Wednesday, September 16, 2009

ബിനീഷ്‌ പിണറായിക്കൊപ്പം വളരുമ്പോള്‍...

രാഷ്ട്രീയത്തിലുമുണ്ട്‌ ആതിരേ, 'സഗുണാരാധാന'. അധികാരവും പ്രൗഢിയും ജനപ്രിയത്തവുമുള്ള നേതാവിനെ ആരാധനാ വിഗ്രഹമാക്കി അദ്ദേഹത്തിന്റെ ബോഡിലാംഗ്വേജും സംസാര രീതികളും അപ്പാടെ അനുകരിച്ച്‌ നേതൃത്വത്തിലേയ്ക്കുള്ള ചവിട്ടുപടി കയറലാണ്‌ ഈ സഗുണാരാധനയുടെ രീതി. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയില്‍, കേരളത്തില്‍, അഭ്യുന്നതി ആഗ്രഹിക്കുന്ന യുവനേതാക്കന്മാരും കണ്ണൂര്‍ ലോബിയും ഔദ്യോഗിക പക്ഷവും അതുകൊണ്ടുതന്നെ ബോധപൂര്‍വം അനുകരിക്കാന്‍ ശ്രമിക്കുന്നത്‌ പിണറായി വിജയന്റെ ഭാവഹവാദികളും സംസാര രീതിയുമാണ്‌. മന്ത്രി പി.കെ. ശ്രീമതി മുതല്‍ എസ്‌എഫ്‌ഐ നേതാവ്‌. വരെ ഇതേ രീതിശാസൃതമാണ്‌ പിന്തുടരുന്നത്‌.
എന്നാല്‍, ഇവര്‍ക്കാര്‍ക്കും ലഭിക്കാത്ത അംഗീകാരമാണ്‌ മകന്‍ കോടിയേരിക്ക്‌ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്‌.
ഓര്‍മയുണ്ടാവും ലാവലിന്‍ അഴിമതി പ്രശ്നം മാധ്യമങ്ങളില്‍ ചൂട്‌ ചര്‍ച്ചാവിഷയമായ ദിവസങ്ങള്‍. അന്ന്‌ വിവാദങ്ങളെല്ലാം മാധ്യമ സിന്‍ഡിക്കേറ്റുകളുടെ സൃഷ്ടിയാണെന്ന്‌ സ്ഥാപിച്ച്‌ പിണറായിയ്ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്കെതിരായി ഉയര്‍ന്ന വിമര്‍ശനങ്ങളായി കണക്കാക്കിയാണ്‌ ജയരാജന്മാര്‍ മുതല്‍ ബ്രാഞ്ച്‌ സെക്രട്ടറി വരെയുള്ള സഖാക്കള്‍ അതിനെ പ്രതിരോധിച്ചത്‌. പിണറായിയാണ്‌ പാര്‍ട്ടി എന്ന ഫാസിസ്റ്റ്‌ ചിന്താഗതി ഊട്ടിയുറപ്പിക്കാനായിരുന്നു മാധ്യമ വിമര്‍ശനം എന്ന മട്ടില്‍ സഖാക്കളെല്ലാം ശ്രമിച്ചുകൊണ്ടിരുന്നത്‌. അതിനുവേണ്ടി കോടതികള്‍ മുതല്‍ തങ്ങള്‍ക്ക്‌ അനഭിമതരായ സ്ഥാപനങ്ങളെയും വ്യക്തികളെയും നിഷ്ഠൂരവും അശ്ലീലം നിറഞ്ഞതുമായ ഭാഷയിലാണ്‌ ഇവര്‍ ഭര്‍ത്സിച്ചത്‌.
സമാനസ്വഭാവത്തിലുള്ള ശ്രമമാണ്‌ ആതിരേ, ഇപ്പോള്‍ നടക്കുന്നത്‌. പോള്‍ വധക്കേസുമായി ബന്ധപ്പെട്ട്‌ മകന്‍ കോടിയേരിക്കെതിരെ ഉയര്‍ന്ന അധോലോക ബന്ധങ്ങളെ കുറിച്ചുള്ള വിവാദങ്ങളെ ഇപ്പോള്‍ പാര്‍ട്ടിക്കെതിരായുള്ള വിമര്‍ശനമായി സമീകരിച്ച്‌ നേരിടാനാണ്‌ അച്ഛന്‍ കോടിയേരി മുതല്‍ ഇങ്ങോട്ടുള്ള നേതാക്കന്മാരുടെയെല്ലാം ശ്രമം. രണ്ടുവട്ടം പത്രസമ്മേളനം നടത്തി പാര്‍ട്ടിവിരുദ്ധവും ലെനിനിസ്റ്റ്‌ വിരുദ്ധവുമായ ഈ ലൈനിന്‌ സാക്ഷാല്‍ പിണറായി തന്നെ അംഗീകാരം നല്‍കുകയുണ്ടായി.
അറിയാമല്ലോ, മകന്‍ കോടിയേരിയുമായി ബന്ധപ്പെട്ടാണ്‌ കേരളത്തില്‍ വിവാദമുണ്ടാക്കിയ പല വിഷയങ്ങളുടെയും രഹസ്യങ്ങള്‍ പുറത്തുവന്നിട്ടുള്ളത്‌. കിളിരൂര്‍, കവിയൂര്‍ സംഭവം മുതല്‍ ഇപ്പോള്‍ പോള്‍ വധം വരെ എത്തിനില്‍ക്കുന്നു ഈ ആരോപണങ്ങള്‍. ഇവയെ പാര്‍ട്ടിക്കെതിരായുള്ള സംഘടിത നീക്കമായി ചിത്രീകരിച്ച്‌ പ്രതിരോധിക്കാനാണ്‌ ഔദ്യോഗിക പക്ഷത്തെ നേതാക്കളുടെ ശ്രമം. ഇതാകട്ടെ ആ പക്ഷത്തെ തന്നെ അണികള്‍ക്കിടയില്‍ വന്‍ പ്രതിഷേധം ഉയര്‍ത്തുന്നുണ്ടെങ്കിലും പിണറായി വിജയന്റെ അനുഗ്രഹാശിസുകളോടെ മകന്‍ കോടിയേരിയെ വെള്ളപൂശാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌. അഴിമതിയാണ്‌ പാര്‍ട്ടിയെന്നും ഗുണ്ടായിസമാണ്‌ പാര്‍ട്ടിയെന്നും ഇവരെല്ലാം വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ശരിക്കും നോവുന്നുണ്ട്‌ ഔദ്യോഗിക പക്ഷത്തെ സാധാരണക്കാരായ അണികള്‍ക്ക്‌. മൂലധന ശക്തികളുമായി കൈകോര്‍ത്ത്‌ ജനാധിപത്യ വിരുദ്ധവും പാര്‍ട്ടിവിരുദ്ധവും നിയമവിരുദ്ധവുമായ നടപടികള്‍ സ്വീകരിക്കുന്നവരെ പാര്‍ട്ടി ലൈനില്‍ പ്രതിരോധിച്ച്‌ പൊതു സമൂഹത്തിന്റെ മുന്‍പില്‍ ഒരു വലിയ പ്രസ്ഥാനം നാണം കെട്ടുകൊണ്ടിരിക്കുന്ന കാഴ്ച മാര്‍ക്സിസ്റ്റ്‌ സഹയാത്രികര്‍ക്കും വിമ്മിട്ടമുണ്ടാക്കുന്നുണ്ട്‌.
പക്ഷെ, മകന്‍ കോടിയേരിക്കോ അച്ഛന്‍ കോടിയേരിക്കോ പിണറായി വിജയനോ ഇതില്‍ അല്‍പ്പം പോലും ഖിന്നതയില്ല ആതിരേ. എന്നാല്‍ പോള്‍ വധം വിവാദമാക്കി മാധ്യമ ശ്രദ്ധ ഉപരിതലത്തില്‍ കേന്ദ്രീകരിപ്പിച്ച്‌ അകത്തളങ്ങളില്‍ നടക്കുന്ന വന്‍ അട്ടിമറിക്ക്‌ കര്‍ട്ടനിടുന്നതില്‍ ഇതുവരെ ഇവരെല്ലാം വിജയിച്ചിട്ടുമുണ്ട്‌. പത്രസമ്മേളനങ്ങളിലൂടെ കെ.സുധാകരനടക്കമുള്ള കോണ്‍ഗ്രസ്‌ നേതാക്കളെ പ്രകോപിപ്പിച്ച്‌ അവര്‍ പറയുന്ന മറുപടിക്ക്‌ ചുട്ടമറുപടികള്‍ നല്‍കി പോള്‍ വധത്തില്‍ നിന്നും അതിന്റെ പിന്നാമ്പുറകളികളില്‍ നിന്നും കേരളത്തില്‍ നടമാടുന്ന ഗുണ്ടാരാജില്‍ നിന്നും ജനശ്രദ്ധ വിദഗദ്ധമായാണ്‌ ഇപ്പോള്‍ തിരിച്ചുവിട്ടുകൊണ്ടിരിക്കുന്നത്‌. ഏറ്റവുമൊടുവില്‍ മര്യാദയ്ക്ക്‌ നാവടക്കി ഇരുന്നില്ലെങ്കില്‍ സുധാകരന്റെ നാക്കുമാത്രമല്ല കയ്യും കാലും വെട്ടിവീഴ്ത്തുമെന്നാണ്‌ എസ്‌എഫ്‌ഐ നേതാവ്‌ ഭീഷണിപ്പെടുത്തിയിരിക്കുന്നത്‌.
ഇങ്ങനെ പാര്‍ട്ടിയിലെ ധനാര്‍ത്തി മൂത്ത വിഭാഗത്തിന്റെ കൊള്ളരുതായ്മകള്‍ക്ക്‌ നേതൃത്വം അംഗീകാരം നല്‍കുകയും ഗുണ്ടാബന്ധങ്ങള്‍ പരവതാനിക്ക്‌ കീഴിലേയ്ക്ക്‌ തള്ളി താഴ്ത്തുകയും ചെയ്യുമ്പോള്‍ കേരളത്തില്‍ സാധാരണക്കാരന്റെ ജീവിതം കവര്‍ച്ചക്കാരുടേയും മോഷ്ടാക്കളുടേയും പെണ്വാണീഭവീരന്മാരുടേയും ഗുണ്ടകളുടേയും മറ്റെല്ലാത്തരം മാഫിയകളുടേയും പിടിയില്‍ പിടയുകയാണ്‌
കേരളത്തില്‍ സര്‍വ്വവും ഭദ്രമാണെന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുമ്പൊള്‍ കേരളത്തില്‍ ക്രമസമാധാന നില ഒരുതരത്തിലും ആശങ്കയ്ക്ക്‌ കാരണമാകുന്നില്ലെന്നും വാദിച്ചു സ്ഥാപിക്കാനാണ്‌ പിണറായി മുതല്‍ വൈക്കം വിശ്വന്‍ വരെയുള്ള നേതാക്കളുടെ ശ്രമം. ഇന്ത്യ ടുഡേ നല്‍കിയ ഒരു പുരസ്കാരം ഉയര്‍ത്തിപ്പിടിച്ച്‌ എതിരാളികളുടെയും വിമര്‍ശകരുടെയും വായടക്കാനാണ്‌ ബന്ധപ്പെട്ടവരുടെ ശ്രമം. ഏറ്റവും മികച്ച ക്രമസമാധാനത്തിനുള്ള അവാര്‍ഡാണ്‌ ഇന്ത്യാ ടുഡേയില്‍ നിന്ന്‌ ആഭ്യന്തരമന്ത്രി ഏറ്റുവാങ്ങിയത്‌. (ഗുജറാത്ത്‌ മുഖ്യമന്ത്രിയും ഫാസിസ്റ്റുമായ നരേന്ദ്രമോഡിയെ ആദരിച്ചവരാണ്‌ ഇന്ത്യാ ടുഡേ. അന്ന്‌ ആ നടപടിയെ വിമര്‍ശിച്ചവരാണ്‌ പിണറായി അടക്കമുള്ളവര്‍. എന്നിട്ടാണ്‌ അഭിമാനപൂര്‍വം ഇപ്പോള്‍ ഈ പുരസ്കാരം ഡല്‍ഹിയില്‍ പോയി ആഭ്യന്തരമന്ത്രി സ്വീകരിച്ചിരിക്കുന്നത്‌.)
ആ പുരസ്കാരം സ്വീകരിച്ച്‌ കേരളത്തിലെത്തിയ ആഭ്യന്തരമന്ത്രിയെ,ആതിരേ അണികള്‍ അഭിവാദ്യം ചെയ്തത്‌ സ്റ്റേഷന്‍ ആക്രമിച്ച്‌ ഒരു എസ്‌ഐയുടെ കൈ തല്ലിയൊടിച്ചുകൊണ്ടാണ്‌. വടക്കേക്കര സ്റ്റേഷന്‍ എസ്‌ഐ പി.വി. ഷിബുവിനെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചത്‌ ഡിവൈഎഫ്‌ഐ ചേണ്ടമംഗലം വില്ലേജ്‌ കമ്മിറ്റിയംഗം ഫസല്‍ റഹ്മാനാണ്‌. ജനങ്ങളെ കബളിപ്പിച്ച ഒരു ചിട്ടിക്കമ്പനിക്കുവേണ്ടി വക്കാലത്തുമായി ചെന്ന ഫസല്‍ റഹ്മാനെ അംഗീകരിക്കാന്‍ എസ്‌ഐ ഷിബു തയ്യാറാകാതിരുന്നതാണ്‌ പ്രശ്നങ്ങള്‍ക്ക്‌ കാരണം. ഉടന്‍ തന്നെ മുതിര്‍ന്ന നേതാക്കളും ഉയര്‍ന്ന പോലീസ്‌ ഓഫീസര്‍മാരും ഇടപെട്ട്‌ സംഭവം തേച്ചുമാച്ചാന്‍ കളയാന്‍ ശ്രമിച്ചെങ്കിലും എസ്‌ഐ ഷിബുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഫസല്‍ റഹ്മാനെ അറസ്റ്റ്‌ ചെയ്യുകയും റിമാന്‍ഡ്‌ ചെയ്യുകയുമുണ്ടായി.
എന്നാല്‍, ഇതുസംബന്ധിച്ച്‌ അടിയന്തിര പ്രമേയവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ നിയമ സഭയെയും കേരളത്തിലെ ജനങ്ങളെയും പമ്പര വിഡ്ഢികളാക്കുകയായിരുന്നു നിയമമന്ത്രി എം.വിജയകുമാര്‍. വടക്കേക്കര സ്റ്റേഷനില്‍, ആരോപിക്കപ്പെടുന്നതുപോലെയുള്ള സംഭവങ്ങളൊന്നും നടന്നില്ലെന്നും എസ്‌ഐ ഷിബുവിന്‌ പരാതിയില്ലെന്നുമാണ്‌ മന്ത്രി ഉളുപ്പൊട്ടുമില്ലാതെ നിയമസഭയില്‍ പ്രസ്താവിച്ചത്‌.
അറിയമോ ആതിരേ,മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി അധികാരത്തില്‍ വന്നശേഷം പോലീസ്‌ സ്റ്റേഷന്‍ ആക്രമിച്ച്‌ പ്രതികളെ മോചിപ്പിച്ചുകൊണ്ടുപോയ 33 സംഭവങ്ങളാണുണ്ടായത്‌. ഇതില്‍ 28 ലും പ്രതിസ്ഥാനത്ത്‌ നില്‍ക്കുന്നത്‌ ഡിവൈഎഫ്‌ഐ -മാര്‍ക്സിസ്റ്റ്‌ പ്രാദേശീക നേതൃത്വങ്ങളാണ്‌. അച്ഛന്‍ കോടിയേരി ആഭ്യന്തരം ഭരിക്കുമ്പോള്‍ മകന്‍ കോടിയേരി അണിയറയില്‍ കരുക്കള്‍ നീക്കുമ്പോള്‍ സത്യസന്ധമായി ജോലി ചെയ്യുന്ന പോലീസുകാര്‍ക്കും ഓഫീസര്‍മാര്‍ക്കും ഡിവൈഎഫ്‌ഐ - എസ്‌എഫ്‌ഐ - സിഐടിയു-മാര്‍ക്സിസ്റ്റ്‌ ഗുണ്ടകളുടെ മര്‍ദനമേല്‍ക്കാനാണ്‌ വിധി. ഗുണ്ടായിസം അതിന്റെ എല്ലാ പ്രാകൃത ഭാവങ്ങളോടെയാണ്‌ പോലീസ്‌ സ്റ്റേഷന്‍ ആക്രമണങ്ങളായി പരിണമിച്ചിട്ടുള്ളത്‌. ഈ കേസുകളില്‍ പ്രതികള്‍ക്കെതിരെ നടപടിയെടുക്കും എന്ന പതിവ്‌ പ്രഖ്യാപനത്തിനപ്പുറം പോകാന്‍ ആഭ്യന്തരമന്ത്രിയോ ഡിജിപിയോ തയ്യാറായിട്ടില്ല. ഓം പ്രകാശുമാര്‍ക്കും പുത്തന്‍ പാലം രാജേഷുമാര്‍ക്കും സംരക്ഷണം നല്‍കുന്നതിലാണ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെയും പോലീസിലെയും ഗുണ്ടാ സംരക്ഷകര്‍ക്ക്‌ താല്‍പര്യം. ഇതിനെതിരെ ശബ്ദിക്കുന്നവരെ ഭീഷണികൊണ്ട്‌ നേരിടാനാണ്‌ സംസ്ഥാന സെക്രട്ടറിയും ആഭ്യന്തരമന്ത്രിയും അവരുടെ വിശ്വസ്ത വിധേയരും ശ്രമിക്കുന്നത്‌. ഓര്‍മയുണ്ടാകും മാധ്യമങ്ങള്‍ക്ക്‌ നേരെ ഇവരില്‍ ചിലരെല്ലാം കുരച്ച്‌ ചാടിയത്‌.
മോഷണവും പിടിച്ചുപറിയും കവര്‍ച്ചയും ഗുണ്ടാ രാജുമാണ്‌ ഇന്ന്‌ കേരളം ഭരിക്കുന്നത്‌. നോക്കുകുത്തികളായി, വിഡ്ഢികളായി ഇതെല്ലാം കണ്ടുനില്‍ക്കാനാണ്‌ ജേക്കബ്‌ പുന്നൂസും വിന്‍സന്‍ എം. പോളുമടക്കമുള്ള പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ ജോലി. മകന്‍ കോടിയേരിയും അയാളുടെ സുഹൃത്തുക്കളും അവരുടെ ഗുണ്ടകളും അപ്പോള്‍ അഴിഞ്ഞാടിയില്ലെങ്കില്‍, പോലീസ്‌ സ്റ്റേഷനില്‍ അതിക്രമിച്ച്‌ കയറി എസ്‌ഐയെ തല്ലി കൈ ഒടിച്ചില്ലെങ്കില്‍ അതിശയിച്ചാല്‍ മതി.
ഈ തെമ്മാടിത്തരം ഇങ്ങനെ നടമാടുമ്പോള്‍ അതിനെ പ്രതിരോധിക്കേണ്ട പ്രതിപക്ഷത്തെ നേതാക്കന്മാര്‍ എവിടെയാണ്‌ ആതിരേ? അവരെല്ലാം രാമേശ്വരത്ത്‌ പോയിരിക്കുകയാണോ?. അവിടത്തെ പണിയാണോ രമേശ്‌ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും കെ.എം. മാണിയും കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള നേതാക്കന്മാര്‍ക്ക്‌ ലാഭകരവും സ്വീകാര്യവും?. പ്രതിപക്ഷത്തിന്റെ ഈ ഷണ്ഡത്വം കൂടിയാണ്‌ മകന്‍ കോടിയേരിക്കും അയാളുടെ കാളികൂളി കൂട്ടങ്ങള്‍ക്കും അങ്ങനെ അങ്ങനെ വളര്‍ന്ന്‌ വളര്‍ന്ന്‌ സാക്ഷാല്‍ സഖാവ്‌ പിണറായി വിജയനൊപ്പം തലയുയര്‍ത്തി നില്‍ക്കാന്‍ പ്രോത്സാഹനമാകുന്നത്‌

No comments: