അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ അവകാശ സംരക്ഷണത്തിനായി നിലകൊളളുന്നു എന്ന് അവകാശപ്പെടുകയും അവരെ എല്ലാവിധ ചൂഷണങ്ങളില്‍ നിന്ന് രക്ഷിക്കാനാണ് പാര്‍ട്ടിയും ഭരണവുമെന്ന് അഭിമാനിക്കുകയും ചെയ്യുമ്പോഴാണ് പാര്‍ട്ടി അണികള്‍ അടക്കമുള്ള കേരളത്തിലെ സാധാരണക്കാരെ വഞ്ചിച്ചും ചൂഷണം ചെയ്തും ലോട്ടറി മാഫിയ കോടികളുടെ ലാഭം കൊയ്യുന്നത്. ജനപക്ഷ നിലപാടുകള്‍ ഉപേക്ഷിച്ച്, ആഡംബരത്തിലും സുഖ സൗകര്യങ്ങളിലും അഭിരമിച്ച് മൂലധന ചൂഷകര്‍ക്കും സമാഹര്‍ത്തക്കള്‍ക്കും സംരക്ഷണം നല്‍കി ആ കളങ്കിത സ്വത്തിന്റെ കമ്മീഷന്‍ പറ്റി ഒരു പാര്‍ട്ടി അതിന്റെ സാമ്പത്തിക അടിത്തറ വിപുലപ്പെടുത്തുമ്പോള്‍ എങ്ങനെയാണ് ഡോ. തോമസ് ഐസക് അടക്കമുള്ളവര്‍ക്ക് ലോട്ടറി മാഫിയയ്ക്കെതിരെ നടപടിയെടുക്കാന്‍ കഴിയുക?.
സിക്കിം - ഭൂട്ടാന്‍ തുടങ്ങിയ അന്യ സംസ്ഥാന ലോട്ടറികളുടെ മറവില്‍ സാന്റിയാഗോ മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള ലോട്ടറി മാഫിയ കേരളത്തിലെ സാധാരണക്കാരായ തൊഴിലാളികളടക്കമുള്ളവരെ കബളിപ്പിച്ച് കോടികള്‍ പോക്കറ്റിലാക്കിട്ടും, ഇവരുടെ നടപടി നിയമവിരുദ്ധമാണെന്ന് വ്യക്തമായി ബോദ്ധ്യമുണ്ടായിട്ടും, ഈ കൊടുംചൂഷണം തടയാന്‍ ചെറുവിരല്‍പോലും അനക്കാതെ ലോട്ടറിമാഫിയയ്ക്കുവേണ്ടി വക്കാലത്ത് ഏറ്റെടുക്കുകയാണ്,ആതിരേ, ധനമന്ത്രി ഡോ. തോമസ് ഐസ്ക്.
കേരളത്തിന്റെ പ്ലാന്‍ ഫണ്ടിനേക്കാള്‍ കൂടിയ തുകയാണ് ലോട്ടറി ടിക്കറ്റ് വില്‍പനയിലൂടെയും അതിന്റെ കൃത്രിമത്വങ്ങളിലൂടെയും ഈ മാഫിയ അടിച്ചുമാറ്റുന്നതെന്ന് സമ്മതിക്കുന്ന മുഖ്യമന്ത്രി അച്യുതാനന്ദനും ഈ ചൂതാട്ടത്തിന് കൂട്ടുനില്‍ക്കുന്ന ദുരന്തക്കാഴ്ചയാണ് കേരളം കാണുന്നത്.
നികുതിയിനത്തില്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കാനുള്ള തുക പോലും നല്‍കാതെ (ഇത് ഇപ്പോള്‍ 10,000 കോടിയലധികംവരും) കേരളത്തിലെ ഭാഗ്യന്വേഷികളെ അനുനിമിഷം വഞ്ചിച്ചുകൊണ്ടിരിക്കുന്ന ഈ മാഫിയയെ ന്യായീകരിക്കാനാണ് ഡോ. തോമസ് ഐസക് ഇപ്പോഴും ശ്രമിക്കുന്നത്. രാഷ്ട്രീയ സമവായം ഉണ്ടെങ്കില്‍ അനധികൃത ലോട്ടറികള്‍ക്കെതിരെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നു പറഞ്ഞ അദ്ദേഹം തന്നെയാണ് സിക്കിം ഭൂട്ടാന്‍ ലോട്ടറികള്‍ വ്യാജമെന്ന് പറയാന്‍ കഴിയുകയില്ല എന്ന് അവകാശപ്പെടുന്നത്.
ആതിരേ, ഭാഗ്യാന്വേഷികളെ വിവിധ രീതികളിലാണ് ഈ മാഫിയ വഞ്ചിക്കുന്നത്. ഇക്കാര്യം വാസ്തവം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. 9 മാസത്തിനുള്ളില്‍ 9 ലക്ഷം രൂപ തുലച്ച് വീടും പറമ്പും അന്യാധീനമാക്കിയ ആലുവായിലെ ലോട്ടറി ഭ്രാന്തനെപ്പോലെ നിരവധി പേരാണ് ഇന്ന് കേരളത്തില്‍ ഭാഗ്യം തേടി പെരുവഴിയിലായിരിക്കുന്നത്. നിര്‍മ്മാണതൊഴിലാളികള്‍ അടക്കമുള്ള ദിവസവേതനക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും എല്ലാം അറിഞ്ഞോ അറിയാതെയോ ഈ ചൂഷണത്തിന് ദിനം പ്രതി വിധേയരായിക്കൊണ്ടിരിക്കുകയാണ്. ലോട്ടറിയില്‍ ഭാഗ്യം പരിക്ഷീച്ച് കിടപ്പാടവും ഭാര്യയുടെ കെട്ടുതാലിയുമൊക്കെ നഷ്ടപ്പെടുത്തി ആത്മഹത്യയില്‍ അഭയം തേടിയവരും നിരവധി. എന്നിട്ടും ഈ ലോട്ടറി മാഫിയയ്ക്ക് യഥേഷ്ടം ഇവിടെ വിലസാനുള്ള ലൈസന്‍സാണ് ധനമന്ത്രി അടക്കമുള്ള ഇടതുപക്ഷ ഭരണകര്‍ത്താക്കള്‍ നല്‍കിയിട്ടുള്ളത്.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ഈ മാഫിയ നികുതിയിനത്തില്‍ മാത്രം 5000 കോടിയോളം രൂപ സര്‍ക്കാരിന് നല്‍കാനുണ്ടായിരുന്നു. അന്ന് ഈ ചൂഷണത്തിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തിയ വിഎസ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ലോട്ടറി മാഫിയ തഴച്ച് വളര്‍ന്നിട്ടുള്ളത്. ഈ വളര്‍ച്ചയക്ക് പിന്നില്‍ , ആതിരേ, മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ ഉന്നതന്മാരുടെ കൈയച്ച സഹായവും സംരക്ഷണവും ഉണ്ട്. പാര്‍ട്ടി പത്രത്തിനുവേണ്ടി സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് രണ്ടു കോടി രൂപ ബോണ്ടായി വാങ്ങിയവര്‍ക്ക് അദ്ദേഹത്തെ സഹായിച്ചേ കഴിയുകയുള്ളു.
ഈ വിഷയം വിവാദമാകുകയും ഇ.പി.ജയരാജന്‍ പൊതുസമൂഹമദ്ധ്യേ ചോദ്യം ചെയ്യപ്പെടുകയും അതിലൂടെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഇമേജ് കളങ്കിതമാകുകയും ചെയ്തിട്ടും ലോട്ടറിമാഫിയുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം ലോട്ടറി മാഫിയയ്ക്ക് ചുവന്ന പരവതാനി വിരിക്കുകയും കുട പിടിയ്ക്കുകയും ചെയ്യുകയാണ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും ധനമന്ത്രി ഡോ. തോമസ് ഐസകും.
മദ്യാസക്തി പോലെ കേരളത്തിലെ നിത്യവരുമാനക്കാരായ സാധാരണക്കാരെ ഗ്രസിച്ചിട്ടുള്ള ഭൂതമാണ് ലോട്ടറി. അവസാന മൂന്നക്കങ്ങളില്‍ പ്രതീക്ഷ അര്‍പ്പിച്ച് നൂറുകണക്കിന് രൂപയാണ് ഓരോ തൊഴിലാളിയും ലോട്ടറി ടിക്കറ്റ് എടുക്കാന്‍ ചെലവാക്കുന്നത്. സ്മാര്‍ട്ട്സിറ്റിയായി കൊച്ചിയെ മാറ്റിതീര്‍ക്കാന്‍ ഇവിടെ എത്തി രക്തം വിയര്‍പ്പാക്കുന്ന അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളും ഈ വഞ്ചനയുടെ ദാരുണ ഇരകളാണ്. നിരവധി കുടുംബങ്ങള്‍ നിത്യദാരിദ്ര്യത്തിലേക്ക് ഇതുമൂലം വഴുതിവീണിട്ടുണ്ട്. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ നിത്യേന മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ലോട്ടറിമാഫിയയുടെ അനധികൃത പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
അന്യ സംസ്ഥാന ലോട്ടറിയും ലോട്ടറി മാഫിയയും കേരളീയരെ പിഴിഞ്ഞൂറ്റുന്ന ദുഃഖകരമായ അവസ്ഥ നിയമസഭയില്‍ അവതരിപ്പിച്ചുകൊണ്ട് വി.ഡി.സതീശന്‍ എംഎല്‍എ ആരോപിച്ചത് പ്രതിപക്ഷം നൂറുകോടി രൂപ പാര്‍ട്ടിക്കും 25 കോടി രൂപ ധനമന്ത്രിക്കും ലോട്ടറി മാഫിയയില്‍ നിന്ന് ല ഭിക്കുന്നുണ്ടെന്നാണ്. സ്പീക്കര്‍ക്ക് എഴുതി കൊടുത്ത് സതീശന്‍ നടത്തിയ ഈ വെല്ലുവിളിക്കെതിരെ ക്രിയാത്മകമായി പ്രതികരിക്കാന്‍ പോലും പാര്‍ട്ടിയോ ധനമന്ത്രിയോ തയ്യാറായില്ല. മറിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നയവൈകല്യമാണ് കേരളത്തില്‍ അനധികൃത ലോട്ടറി വളര്‍ന്നുപന്തലിക്കാന്‍ കാരണമെന്ന് വിശദീകരിച്ച് മുഖം രക്ഷിക്കാനാണ് ധനമന്ത്രി ശ്രമിച്ചത്.
കേന്ദ്രനിയമവും സുപ്രിം കോടതി വിധിയുംമൂലം സംസ്ഥാന സര്‍ക്കാരിന്റെ കൈകള്‍ ബന്ധിച്ചിരിക്കുകയാണ് എന്ന ന്യായമാണ് , ആതിരേ, ഇപ്പോഴും ധനമന്ത്രി ആവര്‍ത്തിക്കുന്നത്. യുഡിഎഫ് ഭരണകാലത്താണ് അനധികൃത ലോട്ടറി മാഫിയയ്ക്ക് ഇവിടെ വളരാന്‍ മണ്ണു നല്‍കിയതെന്നും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരാണ് അവര്‍ക്ക് വളവും വെള്ളവും വെളിച്ചവും നല്‍കിക്കൊണ്ടിരിക്കുന്നതെന്നുമാണ് ധനമന്ത്രിയുടെ ആരോപണം.
എന്നാല്‍ നിയമം ലംഘിക്കുന്ന ലോട്ടറിക്കാര്‍ക്കെതിരെ കേസ്സെടുക്കാനും കോടതികളുടെ വാറണ്ടോടെ സ്ഥാപനങ്ങള്‍ റെയ്ഡ് ചെയ്യാനും 2009 നവംബറില്‍ സുപ്രിം കോടതി ഇടക്കാല ഉത്തരവ് നല്‍കിയിട്ടുണ്ടെന്ന വാസ്തവം തമസ്ക്കരിച്ചുകൊണ്ടാണ്,ആതിരേ, ധനമന്ത്രി തന്റെ മുട്ടാപ്പോക്ക് ന്യായങ്ങള്‍ നിരത്തുന്നത്. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത് അനധികൃത ലോട്ടറികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാനത്തിന് അധികാരം ഉണ്ട് എന്നാണ്. എന്നിട്ടും സിക്കിം-ഭൂട്ടാന്‍ ലോട്ടറികള്‍ വ്യാജമാണെന്ന് പറയാനാവല്ല എന്ന പല്ലവിയാണ് തോമസ് ഐസ്ക് കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചത്. വ്യാജ ലോട്ടറികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സുപ്രിം കോടതി കഴിഞ്ഞ മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഇതുവരെ കേന്ദ്രം അനങ്ങിയിട്ടില്ല എന്നുമദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമവിരുദ്ധ ലോട്ടറി നടത്തിപ്പിനെതിരെ 2004 മുതല്‍ 14 തവണ കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ കത്തോ നിവേദനമോ നല്‍കിട്ടുണ്ട്. എന്നാല്‍ സക്കിം-ഭൂട്ടാന്‍ ലോട്ടറികളുടെ വിതരണക്കാര്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് ആണെന്ന് വ്യക്തമാക്കിയുള്ള ഒരു മറുപടിയാണ് ആകെ ലഭിച്ചിട്ടുള്ളത്. സംസ്ഥാനത്തെ അന്യ സംസ്ഥാന ലോട്ടറികള്‍ അര്‍ബ്ബുദം പോലെ ബാധിച്ചിരിക്കുന്നു എന്നത് ശരിയാണ്. ഏതു ലോട്ടറിയിലും ചൂതാട്ടത്തിന്റെ അംശമുണ്ട്. അതുകൊണ്ട് ലോട്ടറിയെടുപ്പ് ലഹരിയായി ആരും അതിന് അടിമപ്പെടരുത് എന്നാണ് സദുപദേശം നല്‍കി ഉത്തരവാദിത്തത്തില്‍ നിന്ന് പിന്മാറുകയാണ് ഡോ. തോമസ് ഐസക്.
എന്നാല്‍ അനധികൃത ലോട്ടറികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്നാണ് തങ്ങള്‍ ഇതുവരെ കരുതിയിരുന്നതെന്നും കേന്ദ്രമന്ത്രിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരന് എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന് പരിശോധച്ച് നടപടി സ്വീകരിക്കും എന്നാണ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പ്രതികരിച്ചത്.
ഒരേ വിഷയത്തില്‍, കേന്ദ്രമന്ത്രിയുടെ പ്രസ്താവനയുടെ കാര്യത്തില്‍ എങ്ങനെയാണ് ധനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഇങ്ങനെ രണ്ടു നിലപാടുണ്ടായതെന്ന് വിശകലനം ചെയ്യുമ്പോഴാണ് ആതിരേ, സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകിച്ച് ധനമന്ത്രി നടത്തുന്ന ചൂതാട്ടം വ്യക്തമാകുന്നത്. സിക്കിം ഭൂട്ടാന്‍ ലോട്ടറികളുടെ നറുക്കെടുപ്പ് എവിടെ വച്ചാണ് നടത്തുന്നതെന്നുപോലും ധനമന്ത്രിക്ക് ബോദ്ധ്യമില്ല. എന്നാല്‍ പാര്‍ട്ടിചാനലില്‍ എല്ലാ ദിവസവും നറുക്കെടുപ്പിന്റെ തല്‍സമയ സംപ്രേക്ഷണമുണ്ട്. ഇതേക്കുറിച്ച ചോദിച്ച മാധ്യമപ്രവര്‍ത്തകരുടെ മുഖത്തടിക്കുന്നതുപോലെ അക്കാര്യം പാര്‍ട്ടി ചാനലിനോട് ചോദിച്ചാല്‍ മതി എന്ന ധാര്‍ഷ്ഠ്യത നിറഞ്ഞ മറുപടി നല്‍കി രക്ഷപെടുകയാണ് ധനമന്ത്രി ചെയ്തത്.
അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ അവകാശ സംരക്ഷണത്തിനായി നിലകൊളളുന്നു എന്ന് അവകാശപ്പെടുകയും അവരെ എല്ലാവിധ ചൂഷണങ്ങളില്‍ നിന്ന് രക്ഷിക്കാനാണ് പാര്‍ട്ടിയും ഭരണവുമെന്ന് അഭിമാനിക്കുകയും ചെയ്യുമ്പോഴാണ് പാര്‍ട്ടി അണികള്‍ അടക്കമുള്ള കേരളത്തിലെ സാധാരണക്കാരെ വഞ്ചിച്ചും ചൂഷണം ചെയ്തും ലോട്ടറി മാഫിയ കോടികളുടെ ലാഭം കൊയ്യുന്നത്. ജനപക്ഷ നിലപാടുകള്‍ ഉപേക്ഷിച്ച്, ആഡംബരത്തിലും സുഖ സൗകര്യങ്ങളിലും അഭിരമിച്ച് മൂലധന ചൂഷകര്‍ക്കും സമാഹര്‍ത്തക്കള്‍ക്കും സംരക്ഷണം നല്‍കി ആ കളങ്കിത സ്വത്തിന്റെ കമ്മീഷന്‍ പറ്റി ഒരു പാര്‍ട്ടി അതിന്റെ സാമ്പത്തിക അടിത്തറ വിപുലപ്പെടുത്തുമ്പോള്‍ എങ്ങനെയാണ് അതിരേ, ഡോ. തോമസ് ഐസക് അടക്കമുള്ളവര്‍ക്ക് ലോട്ടറി മാഫിയയ്ക്കെതിരെ നടപടിയെടുക്കാന്‍ കഴിയുക?.
കേരളത്തിലെ അദ്ധ്വാനിക്കുന്ന സാധാരണക്കാരടക്കമുള്ള നികുതിദായകരേയും സമ്മതിദായകരെയും ചൂതാട്ടത്തിന്റെ കൊടുംമാരണങ്ങളിലേക്ക് തള്ളിവിട്ട് പാര്‍ട്ടിയുടെ സാമ്പത്തിക അടിത്തറ വിപുലപ്പെടുത്ത ഡോ. തോമസ് ഐസക് അടക്കമുള്ളവര്‍ക്ക് എതിരെയാണ് യഥാര്‍ത്ഥത്തില്‍ ശിക്ഷണനടപടികള്‍ സ്വീകരിക്കേണ്ടത്. കുറ്റം ചെയ്യുന്നതിലും ശിക്ഷാര്‍ഹമാണ് കുറ്റകൃത്യത്തിന് കൂട്ടുനില്‍ക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് ലോട്ടറി മാഫിയയെ നിയമപരമായി നിയന്ത്രിക്കാന്‍ കഴിയുകയില്ല എന്ന് കഴിഞ്ഞ ദിവസം വരെ ദയനീയമായി പറഞ്ഞ തോമസ് ഐസക്കാണ് ഇപ്പോള്‍ രാഷ്ട്രീയ സമവായം ഉണ്ടെങ്കില്‍ ഈ മാഫിയയ്ക്കെതിരെ നടപടിയെടുക്കാമെന്ന് സമ്മതിച്ചിരിക്കുന്നത്. അതായത് ലോട്ടറി മാഫിയയുടെ പ്രവര്‍ത്തനം നിയമവിരുദ്ധമാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് കഴിഞ്ഞ നാലുവര്‍ഷവും തോമസ് ഐസക് അടക്കമുള്ളവര്‍ അവരെ പ്രതിരോധിച്ചതും സംരക്ഷിച്ചതുമെന്നു സാരം. വോട്ടു നല്‍കിയ വിജയിപ്പിച്ച കേരളത്തിലെ സാധാരണക്കാരെ ഇത്തരത്തില്‍ ചൂതാട്ടത്തിന് വിധേയനാക്കിയ തോമസ് ഐസക് ആണ് ആദ്യം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ടത്. എന്നിട്ടുമതി ലോട്ടറി മാഫിയയ്ക്ക് എതിരായുള്ള നടപടികള്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment