Thursday, September 2, 2010

മോഹന്‍ലാലും മമ്മൂട്ടിയും ചെറ്റത്തരത്തിന്റെ ബ്രാന്‍ഡ്‌ അംബസഡര്‍മാരോ..?


എത്രയെല്ലാം നേട്ടങ്ങള്‍ അഭിനയരംഗത്ത്‌ ഇവരുണ്ടാക്കിയിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ള അനാശാസ്യതകള്‍ തുടരുന്ന കാലത്തോളം സിനിമയെ സ്നേഹിക്കുന്ന നിഷ്പക്ഷ മതികളുടെ മനസ്സില്‍ നിന്ന്‌ മോഹന്‍ലാലും മമ്മൂട്ടിയും ചവുട്ടി പുറത്താക്കപ്പെടും. അതിന്റെ തെളിവുകളാണ്‌ ഈ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ ഇപ്പോള്‍ എട്ടുനിലയില്‍ പൊട്ടുന്നത്‌. അറിയുക ചിത്രങ്ങളില്ലെങ്കില്‍ ഉപയോഗിച്ചു കഴിഞ്ഞ കോണ്ടത്തിന്റെ വിലപോലും ഈ താരരാജാക്കന്മാര്‍ക്കുണ്ടാവുകയില്ല. അതുകൊണ്ട്‌ കമല്‍ഹാസനോട്‌ ക്ഷമ പറയാനും കലഹിക്കുന്ന ഫാന്‍സ്‌ അസോസിയേഷനുകളെ ശക്തമായി നിയന്ത്രിക്കാനും മോഹന്‍ലാലും മമ്മൂട്ടിയും തയ്യാറായെ തീരു. ചെറ്റത്തരത്തിന്‌ ഒരതിര്‌ വേണം; അതാരുടേതായാലും.




ആതിരേ, മമ്മൂട്ടിയും മോഹന്‍ലാലും (അല്ലെങ്കില്‍ മോഹന്‍ലാലും മമ്മൂട്ടിയും) മലയാളത്തിന്റെ അഭിനയാഭിമാനങ്ങളാണ്‌. അഖിലേന്ത്യാതലത്തിലെന്നല്ല രാഷ്ട്രാന്തര തലത്തില്‍ തന്നെ ഇരുവരുടെയും അഭിനയമികവിന്‌ അംഗീകാരം ലഭിച്ചിട്ടുള്ളതാണ്‌. ഇന്ത്യയില്‍ അഭിനേതാക്കള്‍ക്ക്‌ നല്‍കുന്ന പരമോന്നത ബഹുമതി രണ്ടുപേര്‍ക്കും ലഭിച്ചിട്ടുണ്ട്‌. രണ്ടുപേരും മുഖ്യധാരാ സിനിമയുടെ അനുപേക്ഷണീയമായ ഘടകങ്ങളാണ്‌.
വ്യത്യസ്തമായ അഭിനയ രീതികളിലൂടെ സിനിമാ പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ രണ്ടുപേരും അഭിനയത്തിന്റെ രജത ജൂബിലി തികച്ചവരാണ്‌. മലയാള സിനിമയുടെ ചരിത്രം കുറിക്കുമ്പോള്‍ ഇവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ എണ്ണം വളരെയായിരിക്കും. മുഖ്യധാരാ രംഗത്തും സമാന്തര സിനിമയിലും ഒരുപോലെ തങ്ങളുടെ പ്രതിഭ തെളിയിച്ച്‌ അഭിനയത്തിന്റെ അത്യുന്നത ശൃംഖങ്ങളില്‍ വിരാജിക്കുന്നവരാണ്‌ ഈ രണ്ടു താരങ്ങളും. ഇവരെ ഒഴിവാക്കിക്കൊണ്ട്‌ മലയാളസിനിമയെ കുറിച്ച്‌ ചിന്തിക്കാനാവുകയില്ല. രണ്ടുപേരും ഒട്ടനവധി സ്ഥാപനങ്ങളുടേയും സംരംഭങ്ങളുടേയും ബ്രാന്‍ഡ്‌ അംബസഡര്‍മാരുമാണ്‌
രണ്ടുപേര്‍ക്കും അവരുടേതായ അനുയായി വൃന്ദവും അവരുടെ അസോസിയേഷനുമുണ്ട്‌. അഭിനയത്തിന്‌ മത-ജാതി-കാല-ദേശ-പ്രായഭേദങ്ങള്‍ ഇല്ലെങ്കിലും ഈ രണ്ട്‌ നടന്മാരെയും അവരുടെ ഫാന്‍സ്‌ അസോസിയേഷനുകള്‍ ജാതിയുടെയും മതത്തിന്റെയും പ്രതീകങ്ങളായി കൂടി കണ്ടാണ്‌ ആരാധിക്കുന്നത്‌. അതുകൊണ്ട്‌ വടക്കന്‍ കേരളത്തില്‍ മമ്മൂട്ടിക്കും തെക്കന്‍ കേരളത്തില്‍ മോഹന്‍ലാലിനുമാണ്‌ ഫാന്‍സ്‌ കൂടുതലുള്ളത്‌. ഈ ഒരു ഘടകം മൂലം ഒരു ചിത്രം എങ്ങനെ അവസാനിപ്പിക്കണമെന്നറിയാതെ കൃതഹസ്തനായ ഒരു സംവിധായകന്‍ വിമ്മിട്ടപ്പെട്ടത്‌ മറക്കാനാവുന്നതെങ്ങനെ? ഹരികൃഷ്ണന്‍സ്‌ എന്ന സിനിമയ്ക്ക്‌ രണ്ടു ക്ലൈമാക്സുകള്‍ ഒരുക്കിയാണ്‌ ഫാസില്‍ ഒരു വിധത്തില്‍ മുഖം രക്ഷിച്ചത്‌. ഇങ്ങനെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ നിന്ന്‌ ഒരുവിധത്തിലും ഒഴിച്ചുമാറ്റാന്‍ ആവാത്ത വിധം, അവരുടെ സിനിമാ സങ്കല്‍പ്പങ്ങളുമായി ഇഴുകിചേര്‍ന്നിട്ടുള്ള ഈ രണ്ട്‌ മുതിര്‍ന്ന നടന്മാര്‍ ചെറ്റത്തരങ്ങളുടെ ബ്രാന്‍ഡ്‌ അംബസഡര്‍മാരാണെന്ന്‌ പറയേണ്ടിവരുമ്പോള്‍ ആരും മുഖം കോട്ടിയിട്ട്‌ കാര്യമില്ല.
ആതിരേ, എല്ലാ വ്യക്തികളിലും നന്മയും തിന്മയും ഉണ്ടെന്നത്‌ സാര്‍വ്വലൗകീക സത്യമാണ്‌. ഇതില്‍ ഏത്‌ ഭാവം മുന്നിട്ടു നില്‍ക്കുന്നുവോ അതിന്റെ അടിസ്ഥാനത്തിലായിരിക്കും സമൂഹം വ്യക്തിയെ ബ്രാന്‍ഡ്‌ ചെയ്യുക. വിവേക ശാലിയായ മനുഷ്യന്‍ അതുകൊണ്ടുതന്നെ തന്നിലെ തിന്മയുടെ അംശത്തെ കഴിവിന്റെ പരമാവധി അടിച്ചമര്‍ത്തി നന്മയുടെ വശങ്ങള്‍ പ്രദര്‍ശിപ്പിച്ച്‌ സാമൂഹിക ജീവിതത്തില്‍ സഹകരണത്തിന്റെയും സൗഭ്രാത്രത്തിന്റെയും പരിസരമൊരുക്കാറുണ്ട്‌. ഇത്‌ സാധാരണക്കാരനായ ഒരു വ്യക്തി തന്റെ നിത്യജീവിതവ്യാപാരങ്ങളില്‍ നിഷ്ഠാബദ്ധമായി പാലിച്ചുപോരുന്നതാണ്‌. അതുകൊണ്ടാണ്‌ സമൂഹം കെട്ടുപോകാതെ നിലനില്‍ക്കുന്നത്‌.
എന്നാല്‍, ആതിരേ, ആരാധകര്‍ ഏറെയുള്ളവരും അഭിനയപ്രതിഭകളുമായ ഈ രണ്ടുനടന്മാര്‍ പലപ്പോഴും അവരുടെ ചെയ്തികളിലൂടെ ചെറ്റത്തരങ്ങള്‍ക്ക്‌ വളം വെയ്ക്കുകയും ചെറ്റത്തരങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്ന ദുഷ്ടതകളായി മാറിക്കഴിഞ്ഞിരിക്കുകയാണ്‌. കലാകാരന്‌ അഹങ്കാരമുണ്ടാകുന്നത്‌ സ്വാഭാവികമാണ്‌. ഒരു പരിധിവരെ അത്‌ അലങ്കാരവുമാണ്‌. എന്നാല്‍, ഈ അഹങ്കാരം അതിന്റെ പരിധി വിടുമ്പോള്‍ സമൂഹദ്രോഹമായി മാറും. നിങ്ങള്‍ക്ക്‌ കൈനീട്ടാനുള്ള സ്വാതന്ത്ര്യം എന്റെ മൂക്കിന്റെ തുമ്പ്‌ വരെയുള്ളു എന്ന്‌ തിരിച്ചറിഞ്ഞ്‌ അഹങ്കാരം നിലനിര്‍ത്തുന്നതിനെ ആദരിക്കാനും കഴിയും. എന്നാല്‍, കഴിഞ്ഞ കുറേ ദിവസങ്ങളായി ഈ നടന്മാരില്‍ നിന്നുണ്ടായിട്ടുള്ള പെരുമാറ്റം തികഞ്ഞ അസഹിഷ്ണുതയുടെയും അസൂയയുടെയും നാണംകെട്ട അധമത്വ ബോധത്തിന്റെയുമായിരുന്നു.
കമല്‍ഹാസന്‍ ഇന്ത്യയിലെന്നല്ല ലോക സിനിമയില്‍ തന്നെ മുഖവുര ആവശ്യമില്ലാത്ത അഭിനേതാവാണ്‌. മലയാളത്തിലും തെന്നിന്ത്യന്‍ സിനിമകളിലുമായി അത്യപൂര്‍വാഭിനയത്തിന്റെ ഹിമാലയങ്ങള്‍ നിരവധി അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്‌. ഒരുകാലത്ത്‌ മലയാളത്തിലെ മുഖ്യധാരാ സിനിയുടെ ഏറ്റവും വലിയ വിജയഘടകമായിരുന്നു കമല്‍ഹാസന്‍. അഭിനേതാവ്‌ എന്ന നിലയ്ക്ക്‌ തന്റെ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കുവേണ്ടി ഏത്‌ സീമയോളം പോകാനും അദ്ദേഹത്തിന്‌ മടിയില്ല. അഭിനയത്തിലെന്നപോലെ സംവിധാനരംഗത്തും അനുപമമായ, അന്യാദൃശ്യമായ മികവ്‌ പുലര്‍ത്തിയ പ്രതിഭകൂടിയാണ്‌ കമല്‍ഹാസന്‍.
കേരളസര്‍ക്കാര്‍ കമല്‍ഹാസനെ ആദരിച്ചത്‌ അദ്ദേഹത്തിലെ അഭിനേതാവിന്റെ മികവ്‌ കണക്കിലെടുത്താണ്‌. എന്നാല്‍, ഈ ചടങ്ങില്‍ പങ്കെടുക്കാതെ മാറിനില്‍ക്കുക വഴി , ആതിരേ, ഏറ്റവും ചെറ്റത്തരം നിറഞ്ഞ, ഏറ്റവും അധമത്ത ബോധങ്ങളുള്ള താരങ്ങളാണ്‌ തങ്ങളെന്ന്‌ തെളിയിക്കുകയായിരുന്നു മമ്മൂട്ടിയും മോഹന്‍ലാലും. അമ്മ എന്ന ഒരു സംഘടന മലയാളസിനിമയിലെ കലാകാരന്മാരുടെ അവകാശസംരക്ഷണത്തിനും അഭിന്ന്യുതിക്കും വേണ്ടിയാണ്‌ രൂപീകരിച്ചതെങ്കിലും അതിന്റെ തലപ്പത്തിരിക്കുന്ന ക്ഷുദ്രജീവികളുടെ അശ്ലീലമനസ്സുകളില്‍ ഉണ്ടാകുന്ന അപകര്‍ഷതാ ബോധങ്ങള്‍ മൂലം കഴിവും പ്രാപ്തിയുമുള്ള നടന്മാരെ ഉന്മൂലനം ചെയ്യാനുള്ള മാരണക്രിയകളാണ്‌ ഈ സംഘടനയില്‍ നിന്ന്‌ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. തിലകനോട്‌ അമ്മ കാണിച്ച അഹങ്കാരം മലയാളത്തിന്‌ നന്നായറിയാം. അതുകൊണ്ട്‌ അതിന്റെ വിശദാംശങ്ങളിലേക്ക്‌ കടക്കുന്നില്ല.
എന്നാല്‍, കമല്‍ഹാസനെ കേരളസര്‍ക്കാര്‍ ആദരിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതില്‍ പ്രാദേശിക വാദത്തിന്റെ നഞ്ചുകലക്കാനാണ്‌ കെ.ബി ഗണേഷ്കുമാര്‍, ഇന്നസെന്റ്‌, ഇടവേള ബാബു തുടങ്ങിയവര്‍ ശ്രമിച്ചത്‌. തമിഴനായ കമല്‍ഹാസനെ കേരളസര്‍ക്കാര്‍ എന്തിന്‌ ആദരിക്കണം എന്നാണ്‌, ആതിരേ, ഈ കീടങ്ങള്‍ ഉന്നയിച്ച ആദ്യത്തെ ചോദ്യം. തമിഴ്‌നാട്‌ സര്‍ക്കാര്‍ മലയാളതാരങ്ങളെ ആദരിക്കുന്നില്ലല്ലോ എന്നാണ്‌ അതിനവര്‍ കണ്ടെത്തിയ നെറികെട്ട ന്യായം. കമല്‍ഹാസനെന്ന അഭിനേതാവിനെ ചൂഷണം ചെയ്യുന്നതില്‍ മലയാളസിനിമയ്ക്ക്‌ ഉളുപ്പൊട്ടും ഉണ്ടായിരുന്നില്ലല്ലോ. അന്നൊന്നും കമല്‍ഹാസനെ തമിഴനെന്ന്‌ തരം തിരിച്ച്‌ മാറ്റിനിര്‍ത്തിയിരുന്നില്ലല്ലോ. ഇന്ന്‌ നായര്‍ ലോബിയും മുസ്ലീം ലോബിയും നസ്രാണി ലോബിയുമൊക്കെ മലയാള സിനിമയില്‍ പിടിമുറുക്കിയതോടെയാണ്‌ ഇത്തരം ദുഷ്ടതകള്‍ക്ക്‌ വളരാന്‍ വെള്ളവും വളവും വെളിച്ചവും ലഭിച്ചത്‌. ഈ വൃത്തികേടിനെ ചെറുത്ത്‌ കമല്‍ഹാസനെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത്‌ മാന്യതയും മാതൃകയും കാക്കേണ്ടവരായിരുന്നു മോഹന്‍ലാലും മമ്മൂട്ടിയും. എന്നാല്‍, ഇടവേളബാബുവിന്റെയും കെ.ബി ഗണേഷ്കുമാറിന്റെയുമൊക്കെ നീചമായ പ്രാദേശിക വാദത്തിന്‌ തലയാട്ടുക വഴി ഈ രണ്ടുനടന്മാരും ഏറ്റവും ഭീഷണമായ ഒരു അവസ്ഥ സൃഷ്ടിക്കുകയായിരുന്നു എന്ന്‌ പറയാതെ തരമില്ല. മലയാളിയേക്കാളും സ്വത്വബോധം ഏറെയുള്ളവനാണ്‌ തമിഴന്‍. അവന്‍ ഇടവേളബാബുവിനെ പോലെയും കെ.ബി ഗണേഷ്കുമാറിനെയും ഇന്നസെന്റിനെയുമൊക്കെ പോലെ ചിന്തിക്കാന്‍ തുടങ്ങിയാല്‍ മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള അഭിനയചക്രവര്‍ത്തിമാര്‍ പലതും അറിയും അനുഭവിക്കുകയും ചെയ്യും. അത്തരമൊരു അവസ്ഥയിലേക്ക്‌ ചിന്തകളുടെ തീഷ്ണതയെ അപായപ്പെടുത്താന്‍ മമ്മൂട്ടിയും മോഹന്‍ലാലും കൂട്ടുനില്‍ക്കരുതായിരുന്നു.
ഈ പൈശാചിക മനസ്സിന്റെ പ്രതിഫലനമാണ്‌, ആതിരേ, ഇപ്പോള്‍ ഫാന്‍സ്‌ അസോസിയേഷനുകളുടെ രൂപത്തില്‍ തെരുവില്‍ കാണുന്നത്‌. പ്രാഞ്ചിയേട്ടന്‍ എന്ന രഞ്ജിത്തിന്റെ മമ്മൂട്ടി ചിത്രങ്ങളുടെ പോസ്റ്ററുകളും മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ശിക്കാറിന്റെ പോസ്റ്ററും വലിച്ചുകീറിയും നശിപ്പിച്ചും കരി ഓയില്‍ ഒഴിച്ച്‌ വികൃതമാക്കിയും ഫാന്‍സ്‌ അസോസിയേഷനുകള്‍ കൈയൂക്ക്‌ കാണിച്ചപ്പോഴും അവരെ നിയന്ത്രിക്കാതെ ആ തമ്മിലടി കണ്ട്‌ ആസ്വദിക്കുകയായിരുന്നു ഈ താരചക്രവര്‍ത്തിമാര്‍. തങ്ങള്‍ നല്ല സുഹൃത്തക്കളാണെന്നും അന്യോന്യം പ്രോത്സാഹിപ്പിക്കുന്നവരുമാണെന്നുമൊക്കെ മാധ്യമങ്ങളിലൂടെ വിളിച്ചുകൂവി അണിയറയില്‍ തമ്മില്‍ പാരവെയ്ക്കുന്നതുകൊണ്ടാണ്‌ ഫാന്‍സ്‌ അസോസിയേഷനുകള്‍ ചാവേറുകളായി തെരുവിലിറങ്ങേണ്ടിവരുന്നത്‌. എതിര്‍ താരത്തിന്റെ ചിത്രം റിലീസ്‌ ചെയ്യുന്ന ദിവസം അതിനെ കൂകി തോല്‍പ്പിക്കാന്‍ പണം മുടക്കി ആളെ കൂട്ടുന്ന ചെറ്റത്തരത്തിന്‌, ആതിരേ, അഭിനയ പ്രതിഭയെന്നല്ല അസൂയയെന്നും അസഹിഷ്ണുത എന്നുമൊക്കെയാണ്‌ വിശേഷണം. ഈ താരങ്ങളുടെ പേരില്‍ ഫാന്‍സ്‌ അസോസിയേഷനുകള്‍ ആദ്യമായിട്ടല്ല ഏറ്റുമുട്ടുന്നത്‌. അന്നും മൗനം പാലിച്ച്‌ ആ വൃത്തികേടിന്‌ പിന്തുണ നല്‍കുകയായിരുന്നു ഇരുവരും. ഇവര്‍ സംയുക്തമായി ഒരു പ്രസ്താവന ഇറക്കിയാല്‍ തീര്‍ക്കാവുന്ന തര്‍ക്കം മാത്രമേ ഫാന്‍സ്‌ അസോസിയേഷനുകള്‍ക്കിടയിലുള്ളു. അത്‌ മറ്റാരേക്കാളും നന്നായി ഈ താരചക്രവര്‍ത്തിമാര്‍ക്കറിയാം. പക്ഷെ, അതിന്‌ തയ്യാറാകാതെ തെരുവിലെ തെണ്ടിത്തരത്തിന്‌ കൂട്ടുനില്‍ക്കുകയാണ്‌ മോഹന്‍ലാലും മമ്മൂട്ടിയും.
എത്രയെല്ലാം നേട്ടങ്ങള്‍ അഭിനയരംഗത്ത്‌ ഇവരുണ്ടാക്കിയിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ള അനാശാസ്യതകള്‍ തുടരുന്ന കാലത്തോളം സിനിമയെ സ്നേഹിക്കുന്ന നിഷ്പക്ഷ മതികളുടെ മനസ്സില്‍ നിന്ന്‌ മോഹന്‍ലാലും മമ്മൂട്ടിയും ചവുട്ടി പുറത്താക്കപ്പെടും. അതിന്റെ തെളിവുകളാണ്‌ ഈ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ ഇപ്പോള്‍ എട്ടുനിലയില്‍ പൊട്ടുന്നത്‌. അറിയുക ചിത്രങ്ങളില്ലെങ്കില്‍ ഉപയോഗിച്ചു കഴിഞ്ഞ കോണ്ടത്തിന്റെ വിലപോലും ഈ താരരാജാക്കന്മാര്‍ക്കുണ്ടാവുകയില്ല. അതുകൊണ്ട്‌ കമല്‍ഹാസനോട്‌ ക്ഷമ പറയാനും കലഹിക്കുന്ന ഫാന്‍സ്‌ അസോസിയേഷനുകളെ ശക്തമായി നിയന്ത്രിക്കാനും മോഹന്‍ലാലും മമ്മൂട്ടിയും തയ്യാറായെ തീരു. ചെറ്റത്തരത്തിന്‌ ഒരതിര്‌ വേണം; അതാരുടേതായാലും.

No comments: