Friday, August 20, 2010

എട്ടുകാലി മമ്മൂഞ്ഞുമാരുടെ വര്‍ഗീയ അജണ്ട

കൊണ്ടാലും പഠിക്കില്ല എന്ന ചൊല്ല്‌ അന്വര്‍ത്ഥമാക്കിക്കൊണ്ടാണ്‌ മദനിയുമായുള്ള ബന്ധം മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗം തുടര്‍ന്ന്‌ പോന്നത്‌. ഇവരുടെ സമ്മര്‍ദ്ദമാണ്‌ മദനിയുടെ അറസ്റ്റ്‌ ഇത്ര അപഹാസ്യമാക്കി തീര്‍ത്തത്‌. കേരളത്തിലെ ന്യൂനപക്ഷ തീവ്രവാദത്തോട്‌ ഇടതുപക്ഷ സര്‍ക്കാരും സര്‍ക്കാരിനെ നിയന്ത്രിക്കുന്ന മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ പ്രബല-സമ്മര്‍ദ്ദ വിഭാഗം മൃദുസമീപനമാണ്‌ തുടരുന്നതെന്ന ആരോപണത്തെ സാര്‍ത്ഥകമാക്കുന്നതും ശക്തിപ്പെടുത്തുന്നതുമായിരുന്നു ഈ നിലപാട്‌. പോലീസിലെ ഉന്നതരടക്കമുള്ളവരുടെ സഹായവും സംരക്ഷണവും ഈ തീവ്രവാദി വിഭാഗത്തിന്‌ ലഭിക്കുന്നുണ്ട്‌ എന്ന്‌ ചിന്തിപ്പിക്കുന്ന തലത്തിലേക്കാണ്‌ ഇതുവരെയുള്ള നടപടികള്‍ പരിണമിച്ചിട്ടുള്ളത്‌. സവര്‍ണ്ണ ഹിന്തുത്വ തീവ്രവാദ ചിന്തകളെ കണ്‍സോളിഡേറ്റ്‌ ചെയ്യിക്കാനാണ് ഈ നടപടി ഉതകിയത്‌. ഇത്‌ വരും കാലത്ത്‌ വന്‍ സ്ഫോടനാത്മകമായ അവസരങ്ങളാകും സൃഷ്ടിക്കുക.



അങ്ങനെ, ആതിരേ കേരളത്തിന്റെ ജനാധിപത്യ ബോധത്തെയും നിലവിലിരിക്കുന്ന ഭരണഘടനാ കീഴ്‌വക്കങ്ങളെയും അധിക്ഷേപിച്ചും അവഹേളിച്ചും കോടിയേരി ബാലകൃഷ്ണന്റെയും ജേക്കബ്‌ പുന്നൂസിന്റെയും പോലീസിന്റെ സഹായത്തോടെ ബാംഗ്ലൂര്‍ പോലീസ്‌ അബ്ദുള്‍ നാസര്‍ മദനിയെ അറസ്റ്റുചെയ്തു.
കോടതിയില്‍ കീഴടങ്ങാന്‍ പുറപ്പെട്ട മദനിയെയാണ്‌ ഐജി എ. ഹേമചന്ദ്രന്റെയും കൊല്ലം എസ്പി ഹര്‍ഷിത അട്ടല്ലൂരിയുടെയും നേതൃത്വത്തിലുള്ള കേരള പോലീസിന്റെ വന്‍ സുരക്ഷാ സന്നാഹത്തിന്‌ നടുവില്‍ അന്‍വാര്‍ശേരി കോമ്പൗണ്ടിനകത്ത്‌ വച്ച്‌ ഓഗസ്റ്റ്‌ 17 ചൊവ്വാഴ്ച ഉച്ചയ്ക്ക്‌ 1.17 അറസ്റ്റ്‌ ചെയ്തത്‌. അന്വേഷണ സംഘത്തലവനും ജോയിന്റ്‌ കമ്മീഷണറുമായ അലോക്‌ കുമാറിന്റെ സാന്നിധ്യത്തില്‍ ബാംഗ്ലൂര്‍ പോലീസ്‌ ഡെപ്യൂട്ടി കമ്മീഷണര്‍ ഓംകായ്യയാണ്‌ അറസ്റ്റ്‌ നടപ്പിലാക്കിയത്‌.
അറസ്റ്റ്‌ ചെയ്യാന്‍ കര്‍ണ്ണാടക പോലീസും മദനി കീഴടങ്ങട്ടെ എന്ന രാഷ്ട്രീയ ദുഷ്ടലാക്കോടെ ആഭ്യന്തരവകുപ്പും അന്‍വാര്‍ശേരിയെ നാലുദിവസത്തിലധികം ഉഴുതുമറിച്ച നാടകീയതയ്ക്ക്‌ പിന്നീടായിരുന്നു മദനിയുടെ അറസ്റ്റ്‌.
ആതിരേ, ഇതുപോലെ അപഹാസ്യമായ ഒരു അറസ്റ്റ്‌ നാടകം കേരളത്തിന്റെ ഓര്‍മ്മയിലില്ല. പിഡിപി അണികളുടെ ആഗ്രഹം മാനിച്ച്‌ അറസ്റ്റ്‌ കഴിയുന്നത്ര നീട്ടിക്കൊണ്ടുപോകാന്‍ ആഭ്യന്തരവകുപ്പ്‌ എല്ലാ കുതന്ത്രങ്ങളും പയറ്റിയപ്പോള്‍ കേരളത്തിലെ പോലീസ്‌ സേനയ്ക്കിടയിലേയ്ക്ക്‌ പുതിയ ആശയക്കുഴപ്പവും മടുപ്പുമാണ്‌ ഭരണകൂടം കുത്തിവെച്ചത്‌. കൊല്ലം ജില്ലയിലെയും സമീപ ജില്ലകളിലെയും നൂറ്‌ കണക്കിന്‌ പോലീസുകാരെ അന്‍വാര്‍ശേരിക്കു ചുറ്റും നാലുദിവസം കാവല്‍ കിടത്തിയശേഷമായിരുന്നു അറസ്റ്റ്‌. രാത്രി ഒഴികെ ഒരു സമയം 750 പോലീസുകാരെ വരെ അന്‍വാര്‍ശേരിയില്‍ വിന്യസിച്ചിരുന്നു. അടൂര്‍ കെഎപി ക്യാമ്പില്‍ പാസിങ്‌ ഔട്ട്‌ പരേഡ്‌ കഴിഞ്ഞവരില്‍ 250 ഓളം പേരെയാണ്‌ മണിക്കൂറുകള്‍ക്കുള്ളില്‍ അന്‍വാര്‍ശേരിയില്‍ നിയോഗിച്ചത്‌. തൃശൂര്‍ കെഎപി ക്യാമ്പില്‍ നിന്നുവരെ പോലീസിനെ ഇവിടെ എത്തിച്ചിരുന്നു.
മദനിയെ അറസ്റ്റ്‌ ചെയ്യാന്‍ മടുപ്പുളവാക്കുന്ന ഇത്രയും നീണ്ട നടപടികളുടെ ആവശ്യമുണ്ടായിരുന്നോ എന്നതാണ്‌,ആതിരേ, ഇപ്പോള്‍ സാധാരണ പോലീസുകാരും ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരും തമ്മില്‍ തമ്മില്‍ ചോദിക്കുന്നത്‌. ഭക്ഷണവും വെള്ളവും വിശ്രമിക്കാന്‍ ഇടവുമില്ലാതെ ഇത്രയധികം പോലീസുകാരെ ഈ ഒരു അറസ്റ്റിനുവേണ്ടി ബുദ്ധിമുട്ടിച്ചത്‌ ആരുടെ ബുദ്ധിയായിരുന്നു എന്നും പോലീസ്‌ സേനയ്ക്കിടയില്‍ രോഷം കലര്‍ന്ന ചോദ്യമുണ്ട്‌. ഭക്ഷണവും വെള്ളവും വിശ്രമവുമില്ലാതെ ഒരു വനിതാപോലീസ്‌ കുഴഞ്ഞുവീണ അനുഭവം വരെ അന്‍വാര്‍ശേരിയിലുണ്ടായി.
ഇത്രയൊക്കെ നാണംകെട്ട അവധാനത പുലര്‍ത്തിയിട്ടും മദനിയുടെ അറസ്റ്റിന്‌ കേരള പോലീസ്‌ എല്ലാവിധ സഹായവും ചെയ്തുകൊടുത്തു എന്നാണ്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അവകാശപ്പെട്ടത്‌.ആതിരേ, വൈക്കം മുഹമ്മദ്‌ ബഷീറിന്റെ എട്ടുകാലി മമ്മൂഞ്ഞ്‌, ലക്ഷ്മിക്കുട്ടിയെന്ന ആനയ്ക്കുണ്ടായ കുട്ടിയും തന്റേതാണെന്ന്‌ അവകാശപ്പെട്ട അശ്ലീതയെ ലജ്ജിപ്പിക്കുന്ന അവകാശവാദമായിരുന്നു ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റേത്‌.
കര്‍ണാടക ഹൈക്കോടതി, ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍, അബ്ദുള്‍ നാസര്‍ മദനി കുറ്റക്കാരനാണെന്ന്‌ കണ്ടെത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ്‌ ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തതിനെ തുടര്‍ന്നാണ്‌ ബാംഗ്ലൂര്‍ പോലീസ്‌ അബ്ദുള്‍ നാസര്‍ മദനിയെ അറസ്റ്റ്‌ ചെയ്യാന്‍ അന്‍വാര്‍ശേരിയിലെത്തിയത്‌. ഇന്ത്യയില്‍ നിലവിലിരിക്കുന്ന കീഴ്‌വഴക്കമനുസരിച്ച്‌ മദനിയെ അറസ്റ്റ്‌ ചെയ്യാനുള്ള എല്ലാ സൗകര്യവും ചെയ്തുകൊടുക്കാന്‍ കേരളപോലീസ്‌ ബാധ്യസ്ഥരായിരുന്നു. എന്നാല്‍, 'ചില പ്രത്യേക കാരണങ്ങളാല്‍' കേരളപോലീസില്‍ നിന്ന്‌ ലഭിക്കേണ്ട സഹായം കിട്ടാത്തതുമൂലം നാലുദിവസത്തോളം ബാംഗ്ലൂര്‍ പോലീസിന്‌ കൊല്ലം റസ്റ്റ്‌ ഹൗസില്‍ കാത്തിരിക്കേണ്ടിവന്നു. ഇതിനിടയിലായിരുന്നു രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനം. അബ്ദുള്‍നാസര്‍ മദനിയെ അറസ്റ്റ്‌ ചെയ്താല്‍ ക്രമസമാധാന പ്രശ്നമുണ്ടാകും എന്ന ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിന്റെ മറവിലും രാഷ്ട്രപതിയുടെ സുരക്ഷക്കായി കൂടുതല്‍ പോലീസിനെ നിയോഗിക്കേണ്ടിവന്നതിന്റെ മറവിലും അറസ്റ്റ്‌ ദീര്‍ഘിപ്പിക്കുകയായിരുന്നു ആഭ്യന്തരവകുപ്പും ആ വകുപ്പിനെ ഭരിക്കുന്ന ഭരണകൂടാതീതമായ ചില ശക്തികളും.
ഇവിടെയാണ്‌,ആതിരേ, അബ്ദുള്‍നാസര്‍ മദനിയുമായി ബന്ധപ്പെട്ട രാഷ്ട്രീയത്തിന്റെ അശ്ലീല മുഖം നാലുദിവസമായി കേരളത്തിലെ പൊതുസമൂഹവും ലോകവും കണ്ട്‌ മൂക്കത്ത്‌ വിരല്‍ വെച്ച്‌ നിന്നത്‌. അബ്ദുള്‍നാസര്‍ മദനിയെ കോയമ്പത്തൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെടുത്തി ജയിലിലടച്ചതിന്‌ കാരണമായ അറസ്റ്റ്‌ നടന്നത്‌ ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്‌. ഈ അറസ്റ്റ്‌ സൃഷ്ടിച്ച രാഷ്ട്രീയ പ്രത്യാഘാതങ്ങളില്‍ നിന്ന്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി മുക്തമായിരുന്നില്ല. ന്യൂനപക്ഷ സംരക്ഷകരെന്ന്‌ അവകാശപ്പെടുന്ന മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ഭരണസമയത്ത്‌ നടന്ന അറസ്റ്റിനെ തുടര്‍ന്നാണ്‌ കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ അബ്ദുള്‍നാസര്‍ മദനിയെ ഒരുദശകത്തോളം സേലം അടക്കമുള്ള ജയിലുകളില്‍ ക്രൂരമായി പീഡിപ്പിച്ചത്‌. തെരഞ്ഞെടുപ്പുമായുള്ള രാഷ്ട്രീയ പാരസ്പര്യത്തില്‍ ഇടതുമുന്നണിക്ക്‌ ഇത്‌ ക്ഷീണമുണ്ടാക്കി എന്ന്‌ തിരിച്ചറിഞ്ഞാണ്‌ മദനിയുടെ ജയില്‍ മോചനത്തിനായി വി.എസ്‌ അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ ശ്രമിച്ചത്‌. ഒരു നിരപരാധിയെ വിചാരണതടവുകാരനാക്കി ക്രൂരമായി പീഡിപ്പിച്ച ഭരണകൂട ഭീകരതയ്ക്കെതിരായ ചെറുത്തുനില്‍പ്പും പ്രതിഷേധവുമായിരുന്നു വി.എസ്‌ അടക്കമുള്ള നേതാക്കളെ മദനിയുടെ മോചനത്തിനായി യത്നിക്കാന്‍ പ്രേരിപ്പിച്ചത്‌.
അതിന്റെ തുടര്‍ച്ചയായിട്ടാണ്‌, ആതിരേ ജയില്‍ മോചിതനായ മദനിക്ക്‌ ശംഖുമുഖത്ത്‌ വന്‍ സ്വീകരണം മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെയും ഇടതുപക്ഷമുന്നണിയുടെയും സഹായത്തോടെ നല്‍കിയത്‌. ആ രാഷ്ട്രീയ ബാന്ധവമായിരുന്നു കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ കണ്ടത്‌. എന്നാല്‍, അതിന്‌ മുമ്പ്‌ തന്നെ കളമശേരി ബസ്‌ കത്തിക്കല്‍ കേസിലും തടിയന്റവിട നസീര്‍ ഉള്‍പ്പെട്ട തീവ്രവാദ കേസിലും അബ്ദുള്‍ നാസര്‍ മദനിക്കും ഭാര്യ സൂഫി മദനിക്കും ബന്ധമുണ്ട്‌ എന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പിഡിപി തീവ്രവാദ സംഘടയാണ്‌ എന്ന ബോധം അങ്ങനെ കേരളത്തിലെ പൊതുസമൂഹത്തില്‍ രൂഢമൂലമായിരിക്കുമ്പോഴാണ്‌ മദനി ജനാധിപത്യ പൊതുധാരയിലേയ്ക്ക്‌ എത്തി എന്ന്‌ അവകാശപ്പെട്ട്‌ പിണറായി വിജയനും സഖാക്കളും മദനിയുമായി അടവുനയം രൂപീകരിച്ചത്‌. ഇതിനെ വി.എസ്‌ അടക്കമുള്ള സഖാക്കളും കേരളത്തിന്റെ പൊതുസമൂഹവും എതിര്‍ത്തിരുന്നു. അതിന്റെ പ്രതിഫലനമായിരുന്നു പാര്‍ലമന്റ്‌ തെരഞ്ഞെടുപ്പില്‍ പൊന്നാനി അടക്കമുള്ള സീറ്റുകളിലെ ഇടതുപക്ഷത്തിന്റെ നാണംകെട്ട പരാജയം.
കൊണ്ടാലും പഠിക്കില്ല എന്ന ചൊല്ല്‌ അന്വര്‍ത്ഥമാക്കിക്കൊണ്ടാണ്‌ പിന്നീടും മദനിയുമായുള്ള ബന്ധം മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗം തുടര്‍ന്ന്‌ പോന്നത്‌. ഇവരുടെ സമ്മര്‍ദ്ദമാണ്‌, ആതിരേ, മദനിയുടെ അറസ്റ്റ്‌ ഇത്ര അപഹാസ്യമാക്കി തീര്‍ത്തത്‌. പിഡിപി അണികള്‍ ആഗ്രഹിച്ചതുപോലെ മദനിയുടെ അറസ്റ്റ്‌ നീട്ടിക്കൊണ്ടുപോകാനായിരുന്നു നിയമവും കീഴ്‌വഴക്കങ്ങളും ലംഘിച്ചുകൊണ്ടുള്ള ഈ നടപടികള്‍. ഇത്‌ ഭീകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തിലെ ന്യൂനപക്ഷ തീവ്രവാദത്തോട്‌ ഇടതുപക്ഷ സര്‍ക്കാരും സര്‍ക്കാരിനെ നിയന്ത്രിക്കുന്ന മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ പ്രബല-സമ്മര്‍ദ്ദ വിഭാഗവും മൃദുസമീപനമാണ്‌ തുടരുന്നതെന്ന ആരോപണത്തെ സാര്‍ത്ഥകമാക്കുന്നതും ശക്തിപ്പെടുത്തുന്നതുമായിരുന്നു ഈ നിലപാട്‌. മദനിയുടെ കാര്യത്തില്‍ മാത്രമല്ല ന്യൂമാന്‍ കോളജ്‌ അധ്യാപകന്റെ കൈവെട്ടിയ പോപ്പുലര്‍ ഫ്രണ്ടിന്റെ കാര്യത്തിലും ഇതേ മൃദു സമീപനമാണ്‌ ആഭ്യന്തരവകുപ്പ്‌ അനുവര്‍ത്തിക്കുന്നതെന്ന്‌ പൊതുസമൂഹത്തെ കൊണ്ട്‌ സംശയിപ്പിക്കുന്ന രീതിയിലാണ്‌ അന്വേഷണത്തിന്റെ പോക്ക്‌. സംഭവം നടന്ന്‌ ഒന്നരമാസം കഴിഞ്ഞിട്ടും പ്രതികളിലൊരാളെ പോലും കണ്ടെത്താന്‍ മിടുക്കരെന്ന്‌ അവകാശപ്പെടുന്ന കേരളത്തിലെ പോലീസിന്‌ കഴിഞ്ഞിട്ടില്ല. പോലീസിലെ ഉന്നതരടക്കമുള്ളവരുടെ സഹായവും സംരക്ഷണവും ഈ തീവ്രവാദി വിഭാഗത്തിന്‌ ലഭിക്കുന്നുണ്ട്‌ എന്ന്‌ ചിന്തിപ്പിക്കുന്ന തലത്തിലേക്കാണ്‌ ഇതുവരെയുള്ള നടപടികള്‍ പരിണമിച്ചിട്ടുള്ളത്‌. മദനിയുടെ അറസ്റ്റ്‌ വൈകിക്കുകവഴി ഈ ചിന്തക്ക്‌ അപകടകരമായി വളരാനുള്ള ഭൂമികയാണ്‌ ആഭ്യന്തരവകുപ്പ്‌ സൃഷ്ടിച്ചത്‌. സവര്‍ണ്ണ ഹിന്തുത്വ തീവ്രവാദ ചിന്തകളെ കണ്‍സോളിഡേറ്റ്‌ ചെയ്യിക്കാനാണ്‌ ഈ നടപടി ഉതകിയത്‌.ആതിരേ, ഇത്‌ വരും കാലത്ത്‌ വന്‍ സ്ഫോടനാത്മകമായ പരിസരങ്ങളാകും സൃഷ്ടിക്കുക.
സമാനമായ ഒരു സംഘര്‍ഷവും സംസ്ഥാനങ്ങള്‍ തമ്മില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്‌. കര്‍ണാടക ഹൈക്കോടതി കുറ്റവാളിയെന്ന്‌ വിധിച്ചതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ്‌ ചെയ്യാനെത്തിയ ബാംഗ്ലൂരിലെ പോലീസിനെ രാഷ്ട്രീയ കാരണങ്ങളാല്‍ നാല്‌ ദിവസത്തോളം നിഷ്ക്രിയരായി നിര്‍ത്തിയത്‌ നിസാര സംഭവമല്ല. ഇനി കേരളത്തില്‍ നിന്ന്‌ ഒരു പ്രതിയെ തേടി മറ്റേതെങ്കിലും സംസ്ഥാനത്ത്‌ പോലീസ്‌ പോകേണ്ടി വന്നാല്‍ അവിടത്തെ ഭരണകൂടം രാഷ്ട്രീയകാരണങ്ങള്‍ പറഞ്ഞ്‌ ഇത്തരത്തില്‍ നീതി നിര്‍വഹണത്തെ തടസ്സപ്പെടുത്താനുള്ള കീഴ്‌വഴക്കം കൂടിയാണ്‌ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌. ഇത്‌ ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിനും ജനാധിപത്യ രീതികള്‍ക്കും മതനിരപേക്ഷ മൂല്യങ്ങള്‍ക്കും ഏല്‍പ്പിച്ചിട്ടുള്ളത്‌ വലിയ ആഘാതമാണ്‌. ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കും ഇടതുപക്ഷ സര്‍ക്കാരിനും രക്ഷപ്പെടാന്‍ കഴിയുകയില്ല.
മദനിയെ അറസ്റ്റ്‌ ചെയ്യാന്‍ കര്‍ണാടക പോലീസിനെ സഹായിച്ചു എന്നവകാശപ്പെടുന്ന എട്ടുകാലി മമ്മൂഞ്ഞുകളാണ്‌ ഭീകരവാദികളേക്കാള്‍ ഭയപ്പേടേണ്ടവരെന്ന്‌ ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്‌, ആതിരെ....

No comments: