Tuesday, August 31, 2010

ഇല്ലം ചുട്ടാലും എലി ചാകില്ല, ഡോ. തോമസ്‌ ഐസക്‌


ഇപ്പോള്‍ ലോട്ടറി തട്ടിപ്പുകളെ കുറിച്ച്‌ പുസ്തകമെഴുതാനുള്ള ആലോചനയിലാണ്‌ ധനമന്ത്രി. കമിഴ്‌ന്നുവീണാല്‍ കാല്‍പണം എന്നാണല്ലോ. പിണറായിയന്‍ നിയോ ലിബറല്‍ എക്കണോമിക്ക്‌ തിയറി. നന്നായിരിക്കട്ടെ. ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിച്ച്‌ സര്‍വ്വവും നഷ്ടപ്പെടുകയും അങ്ങനെ ആത്മഹത്യയക്ക്‌ നിര്‍ബന്ധിതരുമായ കേരളത്തിലെ സാധാരണക്കാരുടെ നിസ്സഹായത എഴുതിവിറ്റ്‌ കാശുണ്ടാക്കാനുള്ള ബുദ്ധി ഡോ. തോമസ്‌ ഐസക്കിനുണ്ടല്ലോ. ഈ ബുദ്ധിയാണ്‌ കഴിഞ്ഞ നാലുവര്‍ഷം ലോട്ടറി മാഫിയ്ക്ക്‌ അനുകൂലമായ പരിസരമൊരുക്കിയത്‌. എന്നിട്ടാണിപ്പോള്‍ ഇല്ലം ചുടാന്‍ തോമസ്‌ ഐസക്ക്‌ തയ്യാറാകുന്നത്‌.

കേരളധനമന്ത്രി ഡോ. തോമസ്‌ ഐസക്കിന്റെ പല നിലപാടുകളും മലയാളഭാഷയുടെ ഉല്‍പ്പത്തി കാലം മുതല്‍ നിലവിലുണ്ടായിരുന്നു എന്നുവേണം വിശ്വസിക്കാന്‍. അല്ലെങ്കില്‍ "എലിയെ കൊല്ലാന്‍ ഇല്ലം ചുടുക" എന്ന ശൈലി മലയാളഭാഷയില്‍ രൂപം കൊള്ളുമായിരുന്നില്ല, ആതിരേ..
അന്യസംസ്ഥാന ലോട്ടറിമാഫിയ കേരളത്തിലെ സാധാരണക്കാരെ കൊള്ളയടിച്ചും സര്‍ക്കാരിനെ കബളിപ്പിച്ചും കോടികള്‍ അടിച്ചുമാറ്റുന്നത്‌ നാണം കെട്ട്‌ നോക്കി നിന്നിട്ട്‌ കുറ്റമെല്ലാം കേന്ദ്രസര്‍ക്കാരിന്റെ ചുമലില്‍ ചാരി രക്ഷപ്പെടാനായിരുന്നു ധനമന്ത്രിയുടെ ഇക്കാലമത്രയുമുള്ള ശ്രമം. ഇതിനെതിരെ നിലവിലുള്ള നിയമങ്ങളും നടപടികളും ചൂണ്ടിക്കാട്ടി വിവേകശാലികള്‍, ലോട്ടറി മാഫിയയെ മൂക്കുകയറിടാനുള്ള സാധ്യതകള്‍ ചൂണ്ടിക്കാട്ടിയപ്പോഴും അവ ശ്രദ്ധിക്കാന്‍ പോലും തയ്യാറാകാതെ ഞാന്‍ പിടിച്ച മുയലിന്‌ മൂന്ന്‌ കൊമ്പ്‌ എന്ന്‌ അഹങ്കാരത്തോടെ, അന്യസംസ്ഥാന ലോട്ടറി തട്ടിപ്പിലെ വാസ്തവങ്ങള്‍ക്കു നേരെ മുഖം തിരിച്ചു നില്‍ക്കുകയായിരുന്നു ധനമന്ത്രി.
എന്നാല്‍, ഇടതുസര്‍ക്കാര്‍ ഇച്ഛാശക്തി കാണിച്ചിരുന്നെങ്കില്‍ സാന്തിയാഗോ മാര്‍ട്ടിന്‍ അടക്കമുള്ള ലോട്ടറി മാഫിയയെ നിലയ്ക്ക്‌ നിര്‍ത്താനും അവരില്‍ നിന്ന്‌ സര്‍ക്കാരിന്‌ ലഭിക്കാനുള്ള നികുതി പണം അണാ പൈസ എണ്ണി വാങ്ങാനും കഴിയുമെന്ന്‌ ഇപ്പോള്‍ ബോധ്യമായപ്പോള്‍, ആതിരേ, മറ്റൊരു മുട്ടാപ്പോക്ക്‌ 'ഞായ'വുമായിട്ടാണ്‌ ധനമന്ത്രിയുടെ വരവ്‌. അന്യസംസ്ഥാന ലോട്ടറി തട്ടിപ്പുകാരെ ഇവിടെ നിന്ന്‌ കെട്ടുകെട്ടിക്കണമെങ്കില്‍ സംസ്ഥാന ലോട്ടറി നിര്‍ത്തിവെയ്ക്കേണ്ടിവരും എന്നാണ്‌ ധനമന്ത്രിയുടെ ഭീഷണി. ഇത്‌ ഭീഷണിയല്ലെന്നും സാന്തിയാഗോ മാര്‍ട്ടിനുവേണ്ടിയുള്ള ജാമ്യമെടുക്കലാണെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടി അണികള്‍ക്ക്‌ തന്നെ മറ്റാരേക്കാളും നന്നായി അറിയാം. ആകട്ടെ, കേരളാ ലോട്ടറി എന്ന ഇല്ലം ചുട്ടാല്‍ സാന്തിയാഗോ മാര്‍ട്ടിന്‍ എന്ന എലി ചാവുമോ സഖാവേ..?താടി ചൊറിഞ്ഞു കൊണ്ട്‌ മുഖം തിരിക്കാന്‍ മാത്രമെ ഡോ.തോമസ്‌ ഐസക്കിനു കഴിയുകയുള്‍ലു എന്നതല്ലെ വാസ്തവം?
ആതിരേ, 14,000 കോടി രൂപയാണ്‌ പ്രതിവര്‍ഷം അന്യസംസ്ഥാന ലോട്ടറി മാഫിയ കേരളത്തില്‍ നിന്ന്‌ അടിച്ചുമാറ്റുന്നത്‌. ഇങ്ങനെ തിന്നുകൊഴുത്ത എലിയെ ഇല്ലം ചുട്ട്‌ കൊല്ലാമെന്ന്‌ ഡോ. തോമസ്‌ മാത്യു സ്വപ്നം കാണുന്നുണ്ടെങ്കില്‍, ക്ഷമിക്കണം പറയേണ്ടിവരുന്നു അദ്ദേഹം വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്‌. കേരളത്തിന്റെ വാര്‍ഷിക പ്ലാന്‍ ഫണ്ടിന്‌ സമമായ തുകയാണ്‌ ഓരോ വര്‍ഷവും ലോട്ടറിമാഫിയ സംസ്ഥാനത്ത്‌ നിന്ന്‌ അടിച്ചുമാറ്റുന്നത്‌. മേല്‍സൂചിപ്പിച്ച കണക്കനുസരിച്ചാണെങ്കില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ 56,000 കോടി രൂപയെങ്കിലും ഇവരുടെ പോക്കറ്റിലെത്തിയിട്ടുണ്ട്‌. ഈ അധോലോക ഭീമത്വത്തെയാണ്‌ ആതിരേ,ഡോ. തോമസ്‌ മാത്യു തന്റെ സാമ്പത്തിക വാമനത്വം കൊണ്ട്‌ നിയന്ത്രിക്കാമെന്ന്‌ കരുതുന്നത്‌.
എന്നുമാത്രമല്ല കേരളത്തിലേതുപോലെ ഇടതുപക്ഷം ഭരിക്കുന്ന ബംഗാളിലും സാന്തിയാഗോ മാര്‍ട്ടിന്റെ ലോട്ടറി മാഫിയ വ്യാപകമാണ്‌. അവിടെ നിന്നും ഇതേപോലെ സാധാരണക്കാരെ കബളിപ്പിച്ച്‌ കോടികളാണ്‌ അടിച്ചുമാറ്റിയിട്ടുള്ളത്‌. ഈ ഭീമനെതിരെ നടപടിയെടുക്കണമെങ്കില്‍ കേരള ലോട്ടറി നിരോധിക്കണമെന്ന്‌ ഡോ. തോമസ്‌ ഐസക്‌ പറയുമ്പോള്‍ അദ്ദേഹത്തിന്റെ താല്‍പ്പര്യമെന്താണെന്ന്‌ അധികം വിശകലനം ചെയ്യാതെ മനസ്സിലാക്കാന്‍ കഴിയും. കേരള ലോട്ടറി വിറ്റ്‌ ഒരു നേരത്തെ അന്നത്തിന്‌ വക തേടുന്ന വികലാംഗരും വിധവകളും നിസ്വരുമൊക്കെയടങ്ങുന്ന ദുര്‍ബലവിഭാഗത്തെ പട്ടിണിക്കിട്ട്‌ കൊന്നാലെ സാന്തിയാഗോ മാര്‍ട്ടിനെ നിയന്ത്രിക്കാനാവു എന്നാണ്‌ മന്ത്രി സ്ഥാപിച്ചെടുക്കുന്നത്‌. മാനവമോചന പ്രത്യയശാസ്ത്രത്തിന്റെയും അടിസ്ഥാന വര്‍ഗ ഉന്നമനപ്രക്ഷോഭ ശാസ്ത്രത്തിന്റെയും വക്താവാണ്‌ , ആതിരേ, ഇങ്ങനെ പറയുന്നതെന്ന്‌ ഓര്‍ക്കണം. അപ്പോള്‍, ആവര്‍ത്തിക്കട്ടെ, അദ്ദേഹത്തിന്റെ താല്‍പ്പര്യം അന്യസംസ്ഥാന ലോട്ടറി മാഫിയയെ നിയന്ത്രിക്കുക അല്ല എന്നുതന്നെയാണ്‌.
ധനമന്ത്രി തോമസ്‌ ഐസക്‌ വിവരമുള്ള കൂട്ടത്തിലാണ്‌ . സാമ്പത്തിക ശാസ്ത്രം നന്നായി ബോധ്യമുള്ള വ്യക്തിയുമാണ്‌. സാമ്പത്തിക ശാസ്ത്രവും അതിന്റെ പ്രയോഗവും സംബന്ധിച്ച്‌ പ്രത്യേകിച്ച്‌ സ്റ്റഡിക്ലാസ്‌ അദ്ദേഹത്തിന്‌ നല്‍കേണ്ടതുമില്ല. ലോട്ടറി സംബന്ധിച്ച നിയമങ്ങള്‍ വായിച്ചു മനസ്സിലാക്കാനുള്ള ആംഗലേയ പരിജ്ഞാനവും അദ്ദേഹത്തിനുണ്ട്‌. എന്നിട്ടും എന്തിനാണ്‌ ആതിരേ, അദ്ദേഹം പൊതു സമൂഹമധ്യേ ഇങ്ങനെ വിഡ്ഢിവേഷം കെട്ടുന്നത്‌.
1998ല്‍ ഇന്ത്യയില്‍ നടപ്പാക്കിയ ലോട്ടറി റഗുലേഷന്‍ ആക്ട്‌ നാലാം വകുപ്പില്‍ ലോട്ടറി നടത്തിപ്പിനുള്ള പതിനൊന്ന്‌ കര്‍ശന നിയമങ്ങള്‍ എഴുതിവെച്ചിട്ടുണ്ട്‌. ഈ നിയമത്തിലെ 7(3) അനുസരിച്ച്‌ വ്യാജ ടിക്കറ്റ്‌ വില്‍ക്കുന്നതും വാങ്ങുന്നതും വാറന്റ്‌ കൂടാതെ അറസ്റ്റ്‌ ചെയ്യാവുന്നതും ജാമ്യം കിട്ടാത്തതുമായ കുറ്റമാണ്‌. 2010ലെ റൂള്‍സ്‌ 3ല്‍ സംസ്ഥാന സര്‍ക്കാരുകള്‍ ലോട്ടറി നടത്തുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങളും അക്കമിട്ട്‌ നിരത്തിയിട്ടുണ്ട്‌. എന്നാല്‍, ഇതെല്ലാം വായിച്ച്‌ മനസ്സിലാക്കിയിട്ടാണ്‌ സാന്തിയാഗോ മാര്‍ട്ടിനെ നിയന്ത്രിക്കണമെങ്കില്‍ കേരള ലോട്ടറി വില്‍ക്കുന്ന വികലാംഗരടക്കമുള്ളവരെ പട്ടിണിക്കിട്ടേ തീരു എന്ന്‌ തോമസ്‌ ഐസക്‌ നിസ്സഹായത ഭാവിക്കുന്നത്‌..
അന്യസംസ്ഥാന ലോട്ടറി മാഫിയയെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട്‌ പതിനാലിലേറെ തവണ കേന്ദ്രസര്‍ക്കാരിന്‌ കത്തോ നിവേദനമോ നല്‍കിയിട്ടും നടപടിയുണ്ടായില്ല എന്നാണ്‌ തോമസ്‌ ഐസക്‌ തുടരുന്ന വിലാപം. എന്നാല്‍, 32 ലോട്ടറി കേസില്‍ സംസ്ഥാനം തോറ്റതെങ്ങനെയാണെന്ന്‌ വിശദമാക്കാന്‍ അദ്ദേഹത്തിന്‌ ബാധ്യതയില്ലേ?. സുപ്രീം കോടതിയില്‍ ലോട്ടറിക്കാര്‍ക്കുവേണ്ടി പ്രഗത്ഭരായ അഭിഭാഷകര്‍ അണിനിരന്നപ്പോള്‍ കേരളത്തിന്‌ വേണ്ടി ഹാജരായത്‌ ഗവണ്‍മെന്റ്‌ പ്ലീഡറും. ഇദ്ദേഹമാകട്ടെ കഴിഞ്ഞ യുഡിഎഫ്‌ ഭരണകാലത്ത്‌ ലോട്ടറിക്കാര്‍ക്കുവേണ്ടി കോടതികളില്‍ ഹാജരായ അഭിഭാഷകനാണ്‌. ഇത്തരത്തില്‍ ഒരു വ്യക്തിയെ , ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ , ലോട്ടറികേസ്‌ നടത്താന്‍ നിയോഗിച്ചതിലൂടെയല്ലെ സാന്തിയാഗോ മാര്‍ട്ടിന്‍ എന്ന എലി സംസ്ഥാനമെന്ന ഇല്ലത്തേക്കാള്‍ വളര്‍ന്ന്‌ മുറ്റിയത്‌, ആതിരേ..? യുഡിഎഫ്‌ ഭരണകാലത്ത്‌ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്‌ അച്യുതാനന്ദന്‍ ലോട്ടറിമാഫിയയ്ക്കെതിരെ പതിനെട്ട്‌ പത്രസമ്മേളനമാണ്‌ നടത്തിയത്‌. ഇക്കാര്യവും ഡോ. തോമസ്‌ ഐസക്കിന്‌ ബോധ്യമുള്ളതാണ്‌. എന്നിട്ടും സാന്തിയാഗോ മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള ലോട്ടറി തട്ടിപ്പ്‌ നിയന്ത്രിക്കാന്‍ ഡോ. തോമസ്‌ ഐസക്‌ എന്ന ധനമന്ത്രി ചെറുവിരല്‍ പോലും അനക്കിയില്ല.
ഇവിടെയാണ്‌, ആതിറെ, തട്ടിപ്പിന്റെ മുഖം കൂടുതല്‍ വികൃതമായി പൊതുസമൂഹത്തിന്റെ മുമ്പില്‍ തെളിയുന്നത്‌. കഴിഞ്ഞദിവസം സാന്തിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള മേഘ ഏജന്‍സിക്കുവേണ്ടി കൊണ്ടുവന്ന ലക്ഷക്കണക്കിന്‌ രൂപയുടെ ടിക്കറ്റാണ്‌ വാളയാര്‍ ചെക്പോസ്റ്റില്‍ പിടിച്ചെടുത്തത്‌. മുന്‍കൂര്‍ നികുതി നല്‍കാതെ കൊണ്ടുവന്നതുകൊണ്ടാണ്‌ ടിക്കറ്റ്‌ പിടിച്ചെടുത്തതെന്നാണ്‌ ഔദ്യോഗികഭാഷ്യം. എന്നാല്‍, ഓഗസ്റ്റ്‌ ഒന്നുമുതല്‍ 31 വരെയുള്ള നറുക്കെടുപ്പുകള്‍ക്ക്‌ മുന്‍കൂര്‍ നികുതി അടച്ചതാണെന്ന്‌ മേഘ ഡിസ്റ്റ്രിബ്യൂട്ടേഴ്സ്‌ വാദിക്കുന്നു. അതേ, വാദം ശരിയാണ്‌.പക്ഷെ ഇവര്‍ നികുതി അടച്ചത്‌ പഴയ സ്കീം അനുസരിച്ചാണ്‌. ഓഗസ്റ്റ്‌ 16ന്‌ നറുക്കെടുപ്പിന്റെ സ്കീം പുതുക്കുന്ന കാര്യം സിക്കിം സര്‍ക്കാര്‍ കേരളത്തെ അറിയിച്ചതാണ്‌. അതനുസരിച്ച്‌ പുതുക്കിയ സ്കീമിന്റെ അടിസ്ഥാനത്തില്‍ നികുതി ഈടാക്കേണ്ടതായിരുന്നു. അത്‌ ചെയ്തില്ല. ഈ മറവിലൂടെ ലക്ഷക്കണക്കിന്‌ ടിക്കറ്റാണ്‌ മേഘ ഡിസ്റ്റ്രിബ്യൂട്ടേഴ്സ്‌ കേരളത്തില്‍ വിറ്റത്‌. ഇതും ധനമന്ത്രി അറിഞ്ഞില്ല എന്നുപറയുമ്പോള്‍ അത്‌ വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളാണോ കേരളീയര്‍, ആതിരേ..?.
ഇതോടൊപ്പം ചേര്‍ത്ത്‌ വായിക്കേണ്ടതാണ്‌ സിക്കിം ലോട്ടറിയുടെ ചട്ടവിരുദ്ധ ബംപര്‍ നറുക്കെടുപ്പും ടിക്കറ്റ്‌ വില്‍പ്പനയും ഇതുവരെ സിക്കിം സര്‍ക്കാരിനെയും കേന്ദ്രസര്‍ക്കാരിനെയും അറിയിക്കാതിരുന്ന കേരളത്തിന്റെ നടപടി. സിക്കിം ലോട്ടറിയുടെ കേരളത്തിലെ വിതരണക്കാര്‍ക്ക്‌ നോട്ടീസ്‌ നല്‍കുക മാത്രമാണ്‌ സര്‍ക്കാര്‍ ചെയ്തത്‌. ഇത്‌ കോടതിയില്‍ കേസ്‌ എത്തുമ്പോള്‍ വിതരണക്കാരായ മേഘ ഡിസ്റ്റ്രിബ്യൂട്ടേഴ്സിനും പ്രമോട്ടര്‍ സാന്തിയാഗോ മാര്‍ട്ടിനും ഗുണം ചെയ്യുമെന്ന്‌ സംസ്ഥാന ലോട്ടറി വകുപ്പിലെ ഉന്നതര്‍ ചൂണ്ടിക്കാട്ടിയിട്ടും ആട്ടുകല്ലിന്‌ കാറ്റുപിടിച്ചതു പൊലെ ഇരിക്കുകയായിരുന്നു , ആതിരേ, ബന്ധപ്പെട്ടവരും ഡോ.തോമസ്‌ ഐസക്കും..!
ഇപ്പോള്‍ സാന്തിയാഗോ മാര്‍ട്ടിനെതിരെ കേസ്‌ എടുക്കാനും ടിക്കറ്റ്‌ പിടിച്ചെടുക്കാനും പിഴ വിധിക്കാനും കഴിഞ്ഞെങ്കില്‍ എന്തുകൊണ്ട്‌ ഇത്‌ നാലുവര്‍ഷം മുമ്പ്‌ കഴിയാതെ പോയി എന്നു വ്യക്തമാക്കാന്‍ ഡോ. തോമസ്‌ ഐസക്കിന്‌ ബാധ്യതയുണ്ട്‌. ഇപ്പോള്‍ ലോട്ടറി തട്ടിപ്പുകളെ കുറിച്ച്‌ പുസ്തകമെഴുതാനുള്ള ആലോചനയിലാണ്‌ ധനമന്ത്രി. കമിഴ്‌ന്നുവീണാല്‍ കാല്‍പണം എന്നാണല്ലോ. പിണറായിയന്‍ നിയോ ലിബറല്‍ എക്കണോമിക്ക്‌ തിയറി. നന്നായിരിക്കട്ടെ. ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിച്ച്‌ സര്‍വ്വവും നഷ്ടപ്പെടുകയും അങ്ങനെ ആത്മഹത്യയക്ക്‌ നിര്‍ബന്ധിതരുമായ കേരളത്തിലെ സാധാരണക്കാരുടെ നിസ്സഹായത എഴുതിവിറ്റ്‌ കാശുണ്ടാക്കാനുള്ള ബുദ്ധി ഡോ. തോമസ്‌ ഐസക്കിനുണ്ടല്ലോ. ഈ ബുദ്ധിയാണ്‌, ആതിരേ, കഴിഞ്ഞ നാലുവര്‍ഷം ലോട്ടറി മാഫിയ്ക്ക്‌ ഇല്ലത്തെ തോല്‍പ്പിക്കുന്ന എലിയകാന്‍ അനുകൂലമായ പരിസരമൊരുക്കിയത്‌. എന്നിട്ടാണിപ്പോള്‍ ഇല്ലം ചുടാന്‍ തോമസ്‌ ഐസക്ക്‌ തയ്യാറാകുന്നത്‌.

No comments: