Saturday, September 12, 2009

ഇന്നു ലോക മുത്തച്ഛന്‍- മുത്തശ്ശി ദിനം


ആതിരേ
ഇന്നു ലോക മുത്തച്ഛന്‍- മുത്തശ്ശി ദിനം. മുത്തശ്ശിക്കഥകളുടേയും താരാട്ടുപാട്ടിന്റെയും തെളിമയിലേക്കു പിച്ചവയ്ക്കാത്ത കുരുന്നുകളില്ല. പ്രായത്തെ അതിജീവിച്ചും കഥ-കവിതാസാഗരങ്ങളിലേക്കു കടന്നു ചെല്ലാന്‍ മുതിര്‍ന്നവര്‍ക്കും മടിയില്ല. കൂട്ടുകുടംബ വ്യവസ്ഥിതിയില്‍ നിന്നും അണുകുടുംബത്തിലേക്കുള്ള വ്യതിയാനത്തില്‍ നഷ്ടപ്പെടുന്നത്‌ ഇത്തരം ബന്ധങ്ങളുടെ ഊഷ്മളതയാണ്‌.
അതിന്റെ ദുരന്തക്കാഴ്ചകള്‍ കണ്ട്‌ കണ്ണുമടുത്തു കാണണം
പഴുത്ത പ്ലാവില താഴേയ്ക്ക്‌ വീഴുമ്പോള്‍ പച്ചപ്ലാവില ചിരിക്കുമെന്നത്‌ മനുഷ്യാരംഭം മുതലുള്ള കുരുത്തക്കേടാണ്‌
എന്നാല്‍ പഴുക്കും മുന്‍പ്‌ തന്തപ്ലാവിലകളേയും തള്ളപ്ലാവിലകളേയും കഴുത്തിനു കുത്തിപ്പിടിച്ചു പടിയിറക്കിവിടുന്ന നെറികെട്ട പുത്രന്മാരും പുത്രിമാരുമാണ്‌ ആതിരെ ഈ കെട്ടകാലത്തിന്റെ മൂല്യനിര്‍മ്മാതാക്കള്‍..ദേശത്തെ പ്രമുഖര്‍..സമുദായത്തിലെ പ്രമാണിമാര്‍..സമൂഹത്തിന്റെ മുന്‍ഗണന നിര്‍ണയിക്കുന്നവര്‍...
മക്കള്‍ വളരുമ്പോള്‍,
വിദ്യാഭ്യാസത്തിലും
സമ്പത്തിലും അവര്‍ ഉയരുമ്പോള്‍
വീടുകളുടെ പിന്‍മുറികളിലേയ്ക്കും,
വൃദ്ധസദനങ്ങളിലേയ്ക്കും
ഭ്രാന്താശുപത്രികളിലേയ്ക്കും
തെരുവിലേയ്ക്കുമൊക്കെ
വലിച്ചെറിയപ്പെടുന്ന
അവരുടെ മാതാപിതാക്കളെ
ആതിരേ
കൊച്ചുമക്കളെങ്കിലും
സ്നേഹത്തോടെ, ആര്‍ദ്രതയോടെ,
ഇന്ന്‌ ഒരു നിമിഷം ഓര്‍ത്തിരുന്നെങ്കില്‍

No comments: