കലാവതി ബായി ബന്ദൂര്‍ വീണ്ടും മാധ്യമ ശ്രദ്ധ നേടുകയാണ് ആതിരേ. മഹാരാഷ്ട്ര നിയമസഭയിലേയ്ക്ക് യവത്മാള്‍ ജില്ലയിലെ വാണി നിയോജകമണ്ഡലത്തില്‍ നിന്ന് വിദര്‍ഭ ജന്‍ ആന്ദോളന്‍ സമിതിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയാറായതോടെയാണ് വിധവയായ ഈ 48 കാരി വാര്‍ത്തകളില്‍ നിറയുന്നത്.
കടക്കെണികൊണ്ട് വിദര്‍ഭയില്‍ ജീവനൊടുക്കിയ 7000 ഓളം കര്‍ഷകരുടെ, അവരുടെ നീരാലംബ കുടുംബങ്ങളുടെ പ്രതീകമായിട്ടാണ് കലാവതി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 2005 ഡിസംബര്‍ 23ന് കടക്കെണി മൂലം ജീവനൊടുക്കിയ പരശുറാം ബന്ദൂറിന്റെ ഭാര്യയാണ് കലാവതി.(ശ്രദ്ധിച്ചു കാണും കലാവതി മത്സരിക്കുന്നില്ലെന്ന വാര്‍ത്ത പ്രചരിപ്പിച്ചതും, ഞാന്‍ മത്സരിക്കുമെന്ന് കലാവതി നിശ്ചയദാര്‍ഢ്യത്തോടെ ആവര്‍ത്തിച്ചതും)
ആദ്യമായി കലാവതിയെ വാര്‍ത്തകളിലെത്തിച്ചത് എഐസിസി ജനറല്‍ സെക്രട്ടറി രാഹുലായിരുന്നു. പാര്‍ലമെന്റില്‍ ആണവകരാര്‍ സംബന്ധിച്ച ചര്‍ച്ച നടക്കുമ്പോഴായിരുന്നു സംഭവം. 9 ഏക്കര്‍ ഭൂമി ഉണ്ടായിരുന്നിട്ടും കടക്കെണി മൂലം ആത്മഹത്യ ചെയ്യാന്‍ വിധിക്കപ്പെട്ട പരശുറാം ബന്ദൂറിന്റെ വിധവയായ കലാവതിയെ പോലെയുള്ളവരുടെ ജീവിതത്തില്‍ എങ്ങനെ ആണവോര്‍ജ്ജം പ്രകാശമാകുമെന്ന് സ്ഥാപിക്കാനാണ് രാഹുല്‍ ശ്രമിച്ചത്. വിദര്‍ഭ സന്ദര്‍ശന വേളയില്‍ രാഹുല്‍ കണ്ട കലാവതിയെയും ശശികലയെയും അവതരിപ്പിച്ചുകൊണ്ടായിരുന്നു ആണവ കരാറിനുവേണ്ടി രാഹുല്‍ വാദിച്ചത്.
കലാവതിയുടേയും ശശികലയുടേയും നൊമ്പരം രാഹുലിന്റെ വാക്കുകളിലൂടെ ഇന്ത്യ ശ്രവിച്ചെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ കലാവതിയെ തേടിയെത്തിയപ്പോഴാണ് ആ വിവരം അവര്‍ അറിയുന്നത്. വൈദ്യുതി ഇല്ലാത്ത, റേഡിയോ ഇല്ലാത്ത ഇന്ത്യയിലെ ഇരുണ്ട ഗ്രാമങ്ങളിലൊന്നായിരുന്നു അതുവരെ ജല്‍ക്ക . രാഹുലിന്റെ സന്ദര്‍ശനത്തോടെ വെള്ളവും വൈദ്യുതിയും ടിവിയും മൊബെയില്‍ ഫോണും എത്തിയെങ്കിലും( എന്തൊരു വലിയ വഞ്ചന..!) ജല്‍ക്കയിലെയുംവിദര്‍ഭയിലെയും പൊതു അവസ്ഥകള്‍ക്ക് ഇനിയും മാറ്റമുണ്ടായിട്ടില്ല. കാര്‍ഷിക കടം എഴുതി തള്ളാന്‍ കോടികളാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്.എങ്കിലും നെറികെട്ട രാഷ്ട്രീയക്കാരുടെ പോക്കറ്റിലേയ്ക്കാണ് ഈ പണമെല്ലാം ഒഴുകുന്നതെന്ന് കലാവതിയും ശശികലയും അടക്കമുള്ളവര്‍ ഒരേസ്വരത്തില്‍ പറയുന്നു.അതുകൊണ്ട് ഈ അഴിമതിക്കെതിരായും വിദര്‍ഭയിലെ കര്‍ഷകരുടെ ജീവിതാവസ്ഥയ്ക്ക് മാറ്റം വരുത്താനുമാണ് കലാവതി ഇത്തവണ നിയമസഭയിലേയ്ക്ക് മത്സരിക്കുന്നത്.
( കൊള്ളാം കുഞ്ഞേ നിന്നിഷ്ടം; ഇല്ല തരില്ല നെയ്യപ്പം
..........
അയ്യോ കാക്കേ പറ്റിച്ചോ)
എന്നാല്‍, കലാവതിയേയും ശശികലയേയും ചൂണ്ടിക്കാട്ടി ഇന്ത്യയിലെ ദരിദ്ര ഗ്രാമീണരുടെ ജീവിതത്തില്‍ വെളിച്ചം പരക്കണമെങ്കില്‍ ആണവ കരാറില്‍ ഒപ്പിടണമെന്ന് രാഹുല്‍ വാദിച്ചപ്പോള്‍ ഒരു വലിയ വഞ്ചനയാണ് മൂടിവെയ്ക്കാന്‍ അദ്ദേഹം ശ്രമിച്ചത്.ആതിരേ, ആ വഞ്ചനയെ കുറിച്ച് പ്രതിഷേധത്തോടെ ഓര്‍മ്മിക്കാന്‍ കലാവതിയുടെ സ്ഥാനാര്‍ത്ഥിത്വം ഇപ്പോള്‍ ഒരവസരം നല്‍കുകയാണ്.
മഹാരാഷ്ട്രയിലെ വിദര്‍ഭ പോലുള്ള ഗ്രാമീണ മേഖലകളില്‍ വൈദ്യുതി എത്താതിരുന്നതിന് പിന്നിലുള്ള രാഷ്ട്രീയ വഞ്ചനയും കള്ളക്കളിയും കിക്ക് ബാക്കുകളും അങ്ങനെ ഒരിക്കല്‍ കൂടി രോഷമുണര്‍ത്തി ഓര്‍മ്മയില്‍ നിറയുകയാണ്. കലാവതി അടക്കമുള്ളവരുടെ മേല്‍ ഒഴുകി പരന്ന ഇരുട്ടിന് കാരണം ആതിരേ, ആണവോര്‍ജ്ജം "സൃഷ്ടിക്കാന്‍" കഴിയാതിരുന്നതല്ല മറിച്ച് 1990 കളില്‍ നടന്ന സംശയാസ്പദവും വിനാശകരവുമായ എന്‍റോണ്‍ കരാറിന്റെ മറവില്‍ നടന്ന ബൃഹത്തായൊരു രാഷ്ട വഞ്ചനയുടെ തിരിച്ചടിയായിരുന്നു . അന്ന് സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരാണ് എന്‍റോണ്‍ കമ്പനിയുമായി 1992ല്‍ എംഒയുവും 1993ല്‍ കരാറും ഒപ്പിട്ടത്. 1994 നരസിംഹറാവുവിന്റെ ഗവണ്‍മെന്റ് ഈ കരാറിന് അംഗീകാരം നല്‍കുകയും ചെയ്തു. അപ്പോള്‍ ആതിരേ, യഥാര്‍ത്ഥത്തില്‍ നടന്നത് മഹാരാഷ്ട്രയിലെ ഊര്‍ജ്ജ സംരക്ഷണത്തിന്റെ പേരില്‍ ഭാരതത്തെ ആകെ വഞ്ചിക്കുകയായിരുന്നു. അമേരിക്കയുമായുള്ള ആണവ കരാറിനോട് അനുബന്ധിച്ച ചര്‍ച്ചകളില്‍ രാഹുല്‍ അടക്കമുള്ളവര്‍ നമ്മോടൊക്കെ കാണാന്‍ ആവശ്യപ്പെട്ട മോഹന സ്വപ്നങ്ങളെ കുറിച്ചുള്ള വാഗ്ദാനങ്ങള്‍ 1990 കളില്‍ എന്‍റോണ്‍ കരാറിന്റെ കാലത്തും കോണ്‍ഗ്രസ് ഭരണം മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് നല്‍കിയതാണ്.
കോണ്‍ഗ്രസ്സിന്റെ ഈ ജനവഞ്ചനയ്ക്ക് 1995ല്‍ മഹാരാഷ്ട്രയില്‍ അധികാരത്തില്‍ വന്ന ബിജെപി - ശിവസേന സഖ്യവും പുതിയ ചതിയുടെ ഭാഷ്യം ചമയ്ക്കുന്നതും നാം കണ്ടു.പ്രതിപക്ഷത്തിരുന്നപ്പോള്‍ എതിര്‍ത്ത കരാറിന് അവരും അംഗീകാരം നല്‍കുകയായിരുന്നു.നോക്കു, എന്രോണ്‍ കോഴപ്പണത്തിനു മുകളില്‍ ബിജെപി താമര വിരുഞ്ഞുലഞ്ഞത്!
എന്നാല്‍, 1990 കളുടെ അവസാനത്തില്‍ മഹാരാഷ്ട്രയിലെ ഊര്‍ജ്ജ പദ്ധതികളെ തകിടം മറിച്ചുകൊണ്ട് എന്‍റോണ്‍ കരാര്‍ ഇല്ലാതാകുന്നതാണ് ഇന്ത്യ കണ്ടത്. എന്തായിരുന്നു ഇതിനു പിന്നിലെ ഉദ്ദേശ്യമെന്ന് അന്നേ വ്യക്തായിരുന്നെങ്കിലും ആ ആഘാതത്തില്‍ നിന്ന് മഹാരാഷ്ട്ര ഇനിയും കരകയറിയിട്ടില്ല.കോണ്‍ഗ്രസ്-ബിജെപി പാര്‍ട്ടികളുടെ ഈ സംയുക്ത വഞ്ചന കലാവതി ഉള്‍പ്പെടെയുള്ളവരുടെ വിളക്കുകള്‍ കെടുത്തിയപ്പോള്‍ രാഹുല്‍ കാമുകിയുമൊത്ത് ഇരുട്ടുകള്‍ സൃഷ്ടിച്ച് ഊര്‍ജത്തിന്റെ സേചനം നടത്തുകയായിരുന്നു. ഈ സത്യം മറച്ചുവെക്കാനോ അല്ലെങ്കില്‍ ചരിത്രബോധമില്ലായ്മ മൂലമോ ആണ് ആണവ കരാര്‍ കലാവതിയെ പോലെയുള്ള ദരിദ്ര ഗ്രാമീണരുടെ ജീവിതത്തില്‍ വെളിച്ചം വീശാന്‍ അനിവാര്യമാണെന്ന് ഉളുപ്പില്ലാതെ രാഹുല്‍ വാദിച്ചത്.
ഇതോടൊപ്പം മറ്റൊരു വലിയ സത്യം കൂടി രാഹുല്‍ അന്ന് പാര്‍ലമെന്റില്‍ തമസ്കരിക്കുകയുണ്ടായി ആതിരേ. അത് വിദര്‍ഭ മേഖലയിലെ കര്‍ഷക ആത്മഹത്യക്ക് കാരണമായ സര്‍ക്കാര്‍ നയങ്ങള്‍ക്കു പിന്നിലെ ചതിക്കെണികളായിരുന്നു. വിദര്‍ഭയിലെ പരുത്തി കര്‍ഷകരുടെ ആത്മഹത്യകളില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പ്രധാന പങ്ക് മറച്ചുപിടിക്കാനുള്ള ദുര്‍ബലമായ ശ്രമം .(ബിജെപി - ശിവസേന സര്‍ക്കാരും തുല്യ കുറ്റവാളികളാണ്)
ആതിരേ, പരുത്തി കൃഷിയിലും അതോടനുബന്ധിച്ച സമ്പത്ത്‌വ്യവസ്ഥയിലുമുണ്ടായ പ്രതിസന്ധിയാണ് മഹാരാഷ്ട്രയിലെ കര്‍ഷക ദുരിതങ്ങള്‍ക്ക് പ്രധാന കാരണം. ഈ വിഷയം പലവട്ടം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണെങ്കിലും ഒരിക്കല്‍ കൂടി അതിന്റെ ആഘാതം നമ്മെ ഓര്‍മ്മിപ്പിക്കുകയാണ് കലാവതി തന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ.
1990 കളുടെ അവസാനം മുതല്‍ പരുത്തിയുടെ കുത്തക സംഭരണം ദുര്‍ബലമാക്കുന്ന തരത്തിലുള്ള സര്‍ക്കാര്‍ നടപടികള്‍ അടിച്ചേല്‍പ്പിച്ച വിലത്തകര്‍ച്ചയാണ് ആ കൃഷിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമത്തെ തകര്‍ത്തത്. 1990 കളുടെ അവസാനം വരെ മഹാരാഷ്ട്ര സംസ്ഥാന പരുത്തി കര്‍ഷക മാര്‍ക്കറ്റംഗ് ഫെഡറേഷന്‍ ഒരു നിശ്ചിത വിലയ്ക്ക് കര്‍ഷകരില്‍ നിന്ന് പരുത്തി വാങ്ങുകയും അത് പൊതുവിപണിയില്‍ വില്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍, വിലാസ റാവു ദേശ്മുഖ് എന്ന ദുര്‍ബലനും കാര്യക്ഷമതയില്ലാത്തവനുമായ കോണ്‍ഗ്രസ് മുഖ്യമന്ത്രി പരുത്തി കര്‍ഷകര്‍ക്ക് നല്‍കിയിരുന്ന മുന്‍കൂര്‍ ബോണസ് നിര്‍ത്തലാക്കിയതോടെയാണ് പരുത്തി കര്‍ഷകരുടെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയടിക്കപ്പെട്ടത്. പരുത്തിയുടെ കുത്തക സംഭരണം പിന്‍വലിക്കുക വഴി കര്‍ഷകരെ ദേശീയ - അന്തര്‍ ദേശീയ വിപണികളിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് എളുപ്പം വിധേയരാകുന്നവരാക്കി. കലാവതിയുടെ ഭര്‍ത്താവ് പരശുറാം ബന്ദൂര്‍ക്കര്‍ ഈ നയത്തിന്റെ ബലിയാടായിരുന്നു, ആതിരേ!.
ഇതിനൊപ്പം മാരകമായതാണ് കോണ്‍ഗ്രസ് ഒപ്പുവെച്ച ഡബ്ലിയു.ടി.ഒ കരാര്‍.( പാര്‍ലമെനിന്റെ അംഗീകാരം ലഭിക്കും മുന്‍പായിരുന്നു ഈ രാഷ്ട്രവഞ്ചന) ഇത് നിലവില്‍ വന്നതോടെ വിദേശ രാജ്യങ്ങളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി ചെയ്ത പരുത്തി വിധര്‍ഭയുടെ വിപണികളില്‍ പോലും നിറഞ്ഞു. 1997ല്‍ പരുത്തിയുടെ ഇറക്കുമതി ചുങ്കം വെട്ടിക്കുറച്ചതോടെ ഇറക്കുമതി ചരക്കുകളുടെ പ്രവാഹത്തിനും ഇന്ത്യന്‍ ഉത്പന്നങ്ങളുടെ വിലയിടിവിനും കാരണമായി. ഓര്‍ക്കുക 1997ല്‍ ആണ് വിദര്‍ഭ മേഖലയില്‍ ആദ്യമായി ഒരു കര്‍ഷക ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കേന്ദ്രസര്‍ക്കാര്‍ പരുത്തി ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കുകയും 2001-02 ല്‍ 35 ശതമാനമായിരുന്ന ഇറക്കുമതി ചുങ്കം 2002 - 03ല്‍ 5 ശതമാനമായി വെട്ടിക്കുറക്കുകയും ചെയ്തപ്പോള്‍ വമ്പന്‍ സബ്സിഡിയോടെ കൃഷിചെയ്യപ്പെടുന്ന പാശ്ചാത്യ രാജ്യങ്ങളിലെ പരുത്തി വിധര്‍ഭയടക്കമുള്ള ഇന്ത്യന്‍ വിപണികളില്‍ നിറഞ്ഞു.ഈ ഇറക്കുമതിച്ചരക്കുമായി, അല്ല കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവഞ്ചനയുമായി മത്സരിക്കാന്‍ നിര്‍ബന്ധിതരായി പരശുറാം ബന്ദൂര്‍ക്കറെയെപോലുള്ള ഇന്ത്യയിലെ ദരിദ്ര കര്‍ഷകര്‍. എന്‍ഡിഎ, യുപിഎ സര്‍ക്കാരുകളും ഈ നയം തുടര്‍ന്നപ്പോള്‍ 7,000 പരുത്തി കര്‍ഷകര്‍ക്ക് ആത്മഹത്യയിലൂടെ മാത്രമാണ് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താന്‍ പഴുതുണ്ടായിരുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ തലതിരിഞ്ഞ കര്‍ഷക നയത്തെ ഇതിനോടു കൂട്ടി വായിക്കണം ആതിരേ.ആ നയം മൂലം കൃഷി ചെലവ് വര്‍ധിക്കുന്നതാണ് പിന്നെ കണ്ടത്. വൈദ്യുതി, വളം, വിത്ത്, ഡീസല്‍, ഗതാഗതം ഇവയ്ക്കെല്ലാം വന്‍ തുക മുടക്കേണ്ടിവരികയും ഉത്പന്നത്തിന് വില ലഭിക്കാതിരിക്കുകയും ചെയ്ത ദാരുണവും ശപ്തവുമായ അവസ്ഥയാണ് സംജാതമായത്. കാര്‍ഷിക മേഖലയിലും അനുബന്ധ സ്ഥാപനങ്ങളിലും ഉള്ള പൊതു നിക്ഷേപത്തിന്റെ തോത് കേന്ദ്ര സര്‍ക്കാര്‍ കുറച്ചതും വിത്ത്, വളം, കീടനാശിനി തുടങ്ങിയവയ്ക്ക് കീടനാശിനി കമ്പനികളുടെ ദല്ലാള്‍മാരെ പരുത്തി കര്‍ഷകര്‍ക്ക് ആശ്രയിക്കേണ്ടിവന്നതും അന്തക ജീനുകള്‍ അടങ്ങിയ പരുത്തി കൃഷി ചെയ്യാന്‍ വിദര്‍ഭയിലെ കര്‍ഷകര്‍ നിര്‍ബന്ധിതരായതും എല്ലാം ചേര്‍ന്നപ്പോള്‍ ആത്മഹത്യ എന്ന അപജീവനം മാത്രമായി വിദര്‍ഭയിലെ അദ്ധ്വാനശീലര്‍ക്ക് ഒരു പോംവഴി.മാത്രമല്ല കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച റിലീഫ് ഫണ്ടുകള്‍ രാഷ്ട്രീയക്കാരുടെയും ഇടനിലക്കാരുടെയും പോക്കറ്റില്‍ എത്തിയത് ഈ ശാപത്തിന്റെ രൂക്ഷത കൂട്ടുകയും ചെയ്തു.
അങ്ങനെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധവും രാഷ്ട്ര വിരുദ്ധവും ധനാര്‍ത്തിയും വഞ്ചനയും നിറഞ്ഞതുമായ നയങ്ങളാണ് കലാവതിയെ പോലെയുള്ളയവരെ വിധവളാക്കിയതും അവരുടെ വെളിച്ചം തല്ലിക്കെടുത്തിയതും. ഈ യാഥാര്‍ത്ഥ്യങ്ങള്‍ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കാന്‍ കലാവതിയുടെ സ്ഥാനാര്‍ത്ഥിത്വം സഹായകമാകുമ്പോള്‍ നാമറിയണം, രാഹുലും സോണിയയും മന്‍മോഹനും അടക്കമുള്ളവര്‍ ആണവ-ആസിയാന്‍ കരാറിലൂടെ വീണ്ടും വീണ്ടും ഭാരത്തിലെ സാധാരണക്കാരന്റെ ജീവിതത്തിലേക്ക് ദുരിതങ്ങളും ഇരുട്ടും കൂട്ടിക്കൊണ്ടുവരികയാണെന്ന്...
നാമറിയണം ,കലാവതിയുടെ സ്ഥാനാര്‍ത്ഥിത്വം കൊണ്ടൊന്നും പ്രതിരോധിക്കാന്‍ കഴിയുന്നതല്ല ഈ ശാപങ്ങളെന്നും
Subscribe to:
Post Comments (Atom)
No comments:
Post a Comment