Wednesday, September 16, 2009
ഇനിയെങ്കിലും സഭ സത്യം അംഗീകരിക്കുമോ? ക്ഷമ പറയുമോ...?
"നിങ്ങള്‍ സത്യമറിയുകയും സത്യം നിങ്ങളെ മോചിപ്പിക്കുകയും ചെയ്യും" എന്ന ബൈബിള്‍ വചനം അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാകുകയായിരുന്നു ആതിരേ, കഴിഞ്ഞദിവസം പുറത്തുവന്ന അഭയ കേസിലെ നാര്‍ക്കോ അനാലിസിസ് ടെസ്റ്റിന്റെ വീഡിയോ സിഡികള്‍.
സിസ്റ്റര്‍ അഭയയെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു എന്നും അതിന് കോടാലി പോലെയുള്ള ഒരു ഉപകരണമാണ് ഉപയോഗിച്ചതെന്നും അടിയേറ്റു വീണ അഭയയെ ഫാ. തോമസ് കോട്ടൂരും ഫാ. ജോസ് പൂതൃക്കയും സിസ്റ്റര്‍ സെഫിയും ചേര്‍ന്ന് കിണറ്റില്‍ ഇടുകയായിരുന്നു എന്നുമാണ് ഇപ്പോള്‍ പ്രതികളായി അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് പേരുടെയും നാര്‍ക്കോ അനാലിസിസില്‍ വ്യക്തമായത്.
1992 മാര്‍ച്ച് 17-ാം തീയതി പുലര്‍ച്ചെ കോട്ടയത്തെ പയസ് ടെന്ത് ഹോസ്റ്റലിന്റെ അടുക്കളയില്‍ സിസ്റ്റര്‍ സെഫിയും ഫാ. തോമസ് കോട്ടൂരും ഫാ. ജോസ് പൂതൃക്കയിലും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് സിസ്റ്റര്‍ അഭയ കാണാന്‍ ഇടയായതാണ് കൊലപാതകത്തിന് കാരണം. സിസ്റ്റര്‍ സെഫിയാണ് കോടാലിപോലുള്ള ഉപകരണം കൊണ്ട് സിസ്റ്റര്‍ അഭയയുടെ തലയ്ക്കടിച്ച് വീഴ്ത്തിയത്.
ഇതുപോലെ ഞെട്ടിക്കുന്നതും നാണം കെടുത്തുന്നതുമായ നിരവധി വിവരങ്ങളാണ് തിങ്കളാഴ്ച ചാനലുകള്‍ സംപ്രേക്ഷണം ചെയ്ത വീഡിയോ സിഡിയിലുള്ളത്. പല സ്ഥലത്തും എഡിറ്റിംഗ് നടന്നിട്ടുള്ളതുകൊണ്ട് ആ തണുത്ത വെളുപ്പാന്‍ കാലത്ത് പയസ് ടെന്ത് അടുക്കളയില്‍ നടന്ന കാമകേളികളുടെ വിശദവിവരം ലഭ്യമല്ല. എന്നാലും താനാണ് അച്ചന്മാര്‍ക്ക് ഹോസ്റ്റലിനുള്ളില്‍ കയറാന്‍ വാതില്‍ തുറന്നുകൊടുത്തതെന്ന് സെഫിയും തങ്ങള്‍ സാധാരണ വെളുപ്പാന്‍ കാലത്ത് ഇത്തരം സന്ദര്‍ശനങ്ങള്‍ നടത്താറുണ്ടെന്നും സിസ്റ്റര്‍ സെഫിയെ കൂടാതെ മറ്റൊരു സിസ്റ്ററും 'ഈ ബിസിനസില്‍' പങ്കാളിയാകാറുണ്ടെന്നും സംഭവദിവസം ആ സിസ്റ്റര്‍ സ്ഥലത്തുണ്ടായിരുന്നില്ല എന്നുമൊക്കെയാണ് ഫാ. പൂതൃക്കയിലിന്റെ വെളിപ്പെടുത്തല്‍.
ആതിരേ,കഴിഞ്ഞ 16 വര്‍ഷമായി സഭയും രാഷ്ട്രീയ നേതൃത്വവും അവയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സിബിഐ അടക്കമുള്ള അന്വേഷണ സംഘങ്ങളും ഒളിച്ചുവെച്ച വലിയ സത്യമാണ് ഇപ്പോള്‍ പുറത്തായിട്ടുള്ളത്. ( 1994 മുതല്‍ , അഭയയെ കൊന്നത് വധത്തിന് ല്‍ ഫാ. കോട്ടൂരും ഫാ. പൂതൃക്കയും സിസ്റ്റര്‍ സെഫിയുമാണെന്ന് റിപ്പോര്‍ട്ട് ചെയ്ത ഏക പത്രപ്രവര്‍ത്തകന്‍ ഞാന്‍ ആയിരുന്നു എന്ന് ആനുഷംഗീകമായി ഇവിടെ സൂചിപ്പിക്കട്ടെ ആതിരേ). സാമുദായിക പരിഗണനകളും രാഷ്ട്രീയ ഇടപെടലുകളും മൂലം മുഖ്യധാരാ പത്രങ്ങള്‍ സത്യം തെളിച്ച് എഴുതിയിരുന്നില്ലെങ്കിലും ലോക്കല്‍ പോലീസ് മുതല്‍ സിബിഐയുടെ ആദ്യ അന്വേഷണ സംഘങ്ങള്‍ വരെ കണ്ടെത്തിയ തിയറികള്‍ തെറ്റാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍, സഭയെ അവഹേളിക്കാനുള്ള ചില സംഘടിത ശക്തികളുടെ ശ്രമമാണ് ഇത്തരം വാര്‍ത്താ പ്രചാരണമെന്നും സിസ്റ്റര്‍ അഭയയുടെ വധത്തില്‍ ഫാ. കോട്ടൂരിനോ ഫാ. പൂതൃക്കയ്ക്കോ സിസ്റ്റര്‍ സെഫിയ്ക്കോ പങ്കില്ലെന്നുമായിരുന്നു ക്രൈസ്തവ മതപുരോഹിതന്മാരുടെയും അവരുമായി ബന്ധപ്പെട്ട തല്‍പ്പര കക്ഷികളുടെയും നിലപാടും പ്രചാരണവും. എന്തിനധികം അടുത്ത നാളുകളിലാണ് ഈ കേസിലെ ഒന്നാം പ്രതിയാകേണ്ട സിസ്റ്റര്‍ സെഫിയുടെ ശാരീരിക പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അവരെ സമൂഹ മധ്യത്തില്‍ അധിക്ഷേപിക്കുകയാണെന്ന വാദമുന്നയിച്ച് വൃന്ദ കാരാട്ടും ആനി രാജയുമെല്ലാം രംഗത്തെത്തിയതെന്നോര്‍ക്കുക.
മൂന്ന് സന്യസ്തരുടെ ലൈംഗിക അരാജകത്വത്തിന് ഇരയായി മറ്റൊരു സന്യസ്ത ദാരുണമായി കൊല്ലപ്പെട്ടപ്പോള്‍ ഇരയെയും ഇരയുടെ ആശ്രിതരെയും സമൂഹമധ്യത്തില്‍ അധിക്ഷേപിക്കാനും വേട്ടക്കാരെ ന്യായീകരിക്കാനുമാണ് ആതിരേ, പോലീസ് സംവിധാനം ഉള്‍പ്പെടെയുള്ള സ്വാധീന ശക്തികള്‍ ശ്രമിച്ചത്. അഭയ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തി തീര്‍ക്കാന്‍ സഭയും ഈ ശക്തികളും ഇപ്പോഴും പച്ചക്കള്ളം മെനഞ്ഞുകൊണ്ടിരിക്കുകയാണ്. പരീക്ഷയില്‍ തോറ്റുപോയതുകൊണ്ടുള്ള നിരാശതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നും അതല്ല അഭയയുടെ മാതാവടക്കമുള്ളവര്‍ക്ക് മാനസിക രോഗമുണ്ടായിരുന്നു അതാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നും കന്യാസൃതീയാകുന്നതിന് സഭയ്ക്ക് നല്‍കേണ്ട ഫീസ് മുഴുവനായി നല്‍കാന്‍ കഴിയാത്തതുകൊണ്ടാണ് ആത്മഹത്യ ചെയ്തത് എന്നുമൊക്കെ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് അഭയയുടെ മാതാപിതാക്കളുടെ മാന്യതയെ വലിച്ചു കീറിയവരാണ് കേരളത്തിലെ ലോക്കല്‍ ക്രൈം ബ്രാഞ്ച് പോലീസും സഭാ നേതൃത്വവും. ക്നാനായ സഭയുടെ ഭീമമായ സ്വത്തില്‍ നിന്ന് നല്ലൊരു വിഹിതം രാഷ്ട്രീയ നേതാക്കള്‍ക്കു നല്‍കി കേന്ദ്രസര്‍ക്കാരെ പോലും സ്വാധീനം ചെലുത്തി കേസന്വേഷണം അട്ടിമറിക്കുന്നതില്‍ ഒരു പരിധിവരെ സഭയും കൊലയാളികളും വിജയിച്ചിരുന്നു എന്നത് നേരാണ്.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്, രാസപരിശോധനാ റിപ്പോര്‍ട്ട്, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തുടങ്ങിയ അടിസ്ഥാന രേഖകളില്‍ വരെ തിരുത്തല്‍ വരുത്തിയായിരുന്നു കൊലയാളികളും അവരുടെ സംരക്ഷകരും അഭയയെ തുടര്‍ച്ചയായി കൊന്നുകൊണ്ടിരുന്നത്. എന്നാല്‍, ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ എന്ന യുവാവിന്റെ പോരാട്ടവും ന്യായാസനങ്ങളുടെ കൃത്യമായ ഇടപെടലുകളും മൂലം ഈ കരാള ശക്തികള്‍ക്ക് അന്തിമ വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല. സിബിഐ പോലുള്ള കേന്ദ്ര ഏജന്‍സികളെ പോലും സ്വാധീനിച്ച് ആദ്യഘട്ടങ്ങളില്‍ അന്വേഷണം അട്ടിമറിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നു. സത്യസന്ധമായി കേസ് അന്വേഷിച്ച ഡിവൈഎസ്പി വര്‍ഗീസ് പി തോമസ്സില്‍ മാനസിക സമ്മര്‍ദ്ദം ചെലുത്തി അദ്ദേഹത്തെ ജോലിയില്‍ നിന്ന് രാജിവെപ്പിക്കാന്‍ വരെ ഈ കൊലയാളി സംഘത്തിന് സാധിച്ചിരുന്നു. എന്നാല്‍, ഇവരുടെ ആവശ്യപ്രകാരം തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞ് പുനരന്വേഷണത്തിന് ഉത്തരവിട്ട എറണാകുളം സിജെഎം കോടതിയും കേരള ഹൈക്കോടതിയുമൊക്കെയാണ് അഭയ വധത്തിന്റെ ഉള്ളുകള്ളികള്‍ പുറത്തുകൊണ്ടുവരുവാന്‍ സഹായകമായ മറ്റു ഘടകങ്ങള്‍. ഒപ്പം പില്‍ക്കാലത്ത് മാധ്യമങ്ങള്‍ പുലര്‍ത്തിയ നിതാന്ത ജാഗ്രതയും കേസ് അന്വേഷണം അട്ടിമറിക്കുന്നതില്‍ നിന്ന് തല്‍പര കക്ഷികളെ തടഞ്ഞിരുന്നു എന്നതും നേര്.
അഭയ കൊല്ലപ്പെടുന്ന സമയത്ത് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ എഎസ്‌ഐ ആയിരുന്ന വി.വി. അഗസ്റ്റിന്‍ കുറ്റബോധം താങ്ങാനാവാതെ ആത്മഹത്യ ചെയ്തിട്ട് അധിക നാളായില്ല. അന്ന് ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന കെ.പി മൈക്കിളിന്റെയും പോലീസ് സര്‍ജന്‍ ഉമാദത്തന്റെയുമൊക്കെ കുരുട്ടുബുദ്ധിയില്‍ നിന്നാണ് ആത്മഹത്യാ തിയറി തിടം വെച്ചത്. കൊലയാളികള്‍ നല്‍കിയ ലക്ഷങ്ങള്‍ പോക്കറ്റിലാക്കി അഭയെയും അഭയയുടെ മാതാപിതാക്കളെയും അധിക്ഷേപിച്ച് വേട്ടക്കാരെ സംരക്ഷിക്കുകയായിരുന്നു ഈ മനുഷ്യമൃഗങ്ങള്‍.
ഇവര്‍ക്കൊപ്പം കേസ് അട്ടിമറിക്കാന്‍ ഒരുകാലത്ത് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ കിംഗ് മേക്കറെന്ന് അറിയപ്പെട്ടിരുന്ന കെ.കരുണാകരനും ഇന്ന് കേന്ദ്രമന്ത്രിയായ വയലാര്‍ രവിയും മുന്‍ മന്ത്രി കെ.എം മാണിയുമൊക്കെ അണിയറയില്‍ കറുത്ത ചരടുകള്‍ വലിച്ചവരാണ്.
നീതിയെയും നിയമത്തെയും വെല്ലവിളിച്ച് ഒരു സാധു സന്യസ്തയുടെ ജീവിതം പിച്ചിച്ചീന്തിയ കൊലയാളികള്‍ക്ക് കാലത്തികവില്‍ കയ്യാമം വീണത് സത്യത്തിന്റെ വിജയമാണ്. അപ്പോള്‍ പോലും സഭയെ അധിക്ഷേപിക്കാനുള്ള ശ്രമമായിട്ടാണ് നേതൃത്വം ഇതിനെ വിലയിരുത്തിയത്. സംഭവം നടക്കുമ്പോള്‍ ക്നാനായ സഭയുടെ ബിപ്പായിരുന്നു ഡോ. കുര്യാക്കോസ് കുന്നശേരി. ഇപ്പോള്‍ കേസില്‍ 87-ാം സാക്ഷിയായ അദ്ദേഹം സമ്മതിക്കുന്നുണ്ട് അഭയ കൊല്ലപ്പെട്ടതാകാനാണ് സാധ്യതയെന്ന്. ഈ സത്യം അദ്ദേഹം ആദ്യമേ വെളിപ്പെടുത്തിയിരുന്നെങ്കില്‍ കേസ് അന്വേഷണം ഇത്രയ്ക്ക് നീളുമായിരുന്നില്ല തെളിവുകള്‍ നശിപ്പിക്കപ്പെടുമായിരുന്നില്ല, കുറ്റവാളികള്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടുകയും ചെയ്തേനെ.
പക്ഷെ ആതിരേ, നാര്‍ക്കോ അനാലിസിസിലെ വെളിപ്പെടുത്തലുകള്‍ ഇന്ത്യന്‍ തെളിവ് നിയമമനുസരിച്ച് കോടതി തെളിവായി സ്വീകരിക്കപ്പെടുകയില്ല. സിബിഐ നല്‍കിയ കുറ്റപത്രത്തിലെ ആരോപണങ്ങള്‍ മറ്റു ഭൗതീക - സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിച്ചെടുത്തെങ്കില്‍ മാത്രമേ അറസ്റ്റിലായിട്ടുള്ള ഫാ. കോട്ടൂരും ഫാദര്‍ പൂതൃക്കയും സിസ്റ്റര്‍ സെഫിയും ശിക്ഷിക്കപ്പെടുകയുള്ളു. കോടതി ശിക്ഷ വിധിക്കാത്ത കാലത്തോളം അവര്‍ നിയമപാരമായി നിരപരാധികളാണ്.
എന്നാല്‍, ഇന്ത്യയിലെ തെളിവ് നിയമങ്ങളോ നീതി വ്യവഹാരമോ അല്ല സത്യത്തിന്റെ അളവുകോല്‍. അഭയയെ കൊന്നതാണെന്നും അത് തങ്ങളാണെന്നും പ്രതികള്‍ മൂന്ന് പേരും സമ്മതിച്ചു കഴിഞ്ഞു. ഇതിയെങ്കിലും നിയമപരമായ സാങ്കേതികതയുടെ ന്യായത്തില്‍ തൂങ്ങാതെ സത്യം അംഗീകരിക്കാന്‍ സഭ തയ്യാറാകണം. അഭയയുടെ മാതാപിതാക്കളോട് കാണിച്ച കടുത്ത മനുഷ്യത്വ രഹിതമായ നിലപാടുകള്‍ക്ക് ക്ഷമ ചോദിക്കണം. വിശ്വാസികളെയും പൊതുസമൂഹത്തെയും ഇത്രയും നാള്‍ വഞ്ചിച്ചതിന് പൊതു മാപ്പിരക്കണം. ഫാ. പൂതൃക്കയിലേയും ഫാ. കോട്ടൂരിനെയും സിസ്റ്റര്‍ സെഫിയെയും അവരുടെ സന്യസ്ത സ്ഥാനങ്ങളില്‍ നിന്ന് സസ്പെന്റ് ചെയ്യണം. എങ്കില്‍ മാത്രമേ നീതിമാനായ ദൈവത്തിന്റെയും ദൈവപുത്രന്റെയും പേരില്‍ ആണയിടാനും പ്രാര്‍ത്ഥിക്കാനും പ്രേഷിത വൃത്തി നടത്താനും ഇനി സഭയ്ക്ക് അര്‍ഹതയുള്ളു. സന്യസ്തരുടെ സ്വവര്‍ഗരതിയുടെ നരകാനുഭങ്ങളുടെ പേരില്‍ ലോകത്തോട് ക്ഷമചോദിച്ചവരാണല്ലോ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയും ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയും ആ മാതൃകയെങ്കിലും ക്നാനായ കത്തോലിക സഭാ നേതൃത്വവും കൊലയാളികളെ ന്യായീകരിച്ച മറ്റു ക്രൈസ്ത സഭാ നേതൃത്വവും സ്വീകരിച്ചേ മതിയാകൂ..
യഥാര്‍ത്ഥത്തില്‍ മോശയുടെ നിയമം അനുസരിച്ച് ഫാ.കോട്ടൂരിനേയും, ഫാ.പൂതൃക്കയിലിനേയും,സിസ്റ്റര്‍ സെഫിയേയും പരസ്യമായി കല്ലെറിഞ്ഞു കൊല്ലുകയാണ് വേണ്ടത്.അപ്പോള്‍ പോലും കൊലയാളികളും സഭയും പോലിസും രാഷ്ട്രീയ നേതാക്കളും സിസ്റ്റര്‍ അഭയയുടെ മാതാപിതാക്കളോടു കാണിച്ച ദുഷ്ടതയ്ക്കുള്ള ശിക്ഷ ആകുകയില്ല.
എന്നാലും ഇവരൊക്കെ പറയുന്ന ദൈവഹിതം അപ്പോള്‍ മാത്രമായിരിക്കും ആതിരേ പൂര്‍ത്തിയാകുക
Subscribe to:
Post Comments (Atom)
No comments:
Post a Comment