരാണ്‌. 710 കോടി ഡോളറിന്റെ മഹീന്ദ്ര വാഹന കമ്പനിയിലെ 6000 ജീവനക്കാരില്‍ 3600 പേരും അമേരിക്കക്കാര്‍. ക്രോമ്പ്ടണ്‍ ഗ്രീവ്സിന്റെ മാതൃസ്ഥാപനമായ അവാന്ത ഗ്രൂപ്പ്‌ തങ്ങളുടെ ഓരോ യൂണിറ്റിലും 150 - 200 അതിവിദഗ്ധരെയാണ്‌ നിയമിച്ചിട്ടുള്ളത്‌. ഇവിടെയും ഇന്ത്യന്‍ പ്രാതിനിധ്യം നാമമാത്രമാണ്‌. ഐടി - ഐടി അധിഷ്ഠിത സ്ഥാപനങ്ങളില്‍ മാത്രമാണ്‌ ഇന്ത്യന്‍ തൊഴിലാളികളുടെ ഉയര്‍ന്ന പ്രാതിനിധ്യമുള്ളത്‌.
പുറംജോലി കരാര്‍ നിരുത്സാഹസപ്പെടുത്തുമെന്ന്‌ ഇന്ത്യന്‍ മണ്ണില്‍ നിന്ന്‌ ആവര്‍ത്തിച്ച ഒബാമ, ഇവിടെ ഒപ്പിട്ട ഈ 44000 കോടി രൂപയുടെ കരാറിന്റെ ഫലമായി സൃഷ്ടിക്കപ്പെടുന്ന തൊഴില്‍ അവസരങ്ങളെ കുറിച്ച്‌ ഇന്ത്യക്കാരന്‍ കിനാവ്‌ കാണണ്ട എന്നുതന്നെയാണ്‌ പറഞ്ഞത്‌.
ഇതുപോലും തിരിച്ചറിയാതെ ആദ്യദിവസം മുംബൈയില്‍ ഒപ്പിട്ട 44000 കോടി രൂപയുടെ കരാറുകള്‍ ഇന്ത്യക്കാര്‍ക്ക്‌ കൂടുതല്‍ തൊഴിലവസരം ഉണ്ടാക്കുമെന്ന്‌ എഴുതിപിടിപ്പിക്കുകയും പറയുകയും ചെയ്ത മാധ്യമങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ പൊതുസമൂഹത്തെ ഒബാമയ്ക്കൊപ്പം നിന്ന്‌ കബളിപ്പിക്കുകയായിരുന്നു. ശ്രദ്ധിക്കണം ഒബാമയുടെ സുരക്ഷയ്ക്കുവേണ്ടി സ്വീകരിച്ച നടപടികള്‍ മൂലം ഇന്ത്യയ്ക്കുണ്ടായ വാണിജ്യവ്യവസായ നഷ്ടം . അത്‌ എത്രയെന്ന്‌ തിട്ടപ്പെടുത്താന്‍ പോലും ഇവിടെത്ത മാധ്യമങ്ങള്‍ക്ക്‌ തോന്നിയില്ല എന്നുപറയുമ്പോള്‍, അതിരേ മനസ്സിലാക്കുക വിധേയത്വ മാധ്യമപ്രവര്‍ത്തനത്തിന്റെ പിന്‍പുറത്ത്‌ വളര്‍ന്നുനില്‍ക്കുന്ന ആല്‍ത്തണലിരുന്നുകൊണ്ടാണ്‌ ഇവരെല്ലാം ഒബാമ സ്തുതികള്‍ പടച്ചുവിട്ടതെന്ന്‌.

No comments: