Tuesday, November 30, 2010

നീരാ റാഡിയുടെ മുന്നില്‍ മുട്ടുവിറച്ച ഭരണഷണ്ഡത്വം


ടാറ്റയ്ക്കും വേണ്ടി നീരാ റാഡി നടത്തിയത്‌ രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനം തന്നെയാണ്‌. രാജയെ മന്ത്രിയാക്കാന്‍ ടാറ്റ ശ്രമിച്ചതും രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനമാണ്‌. അതിനുവേണ്ടി നടത്തിയ ആയിരക്കണക്കിന്‌ ഫോണ്‍കോളുകളില്‍ ചിലത്‌ പുറത്തുവന്നപ്പോള്‍ അത്‌ വ്യക്തിസ്വാതന്ത്ര്യത്തിന്‌ മേലുള്ള കടന്നുകയറ്റമാണെന്ന്‌ ടാറ്റ വാദിച്ചമ്പോള്‍ അതംഗീകരിച്ച മന്മോഹനും കൂട്ടരും അതേ വാദം ഉന്നയിക്കാന്‍ കസബിനും തടിയന്റവിട നസീറിനും മറ്റു രാഷ്ട്ര വിരുദ്ധ പ്രവര്‍ത്തകര്‍ക്കുമുള്ള സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുമോ? ഇത്തരം രാജ്യവഞ്ചകരെയാണ്‌ മൊറാര്‍ജി ദേശായിയുടെ മന്ത്രിസഭയില്‍ ആരോഗ്യവകുപ്പ്‌ മന്ത്രിയായിരുന്നു രാജ്‌ നാരായണന്‍ 'ബഞ്ച്‌ ഓഫ്‌ ഇംപൊട്ടന്റ്സ്‌ എന്ന്‌ വിശേഷിപ്പിച്ചത്‌. ആ ജാനസില്‍ പെട്ടവരാണ്‌ ഇപ്പോള്‍ യുപിഎയുടെ തലവന്മാരായി ഇന്ത്യ ഭരിക്കുന്നതും, നീരാ റാഡ ടേപ്പുകളെ കുറിച്ചന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുന്നതും.വന്‍കിട കുത്തക കമ്പനികളുടെ ഇടനിലക്കാരിയായ നീരാ റാഡിയ രത്തന്‍ ടാറ്റ അടക്കമുള്ള വ്യവസായികളുമായും എ. രാജ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കന്മാരുമായും വീര്‍സംഗ്‌വിയെപ്പോലെയുള്ള മാധ്യമപ്രവര്‍ത്തകരുമായും നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ്‌ ചെയ്ത ടേപ്പ്‌ ചോര്‍ന്നതിനെ പറ്റി കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍, കളിമണ്‍ പാദങ്ങളുള്ളവര്‍ മാത്രമല്ല ഇച്ഛാശക്തിയില്ലാത്ത ഷണ്ഡത്വം ബാധിച്ചവരുമാണ്‌ മന്‍മോഹന്‍സിംഗും പ്രണാബ്‌ കുമാര്‍ മുഖര്‍ജിയും എ.കെ. ആന്റണിയും അടക്കമുള്ള യുപിഎ സര്‍ക്കാരിന്റെ ഉന്നത നേതാക്കന്മാരെന്ന്‌ ,ആതിരേ, അവര്‍ തന്നെ വ്യക്തമാക്കി.
1.76 ലക്ഷം കോടി രൂപയുടെ അഴിമതി നടന്ന 2ജി സ്പെക്ട്രം ഇടപാടിനെ കുറിച്ച്‌ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം പോലും അംഗീകരിക്കുകയില്ല എന്ന്‌ ദുശ്ശാഠ്യം പിടിക്കുന്നവരാണ്‌ രത്തന്‍ ടാറ്റ കൊടുത്ത ഒരു സ്വകാര്യ ഹര്‍ജിയില്‍ ഭയപ്പെട്ട്‌ നീരാ റാഡി ടേപ്പ്‌ അന്വേഷിക്കാന്‍ ഉത്സാഹം കാണിച്ചതെന്ന്‌ തിരിച്ചറിയുമ്പോഴാണ്‌ ആതിരേ , മിസ്റ്റര്‍ ക്ലീന്‍ എന്ന്‌ ഇതുവരെ കരുതപ്പെട്ടിരുന്ന മന്‍മോഹന്‍ മുതല്‍ എ.കെ. ആന്റണി വരെയുള്ളവര്‍ എത്രമാത്രം ദാസ്യത്വം നിറഞ്ഞ നീചരാഷ്ട്രീയ ജന്മങ്ങളാണെന്ന്‌ നാം വിശ്വസിക്കേണ്ടിവരുന്നത്‌.
സ്വകാര്യത ഉള്‍പ്പെടെ ജീവിക്കാനുള്ള തന്റെ അടിസ്ഥാന അവകാശത്തിനുമേല്‍ നടത്തിയ കടന്നുകയറ്റമാണ്‌ ടേപ്പ്‌ പരസ്യമാക്കലെന്ന്‌ രത്തന്‍ ടാറ്റ നല്‍കിയ ഹര്‍ജിയില്‍ വാദിക്കുന്നു. ടേപ്പ്‌ പുറത്തായ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെയും കക്ഷി ചേര്‍ത്തുകൊണ്ടാണ്‌ രത്തന്‍ ടാറ്റ വൃത്തികെട്ട പ്രതിരോധം ചമച്ചത്‌. സര്‍ക്കാരാണ്‌ ടേപ്പ്‌ ചോര്‍ത്തിയതെന്നും സര്‍ക്കാരുമായി യാതൊരു ശത്രുതയുമില്ലാത്ത തന്നെ പോലെയുള്ള പൗരന്റെ സ്വകാര്യത സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നുമാണ്‌ ടാറ്റയുടെ മറ്റൊരുവാദം.
ഈ വാദത്തില്‍ അടങ്ങിയിരിക്കുന്ന കുന്തമുനകള്‍ തിരിച്ചറിഞ്ഞ്‌ മന്‍മോഹന്‍സിംഗും ഉപദേഷ്ടാക്കന്മാരും സ്വീകരിച്ച പ്രീഎംടീവ്‌ മെഷറാണ്‌ അന്വേഷണ ഉത്തരവ്‌. രഹസ്യാന്വേഷണ ബ്യൂറോയും കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡുമായിരിക്കും ടേപ്പ്‌ പുറത്തായ സാഹചര്യം അന്വേഷിക്കുക. ശ്രദ്ധിക്കുക ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയോടെ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡാണ്‌ ഒരു നിശ്ചിത കാലയളവില്‍ നീരാ റാഡിയുടെ ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ്‌ ചെയ്തത്‌. 5000 ഓളം സംഭാഷണങ്ങളാണ്‌ ഇങ്ങനെ രേഖപ്പെടുത്തിയത്‌. ഇതില്‍ 104 സംഭാഷണങ്ങള്‍ പരസ്യമായപ്പോഴാണ്‌ പൗരന്റെ സ്വകാര്യതയും മാന്യമായി ജീവിക്കാനുള്ള സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിച്ച്‌ രത്തന്‍ ടാറ്റ നിയമ നടപടിക്ക്‌ ഒരുങ്ങിയത്‌.അന്വേഷണത്തിന്‌ ഉത്തരവിട്ടതോടെ ആഭ്യന്തരമന്ത്രാലയത്തെ ഒറ്റിക്കൊടുത്തിരിക്കുകയാണ്‌ മന്‍മോഹന്‍
ആതിരേ, പണത്തിനു മീതെ മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാരും പറക്കുകയില്ലെന്ന്‌ ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുന്നു. കെനിയയില്‍ വളര്‍ന്ന്‌ ബ്രിട്ടണില്‍ കുടിയേറിയ ഇന്ത്യയില്‍ സ്വാധീന സാമ്രാജ്യം ഉണ്ടാക്കി നടക്കുന്ന നീരാ റാഡി എന്ന സ്ര്തീ വിവാദങ്ങളുടെയും തെളിവുകളുടെയും നിലയില്ലാ കയത്തിലാണിപ്പോള്‍. ടാറ്റ ഗ്രൂപ്പിന്റെ പബ്ലിക്‌ റിലേഷന്‍ സ്ഥാപനമായ വൈഷ്ണവി കമ്യൂണിക്കേഷന്‍സ്‌ നടത്തുന്ന അവര്‍ക്ക്‌ രത്തന്‍ ടാറ്റയുമായുള്ള അടുപ്പം കോര്‍പ്പറേറ്റ്‌ ബന്ധം മാത്രമായിരിക്കാം. എന്നാല്‍, രാജയെ മന്ത്രിയാക്കുന്നതില്‍ അവര്‍ നടത്തിയ സ്വാധീനക്കളികളും ചരടുവലികളും പുറത്തുവന്നതും രാജയുടെ നേതൃത്വത്തില്‍ നടന്ന 1.76 ലക്ഷം കോടിയുടെ വെട്ടിപ്പിന്റെ വിശദാംശങ്ങള്‍ സിഎജി ചികഞ്ഞെടുത്തതുമൊക്കെയാണ്‌ ടാറ്റയുടെ മാന്യതയ്ക്കിപ്പോള്‍ കോട്ടമേല്‍പ്പിച്ചിരിക്കുന്നത്‌! ആ കോട്ടം തീര്‍ക്കാനാണ്‌ മന്‍മോഹന്‍ സിംഗ്‌ അടക്കമുള്ള നട്ടെല്ലില്ലായ്മകള്‍ മുട്ടിലിഴയുന്നതും..!!
ഒരു കൊല്ലം മുമ്പ്‌ നീരാ റാഡിയുടെ പിന്നാമ്പുറ കഥകള്‍ പയനിയര്‍ അടക്കമുള്ള മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതാണ്‌. 108 ദിവസത്തെ ആ സ്ര്തീയുടെ ഫോണ്‍ സംഭാഷണങ്ങള്‍ ആദായ നികുതി വകുപ്പാണ്‌ ചോര്‍ത്തിയത്‌. അതിലെ ഉള്ളടക്കം ക്രോഡീകരിച്ച്‌ ആദായ നികുതി വകുപ്പ്‌ സിബിഐയ്ക്ക്‌ 14 പേജുള്ള കത്തെഴുതിയിരുന്നു. ആ കത്തിലെ വിശദാംശങ്ങള്‍ പയനിയര്‍ പ്രസിദ്ധീകരിച്ചപ്പോള്‍ തോന്നാതിരുന്ന മാന്യതാ ബോധവും പൗരബോധവും ഇപ്പോള്‍ എങ്ങനെയാണ്‌ എവിടെ നിന്നാണ്‌ രത്തന്‍ ടാറ്റയ്ക്ക്‌ ഉണ്ടായതെന്ന്‌ വ്യക്തമാക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്‌. കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഈ ചോദ്യം ഉന്നയിക്കുമെന്നും രത്തന്‍ ടാറ്റ അതിന്‌ സത്യസന്ധമായി മറുപടി പറയുമെന്നും ഇപ്പോള്‍ നമുക്ക്‌ ആശയ്ക്ക്‌ വിരുദ്ധമായി ആശിക്കാനേ കഴിയൂ!. അത്തരമൊരു ചോദ്യം ചോദിക്കാന്‍ കോടതി അനുവദിക്കുമെന്നും നമുക്ക്‌ പ്രതീക്ഷിക്കാം.
അന്ന്‌ പയനിയറിന്റെ ഡല്‍ഹിയിലെ മലയാളിയായ റിപ്പോര്‍ട്ടര്‍ ജെ. ഗോപീകൃഷ്ണന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ "നമ്മള്‍ എവിടെ ഒപ്പിടാന്‍ പറഞ്ഞാലും ഒരു വിഷമവും കൂടാതെ ഒപ്പിടുന്ന ഇതു പോലൊരു മന്ത്രിയെ കണ്ടിട്ടില്ല" എന്ന ടാറ്റയുടെ സംഭാഷണം ഉണ്ടായിരുന്നു. ആ രാജയെ വാര്‍ത്താവിനിമയ മന്ത്രിയാക്കാന്‍ ടാറ്റ അടക്കമുള്ള കോര്‍പ്പറേറ്റുകള്‍ ആഗ്രഹിച്ചതിന്റെ പൊരുള്‍ മേലുദ്ധരിച്ച വാക്യത്തിലുണ്ട്‌.
ഈ സത്യങ്ങളെല്ലാം ഇപ്പോള്‍ തമസ്കരിച്ചുകൊണ്ടാണ്‌, ആതിരേ രത്തന്‍ ടാറ്റ സ്വകാര്യ ഹര്‍ജി സമര്‍പ്പിച്ചതും കോടതി അതില്‍ വിധി പ്രഖ്യാപിക്കും മുമ്പുതന്നെ മന്‍മോഹന്‍സിംഗ്‌ ടേപ്പ്‌ പുറത്തായ സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ ഉത്തരവിട്ടതും.
അഴിമതിയുടെ കൂത്തരങ്ങാണ്‌ ഇന്ത്യന്‍ രാഷ്ട്രീയ രംഗമെന്ന്‌ ആവര്‍ത്തിച്ചുപറയേണ്ട വാസ്തവമല്ല. ഭരണകൂടത്തിന്റെയും അതിന്റെ ദല്ലാള്‍മാരുടെയും അഴിമതിയും ഭരണഘടനാ വിരുദ്ധമായ പ്രവര്‍ത്തനങ്ങളും കണ്ടെത്തി നിര്‍ഭയം ഉത്തമബോധത്തോടെ സമൂഹമധ്യേ അവതരിപ്പിക്കാന്‍ ഉത്തരവാദിത്തമുള്ള ജനാധിപത്യത്തിന്റെ നാലാം തൂണാണ്‌ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും. ഭയമോ താല്‍പ്പര്യമോ സംരക്ഷണ ത്വരയോ ഇല്ലാതെ സത്യം പറയാന്‍ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും തയ്യാറാകുമ്പോഴാണ്‌ ജനാധിപത്യം അതിന്റെ തനി സ്വരൂപത്തില്‍ പുഷ്കലമാവുക. എന്നാല്‍, ആതിരേ, 2ജി സ്പെക്ട്രം ഇടപാടില്‍ ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളും ഡല്‍ഹിയിലെ അധീകാര ദല്ലാളുമാരായ മാധ്യമപ്രവര്‍ത്തകരും, മാധ്യമപ്രവര്‍ത്തനത്തിന്റെ ധാര്‍മ്മികത വിറ്റുകാശാക്കി അധികാര രാഷ്ട്രീയത്തിന്റേയും അഴിമതി രാഷ്ട്രീയത്തിന്റെയും കൂട്ടിക്കൊടുപ്പുകാരായി മാറി എന്നതാണ്‌ 2 ഇന്ത്യയിലെ ജനാധിപത്യ സമൂഹത്തിന്‌ അപരിഹാരമായ ഖേദമേല്‍പ്പിച്ചിട്ടുള്ള വാസ്തവം.
ഹിന്ദുസ്ഥാന്‍ ടൈംസ്‌ അഡ്വസറി എഡിറ്റോറിയല്‍ ഡയറക്ടര്‍ വീര്‍ സംഗ്‌വി, ബര്‍ഖാ ദത്ത്‌ തുടങ്ങിയ മുന്തിയ മുഖ്യധാരാ മാധ്യമപ്രവര്‍ത്തകര്‍ 2ജി സ്പെക്ട്രം അഴിമതിയില്‍ ദല്ലാള്‍ പണിയാണ്‌ നടത്തിയതെന്ന്‌ ഗോപീകൃഷ്ണന്‍ തെളിവുകള്‍ സഹിതം നേരത്തെ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. നീരയുമായി ബന്ധമുള്ള ഡല്‍ഹിയിലെ ഒരു മുഖ്യധാരാ വനിതാ പത്രപ്രവര്‍ത്തകയ്ക്ക്‌ 1.63 കോടി വിലമതിക്കുന്ന ഫ്ലാറ്റുണ്ട്‌. ചിലര്‍ക്ക്‌ മാസപ്പടി. മറ്റുചിലര്‍ക്ക്‌ ഫ്ലാറ്റ്‌. വേറെ കുറേപേര്‍ക്ക്‌ കോര്‍പ്പറേറ്റുകള്‍ കുടിശിക അടച്ചുതീര്‍ക്കുന്ന ക്രെഡിറ്റ്‌ കാര്‍ഡ്‌, സൗജന്യ വിദേശ യാത്ര, വിലകൂടിയ മദ്യം,സുന്ദരികളും മദാലസകളുമായ മദിരാക്ഷികള്‍....... ഇതെല്ലാം അനുഭവിച്ച്‌ നീരാ റാഡിയുടെയും രത്തന്‍ ടാറ്റ അടക്കമുള്ള കോര്‍പ്പറേറ്റ്‌ നീചത്വങ്ങളുടെയും പാദസേവകരായി പ്രവര്‍ത്തിക്കുകയായിരുന്നു മുഖ്യധാരാ മാധ്യമപ്രവര്‍ത്തകര്‍.
ആതിരേ, അരുണ്‍ ഷൂറിയെ പോലെയും എന്‍. റാമിനെ പോലെയുമുള്ള ധീരരായ പത്രപ്രവര്‍ത്തകര്‍ സത്യം പുറത്തുകൊണ്ടുവന്ന്‌ ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തനത്തിന്‌ ക്രൂസേഡിന്റെ രൂപം നല്‍കിയ ഇന്ത്യന്‍ എക്സ്പ്രസും ദ ഹിന്ദുവും 2ജി സ്പെക്ട്രം അഴിമതിക്കാര്യത്തില്‍ ഇന്നും മൗനം വെടിഞ്ഞിട്ടില്ല. ഹിന്ദുസ്ഥാന്‍ ടൈംസും ടൈംസ്‌ ഓഫ്‌ ഇന്ത്യയും ഈ വിവാദം അറിഞ്ഞിട്ടേയില്ല. 2ജി ഇടപാടിനെ കുറിച്ച്‌ ഒരിക്കല്‍ കവര്‍ സ്റ്റോറി ചെയ്ത ഇന്ത്യാ ടുഡേയും ഇപ്പോള്‍ കണ്ണടച്ച്‌ ഇരുക്കാക്കുകയാണ്‌. ടൈംസ്‌ നൗ ചാനല്‍ പോലെ എല്ലായപ്പോഴുഴും മാധ്യമസദാചാരത്തെക്കുറിച്ച്‌ വാചാലമാകുന്ന ഇലക്ട്രോണിക്‌ മാധ്യങ്ങള്‍ക്കും ബധിരതയും മൂകതയും ബാധിച്ച അവസ്ഥയാണ്‌.
പറഞ്ഞുവന്നത്‌ ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയുടെ വിശദാംശങ്ങള്‍ സിഎജി പുറത്തുകൊണ്ടവന്നിട്ടും രാജയെ മത്ത്രിയാക്കി ഈ അഴിമതി നടത്താന്‍ ചരടുവലിച്ച കോര്‍പ്പറേറ്റ്‌ തെമ്മാടികള്‍ ആരൊക്കെയാണെന്ന്‌ ബോധ്യമായിട്ടും ഇവര്‍ക്കുവേണ്ടി നീരാ റാഡയും വീര്‍ സംഗ്‌വിയും ബര്‍ഖാ ദത്തും നടത്തിയ ദല്ലാള്‍ പണികളുടെ വിശദാംശങ്ങള്‍ ബോധ്യമായിട്ടും " ഞങ്ങളീ നാട്ടുകാരേ അല്ല മാവിലായ്ക്കാരാണ്‌ " എന്ന്‌ മനസ്സുമായിരിക്കുന്ന മുഖ്യധാരാ മാധ്യമങ്ങളും ഈ സംഭവങ്ങളുടെ വിശദാംശങ്ങള്‍ അപ്പപ്പോള്‍ അറിഞ്ഞുകൊണ്ടിരുന്ന മന്‍മോഹനസിംഗ്‌ അടക്കമുള്ള നേതാക്കളും ഇപ്പോള്‍ 2ജി സ്പെക്ട്രം അഴിമതിയുടെ വിശദാംശങ്ങളല്ല തിരക്കുന്നത്‌, ആ കുറ്റവാളികളെ ശിക്ഷിക്കാനല്ല താത്പര്യപ്പെടുന്നത്‌ മറിച്ച്‌ ടാറ്റയുടെ വ്യക്തിസ്വാതന്ത്രവും മാന്യതയും സംരക്ഷിക്കാനാണ്‌ അമാന്യവും അശ്ലീലവുമായ രാഷ്ട്രവഞ്ചന നടത്തുന്നത്‌.
ആതിരേ, ടാറ്റയ്ക്കും വേണ്ടി നീരാ റാഡി നടത്തിയത്‌ രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനം തന്നെയാണ്‌. രാജയെ മന്ത്രിയാക്കാന്‍ ടാറ്റ ശ്രമിച്ചതും രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനമാണ്‌. അതിനുവേണ്ടി നടത്തിയ ആയിരക്കണക്കിന്‌ ഫോണ്‍കോളുകളില്‍ ചിലത്‌ പുറത്തുവന്നപ്പോള്‍ അത്‌ വ്യക്തിസ്വാതന്ത്ര്യത്തിന്‌ മേലുള്ള കടന്നുകയറ്റമാണെന്ന്‌ ടാറ്റ വാദിച്ചമ്പോള്‍ അതംഗീകരിച്ച മന്മോഹനും കൂട്ടരും അതേ വാദം ഉന്നയിക്കാന്‍ കസബിനും തടിയന്റവിട നസീറിനും മറ്റു രാഷ്ട്ര വിരുദ്ധ പ്രവര്‍ത്തകര്‍ക്കുമുള്ള സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുമോ? അവരുടെ ഫോണ്‍ സന്ദേശങ്ങള്‍ ചോര്‍ത്താനും മാധ്യമങ്ങളില്‍ പ്രസിധീകരിക്കാനും അനുവാദവും സ്വാതന്ത്ര്യവും കൊടുത്തവര്‍ ടാറ്റയ്ക്കുവേണ്ടി വ്യക്രിസ്വതന്ത്ര്യ - പൗരസാതന്ത്ര്യ സംരക്ഷകരാകുമ്പോള്‍ അതിനുപിന്നിലെ സാമ്പത്തികവും രാഷ്ട്രീയവും രാഷ്ട്രവിരുദ്ധവുമായ താല്‍പ്പര്യങ്ങള്‍ പൊതുസമൂഹത്തിന്‌ ബോധ്യമാകുന്നുണ്ട്‌. ഇത്തരം രാജ്യവഞ്ചകരെയാണ്‌ മൊറാര്‍ജി ദേശായിയുടെ മന്ത്രിസഭയില്‍ ആരോഗ്യവകുപ്പ്‌ മന്ത്രിയായിരുന്നു രാജ്‌ നാരായണന്‍ 'ബഞ്ച്‌ ഓഫ്‌ ഇംപൊട്ടന്റ്സ്‌ എന്ന്‌ വിശേഷിപ്പിച്ചത്‌. ആ ജാനസില്‍ പെട്ടവരാണ്‌ ഇപ്പോള്‍ യുപിഎയുടെ തലവന്മാരായി ഇന്ത്യ ഭരിക്കുന്നതും, ആതിരേ, നീരാ റാഡ ടേപ്പുകളെ കുറിച്ചന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുന്നതും.

No comments: