Friday, November 5, 2010

അഴിമതി : 'അമ്മായിഅമ്മ ഗാന്ധിയും' 'മരുമകള്‍ ഗാന്ധിയും' ഒരേവഴിയില്‍


ഇപ്പോള്‍ ചിത്രം വ്യക്തമാവുകയാണ്‌. അമ്മായിയമ്മ ഗാന്ധി മുതല്‍ കൊച്ചുമകന്‍ ഗാന്ധി വരെയുള്ള കുടുംബാധിപത്യത്തിന്റെ അടയാളങ്ങളെല്ലാം അഴിമതിയില്‍ മുങ്ങിക്കുളിച്ച്‌ നില്‍ക്കുന്ന രാഷ്ട്രവഞ്ചനകളും സാമദ്രോഹങ്ങളുമാണ്‌. ഈ സത്യം ഒരിക്കല്‍ കൂടി വെളിപ്പെടുത്താന്‍ കഴിഞ്ഞു എന്നിടത്താണ്‌ നവംബര്‍ 2-ാ‍ം തിയതി ന്യൂഡല്‍ഹിയില്‍ നടന്ന ഓള്‍ ഇന്ത്യ കോണ്‍ഗ്രസ്‌ കമ്മറ്റി യോഗത്തിന്റെ പ്രസക്തിയും പ്രാധാന്യവും.




"അഴിമതി ഒരു ആഗോളപ്രതിഭാസമാണ്‌" എന്ന വിശ്രുതമായ കണ്ടുപിടുത്തം നടത്തിയത്‌ ഇന്ദിരയായിരുന്നു. ഇന്ത്യയിലെ ഉരുക്കുവനിത എന്നറിയപ്പെട്ടിരുന്ന അവരുടെ ഭരണത്തിന്റെ അവസാനകാലം അഴിമതിയുടെ കൂത്തരങ്ങായപ്പോഴാണ്‌, ആതിരേ ഇത്തരമൊരു കണ്ടുപിടുത്തം നടത്താന്‍ അവര്‍ നിബന്ധിതയായത്‌. ആ ഭരണത്തിന്റെ നന്മയും തിന്മയും അനുഭവിച്ചവര്‍ക്ക്‌, അവയെ കുറിച്ച്‌ ഓര്‍മ്മയുള്ളവര്‍ക്ക്‌ സോണിയയുടെ നിലപാടില്‍ തെല്ലും അതിശയം തോന്നുകയില്ല. അമ്മായിഅമ്മയില്‍ ആരംഭിച്ച്‌ ഭര്‍ത്താവില്‍ തുടര്‍ന്ന അഴിമതി ഭരണത്തിന്‌ ഭംഗംവരുത്താതിരിക്കാന്‍ അവര്‍ക്ക്‌ ശ്രമിച്ചേ മതിയാകൂ.
കോണ്‍ഗ്രസിന്റെ അധ്യക്ഷയായി നാലാംവട്ടവും സോണിയയെ തെരഞ്ഞെടുക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന എഐസിസി സമ്മേളനത്തില്‍ ലോകത്തുള്ള സര്‍വ്വ വിഷയങ്ങളെ കുറിച്ചും വിശകലനമുണ്ടായി, പ്രമേയങ്ങളവതരിപ്പിക്കപ്പെട്ടു. കശ്മീര്‍ മുതല്‍ കൂട്ടുകക്ഷി ഭരണവരെയുള്ള വിഷയങ്ങളില്‍ 'ആധികാരികമായാണ്‌' സോണിയ കോണ്‍ഗ്രസുകാരോടും രാഷ്ട്രത്തോടും സംസാരിച്ചത്‌.
എന്നാല്‍, കോണ്‍ഗ്രസിനെയും അതിന്റെ സര്‍ക്കാരുകളെയും പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്ന അഴിമതിയെ കുറിച്ച്‌ കമാന്ന്‌ ഒരക്ഷരം അവരില്‍ നിന്നുണ്ടായില്ല, ആതിരേ.... എന്നുമാത്രമല്ല, അഴിമതിയുടെ പേരില്‍ വിവാദപുരുഷന്മാരായവരെ തനിക്കൊപ്പം വേദിയിലും സദസിലും സ്ഥാനം നല്‍കി തന്റെ കുടുംബഭരണരീതി അവര്‍ അരക്കിട്ടുറപ്പിക്കുകയും ചെയ്തു.
ഇന്ന്‌ വാര്‍ത്താമാധ്യമങ്ങളില്‍ ഏറെ വിവാദം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നവയാണ്‌ മുംബൈ ആദര്‍ശ്‌ ഹൗസിംഗ്‌ സൊസൈറ്റി അഴിമതി, കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതി, 2 ജി. സ്പെക്ട്രം അഴിമതി തുടങ്ങിയവ. മന്‍മോഹന്‍സിംഗ്‌ സര്‍ക്കാരിന്റെ വിശ്വാസ്യതയെ അനുദിനം പിച്ചിചീന്തുന്ന, കോണ്‍ഗ്രസിന്റെ ആദര്‍ശപരിവേഷത്തെ കളങ്കിതമാക്കിക്കൊണ്ടിരിക്കുന്ന ഈ വിഷയങ്ങളില്‍ തീര്‍ച്ചയായും, ആതിരേ, സോണിയയില്‍ നിന്ന്‌ ചില അഭിപ്രായ പ്രകടനങ്ങള്‍ മാധ്യമങ്ങളും പൊതുസമൂഹവും പ്രതീക്ഷിച്ചതാണ്‌. എന്നാല്‍, ഈ വിഷയം തമസ്കരിക്കാനും മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക്‌ ചവാനും സുരേഷ്‌ കല്‍മാഡിക്കും എഐസിസി വേദിയില്‍ ബഹുമാന്യസ്ഥാനം നല്‍കാനുമാണ്‌ അവരും കോണ്‍ഗ്രസ്‌ പാര്‍ട്ടിയും ശ്രമിച്ചത്‌. സുതാര്യമായ ഭരണം, അഴിമതി രഹിതമായ എക്സിക്യൂട്ടീവ്‌, വാഗ്ദാനങ്ങളുടെ നിറവേറ്റല്‍ എന്നൊക്കെ വീമ്പിളക്കി അധികാരത്തിലെത്തിയ ശേഷം ഇന്ത്യയിലെ പൊതുസമൂഹത്തെയും നികുതിദായകരെയും സമ്മതിദായകരെയും കുരങ്ങ്‌ കളിപ്പിക്കുന്ന രാഷ്ട്രീയ നീക്കത്തിന്‌ അങ്ങനെ സോണിയ ശാശ്വതീകരണം നല്‍കി.
ഇതേക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കളായ ദിഗ്‌വിജയ്‌ സിംഗും അഹമ്മദ്‌ പട്ടേലും നല്‍കിയ വിശദീകരണങ്ങള്‍ അഴിമതിയുടെ തിരക്കഥയുടെ പൂര്‍ണരൂപം നല്‍കുന്നു. സോണിയയെ അധ്യക്ഷയായി തെരഞ്ഞെടുക്കാനാണ്‌ ഇപ്പോള്‍ എഐസിസി സമ്മേളനം കൂടിയതെന്നും ഡിസംബര്‍ 18-20 തീയതികളില്‍ നടക്കുന്ന പ്ലീനറി സെഷനില്‍ രാജ്യം നേരിടുന്ന വിഷയങ്ങളെ കുറിച്ച്‌ കോണ്‍ഗ്രസ്‌ അതിന്റെ അഭിപ്രായം പ്രകടിപ്പിക്കും എന്നൊക്കെയായിരുന്നു ഇവരുടെ വിശദീകരണം. കോണ്‍ഗ്രസ്‌ അധ്യക്ഷയുടെ തെരഞ്ഞെടുപ്പ്‌ മാത്രമായിരുന്നു അജണ്ടയെങ്കില്‍ എന്തിനാണ്‌ മറ്റു വിഷയങ്ങളെ കുറിച്ച്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ ഇത്രയ്ക്കും ആധികാരികമായി , ആവേശത്തോടെ സംസാരിച്ചത്‌ ? ( ഈ ചോദ്യത്തിന്‌ ഉത്തരം കിട്ടുകയില്ല എന്നത്‌ തീര്‍ച്ചയാണ്‌.) ഒപ്പം ആദര്‍ശ്‌ ഹൗസിംഗ്‌ സൊസൈറ്റി അഴിമതി ലഘൂകരിക്കാനും ഈ നേതാക്കളുടെ ഭാഗത്തുനിന്ന്‌ ശ്രമമുണ്ടായി. കരസേനയിലെയും നാവികസേനയിലെയും ഉന്നത ഉദ്യോഗസ്ഥരുടെ വരെ പേരുകള്‍ ഈ അഴിമതിയുമായി ബന്ധപ്പെട്ട്‌ പ്രചരിക്കുന്നതുകൊണ്ട്‌ ഇപ്പോള്‍ ആ വിഷയത്തില്‍ അഭിപ്രായം പറയുന്നത്‌ യുക്തമല്ല എന്നാണ്‌ ദിഗ്‌വിജയ്‌ സിംഗ്‌ വിശദീകരിച്ചത്‌. കൊല്ലുന്ന രാജാവിന്‌ തിന്നുന്ന മന്ത്രി എന്ന കണക്കെ കോണ്‍ഗ്രസ്‌ അധ്യക്ഷ അംഗീകാരം നല്‍കിയിട്ടുള്ള അഴിമതികളെ ന്യായീകരിക്കാനല്ലാതെ ദിഗ്‌വിജയനും അഹമ്മദ്‌ പട്ടേലിനും മറ്റ്‌ എന്ത്‌ ചെയ്യാന്‍ കഴിയും.
ഈ യോഗത്തില്‍ , ആതിരേ, മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തില്‍ 'കൊച്ചുമകന്‍ ഗാന്ധി'യെ പാര്‍ട്ടിയുടെ അടുത്ത സാരഥിയായും ഇന്ത്യയുടെ പ്രധാനമന്ത്രിയായും അവതരിപ്പിച്ചത്‌ ശ്രദ്ധിക്കേണ്ടതാണ്‌. എഐസിസി സമ്മേളനം തുടങ്ങിയ ശേഷം ഹാളിലേക്ക്‌ കടന്നുവരികയും മറ്റ്‌ അംഗങ്ങള്‍ക്കൊപ്പം അല്‍പ്പനേരം സദസിലിരുന്ന ശേഷം വേദിയില്‍ അമ്മയ്ക്കുപുറകില്‍, കോണ്‍ഗ്രസിന്റെ നയരൂപീകരണ വിദഗ്ധര്‍ക്കരുകില്‍ രാഹുല്‍ സ്ഥാനം പിടിച്ചത്‌ വന്‍ കയ്യടിയോടെയായിരുന്നു. അമ്മയുടെ കാതില്‍ എന്തോ മന്ത്രിച്ച ശേഷം രാഹുല്‍ യോഗത്തെ അഭിസംബോധന ചെയ്ത്‌ പറഞ്ഞത്‌ 'ഏറെയേറെ ഗൗരവമുള്ള' വിഷയങ്ങളായിരുന്നു.
താന്‍ ഇന്ത്യയില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ചിട്ടുണ്ടെന്നും ഈ സഞ്ചാരത്തില്‍ തനിക്ക്‌ ഒരു വാസ്തവം ബോധ്യമായിട്ടുണ്ടെന്നും പറഞ്ഞുകൊണ്ടായിരുന്നു രാഹുലിന്റെ പ്രസംഗം. വര്‍ത്തമാനകാല ഇന്ത്യ രണ്ട്‌ ഹിന്ദുസ്ഥാനാണെന്ന്‌ അദ്ദേഹം കണ്ടെത്തിയിരിക്കുന്നു. സാധുക്കളും ദരിദ്രരും വികസനത്തിന്റെ വെളിച്ചത്തില്‍ നിന്ന്‌ അകറ്റി നിര്‍ത്തപ്പെട്ടവരും അടങ്ങുന്നതാണ്‌ ഒരു ഹിന്ദുസ്ഥാന്‍. രാജ്യത്തിന്റെ പുരോഗതിക്ക്‌ (?) ഒപ്പം നീങ്ങുകയും ജീവിതത്തില്‍ സാമ്പത്തിക നേട്ടങ്ങളുണ്ടാക്കുകയും ചെയ്യുന്നവരുടേതാണ്‌ രണ്ടാമത്തെ ഹിന്ദുസ്ഥാന്‍. ഈ രണ്ട്‌ ഹിന്ദുസ്ഥാനും തമ്മില്‍ ബന്ധപ്പെടുത്തിയേ തീരു. അതിനുള്ള ശ്രമമാണ്‌ അടിയന്തിരമായി ചെയ്യേണ്ടത്‌. ഈ യത്നം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കോണ്‍ഗ്രസിന്‌ മാത്രമേ കഴിയൂ എന്നും രാഹുല്‍ തറപ്പിച്ച്‌ പറഞ്ഞു.
ഒരു കാര്യം സമ്മതിച്ചേ തീരു, ആതിരേ. മുതുമുത്തച്ഛന്‍ ജവഹര്‍ലാല്‍ നെഹ്‌റു 'ഇന്ത്യയെ കണ്ടെത്തിയ'തില്‍ നിന്നും വിപ്ലവകരമായ രീതിയിലാണ്‌ കൊച്ചുമകന്റെ കണ്ടെത്തല്‍. രാജ്യത്തെ സാധാരണജനങ്ങളുടെ ഉന്നമനത്തിനും ജീവിതാവസ്ഥകളുടെ പുരോഗതിക്കുമായി കോടിക്കണക്കിന്‌ രൂപ ചെലവ്‌ വരുന്ന പദ്ധതികള്‍ കേന്ദ്രം ആവിഷ്കരിച്ച്‌ നടപ്പിലാക്കിയിട്ടും സ്വാതന്ത്ര്യം കിട്ടി 63 വര്‍ഷം കഴിഞ്ഞിട്ടും ദരിദ്ര നാരായണന്മാരുടെ ഒരു ഹിന്ദുസ്ഥാന്‍ ഇന്ത്യയിലുണ്ട്‌ എന്ന കണ്ടെത്തല്‍ അത്ര ചെറിയ കാര്യമൊന്നുമല്ലല്ലോ..!. ഇവിടെ ഉന്നയിക്കപ്പെടുന്ന ചോദ്യം അപ്പോള്‍ ഇത്രയും കാലം കേന്ദ്രം നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കള്‍ ആരായിരുന്നു എന്നതാണ്‌ ? അവരെ കുറിച്ചുകൂടി പറഞ്ഞിടത്താണ്‌ രാഹുലിന്റെ കണ്ടെത്തലിനെ അഭിനന്ദിക്കേണ്ടത്‌. ഈ ക്ഷേമപദ്ധതികളെ എല്ലാം കാമധേനുക്കളാക്കി ഒരു വര്‍ഗം വികസിച്ചുവന്നിട്ടുണ്ട്‌ എന്ന്‌ അദ്ദേഹം സമ്മതിക്കുകയായിരുന്നു. വഴിവിട്ട അത്തരം വികസനത്തിന്റെയും വളര്‍ച്ചയുടെയും പുതിയ കഥകളാണല്ലോ ആദര്‍ശ്‌ ഹൗസിംഗ്‌ സൊസൈറ്റി അഴിമതിയും കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതിയും 2ജി സ്പെക്ട്രം അഴിമതിയുമൊക്കെ. ഈ അഴിമതി വീരന്മാര്‍ക്ക്‌ സംരക്ഷണം നല്‍കുന്നത്‌ തന്റെ മാതാവും അവര്‍ ആധ്യക്ഷം വഹിക്കുന്ന കോണ്‍ഗ്രസ്‌ പാര്‍ട്ടിയും ആ പാര്‍ട്ടി നയിക്കുന്ന കേന്ദ്രസര്‍ക്കാരുമാണെന്ന സത്യം കൊച്ചുമകന്‍ ഗാന്ധി, തന്റെ ഇന്ത്യയെ കണ്ടെത്തലിന്റെ ആവേശത്തില്‍ മറന്നുപോയെന്ന്‌ തോന്നുന്നു.
ആതിരേ, ഈ രണ്ട്‌ ഹിന്ദുസ്ഥാനുകളെ യോജിപ്പിക്കുകയാണോ അതോ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ അടക്കമുള്ളവ ഹൈജാക്‌ ചെയ്യുകയും കോടിക്കണക്കിന്‌ രൂപയുടെ അഴിമതി നടത്തുകയും ചെയ്യുന്ന വരേണ്യ വര്‍ഗ്ഗത്തില്‍ പെട്ട നേതാക്കന്മാരെയും അവരെ സംരക്ഷിക്കുന്നവരെയും ഇവരുടെയൊക്കെ ഇടനിലക്കാരെയും ഉന്മൂലനം ചെയ്യുകയാണോ വേണ്ടത്‌ ? തീര്‍ച്ചയായും രണ്ടാമത്‌ പറഞ്ഞതാണ്‌ നടപ്പിലാക്കേണ്ടത്‌. പക്ഷെ, അതിനുള്ള സമ്മതവും മനസ്സും ഇഛാശക്തിയും കോണ്‍ഗ്രസ്‌ അധ്യക്ഷയ്ക്കോ പ്രധാനമന്ത്രിക്കോ ഇല്ല എന്നതാണ്‌ വര്‍ത്തമാനകാല വാസ്തവം. വന്‍ അഴിമതികള്‍ നടത്തി നേതാക്കന്മാര്‍ പോക്കറ്റ്‌ വീര്‍പ്പിക്കുമ്പോള്‍ അതിന്റെ ഇരട്ടി പാര്‍ട്ടിക്കും പാര്‍ട്ടിയുടെ നിയന്താക്കള്‍ക്കും ലഭിക്കുമെന്നുള്ളത്‌ ഏത്‌ വിഡ്ഢിക്കുമറിയാവുന്ന വസ്തുതയാണ്‌. യഥാര്‍ത്ഥത്തില്‍ അശോക്‌ ചൗഹാനെയും സുരേഷ്‌ കല്‍മാഡിയെയും എ. രാജയെയും പോലെയുള്ള കുഞ്ഞിരാമന്മാരെ ചാടിക്കളിപ്പിച്ച്‌ കോടികള്‍ സമ്പാദിച്ചിട്ടുള്ളവരാണ്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയും അതുമായി ബന്ധപ്പെട്ടവരും. അപ്പോള്‍ അഴിമതിക്കെതിരെ സംസാരിക്കാന്‍ സോണിയയ്ക്ക്‌ കഴിയുന്നതെങ്ങനെ ?
ആ മൗനത്തെ കൗശലപൂര്‍വ്വമായ ഒരു ഇടപെടലിലൂടെ ന്യായീകരിക്കുകയും അഴിമതിക്കാരെ നിലനിര്‍ത്തുകയും ചെയ്യുകയായിരുന്നു രാഹുല്‍. ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഈ രണ്ട്‌ ഹിന്ദുസ്ഥാനും ഇതേ രീതിയില്‍ തന്നെ നിലനില്‍ക്കണം. എന്നാല്‍, ഇവ തമ്മില്‍ ബന്ധിപ്പിച്ചാല്‍ മതി. അതിനു കഴിയുന്നത്‌ കോണ്‍ഗ്രസിനും. ഇപ്പോള്‍ ചിത്രം വ്യക്തമാവുകയാണ്‌. അമ്മായിയമ്മ ഗാന്ധി മുതല്‍ കൊച്ചുമകന്‍ ഗാന്ധി വരെയുള്ള കുടുംബാധിപത്യത്തിന്റെ അടയാളങ്ങളെല്ലാം അഴിമതിയില്‍ മുങ്ങിക്കുളിച്ച്‌ നില്‍ക്കുന്ന രാഷ്ട്രവഞ്ചനകളും സാമദ്രോഹങ്ങളുമാണ്‌. ഈ സത്യം ഒരിക്കല്‍ കൂടി വെളിപ്പെടുത്താന്‍ കഴിഞ്ഞു എന്നിടത്താണ്‌ ആതിരേ, നവംബര്‍ 2-ാ‍ം തിയതി ന്യൂഡല്‍ഹിയില്‍ നടന്ന ഓള്‍ ഇന്ത്യ കോണ്‍ഗ്രസ്‌ കമ്മറ്റി യോഗത്തിന്റെ പ്രസക്തിയും പ്രാധാന്യവും.

No comments: