Tuesday, November 9, 2010

വഞ്ചിക്കപ്പെടാനായി വോട്ടര്‍വിഡ്ഢികള്‍


എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ്‌ വോട്ട്‌ അസാധുവാക്കിയതും തങ്ങള്‍ തന്നെ നാമനിര്‍ദേശം ചെയ്ത സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ അസാധുവിനെ ഇടതുപക്ഷം കൂട്ടുപിടിച്ചതും വിമതരെ ഇരുപക്ഷവും ആശ്ലേഷിച്ചതും വോട്ടെടുപ്പില്‍ നിന്ന്‌ വിട്ടുനിന്നുകൊണ്ട്‌ ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും അധികാരത്തിലേറാന്‍ ബിജെപി അവസരമുണ്ടാക്കിയതുമൊക്കെ കേരളത്തിലെ വിവേചന ശീലമുള്ള സമ്മതിദായകരുടെ മുഖത്തുനോക്കി കൊഞ്ഞനം കുത്തുന്ന നടപടികളയായിരുന്നു. അധികാരത്തിനുവേണ്ടി എത്ര നീചമായ നിലപാടെടുക്കാനും മടിയില്ലാത്തവരാണ്‌ തങ്ങളെന്ന്‌ വ്യക്തമാക്കിയ ഇവരുടെ ഭരണത്തില്‍ നാട്ടില്‍ വികസനം വരുമെന്ന്‌ സ്വപ്നം കാണുന്നവരാണ്‌ വിഡ്ഢികള്‍.






ഭരണഘടനാദത്തമായി പൗരന്‌ ലഭിച്ചിട്ടുള്ള വിശേഷാധികാരവും അവകാശവുമാണ്‌ സമ്മതിദാനം. രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കേണ്ടവരെ തെരഞ്ഞെടുക്കാനുള്ള ഈ അവകാശം നീതിയുക്തമായി, വിവേചനാധികാരത്തോടെ ഉപയോഗിക്കണമെന്ന്‌ ഓരോ തെരഞ്ഞെടുപ്പ്‌ വരുമ്പോഴും പൗരന്മാരെ ഉത്തരവദിത്തമുള്ളവര്‍ ഉപദേശിക്കാറുണ്ടെങ്കിലും , ആതിരേ, രാഷ്ട്രീയവും മതപരവും വംശീയവുമായ പരിഗണനകളുടെ അടിസ്ഥാനത്തിലാല്ലതെ വോട്ടവകാശം വിനിയോഗിക്കാന്‍ നമുക്ക്‌ മനസ്സില്ല..!
വോട്ടെടുപ്പ്‌ അടുക്കുമ്പോള്‍ വാഗ്ദാനങ്ങളും പ്രത്യയശാസ്ത്രദൃഢതയും ആദര്‍ശ ശുദ്ധിയുമൊക്കെ വോട്ടര്‍മാര്‍ക്ക്‌ മുന്നില്‍ പ്രദര്‍ശിപ്പിച്ച്‌ അവരുടെ സമ്മതിദാനം നേടിയെടുക്കുന്നവര്‍, ഭരണസംവിധാനത്തിന്റെ രൂപീകരണം വരുമ്പോള്‍ എല്ലാ ആദര്‍ശങ്ങളും പ്രത്യയശാസ്ത്ര പ്രതിബദ്ധതകളും ചവറ്റുകൊട്ടയിലെറിഞ്ഞ്‌ അതിജീവന - അധികാര രാഷ്ട്രീയത്തിന്റെ നീചഭാവങ്ങള്‍ പ്രകടിപ്പിച്ച്‌ വോട്ടര്‍മാരെ വഞ്ചിക്കുമ്പോള്‍ ഇന്ത്യയില്‍ ജനാധിപത്യം പുഷ്കലമാകുന്നു..!!
ഓരോ വോട്ടെടുപ്പ്‌ കഴിയുമ്പോഴും വഞ്ചിക്കപ്പെടാനാണ്‌ ഇന്ത്യയിലെ സമ്മതിദായകരുടെ നിയോഗം. ഈ ദുരന്തത്തില്‍ നിന്ന്‌, ആതിരേ, സാക്ഷരര്‍ എന്നവകാശപ്പെടുന്ന കേരളീയര്‍ക്കും മോചനമില്ല എന്ന്‌ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പും തുടര്‍ന്നുവന്ന അതിന്റെ ഭരണനിര്‍വ്വഹണ സംവിധാന രൂപീകരണവും വ്യക്തമാക്കുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫും യുഡിഎഫും ബിജെപിയും വിമതരും പതിവുപോലെ കീരിയും പാമ്പുമായാണ്‌ കടിച്ചുകീറിയത്‌. വികസനപ്രശ്നങ്ങള്‍ക്കുപരി സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷത്തോടുള്ള രാഷ്ട്രീയ വൈരമായിരുന്നു യുഡിഎഫും ബിജെപിയും ഉപയോഗിച്ച കാര്‍ഡുകള്‍. അവര്‍ക്കത്‌ യഥേഷ്ടം കളിക്കാനുള്ള ' ഗ്രൗണ്ട്‌ ' കഴിഞ്ഞ നാലരവര്‍ഷത്തെ ഭരണത്തിലൂടെ ഇടതുപക്ഷം നല്‍കിയിട്ടുമുണ്ടായിരുന്നു. ഈ തര്‍ക്കത്തിനിടയിലാണ്‌ ഇത്തവണ 50 ശതമാനം സീറ്റുകളിലേക്ക്‌ വനിതകള്‍ മത്സരിച്ചത്‌. രാഷ്ട്രീയാടിസ്ഥാനത്തില്‍ തന്നെയായിരുന്നു ഇവരും വോട്ട്‌ തേടിയത്‌.
സര്‍ക്കാരിന്റെ ഭരണപരാജയവും പ്രാദേശിക ഭരണകൂടങ്ങളുടെ വികസനവിരുദ്ധ നയങ്ങളും വോട്ടര്‍മാരെ മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചിരുന്നു എന്നത്‌ ആര്‍ക്കും നിഷേധിക്കാനാവാത്ത വാസ്തവമാണ്‌. ഇതിനുപുറമെയായിരുന്നു മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നു എന്ന ഇടതുപക്ഷ വിവാദം സൃഷ്ടിച്ച കോലാഹലവും. ഏതായാലും ഇടതുഭരണത്തിനെതിരായുള്ള വിധിയെഴുത്തായിരുന്നു പൊതുവെ കണ്ടത്‌. വിമതശല്യം പലയിടത്തും ഈ പൊതു ധാരണയ്ക്ക്‌ അപവാദമായിരുന്നെങ്കിലും മൊത്തത്തില്‍ ഭരണവിരുദ്ധവികാരമാണ്‌ സമ്മതിദായകര്‍ പ്രകടിപ്പിച്ചത്‌. തന്മൂലം പതിറ്റാണ്ടുകളായി ഇടതുപക്ഷത്തിന്റെ കോട്ടയായി അറിയപ്പെട്ടിരുന്ന നിരവധി പഞ്ചായത്തുകള്‍ അവര്‍ക്ക്‌ നഷ്ടമായി.
ഈ പശ്ചാത്തലത്തില്‍, ജനവിധി മാനിച്ചുകൊണ്ടുള്ള ഭരണസംവിധാനം വിജയിച്ചവര്‍ തൃത്താലത്തില്‍ നടപ്പിലാക്കേണ്ടതായിരുന്നു. എന്നാല്‍,ആതിരേ, അധികാരത്തിന്റെ വീതംവെയ്പ്‌ വന്നപ്പോള്‍ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ സ്വീകരിച്ച ആദര്‍ശപരവും പ്രത്യയശാസ്ത്രപരവുമായ ഇടങ്ങളില്‍ നിന്നിറങ്ങി അധികാരത്തിന്റെ മ്ലേഛതയില്‍, കൊടിയുടെ നിറം മറന്ന്‌ കെട്ടിപ്പുണര്‍ന്ന്‌ ആഹ്ലാദിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരെയാണ്‌ കഴിഞ്ഞ രണ്ടുദിവസമായി കണ്ടുകൊണ്ടിരിക്കുന്നത്‌.
ഒരു ജില്ലയും എന്തിനധികം ഒരു പഞ്ചായത്ത്‌ പോലും ഈ ആരോപണത്തില്‍ നിന്ന്‌ മുക്തമല്ല. ഒരിക്കലും വോട്ടര്‍മാര്‍ ആഗ്രഹിക്കാത്ത കൂട്ടുകെട്ടുകളും സഖ്യങ്ങളുമാണ്‌ ഇപ്പോള്‍ തൃത്താലത്തില്‍ അധികാരത്തിലേറിയിരിക്കുന്നത്‌. ഇതിനായി അണിയറയിലും വേദിയിലും നടന്ന നീചമായ, രാഷ്ട്രീയ വഞ്ചനകളും സമ്പത്തിന്റെ സ്വാധീനത്തിലുള്ള മലക്കം മറിച്ചിലുകളും ഐക്യപ്പെടലുമെല്ലാം കണ്ട്‌ തലയില്‍ കൈവെച്ച്‌ സ്വയം പ്രാകുകയാണ്‌ കേരളത്തിലെ വോട്ടര്‍മാര്‍.
കഴിഞ്ഞദിവസങ്ങളില്‍ നടന്ന പഞ്ചായത്ത്‌ -ബ്ലോക്‌- ജില്ലാ പ്രസിഡന്റുമാര്‍, നഗരസഭാ ചെയര്‍മാന്‍മാര്‍, കോര്‍പ്പറേഷന്‍ മേയര്‍മാര്‍ എന്നിവരുടെ തെരഞ്ഞെടുപ്പ്‌ സവിശേഷമായ ഒരു വസ്തുത വെളിപ്പെടുത്തി. ഇത്തവണ തെരഞ്ഞെടുക്കപ്പെട്ട പലര്‍ക്കും അക്ഷരാഭ്യാസം പോലും ഇല്ല !. പ്രസിഡന്റിനെയും വൈസ്‌ പ്രസിഡന്റിനെയും ചെയര്‍മാനെയും മേയറേയുമൊക്കെ തെരഞ്ഞെടുക്കാന്‍ നടത്തിയ വോട്ടെടുപ്പില്‍ സംഭവിച്ച അസാധുവിന്റെ രംഗപ്രവേശം മറ്റ്‌എന്താണ്‌ വ്യക്തമാക്കുന്നത്‌ ?
ഈ ചോദ്യം ഉന്നയിക്കുമ്പോള്‍ അസാധുവും നേതാക്കന്മാരും വികടച്ചിരി ചിരിക്കുന്നത്‌ , ആതിരേ, നമുക്ക്‌ കേള്‍ക്കാന്‍ കഴിയും. അതായത്‌ ബോധപൂര്‍വ്വമാണ്‌ ഇവര്‍ വോട്ട്‌ പാഴാക്കിയതെന്ന്‌ സാരം. സ്വന്തം കക്ഷിയില്‍ പെട്ടവര്‍ തെരഞ്ഞെടുക്കപ്പെടാതിരിക്കാനും എതിര്‍കക്ഷിയില്‍ പെട്ടവരുടെ സാമ്പത്തിക സ്വാധീനത്തിന്‌ വഴങ്ങി അവരെ തെരഞ്ഞെടുക്കാനുമാണ്‌ ഈ നേതാക്കള്‍ അസാധുവിനെ രംഗത്തിറക്കിയതെന്ന്‌ ഏത്‌ വിഡ്ഢിക്കാണ്‌ മനസ്സിലക്കാന്‍ കഴിയാത്തത്‌. തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ തമ്മില്‍ എതിര്‍ത്ത എല്‍ഡിഎഫും യുഡിഎഫും ബിജെപിയും വിമതരും അങ്ങനെ ഒരു വര്‍ഗമായി അധികാരം പങ്കിടുന്നതാണ്‌ കണ്ടത്‌. ഓര്‍ക്കണം ഈ വൃത്തികേട്‌ നടപ്പിലാക്കാനല്ല കേരളത്തിലെ വോട്ടര്‍മാര്‍ ഇത്തവണ തങ്ങളുടെ സമ്മതിദാനം നിര്‍വ്വഹിച്ചത്‌. എന്നിട്ടും ജനവിധിയെ അപഹാസ്യമാക്കുന്ന കൂട്ടുകെട്ടുകളാണ്‌ പല പഞ്ചായത്തുകളിലും ബ്ലോക്കിലും ജില്ലാ പഞ്ചായത്തിലും നഗരസഭകളിലും രൂപം കൊണ്ടത്‌.
എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ്‌ വോട്ട്‌ അസാധുവാക്കിയതും തങ്ങള്‍ തന്നെ നാമനിര്‍ദേശം ചെയ്ത സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ അസാധുവിനെ ഇടതുപക്ഷം കൂട്ടുപിടിച്ചതും വിമതരെ ഇരുപക്ഷവും ആശ്ലേഷിച്ചതും വോട്ടെടുപ്പില്‍ നിന്ന്‌ വിട്ടുനിന്നുകൊണ്ട്‌ ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും അധികാരത്തിലേറാന്‍ ബിജെപി അവസരമുണ്ടാക്കിയതുമൊക്കെ കേരളത്തിലെ വിവേചന ശീലമുള്ള സമ്മതിദായകരുടെ മുഖത്തുനോക്കി കൊഞ്ഞനം കുത്തുന്ന നടപടികളയായിരുന്നു. അധികാരത്തിനുവേണ്ടി എത്ര നീചമായ നിലപാടെടുക്കാനും മടിയില്ലാത്തവരാണ്‌ തങ്ങളെന്ന്‌ വ്യക്തമാക്കിയ ഇവരുടെ ഭരണത്തില്‍ നാട്ടില്‍ വികസനം വരുമെന്ന്‌ സ്വപ്നം കാണുന്നവരാണ്‌ വിഡ്ഢികള്‍.
എറണാകുളം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക്‌ നടന്ന വോട്ടെടുപ്പിലൂടെ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ്‌ തര്‍ക്കം വീണ്ടും രൂക്ഷമായി രംഗത്തെത്തിയിരിക്കുകയാണ്‌. നേരത്തെ ഈ പംക്തിയില്‍ ചൂണ്ടിക്കാണിച്ചതാണ്‌, അഞ്ചുവര്‍ഷം കഴിയുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന കോസ്മോപോളിറ്റന്‍ നഗരനിര്‍മാണത്തിന്‌ ചുക്കാന്‍ പിടിക്കേണ്ട മേയര്‍ രാഷ്ട്രീയത്തിന്‌ അതീതമായി ചിന്തിക്കുന്ന വ്യക്തിയും ഭാവനാശാലിയുമായിരിക്കണമെന്ന്‌. ഇത്‌ എന്റെ മാത്രം അഭിപ്രായമായിരുന്നില്ല കൊച്ചിയിലെയും കേരളത്തിലെയും ജനങ്ങളുടെ ആഗ്രഹമായിരുന്നു. എന്നാല്‍, എന്‍. വേണുഗോപാലും ടോണി ചമ്മണിയും അടങ്ങുന്ന കോണ്‍ഗ്രസുകാര്‍ അധികാരത്തോടുള്ള അമിതാര്‍ത്തിയും സ്വതസിദ്ധമായ കാലുവാരല്‍ ത്വരയുമൊക്കെയാണ്‌ പ്രദര്‍ശിപ്പിച്ചത്‌. ഇവരില്‍ നിന്ന്‌ കൊച്ചിയിലെ ജനങ്ങള്‍ക്ക്‌ എന്താണ്‌ പ്രതീക്ഷിക്കാന്‍ കഴിയുക? സമാന സ്വഭാവമുള്ള കുലംകുത്തലുകള്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും വാശിയോടെ കാഴ്ചവെച്ചു. ഇതിലൂടെ അധികാരത്തിന്റെ ശീതളതയും അതിലൂടെ കൈവരുന്ന സാമ്പത്തിക ലാഭങ്ങളും മാത്രമാണ്‌ ഇവരുടെയെല്ലാം ലക്ഷ്യമെന്ന്‌ അസന്ദിഗ്ധമായി ഇവര്‍ പ്രഖ്യാപിക്കുകയായിരുന്നു. ഒരുമാറ്റം ആഗ്രഹിച്ച്‌ വോട്ട്‌ ചെയ്തവരോടാണ്‌, ആതിരേ, ജയിച്ച സ്ഥാനാര്‍ത്ഥികള്‍ ഈ പിതൃരഹിത രാഷ്ട്രീയക്കളി കാണിച്ചിരിക്കുന്നത്‌.
ഇത്തരത്തില്‍ അധികാരത്തിലെത്തിയവരില്‍ നിന്ന്‌ ഒന്നും പ്രതീക്ഷിക്കേണ്ട എന്ന്‌ ഉറപ്പായി. ഒപ്പം മറ്റൊരു ഭീഷണമായ വാസ്തവത്തേയും കേരളത്തിലെ വോട്ടര്‍മാര്‍ നേരിടേണ്ടിയിരിക്കുന്നു. അത്‌ ഇത്തവണ ജയിച്ചുവന്ന 50 ശതമാനം വനിതകളില്‍ നിന്നാണ്‌. 50 ശതമാനം സീറ്റില്‍ വനിതകളെ മത്സരിപ്പിക്കാനെടുത്ത തീരുമാനം വിപ്ലവകരവും നേരത്തെ നടപ്പിലാക്കേണ്ടതുമായിരുന്നു എന്ന പക്ഷക്കാരാണ്‌ ഞങ്ങള്‍. എന്നാല്‍, ഇത്തവണ മൂന്ന്‌ മുന്നണികളും അവര്‍ക്ക്‌ ലഭിച്ച സീറ്റില്‍ സ്ഥാനാര്‍ത്ഥികളാക്കിയ വനിതകളില്‍ എത്ര പേര്‍ക്ക്‌ നേതൃത്വപരമായ കഴിവുണ്ട്‌ എന്ന്‌ അന്വേഷിക്കുന്നിടത്തുനിന്നാരംഭിക്കുന്നു നേരത്തെ സൂചിപ്പിച്ച ഭീഷണി. പുരുഷകേന്ദ്രീകൃതമായ രാഷ്ട്രീയ മണ്ഡലത്തില്‍ മാറ്റത്തിന്റെ പതാകവാഹകരാകേണ്ടവരാണ്‌ തെരഞ്ഞെടുക്കപ്പെട്ട വനിതകള്‍. അത്തരമൊരു ഇടം അവര്‍ക്ക്‌ ലഭിക്കണമെങ്കില്‍ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച്‌ തീരുമാനങ്ങള്‍ എടുക്കാനും അത്‌ നടപ്പിലാക്കാനും കൂടെയുള്ളവരെ പ്രോത്സാഹിപ്പിച്ച്‌ വികസനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കി നടത്താനുമുള്ള നേതൃത്വപരമായ കഴിവ്‌ അനുപേക്ഷണീയമാണ്‌. കൂടുതലൊന്നും പറയേണ്ടതില്ല ഇത്തവണ വിജയിച്ച വനിതാസ്ഥാനാര്‍ത്ഥികളില്‍ 95 ശതമാനം പേര്‍ക്കും ഈ കഴിവില്ല എന്നതാണ്‌ വാസ്തവം. അപ്പോള്‍ അവരെ മുന്‍നിര്‍ത്തി അഴിമതി വീരന്മാരായ പുരുഷന്മാരുടെ ഭരണവൈകൃതമായിരിക്കും നടക്കാന്‍ പോകുന്നത്‌.
അതുപോലെതന്നെ ഇത്തവണ വിജയിച്ച വനിതാസ്ഥാനാര്‍ത്ഥികളില്‍ എത്രപേര്‍ക്ക്‌ പഞ്ചായത്തീരാജ്‌- നഗരപാലിക നിയമങ്ങളെ കുറിച്ചും ചട്ടങ്ങളെ കുറിച്ചും അറിവുണ്ട്‌ ? അധികാരത്തിന്‌ പുറത്ത്‌ നില്‍ക്കുമ്പോള്‍ വിമര്‍ശിക്കാന്‍ നിയമങ്ങളും ചട്ടങ്ങളും വേണ്ട. മാന്യമായ പദങ്ങള്‍ അറിഞ്ഞാല്‍ മതി. എന്നാല്‍, അധികാരം ലഭിച്ചുകഴിഞ്ഞാല്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കണമെങ്കില്‍ നിയമങ്ങളും ചട്ടങ്ങളും അറിഞ്ഞിരിക്കേണ്ടത്‌ അനുപേക്ഷണീയമാണ്‌. നിര്‍ബന്ധിച്ചും സ്വാധീനിച്ചും പ്രലോഭിപ്പിച്ചുമൊക്കെയാണ്‌ മൂന്ന്‌ മുന്നണികളും വനിതാസ്ഥാനാര്‍ത്ഥികളെ ഫീല്‍ഡ്‌ ചെയ്തതെന്ന കാര്യത്തില്‍ സംശയമില്ല.അപ്പോള്‍ ഇവരില്‍ നിന്ന്‌ എങ്ങനെ നാടിന്റെ വികസനപ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സമര്‍പ്പണം പ്രതീക്ഷിക്കാന്‍ കഴിയും.
അതേ , ആതിരേ, ഒരിക്കല്‍ കൂടി അതിനീചമായി വഞ്ചിക്കപ്പെട്ടിരിക്കുകയാണ്‌ കേരളത്തിലെ വോട്ടര്‍മാര്‍.

No comments: