Sunday, September 5, 2010

മോണ്‍സിഞ്ഞോര്‍ തോമസ്‌ മലേക്കുടി, കൈവെട്ടിയവരേക്കാള്‍ നിങ്ങളെത്ര ക്രൂരന്‍


പ്രഫ. ജോസഫിന്റെ കൈവെട്ടിയ സംഭവത്തില്‍ പ്രതികളായി കേരളാപോലീസ്‌ കണ്ടെത്തിയത്‌ പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരെയാണ്‌. പ്രഫ. ജോസഫിനെ ജോലിയില്‍ നിന്ന്‌ പിരിച്ചുവിടാന്‍ നോട്ടീസ്‌ നല്‍കിയിട്ടും അദ്ദേഹത്തിന്റെ കൈവെട്ടിയ പ്രതികളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ബീഭത്സമായ ഈ നടപടിയെ വിവിധ മുസ്ലീം സംഘടനകള്‍ അപലപിച്ചപ്പോഴും മോണ്‍സിഞ്ഞോര്‍ തോമസ്‌ മലേക്കുടി അടങ്ങുന്ന ളോഹധാരികള്‍ മൗനം ഭജിക്കുകയായിരുന്നു എന്ന്‌ കേരളത്തിലെ പൊതുസമൂഹത്തിനറിയാം. സാഹചര്യങ്ങളെല്ലാം അനുകൂലമാണെന്ന്‌ ബോധ്യമായപ്പോഴാണ്‌ സഭ പ്രതിഷേധിക്കാന്‍ തയ്യാറായതെന്ന്‌ ക്രൈസ്തവര്‍ക്കുമറിയാം. ക്രിസ്തുവിന്റെ പേരില്‍, ബൈബിളിന്റെ പേരില്‍ നേരത്തെയും സഭ തുടര്‍ന്നുപോന്ന സാമൂഹിക വഞ്ചന ഊനം കൂടാതെ നടപ്പിലാക്കുകയായിരുന്നു, അതിരേ, മോണ്‍സിഞ്ഞോര്‍ തോമസ്‌ മലേക്കുടി.( ഭൂമി സൂര്യന്‌ ചുറ്റുമാണ്‌ പ്രദക്ഷിണം ചെയ്യുന്നതെന്ന്‌ പറഞ്ഞ ഗലീലിയോക്ക്‌ വിഷം കൊടുത്ത നികൃഷ്ടതയെ തോല്‍പ്പിക്കുന്നതായിപ്പോയി മോണ്‍സിഞ്ഞോര്‍ തോമസ്‌ മലേക്കുടി, താങ്കളുടെ എട്ടുപേജുള്ള നോട്ടീസ്‌.)
വിവാദ ചോദ്യക്കടലാസ്‌ തയ്യാറാക്കിയതിന്റെ പേരില്‍ മതാന്ധര്‍ കൈപ്പത്തി വെട്ടിനുറുക്കിയ പ്രഫ. ടി.ജെ ജോസഫിനെ, മഹത്മാഗാന്ധി സര്‍വകലാശാലാക്ക്‌ കീഴില്‍ ഇനി ജോലി കിട്ടാതിരിക്കത്തക്ക വിധത്തിലുള്ള വകുപ്പുകള്‍ ചുമത്തി പെന്‍ഷനും ആനുകൂല്യങ്ങളും നിഷേധിച്ച്‌ പുറത്താക്കുക വഴി മോണ്‍സിഞ്ഞോര്‍ തോമസ്‌ മലേക്കുടി മാനേജരായിരിക്കുന്ന ന്യൂമാന്‍സ്‌ കോളേജും ആ കോളേജിന്റെ ഉടമസ്ഥാവകാശം ഉള്ള സഭയും, കൈവെട്ടിയവരേക്കാള്‍ ക്രൂരമായ നിലപാടാണെടുത്തതെന്ന്‌ ഞാന്‍ പറയും, ആതിരേ....
25 വര്‍ഷം സര്‍വീസുള്ള പ്രഫ. ജോസഫിന്‌ വിരമിക്കാന്‍ മൂന്ന്‌ വര്‍ഷം മാത്രം ബാക്കിയുള്ളപ്പോഴാണ്‌ വെറുംകൈയോടെ പുറത്താക്കുന്ന നോട്ടീസ്‌ കോളേജ്‌ മാനേജര്‍ മോണ്‍. തോമസ്‌ മലേക്കുടി നല്‍കിയത്‌. സര്‍വ്വകലാശാലാ നിയമപ്രകാരം ശിക്ഷാനടപടികളിലെ സ്റ്റാറ്റ്യൂട്ട്‌ 73(7)ചാപറ്റര്‍ 45 വകുപ്പില്‍ ഉള്‍പ്പെടുത്തിയാണ്‌ നടപടിയെടുത്തത്‌.
കോളേജ്‌ മാനേജ്മെന്റിനും ക്രൈസ്തവ വിദ്യാഭ്യാസ മേഖലയ്ക്കും അപരിഹാര്യമായ മാനഹാനി പ്രഫ. ടി.ജെ ജോസഫ്‌ ഉണ്ടാക്കിയെന്നും സമൂഹത്തില്‍ സാമുദായിക സ്പര്‍ധയും ഗുരുതരമായ ക്രമസമാധാന പ്രശ്നങ്ങളും ഉടലെടുത്തു എന്നൊക്കെയുമുള്ള 'ഞായം' നിരത്തിയാണ്‌ പ്രഫ. ടി.ജെ ജോസഫിന്‌ ഇനിയൊരു കോളജിലും ജോലി ചെയ്യാന്‍ അവസരമൊരുക്കാത്ത വിധത്തിലുള്ള പിരിച്ചുവിടല്‍ നോട്ടീസ്‌ നല്‍കിയിരിക്കുന്നത്‌. ഇപ്പോഴത്തെ അവസ്ഥയില്‍ പ്രഫ. ജോസഫിന്‌ പെന്‍ഷനോ പിരിഞ്ഞു പോകുമ്പോള്‍ ലഭിക്കേണ്ട മറ്റ്‌ ആനുകൂല്യങ്ങളോ ലഭിക്കുകയില്ല. എംജി സര്‍വകലാശാലയുടെ കീഴില്‍ ഒരു കോളജിലും ജോലി ചെയ്യാന്‍ ഇനി സാധിക്കുകയുമില്ല. ഇത്തരത്തില്‍ ക്രൂരമായ നിലപാടെടുക്കാന്‍ മോണ്‍സിഞ്ഞോര്‍ തോമസ്‌ മലേക്കുടി അടങ്ങുന്ന വൈദികര്‍ തയ്യാറായത്‌ യാദൃഛികമല്ല. ക്രിസ്തുവിനെ കുരിശിലേറ്റിയ പുരോഹിത തെമ്മാടിത്തത്തിന്റെ തുടര്‍ച്ചയായിട്ടുവേണം ഇത്തരം നിലപാടുകളെ വിലയിരുത്തേണ്ടത്‌.ആതിരേ, വെള്ളപൂശിയ ശവക്കല്ലറകളെന്ന്‌ ക്രിസ്തു വിളിച്ചത്‌ ഇത്തരം നിലപാടുകാരെയുമാണ്‌.
ന്യൂമാന്‍സ്‌ കോളജിലെ ബികോം-വിദ്യാര്‍ത്ഥികളുടെ ഇന്റേണല്‍ പരീക്ഷയ്ക്ക്‌ പ്രഫ. ടി.ജെ ജോസഫ്‌ തയ്യാറാക്കിയ ഒരു ചോദ്യമാണ്‌ ഇപ്പോള്‍ മോണ്‍സിഞ്ഞോര്‍ തോമസ്‌ മലേക്കുടി പ്രതിനിധാനം ചെയ്യുന്ന ന്യൂനപക്ഷ അഹങ്കാരത്തിന്‌ സാമുദായിക സ്പര്‍ധയെന്ന്‌ വ്യാഖ്യാനിക്കാവുന്ന അവസ്ഥയിലെത്തി നില്‍ക്കുന്നത്‌. ആ ചോദ്യപേപ്പര്‍ അനുസരിച്ചുള്ള പരീക്ഷ നടന്ന്‌ മൂന്നാം ദിവസമാണ്‌ തൊടുപുഴയില്‍ എംഎസ്‌എഫും കെഎസ്‌യുവും പ്രക്ഷോഭം നടത്തിയതും അത്‌ നാടിന്റെ ക്രമസമാധാന നില തകര്‍ക്കുന്ന അവസ്ഥയോളം പരിണമിച്ചതും. കഴിഞ്ഞ മാര്‍ച്ച്‌ 23-ാ‍ം തീയതിയായിരുന്നു പരീക്ഷ. 26-ാ‍ം തീയതിയാണ്‌ നേരത്തെ സൂചിപ്പിച്ച ക്രമസമാധാന തകര്‍ച്ച ഉണ്ടായത്‌. ഇപ്പോള്‍ മോണ്‍സിഞ്ഞോര്‍ തോമസ്‌ മലേക്കുടി ഉള്‍പ്പെടുന്ന മാനേജ്മെന്റ്പറയുന്നത്‌ ഇന്റേണല്‍ പരീക്ഷയില്‍ വിവാദ ചോദ്യം ഉള്‍പ്പെടുത്തിയതിന്റെ ഔചിത്യം ഡിടിപി ഓപ്പറേറ്റര്‍ പ്രഫ. ടി.ജെ ജോസഫിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും അദ്ദേഹം ഗൗരവമായി എടുത്തില്ല എന്നാണ്‌. വിവാദ ചോദ്യത്തെ കുറിച്ച്‌ ഒരു വിദ്യാര്‍ത്ഥി ഉത്തരക്കടലാസില്‍ തന്നെ ആക്ഷേപം ഉന്നയിച്ചിട്ടും മൂല്യനിര്‍ണയം നടത്തിയ പ്രഫ. ജോസഫ്‌ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയില്ല എന്നൊക്കെയാണ്‌.
അപ്പോള്‍, ആതിരേ, ചില ചോദ്യങ്ങള്‍ ചോദിച്ചേ തീരു. തൊടുപുഴ ന്യൂമാന്‍സ്‌ കോളേജില്‍ നടത്തുന്ന ഇന്റേണല്‍ എക്സാമിനേഷന്റെ ചോദ്യപേപ്പര്‍ മുതല്‍ മൂല്യനിര്‍ണയം വരെയുള്ള കാര്യത്തില്‍ മോണ്‍സിഞ്ഞോര്‍ തോമസ്‌ മലേക്കുടി വരെയുള്ളവര്‍ക്ക്‌ ഉത്തരവാദിത്തമൊന്നുമില്ലേ? ഏതെങ്കിലും ഒരു അധ്യാപകന്‌ അദ്ദേഹത്തിന്റെ താന്തോന്നിത്തമനുസരിച്ച്‌ ചോദ്യങ്ങള്‍ തയ്യാറാക്കി പരീക്ഷ നടത്താന്‍ തൊടുപുഴ ന്യൂമാന്‍സ്‌ കോളേജില്‍ അവസരമുണ്ട്‌ എന്നാണോ? മോണ്‍സിഞ്ഞോര്‍ തോമസ്‌ മലേക്കുടി ഉള്‍പ്പെടെയുള്ളവര്‍ ഈ ബഹളങ്ങളുടെ മറവില്‍ തമസ്കരിക്കുന്ന ഒരു സത്യമില്ലേ? പ്രഫ. ടി.ജെ ജോസഫ്‌ തയ്യാറാക്കിയ ചോദ്യം സാമുദായിക മൈത്രിക്ക്‌ എതിരാണെന്ന്‌ 'കണ്ടെത്തുകയും പ്രചരിപ്പിക്കുകയും ചെയ്തത്‌ മറ്റൊരു അദ്ധ്യാപകനല്ലേ.? ആ വികൃത മനസ്സ്‌ രണ്ടുനിമിഷം ശാന്തത പുലര്‍ത്തിയിരുന്നെങ്കില്‍ പ്രഫ. ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റുമായിരുന്നോ ? അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കേരളത്തില്‍ ഉടലെടുക്കുമായിരുന്നോ ? ളോഹ അണിയുന്നത്‌ വെള്ളപൂശിയ ശവക്കല്ലറകള്‍ ആകാനല്ല എന്ന്‌ ഇനിയെങ്കിലും മോണ്‍സിഞ്ഞോര്‍ തോമസ്‌ മലേക്കുടിപോലെയുള്ളവരെങ്കിലും തിരിച്ചറിയേണ്ടതല്ലേ?
പ്രഫ. ജോസഫിന്റെ കൈവെട്ടിയ സംഭവത്തില്‍ പ്രതികളായി കേരളാപോലീസ്‌ കണ്ടെത്തിയത്‌ പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരെയാണ്‌. പ്രഫ. ജോസഫിനെ ജോലിയില്‍ നിന്ന്‌ പിരിച്ചുവിടാന്‍ നോട്ടീസ്‌ നല്‍കിയിട്ടും അദ്ദേഹത്തിന്റെ കൈവെട്ടിയ പ്രതികളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ബീഭത്സമായ ഈ നടപടിയെ വിവിധ മുസ്ലീം സംഘടനകള്‍ അപലപിച്ചപ്പോഴും മോണ്‍സിഞ്ഞോര്‍ തോമസ്‌ മലേക്കുടി അടങ്ങുന്ന ളോഹധാരികള്‍ മൗനം ഭജിക്കുകയായിരുന്നു എന്ന്‌ കേരളത്തിലെ പൊതുസമൂഹത്തിനറിയാം. സാഹചര്യങ്ങളെല്ലാം അനുകൂലമാണെന്ന്‌ ബോധ്യമായപ്പോഴാണ്‌ സഭ പ്രതിഷേധിക്കാന്‍ തയ്യാറായതെന്ന്‌ ക്രൈസ്തവര്‍ക്കുമറിയാം. ക്രിസ്തുവിന്റെ പേരില്‍, ബൈബിളിന്റെ പേരില്‍ നേരത്തെയും സഭ തുടര്‍ന്നുപോന്ന സാമൂഹിക വഞ്ചന ഊനം കൂടാതെ നടപ്പിലാക്കുകയായിരുന്നു, അതിരേ, മോണ്‍സിഞ്ഞോര്‍ തോമസ്‌ മലേക്കുടി.( ഭൂമി സൂര്യന്‌ ചുറ്റുമാണ്‌ പ്രദക്ഷിണം ചെയ്യുന്നതെന്ന്‌ പറഞ്ഞ ഗലീലിയോക്ക്‌ വിഷം കൊടുത്ത നികൃഷ്ടതയെ തോല്‍പ്പിക്കുന്നതായിപ്പോയി മോണ്‍സിഞ്ഞോര്‍ തോമസ്‌ മലേക്കുടി, താങ്കളുടെ എട്ടുപേജുള്ള നോട്ടീസ്‌.)
ആതിരേ, പോപ്പുലര്‍ ഫ്രണ്ട്‌ പ്രഫ. ജോസഫിനോട്‌ കാണിച്ച ക്രൂരതയേക്കാള്‍ നരകസ്വഭാവമുള്ളതാണ്‌ മോണ്‍സിഞ്ഞോര്‍ തോമസ്‌ മലേക്കുടിയുടെ ഈ നിലപാട്‌. പോപ്പുലര്‍ ഫ്രണ്ട്‌ വെട്ടിക്കളഞ്ഞ കൈപ്പത്തി തുന്നിച്ചേര്‍ക്കാനെങ്കിലും കഴിഞ്ഞു. മോണ്‍സിഞ്ഞോര്‍ തോമസ്‌ മലേക്കുടിയുടെ തീരുമാനം മൂലമുണ്ടാകുന്ന ഛേദിക്കല്‍ എങ്ങനെ കൂട്ടിച്ചേര്‍ക്കുമെന്ന്‌ പറയാന്‍ അദ്ദേഹത്തിന്‌ ബാധ്യതയുണ്ട്‌. ഒരു കുടുംബം പുലര്‍ത്തുന്ന വ്യക്തിയോട്‌ ദാമ്പത്യത്തെക്കുറിച്ച്‌ , കുടുംബനഥന്റെ ഉത്തരവാദിത്തത്തെക്കുറിച്ച്‌ എബിസിഡി അറിയാന്‍ കഴിയാത്ത വ്യക്തിക്ക്‌ ഇങ്ങനെയൊക്കെ പെരുമാറാന്‍ കഴിയുന്നതാണോ ക്രൈസ്തവ ജീവിത ദര്‍ശനം എന്നും വ്യക്തമാക്കാന്‍ മോണ്‍സിഞ്ഞോര്‍ തോമസ്‌ മലേക്കുടി ബാധ്യസ്ഥനാണ്‌.
മോണ്‍സിഞ്ഞോര്‍ തോമസ്‌ മലേക്കുടിയുടെ ഈ നിലപാട്‌ കൈവെട്ടിയ പോപ്പുലര്‍ ഫ്രണ്ട്കാരുടെ നിലപാടിനേക്കാള്‍ എത്രയോ ക്രൂരമാണ്‌,ആതിരേ.. . പ്രഫ. കെ.ജി. ശങ്കരപ്പിള്ള അഭിപ്രായപ്പെട്ടതുപോലെ വര്‍ഗീയ ശക്തികള്‍ കേരളത്തില്‍ റിമോട്ട്‌ കണ്‍ട്രോള്‍ ഭരണം ആരംഭിച്ചതിന്റെ ഉദാഹരണമാണ്‌ മോണ്‍സിഞ്ഞോര്‍ തോമസ്‌ മലേക്കുടിയുടെ തീരുമാനം. ഇത്‌ അനീതിയാണ്‌. അതിക്രമമാണ്‌. മുഹമ്മദ്‌ എന്ന പേര്‌ അധ്യാപകര്‍ക്കുണ്ടാവാം മീന്‍കച്ചവടക്കാര്‍ക്കുണ്ടാകാം ഭ്രാന്തന്മാര്‍ക്കുണ്ടാകാം. മുഹമ്മദ്‌ എന്ന പേര്‌ ഒരാള്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ഉപയോഗിച്ചാല്‍ അത്‌ രക്ഷകനാണെന്ന്‌ പറയുന്നത്‌ രക്ഷകനെ തന്നെ വെട്ടിച്ചുരുക്കുന്നതിന്‌ തുല്യമാണ്‌.ഒരു അപ്പോസ്തലന്റെ പേരല്ലേ ന്യൂമാന്‍സ്‌ കോളേജ്‌ മാനേജര്‍ മോണ്‍സിഞ്ഞോറിനുള്ളത്‌.ആ അപ്പോസ്തലനുമായി തട്ടിച്ചു നോക്കുമ്പോള്‍ അദ്ദേഹത്തിന്റെ പേരു പേറുന്ന മോണ്‍സിഞ്ഞോര്‍ കാട്ടിക്കൂട്ടിയത്‌ അപ്പോസ്തലനെ അധിക്ഷേപിക്കുന്നതണെന്ന്‌ മൊസാദ്‌ പോലുള്ള രാഷ്ട്രാന്തര തീവ്രവാദികള്‍ വ്യഖ്യാനിക്കുകയും പോപ്പുലര്‍ ഫ്രണ്ട്കാരെപ്പോലെ ആയുധത്തിന്റെ ഭാഷയില്‍ സംസരിക്കുകയും ചെയ്താല്‍ മോണ്‍സിഞ്ഞോറിന്റെ കഴുത്തിനു മുകളില്‍ തലയുണ്ടാകുമോ., അതിരേ?മുഹമദ്‌ എന്ന പേരിന്റെ പേരില്‍ മുസ്ലിം തീവ്രവാദ ചിന്ത തൊടുപുഴയില്‍ വര്‍ഗീയമായെങ്കില്‍ അതിന്റെ വെട്ടേറ്റ പ്രഫ. ടി.ജെ.ജോസഫിനെ ജോലിയില്‍ നിന്ന്‌ പിരിച്ചുവിടുക വഴി ആ വര്‍ഗീയ വാദികളെയും ലജ്ജിപ്പിക്കുന്ന നിലപാടാല്ലേ മോണ്‍സിഞ്ഞോര്‍ തോമസ്‌ മലേക്കുടി സ്വീകരിച്ചത്‌. ഒരു അധ്യാപകനാവാനുള്ള എല്ലാ യോഗ്യതയും പ്രഫ. ടി.ജെ ജോസഫിനുണ്ട്‌. മോണ്‍സിഞ്ഞോര്‍ തോമസ്‌ മലേക്കുടിയുടെ പിരിച്ചുവിടല്‍ നോട്ടീസിനോടുള്ള പ്രതികരണത്തില്‍ വരെ ആ മാന്യതയും വിശുദ്ധിയുമുണ്ട്‌. അദ്ദേഹം നല്‍കിയ വിശദീകരണങ്ങളിലും ഈ ആര്‍ജ്ജവവും സത്യസന്ധതയുമുണ്ട്‌. എന്നിട്ടും അദ്ദേഹത്തെ പിരിച്ചുവിടുക വഴി കേരളത്തിലെ സാമൂഹിക ജീവിതത്തിന്‌ ഭീഷണിയായി മാറിയ ഭീകരവാദത്തോട്‌ അനുരഞ്ജനപ്പെടുകയായിരുന്നു സഭാ നേതൃത്വും മോണ്‍സിഞ്ഞോര്‍ തോമ്മസ്‌ മലേക്കുടിയും.അതിരേ, ഇത്‌ മോണ്‍സിഞ്ഞോര്‍ തോമസ്‌ മലേക്കുടി നേതൃത്വം നല്‍കുന്ന മാനേജ്മെന്റിന്റെ ഭീരുത്വമാണ്‌, വര്‍ഗീയ പ്രീണനമാണ്‌..
കേസിന്റെ ആദ്യഘട്ടത്തില്‍ കേരള പോലീസും കേരളസര്‍ക്കാരും പ്രഫ. ടി.ജെ ജോസഫിനോട്‌ നീതി പുലര്‍ത്തിയിരുന്നില്ല. അബ്ദുള്‍ നാസര്‍ മദനിക്കും ഭാര്യ സൂഫി മദനിക്കും ലഭിച്ച മാന്യത പോലും ഇക്കാര്യത്തില്‍ പ്രഫ. ടി.ജെ ജോസഫിന്‌ ലഭിച്ചില്ല. അന്താരാഷ്ട്ര കുറ്റവാളിയെന്ന പോലെയാണ്‌ അദ്ദേഹത്തെയും കുടുബത്തെയും പോലീസ്‌ വേട്ടയാടിയത്‌. ഇവിടെ സഭയും മോണ്‍സിഞ്ഞോര്‍ തോമസ്‌ മലേക്കുടിയും പാലിച്ച അശ്ലീല നിശബ്ദത കേരളത്തിലെ പൊതുസമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്‌.അതിന്റെ തിരിച്ചടി ഉണ്ടാകുകയും ചെയ്യും.
ഇവിടെ മറ്റൊരുകാര്യം കൂടി സൂചിപ്പിക്കേണ്ടതുണ്ട്‌ ആതിരേ... അവകാശങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും വേണ്ടി സമരസന്നിഭമായ മാനസീകാവസ്ഥയോടെ, സംഘടിത ശക്തിയോടെ വിലപേശല്‍ നടത്തുന്ന കോളേജ്‌ അധ്യാപക സംഘടനയും മോണ്‍സിഞ്ഞോര്‍ തോമസ്‌ മലേക്കുടിയുടെ വൃത്തികെട്ട നിലപാടുകളുമായി സമരസപ്പെടുകയായിരുന്നു ഇതെഴുതുന്നതുവരെ. അദ്ദേഹത്തിന്റെ ചികിത്സയ്ക്ക്‌ കുറച്ച്‌ പണം നല്‍കി തങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന്‌ ഏതൊക്കെയോ ളോഹയുടെയും പച്ചതൊപ്പികളുടെയും സംരക്ഷണയിലേക്ക്‌ ഒതുങ്ങുകയായിരുന്നു അവര്‍. ഇത്തരത്തില്‍ സഭയുടേയും അദ്ധ്യാപ സംഘടനകളുടേയും വര്‍ഗീയ പ്രീണനത്തിന്റേയും വഞ്ചനയുടേയും ഇരയാണ്‌ പ്രഫ. ടി.ജെ ജോസഫ്‌. ക്രിസ്തുവിനെ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ ക്രൂശിക്കുന്ന ക്രൈസ്തവ മത മേലധ്യക്ഷന്മാരുടെ പാപ പങ്കിലമായ നിലപാടുകള്‍ക്ക്‌ മറ്റൊരു ഇരകൂടി.
ഇവര്‍ ചെയ്യുന്നത്‌ എന്തെന്ന്‌ ഇവര്‍ അറിയുന്നതുകൊണ്ട്‌ ഇവരോട്‌ ക്ഷമിക്കരുതേ എന്നാണ്‌ ആതിരേ എന്റേയും കേരളത്തിലെ പൊതുസമൂഹത്തിന്റെയും പ്രാര്‍ത്ഥന.

No comments: