Thursday, September 23, 2010
പോപ്പിന്റെ തീവ്രവാദത്തിന് കേരളത്തില്‍ സംഘടിതരൂപം
കേരളത്തിലും ക്രൈസ്തവ തീവ്രവാദത്തിന് വേരോട്ടം തേടുകയാണിവര്‍. ക്ഷമയുടെയും സഹനത്തിന്റെയും സമാധാനത്തിന്റെയും സുവിശേഷത്തില്‍ നിന്ന് ഉന്മൂലനത്തിന്റെയും സര്‍വ നാശത്തിന്റെയും വാളുകളാണ് സിഡിയു കണ്ടെടുക്കുന്നത്. ഈ സത്യം തിരിച്ചറിയാനും സമുദായത്തിലും സമൂഹത്തിലും അനഭലഷണീയമായ വിരുദ്ധ വികാരങ്ങള്‍ ഉദ്ദീപിപ്പിക്കുന്ന ളോഹ രൂപങ്ങളെ ചെറുക്കാനും ക്രൈസ്ത സമുദായംഗങ്ങള്‍ തയ്യാറാകണമെന്നാണ് കാലം ആവശ്യപ്പെടുന്ന ധര്‍മ്മം.
ആതിരേ, ബെനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ഇംഗ്ലണ്ട് സന്ദര്‍ശനത്തിനിടയില്‍ മതേതരത്വത്തിനെതിരെ നടത്തിയ ആഹ്വാനം കേരളത്തില്‍ പ്രഹരശേഷിയുള്ള സംഘടിതരൂപം ആര്‍ജ്ജിക്കുന്നു. കേരളത്തിന്റെ മനസ്സമാധാനം കെടുത്താന്‍, ജീവകോശങ്ങള്‍ തോറും ആശങ്കകളുടെ വെടിമരുന്ന് നിറയ്ക്കാന്‍ ഒരു സംഘടന കൂടി അണിയറയില്‍ ഒരുങ്ങുന്നു.
പോപ്പ് ഇംഗ്ലണ്ടില്‍ തന്റെ നിലപാട് വ്യക്തമാക്കിയതിനു പിന്നാലെ കേരളത്തില്‍ പ്രമുഖ ക്രൈസ്തവ മത വിഭാഗങ്ങള്‍ ചേര്‍ന്ന് പുതിയൊരു പ്രക്ഷോഭ സംഘടനയ്ക്ക് രൂപം കൊടുത്തുകഴിഞ്ഞു. 'ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ (സിഡിയു)' എന്ന പേരില്‍ സെപ്റ്റംബര്‍ 19 ഞായറാഴ്ച കോഴിക്കോടാണ് സംഘടനയുടെ പിറവി. സിഎംഐ, സിഎസ്‌ഐ, സിറിയന്‍ കാത്തോലിക്, ഓര്‍ത്തഡോക്സ് സഭകളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. ഇന്‍ഫാമിന്റെ ദേശീയ ജനറല്‍ സെക്രട്ടറി ഫാ. ഡോ. ആന്റണി കൊഴുവനാലാണ് യോഗം ഉദ്ഘാടനം ചെയ്തത്.
ന്യൂമാന്‍സ് കോളജ് അധ്യാപകന്‍ പ്രഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ക്രിസ്തീയ മതവിഭാഗങ്ങളെ ഇങ്ങനെ ഒരു സംഘടന രൂപീകരിക്കാന്‍ പ്രേരിപ്പിച്ചിട്ടുള്ളതെന്ന് അവര്‍ അവകാശപ്പെടുന്നു. "അസംഘടിതരായ കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് നേരെ മറ്റ് സംഘടിത മതവിഭാഗങ്ങളില്‍ നിന്ന് ഉണ്ടാകുന്ന ആക്രമണത്തെ ചെറുക്കനാണ്" സിഡിയു രൂപീകരിച്ചതെന്ന്, ആതിരേ, ഇതിന്റെ വക്താക്കള്‍ ന്യായീകരിക്കുന്നു.
മുസ്ലീം തീവ്രവാദികള്‍ ക്രൈസ്തവ യുവാക്കളെ പോലും മസ്തിഷ്ക പ്രക്ഷാളനം നടത്തി കശ്മീരിലേക്കയച്ച് രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു എന്നും സിഡിയു ആരോപിക്കുന്നു. ഇതുവരെ ആരും പറഞ്ഞ് കേള്‍ക്കാത്തതും ഏറെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്നതുമാണ് ഈ നിരീക്ഷണം.അതിരേ,പച്ചക്കള്ളമാണ് പറയുന്നതെന്ന കാര്യത്തില്‍ അവര്‍ക്ക് പോലും സംശയമില്ല. ലഷ്കര്‍ ഇ തയ്ബ ചില മുസ്ലീം യുവാക്കളെ റിക്രൂട്ട് ചെയ്ത് കശ്മീരിലേക്ക് അയച്ചു എന്നത് നേരാണ്. ഇതില്‍ മതം മാറ്റിയ ക്രൈസ്തവരുണ്ടെന്ന വാദം തീര്‍ച്ചയായും അപകടകരമായ സാഹചര്യം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കേരള പോലീസ് ഗുണ്ടകളെ ഒതുക്കുന്നതില്‍ ഒരു പരിധിവരെ വിജയിച്ചപ്പോള്‍ 'തൊഴില്‍ രഹിതരായ' ചില ക്വട്ടേഷന്‍ സംഘാംഗങ്ങളാണ് മുസ്ലീം തീവ്രവാദികളുടെ റിക്രൂട്ട്മെന്റില്‍ ഉള്‍പ്പെട്ടത്. ഇവിടെ മുന്‍പ് ക്വട്ടേഷന്‍ പരിപാടിയുമായി നടന്നപ്പോള്‍ അതിലെ അംഗങ്ങളുടെ മതം തിരയാതിരുന്ന ക്രൈസ്തവ മത സംഘടനകള്‍ ഇപ്പോള്‍ മുസ്ലീംങ്ങള്‍ ക്രൈസ്തവരെ മതം മാറ്റി ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന് ആരോപിക്കുന്നത് തീര്‍ച്ചയായും ദുഷ്ടലാക്കോടെയാണ്. ആതിരേ,.പോപ്പ് മുന്നോട്ട് വെച്ച ക്രൈസ്ത തീവ്രവാദത്തിന്റെ മലയാള പതിപ്പാണ് സിഡിയു എന്ന് പൊതുജനങ്ങളെ കൊണ്ട് വിശ്വസിപ്പിക്കുന്നതാണ് ഈ വിലയിരുത്തല്‍. എല്ലാ മത തീവ്രവാദികളും നട്ടാല്‍ കുരുക്കാത്ത കള്ളം പ്രചരിപ്പിച്ചാണ് സമുദായംഗങ്ങള പ്രകോപിപ്പിച്ച് ഒപ്പം നിര്‍ത്തിയിട്ടുള്ളതും നിര്‍ത്തുന്നതും. ആ തന്ത്രമാണ് ഇപ്പോള്‍ സിഡിയു പയറ്റുന്നത്. ഏത് വെല്ലുവിളിയിലും മതസൗഹാര്‍ദ്ദത്തിന് ഉടച്ചില്‍ തട്ടാതെ സൂക്ഷിക്കുന്ന കേരളത്തിന്റെ പ്രബുദ്ധ മനസ്സാക്ഷിയോടുള്ള വെല്ലുവിളിയാണ് സിഡിയുവിന്റെ ഈ പ്രചാരണം.
മാത്രമല്ല, ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും മത നേതാക്കന്മാര്‍ക്കും സംഘടനാ പ്രവര്‍ത്തകര്‍ക്കുമെതിരെ ഗൂഢമായ നീക്കങ്ങളലൂടെ ഉന്മൂലന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നാണ് സിഡിയുവിന്റെ മറ്റൊരു ആരോപണം. പ്രഫ. ടി.ജെ. ജോസഫ് ബീഭത്സമായി ആക്രമിക്കപ്പെട്ടപ്പോള്‍ കേരളത്തിലെ സാംസ്കാരിക നായകന്മാരും സാമൂഹിക പ്രവര്‍ത്തകരും മൗനം പാലിച്ചത് ഈ അജണ്ടയുടെ ഭാഗമാണെന്നും ഉളുപ്പില്ലാതെ സിഡിയു ആരോപിക്കുന്നു. ഇവിടെ ഒരു ചോദ്യം ഉന്നയിച്ചേ തീരു. പ്രഫ. ജോസഫ് വിവാദ ചോദ്യപേപ്പര്‍ തയ്യാറാക്കിയത് തെറ്റാണെന്ന് തന്നെ അംഗീകരിച്ചുകൊണ്ടാണ് ചോദ്യം ഉന്നയിക്കുന്നത്. ജോസഫിനെതിരെ മുസ്ലീം തീവ്രവാദത്തിന്റെ കരാളക്കൈകളുയര്‍ന്നപ്പോള്‍ സിഎംഐ, സിഎസ്‌ഐ, സിറിയന്‍ കാത്തലിക് സഭ, ഓര്‍ത്തഡോക്സ് സഭ തുടങ്ങിയവയുടെ വൈദീകരും അല്‍മായ സംഘടനാ നേതാക്കളും ഏത് കുണ്ടിലായിരുന്നു ഒളിച്ചിരുന്നത്? ഒരാളെങ്കിലും പ്രഫ. ജോസഫിന് നേരെയുണ്ടായ ആക്രമണത്തെ അപലപിക്കാന്‍ നട്ടെല്ല് നിവര്‍ത്തി നിന്നില്ലല്ലോ. അതെന്തുകൊണ്ടാണ് ? ആ മൗനം എന്തിന്റെ സൂചനയാണ് ? കുറ്റപ്പെടുത്തലിന്റെ ഒരു വിരല്‍ എതിരാളിക്ക് നേരെ ചൂണ്ടുമ്പോള്‍ മൂന്ന് വിരലുകള്‍ തന്റെ നെഞ്ചിലേക്ക് ചൂണ്ടപ്പെടുന്ന വിവരം എന്തുകൊണ്ടാണ് ആരോപണം ഉന്നയിക്കുന്ന മത നേതൃത്വങ്ങള്‍ മറന്നുപോകുന്നത്? ബോധപൂര്‍വ്വം ഭോഷ്ക് പ്രചരിപ്പിച്ച് അരാജകത്വം സൃഷ്ടിക്കാനുള്ള ഗൂഢപദ്ധതിയാണ് സിഡിഎസിന്റേതെന്ന് പറഞ്ഞേ തീരു.
സര്‍ക്കാര്‍ അടക്കമുള്ള സംവിധാനങ്ങളും ഭരണ യന്ത്രങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും എണ്ണത്തില്‍ കൂടുതലുള്ള സമുദായത്തെയാണ് പ്രീണിപ്പിക്കുന്നതെന്ന സ്ഫോടനാത്മകമായ നിരീക്ഷണവും , ആതിരേ, സിഡിയു നടത്തിയിട്ടുണ്ട്. ഇവിടെ ഇവര്‍ ഉദ്ദേശിക്കുന്നത് മുസ്ലീം സമുദായത്തെയാണ്. ജനസംഖ്യയില്‍ മറ്റു സമുദായങ്ങള്‍ കുറഞ്ഞുവരുമ്പോള്‍ മുസ്ലീങ്ങളുടെ എണ്ണം കൂടുന്നു എന്ന കണക്കിലെ കേവലമായ അക്ക സാന്നിധ്യം വെച്ചുകൊണ്ടുള്ള ഈ വിലയിരുത്തല്‍ വന്‍ വിപത്തിനെയായിരിക്കും വിളിച്ചുവരുത്തുക. ശാന്തിയുടെയും സമാധാനത്തിന്റെയും സഹകരണത്തിന്റെയും ക്ഷമയുടെയും പര്യായങ്ങളാകേണ്ട ശുഭ്രവസ്ത്രം ഇത്തരത്തിലുള്ള തീവ്രവാദ ചിന്തകളുടെ നികൃഷ്ടമായ നഗ്നത മറയ്ക്കാനുള്ളതല്ല എന്ന് സിഡിയുവിന് രൂപം കൊടുത്തവര്‍ ഓര്‍ത്തിരിക്കുന്നത് നന്ന്. കേരളത്തിലെ ജനസംഖ്യയില്‍ 1950-ല്‍ 30 ശതമാനമുണ്ടായിരുന്ന ക്രൈസ്തവര്‍ 2010 ആയപ്പോള്‍ 20 ശതമാനമായി കുറഞ്ഞു എന്നാണ് സിഡിയുവിന്റെ വിലയിരുത്തല്‍. ജനസംഖ്യയിലെ ഈ കുറവിന് വിദ്യാഭ്യാസം , സാമൂഹിക ബോധം, സാമ്പത്തിക ലക്ഷ്യം തുടങ്ങിയവയൊക്കെയാണ് കാരണങ്ങള്‍. ജനസംഖ്യയില്‍ കുറവു വന്നെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കമുള്ള നിര്‍ണായക മേഖലകളില്‍ ക്രൈസ്തവ മതങ്ങള്‍ നേടിയിട്ടുള്ള നേതൃത്വപരമായ സ്ഥാനവും മേല്‍കൈയും എന്തുകൊണ്ടാണ്, ആര്‍ക്കുവേണ്ടിയാണ് സിഡിയു തമസ്കരിക്കുന്നത് ? പ്രഫ. ജോസഫിന്റെ പീഡാനുഭവത്തിന്റെ പശ്ചാത്തലത്തില്‍ രൂപം കൊടുത്ത സിഡിയുവിന്റെ വക്താക്കളും നിയന്താക്കുളം കാണാതെ പോയ വാസ്തവമാണ്, യൂണിവേഴ്സിറ്റി നിയമവും ചട്ടവും ലംഘിച്ചുകൊണ്ട് ന്യൂമാന്‍സ് കോളജ് മാനേജ്മെന്റ് പ്രഫ. ജോസഫിനെതിരെ സ്വീകരിച്ച നടപടി. ആതിരേ, ശ്രദ്ധിക്കുക മറ്റ് സമുദായക്കാരല്ല മറിച്ച് ക്രൈസ്തവ സഭയിലെ നിക്ഷപ്തി താല്‍പ്പര്യങ്ങളാണ് സഭാംഗങ്ങള്‍ക്കെതിരെ ഉന്മൂലനത്തിന്റെ തന്ത്രങ്ങള്‍ പയറ്റുന്നത്. ഈ വാസ്തവമെല്ലാം വായിച്ചറിയാന്‍ കഴിയുന്ന പൊതുസമൂഹത്തിന്റെ മുന്നില്‍ നിന്നുകൊണ്ടാണ് സിഡിയു ഭീഷണമായ തീവ്രവാദത്തിന്റെ ജ്വാലകളെരിയുന്ന നിരീക്ഷണങ്ങള്‍ നടത്തുന്നത്. അതെ കേരളത്തിലും ക്രൈസ്തവ തീവ്രവാദത്തിന് വേരോട്ടം തേടുകയാണിവര്‍. ക്ഷമയുടെയും സഹനത്തിന്റെയും സമാധാനത്തിന്റെയും സുവിശേഷത്തില്‍ നിന്ന് ഉന്മൂലനത്തിന്റെയും സര്‍വ നാശത്തിന്റെയും വാളുകളാണ് സിഡിയു കണ്ടെടുക്കുന്നത്. ഈ സത്യം തിരിച്ചറിയാനും സമുദായത്തിലും സമൂഹത്തിലും അനഭലഷണീയമായ വിരുദ്ധ വികാരങ്ങള്‍ ഉദ്ദീപിപ്പിക്കുന്ന ളോഹ രൂപങ്ങളെ ചെറുക്കാനും ക്രൈസ്ത സമുദായംഗങ്ങള്‍ തയ്യാറാകണമെന്നാണ്, ആതിരേ, കാലം ആവശ്യപ്പെടുന്ന ധര്‍മ്മം.
Subscribe to:
Post Comments (Atom)
No comments:
Post a Comment