Thursday, February 26, 2009

കാര്‍ബണ്‍ ഫാസ്റ്റിംഗും ക്രിസോസ്റ്റം തിരുമേനിയും


വ്യത്യസ്തനാണ്‌,ആതിരേ വിവിധ കാരണങ്ങളാല്‍ മറ്റ്‌ ബിഷപ്പുമാരില്‍ നിന്നും മെത്രാന്മാരില്‍ നിന്നും മാര്‍ത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത.
നര്‍മ്മത്തിലൂടെ മനുഷ്യാവസ്ഥകളെയും മനുഷ്യമോചന ദൗത്യങ്ങളെയും വിലയിരുത്തുന്ന വലിയ ഇടയാനാണ്‌ ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം തിരുമേനി. മാരാമണ്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തിട്ടുള്ളവര്‍ക്ക്‌ ജീവിതം മുഴുവന്‍ ഓര്‍ത്തു ചിരിക്കാനുള്ള നര്‍മ്മോക്തികള്‍ ക്രിസോസ്റ്റം തിരുമേനിയില്‍ നിന്ന്‌ എല്ലാവര്‍ഷവും ലോപമില്ലാതെ ലഭിക്കാറുണ്ട്‌.
ഒരു ഉദാഹരണം: ക്രിസോസ്റ്റം തിരുമേനിക്ക്‌ ഒരു സഹായിയെ വേണം. ഇതിനായി അപേക്ഷ ക്ഷണിച്ചു. നിരവധി പേര്‍ എത്തി.തിരുമേനിയുടെ സഹായിയായി അറിയപ്പെടുന്നതുതന്നെ ധന്യതയാണെന്ന്‌ വിശ്വസിച്ചാണ്‌ എല്ലാവരും മുഖാമുഖത്തിന്‌ എത്തിയത്‌. തിയോളജിയിലും മറ്റ്‌ ശാസ്ത്രശാഖകളിലും ബിരുദാനന്തരബിരുദമുള്ളവരാണ്‌ അപേക്ഷകരില്‍ ഭൂരിപക്ഷവും. അവരില്‍ ഏറ്റവും മിടുക്കനെന്ന്‌ തോന്നിയ യുവാവിനോട്‌ തിരുമേനി ചോദിച്ചു. ചായ ഇടാന്‍ അറിയാമോ?, തുണി തേയ്ക്കാന്‍ അറിയാമോ? അരമനയിലെ കണക്കുകള്‍ കൃത്യമായി കൈകാര്യം ചെയ്യാന്‍ കഴിയുമോ? ഈ ചോദ്യങ്ങളൊന്നും സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാതിരുന്ന ആ യുവാവ്‌ ഇല്ല എന്ന്‌ ആത്മാര്‍ത്ഥമായി തന്നെ മറുപടിപറഞ്ഞു. അതിന്‌ തിരുമേനിയുടെ പ്രതിവചനം ഇങ്ങനെയായിരുന്നു. ഇതൊന്നുമറിയാത്തതുകൊണ്ടാണ്‌ ഇവരെന്നെ മെത്രാപ്പോലീത്താ ആക്കിയത്‌. അപ്പോള്‍ നമ്മള്‍ രണ്ടു മെത്രാപ്പോലീത്താമാരുടെ ആവശ്യം ഇപ്പോള്‍ ഇല്ല.
ഇത്തരത്തില്‍, ആതിരേ നര്‍മ്മത്തെ അതിന്റെ കലര്‍പ്പില്ലാത്ത രൂപത്തില്‍ വചന പ്രഘോഷണ വേദികളില്‍ പോലും ഉപയോഗിച്ച്‌ ശ്രോതാക്കളിലും വിശ്വാസികളിലും സുവിശേഷത്തെക്കുറിച്ചും ക്രിസ്തുവിന്റെ ഉദ്ബോധനത്തെക്കുറിച്ചും വ്യത്യസ്ത കാഴ്ചപ്പാടുകള്‍ സൃഷ്ടിക്കുന്ന അനുഗ്രഹീതനായ പ്രഭാഷകനും മനുഷ്യസ്നേഹിയുമാണ്‌ ക്രിസോസ്റ്റം തിരുമേനി. മനുഷ്യനെ അവന്റെ സാകാല്യാവസ്ഥയില്‍ തിരിച്ചറിഞ്ഞ്‌ അവന്റെ ഭൗതീക സാഹചര്യങ്ങള്‍ക്ക്‌ പോലും ആത്മീയ ജീവിതവുമായി അഭേദ്യമായ ബന്ധമുണ്ടെന്നു മനസ്സിലാക്കി യഥാര്‍ത്ഥ ക്രിസ്ത്യാനിയായി ജീവിക്കുന്ന സഭാമേലദ്ധ്യക്ഷനാണ്‌ അദ്ദേഹം.
അതുകൊണ്ടാണ്‌ ആതിരേ, വലിയ നോയമ്പിന്റെ ആദ്യദിവസം സഭാവിശ്വാസികളോട്‌ "കാര്‍ബണ്‍ ഫാസ്റ്റിംഗ്‌ " ആരംഭിക്കണമെന്ന വിപ്ലവകരമായ സുവിശേഷം അറിയിക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞത്‌. അടുത്ത അമ്പതു ദിവസം മാര്‍ത്തോമ്മാ സഭയിലെ വിശ്വാസികള്‍ക്കായി തിരുമേനി നല്‍കിയ നിര്‍ദ്ദേശം പരിസ്ഥിതി പരിപാലനത്തിന്റെ ആവശ്യകതയ്ക്ക്‌ ഊന്നല്‍ നല്‍കുന്നതായിരുന്നു.
ആഗോള താപനമൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളിലേക്ക്‌ സഭാവിശ്വാസികളുടെ ശ്രദ്ധ ക്ഷണിക്കാന്‍ നടത്തിയ അനന്യവും അന്യൂനവുമായ ഉപദേശങ്ങളാണ്‌ ഈ അമ്പതുദിവസത്തേക്ക്‌ തിരുമേനി നല്‍കിയിരിക്കുന്നത്‌. സാധാരണ വീടുകളിലും ഓഫീസുകളിലും സ്വകാര്യ ആവശ്യത്തിനും ഉപയോഗിക്കുന്ന യന്ത്രങ്ങളും ഉപകരണങ്ങളും സൃഷ്ടിക്കുന്ന അന്തരീക്ഷ താപനത്തെക്കുറിച്ച്‌ ബോധവാന്മാരാക്കി, വിശ്വാസികളെ പരിസ്ഥിതി പരിപാലനത്തിന്റെ പച്ചയായ പുല്‍പ്പുറത്തേക്ക്‌ നയിക്കുകയാണ്‌ ഈ നല്ല ഇടയന്‍.
ആഗോള താപനം ഉണ്ടാക്കുന്ന പരിസ്ഥിതി വ്യതിയാനം ആത്യന്തികമായി ബാധിക്കുന്നത്‌ സമൂഹത്തിലെ നിസ്വവര്‍ഗ്ഗത്തെയാണെന്ന്‌ സഭാവിശ്വാസികളെ ബോദ്ധ്യപ്പെടുത്താനാണ്‌ ഈ അമ്പതു കല്‍പനകള്‍, ആതിരേ ക്രിസോസ്റ്റം തിരുമേനി പുറപ്പെടുവിപ്പിച്ചിരിക്കുന്നത്‌. അന്തരീക്ഷത്തിലേക്ക്‌ യാതൊരു ശ്രദ്ധയുമില്ലാതെ തള്ളുന്ന കാര്‍ബണ്‍ കണികള്‍ സൃഷ്ടിക്കുന്ന തപനത്തില്‍ നിന്ന്‌ കേരളത്തെയെങ്കിലും അമ്പതുദിവസത്തേക്ക്‌ മോചിപ്പിക്കാനാണ്‌ തിരുമേനി ആവശ്യപ്പെടുന്നത്‌. ഒരു മതമേലദ്ധ്യക്ഷന്റെയും മനസ്സില്‍ തോന്നാത്ത പരിസ്ഥിതി പ്രേമവും സമൂഹത്തിലെ താഴെക്കിടയിലുള്ള മനുഷ്യനോടുള്ള ഐക്യദാര്‍ഢ്യപ്രഖ്യാപനവുമാണ്‌ ആതിരേ, തിരുമേനി നടത്തിയിരിക്കുന്നത്‌.
" കാര്‍ബണ്‍ ഫാസ്റ്റിംഗ്‌ " എന്നാണ്‌ തിരുമേനി അതിനു പേരു നല്‍കിയിരിക്കുന്നത്‌. അമ്പതു ദിവസം വിശ്വാസികള്‍ ശ്രദ്ധാപൂര്‍വ്വം തങ്ങളുടെ മൊബെയില്‍ ഫോണടക്കമുള്ള യന്ത്രസാമഗ്രികള്‍ ഉപയോഗിച്ചാല്‍ തന്നെ വലിയ വ്യത്യാസം അന്തരീക്ഷത്തിലും വ്യക്തികളിലുമുണ്ടാകുമെന്നാണ്‌ തിരുമേനി ഉദ്ബോധിപ്പിക്കുന്നത്‌.്‌.
ഈ ദൗത്യത്തിന്റെ അല്ലെങ്കില്‍ പുതിയ ഈ നോയമ്പിന്റെ തുടക്കമെന്നോണം ഭവനത്തിലെ ഏറ്റവും പ്രധാന സ്ഥലത്തെ ഒരു ബള്‍ബ്‌ വരുന്ന അമ്പതു ദിവസങ്ങളില്‍ ഉപയോഗിക്കാതിരിക്കുക എന്നതാണ്‌ തിരുമേനി നിര്‍ദ്ദേശിക്കുന്നത്‌. അമ്പതു ദിവസം കഴിയുമ്പോള്‍ ആ ബള്‍ബിന്റെ സ്ഥാനത്ത്‌ വൈദ്യുതി ഉപഭോഗം കുറയ്ക്കുന്ന ഒരു ബള്‍ബ്‌ ഘടിപ്പിച്ച്‌ ഏറ്റെടുത്തിട്ടുള്ള പാരിസ്ഥിതിക പരിചരണ-മോചനദൗത്യത്തെ ദൃശ്യവത്ക്കരിക്കുക എന്നതാണ്‌ തിരുമേനി സഭാ വിശ്വാസികളോട്‌ ആവശ്യപ്പെടുന്നത്‌.
ആതിരേ, സ്വര്‍ഗ്ഗവും മനുഷ്യനും തമ്മിലുള്ള ബന്ധവും ആ ബന്ധത്തിന്‌ വിഘാതം നില്‍ക്കുന്ന ഭൗതിക ഘടകങ്ങളും മാത്രം പ്രസംഗങ്ങളിലും ഉദ്ബോധനങ്ങളിലും ഉള്‍പ്പെടുത്തി സമൂഹത്തിന്റെ ഏറ്റവും കാതലായ പ്രശ്നങ്ങളില്‍ നിന്ന്‌ ശ്രദ്ധതിരിച്ചും വിശ്വാസികളുടെ ശ്രദ്ധ തിരിപ്പിച്ചും അരമനകളില്‍ സുഖിച്ചു വാഴുന്ന ബിഷപ്പുമാര്‍ക്കെല്ലാം വെല്ലുവിളി ആകുകയാണ്‌ ഈ അമ്പതു കല്‍പനകളും അവയുടെ ഉപജ്ഞാതാവും.. മനുഷ്യസഹജമായ വികാരപ്രകടനങ്ങള്‍ പോലും മനുഷ്യനെ പാപിയാക്കി മാറ്റുമെന്ന്‌ പുള്‍പിറ്റില്‍ നിന്നുകൊണ്ട്‌ ബൈബിള്‍ വാക്യങ്ങള്‍ ഉദ്ധരിച്ച്‌ പ്രസംഗിച്ച്‌ അവരില്‍ മാനസികവും ശാരീരികവും ആയ സമ്മര്‍ദ്ദങ്ങള്‍ സൃഷ്ടിക്കുകയും അതേ സമയം തങ്ങള്‍ പ്രസംഗിക്കുന്നതിന്‌ കടകവിരുദ്ധമായ ജീവിതം നയിച്ച്‌ ക്രിമിനലുകളായി സമൂഹമദ്ധ്യേ അടയാളപ്പെടുത്തപ്പെടുകയും ചെയ്യുന്ന സംഘടിത മത നേതൃത്വങ്ങളുടെ സാമുഹിക വിരുദ്ധത പൊളിച്ചു കാട്ടുന്നതു കൂടിയാണ്‌ ആതിരേ, തിരുമേനിയുടെ ഈ കല്‍പനകള്‍.
മനുഷ്യന്റെ ഭൗതിക സാഹചര്യങ്ങള്‍ ശ്രദ്ധിക്കാതെ അവന്റെ ആത്മീയതയും മരണാനന്തരജീവിതവും പ്രസംഗിച്ച്‌ വര്‍ത്തമാനകാലത്തെ നരകമാക്കുന്ന മതമേലദ്ധ്യക്ഷന്മാര്‍ക്കു വരെ വിമോചനത്തിന്റെ പാത കാട്ടുന്നുണ്ട്‌ ക്രിസോസ്റ്റം തിരുമേനിയുടെ ഈ പാരിസ്ഥിതിക തിരിച്ചറിവുകള്‍.
ക്രിസോസ്റ്റം തിരുമേനിയുടെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇനി പറയുന്നവയാണ്‌.
* കഴിവതും പതുക്കെ സഞ്ചരിക്കുക, വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക, അതിലൂടെ കാര്‍ബണിന്റെ പുറന്തള്ളല്‍ നിയന്ത്രിക്കാം.
*ഉപയോഗമില്ലാത്തപ്പോള്‍ എല്ലാ വൈദ്യുതി ഉപകരണങ്ങളും സ്വിച്ച്‌ ഓഫ്‌ ചെയ്യുക.
*മൊബെയില്‍ ഫോണ്‍ ചാര്‍ജ്ജ്‌ ചെയ്യുന്നില്ലെങ്കില്‍ ചാര്‍ജ്ജര്‍ മെയിന്‍ സ്വിച്ചില്‍ നിന്ന്‌ ഊരിയിടുക.
*അടുത്തള്ള കടയില്‍ നിന്ന്‌ സാധനങ്ങള്‍ വാങ്ങുക, അകലെയുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന്‌ സാധനം വാങ്ങണമെങ്കില്‍ വാഹനത്തില്‍ സഞ്ചരിക്കണം. അവിടെ വില്‍പനയ്ക്കു വച്ചിരിക്കുന്നവ ദൂരസ്ഥലങ്ങളില്‍ നിന്നും വിദേശത്തുനിന്നും വിമാനമാര്‍ഗ്ഗവും വാഹനമാര്‍ഗ്ഗവും എത്തിച്ചിട്ടുള്ളവയാണ്‌. ഇതിനായി വലിയതോതില്‍ ഇന്ധനം മുടക്കണം. അത്‌ കൂടുതല്‍ അന്തരീക്ഷ താപനത്തിന്‌ ഇട വരുത്തും, മാത്രമല്ല, തൊട്ടടുത്ത കടയില്‍ നിന്ന്‌ സാധനങ്ങള്‍ വാങ്ങുമ്പോള്‍ മായം ചേര്‍ക്കല്‍ കുറഞ്ഞിരിക്കാനുള്ള സാദ്ധ്യതയും ഏറെയാണ്‌.
*പ്ലാസ്റ്റിക്ക്‌ ബാഗുകള്‍ ഉപയോഗിക്കാതിരിക്കുക, സാധനങ്ങള്‍ വാങ്ങാന്‍ തുണി സഞ്ചികള്‍ ഉപയോഗിക്കുക.
*ദിവസത്തില്‍ ഒരു നേരമെങ്കിലും പഴങ്ങളും പച്ചക്കറികളുമടങ്ങുന്ന ഭക്ഷണം ശീലിക്കുക, ഇത്‌ ചെലവ്‌ കുറയ്ക്കും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
*വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ടയറിലെ കാറ്റിന്റെ അളവ്‌ ശ്രദ്ധിക്കുക, കാറ്റ്‌ കുറഞ്ഞിരുന്നാല്‍ കൂടുതല്‍ ഇന്ധന ചെലവ്‌ ഉണ്ടാകും.
*ഞായറാഴ്ച പൂര്‍ണ്ണ നിശബ്ദത പാലിക്കുക, അന്ന്‌ മൊബെയില്‍ ഫോണും ടിവിയും റേഡിയോയും തുടങ്ങി എല്ലാ ഉപകരണങ്ങളും സ്വിച്‌ ഓഫ്‌ ചെയ്യുക.
*പള്ളി-ഭവന പരിസരങ്ങള്‍ ചെടികള്‍ നട്ട്‌ ഹരിതാഭമാക്കുക.
*വാഷ്‌ ബേയ്സനിലെ പൈപ്പ്‌ തുറന്നിട്ട്‌ പല്ല്‌ തേക്കാതിരിക്കുക, ഷേവ്‌ ചെയ്യാതിരിക്കുക, ജലത്തിന്റെ ഉപയോഗം ക്രമീകരിക്കുക.
ആതിരേ, ഒരു ഭവനത്തില്‍ ആരാണ്‌ ഏറ്റവും അധികം അദ്ധ്വാനിക്കുന്നത്‌ ? മാതാവാണോ പിതാവാണോ? തിരുമേനി ചോദിക്കുന്നു. ഉത്തരവും തിരുമേനി തന്നെ നല്‍കുന്നു. ഇവര്‍ രണ്ടുപേരുമല്ല, വീട്ടിലെ ഫ്രിഡ്ജാണ്‌. അതുകൊണ്ട്‌ ഫ്രിഡ്ജിന്റെ ഉപയോഗം നിയന്ത്രിക്കുക.
*രാസവളങ്ങളും രാസസംയുക്തങ്ങളുമടങ്ങിയ കീടനാശിനികളും ഉപയോഗിക്കാതിരിക്കുക,
*പള്ളികളില്‍ സാധാരണ മെഴുകുതിരികള്‍ ഉപയോഗിക്കുക, പകല്‍ സമയങ്ങളില്‍ ലൈറ്റുകള്‍ ഓഫ്‌ ചെയ്യുക.
*ദു:ഖവെള്ളിയാഴ്ച ദിവസം കഴിവുള്ളിടത്തോളം വൈദ്യുതി ഉപയോഗിക്കാതിരിക്കുക, കഴിവുള്ളിടത്തോളം വാഹന യാത്ര ഒഴിവാക്കുക,
*ഈസ്റ്റര്‍ ദിവസം ഇപ്പോള്‍ നിര്‍ദ്ദേശിക്കുന്ന കാര്‍ബണ്‍ ഫാസ്റ്റിംഗ്‌ അവസാനിപ്പിക്കുക, എന്നാല്‍ അടുത്ത ദിവസം മുതല്‍ അതു തുടരുക.
ഇങ്ങനെ ചെയ്താല്‍,ആതിരേ, ക്രിസോസ്റ്റം തിരുമേനി വിശ്വാസികളോട്‌ പറയുന്നു: നിങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും ദുര്‍ബ്ബലര്‍ക്കും നിസ്വര്‍ക്കും നിങ്ങള്‍ സഹോദരന്മാരായിത്തിരും. നിങ്ങളുടെ സ്വകാര്യ സുഖത്തിന്റെ പേരില്‍ ഭൂമിയില്‍ ജീവിക്കാനുള്ള അവരുടെ അവകാശം നിഷേധിക്കുന്നത്‌ ഇല്ലാതാക്കാനും കഴിയും.
ഒരിക്കലും കേരളത്തിലെ ഒരു മതപുരോഹിതനും ചിന്തിക്കാത്ത വിമോചനത്തിന്റെ ദൈവശാസ്ത്രമായിട്ടാണ്‌ ആതിരേ ഞാന്‍ ക്രിസോസ്റ്റം തിരുമേനിയുടെ ഈ ഉദ്ബോധനത്തെ കാണുന്നത്‌. നിങ്ങളില്‍ ചെറിയവന്‌ ചെയ്യുന്ന സഹായം, ഉപകാരം എനിക്കു നല്‍കുന്ന ആരാധാനയാണെന്നു പറഞ്ഞ ക്രിസ്തുവിന്റെ വചനങ്ങളുടെ പര്യായമാവുകയാണ്‌ തിരുമേനിയുടെ ഈ ഉദ്ബോധനങ്ങള്‍.
ക്രിസോസ്റ്റം തിരുമേനിയെപ്പോലെ ചിന്തിക്കുന്ന മതമേലദ്ധ്യക്ഷന്മാര്‍ മറ്റ്‌ സമുദായങ്ങള്‍ക്കും ഉണ്ടായിരുന്നതെങ്കില്‍ എന്ന്‌ ആശയ്ക്ക്‌ വിരുദ്ധമായി ആശിക്കുകയാണ്‌.
കന്യാസ്ത്രികളെ ഭോഗിച്ചും കൊന്നും,വിശ്വാസ പ്രഖ്യാപന റാലികള്‍ സംഘടിപ്പിച്ചും സമുദായവികാരം ആളിക്കത്തിച്ച്‌ വിശ്വാസികളെ തെരുവിലിറക്കിയും അരമനകളില്‍ "വെള്ളപൂസിയ കുഴിമാടങ്ങളായി മദിച്ചു ജീവിച്ച്‌ ക്രിസ്തുവിനും ക്രിസ്ത്യാനികള്‍ക്കും ശാപമായ എത്ര എത്ര വികാരിയച്ചന്മാര്‍, ബിഷപ്പുമാര്‍, മെത്രാന്മാര്‍
അവര്‍ക്കിടയില്‍ ഒരു യഥാര്‍ത്ഥ കൃഷ്യാനിയാവുകയല്ലെ ആതിരേ, ക്രിസോസ്റ്റം തിരുമേനി?തിരുമേനിയെന്ന ബഹുമാനം അര്‍ഹിക്കൂന്ന അപൂര്‍വം വ്യക്തിത്വങ്ങളില്‍ ഒരാളാണ്‌ ക്രിസോസ്റ്റം.ബാക്കിയുള്ളവരെല്ലാം കള്ളനാണയങ്ങളും കപട ഇടയന്മാരുമാണ്‌ ആതിരേ..
പ്രവര്‍ത്തിയില്ലാത്ത വിശ്വാസം ജഡമാണെന്നു പറഞ്ഞ ക്രിസ്തുവിന്റെ ഉദ്ബോധനത്തിന്റെ കര്‍മ്മകാണ്ഡമാകുകയാണ്‌ ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത.
ആതിരേ, ആത്മാവ്‌ സഭയോടു പറയുന്നത്‌ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ എന്ന് ബൈബിളില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ, ല്ലേ..?

No comments: