പ്രാണവായു വര്‍ദ്ധിപ്പിക്കുക എന്നാല്‍ ജീവിക്കാനുള്ള അന്തരീക്ഷം മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ക്ക് സൃഷ്ടിച്ചെടുക്കുക എന്നതാണ്. എല്ലാവിധ ചൂഷണങ്ങളേയും പ്രതിരോധിച്ച് അടിസ്ഥാനവര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടെയുള്ള മനുഷ്യന്റെ പുരോഗതിക്ക് സമരം ചെയ്യുക എന്ന മാര്‍ക്സിയന്‍ സിദ്ധാന്തത്തിന്റെ വേറിട്ട സാക്ഷാത്കാരമാണ് പ്രാണവായു പുന:സ്ഥാപനത്തിലൂടെ സാധിക്കുക. ഈ നിലയ്ക്ക് ഒരു പ്രകൃതിസ്നേഹിയും ചിന്തിച്ചതായി കേട്ടറിവില്ല. അതിന് ഒരു ബ്രിട്ടോ വേണ്ടിവന്നു.
കഴിഞ്ഞ രണ്ടുവര്‍ഷമായി തന്റെ ഈ ദര്‍ശനം സാക്ഷാത്കരിക്കാനുള്ള അദമ്യമായ ആഗ്രഹത്തോടെ, എന്നാല്‍ ഏകനായി ബ്രിട്ടോ ഏറ്റെടുത്ത ദൗത്യത്തിന്റെ രണ്ടാംഭാഗമാണ് 'നഗരത്തില്‍ 100 ആല്‍മരം' പദ്ധതി. കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും ആല്‍മരം നട്ട് സംരക്ഷിച്ച് വളര്‍ത്തിയെടുക്കുക എന്ന നിഷ്ഠാബദ്ധമായ നിലപാടില്‍ അയവുവരുത്താന്‍ ബ്രിട്ടോ തയ്യാറല്ല. വനവത്കരണത്തിന്റെ ഭാഗമായി വൃക്ഷത്തൈ നട്ട് ബഹളമുണ്ടാക്കുന്നവരില്‍നിന്ന് വേറിട്ട തണലിടം സൃഷ്ടിക്കുന്നത് ഈ നിര്‍ബന്ധംകൊണ്ടാണ്. മരം നട്ടാല്‍ പോരാ അത് സംരക്ഷിച്ച് വളര്‍ത്തിയെടുക്കണമെന്നതാണ് ബ്രിട്ടോയുടെ മതം. ഈ നിലപാടിന് ഒപ്പംനില്‍ക്കാന്‍, വേറിട്ടു ചിന്തിക്കുന്ന അപൂര്‍വം ചില മാനവിക സ്നേഹികളും ബ്രിട്ടോയ്ക്കൊപ്പമുണ്ട്. തന്റെ ശാരീരിക വൈകല്യങ്ങള്‍ വിസ്മരിച്ച് ഇവരുടെ കൂട്ടായ്മ പരിപോഷിപ്പിക്കാനും ബ്രിട്ടോ സമയം കണ്ടെത്തുമ്പോള്‍, പ്രാണവായുവിന്റെ നനുത്ത സ്പര്‍ശം ഏതെല്ലാമോ കോണില്‍നിന്ന് ഒഴുകിയെത്തുന്നതായി നാം അറിയുന്നു.
ഈ കാഴ്ചപ്പാടിന് സമാന്തരമായിട്ടാണ് പ്രകൃതി ജീവനത്തേയും ബ്രിട്ടോ സ്വീകരിച്ചിരിക്കുന്നത്. അരയ്ക്ക് താഴ്‌വശം തളര്‍ന്ന് കിടക്കാന്‍ വിധിക്കപ്പെടുന്നവരെ ബാധിക്കുന്ന ദുരന്തമാണ് സെപ്ടിസീമിയ എന്ന അവസ്ഥ. ചലനശേഷിയില്ലാത്തതുകൊണ്ട് ശരീരത്തിന്റെ മെറ്റബോളിക് ആക്ടിവിറ്റീസ് കുറയുന്നതുമൂലം കോശങ്ങളിലുണ്ടാകുന്ന വിഷാവസ്ഥയാണ് സെപ്ടിസീമിയ. കോശങ്ങളില്‍ രക്തചംക്രമണത്തിലൂടെ പ്രാണവായു എത്തുമ്പോഴാണ് വിഷവസ്തുക്കളെ പുറംതള്ളുന്ന പ്രക്രിയ സാധാരണ മനുഷ്യരില്‍ നടക്കുന്നത്. കിടപ്പുരോഗിയില്‍ ഈ പ്രക്രിയ കുറഞ്ഞ നിലയിലാണ് നടക്കുക. ഈ അവസ്ഥയെ എങ്ങനെ തരണം ചെയ്യാം എന്ന അന്വേഷണത്തിലാണ് പ്രകൃതിജീവനത്തില്‍ എത്തിച്ചേര്‍ന്നത്. മത്സ്യമാംസാദികള്‍ ത്യജിച്ച് പ്രകൃതിയോട് ഇണങ്ങി ശരീരത്തിന് ആവശ്യത്തിന് പോഷകം നല്‍കുന്ന ഭക്ഷണക്രമത്തിലൂടെ കിടപ്പുരോഗികളുടെ ആയുസും ആരോഗ്യവും പ്രസന്നതയും സന്തുഷ്ടിയും വര്‍ദ്ധിപ്പിക്കാന്‍ പ്രകൃതിജീവനത്തിന് കഴിയുമെന്ന് അനുഭവത്തിലൂടെ ബ്രിട്ടോ വ്യക്തമാക്കുന്നു.
ഈ അറിവ് രോഗികളല്ലാത്തവര്‍ക്ക് പകര്‍ന്നുനല്‍കാന്‍ കിട്ടുന്ന വേദികള്‍ ഉപകരിക്കുമ്പോഴാണ് ബ്രിട്ടോയിലെ രാഷ്ട്രീയക്കാരന്‍ യഥാര്‍ത്ഥ ജനസ്നേഹിയായി മാറുന്നത്. പ്രകൃതിജീവനത്തിനൊപ്പം യോഗ കൂടി ചേരുമ്പോള്‍ ആരോഗ്യവും മനസ്സിന്റെ പോസിറ്റീവ് അവസ്ഥയും വര്‍ദ്ധിക്കും. യോഗ ആത്മീയതയാണെന്ന പൊതുവായ ധാരണയെ ബ്രിട്ടോ വെല്ലുവിളിക്കുന്നത് ഈ സന്ധിയിലാണ്. മനസ്സിനെ നിയന്ത്രിച്ച് ചിന്തികളെ നേര്‍വഴിക്ക് കൊണ്ടുവന്ന് ശാരീരികാവസ്ഥ തുലനം ചെയ്യാന്‍ ഏറ്റവും എളുപ്പമാര്‍ഗ്ഗമായിട്ടാണ് ബ്രിട്ടോയ്ക്ക് യോഗ. ഭൗതികതയിലൂന്നിയ മാനസികവും ആത്മീയവുമായ വളര്‍ച്ച (ഇവിടെ ആത്മീയം എന്നാല്‍ മതപരം എന്നല്ല അര്‍ത്ഥം. മനസ്സിന്റെ വിശാലമായ വളര്‍ച്ചയും വീക്ഷണവുമാണ്.). ധ്യാനവും ഇതിനൊത്തുപോകുമെന്ന് പരിശീലനത്തിലൂടെ ബ്രിട്ടോ മനസ്സിലാക്കിയിട്ടുണ്ട്; അത് പ്രാവര്‍ത്തികമാക്കുന്നുമുണ്ട്. എന്നാല്‍, ധ്യാനത്തില്‍ മതചിന്തകള്‍ കടന്നകൂടിയാല്‍ അത് അപായകരമായ അവസ്ഥയാകുമെന്നും അനുഭവത്തിലൂടെ ബ്രിട്ടോ മുന്നറിയിപ്പ് നല്‍കൂന്നു.
ഈ രണ്ടു കാഴ്ചപ്പാടുകളും-പ്രകൃതിസ്നേഹവും അതിലൂന്നിയ അതിജീവനവും-സംയയ്ക്കായി യോജിക്കുമ്പോള്‍ ബ്രിട്ടോയിലെ എഴുത്തുകാരന്‍ പുതിയ ജീവിതാവസ്ഥകള്‍ കണ്ടെത്തുന്നു. ..............
ശാരീരികാവശതകള്‍ നിരാശതയിലേയ്ക്കല്ല, മറിച്ച് പ്രതീക്ഷാനിര്‍ഭരമായ ജീവിത വീക്ഷണത്തിലേയ്ക്ക് നയിക്കുമെന്നതിന്റെ ജീവിക്കുന്ന ഇതിഹാസമാണ് അങ്ങനെ സൈമണ്‍ ബ്രിട്ടോ.
വ്യത്യസ്തവും വ്യതിരിക്തവുമായ ഈ കാഴ്ചപ്പാടുകളെ എങ്ങനെ ഒരു പ്രായോഗിക മാര്‍ക്സിസ്റ്റായ ബ്രിട്ടോയ്ക്ക് കൊണ്ടുപോകാന്‍ കഴിയുന്നു എന്നു ചോദിച്ചാല്‍ തത്വചിന്താപരമായ ഒറ്റവരി ഉത്തരമുണ്ട്: 'പിഴവില്ലാത്ത വൈദ്യം വേണോ പിഴവുള്ള വൈദ്യനെ വേണോ' എന്നതാണിത്. ഈ ഉത്തരത്തില്‍ ഇന്നത്തെ പ്രായോഗിക കമ്യൂണിസ്റ്റില്‍നിന്ന് എത്ര വ്യത്യസ്തനാണ് താനെന്ന് പറഞ്ഞുവയ്ക്കുകയായിരുന്നു സൈമണ്‍ ബ്രിട്ടോ.
Subscribe to:
Post Comments (Atom)
No comments:
Post a Comment