Tuesday, September 21, 2010

ബെനഡിക്ട്‌ പതിനാറാമാന്‍ മാര്‍പാപ്പയുടെ തീവ്രവാദം


ഒരു മതം അല്ലെങ്കില്‍ ഒരു ആശയം മാത്രം മതി എന്നുപറയുന്നതാണല്ലോ അസഹിഷ്ണുത നിറഞ്ഞ തീവ്രവാദ നിലപാട്‌. മാര്‍പാപ്പയെ പോലെയുള്ള ഒരാളില്‍ നിന്ന്‌ ഇത്തരം ആഹ്വാനം ഉണ്ടാകാന്‍ പാടില്ലായിരുന്നു . ഇത്‌ സമാധാനത്തിനും സൗഹൃദത്തിനും സഹകരണത്തിനും സൗഭ്രാത്രത്തിനും എതിരായുള്ള സങ്കുചിത നിലപാടിന്റെ വെല്ലുവിളികൂടിയാണ്‌; സംശമയില്ല.വിശാലമായ ജനാധിപത്യ ബോധങ്ങള്‍ക്കും മതേതര മൂല്യങ്ങള്‍ക്കുമെതിരായി സങ്കുചിതവും ഏകപക്ഷീയവുമായ നിലപാടുകള്‍ പ്രതിഷ്ഠിക്കുമ്പോഴാണല്ലോ, ആതിരേ, അത്തരം ചിന്തകള്‍ തീവ്രവാദങ്ങളായി പരിണമിക്കുന്നത്‌. തീവ്രവാദത്തിന്റെ മുഖമുദ്ര അസഹിഷ്ണുതയാണ്‌. മറ്റൊരാളുടെ ചിന്താഗതികളും നിലപാടുകളും അംഗീകരിക്കുകയില്ല എന്നുമാത്രമല്ല, തന്റെ വിശ്വാസങ്ങള്‍ക്കും പ്രമാണങ്ങള്‍ക്കുമെതിരെ നില്‍ക്കുന്നവരെ ഉന്മൂലനം ചെയ്യും എന്നതുമാണ്‌ തീവ്രവാദത്തിന്റെ ഭീഷണമായ ഭൂമിക.
ഈ ഭൂമികയിലാണ്‌ ബനഡിക്ട്‌ 16-മന്‍ മാര്‍പാപ്പ നില്‍ക്കുന്നത്‌ . ലണ്ടനില്‍ നടത്തിയ സന്ദര്‍ശനത്തിനിടയില്‍ അദ്ദേഹത്തില്‍ നിന്ന്‌ വന്ന ഒരു അഭിപ്രായ പ്രകടനം അത്തരത്തിലുള്ളതായിരുന്നു. മതേതരത്വം കൂടിയാല്‍ അത്‌ നിരീശ്വരവാദമായി തീരുമെന്നാണ്‌ പോപ്പ്‌ പറഞ്ഞത്‌. പെട്ടെന്നുണ്ടായ ഒരു ഉള്‍വിളിയോടെ അല്ല, ആതിരേ, പോപ്പ്‌ ഈ അഭിപ്രായപ്രകടനം നടത്തിയത്‌. വത്തിക്കാനിലെ ഉപദേശക വൃന്ദത്തിന്റെ കൂടിയാലോചനക്ക്‌ ശേഷം തയ്യാറാക്കിയ പ്രസംഗങ്ങളാണ്‌ ഓരോ നാട്ടിലെയും സന്ദര്‍ശന വേളയില്‍ മാര്‍പാപ്പമാര്‍ വായിക്കുന്നത്‌. അപ്പോള്‍ നേരത്തെ തന്നെ ആലോചിച്ച്‌ ഉറപ്പിച്ച ഒരു തീരുമാനമാണ്‌ പോപ്പ്‌ പ്രഖ്യാപിച്ചത്‌.
ആതിരേ, മതത്തിന്റെ പേരിലുള്ള ഹിംസ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. എല്ലാ മതവിശ്വാസികള്‍ക്കും അവരുടേതായ നിലപാടുകളും പ്രമാണങ്ങളും മുന്‍വിധികളും ശാഠ്യങ്ങളുമുണ്ട്‌. അതുകൊണ്ടാണ്‌ അന്യോന്യം സ്നേഹിക്കേണ്ടിടത്ത്‌ കലഹത്തിന്റെയും ആക്രമണത്തിന്റെയും ഉന്മൂലനത്തിന്റെയും ശക്തികളായി മതവിശ്വാസികള്‍ പരിണമിക്കുന്നത്‌. നൂറ്റാണ്ടുകളായുള്ള ഈ അനാശാസ്യതയില്‍ നിന്ന്‌ മാനവ വര്‍ഗത്തിനുള്ള മോചനമാണ്‌ മതേതരത്വം.
സാധാരണഗതിയില്‍ മതേതരത്വം എന്നുപറയുമ്പോള്‍ എല്ലാ മതങ്ങള്‍ക്കും തുല്യപ്രധാന്യം എന്നാണര്‍ത്ഥം. ഈ അര്‍ത്ഥ കല്‍പ്പനയാണ്‌, ആതിരേ, പ്രശ്നങ്ങള്‍ക്ക്‌ കാരണം. ഒരു മതത്തിന്റെ വിശ്വാസവും പ്രമാണങ്ങളും മറ്റൊരു മതത്തിന്‌ പൂര്‍ണമായോ ഭാഗികമായോ സ്വീകാര്യമാവുകയില്ല. ഈ സന്ധിയില്‍ തീര്‍ച്ചയായും രണ്ടുമതങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നം വരുമ്പോള്‍ സമവായമല്ല, സംഘട്ടനമാണ്‌ ഉണ്ടാവുക. അതുകൊണ്ട്‌ എല്ലാ മതങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന അവസ്ഥയില്‍ നിന്ന്‌ ഒരു മതത്തിനും പ്രാധാന്യം നല്‍കാത്ത മതനിരപേക്ഷതയിലേക്ക്‌ വിശ്വമാനവ ചിന്ത ഉണരേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമായിരിക്കുമ്പോഴാണ്‌ വീണ്ടും മതചിന്തയുടെ അഗ്നികുണ്ഡം ആളിക്കത്തിക്കാന്‍ ബനഡിക്ട്‌ 16-ാ‍മന്‍ പോപ്പ്‌ ശ്രമിച്ചിരിക്കുന്നത്‌.
ഈശ്വരവിശ്വാസികളെ സംബന്ധിച്ചിടത്തോളം നിരീശ്വരവാദികളെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ആസ്തികര്‍ നരകത്തിന്‌ യോഗ്യരായവരാണ്‌. ഈശ്വരവിശ്വാസികള്‍ക്കാണ്‌ മരണാനന്തരം സ്വര്‍ഗമുള്ളത്‌. എന്നാല്‍,ആതിരേ, ഭൂമിയിലെ ജീവിത കാലത്ത്‌ യുദ്ധം മുതല്‍ ലൈംഗീക മുതലെടുപ്പ്‌ വരെയുള്ള എല്ലാ സമൂഹവിരുദ്ധവും അനാശാസ്യവുമായ അധോലോക ക്രിയകള്‍ നടത്തുന്നവരില്‍ 99.99 ശതമാനവും ഈശ്വരവിശ്വാസികളാണ്‌. അവരുടെ മതവിശ്വാസങ്ങള്‍ വ്യത്യസ്ഥമാണെങ്കില്‍ പോലും ഈശ്വരന്റെ അസ്തിത്വത്തില്‍ വിശ്വസിച്ചുകൊണ്ടാണ്‌ മനുഷ്യകുലത്തിന്‍്‌ വിരുദ്ധമായ, മനുഷ്യകുലത്തിന്റെ നിലനില്‍പ്പിന്‌ ഹാനികരമായ ഇത്തരം സമൂഹവിരുദ്ധ രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ ഏര്‍പ്പെടുന്നത്‌. കുരിശുയുദ്ധങ്ങള്‍ മാനവജാതിക്ക്‌ ഏകിയ പരിക്കും വേദനയും മറക്കാറായിട്ടില്ല. ക്രിസ്ത്യാനികളും മുസ്ലീമുകളും രണ്ടുഭാഗത്ത്‌ നിന്നു നടത്തിയ ഈ സ്വാര്‍ത്ഥതയുടെ, യുദ്ധത്തിന്റെ ഒരു ലക്ഷത്തില്‍ ഒരംശം നാശം ലോകത്ത്‌ നിരീശ്വരവാദികള്‍ സൃഷ്ടിച്ചിട്ടുണ്ടാവില്ല, ആതിരേ...
എല്ലാ രാഷ്ട്രങ്ങളിലും സന്ദര്‍ശനം നടത്തുമ്പോള്‍ അതീവ ദുഃഖത്തോടെ ബെനഡിക്ട്‌ 16-ാ‍മന്‍ മാര്‍പാപ്പക്ക്‌ ലോകത്തോട്‌ ക്ഷമ ചോദിക്കേണ്ടിവരുന്നുണ്ട്‌. മതവിശ്വാസികളും ദൈവവിശ്വാസികളുമായ കത്തോലിക പുരോഹിതന്മാരും കന്യാസ്ത്രീമാരും നൂറ്റാണ്ടുകളായി നടത്തിയ, ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്ന ലൈംഗീക ചൂഷണത്തിന്റെ പേരിലാണ്‌ മാര്‍പാപ്പക്ക്‌ ലോകത്തിന്റെ മുമ്പില്‍ തലകുനിച്ച്‌ നില്‍ക്കേണ്ടിവരുന്നത്‌. എത്ര നിരീശ്വരവാദികള്‍ ഇതേ കുറ്റം ചെയ്ത്‌ മാനവ സമൂഹത്തെ അധിക്ഷേപിച്ചിട്ടുണ്ടെന്ന്‌ വ്യക്തമാക്കാന്‍ പോപ്പിന്‌ ധാര്‍മികമായ ഉത്തരവാദിത്തമുണ്ട്‌. യഥാര്‍ത്ഥത്തില്‍, ആതിരേ, വിശ്വാസത്തിന്റെ പേരില്‍ നടത്തുന്ന മുതലെടുപ്പുകളെയും സ്ഥാപനവത്കൃതമായിട്ടുള്ള കൊള്ളകളെയും നാസ്തികര്‍ എതിര്‍ക്കുന്നതാണ്‌ മതവിശ്വാസികളെ ചൊടിപ്പിക്കുന്നത്‌.
ശാസ്ത്ര സത്യങ്ങളുടെ പിന്‍ബലത്തോടെ അന്ധവിശ്വാസങ്ങളെയും അബദ്ധജഡിലമായ പ്രമാണങ്ങളെയും അവയുടെ അടിസ്ഥാനത്തിലുള്ള അധിനിവേശ താല്‍പ്പര്യങ്ങളെയും നാസ്തികര്‍ എതിര്‍ക്കുന്നതാണ്‌ മതവിശ്വാസികള്‍ക്കും മതനേതാക്കന്മാര്‍ക്കും സഹിക്കാനാവാത്തത്‌. എന്നാല്‍, ഇവര്‍ മതത്തിന്റെയും വിശ്വാസത്തിന്റെയും ഈശ്വരന്റെയും മറവില്‍ കാട്ടികൂട്ടുന്ന കൊള്ളരുതായ്മകള്‍ എത്ര ഭീകരങ്ങളാണെന്ന്‌ ലോകം കാണുന്നുണ്ട്‌, അനുഭവിക്കുന്നുണ്ട്‌. അവയെ ചോദ്യം ചെയ്യുന്നതാണോ, ആതിരേ, തെറ്റ്‌? പ്രാകൃതമായ വിശ്വാസങ്ങളും ശുഷ്കമായ കാഴ്ചപ്പാടുകളും സങ്കുചിതമായ നിലപാടുകളും മതത്തിന്റെ പേരിലും വിശ്വാസങ്ങളുടെ പേരിലും അടിച്ചേല്‍പ്പിക്കുമ്പോള്‍ അതിനെ ചെറുത്ത്‌ നില്‍ക്കുന്നതാണോ നാസ്തിക പാപം..? ഓര്‍ക്കണം ഭൂമി സൂര്യന്‌ ചുറ്റും പ്രദക്ഷിണം ചെയ്യുന്ന ഗ്രഹമാണെന്ന ശാസ്ത്ര സത്യം വെളിപ്പെടുത്തിയതിന്റെ പേരില്‍ ഗലീലിയോക്ക്‌ വിഷം കൊടുത്ത വിശ്വാസ സംഹിതയുടെ ലോകനേതാവാണ്‌ ബെനഡിക്ട്‌ 16-ാ‍മന്‍ . ഈ വിശ്വാസത്തിന്റെ മറവില്‍ ലോകമെമ്പാടും നടക്കുന്ന അരാജകത്വങ്ങളും അശ്ലീലതകളും തമസ്കരിച്ചുകൊണ്ടാണ്‌ മതേതരത്തിനെതിരെ ബെനഡിക്ട്‌ 16-ാ‍മന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തതെന്നോര്‍ക്കണം.
വര്‍ത്തമാനകാലത്തില്‍ അമേരിക്കയും ഇസ്രയേലും നടത്തുന്ന അത്രയും നരഹത്യ മറ്റേത്‌ രാഷ്ട്രമാണ്‌ നടത്തുന്നത്‌ ? ദൈവവിശ്വാസികളായ ഈ രാഷ്ട്രത്തലവന്മാരെ ന്യായീകരിക്കാനാണ്‌ , ആതിരേ, മതേതരത്തിനെതിരായ നിലപാടിലൂടെ ബെനഡിക്ട്‌ 16-ാ‍മന്‍ മാര്‍പാപ്പ ശ്രമിച്ചിരിക്കുന്നത്‌. വൈദീകവൃത്തി പോലും അധോലോക പ്രവര്‍ത്തനത്തിനുള്ള ലൈസന്‍സായി എടുത്തിട്ടുള്ളവരെയും പരോക്ഷമായി ന്യായീകരിക്കുകയായിരുന്നു മാര്‍പാപ്പ. ജോണ്‍പോള്‍ ഒന്നാമന്‍ മാര്‍പാപ്പയുടെ ദുരൂഹമരണത്തിന്‌ പിന്നില്‍ വത്തിക്കാനിലെ തന്നെ കര്‍ദിനാള്‍മാരായിരുന്നു എന്ന്‌ ഇന്ന്‌ ലോകം തിരിച്ചറിയുന്നുണ്ട്‌. ഡേവിഡ്‌ യാലപ്‌ എന്ന ബ്രിട്ടീഷ്‌ പ്രവര്‍ത്തകന്‍ എഴുതിയ 'ഇന്‍ ദ നെയിം ഓഫ്‌ ഗോഡ്‌' എന്ന പുസ്തകത്തില്‍, ആതിരേ, ഈ കിരാതത്വത്തിന്റെ വിശദാംശങ്ങളുണ്ട്‌. വസ്തുതകള്‍ ഇതായിരിക്കേ മതത്തിന്റെയും ജാതിയുടെയും കൂച്ചുവിലങ്ങില്‍ നിന്നും മുതലെടുപ്പില്‍ നിന്നും മാനവരാശിയെ മോചിപ്പിക്കേണ്ട ദൗത്യമുള്ള മാര്‍പാപ്പയെ പോലുള്ളവര്‍ മതേതരത്തിനെതിരായി നടത്തുന്ന ആഹ്വാനങ്ങള്‍ സങ്കുചിത മത ബോധത്തിന്റെ മൂശയില്‍ ഉരുത്തിരിയുന്ന തീവ്രവാദം തന്നെയാണ്‌.
ക്രൈസ്തവ ദര്‍ശനമനുസരിച്ച്‌ യേശുക്രിസ്തുവില്‍ വിശ്വസിക്കാത്ത ഒരാളും രക്ഷപ്പെടുകയില്ല. അത്തരക്കാരല്ലാത്തവരെല്ലാം പാപികളാണ്‌. മതേതരത്തിന്‌ എതിരായുള്ള മാര്‍പാപ്പയുടെ ആഹ്വാനത്തില്‍ ഒളഞ്ഞിരിക്കുന്നത്‌ ക്രിസ്തുമതത്തെ മാത്രം ഉയര്‍ത്തിക്കാട്ടാനുള്ള ഏകപക്ഷീയമായ വ്യഗ്രതയാണ്‌. ഒരു മതം അല്ലെങ്കില്‍ ഒരു ആശയം മാത്രം മതി എന്നുപറയുന്നതാണല്ലോ അസഹിഷ്ണുത നിറഞ്ഞ തീവ്രവാദ നിലപാട്‌. മാര്‍പാപ്പയെ പോലെയുള്ള ഒരാളില്‍ നിന്ന്‌ ഇത്തരം ആഹ്വാനം ഉണ്ടാകാന്‍ പാടില്ലായിരുന്നു . ഇത്‌ സമാധാനത്തിനും സൗഹൃദത്തിനും സഹകരണത്തിനും സൗഭ്രാത്രത്തിനും എതിരായുള്ള സങ്കുചിത നിലപാടിന്റെ വെല്ലുവിളികൂടിയാണ്‌;ആതിരേ, സംശമയില്ല.

No comments: