Sunday, September 5, 2010

എപിഎല്‍ റേഷന്‍ : ദിവാകരന്‍ മന്ത്രിയുടെ കപട രോഷം


അതേസമയം ആദിവാസി മേഖലയിലും തീരദേശ മേഖലയിലുമുള്ള ബിപിഎല്‍ വിഭാഗത്തിന്‌ അര്‍ഹമായ റേഷന്‍ വിഭവങ്ങള്‍ ഇപ്പോഴും ലഭിക്കുന്നില്ല. പൊതുവിതരണ സമ്പ്രദായത്തിന്‌ ഇന്ത്യയ്ക്ക്‌ മാതൃകയാണെന്ന്‌ അവകാശപ്പെടുന്ന സംസ്ഥാനത്താണ്‌ ഈ പാവങ്ങള്‍ക്ക്‌ അനുവദിച്ച അരിയും ഗോതമ്പും പഞ്ചസാരയും മണ്ണെണ്ണയും റേഷന്‍ കട ഉടമകള്‍ ഉള്‍പ്പെടുന്ന ലോബി മറിച്ചുവിറ്റ്‌ പോക്കറ്റ്‌ വീര്‍പ്പിക്കുന്നത്‌. ഇക്കാര്യവും ദിവാകരന്‍ മന്ത്രിക്ക്‌ മറ്റാരേക്കാളും നന്നായറിയാം. എന്നാല്‍, ഈ സാമദ്രോഹിക്കെതിരെ നടപടിയെടുക്കാനുള്ള നട്ടെല്ലുറപ്പ്‌ ഇതുവരെ ദിവാകരന്‍ മന്ത്രിക്കുണ്ടായിട്ടില്ല. എന്നുമാത്രമല്ല. റേഷന്‍ ലഭിക്കാതെ ബുദ്ധിമുട്ടുന്ന ഈ ബിപിഎല്‍ വിഭാഗത്തെ കുറിച്ച്‌ ഒരിക്കല്‍ പോലും ദിവാകരന്‍ മന്ത്രി സംസാരിച്ചിട്ടുമില്ല. ഇത്രയ്ക്കധികം കാപട്യം കാണിക്കുകയും റേഷന്‍ മറിച്ചുവിറ്റ്‌ ലക്ഷങ്ങള്‍ സ്വന്തമാക്കുന്ന മാഫിയയുടെ കമ്മീഷന്‍ പറ്റി ഭരിക്കുകയും ചെയ്യുമ്പോള്‍ തീര്‍ച്ചയായും എപിഎല്‍ റേഷന്‍ വെട്ടിക്കുറക്കുമ്പോള്‍ മന്ത്രിയുടെയും പാര്‍ട്ടിയുടെയും കമ്മീഷനില്‍ കുറവു വരും. ഈ കുറവ്‌ ഓര്‍ത്താണ്‌ ദിവാകരന്‍ മന്ത്രി കേന്ദ്രത്തിനെതിരെ കുരച്ചത്‌.



പൊതുവിതരണ സമ്പ്രദായത്തില്‍ നിന്ന്‌ എപിഎല്‍ വിഭാഗത്തെ ഒഴിവാക്കണമെന്നും സമ്പന്നര്‍ക്ക്‌ സര്‍ക്കാര്‍ ഭക്ഷ്യസബ്സിഡി നല്‍കരുതെന്നും എപിഎല്‍ വിഭാഗത്തിന്‌ റേഷന്‍ നിലനിര്‍ത്തുകയാണെങ്കില്‍ പൊതുവിതരണ സമ്പ്രദായം വഴിയുള്ള ഭക്ഷ്യധാന്യങ്ങള്‍ മൂന്ന്‌ ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്കായി പരിമിതപ്പെടുത്തണമെന്നുമുള്ള പരമോന്നത നീതിപീഠത്തിലെ ജസ്റ്റിസുമാരായ ദല്‍വീര്‍ ഭണ്ഡാരിയും ദീപക്‌ വര്‍മ്മയുമടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെ വിധി , ആതിരേ, എന്തിനെതിര്‍ക്കണം ?.
വിധി വന്നയുടനെ സംസ്ഥാന സിവില്‍ സപ്ലൈസ്‌ മന്ത്രി, കേരളത്തിലെ ജനങ്ങള്‍ക്കുവേണ്ടി ചാനല്‍ ക്യാമറകള്‍ക്കുമുമ്പില്‍ രോഷാകുലനാകുന്നത്‌ കണ്ടില്ലേ?. കേരളത്തിലെ 70 ലക്ഷം റേഷന്‍ കാര്‍ഡ്‌ ഉടമകളില്‍ 50 ലക്ഷം പേരും എപിഎല്‍ വിഭാഗത്തില്‍ പെടുന്നവരാണെന്നും സുപ്രീം കോടതിയുടെ ഈ വിധി അരക്കോടിയോളം വരുന്ന ഇവര്‍ക്ക്‌ നീതി നിഷേധിക്കുന്നതാണെന്നും പൊതുവിതരണ സമ്പ്രദായം ഇന്ത്യയില്‍ ആദ്യമായി ആരംഭിച്ച കേരളത്തിലെ സമൂഹരക്ഷാപ്രവര്‍ത്തനത്തെ അട്ടിമറിക്കാനെ ഈ വിധി ഉതകുകയുള്ളു എന്നുമൊക്കെ മന്ത്രി പറയുന്നത്‌ കേട്ടില്ലേ..?.
അരിയില്ലെങ്കില്‍ ഒരു ഗ്ലാസ്‌ പാലും രണ്ടുമുട്ടയും കഴിച്ചാല്‍ പോരെ എന്ന്‌ ചോദിച്ച്‌ കേരളീയരെ അപമാനിച്ച കൊഞ്ഞാണനാണ്‌ ഇപ്പോള്‍ അരക്കോടി റേഷന്‍ കാര്‍ഡ്‌ ഉടമകളുടെ വിശപ്പ്‌ മുഴുവനേറ്റെടുത്ത്‌ നിസ്സഹായനായി നില്‍ക്കുന്നതും പതിവുപോലെ കേന്ദ്രസര്‍ക്കാരിന്റെ സംസ്ഥാന വിരുദ്ധ നിലപാടിനെതിരെ വിപ്ലവാവേശം കലര്‍ന്ന പ്രതിഷേധം പ്രകടിപ്പിക്കുന്നതും.
ഈ കപടവികാര പ്രകടനത്തിലെ കമ്പോള താല്‍പ്പര്യം കേരളത്തിലെ എപിഎല്‍ കാര്‍ഡ്‌ ഉടമകള്‍ക്ക്‌ തിരിച്ചറിയാന്‍ കഴിയുന്നുണ്ട്‌ എന്ന്‌ മനസ്സിലാക്കാന്‍ പോലും കെല്‍പ്പില്ലാത്ത ശുംഭനായി പോയല്ലോ ഈ മന്ത്രി എന്നോര്‍ത്ത്‌ സഹതപിക്കുക
കേരളത്തിനായി കേന്ദ്രം അനുവദിച്ച റേഷന്‍ വിഹിതം മുഴുവനും ഏറ്റെടുക്കാതെ വിഹിതം വെട്ടിക്കുറപ്പിച്ച മാതൃകാ ഭരണകര്‍ത്താക്കളിലൊരാളാണ്‌ ആതിരേ, ദിവാകരന്‍ മന്ത്രി. കേന്ദ്രം അനുവദിച്ച റേഷന്‍ കേരളത്തിലെ ബിപിഎല്‍ എപിഎല്‍ വിഭാഗം നിരാകരിച്ചതുകൊണ്ടാണ്‌ പിന്നീട്‌ വിഹിതം ഏറ്റെടുക്കാതിരുന്നതെന്ന്‌ ന്യായം പറഞ്ഞ്‌ നാണം കെട്ടത്‌ ദിവാകരന്‍ മന്ത്രി മറന്നാലും കേരളത്തിലെ ജനങ്ങള്‍ മറക്കുകയില്ല. വെട്ടിക്കുറച്ച റേഷന്‍ വിഹിതത്തിന്റെ പേരില്‍ ദിവാകരന്‍ മന്ത്രിയടക്കമുള്ള ഇടതുമുന്നണിയിലെ നേതാക്കന്മാര്‍ നടത്തിയ വിടുവായിത്തവും കേരളം ബിപിഎല്‍ എപിഎല്‍ വ്യത്യാസമില്ലാതെ ഓര്‍ത്തിരിക്കുന്നുണ്ട്‌.
ആ ഓര്‍മ്മകളില്‍ നിന്നുകൊണ്ട്‌ സുപ്രീം കോടതിയുടെ വിധിയിലെ പ്രസക്തഭാഗങ്ങള്‍, ആതിരേ, വിലയിരുത്താം. പാവപ്പെട്ടവര്‍ക്ക്‌ വിതരണം ചെയ്യാനുള്ളതാണ്‌ റേഷന്‍ വിഭവങ്ങള്‍. എന്നാല്‍, എപിഎല്‍ വിഭാഗത്തില്‍ പെടുന്നവര്‍ ഭക്ഷ്യസബ്സിഡിക്ക്‌ അര്‍ഹരല്ല എന്ന്‌ സുപ്രീം കോടതി പറഞ്ഞാലെ ബോധ്യപ്പെടുകയുള്ളു എന്നുണ്ടോ? സുപ്രീം കോടതിയുടെ നിഗമനം വര്‍ത്തമാനകാല അവസ്ഥകള്‍ വിലയിരുത്തിക്കൊണ്ടായിരുന്നു. എപിഎല്‍ വിഭാഗത്തിന്‌ റേഷന്‍ വിഭവങ്ങള്‍ അനുവദിക്കുന്നത്‌ അഴിമതിക്ക്‌ കാരണമാവുന്നുണ്ടെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്‌. ഇതൊരു പുതിയ കണ്ടെത്തലൊന്നുമല്ല.
കേരളത്തില്‍ ബിപിഎല്‍ എപിഎല്‍ വിഭാഗത്തില്‍ പെടുന്ന ജനങ്ങളുണ്ടെങ്കിലും ഇവരില്‍ 90 ശതമാനം പേരും റേഷന്‍ വിഭവങ്ങള്‍ വാങ്ങുന്നില്ല. പൊതുവിപണിയില്‍ നിന്നാണ്‌ അരിയും പഞ്ചസാരയും ഗോതമ്പുപൊടിയും അടക്കമുള്ളവ ഈ കൂട്ടര്‍ വാങ്ങുന്നത്‌.ആതിരേ, നിങ്ങളെ പോലെയുള്ളവര്‍ പ്രവാസികളായി അധ്വാനിച്ച്‌ നാട്ടിലേയ്ക്കയക്കുന്ന പണത്തിന്റെ ഹുങ്കില്‍ സൃഷ്ടിക്കപ്പെട്ട അഹങ്കാരമാണ്‌ റേഷന്‍ വിഭവങ്ങള്‍ ഒഴിവാക്കിക്കൊണ്ട്‌ പൊതുവിപണിയില്‍ നിന്ന്‌ സമാനസ്വഭാവത്തിലുള്ള ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ പ്രേരകമാകുന്നത്‌. (ആതിരേ ഞാനും എന്റെ കുടുംബവും റേഷനരിയാണ്‌ വാങ്ങുന്നത്‌.9 രൂപയ്ക്ക്‌ നല്ല കുത്തരി കിട്ടും 45 മിനിറ്റു കൊണ്ടത്‌ വെന്തും കിട്ടും. ചുറ്റുവട്ടത്തുള്ള മാന്യന്മാര്‍ റേഷനരി വാങ്ങാത്തതു കൊണ്ട്‌ കൂടുതല്‍ അരിയും കിട്ടും.25 കിലോ അരി ഞങ്ങള്‍ക്ക്‌ ഒരു മാസത്തിന്‌ ധാരാളം.അതിലെ സാമ്പത്തീക ലാഭം കൂടി കേള്‍ക്കുക 326 രൂ )
കണ്‍സ്യൂമര്‍ സംസ്ഥാനമായ കേരളം കമ്പോളത്തിന്റെ താല്‍പ്പര്യസംരക്ഷകരുടെ പരസ്യങ്ങളില്‍ മനസ്സിടറി, അവരുടെ വില്‍പ്പനശാലകളില്‍ നിന്നുലഭിക്കുന്ന വസ്തുക്കളാണ്‌ മികച്ചതെന്ന ധാരണയിലാണ്‌ റേഷന്‍ വിഭവങ്ങള്‍ ഒഴിവാക്കി പൊതുവിപണയില്‍ നിന്ന്‌ ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നത്‌. അതുകൊണ്ട്‌ ബിപിഎല്‍ എപിഎല്‍ വിഭാഗത്തിന്‌ അനുവദിക്കുന്ന അരിയും ഗോതമ്പും പഞ്ചസാരയും മണ്ണെണ്ണയും അടക്കമുള്ളവ കരിഞ്ചന്തയില്‍ വിറ്റ്‌ കൊള്ളലാഭം എടുക്കുന്ന ഒരു മാഫിയ തന്നെ കേരളത്തിലും തമിഴ്‌നാട്ടിലുമായി തഴച്ചുവളര്‍ന്നിട്ടുണ്ട്‌.
ആതിരേ, റേഷനരി മൊത്തമായി വാങ്ങി ഗോഡൗണുകളില്‍ കൊണ്ടുപോയി ചില കോസ്മറ്റിക്‌ ചികിത്സയ്ക്ക്‌ വിധേയമാക്കി ബ്രാന്‍ഡഡ്‌ അരിയായി വില്‍ക്കുന്ന അധോലോക പ്രവര്‍ത്തനം ദിവാകരന്‍ മന്ത്രിയുടെ അറിവോടും ആശിര്‍വാദത്തോടുമാണ്‌ നടക്കുന്നതെന്ന്‌ കേരളത്തിലെ പൊതു സമൂഹത്തിന്‌ നന്നായിട്ടറിയാം. റെഡ്‌ ഓക്സൈഡും പാമോയിലും ചേര്‍ത്ത മിശ്രിതത്തില്‍ റേഷനരി തിരുമ്മി ബ്രാന്‍ഡഡ്‌ അരിയാക്കിയാണ്‌ പാക്ക്‌ ചെയ്ത്‌ സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റു വിപണന കേന്ദ്രങ്ങളിലും എത്തിക്കുന്നത്‌. വലിയൊരു മാഫിയയാണ്‌ ഈ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നത്‌. രണ്ടുരൂപയ്ക്ക്‌ തമിഴ്‌നാട്ടില്‍ ലഭിക്കുന്ന റേഷനരിയും ഇത്തരത്തില്‍ കേരളത്തില്‍ ബ്രാന്‍ഡഡ്‌ അരിയായി വില്‍ക്കുന്ന കാര്യം മറ്റാരേക്കാളും നന്നായി ദിവാകരന്‍ മന്ത്രിക്കറിയാം. ഈ അധോലോകം നല്‍കുന്ന കമ്മീഷന്‍ മന്ത്രിയുടെ പാര്‍ട്ടി അടക്കം ഇടതുമുന്നണിയിലെ പാര്‍ട്ടികളെല്ലാം രണ്ടുകൈയ്യും നീട്ടിയാണ്‌ വാങ്ങുന്നത്‌. അനുവദിക്കപ്പെട്ട റേഷന്‍ ഗോതമ്പ്‌ മില്ലുടമകള്‍ക്ക്‌ മൊത്തമായി മറിച്ചുനല്‍കി അത്‌ പൊടിച്ച്‌ മാര്‍ക്കറ്റിലെത്തിക്കുന്നതും മന്ത്രിക്കറിയാവുന്നതാണ്‌. എഫ്സിഐയുടെ ഗോഡൗണുകളില്‍ നിന്ന്‌ മൊത്തമായി റേഷനരിയും ഗോതമ്പും മറ്റും കടത്തിക്കൊണ്ടുപോയത്‌ പലവട്ടം പിടിക്കപ്പെട്ടിട്ടുള്ളതുമാണ്‌.
അതുകൊണ്ട്‌ എപിഎല്‍ റേഷന്‍ നിര്‍ത്തലാക്കുമ്പോള്‍ ബുദ്ധിമുട്ടുന്നത്‌ കേരളത്തിലെ അരക്കോടിയോളം വരുന്ന കാര്‍ഡുടമകളല്ല. മറിച്ച്‌ അവരുടെ മറവില്‍ കള്ളക്കച്ചവടം നടത്തിയിരുന്ന ലോബിയാണ്‌ ആതിരേ... ഈ ലോബിക്കുവേണ്ടിയാണ്‌ യഥാര്‍ത്ഥത്തില്‍ ദിവാകരന്‍ മന്ത്രി ചാനലുകളുടെ മുമ്പില്‍ രോഷാകുലനായതും. സബ്സിഡിനിരക്കില്‍ കേരളത്തിലെ സ്കൂള്‍ കുട്ടികള്‍ക്ക്‌ ഉച്ചക്കഞ്ഞിക്കനുവദിച്ച വിഭവങ്ങളടക്കമുള്ളവ വിലകൂട്ടി പൊതുവിപണിയില്‍ വിറ്റ്‌ കൊള്ളലാഭമെടുത്ത കോര്‍പ്പറേഷന്റെ തലവന്‍ കൂടിയാണ്‌ ദിവാകരന്‍ മന്ത്രി എന്നോര്‍ക്കണം.. ഇങ്ങനെ കേരളത്തിലെ ജനങ്ങളെയും കേന്ദ്രസര്‍ക്കാരിനെയും ഉളുപ്പില്ലാതെ വഞ്ചിച്ച ഒരു മന്ത്രിയാണ്‌ എപിഎല്‍ റേഷന്‍ നിര്‍ത്തലാക്കാനുള്ള സുപ്രീം കോടതിവിധിക്കെതിരെ ക്ഷോഭിക്കുന്നതെന്നും മനസ്സിലാക്കണം.ക്കാള വാലു പൊക്കുന്നത്‌ എന്തിനാണെന്ന്‌ ഇപ്പോള്‍ മനസ്സിലായില്ലേ..?
അതേസമയം ആദിവാസി മേഖലയിലും തീരദേശ മേഖലയിലുമുള്ള ബിപിഎല്‍ വിഭാഗത്തിന്‌ അര്‍ഹമായ റേഷന്‍ വിഭവങ്ങള്‍ ഇപ്പോഴും ലഭിക്കുന്നില്ല, ആതിരേ... പൊതുവിതരണ സമ്പ്രദായത്തിന്‌ ഇന്ത്യയ്ക്ക്‌ മാതൃകയാണെന്ന്‌ അവകാശപ്പെടുന്ന സംസ്ഥാനത്താണ്‌ ഈ പാവങ്ങള്‍ക്ക്‌ അനുവദിച്ച അരിയും ഗോതമ്പും പഞ്ചസാരയും മണ്ണെണ്ണയും റേഷന്‍ കട ഉടമകള്‍ ഉള്‍പ്പെടുന്ന ലോബി മറിച്ചുവിറ്റ്‌ പോക്കറ്റ്‌ വീര്‍പ്പിക്കുന്നത്‌. ഇക്കാര്യവും ദിവാകരന്‍ മന്ത്രിക്ക്‌ മറ്റാരേക്കാളും നന്നായറിയാം. എന്നാല്‍, ഈ സാമദ്രോഹിക്കെതിരെ നടപടിയെടുക്കാനുള്ള നട്ടെല്ലുറപ്പ്‌ ഇതുവരെ ദിവാകരന്‍ മന്ത്രിക്കുണ്ടായിട്ടില്ല. എന്നുമാത്രമല്ല. റേഷന്‍ ലഭിക്കാതെ ബുദ്ധിമുട്ടുന്ന ഈ ബിപിഎല്‍ വിഭാഗത്തെ കുറിച്ച്‌ ഒരിക്കല്‍ പോലും ദിവാകരന്‍ മന്ത്രി സംസാരിച്ചിട്ടുമില്ല. ഇത്രയ്ക്കധികം കാപട്യം കാണിക്കുകയും റേഷന്‍ മറിച്ചുവിറ്റ്‌ ലക്ഷങ്ങള്‍ സ്വന്തമാക്കുന്ന മാഫിയയുടെ കമ്മീഷന്‍ പറ്റി ഭരിക്കുകയും ചെയ്യുമ്പോള്‍ തീര്‍ച്ചയായും എപിഎല്‍ റേഷന്‍ വെട്ടിക്കുറക്കുമ്പോള്‍ മന്ത്രിയുടെയും പാര്‍ട്ടിയുടെയും കമ്മീഷനില്‍ കുറവു വരും. ഈ കുറവ്‌ ഓര്‍ത്താണ്‌ ദിവാകരന്‍ മന്ത്രി കേന്ദ്രത്തിനെതിരെ കുരച്ചത്‌.
കേരളത്തിന്‌ മാത്രമായി ഒരു കാര്യത്തിലും പ്രത്യേക നിയമം ഉണ്ടാക്കാന്‍ കഴിയുകയില്ല. ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കാന്‍ കഴിയാത്തതുകൊണ്ട്‌ നശിച്ചുപോകുന്ന അവസ്ഥയാണ്‌ ഇന്ത്യയിലെ മറ്റ്‌ സംസ്ഥാനങ്ങളില്‍ ഉള്ളത്‌. മറ്റ്‌ സംസ്ഥാനങ്ങളിലേക്ക്‌ പോകേണ്ടതില്ല. കുട്ടനാട്ടിലേക്ക്‌ നോക്കിയാല്‍ ഇക്കാര്യം ബോധ്യമാകുന്നതാണ്‌. ബിപിഎല്‍ വിഭാഗത്തില്‍ പെട്ടവര്‍ റേഷന്‍ വിഭവങ്ങള്‍ കിട്ടാതെ ബുദ്ധിമുട്ടുമ്പോഴാണ്‌ ഇത്തരത്തില്‍ ഭക്ഷ്യധാന്യങ്ങള്‍ ഭരണതലപ്പത്തിരിക്കുന്നവര്‍ നശിപ്പിക്കുന്നത്‌. അത്‌ തിരിച്ചറിഞ്ഞാണ്‌ കഴിഞ്ഞ ആഗസ്റ്റ്‌ 12ന്‌ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ കുറഞ്ഞ വിലയ്ക്കോ സൗജന്യമായോ പാവപ്പെട്ടവര്‍ക്ക്‌ നല്‍കണമെന്ന്‌ ഉത്തരവിട്ടത്‌.
വസ്തുതകള്‍ ഇതായിരിക്കേയാണ്‌ സുപ്രീം കോടതി വിധിക്കെതിരെ ദിവാകരന്‍ മന്ത്രി ചന്ദ്രഹാസമിളക്കിയെത്തിയത്‌. ആഴ്ചയില്‍ ഒരു ലോട്ടറിയേ പാടുള്ളു എന്ന്‌ സംസ്ഥാന ഹൈക്കോടതി വിധി വന്നപ്പോള്‍ കേരള ലോട്ടറികള്‍ പിന്‍വലിച്ച്‌ വ്യാജ ലോട്ടറി വില്‍പ്പനക്കാര്‍ക്ക്‌ അവസരമൊരുക്കിയ ഇടതുപക്ഷ വഞ്ചനയുടെ മറ്റൊരു മുഖമാണ്‌ ദിവാകരന്‍ മന്ത്രിയിലൂടെ വ്യക്തമായിരിക്കുന്നത്‌.ആതിരേ, ജനങ്ങളെ വഞ്ചിച്ച്‌ വിഭവ സമാഹരണം നടത്തുന്ന ഇത്തരം വിപ്ലവ വായാടികളാണ്‌ എപിഎല്‍ ബിപിഎല്‍ വിഭാഗത്തിന്റെ ശാപം. അല്ലാതെ കോടതിവിധികളല്ല.

No comments: