Wednesday, November 10, 2010

2G രാജ : മന്‍മോഹന്റെയും മാഡം ഗാന്ധിയുടെയും നട്ടെല്ലെവിടെപ്പോയി


2007 മുതല്‍ സെന്റട്രല്‍ വിജിലന്‍സ്‌ കമ്മീഷനും എന്‍ഫോഴ്സ്മെന്റ്‌ ഡയറക്ടറേറ്റും 2ജി സ്പെക്ട്രം ഇടപാടിലെ ക്രമക്കേടുകള്‍ അക്കമിട്ട്‌ നിരത്തി പ്രധാനമന്ത്രിക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കിയതാണ്‌. രാജയുടെ വഴിവിട്ട പോക്കിനെ കുറിച്ച്‌ നിയമമന്ത്രി എച്ച്‌. ആര്‍. ഭരദ്വാജ്‌ പലവട്ടം പ്രധാനമന്ത്രിക്ക്‌ സൂചനകള്‍ രേഖാമൂലം നല്‍കിയതാണ്‌. എന്നിട്ടും. എ. രാജയുടെ അവകാശവാദം അംഗീകരിച്ചുകൊണ്ട്‌ നീചവും നിന്ദ്യവുമായ മൗനം പാലിക്കുകയായിരുന്നു പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും യുപിഎ അധ്യക്ഷ സോണിയയും.കോടികളുടെ അഴിമതി നടന്നുവെന്നും അതിന്‌ ചുക്കാന്‍ പിടിച്ചവര്‍ ആരെല്ലാമാണെന്നും തിരിച്ചറിഞ്ഞിട്ടും ശിക്ഷാര്‍ഹമായ നടപടിയെടുക്കാതെ, മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞതിന്റെ അര്‍ത്ഥം ഈ അഴിമതിയില്‍ ഇവര്‍ക്കും പങ്കുണ്ട്‌ എന്നുതന്നെയാണ്‌.

മുംബൈ ആദര്‍ശ്‌ ഫ്ലാറ്റ്‌ വിവാദത്തില്‍ കുരുങ്ങിയ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക്‌ ചവാനെയും കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതിയാരോപണവിധേയനായ സുരേഷ്‌ കല്‍മാഡിയുടെയും കസേര തെറിപ്പിച്ചുകൊണ്ട്‌ കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ്‌ നടത്തിയ കോസ്മെറ്റിക്‌ സര്‍ജറി,ആതിരെ, ഫലത്തില്‍ കോണ്‍ഗ്രസ്സിന്റെ മുഖം കൂടുതല്‍ വികൃതമായിരിക്കുകയാണ്‌.
നവംബര്‍ 10 ചൊവ്വാഴ്ച ആരംഭിച്ച പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന ബില്ലുകള്‍ പാസാക്കിയെടുക്കാനുള്ള കൗശലം മാത്രമാണ്‌ ഇവരുടെ പുറത്താക്കല്‍ എന്നതാണ്‌ വാസ്തവം.. അശോക്‌ ചവാനും സുരേഷ്‌ കല്‍മാഡിയും തല്‍സ്ഥാനത്ത്‌ തുടരുകയാണെങ്കില്‍ പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം സ്തംഭിപ്പിക്കുമെന്ന ബിജെപിയുടെ ഭീഷണി ഭയന്നുതന്നെയാണ്‌ ചൊവ്വാഴ്ച ഇരുവരെയും പുറത്താക്കിക്കൊണ്ടുള്ള തീരുമാനം ഹൈക്കമാന്‍ഡ്‌ കൈക്കൊണ്ടത്‌.
ആതിരേ, കാര്‍ഗില്‍ രക്തസാക്ഷികള്‍ക്ക്‌ അനുവദിച്ച ഫ്ലാറ്റുകള്‍ സൈന്യത്തിലെയും രാഷ്ട്രീയത്തിലെയും സ്വാധീനശക്തികള്‍ക്ക്‌ അനുവദിച്ചുകൊണ്ട്‌ രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്മാരെയും അവരുടെ ആശ്രിതരെയുമാണ്‌ അശോക്‌ ചവാന്‍ വഞ്ചിച്ചതെങ്കില്‍ കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ മറവില്‍ 8000 കോടി രൂപയുടെ അഴിമതിക്കാണ്‌ സുരേഷ്‌ കല്‍മാഡി ചുക്കാന്‍ പിടിച്ചത്‌. ഈ രണ്ടുസംഭവങ്ങളും ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും ഇന്ത്യയുടെ യശസ്സിടിച്ച നിലപാടുകളായിട്ടും, അതിലെ പ്രതികളെ വ്യക്തമായി തിരിച്ചറിഞ്ഞിട്ടും നടപടിയെടുക്കാന്‍ ഇതുവരെ മന്‍മോഹന്‍ സിംഗും മാഡം ഗാന്ധിയും അമാന്തിച്ചതിന്റെ പിന്നില്‍ ഈ അഴിമതികളില്‍ പരോക്ഷമായി ഇവര്‍ക്കുള്ള പങ്ക്‌ തന്നെയാണ്‌ വ്യക്തമാക്കുന്നത്‌. ഇവരറിയാതെ ഇത്തരത്തില്‍ കൊടിയ വഞ്ചന നടത്താന്‍ ചവാനോ കല്‍മാഡിക്കോ കഴിയുകയില്ല. നമുക്കറിയാം അഴിമതി ആഗോളപ്രതിഭാസമാണെന്ന്‌ വ്യാഖ്യാനിച്ച്‌ അഴിമതിയെ ശാശ്വതീകരിച്ച ഇന്ദിര ഭരണത്തിന്റെ തുടര്‍ച്ചയാണ്‌ മന്‍മോഹന്‍സിംഗിലും മാഡം ഗാന്ധിയിലുമെത്തിനില്‍ക്കുന്നത്‌. അതുകൊണ്ടുതന്നെ അവരില്‍ നിന്ന്‌ നന്മ പ്രതീക്ഷിക്കാന്‍ നെല്ലിട സാധ്യതയില്ല. എങ്കിലും ഒരു രാഷ്ട്രത്തിന്റെ യശസ്സ്‌ അന്താരാഷ്ട്ര തലത്തില്‍ ഹനിക്കുമ്പോള്‍ അതിനെതിരെ നടപടിയെടുക്കാനുള്ള രാഷ്ട്രസ്നേഹവും പൗരബോധവും നിയമപ്രതിബദ്ധതയും ഇവര്‍ക്കുണ്ടാകുമെന്നാണ്‌ ആതിരേ, പൊതുസമൂഹം പ്രതീക്ഷിച്ചത്‌.
എന്നാല്‍, വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഈ രണ്ടുകേസിലെ പ്രതികളെയും സംരക്ഷിച്ച്‌ തെളിവ്‌ നശിപ്പിക്കാന്‍ അവര്‍ക്ക്‌ അവസരവും അനുവാദവും നല്‍കുകയായിരുന്നു മന്‍മോഹനും മാഡം ഗാന്ധിയും. കോമണ്‍വെല്‍ത്ത്‌ ഗെയിംസിലെ അഴിമതികള്‍ പുറത്തുവന്നപ്പോള്‍ കായികമാമാങ്കം തടസ്സം കൂടാതെ നടക്കട്ടെ പിന്നീട്‌ നടപടിയെടുക്കാമെന്നും ആദര്‍ശ്‌ ഫ്ലാറ്റ്‌ അഴിമതി പുറത്തുവന്നപ്പോള്‍ ഒബാമ തിരിച്ചപൊയ്ക്കോട്ടെ ആ നിമിഷം കുറ്റവാളികളെ ശിക്ഷിക്കാമെന്നൊക്കെയായിരുന്നു പ്രധാനമന്ത്രിയുടെയും യുപിഎ അധ്യക്ഷയുടെയും കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡിന്റെയും നിലപാട്‌. കോടികളുടെ അഴിമതി നടന്നുവെന്നും അതിന്‌ ചുക്കാന്‍ പിടിച്ചവര്‍ ആരെല്ലാമാണെന്നും തിരിച്ചറിഞ്ഞിട്ടും ശിക്ഷാര്‍ഹമായ നടപടിയെടുക്കാതെ, മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞതിന്റെ അര്‍ത്ഥം ഈ അഴിമതിയില്‍ ഇവര്‍ക്കും പങ്കുണ്ട്‌ എന്നുതന്നെയാണ്‌.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ തങ്ങളുടെ കൈകള്‍ ശുദ്ധമാണെന്ന്‌ വരുത്തി തീര്‍ക്കാനും അഴിമതിക്കാരെ വെച്ചുപൊറുപ്പിക്കുകയില്ല എന്ന്‌ ബോധ്യപ്പെടുത്താനും നടപടി സ്വീകരിച്ചവര്‍ എന്തുകൊണ്ട്‌ 2ജി സ്പെക്ട്രം അഴിമതി വീരന്‍ കേന്ദ്രമന്ത്രി എ. രാജയ്ക്കെതിരെ ചെറുവിരല്‍ പോലും അനക്കുന്നില്ല എന്ന ബിജെപിയുടെ ചോദ്യം ഇന്ത്യയിലെ പൊതുസമൂഹത്തിന്റേതാണ്‌. ചവാനും കല്‍മാഡിക്കുമെതിരെ ശിക്ഷണനടപടികള്‍ എടുക്കുക വഴി തങ്ങള്‍ ഡിഎംകെയ്ക്ക്‌ ശക്തമായ സന്ദേശമാണ്‌ നല്‍കുന്നതെന്നും സമാനസ്വഭാവത്തിലുള്ള നടപടി രാജയ്ക്കെതിരെ എടുക്കേണ്ടത്‌ ഡിഎംകെയാണെന്നും പറഞ്ഞ്‌ കൈകഴുകുകയാണ്‌ മന്‍മോഹനും മാഡം ഗാന്ധിയും ഹൈക്കമാന്‍ഡും.
ഇവിടെ പ്രകാശ്‌ കാരാട്ട്‌ നയിക്കുന്ന ഇടതുപക്ഷ പാര്‍ട്ടികളുടെ ശിഖണ്ഡിത്വം നിറഞ്ഞ മൗനവും, ആതിരേ, നാം കൂട്ടിവായിക്കേണ്ടതുണ്ട്‌. കാരണം രണ്ടാം തലമുറ വിവര സാങ്കേതികവിദ്യ നടപ്പിലാക്കിയപ്പോള്‍ കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ വകുപ്പും മന്ത്രിയും 60000 കോടി രൂപയുടെ അഴിമതി നടത്തിയെന്ന്‌ ആദ്യം ആരോപിച്ചത്‌ സിപിഎമ്മായിരുന്നു.എന്നാല്‍ ഇന്ന്‌ അവരും രാജയുടെ കാര്യത്തില്‍ മന്മോഹനെ തോല്‍പ്പിക്കുന്ന മൗനമാണ്‌ പുലര്‍ത്തുന്നത്‌.ഈ ആരോപണത്തെ തുടര്‍ന്ന്‌ 2007-ല്‍ എന്‍ഫോഴ്സ്മെന്റ്‌ നടത്തിയ അന്വേഷണത്തില്‍ 22000 കോടി രൂപയുടെ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും 2002 ലെ പണം കൈമാറ്റനിയമം ലംഘിച്ചുകൊണ്ട്‌ ടെലികമ്യൂണിക്കേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥരും ചില കമ്പനികളും നേതാക്കളും അനധികൃതമായി ഇതില്‍ ഇടപെട്ടിട്ടുണ്ടെന്നും അതുകൊണ്ട്‌ സംഭവത്തെ കുറിച്ച്‌ വിശദമായി അന്വേഷിക്കാന്‍ കേസ്‌ സിബിഐയ്ക്ക്‌ കൈമാറണമെന്നും 2007-ല്‍ എന്‍ഫോഴ്സ്മെന്റ്‌ ഡയറക്ടറേറ്റ്‌ കേന്ദ്രസര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ നല്‍കിയതാണ്‌.
രാജ്യത്തെ മൊബെയില്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കും ലാന്‍ഡ്‌ ഫോണ്‍ ഉപയോക്താക്കള്‍ക്കും ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവര്‍ക്കും ഏറ്റവും പുതിയ സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുക എന്നതായിരുന്നു രണ്ടാം ജനറേഷന്‍ ടെലികമ്യൂണിക്കേഷന്‍ (2ജി സ്പെക്ട്രം) സാങ്കേതികവിദ്യയിലൂടെ ലക്ഷ്യമിട്ടിരുന്നത്‌. എന്നാല്‍, ഡിഎംകെയുടെ മന്ത്രി എ. രാജയും അദ്ദേഹത്തിന്റെ ഇടനിലക്കാരും ചില കമ്പനികളും ചേര്‍ന്ന്‌ ഈ ലക്ഷ്യം അട്ടിമറിച്ചുവെന്നും അതിലൂടെ കോടികളുടെ ക്രമക്കേട്‌ നടത്തിയിട്ടുണ്ടെന്നും സെന്‍ട്രല്‍ വിജിലന്‍സ്‌ കമ്മീഷനും 2008-ല്‍ റിപ്പോര്‍ട്ട്‌ ചെയ്തതാണ്‌.
ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അന്നത്തെ നിയമമന്ത്രി എച്ച്‌. ആര്‍. ഭരദ്വാജും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും എ.രാജയ്ക്ക്‌ കര്‍ശനമായ ചില നിര്‍ദേശങ്ങള്‍ നല്‍കിയതാണ്‌. എന്നാല്‍, പ്രധാനമന്ത്രിയെയും കേന്ദ്രനിയമന്ത്രിയെയും തൃണവല്‍ഗണിച്ചുകൊണ്ട്‌ തന്റെ ഇടനിലക്കാരുടെ സാമ്പത്തിക ശക്തിയിലും 2ജി സ്പെക്ട്രം പ്രോജക്ട്‌ ഹൈജാക്ക്‌ ചെയ്ത ലോബികളുടെ പിന്‍ബലത്തിലും ധാര്‍ഷ്ട്യതയോടെ അഴിമതിയുടെ പാതയില്‍ മുന്നോട്ട്‌ പോവുകയായിരുന്നു മന്ത്രി എ. രാജ.
ഈ പോക്ക്‌ ശരിയല്ലെന്നും രാജയ്ക്ക്‌ കടിഞ്ഞാണിട്ടേ മതിയാവു എന്നും അന്ന്‌ എച്ച്‌. ആര്‍ ഭരദ്വാജ്‌ മന്‍മോഹന്‍ സിംഗിന്‌ റിപ്പോര്‍ട്ട്‌ നല്‍കിയതാണ്‌. എന്നാല്‍, സ്വതസിദ്ധമായ സൗമ്യസ്വഭാവത്തിലൊതുങ്ങി ഈ റിപ്പോര്‍ട്ടിനോട്‌ പ്രതികരിക്കാതിരിക്കുകയാണ്‌ പ്രധാനമന്ത്രി ചെയ്തത്‌. ഇതേതുടര്‍ന്ന്‌ 2ജി സ്പെക്ട്രം ക്രമക്കേടുകളെ കുറിച്ച്‌ അനേഷിക്കാന്‍ ഒരു സംവിധാമുണ്ടാക്കാന്‍ എച്ച്‌. ആര്‍. ഭരദ്വാജ്‌ മുന്നിട്ടിറങ്ങി. അത്‌ എ. രാജയെയും അദ്ദേഹത്തോടൊപ്പമുള്ള അഴിമതി വീരന്മാരെയും ചൊടിപ്പിച്ചു. അവരുടെ കൂടി ഉപദേശപ്രകാരം രോഷാകുലനായിട്ടാണ്‌ എ. രാജ പ്രധാനമന്ത്രിക്ക്‌, ഭരദ്വാജിനെതിരെ കത്തെഴുതിയത്‌. നിയമമന്ത്രി തന്റെ പരിധി ലംഘിച്ചുകൊണ്ടാണ്‌ ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ നടപടിക്രമങ്ങളില്‍ ഇടപെടുന്നത്‌ എന്നായിരുന്നു രാജയുടെ വാദം.
ഓര്‍ക്കണം 2007 മുതല്‍ സെന്റട്രല്‍ വിജിലന്‍സ്‌ കമ്മീഷനും എന്‍ഫോഴ്സ്മെന്റ്‌ ഡയറക്ടറേറ്റും 2ജി സ്പെക്ട്രം ഇടപാടിലെ ക്രമക്കേടുകള്‍ അക്കമിട്ട്‌ നിരത്തി പ്രധാനമന്ത്രിക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കിയതാണ്‌. രാജയുടെ വഴിവിട്ട പോക്കിനെ കുറിച്ച്‌ നിയമമന്ത്രി എച്ച്‌. ആര്‍. ഭരദ്വാജ്‌ പലവട്ടം പ്രധാനമന്ത്രിക്ക്‌ സൂചനകള്‍ രേഖാമൂലം നല്‍കിയതാണ്‌. എന്നിട്ടും. എ. രാജയുടെ അവകാശവാദം അംഗീകരിച്ചുകൊണ്ട്‌ നീചവും നിന്ദ്യവുമായ മൗനം പാലിക്കുകയായിരുന്നു പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും യുപിഎ അധ്യക്ഷ സോണിയയും.
തന്റെ മന്ത്രിസഭയിലെ ഒരംഗം ഇത്രയും ബൃഹത്തായ അഴിമതിക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന്‌ സര്‍ക്കാരിന്റെ തന്നെ അന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ നല്‍കിയപ്പോള്‍ തീര്‍ച്ചയായും രാജയെ മന്ത്രിസഭയില്‍ നിന്ന്‌ മാറ്റിനിര്‍ത്താനുള്ള അധികാരം പ്രധാനമന്ത്രി പ്രയോഗിക്കേണ്ടതായിരുന്നു. അത്‌ ചെയ്തില്ല എന്നുമാത്രമല്ല രാജയോട്‌ വിശദീകരണം ചോദിക്കാന്‍ പോലും മന്‍മോഹന്‍സിംഗിനോ മാഡം ഗാന്ധിക്കോ നട്ടെല്ലുറപ്പുമില്ലായിരുന്നു. അതുകൊണ്ട്‌ ഇന്നും ആ അഴിമതി വീരന്‍ കേന്ദ്രമന്ത്രിയായി വിലസുകയാണ്‌.
തീര്‍ച്ചയായും എ. രാജയ്ക്കെതിരെ ബിജെപി ഉന്നയിക്കുന്ന അഴിമതി ആരോപണങ്ങളില്‍ 101 ശതമാനത്തില്‍ അധികം കഴമ്പുണ്ടെന്ന്‌, ആതിരേ, ഇന്ത്യയിലെ ചിന്തിക്കുന്ന പൊതുസമൂഹത്തിന്‌ ബോധ്യമുണ്ട്‌. അതുകൊണ്ട്‌ മന്‍മോഹന്റെയും മാഡം ഗാന്ധിയുടെയും ഇപ്പോഴത്തെ നിലപാടില്‍ അവര്‍ക്ക്‌ ആശങ്കയുമുണ്ട്‌. അശോക്‌ ചൗഹാനെയും സുരേഷ്‌ കല്‍മാഡിയെയും പുറത്താക്കിയത്‌ പോലെ എ. രാജയെ മന്ത്രിസഭയില്‍ നിന്ന്‌ പിന്‍വലിക്കേണ്ട ഉത്തരവാദിത്തം ഡിഎംകെക്കാണ്‌ എന്നാണ്‌ ഇപ്പോള്‍ കോണ്‍ഗ്രസും അവരുടെ വക്താക്കളും ചാനല്‍ ചര്‍ച്ചാ തൊഴിലാളികളും അവകാശപ്പെടുന്നത്‌. എന്നാല്‍, അവശേഷിക്കുന്ന ചോദ്യം മറ്റൊന്നാണ്‌. 22000 കോടി രൂപയുടെ അഴിമതി നടത്തിയെന്ന്‌ പ്രഥമദൃഷ്ടിയാല്‍ തെളിവുകളുള്ള എ. രാജയെന്ന ഡിഎംകെയുടെ മന്ത്രിയെ പുറത്താക്കാന്‍ പ്രധാനമന്ത്രിക്ക്‌ അധികാരവും കഴിവുമില്ലേ ? അതിന്‌ തയ്യാറാകാതെ എന്തിനാണ്‌ ഡിഎംകെയുടെ കനിവിന്‌ കാത്തുനില്‍ക്കുന്നത്‌.
ഇതെല്ലാം കൂട്ടിവായിക്കുമ്പോഴാണ്‌ ചവാനും കല്‍മാഡിക്കുമെതിരെ കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ്‌ സ്വീകരിച്ചു എന്നുപറയുന്ന നിലപാട്‌ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള ബില്ല്‌ പാസാക്കിയെടുക്കാനുള്ള ധൃതി പിടിച്ച കോസ്മെറ്റിക്ക്‌ സര്‍ജറി മാത്രമാണെന്ന്‌ ബോധ്യമാകുന്നത്‌. ഈ നിയമവിരുദ്ധ നിലപാട്‌ മൂലം പാര്‍ലമെന്റില്‍ ബഹളമുണ്ടാക്കി നടപടികള്‍ സ്തംഭിപ്പിക്കാന്‍ ബിജെപിക്കു കഴിഞ്ഞു. വരും ദിവസങ്ങളിലും ഇതുതന്നെയായിരിക്കും അരങ്ങേറുന്ന കലാപരിപാടി. ഇന്ത്യയിലെ പട്ടിണിപാവങ്ങളുടെയും ഭിക്ഷക്കാരുടെയും തെരുവില്‍ ഉറങ്ങുന്നവരുടെയും പക്കല്‍ നിന്ന്‌ പിഴിഞ്ഞെടുക്കുന്ന നികുതി പണം രാജയെ പോലെയുള്ളവര്‍ക്ക്‌ ധൂര്‍ത്തടിക്കാന്‍ അവസരം നല്‍കുകയും അതിന്റെ പേരില്‍ ദിനം പ്രതി കോടികള്‍ ചെലവാക്കിയുള്ള പാര്‍ലമെന്റ്‌ നടപടിക്രമങ്ങള്‍ തടസ്സപ്പെടുത്താന്‍ ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ക്ക്‌ അവസരം നല്‍കുകയും ചെയ്യുന്നതിലൂടെ മന്‍മോഹനും മാഡം ഗാന്ധിയും നേതാക്കളെന്ന നിലയ്ക്ക്‌ അവര്‍ക്കുള്ള നട്ടെല്ലില്ലായ്മയും കളിമണ്‍പാദങ്ങളും മാത്രമല്ല പ്രദര്‍ശിപ്പിക്കുന്നത്‌ രാജയുടെ അഴിമതിയില്‍ തങ്ങളും ഭാഗഭാക്കുകളാണെന്ന്‌ അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയുമാണ്‌.
തകര്‍ക്കേണ്ടതല്ലെ , ആതിരേ, ഇത്തരം ഭരണകൂടത്തെയും ഭരണകര്‍ത്താക്കളെയും

No comments: