Monday, September 21, 2009

ജനവഞ്ചനയുടെ ഭരണപര്‍വ്വം

ആതിരേ,മൂന്ന്‌ വര്‍ഷം കഴിഞ്ഞ എല്‍ഡിഎഫ്‌ ഭരണം കേരളത്തിലെ ജനങ്ങള്‍ക്ക്‌ ഒരു ശാപമാണെന്ന്‌ നേരത്തെ വ്യക്തമായതാണ്‌. ഏറെ പ്രതീക്ഷകളോടെ അധികാരത്തിലേറ്റിയ ജനങ്ങളെ ഉളുപ്പില്ലാതെ വഞ്ചിക്കുന്ന നയങ്ങളും നടപടികളുമാണ്‌ കഴിഞ്ഞവര്‍ഷങ്ങളിലായി എല്‍ഡിഎഫ്‌ തുടര്‍ന്നുപോരുന്നത്‌.
തുടക്കത്തില്‍ ധീരമായ ചില നിലപാടുകളും നടപടികളും സ്വീകരിക്കുന്നു എന്ന്‌ തോന്നിപ്പിച്ച്‌ രാഷ്ട്രീയത്തിനതീതമായി അഭിനന്ദനം പിടിച്ചുവാങ്ങാന്‍ വി.എസ്‌ അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്‌ കഴിഞ്ഞെങ്കിലും പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയും മുന്നണിക്കുള്ളിലെ മൂപ്പിളപ്പ്‌ തര്‍ക്കങ്ങളും മൂലം ആ നടപടികളെല്ലാം പാതി വഴിയില്‍ ഉപേക്ഷിച്ച്‌ ജനവിരുദ്ധതയില്‍ മുഖം പൂഴ്ത്തുകയായിരുന്നു ഭരണകൂടം. ഈ തിരിച്ചടിക്ക്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ഔദ്യോഗിക പക്ഷത്തിനുള്ള പങ്ക്‌ മൂന്നാര്‍ ഒഴിപ്പിക്കല്‍ മുതലുള്ള നടപടികളില്‍ വ്യക്തമായതാണ്‌. തുടര്‍ന്ന്‌ വി.എസ്‌- പിണറായി പോരിന്റെ വിവിധ ഘട്ടങ്ങള്‍ കടന്നുവന്നപ്പോള്‍ ഭരണം സ്തംഭിക്കുകയും അഴിമതിയും സ്വജനപക്ഷപാതവും ഗുണ്ടാസംരക്ഷണവുമൊക്കെയായി മന്ത്രിമാര്‍ തോന്നയതുപോലെ ഭരിക്കുന്ന കാഴ്ചയാണ്‌ കണ്ടുകൊണ്ടിരിക്കുന്നത്‌.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പോടെ ഭരണം പ്രവര്‍ത്തനരഹിതമാകുന്നതും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ അഹന്ത നിറഞ്ഞ നിലപാടു മൂലം മുന്നണി ചിന്നഭിന്നമാകുന്നതും കണ്ടു. അതിന്റെ തിരിച്ചടി തെരഞ്ഞെടുപ്പില്‍ ഉണ്ടാവുകയും ചെയ്തു. ഇത്രയൊക്കെ സംഭവിച്ചിട്ടും പാഠം പഠിക്കാനൊ ജനഹിതമനുസരിച്ച്‌ ഭരണം നടത്താനൊ ഇടതുമുന്നണി തയ്യാറല്ല എന്ന്‌ പോള്‍ എം. ജോര്‍ജ്‌ വധവുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ വ്യക്തമാക്കുന്നു.
വികവസന വിരുദ്ധ നയമാണ്‌ ഇടതുപക്ഷത്തിനുള്ളതെന്ന യുഡിഎഫിന്റെ ആരോപണത്തെ സാധൂകരിക്കുന്ന രീതിയിലാണ്‌ ആതിരേ, ഭരണം മുന്നോട്ടുപോകുന്നത്‌. സ്മാര്‍ട്ട്‌ സിറ്റി, കൊച്ചി മെട്രോ, വിഴിഞ്ഞം പദ്ധതി തുടങ്ങിയവയ്ക്കുണ്ടായ തിരിച്ചടികള്‍ ഈ ആരോപണത്തെ ശക്തമാക്കുന്നുണ്ട്‌. വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത്‌ നടത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ല എന്ന അഴകൊഴമ്പന്‍ മറുപടിയിലൂടെ ധനമന്ത്രിയും മറ്റു മന്ത്രിമാരും മുഖം രക്ഷിച്ച്‌ നില്‍ക്കുമ്പോള്‍ കേന്ദ്രാവിഷ്കൃത പദ്ധതികളിലൂടെ അനുവദിച്ച തുക പോലും ചെലവാക്കാതെ ജനവിരുദ്ധ ഭരണം തുടരുകയാണെന്ന്‌ പുറത്തുവന്ന പല വാര്‍ത്തകളും വ്യക്തമാക്കിയിട്ടുണ്ട്‌.
അതില്‍ ഏറ്റവും ഒടുവിലത്തേതാണ്‌ ആതിരേ, ദേശീയ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ (നബാര്‍ഡ്‌) സഹായത്തോടെ നടത്തുന്ന ഗ്രാമീണ പശ്ചാത്തല സൗന്ദര്യ വികസന നിധി കൈകാര്യം ചെയ്യുന്നതില്‍ കേരള സര്‍ക്കാര്‍ കാണിച്ച അനാസ്ഥയും ജനവിരുദ്ധതയും. 452.01 കോടി രൂപ കേന്ദ്രം അനുവദിച്ചെങ്കിലും അതിന്റെ 39 ശതമാനമായി 167.091 കോടി മാത്രം ചെലവഴിക്കാനാണ്‌ കേരള സര്‍ക്കാരിന്‌ കഴിഞ്ഞിട്ടുള്ളു.
ഒമ്പത്‌ വകുപ്പുകള്‍ക്ക്‌ കീഴിലുള്ള ഏജന്‍സികളിലൂടെ ഗ്രാമങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കാനാണ്‌ 452.01 കോടി രൂപയുടെ പദ്ധതി (ആര്‍ഐഡിഎഫ്‌) ആവിഷ്കരിച്ചത്‌. എന്നാല്‍, 2009 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ കണക്കെടുപ്പ്‌ പൂര്‍ത്തിയാക്കിയപ്പോഴാണ്‌ 40 ശതമാനം തുക പോലും ഈ നിധിയില്‍ നിന്ന്‌ ചെലവഴിച്ചിട്ടില്ലെന്ന്‌ വ്യക്തമായത്‌.
ഈ പദ്ധതിക്ക്‌ കീഴില്‍, കൃഷിവകുപ്പിന്‌ സംഭരണവികസനകേന്ദ്രങ്ങള്‍ തുടങ്ങാന്‍ അനുവദിച്ചത്‌ 5 കോടി രൂപയാണ്‌. ഇതില്‍ ഒരു പൈസപോലും മുല്ലക്കരയുടെ മന്ത്രാലയം ചെലവഴിച്ചിട്ടില്ല. മൃഗസംരക്ഷണ വകുപ്പിന്‌ നല്‍കിയ 2 കോടിയും മത്സ്യവകുപ്പിന്‌ തീരദേശവികസനത്തിന്‌ അനുവദിച്ച 5 കോടിയും സഹകരണവകുപ്പിന്‌ നല്‍കിയ 5 കോടിയും ചെലവഴിക്കപ്പെട്ടിട്ടില്ല.
പ്രധാന ജലപാതകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചെറിയ ഗതാഗത കനാലുകള്‍ വികസിപ്പിക്കാന്‍ ജലഗതാഗത വകുപ്പിന്‌ അനുവദിച്ചത്‌ 40 കോടിയാണ്‌. പക്ഷെ, ഇതിലും ഒരു പൈസപോലും ചെലവാക്കിയിട്ടില്ല. ചെറുകിട ജലസേചന പദ്ധതികള്‍ക്കായി വിദ്യുച്ഛക്തി ബോര്‍ഡിന്‌ അനുവദിച്ച 5 കോടി രൂപയും അതുപോലെ തന്നെ ഉണ്ട്‌.
ആരോഗ്യ വകുപ്പിന്റെ കീഴില്‍ പഞ്ചകര്‍മ്മ ആശുപത്രികള്‍ നിര്‍മിക്കാന്‍ 3.50 കോടിയും ഗ്രാമീണ ആയുര്‍വേദ ആശുപത്രികള്‍ക്കായി 3.50 കോടിയും വികലാംഗരായ കുട്ടികള്‍ക്ക്‌ ഫ്രീസ്കൂള്‍ തുടങ്ങാന്‍ അനുവദിച്ച 4 കോടിയും ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ വൈറോളജിക്കായി മാറ്റിവെച്ച 6 കോടിയും ഹോമിയോ ഡിസ്പെന്‍സറി സ്ഥാപിക്കാന്‍ നല്‍കിയ 3.50 കോടിയും ചേര്‍ത്ത്‌ 20 കോടി രൂപ ഇനിയും ചെലവഴിക്കാതെ കിടക്കുകയുയാണ്‌. പകര്‍ച്ച വ്യാധികളും വിവിധ വൈറല്‍ ഫീവറുകളും കേരളത്തില്‍ മരണം വിതച്ചും ഭീഷണിപരത്തിയ പശ്ചാത്തിലത്തില്‍ വേണം ആരോഗ്യ വകുപ്പിന്റെ ഈ ഉത്തരവാദിത്തമില്ലായ്മയെ വിലയിരുത്തേണ്ടത്‌.
ആര്‍ഐഡിഎഫ്‌ പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പിന്‌ 16 കോടി രൂപ അനുവദിച്ചു. എന്നാല്‍ ഇതില്‍ ഒരു പൈസപോലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചെലവഴിച്ചിട്ടില്ല. ഗ്രാമങ്ങളില്‍ പോളിടെക്നിക്കുകള്‍ നിര്‍മ്മിക്കാനുള്ള 4 കോടി, എഞ്ചിനീയറിംഗ്‌ കോളജുകള്‍ തുടങ്ങാനുള്ള 4 കോടി, ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ വികസിപ്പിക്കാനുള്ള 8 കോടി എന്നിവയാണ്‌ ചെലവഴിക്കാന്‍ കഴിയാതെ അവശേഷിക്കുന്നത്‌. വിദ്യാഭ്യാസ രംഗത്തെ ചെലവുകള്‍ താങ്ങാന്‍ കഴിയാത്തതുകൊണ്ട്‌ സ്വകാര്യ മേഖലയില്‍ സാങ്കേതിക സ്ഥാപനങ്ങളും ഉന്നത സ്ഥാപനങ്ങളും അനുവദിച്ച്‌ വിദ്യാഭ്യാസ വാണിക്കുകള്‍ക്ക്‌ അവസരം ഒരുക്കിയപ്പോഴാണ്‌ കേന്ദ്രം അനുവദിച്ച ഇത്രയും പണം ചെലവഴിക്കാതെ കിടക്കുന്നത്‌. അതായത്‌ കേന്ദ്രാവിഷ്കൃതമായിട്ടുള്ള ജനകീയ പദ്ധതികള്‍ ഏറ്റെടുക്കാതെ ഓരോ മേഖലയിലുമുള്ള സ്വകാര്യ സംഭരംഭകരെ പരിപോഷിപ്പിക്കുന്ന വികസനവിരുദ്ധവും ജനവിരുദ്ധവുമായ നിലപാടാണ്‌ ഈ സര്‍ക്കാറിനുള്ളതെന്ന്‌ സാരം.
ഇന്ന്‌ ഏറെ പ്രശ്നങ്ങള്‍ നേരിടുന്ന മേഖലയാണ്‌ കശുവണ്ടി വ്യവസായത്തിന്റെത്‌. സംഭരണം അടക്കമുള്ള സംവിധാനങ്ങളുണ്ടാക്കാന്‍ പണമില്ല എന്നാണ്‌ സര്‍ക്കാരിന്റെ മുറവിളി. അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതുകൊണ്ട്‌ കശുവണ്ടി തൊഴിലാളികള്‍ വന്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്‌. അതേസമയം കശുവണ്ടി മേഖലയ്ക്ക്‌ അനുവദിച്ച പണം ചെലവഴിക്കാതെ കടുത്ത വഞ്ചനയാണ്‌ തൊഴില്‍ മന്ത്രി അടക്കമുള്ളവര്‍ ഈ മേഖലയിലെ തൊഴിലാളികളോട്‌ കാണിച്ചത്‌. കശുവണ്ടി സംഭരണ ശാലകള്‍ സ്ഥാപിക്കാന്‍ 'കെല്‍ പാം' എന്ന ഏജന്‍സിക്ക്‌ അനുവദിച്ച 4.50 കോടി രൂപയും കശുവണ്ടി തോട്ടങ്ങളുടെ ഉന്നമനത്തിന്‌ അനുവദിച്ച അരകോടി രൂപയും ചെലവഴിക്കാതെ കിടക്കുകയാണ്‌. ചെറുകിട ജലസേചനത്തിനായി 25 കോടി രൂപയുടെ പദ്ധതികള്‍ക്ക്‌ ജലസേചന വകുപ്പിന്‌ അനുമതി നല്‍കിയെങ്കിലും 6.77 കോടി രൂപ മാത്രമാണ്‌ ചെലവഴിക്കാനായത്‌.
ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങള്‍ക്കും ഗ്രാമീണ പശ്ചാത്തല വികസനം നടപ്പിലാക്കാന്‍ നബാര്‍ഡ്‌ സഹായം നല്‍കുന്നുണ്ട്‌. നിശ്ചിത തുകയുടെ പദ്ധതി അനുമതിക്കുകയും അത്‌ നടപ്പിലാക്കി കഴിഞ്ഞ പ്രൊജക്ട്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുമ്പോള്‍ പണം നല്‍കുകയുമാണ്‌ നബാര്‍ഡ്‌ പദ്ധതികളിലൂടെ ഉദ്ദേശിക്കുന്നത്‌. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ ഈ തുക ഉപയോഗിച്ച്‌ ഗ്രാമീണ ജനങ്ങളുടെ ജീവിതം വികസോന്മുഖമാക്കുമ്പോഴാണ്‌ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ പേരില്‍ ആണയിട്ട്‌ അധികാരത്തിലേറിയ ഒരു സര്‍ക്കാര്‍ കേന്ദ്രം അനുവദിച്ച തുകയുടെ 40 ശതമാനം പോലും ചെലവഴിക്കാതെ ഭരണപരമായ വഞ്ചന നടത്തിയത്‌. അനുവദിക്കപ്പെട്ട പദ്ധതി പൂര്‍ത്തിയാക്കുന്നതിന്റെ വേഗം മനസ്സിലാക്കിയാല്‍ അതത്‌ വകുപ്പുകളുടെ കാര്യക്ഷമത മനസ്സിലാക്കാന്‍ കഴിയുമെന്നാണ്‌ ഈ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്ന പ്ലാനിംഗ്‌ ആന്‍ഡ്‌ ഇക്കണോമിക്‌ അഫയേഴ്സ്‌ വിഭാഗം പറയുന്നത്‌. ആ മാനദണ്ഡമനുസരിച്ചാല്‍ ഇടതുപക്ഷ സര്‍ക്കാരിലെ ഒരു വകുപ്പും കാര്യക്ഷമമായി അല്ല ഭരിക്കപ്പെടുന്നതെന്ന്‌ ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.
അധികാരം സുഖലോലുപതയ്ക്കും ധന സമാഹരണത്തിനും അധോലോക പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള കുറുക്കവഴിയായി യുഡിഎഫ്‌ സര്‍ക്കാര്‍ കണ്ടിരുന്നെങ്കില്‍ അതിലും ഹീനമായ ലക്ഷ്യങ്ങളാണ്‌ ഇപ്പോള്‍ കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനുള്ളതെന്നാണ്‌ മേല്‍ സൂചിപ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്‌. ഇതുപോലെ നാറിയ ഒരു ഭരണം എന്ന്‌ പരമ്പരാഗതമായി വിളിച്ചുപോരുന്ന മുദ്രാവാക്യം ഏറ്റവും യോജിക്കുന്നത്‌ ഇടതുപക്ഷ സര്‍ക്കാരിനാണെന്ന്‌ തെളിയിക്കുന്നതുകൂടിയാണ്‌ ഈ കണക്കുകള്‍.
ആതിരേ, പ്രതികരണ ശേഷിയില്ലാത്ത ജനങ്ങളും ഷണ്ഡത്വം ബാധിച്ച പ്രതിപക്ഷവുമാണ്‌ സര്‍ക്കാരിന്റെ ഭരണപരമായ ഈ വഞ്ചനയ്ക്ക്‌ വളമാകുന്നതെന്ന്‌ ഇനിയെങ്കിലും ജനങ്ങള്‍ക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ബോധ്യപ്പെടുമോ?. എന്ത്‌ തോന്ന്യാസവും കാണിക്കാനുള്ള മാന്‍ഡേറ്റ്‌ അല്ല ഇടതുപക്ഷ സര്‍ക്കാരിന്‌ കേരളത്തിലെ സമ്മതിദായകര്‍ നല്‍കിയത്‌. പക്ഷെ, ഫലത്തില്‍ താന്തോന്നിത്തങ്ങളുടെ കുതിച്ചുപായലില്‍ വഞ്ചിതരാകാനാണ്‌ ഇവരെ തെരഞ്ഞെടുത്തവരുടെ വിധി. ചോദ്യം ചെയ്യാന്‍, അവകാശങ്ങള്‍ക്കായി പോരാടാന്‍ കെല്‍പ്പില്ലാത്ത ഒരു സമൂഹത്തിന്‌ ഇതില്‍ പരം മറ്റൊരു ശിക്ഷ ലഭിക്കാനില്ല എന്നതാണ്‌ വാസ്തവം

No comments: