Friday, September 25, 2009

അമ്പിളിയമ്മാവന്റെ താമരക്കുമ്പിളില്‍" സ്പര്‍ശിച്ച ശാസ്ത്ര മികവ്‌


"അമ്പിളി അമ്മാവാ താമരക്കുമ്പിളിലെന്തുണ്ട്‌" എന്ന ശൈശവ കൗതുകത്തിന്‌ ആതിരേ, ഇന്ത്യയുടെ മറുപടി.
"ജലം തന്നെ"
ഈ കണ്ടത്തലിലൂടെ, ഖഗോള ശാസ്ത്ര രംഗത്ത്‌ വിശ്വത്തിനാകെ വഴികാട്ടികളായിരുന്ന ആര്യഭട്ടന്റെയും ഭാസ്കരാചാര്യരുടെയും പാത പിന്തുടര്‍ന്ന്‌ മലയാളിയായ ജി. മാധവന്‍ നായരുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന ലോകത്തിന്‌ മറ്റൊരു നേട്ടവും മാതൃകയുമായിരിക്കുന്നു. ഇന്ത്യയുടെ പ്രഥമ ചാന്ദ്ര പേടകമായ ചാന്ദ്രയാന്‍ -1 കണ്ടെത്തിയ ചന്ദ്രനിലെ ജലസാന്നിധ്യം അങ്ങനെ 110 കോടി ഇന്ത്യക്കാര്‍ക്കും അഭിമാനമാകുകയാണ്‌. ബഹിരാകാശ ഗവേഷണ മേഖലയിലും ഇന്ത്യ ആരുടെയും പിന്നിലല്ല മറിച്ച്‌ അമേരിക്ക ഉള്‍പ്പെടെയുള്ള ഈ രംഗത്തെ വികസിത രാഷ്ട്രങ്ങളുടെ മുന്നിലാണ്‌ പറക്കുന്നതെന്നും ഈ നേട്ടം വ്യക്തമാക്കുന്നു.
പത്തുമാസം പ്രവര്‍ത്തിച്ച ശേഷം കഴിഞ്ഞ ഓഗസ്റ്റ്‌ 30ന്‌ പ്രവര്‍ത്തനം നിലച്ചെങ്കിലും ചാന്ദ്രയാന്‍-1 നല്‍കിയ അമൂല്യമായ അറിവ്‌ എക്കാലത്തേക്കും ഇന്ത്യന്‍ ശാസ്ത്ര ലോകത്തിന്‌ അഭിമാനത്തോടെ ആഘോഷിക്കാവുന്നതാണ്‌ ആതിരേ. 1969ല്‍ മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയ ശേഷം നടത്തിയ ഏറ്റവും മഹത്തരമായ ചാന്ദ്ര പര്യവേഷണവും അതിന്റെ കണ്ടെത്തലുമായിരുന്നു ചാന്ദ്ര ജലസാന്നിധ്യം. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി (നാസ)യുടെ പേ ലോഡുകളില്‍ (പരീക്ഷണോപകരണം) ഒന്നായ മൂണ്‍ മിനറോളജി മാപ്പ്‌ (എം3) ആണ്‌ ശാസ്ത്രത്തിന്റെ പുതിയ കുതിച്ചു ചാട്ടമെന്ന്‌ വിശേഷിപ്പിക്കാവുന്ന ചാന്ദ്രജല സാന്നിധ്യത്തെക്കുറിച്ചുള്ള പ്രധാന വിവരം നല്‍കിയത്‌. ഹൈഡ്രജനും ഓക്സിജനും ചന്ദ്രനിലുണ്ട്‌ എന്ന്‌ തെളിയിക്കുന്ന ഈ അറിവ്‌ വരുംകാല ബഹിരാകാശ പര്യവേഷണങ്ങള്‍ക്ക്‌ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. വിദൂര ബഹിരാകാശ ഗ്രഹങ്ങളെ കുറിച്ചുള്ള പഠനയാത്രക്കുള്ള ഇടത്താവളമാക്കി ചന്ദ്രനെ മാറ്റാനുള്ള സാധ്യതയാണ്‌ ഇതിലൂടെ ശാസ്ത്രത്തിന്‌ വെച്ചു നീട്ടപ്പെട്ടിരിക്കുന്നത്‌.
അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയിലെ മുഖ്യ ഗവേഷകന്‍ ആല്‍ബര്‍ട്ടോ സാല്‍ 2008ല്‍ നടത്തിയ പഠനത്തിലാണ്‌ ചന്ദ്രനില്‍ ജലസാന്നിധ്യമുണ്ടെന്ന സൂചന ലഭിച്ചത്‌. സാലിന്റെ ഈ കണ്ടെത്തലിന്റെ അല്ലെങ്കില്‍ പ്രതീക്ഷയുടെ സ്ഥിരീകരണമാണ്‌ ചാന്ദ്രയാന്‍ -1 നിര്‍വഹിച്ചിരിക്കുന്നത്‌.
ഇതിനുമുമ്പ്‌ ചന്ദ്രന്റെ നിയന്ത്രിതമായ ഭാഗങ്ങള്‍ മാത്രമാണ്‌ പഠനവിധേയമാക്കാന്‍ അമേരിക്കക്കുപോലും കഴിഞ്ഞിരുന്നത്‌. എന്നാല്‍, ചാന്ദ്രയാന്‍ -1 ലെ പേലോഡുകള്‍ ചന്ദ്രോപരിതലത്തിന്റെ 97 ശതമാനം ഭാഗം പഠനവിധേയമാക്കിയപ്പോഴാണ്‌ മാനവരാശിക്ക്‌ തന്നെ പ്രതീക്ഷയുടെ സ്നേഹജല സ്പര്‍ശമായ കണ്ടെത്തലുണ്ടായത്‌. ഇത്‌ ചരിത്രപരമായ നേട്ടമാണ്‌. ചാന്ദ്രയാന്‍ -1 വിക്ഷേപിച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ ചന്ദ്രോപരിതലത്തില്‍ ത്രിവര്‍ണ ഛായയുമായി പരീക്ഷണാര്‍ത്ഥം പതിപ്പിച്ച മൂണ്‍ ഇംപാക്റ്റ്‌ പ്രോബില്‍ ചന്ദ്രനില്‍ അന്തരീക്ഷമുണ്ടോ എന്ന്‌ പഠിക്കാന്‍ ഉപകരിക്കുന്ന മാസ്‌ സ്പെക്ട്രോ മീറ്റര്‍ ഘടിപ്പിച്ചിരുന്നു. അതില്‍ നിന്നുള്ള സൂചനകളും കൂടി വിലയിരുത്തിയപ്പോഴാണ്‌ ചാന്ദ്രജലത്തെ കുറിച്ച്‌ നാസയ്ക്ക്‌ സംശയരഹിതമായി പ്രഖ്യാപനം നടത്താന്‍ സഹായകമായത്‌.
ഈ നേട്ടത്തില്‍ ആതിരേ, ഐഎസ്‌ആര്‍ഒയ്ക്ക്‌ അഭിമാനിക്കാവുന്ന മികവായിരുന്നു മലയാളി സാന്നിധ്യങ്ങള്‍. ഇപ്പോള്‍ ദേശീയ ആസൂത്രണ കമ്മീഷന്‍ അംഗവും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ അഡ്വാന്‍സ്ഡ്‌ സ്റ്റഡീസിന്റെ ഡയറക്ടറും രാജ്യസഭാംഗവുമായ ഡോ. കെ. കസ്തൂരി രംഗന്‍ ഐഎസ്‌ആര്‍ഒ ചെയര്‍മാനായിരിക്കുമ്പോഴാണ്‌ ഇന്ത്യയുടെ ചാന്ദ്രയാത്രാ ദൗത്യത്തിന്‌ തുടക്കം കുറിച്ചത്‌. എറണാകുളം ജില്ലക്കാരനാണ്‌ ഡോ. കസ്തൂരി രംഗന്‍. ചാന്ദ്രയാന്‍ -1 പദ്ധതി സാക്ഷാത്കരിക്കപ്പെടുമ്പോഴും ജലസാന്നിധ്യം പോലുള്ള സുപ്രധാന നേട്ടം വരുമ്പോഴും ബഹിരാകാശ ഗവേഷണത്തിന്റെ അമരത്തുള്ളവര്‍ മലയാളികളാണ്‌ എന്നത്‌ നമുക്ക്‌ ഏറെ രോമാഞ്ചം നല്‍കുന്ന വാസ്തവമാണ്‌.
ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍, കേന്ദ്ര ബഹിരാകാശ വകുപ്പ്‌ സെക്രട്ടറി, സ്പേസ്‌ കമ്മീഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ തിരുവനന്തപുരം സ്വദേശി ജി. മാധവന്‍ നായരും ഐഎസ്‌ആര്‍ഒയുടെ സാറ്റ്ലൈറ്റ്‌ സെന്റര്‍ ഡയറക്ടറും ചാന്ദ്രയാന്‍ മിഷന്‍ മാനേജ്മെന്റ്‌ ചെയര്‍മാനുമായ പത്തനം തിട്ട സ്വദേശി ഡോ. ടി.കെ അലക്സും ചാന്ദ്രയാന്റെ പ്രാരംഭ ആലോചനകള്‍ നടത്തി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള സമിതിയുടെ ചെയര്‍മാനും ഡെറാഡൂണിലെ ഐഎസ്‌ആര്‍ഒ സെന്റര്‍ ഫോര്‍ സ്പേസ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്നോളജി ഇന്‍ ഏഷ്യ ആന്‍ഡ്‌ ദ്‌ പസഫിക്കിന്റെ ഡയറക്ടറും ചെങ്ങന്നൂര്‍ സ്വദേശിയുമായ ഡോ. ജോര്‍ജ്‌ ജോസഫ്‌, തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്പേസ്‌ സെന്റര്‍ ഡയറക്ടര്‍ ഡോ. കെ. രാധാകൃഷ്ണന്‍, ശ്രീഹരി കോട്ടയിലെ 'ഷാര്‍' സെന്റര്‍ ഡയറക്ടര്‍ എം.സി ദത്തന്‍, എല്‍പിഎസ്ഡി ഡയറക്ടര്‍ എ.കെ.ജി നായര്‍, പിഎസ്‌എല്‍വി മിഷന്‍ ഡയറക്ടര്‍ ജോര്‍ജ്‌ കോശി, ചാന്ദ്രയാന്‍ വെഹിക്കിള്‍ ഡയറക്ടറായിരുന്ന വേണുഗോപാല്‍, സ്പേസ്‌ അസ്ട്രോണമി ഡിവിഷന്‍ മേധാവി ഡോ. പി. ശ്രീകുമാര്‍, ഐഎസ്‌ആര്‍ഒ ഇന്റര്‍നാഷണല്‍ റിലേഷന്‍സ്‌ ഡയറക്ടറായിരുന്ന ജേക്കബ്‌ നൈനാന്‍, ചാന്ദ്രയാന്‍ മെക്കാനിക്കല്‍ സിസ്റ്റംസിന്റെ ചുമതലക്കാരന്‍ ഡോ. പി.എസ്‌ നായര്‍ തുടങ്ങി ഈ ദൗത്യത്തിന്‌ പിന്നില്‍ കഠിന തപസ്സനുഷ്ടിച്ച മലയാളികള്‍ നിരവധിയാണ്‌. അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച്‌ ലാബോറട്ടറിയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്‌ പ്രഫസര്‍ ജെ.എന്‍ ഗോസ്വാമിയുടെ പങ്കും പ്രത്യേകം എടത്തുപറയേണ്ടതാണ്‌.
ലോകത്തിനു തന്നെ മാതൃകയാകുകയാണ്‌ അങ്ങനെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗം. കാലാവസ്ഥ പ്രവചനം, തീരദേശ പഠനം, മത്സ്യ സമ്പത്ത്‌ കണ്ടെത്തല്‍ തുടങ്ങിയ ദൗത്യങ്ങളുമായി സെപ്റ്റംബര്‍ 23-ാ‍ം ബുധനാഴ്ച ഓഷ്യന്‍ സാറ്റ്‌ - 2 ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തിച്ചുകൊണ്ട്‌ ഈ രംഗത്തെ മികവിന്‌ മറ്റൊരു പൊന്‍തൂവല്‍ കൂടി ഇന്ത്യ നേടി.
ക്രാന്തദര്‍ശികളായ നിരവധി ശാസ്ത്രജ്ഞന്മാരുടെ നിസ്വാര്‍ത്ഥ സേവനങ്ങളുടെയും സമര്‍പ്പിത ദൗത്യ നിര്‍വഹണത്തിന്റെയും നേട്ടമാണ്‌ ഇതെല്ലാം. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമും ഈ നേട്ടത്തിനു വേണ്ടി അഹോരാത്രം അധ്വാനിച്ച ശാസ്ത്രജ്ഞന്മാരില്‍ ഒരാളാണ്‌. മുകളില്‍ പേര്‌ പറഞ്ഞവരെ കൂടാതെ ആയിരക്കണക്കിന്‌ ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാരും സാങ്കേതിക വിദഗ്ധരും ഒരേ മനസ്സോടെ ലക്ഷ്യത്തോടെ നിസ്വാര്‍ത്ഥമായി അധ്വാനിച്ചതിന്റെ നേട്ടങ്ങളാണ്‌ ഇവയെല്ലാം. വിഭാഗീയതയും സാമുദായിക വൈരവും ആളിക്കത്തിച്ച്‌ അധികാരത്തില്‍ തുടരുന്ന രാഷ്ട്രീയ നേതാക്കരുടെ ശുഷ്കവും ഹ്രസ്വവുമായ വീക്ഷണങ്ങളെയും താല്‍പര്യങ്ങളെയും വെല്ലുവിളിച്ചുകൊണ്ടാണ്‌ ബഹിരാകാശ ഗവേഷണരംഗത്ത്‌ ഇന്ത്യ ആര്‍ക്കും വെട്ടിപ്പിക്കാനാവാത്ത നേട്ടങ്ങള്‍ സ്വായത്തമാക്കിയിട്ടുള്ളതെന്നോര്‍ക്കണം.
ടെലിസ്കോപ്പ്‌ പോലും കണ്ടുപിടിക്കുന്നതിന്‌ മുമ്പ്‌ ചന്ദ്രന്‍ അടക്കമുള്ള ഗ്രഹങ്ങളിലെ ജലസാന്നിധ്യത്തെ കുറിച്ച്‌ ശാസ്ത്രീയമായി തന്നെ നിഗമനങ്ങളിലെത്തിയ ഇന്ത്യയുടെ പൂര്‍വസൂരികളായ ജ്യോതി ശാസ്ത്രജ്ഞന്മാരുടെ മികവിലേയ്ക്ക്‌ ഉയരുകയാണ്‌ ആതിരേ, ഐഎസ്‌ആര്‍ഒയും അതിലെ ശാസ്ത്രജ്ഞന്മാരും. ഗ്രഹനിരീക്ഷണത്തിന്റെ സമാനതകളില്ലാത്ത ഭാരതപാരമ്പര്യത്തിന്റെ വര്‍ത്തമാനകാല വിജയമാണ്‌ ചാന്ദ്രജലത്തെ കുറിച്ച്‌ ഇപ്പോള്‍ ലഭിച്ചിട്ടുള്ള അറിവുകള്‍.
ശീതയുദ്ധകാലത്താണ്‌ ചാന്ദ്രദൗത്യം കൊഴുത്തതെന്ന് അറിയാമല്ലോ. രണ്ടാംലോക മഹായുദ്ധത്തോടെ ആയുധങ്ങള്‍ കൊണ്ടുള്ള കണക്കുതീര്‍ക്കല്‍ അമേരിക്കയും സോവിയറ്റ്‌ റഷ്യയും അവസാനിപ്പിച്ച്‌ മസ്തിഷ്കങ്ങള്‍ കൊണ്ടുള്ള യുദ്ധത്തിന്‌ തുടക്കമിട്ടപ്പോഴാണ്‌ ആതിരേ, ആകാശ കവാടങ്ങള്‍ തുറന്നുകൊണ്ടുള്ള യാത്രകളും പരീക്ഷണങ്ങളും ആരംഭിച്ചത്‌.
ഭൂമിയുടെ ഭ്രമണപഥത്തിലേയ്ക്ക്‌ ആദ്യ മനുഷ്യനിര്‍മിതമായ സ്ഫുട്നിക്‌ - 1, 1957 ഒക്ടോബര്‍ 4ന്‌ വിക്ഷേപിച്ച്‌ ബഹിരാകാശ ഗവേഷണ പഠന ശാഖക്ക്‌ സോവിയറ്റ്‌ യൂണിയന്‍ ചരിത്ര പരമായ തുടക്കം കുറിച്ചു. ഒരുമാസത്തിനുള്ളില്‍ ബഹിരാകാശത്തേയ്ക്ക്‌ ലെയ്ക്ക എന്ന നായയെ അയച്ച്‌ മറ്റൊരു നേട്ടവും സോവിയറ്റ്‌ യൂണിയന്‍ കൈവരിച്ചു. പിന്നീട്‌ യൂറി ഗഗാറിനെ ബഹിരാകാശത്തേക്കയച്ച്‌ വന്‍ കുതിപ്പും നടത്തി. 1959 സെപ്റ്റംബര്‍ 12ന്‌ ലൂണ -2 എന്ന ബഹിരാകാശ പേടകം ചന്ദ്രനില്‍ ഇടിച്ചിറക്കി ഈ മേഖലയിലെ തങ്ങളുടെ മേല്‍കൈ സോവിയറ്റ്‌ യൂണിയന്‍ വ്യക്തമാക്കി. എന്നാല്‍, മനുഷ്യനെ ചന്ദ്രനിലെത്തിക്കുക എന്നത്‌ അമേരിക്കയുടെ ദേശീയ ദൗത്യമായി 1961 മെയ്‌ 25ന്‌ അന്നത്തെ പ്രസിഡന്റ്‌ ജോണ്‍ എഫ്‌ കെന്നഡി പ്രഖ്യാപിച്ചതോടെ ഈ മേഖലയില്‍ സോവിയറ്റ്‌ യൂണിയനുമായുള്ള അമേരിക്കയുടെ മത്സരം മുറുകകയായിരുന്നു. 1969 ജൂലൈ 20ന്‌ നീല്‍ ആംസ്ട്രോംഗിനെ ചന്ദ്രനിലെത്തിച്ച്‌ മാനവരാശിക്ക്‌ വന്‍ കുതിച്ചുചാട്ടം അമേരിക്ക സംഭാവന ചെയ്തു. തുടര്‍ന്ന്‌ ചന്ദ്രയാത്രകളുടെ ഒഴുക്കാണ്‌ കണ്ടത്‌. 1972 ഡിസംബര്‍ 7ന്‌ അപ്പോളോ - 17ന്റെ ഹാരിസണ്‍സ്മിത്ത്‌, യൂജിന്‍ സര്‍നാല്‍ എന്നിവര്‍ ചന്ദ്രനില്‍ എത്തി. പിന്നീട്‌ 37 വര്‍ഷം നീണ്ട നിശ്ചലാവസ്ഥയായിരുന്നു.
ഈ നിശ്ചലാവസ്ഥയെ ഭേദിച്ചുകൊണ്ടും ബഹിരാകാശ ഗവേഷണ രംഗത്ത്‌ അമേരിക്കയും സോവിയറ്റ്‌ യൂണിയനും ചൈനയും ഫ്രാന്‍സുമൊക്കെ കൈയടക്കിയ സ്ഥാനങ്ങള്‍ നിഷ്പ്രഭമാക്കിയുമാണ്‌ ഇന്ത്യയുടെ ബഹിരാകാശ ഗവേഷക സംഘം മാനവരാശിയുടെ പ്രതീക്ഷയില്‍ പുതിയൊരു 'ജലസ്പര്‍ശം' സൃഷ്ടിച്ചിരിക്കുന്നത്‌. ഇതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ സമര്‍പ്പിത ചേതസുകളെയും അഭിനന്ദിക്കുന്നതിനോടൊപ്പം സമാനതകളില്ലാത്ത ഇന്ത്യയുടെ ഈ നേട്ടങ്ങള്‍ ശുഷ്കമായ രാഷ്‌ര്‍ടീയ ലക്ഷ്യങ്ങളോടെ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക്‌ അടിയറവെയ്ക്കാന്‍ ശ്രമിക്കുന്ന ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്തെ അപലപിക്കാനും ഈ അവസരം ഞാന്‍ ഉപയോഗിക്കട്ടെ.

No comments: