സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ട്വിറ്ററില്‍ ഒരു ചോദ്യത്തിന് വിദേശ സഹമന്ത്രി ശശിതരൂര്‍ നല്‍കിയ ഒരു ഉത്തരത്തിന്റെ ചുവടുപിടിച്ച് അശ്ലീല വിവാദങ്ങള്‍ കുത്തിപ്പൊക്കിക്കൊണ്ടിരിക്കുകയാണ് ആതിരേ, കോണ്‍ഗ്രസിലെയും ബിജെപിയിലെയും ഒരു കൂട്ടം നേതാക്കന്മാര്‍.
കന്നുകാലി ക്ലാസ്, വിശുദ്ധ പശുക്കള്‍ എന്നീ രണ്ട് പ്രയോഗങ്ങളാണ് ശശിതരൂരിനെ ഒറ്റപ്പെടുത്തി ക്രൂശിക്കാന്‍ ഈ നേതാക്കന്മാര്‍ കരുവാക്കിയിട്ടുള്ളത്.
അറിയാമല്ലോ,സോണിയയും രാഹുലും നടത്തിയ രണ്ട് പബ്ലിസിറ്റി സ്റ്റണ്ട് യാത്രകളാണ് യഥാര്‍ത്ഥത്തില്‍ ഈ വിവാദങ്ങള്‍ക്കെല്ലാം തുടക്കം. വിമാനത്തില്‍ ഇക്കണോമി ക്ലാസില്‍ സോണിയ മുംബൈയിലേയ്ക്ക് പറന്നതും രാഹുല്‍ വിമാന യാത്ര തന്നെ ഒഴിവാക്കി ട്രെയിനില്‍ യാത്ര ചെയ്തതും ലോകമഹാത്ഭുതം പോലെ അവതരിപ്പിച്ച് പാദസേവകര്‍ നടത്തിയ വ്യക്തിപൂജയാണ് കന്നുകാലി ക്ലാസിനെ കുറിച്ച് ട്വിറ്ററില്‍ തരൂരിനോട് ചോദ്യം ചോദിക്കാന്‍ ചോദ്യകര്‍ത്താവിന് കുസൃതിയായത് . ആ കുസൃതിക്ക് അതേ തലത്തില്‍ ശശി തരൂര്‍ ഉത്തരം നല്‍കിയപ്പോള്‍ അവസാനിക്കേണ്ടിയിരുന്ന നിസാരതയെ ആണ് ഇന്നിപ്പോള്‍ ദേശീയ വിവാദമാക്കി വളര്‍ത്തി മാധ്യമങ്ങളിലെ ചൂടു ചര്‍ച്ചാവിഷയമാക്കി മാറ്റിയത്.
ട്വിറ്റര്‍ എന്നത് ഒരു ഇന്റര്‍നെറ്റ് കൂട്ടായ്മയാണ്. പണ്ടത്തെ നമ്പൂരി വെടിവട്ടത്തിന്റെ ഹൈടെക്ക് പതിപ്പ്. ഇതില്‍ പറയുന്നതും ചോദിക്കുന്നതും എഴുതുന്നതുമെല്ലാം ആ ഒരു നിമിഷത്തിന്റെ കൗതുകമോ കുസൃതിയോ നിലനിര്‍ത്താനോ അല്ലെങ്കില്‍ അതിനെ അടിച്ചിരുത്തി മറ്റൊരു കുസൃതിത്തരം പുറത്തു കൊണ്ടുവരാനോ ഉള്ള രസകരമായ,നര്‍മ്മം നിറഞ്ഞ ഇടപെടല്‍ മാത്രമാണ്.
അതറിയാതെയാണ് അല്ലെങ്കില്‍ അതറിഞ്ഞുകൊണ്ടാണ് ആതിരേ, കോണ്‍ഗ്രസിലെയും ബിജെപിയിലെയും പാരകാളകള്‍ കൊമ്പുകുലുക്കി ശശിതരൂരിന് നേരെ മുക്രയിടുന്നത്.
ചെലവ് ചുരുക്കുക എന്ന കോണ്‍ഗ്രസ് പരിപാടിയുടെ ഭാഗമായിട്ടാണ് സോണിയയും രാഹുലും വിമാനത്തില്‍ ഇക്കണോമി് ക്ലാസില്‍ സഞ്ചരിച്ചതും തീവണ്ടിയില്‍യാത്ര ചെയ്തതും. ആഗസ്റ്റ് 15ന് കോണ്‍ഗ്രസ് പാര്‍ട്ടി എടുത്ത 'വിപ്ലവകരമായ' തീരുമാനമായിരുന്നത്രേ അത്.
സോണിയയുടെ ഇക്കണോമിക് ക്ലാസിലെ വിമാനയാത്രയും രാഹുലിന്റെ ട്രെയിന്‍ യാത്രയും ആയപ്പോള്‍ കോണ്‍ഗ്രസിന്റെ ചെലവ് ചുരുക്കല്‍ ദൗത്യം സാക്ഷാത്കരിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന വിടുവായന്മാര്‍ക്കുള്ള മറുപടിയായിട്ട് തന്നെയാണ് ഞാന്‍ ശശിതരൂരിന്റെ കന്നുകാലി ക്ലാസ് പ്രയോഗത്തെയും വിശുദ്ധ പശു പ്രയോഗത്തെയും വിലയിരുത്തുന്നത്. സോണിയയ്ക്കും രാഹുലിനും വേണ്ടി ,അവര്‍ ഏത് വാഹനത്തില്‍ സഞ്ചരിച്ചാലും രാഷ്ട്രം മുടക്കുന്ന തുക (പൗരന്റെ നികുതി പണം) ഒരു സാഹചര്യത്തിലും കുറവു വരുന്നില്ല. ഇവിടെ മുമ്പ് ഗാന്ധിജിയെ ദരിദ്രനായി നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കും സര്‍ക്കാരിനും ചെലവാക്കേണ്ടി വന്ന പതിനായിരങ്ങളെ കുറിച്ചാണ് ഓര്‍മ്മ വരുന്നത്. ഗാന്ധിജിയുടെ യാത്രകള്‍ക്കിടയില്‍ രാത്രി തങ്ങുന്നിടത്തെല്ലാം ഗ്രാമവും കുടിക്കാന്‍ ആട്ടിന്‍ പാലും ഒക്കെ ഒരുക്കാനായിരുന്നു ഈ പണം ചെലവഴിക്കേണ്ടി വന്നത്. വ്യക്തിജീവിതത്തില്‍ ഏറ്റവും കുറവ് ഭൗതിക ആവശ്യങ്ങള്‍ ഉണ്ടായിരുന്ന ഗാന്ധിജിക്കു വേണ്ടി ഇങ്ങനെ പതിനായിരങ്ങള്‍ മുടക്കിയ സ്ഥാനത്താണ് ഇന്ന് സോണിക്കും രാഹുലിനും വേണ്ടി ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടി വരുന്നത്. സുരക്ഷയുടെ പേരിലാണ് ഈ ചെലവെന്ന് ന്യായീകരിക്കാന്‍ പലരുമുണ്ടാകുമെങ്കിലും അത് നികുതി പണത്തിന്റെ വഴിവിട്ട ചെലവാക്കലാണെന്ന് പറഞ്ഞേ തീരു.അറിയുക ഇത്തവണ സോണിയ ഇക്കാണോമി ക്ലാസ്സില്‍ പറന്നപ്പോള്‍ അവരുടെ സുരക്ഷക്കായി 12 സീറ്റുകളാണ് വിമാനത്തില്‍ ഒഴിച്ചിട്ടത്.അതായത് 12 സീറ്റിന്റെ യാത്രക്കൂലി നഷ്ടം.രാഹുലിന്റെ രോമത്തിനു പോലും ഒന്നും സംഭവിക്കാതിരിക്കാന്‍ 12 ബ്ലാക് ക്യാറ്റുകളാണ് ഒപ്പമുള്ളത്.ഇവരുടെ യാത്രാക്കൂലി കൂടി കൂട്ടുമ്പോള്‍ രാഹുല്‍ വിമാനത്തില്‍ പറന്നാല്‍ ഉണ്ടാകുന്നതിന്റെ ഇരട്ടി പണം ചെലവായെന്നര്‍ത്ഥം.ആരെ കബളിപ്പിക്കാനാണ് ഇത്തരം തേര്‍ഡ് റേറ്റ് വഞ്ചനകള്‍ ആതിരേ?. ഇത്തരം വഴിവിട്ട ചെലവുകളെ ചോദ്യം ചെയ്യാതെ അംഗീകരിക്കുകയും അധികാരത്തിന്റെ മറവില്‍ മുടി കറുപ്പിക്കുന്നതുമുതല്‍ അച്ചടിക്കാന്‍ കൊള്ളില്ലാത്ത ആവശ്യങ്ങള്‍ക്ക് വരെ നികുതി പണം ചെലവഴിക്കുകയും ചെയ്യുന്നവരാണ് ശശിതരൂരിന്റെ പ്രയോഗത്തില്‍ പ്രകോപിതരായിരിക്കുന്നത്.
(ചെലവുചുരുക്കല്‍ ആഹ്വാനം ഇങ്ങനെ നടപ്പിലാക്കുമ്പോള്‍ കേന്ദ്രമന്ത്രിമാര്‍ അവരുടെ ഓഫിസും വാസസ്ഥലവും നവീകരിക്കാന്‍ കോടികള്‍ മുടക്കിക്കൊണ്ടിരിക്കുകയാണ്.പനബക ലക്ഷ്മി എന്ന മന്ത്രിക്ക് വാസ്തു ശാസ്ത്രം അനുസരിച്ച് ഓഫിസിലെ സീറ്റിനു പിന്നില്‍ തന്നെ ടോയിലറ്റ് വേണമെന്നാണ് ആവശ്യം)
ആതിരേ, ഇവരെല്ലാമാണ് ശശി തരൂരിന്റെ രക്തത്തിനായി മുറവിളി കൂട്ടുന്നതെന്നോര്‍ക്കണം.അതേ സമയം ചെലവ് ചുരുക്കല്‍ നയത്തിന്റെ ഭാഗമായി സോണിയ വിമാനത്തില്‍ ഇക്കണോമിക് ക്ലാസില്‍ സഞ്ചരിക്കുന്നതിന് മുമ്പ് തന്നെ ഒമ്പത് പ്രാവശ്യം ഇത്തരത്തില്‍ യാത്ര ചെയ്തിട്ടുള്ള വ്യക്തിയാണ് ശശിതരൂര്‍. അപ്പോള്‍ തീര്‍ച്ചയായും അംഗീകരിക്കപ്പെടേണ്ടതും ആദരിക്കപ്പെടേണ്ടതും സോണിയയോ രാഹുലോ അല്ല ശശിതരൂര്‍ തന്നെയാണ്. എന്നിട്ടും എന്തുകൊണ്ട് ജയന്തി നടരാജനും അശോക് ഗലോട്ടും അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കന്മാര്‍ തരൂരിന്റെ ട്വിറ്ററിനെതിരെ രംഗത്തു വന്നു എന്ന് ചിന്തിക്കേണ്ടതുണ്ട്.
കന്നുകാലി ക്ലാസ് വിശുദ്ധ പശു പ്രയോഗങ്ങളില്‍ ശശിതരൂര്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്നുതന്നെയാണ് ഞങ്ങളുടെ അഭിപ്രായം. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കന്മാരെ കാപട്യം തുറന്നുകാട്ടാന്‍ ആ പ്രയോഗങ്ങള്‍ ഉതകി എന്നാണ് ഞങ്ങള്‍ കരുതുന്നത്. തങ്ങള്‍ക്കു നേരെയുണ്ടായ മുനമൂര്‍ച്ചയുള്ള ആ വിമര്‍ശനത്തെ ഇന്ത്യയിലെ സാധാരണക്കാര്‍ക്കെതിരായ ആരോപണമായി ഗതി തിരിച്ച് വിട്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണ് തരൂരിനെ വിമര്‍ശിക്കുന്നവരെല്ലാം.
തീര്‍ച്ചയായും തരൂരിന്റെ രാഷ്ട്രീയ നിലപാടുകളോട് വിയോജിപ്പുള്ള വ്യക്തിയാണ് ഞാന്‍ രാഷ്ട്രീയക്കാരനായി അദ്ദേഹം പാര്‍ലമെന്റില്‍ എത്തുന്നതിനെ എതിര്‍ക്കുകയും ചെയ്തിട്ടുണ്ട്. കാരണം അദ്ദേഹം പ്രതിനിധാനം ചെയ്യുന്നത് കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ വഴിപിഴച്ച ജനായത്ത ബോധത്തെക്കാളും നെറികേട് നിറഞ്ഞ സമ്പന്ന വര്‍ഗ താല്‍പര്യങ്ങളാണ്‍്. അതുകൊണ്ടാണ് രാഷ്ട്രീയക്കാരനായ തരൂരിനെ ഞാന്‍ ഇപ്പോഴും എതിര്‍ക്കുന്നത്.
എന്നാല്‍, നയതന്ത്രജ്ഞനായ തരൂരിന്റെ മികവും പാടവവും തന്ത്രജ്ഞതയും അംഗീകരിക്കുകയും ചെയ്യുന്നു. യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ പദവി വരെയെത്താന്‍ കഴിവുള്ള മിടുക്കനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ രാഷ്ട്രാന്തരകാര്യങ്ങളില്‍ ജയന്തി നടരാജനേക്കാളും അശോക് ഗലോട്ടിനെക്കാളും എന്തിനധികം സോണിയേക്കാളും ബുദ്ധിപൂര്‍വകമായും തന്ത്രശാലിത്വത്തോടും നിലാപാട് സ്വീകരിക്കാന്‍ ശശിതരൂരിന് കഴിയും. അദ്ദേഹത്തിന്റെ ഈ മികവ് മനസ്സിലാക്കിയാണ് മന്‍മോഹന്‍സിംഗ് അദ്ദേഹത്തെ രാഷ്ട്രീയത്തിലേയ്ക്ക് ക്ഷണിച്ചത്.
നയതന്ത്രരംഗം വിട്ട് കോണ്‍ഗ്രസില്‍ എത്തിയ ഉടനെ ലോകസഭാ സീറ്റ് നല്‍കിയതും ജയിച്ച അദ്ദേഹത്തെ ഏറ്റവും നിര്‍ണായകമായ വിദേശ കാര്യ സഹമന്ത്രിയാക്കിയതും കോണ്‍ഗ്രസിലെ പല 'പാര കാളള്‍ക്കും ' ഇപ്പോഴും ദഹിക്കുന്ന വിഷയമല്ല. എന്നുമാത്രമല്ല, തരൂര്‍ പങ്കെടുക്കുന്ന വേദികളിലെല്ലാം മറ്റു മന്ത്രിമാരേക്കാള്‍ അദ്ദേഹത്തിന് മാധ്യമ ശ്രദ്ധയും ജനശ്രദ്ധയും ലഭിക്കുന്നതും ഇവര്‍ക്കാര്‍ക്കും സഹിക്കാവുന്ന വിഷയമല്ല. ഈ അസൂയയുടെ, അസഹിഷ്ണതയുടെ മൂലക്കുരു പൊട്ടിയതാണ് ശശിതരൂരിനെതിരായുള്ള ആരോപണവും ക്യാമ്പെയിനും. ആംഗലേയം നന്നായി കൈകാര്യം ചെയ്യാനുള്ള മികവും തെളിമയുള്ള ചിന്തകളും അവ വായനക്കാര്‍ക്കും കേള്‍വിക്കാര്‍ക്കും അംഗീകരിത്തക്ക രീതിയില്‍ അവതരിപ്പിക്കാനുള്ള കഴിവും കൗശലവും ഒക്കെയാണ് ശശി തരൂരിനെ ശ്രദ്ധാ പാത്രമാക്കുന്നത്. ഒപ്പം അദ്ദേഷത്തഹത്തിന്റെ സൗന്ദര്യവും. കൊക്കാകാന്‍ വേണ്ടി കുളിച്ചുകൊണ്ടിരിക്കുന്ന കാക്കകളും കുയിലിനെ പോലെ പാടാന്‍ കൊതിക്കുന്ന മൂങ്ങകളുമൊക്കെയാണ് ആതിരേ, ശശതരൂരിന്റെ ഈ കഴിവിനെ കടുത്ത അസൂയയോടെ വിലയിരുത്തുന്നത്.
തരൂരിനെ എതിര്‍ക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് കാലുനക്കികളില്‍ നിന്ന് നേരത്തെ തന്നെ വിഭിന്നനാണ് അദ്ദേഹം. സോണിയയെ കുറിച്ചും രാജീവിനെ കുറിച്ചും കോണ്‍ഗ്രസിനെ കുറിച്ചുമെല്ലാമുള്ള നിശിതമായ അഭിപ്രായങ്ങള്‍ മൂര്‍ച്ചയേറിയ ഭാഷയില്‍ നേരത്തെ തന്നെ അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളതാണ്. ആത്മവിശ്വാസത്തോടെ നട്ടെല്ലുറപ്പോടെ സംഭവങ്ങളെ വീക്ഷിക്കാനും വിലയിരുത്താനും അവയെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ മുഖം നോക്കാതെ രേഖപ്പെടുത്താനും കഴിവുള്ള വ്യക്തിയാണ് തരൂര്‍. അതുകൊണ്ടാണ് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് മത്സരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വിമര്‍ശകര്‍ അശ്ലീല ക്യാമ്പെയിനുകള്‍ നടത്തിയത്. ആ വിമര്‍ശനങ്ങള്‍ക്ക് സ്വതസിദ്ധമായ പാലക്കാടന്‍ ശൈലിയില്‍ തരൂര്‍ നല്‍കിയ മറുപടി മാത്രം മതി അദ്ദേഹത്തിലെ നയതന്ത്രജ്ഞനെ തിരിച്ചറിയാന്‍. ഇത്തരത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് സാന്നിധ്യമറിയിച്ചിട്ടുള്ള നേതാക്കള്‍ തുലോം വിരളമാണ്.
ഈ പ്രത്യേകതയും കഴിവുകളും ട്വിറ്ററില്‍ വിഷയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അദ്ദേഹം ഇപ്പോഴും ഉപയോഗിക്കുന്നു. എന്നാല്‍, ആംഗേലയ ഭാഷയെ കുറിച്ചോ അതിലെ ശൈലികളെക്കുറിച്ചോ അര്‍ത്ഥങ്ങളെ കുറിച്ചോ വിവരമില്ലാത്ത അവസരവാദ രാഷ്ട്രീയ കോമാളികളാണ് ശശിതരൂരിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ശ്വാനന്മാര്‍ കുരയ്ക്കുന്നുണ്ട് എന്ന് കരുതി സ്വാര്‍ത്ഥ വാഹക സംഘം മുന്നോട്ടുപോകാതിരിക്കില്ല എന്ന് ഈ വിവര ദോഷികള്‍ എന്നാണിനി മനസ്സിലാക്കുക. എന്നാണ് ആതിരേ ഇന്ത്യന്‍ രാഷ്ട്രീയം പാദസേവകരുടെ പിടിയില്‍ നിന്ന് മുക്തമാവുക.
Subscribe to:
Post Comments (Atom)
No comments:
Post a Comment