Monday, October 5, 2009
ചെങ്ങറ: അലസിപ്പോയ ഗര്‍ഭം
"അലസിപ്പോകുന്ന ഗര്‍ഭം ഒന്നിനും ജന്മം നല്‍കുന്നില്ല, അത് മാതാവിന്റെ ശരീരത്തെ ക്ഷീണിപ്പിക്കുന്നതേയുള്ളു" എന്നു നിരീക്ഷിച്ചത് സാക്ഷാല്‍ കാറല്‍ മാക്സ്.
ആ നിരീക്ഷണത്തിന്റെ ഭൂമികയില്‍ നിന്നുകൊണ്ട് വിലയിരുത്തുമ്പോള്‍ തിങ്കളാഴ്ച അവസാനിച്ച അല്ലെങ്കില്‍ ഭീതിയും ഭീക്ഷണിയും മൂലം സമരക്കാര്‍ അവസാനിപ്പിക്കാന്‍ നിര്‍ബ്ബന്ധിതമായ ചെങ്ങറ ഭൂസമരവും അലസിപ്പോയ ഗര്‍ഭമാണെന്ന് പറയേണ്ടിവരും, ആതിരേ.
കൃഷി ഭൂമി കര്‍ഷകന് എന്ന അടിസ്ഥാന തത്വത്തില്‍ നിന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും അതിന്റെ പ്രത്യയശാസ്ത്രവും വിടപറഞ്ഞിട്ട് കാലമേറെയായി. അതാത് സാഹചര്യങ്ങള്‍ക്കനുസരിച്ച അടവുതന്ത്രങ്ങള്‍ പയറ്റി പാര്‍ലമെന്ററി വ്യാമോഹത്തിന് വര്‍ഗ്ഗചതിയുടെ പുതിയ മാനിഫെസസ്റ്റോ രചിച്ചുകഴിഞ്ഞിട്ടും ദശാബ്ദങ്ങളായി. അതുകൊണ്ട് അടിസ്ഥാന വര്‍ഗ്ഗങ്ങളുടെയും അധസ്ഥിത വിഭാഗങ്ങളുടെയും അതീജീവനത്തിനായുള്ള പോരാട്ടത്തില്‍ നിന്നു പോലും പാര്‍ട്ടി അതിന്റെ ശ്രദ്ധ പൂര്‍ണ്ണമായി മാറ്റിക്കളഞ്ഞിരിക്കുകയാണ്. ഭൂപരിക്ഷ്ക്കരണം നടപ്പിലാക്കി എന്നു അഭിമാനിക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി, കര്‍ഷകരടക്കമുള്ള അടിസ്ഥാന അദ്ധ്വാനവിഭാഗത്തിന്റെ ഉന്നമനത്തിനും പുരോഗതിക്കും രണ്ടാം ഭൂപരിഷ്ക്കരണം അനിവാര്യവും അനുപേക്ഷിയവുമാണെന്ന് അറിഞ്ഞിട്ടും അത്തരം ചിന്തകളെ, അതിനായുള്ള സമരസന്നദ്ധതകളെ വിപ്ലവവായാടിത്തം എന്നു പറഞ്ഞ് അധിക്ഷേപിച്ച് വെട്ടിനിരത്തി മാറ്റിവെച്ച് നവ ലിബറല്‍ നയങ്ങളെ ആശ്ലേഷിക്കുമ്പോള്‍ ചെങ്ങറപോലെയുള്ള ഭൂസമരങ്ങള്‍ അലസിപ്പോയില്ലെങ്കില്‍ അത്ഭുതപ്പെട്ടാല്‍ മതിയല്ലോ അതിരേ.
സമാനതകളില്ലാത്ത ഭൂസമരമായിരുന്നു ചെങ്ങറയില്‍ കണ്ടത്. കൃഷി ചെയ്യാനും തല ചായ്ക്കാനും ഒരു ഇടം ആവശ്യപ്പെട്ട് നടത്തിയ നിവേദനങ്ങളും സമരങ്ങളും അധികാരഗര്‍വ്വില്‍ മാറിമാറി ഭരിച്ചവര്‍ പുറങ്കാലുകൊണ്ട് തട്ടിത്തെറിപ്പിച്ചപ്പോഴാണ് കയ്യേറ്റത്തിന്റേതായ ഒരു രീതിശാസ്ത്രത്തിലൂടെ 2007 ഓഗസ്റ്റ് 4-ന് ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ കുമ്പഴ എസ്റ്റേറ്റിലെ കുറുമ്പറ്റി ഡിവിഷനില്‍ സാധു ജന വിമോചന മുന്നണിയുടെ നേതൃത്വത്തില്‍ ഭൂസമരം ആരംഭിച്ചത്. സ്വന്തമായി കൃഷി ചെയ്ത് ജീവിക്കുന്നതിനാവശ്യമായ ഭൂമി ലഭിക്കുന്നതുവരെ സമരം എന്നതായിരുന്നു ളാഹ ഗോപാലന്റെ നേതൃത്വത്തിലുള്ള സമരക്കാരുടെ തീരുമാനം. കൃഷി ഭൂമി കര്‍ഷകന് എന്ന് മുദ്രാവാക്യം മുഴക്കി ആവേശം ഉണര്‍ത്തുകയും കര്‍ഷകരേയും തൊഴിലാളികളെ സമരസജ്ജരാക്കി സംഘടിപ്പിക്കുകയും ആ സന്നദ്ധതയുടെ ബലത്തില്‍ മിച്ചഭൂമി സമരം നടത്തി ചരിത്രം സൃഷ്ടിക്കുകയും ചെയ്ത് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഭരിക്കുമ്പോള്‍ കേരളത്തിലെപട്ടികവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ഇത്തരത്തില്‍ ഒരു ഭൂസമരം നടത്തേണ്ടി വന്നു എന്നത് ആ പാര്‍ട്ടിക്കും അതിന്റെ അഭിമനാര്‍ഹമായ ഭൂതകാലത്തിനും നാണക്കേടുണ്ടാക്കുന്ന വാസ്തവമാണ്. കര്‍ഷകന്റേയും അടിസ്ഥാന വര്‍ഗ്ഗങ്ങളുടെയും അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെയും താല്‍പര്യങ്ങളെ അവഗണിച്ച് മതമൗലിക വാദികളടക്കമുള്ള വര്‍ഗ്ഗവിരുദ്ധരുമായി കൈ കോര്‍ത്ത് അധികാരം പങ്കിടാനുള്ള പാര്‍ട്ടിയുടെയും നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെയും വഞ്ചനാത്മകമായ നിലപാടിനെതിരെ ഉയര്‍ന്ന ചോദ്യചിഹ്നവും മുദ്രാവാക്യവുമായിരുന്നു ചെങ്ങറ.
അറിയുക, കേരളത്തിലെ എസ്റ്റേറ്റ് ലോബിക്കും ഭൂമാഫിയകള്‍ക്കും ഹെക്ടറുകണക്കിന് സര്‍ക്കാര്‍ ഭൂമി കയ്യടക്കിവെയ്ക്കാന്‍ അനുമതി കൊടുത്തുകൊണ്ടുള്ള നിലനില്‍പ് രാഷ്ട്രീയത്തിന്റെ അശ്ലീലഭാവങ്ങള്‍ ഉറഞ്ഞുതുള്ളുന്നതിനെതിരായുള്ള ചൂണ്ടുവിരല്‍ കൂടിയായിരുന്നു ചെങ്ങറ. എന്നാല്‍ ളാഹ ഗോപാലന്‍ ആക്ഷേപിക്കുന്നതുപോലെ അധികാരവും ചെങ്കോലും കൈയ്യിലുള്ളവര്‍ സമ്പന്നവിഭാഗവുമായി ഒത്തുചേര്‍ന്ന് ചെങ്ങറയിലുയര്‍ന്ന മുദ്രാവാക്യത്തെ ശ്വാസം മുട്ടിച്ച് കൊന്നതായും പാര്‍ട്ടിക്കു നേരെ ചൂണ്ടിയ വിരലുകള്‍ ഛേദിച്ചതായിട്ടുംവേണം സമരത്തിന്റെ പരിണാമത്തില്‍ നിന്ന്നമ്മള്‍ വായിച്ചെടുക്കേണ്ടത്, ആതിരേ. അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈവശം വച്ചവര്‍ക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തി ചരിത്രം സൃഷ്ടിച്ച വി.എസ്. ഭരിക്കുമ്പോഴാണ്, ആ മാഫിയ ഒരിഞ്ചുഭൂമി പോലും വിട്ടുകൊടുക്കാതെ മദിക്കുമ്പോഴുമാണ് കൃഷി ചെയ്യാന്‍ ഭൂമി ആവശ്യപ്പെടുന്ന ദളിതന് നല്‍കാന്‍ സര്‍ക്കാരിന്റെകൈവശം ഭൂമി ഇല്ല എന്ന് അച്യുതാനന്ദന്‍തന്നെ പ്രഖ്യാപിക്കുന്നത്.എന്തൊരു വലിയ വര്‍ഗവഞ്ചനയാണിത്...!
വഞ്ചനയുടേതായ ഈ പ്രത്യയശാസ്ത്രത്തിന്റെ തിരിച്ചടികള്‍ പ്രതീക്ഷിച്ചുകൊണ്ടുതന്നെയാണ് ചെങ്ങറയില്‍ പട്ടികവിഭാഗത്തില്‍പ്പെട്ടവര്‍ കുടില്‍കെട്ടി സമരം ചെയ്തത്. എന്നാല്‍ എസ്റ്റേറ്റ് തൊഴിലാളികളുടെ പേരില്‍ പാര്‍ട്ടിയുടെ വര്‍ഗ്ഗബഹുജന സംഘടനകളും എസ്റ്റേറ്റ് മാഫിയയുടെ ഗുണ്ടകളും നടത്തിയ ഉപരോധത്തില്‍ എല്ലാം തകര്‍ന്ന് പിടിച്ചുനില്‍ക്കാന്‍ പാടുപെടുകായിരുന്നു സമരക്കാര്‍. ഭക്ഷണവും കുടിവെള്ളവും ഔഷധവും സഞ്ചാരസ്വാതന്ത്ര്യവും നിഷേധിച്ചുകൊണ്ട് ഈ സമ്പന്ന വിഭാഗം നടത്തിയ വര്‍ഗ്ഗ വിരുദ്ധ നിലപാട് 13 ജീവിതങ്ങളേയാണ് ചെങ്ങറയില്‍ നിന്ന് കൊയ്തെടുത്തത്. പ്രതികൂല കാലാവസ്ഥയും ഹാരിസണ്‍ തൊഴിലാളികളുടെ പ്രതിഷേധവും ആരോഗ്യപരമായ ബുദ്ധിമുട്ടുമൂലം സമരത്തിനെത്തിയ പലര്‍ക്കും തിരിച്ചുപോകേണ്ട ഗതികേടും സംഭവിച്ചു. പ്ലാസ്റ്റിക് മേഞ്ഞ കുടിലുകളിലായിരുന്നു സമരക്കാരുടെ താമസം. പഴക്കം മൂലം കുടിലുകള്‍ നശിച്ചതും റബര്‍മരങ്ങള്‍ ഒടിഞ്ഞുവീണ് വീടുകള്‍ തകര്‍ന്നതും കാട്ടാന ശല്യവുമൊക്കെ ചേര്‍ന്നപ്പോഴാണ് പിടിച്ചുനില്‍ക്കാനാവാതെ ഇവരില്‍ പലരും തിരിച്ചുപോയത്. വൃദ്ധരും കുട്ടികളും സ്ത്രീകളുമടങ്ങുന്ന സമരക്കാരോട്,അവരുടെ ന്യായമായ ആവശ്യങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ട തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയുടെ മുഖ്യമ്രന്ത്രിപോലും അവരെ കള്ളന്മാരായി മുദ്രകുത്തിയപ്പോള്‍ സമരത്തിന്റെ ഫലം എന്തായിരിക്കുമെന്ന് ഏറെക്കുറെ ഊഹിക്കാന്‍ കഴിഞ്ഞിരുന്നു.
കോടതിവിധികളും ഇവരുടെ അവകാശങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും എതിരായിരുന്നു. അന്ന് ആത്മഹത്യ സ്ക്വാഡുകള്‍ രൂപീകരിച്ചാണ് ആതിരേ, ഭരണ വര്‍ഗ്ഗത്തിന്റെ മര്‍ദ്ദനോപാധികളെ സമരക്കാര്‍ ചെറുത്തത്. രണ്ടുവര്‍ഷത്തെ ഈ ചെറുത്തുനില്‍പ് നേട്ടങ്ങളല്ല നല്‍കുന്നത്, മറിച്ച് ജീവനു തന്നെ ഭീഷണിയാണെന്ന് വ്യക്തമായപ്പോഴാണ് സമരക്കാര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് അംഗീകരിക്കാന്‍ തയ്യാറായത്. സമരക്കാര്‍ക്കിടയില്‍ വിഭജനം ഉണ്ടാക്കി, വധഭീഷണി മുഴക്കി, വധശ്രമം നടത്തി ഇനി ഒരിഞ്ചുപോലും മുന്നോട്ടുപോകാനാവാത്തവിധം ശ്വാസം മുട്ടിച്ചിട്ടാണ് സമരക്കാരെക്കൊണ്ട് ഈ പാക്കേജ് അംഗീകരിപ്പിച്ചിരിക്കുന്നത്. മറ്റൊരു നന്ദിഗ്രാം സൃഷ്ടിച്ച് അതിന്റെ പഴി മുഴുവന്‍ സമരക്കാരുടെ തലയില്‍ വച്ചുകെട്ടാമെന്ന മാര്‍ക്സിസ്റ്റുകാരുടെ ഗുഢപദ്ധതി പൊളിക്കാന്‍ കഴിഞ്ഞു എന്നതു മാത്രമാണ് ചെങ്ങറ ഭൂസമരത്തിന്റെ വിജയം.
അലസിപ്പോയ ഒരു വര്‍ഗ്ഗസമരമായി നാളെ ചെങ്ങറ ഭൂസമരത്തെ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തും. ഒപ്പം വി.എസ്. അച്യൂതാനന്ദന്റെയും പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെയും വര്‍ഗ്ഗവഞ്ചനയുടെ പ്രതീകമായും ചെങ്ങറ ഭൂസമരം വ്യാഖ്യാനിക്കപ്പെടും. ദലിത് വിഭാഗങ്ങളില്‍ ഇപ്പോള്‍ രൂപം കൊണ്ടിട്ടുള്ള ഹിംസാത്മക ഭാവങ്ങള്‍ക്ക് കാരണം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ദളിത് വിരുദ്ധ നിലപാടാണ്. അതിന്റെ രൂക്ഷത വര്‍ദ്ധിപ്പിക്കാനേ ചെങ്ങറ ഭൂസമരത്തോട് അനുവര്‍ത്തിച്ച നയം കാരണമാകു എന്നാണ് ഭയപ്പാടോടെ നമുക്കിപ്പോള്‍ വിലയിരുത്താന്‍ കഴിയൂ അതിരേ...
Subscribe to:
Post Comments (Atom)
No comments:
Post a Comment