Monday, September 28, 2009

സൈമണ്‍ ബ്രിട്ടോ: സമഷ്ടിബോധത്തിന്റെ ഹരിതസ്പര്‍ശം


ഞാവലും വേങ്ങയും കരിനൊച്ചിയും പൂവരശും തണലിട്ടുനില്‍ക്കുന്ന 'കലവറ'-സൈമണ്‍ ബ്രിട്ടോയുടെ ഭവനം.
ബ്രിട്ടോയിലെ പ്രകൃതിസ്നേഹത്തിന്റേയും മാനവിക കാഴ്ചപ്പാടുകളുടേയും തണലാണ്‌ ഇവിടെ കുളിരേകുന്നത്‌.
കാമ്പസ്‌ രാഷ്ട്രീയത്തിന്റെ രക്തസാക്ഷിയായും മാര്‍ക്സിസ്റ്റ്‌ എം.എല്‍.എയായും എഴുത്തുകാരനായുമൊക്കെ അറിയപ്പെടുന്ന ബ്രിട്ടോയ്ക്ക്‌ പക്ഷേ, അറിയപ്പെടാത്ത പ്രകൃതിസ്നേഹത്തിന്റെ പച്ചവും അതിലൂന്നിയ ഒരു മാനവിക വീക്ഷണവുമുണ്ട്‌.
പ്രകൃതിസ്നേഹം ഇന്ന്‌ ഒരു ഫാഷനായി കൊണ്ടുനടക്കുന്നവര്‍ക്കിടയിലാണ്‌, നിശ്ശബ്ദനായി ബ്രിട്ടോ തന്റെ മാനവിക വീക്ഷണത്തിന്‌ തണലേകന്‍ പ്രകൃതിയോടൊത്ത്‌ ചരിക്കുന്നതും തണല്‍മരങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതും.
ഇന്നത്തെ ഒരു കമ്യൂണിസ്റ്റുകാരനില്‍ കാണാന്‍ കഴിയാത്ത പ്രാപഞ്ചിക വീക്ഷണത്തിന്റെ പച്ചപ്പുകളാണ്‌ ഈ ദിശയിലുള്ള ബ്രിട്ടോയുടെ പ്രവര്‍ത്തന മേഖലകളില്‍ ചില്ലവീശിനില്‍ക്കുന്നത്‌.
ഈ വീക്ഷണത്തിലേയ്ക്ക്‌ ബ്രിട്ടോയെ കൊണ്ടുവന്നത്‌ സാക്ഷാല്‍ കാറല്‍ മാര്‍ക്സ്‌ തന്നെയാണ്‌. മാര്‍ക്സിന്റെ ആദ്യകാല രചനകളില്‍ ഒന്ന്‌ ബ്രിട്ടനിലെ വിറക്‌ കച്ചവടത്തെക്കുറിച്ചായിരുന്നു. ഗാര്‍ഹിക ഇന്ധനാവശ്യത്തിനായി എടുക്കുന്ന വിറകിലൂടെ ചൂഷണത്തിന്റേയും മുതലാളിത്ത താല്‍പര്യങ്ങളുടേയും രൂപകമാണ്‌ മാര്‍ക്സ്‌ വെളിപ്പെടുത്തിയത്‌. (ഈ ലേഖനം വായിച്ചിട്ടുള്ള മാര്‍ക്സ്റ്റുകാര്‍ എത്രപേരുണ്ടാകും..?) മാര്‍ക്സ്‌ വിഭാവനം ചെയ്ത സമഷ്ടിബോധവുമായി പ്രകൃതി പരിപാലനത്തിനുള്ള പങ്കാണ്‌ ബ്രിട്ടോ നട്ടുനനച്ച്‌ വളര്‍ത്തിക്കൊണ്ടിരിക്കുന്നത്‌..
വനം ഇന്ന്‌ ചൂഷണത്തിനുള്ള ഏറ്റവും വ്യാപകവും 'ലളിത'വുമായ സ്രോതസാണ്‌. വനനശീകരണത്തിലൂടെ സമ്പത്ത്‌ സമാഹാരണമാണ്‌ ചൂഷകരുടെ ലക്ഷ്യം. വനം നഷ്ടമാകുന്നത്‌ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക്‌ ഇടയാക്കുമെന്ന കേവല സത്യത്തിനപ്പുറം വനവുമായി ബന്ധപ്പെടുത്തി പുരോഗതിയുടേയും ഏകീകരണത്തിന്റേയും സഹകരണത്തിന്റെയും തണലുകള്‍ കണ്ടെത്താനാണ്‌ ബ്രിട്ടോയുടെ ശ്രമം. അതുകൊണ്ടാണ്‌ ബ്രിട്ടോയുടെ വനസംരക്ഷണ ദൗത്യങ്ങള്‍ സ്ഥാപിത പ്രകൃതിസ്നേഹത്തില്‍നിന്ന്‌, പ്രകൃതിസ്നേഹികളുടെ ആഘോഷംനിറഞ്ഞ നടപടികളില്‍നിന്ന്‌ വ്യത്യസ്തമാകുന്നത്‌.
മരങ്ങളാണ്‌ മനുഷ്യവികാസത്തിനും നിലനില്‍പിനും അടിസ്ഥാന ഘടകം. നിലനില്‍പ്‌ എന്നു പറയുമ്പോള്‍ അതില്‍ അതിജീവന പ്രക്രിയയുമുണ്ട്‌. ഈ പ്രക്രിയയ്ക്ക്‌ ആദിമ മനുഷ്യന്‍ ആശ്രയിച്ചിരുന്നത്‌ വനത്തേയും വനവിഭവങ്ങളേയുമായിരുന്നു. ആവശ്യങ്ങള്‍ക്കനുസരിച്ച്‌ ഇവ സ്വായത്തമാക്കുന്നത്‌ അപരന്‌ അപകടമായിത്തീരുന്നില്ല. എന്നാല്‍, മൂലധന സമാഹരണത്തിന്റെ ലക്ഷ്യത്തിലൂടെ വനവിഭവങ്ങള്‍ ചൂഷണം ചെയ്യുന്നിടത്താണ്‌ മനുഷ്യവര്‍ഗ്ഗത്തോടുള്ള ശാപകരമായ സമീപനവും നശീകരണരീതികളും ഉരുവംകൊള്ളുന്നത്‌. സാര്‍വത്രികമായ ചൂഷണത്തിന്റെ പ്രോട്ടോടൈപ്പായിട്ട്‌ വനനശീകരണത്തെ സമീകരിക്കുമ്പോഴാണ്‌ ബ്രിട്ടോയുടെ മാനവിക വീക്ഷണത്തിന്‌ പുതിയ വേരുകളും ശാഖകളും തണലിടങ്ങളും ഉണ്ടാകുന്നത്‌. വനനശീകരണം കേവലമായ പ്രകൃരിനാശമായിട്ടല്ല, മറിച്ച്‌ മുതലാളിത്ത വ്യവസ്ഥിതിയിലൂന്നിയ ചൂഷണത്തിന്റെ ആദ്യപടിയായിട്ടാണ്‌ ബ്രിട്ടോ വിലയിരുത്തുന്നത്‌. ചൂഷണത്തിനെതിരായുള്ള പോരാട്ടം അതുകൊണ്ടുതന്നെ വനസംരക്ഷണത്തിലൂടെയും മരങ്ങള്‍ വച്ചുപിടിപ്പിക്കുന്തനിലൂടെയും വേറിട്ടൊരു ഭൂമികയില്‍ പ്രതിഷ്ഠിക്കുകയാണ്‌ ബ്രിടോ. ഒരു പ്രകൃതിസ്നേഹിയിലും അടയാളപ്പെടുത്തിയിട്ടില്ലാത്ത ഈ തിരിച്ചറിവാണ്‌ ബ്രിട്ടോ എന്ന കമ്യൂണിസ്റ്റുകാരനെ പ്രകൃതിസ്നേഹിയാക്കി മാറ്റിയത്‌.
കാമ്പസ്‌ രാഷ്ട്രീയത്തിന്റെ ദുരന്തം ഏറ്റുവാങ്ങി കട്ടിലില്‍ തളര്‍ന്നുകിടക്കുമ്പോഴും, വീല്‍ചെയറില്‍ സഞ്ചരിക്കുമ്പോഴും ചൂഷണരഹിതമായ ഒരു സമൂഹത്തിന്റെ പുന:സ്ഥാപനത്തിന്‌ വൃക്ഷഛായ നല്‍കുകയാണ്‌ എല്ലായിപ്പോഴും ബ്രിട്ടോയുടെ മനസ്സ്‌. ഈ മനസ്സിന്റെ വിവര്‍ത്തനങ്ങളാണ്‌ 'പ്രാണനുവേണ്ടി ഒരു മരം' എന്ന നവീന വനപുന:സ്ഥാപന പദ്ധതി. മരങ്ങള്‍ നശിക്കുമ്പോള്‍ ഇല്ലാതാകുന്നത്‌ പ്രകൃതിയുടെ സന്തുലിതാവസ്ഥയാണെന്ന സാമാന്യവീക്ഷണത്തില്‍നിന്ന്‌ ഉയര്‍ന്ന്‌ നഷ്ടമാകുന്നത്‌ പ്രാണവായുവാണെന്ന തിരിച്ചറിവാണ്‌ ബ്രിട്ടോയെ വേറിട്ട ഒരു പ്രകൃതിസ്നഹിയാക്കി മാറ്റിയത്‌. പ്രാണവായുരഹിതമായ ഒരു അന്തരീക്ഷത്തെക്കുറിച്ച്‌ ചിന്തിക്കുമ്പോഴാണ്‌ മൂലധന സമാഹരണത്തിന്റെ കോടാലികള്‍ വെട്ടിവീഴ്ത്തുന്ന ശാന്തിയെക്കുറിച്ച്‌ വേവലാതിപ്പെടാന്‍ കഴിയുക. അപ്പോഴാണ്‌ ചൂഷണത്തിന്റെ രൂക്ഷത മനസ്സിലാക്കാന്‍ സാധിക്കുക.(തുടരും)

No comments: