Saturday, October 3, 2009

ഇനിയും മരിക്കാത്ത മനുഷ്യത്വത്തിന്റെ ആര്‍ദ്രസപ്ര്ശം


അവര്‍ ആരുമായിരുന്നില്ല ആതിരേ. നാട്ടുകാരോ പരിചയക്കാരോ അല്ലായിരുന്നു. അവരില്‍ ബന്ധുക്കളായും ആരുമുണ്ടായിരുന്നില്ല. എന്നാല്‍, വിനോദയാത്രയ്ക്കായി തേക്കടിയിലെത്തിയ അവര്‍ അപ്രതീക്ഷിതമായി ദുരന്തത്തിന്റെ തണുപ്പിലേക്ക്‌ ആഴ്‌ന്നാഴ്‌ന്ന്‌ പോയപ്പോള്‍ അവരെ രക്ഷിക്കാനും ബന്ധുക്കളെ ആശ്വസിപ്പിക്കാനും മൃതദേഹങ്ങള്‍ കണ്ടെത്താനും കൈയ്മെയ്‌ മറന്നാണ്‌ കുമളിയുടെ കാരുണ്യമൊഴുകിയത്‌.
രക്ഷാപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റവര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി ഭക്ഷണം, മറ്റു സൗകര്യങ്ങള്‍, ആംബുലന്‍സ്‌, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള ബോട്ടുകള്‍ക്ക്‌ ഇന്ധനം തുടങ്ങി എന്തിനും ഏതിനും ഈ നാട്‌ ഒന്നായി നിന്നു.
രാഷ്ട്രീയ കക്ഷി നേതാക്കള്‍, വിവിധ മതസംഘടനകള്‍, സാമൂഹിക സംഘടനകള്‍, വ്യാപാരി വ്യവസായി ഏകോപനസമിതി, കുമളി ഷംസുല്‍ ഇസ്ലാം ജമാ അത്ത്‌, കേരള നദുവത്തില്‍ മുജാഹിദിന്‍, സോളിഡാരിറ്റി പ്രവര്‍ത്തകര്‍, വൈദികര്‍, കന്യാസ്ത്രീകള്‍, ലയണ്‍സ്‌ ക്ലബ്‌, പോലീസ്‌, റവന്യൂ, ഫോറസ്റ്റ്‌, ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍, ഓട്ടോ-ടാക്സി തൊഴിലാളികള്‍, ടൂറിസ്റ്റുകള്‍, ഹോട്ടല്‍ ആന്‍ഡ്‌ റെസ്റ്റോറന്റ്‌ അസോസിയേഷന്‍ തുടങ്ങി എല്ലാ മേഖലകളില്‍ നിന്നും കൃപാര്‍ദ്രതയുടെ ഹസ്തമാണ്‌ തേക്കടിയില്‍ ബോട്ടപകടത്തില്‍ പെട്ടവര്‍ക്കു നേരെ നീണ്ടത്‌.
ഇവരെല്ലാം അഭിനന്ദനവും അഭിവാദ്യവും അര്‍ഹിക്കുന്നു.സ്വാര്‍ത്ഥത കൊടികുത്തിവാഴുന്ന ഈ കെട്ടകാലത്ത്‌ മനുഷ്യപ്പറ്റിന്റെ ആര്‍ദ്രസ്രോതസ്സുകള്‍ തീര്‍ത്തും വറ്റിയിട്ടില്ലെന്നു ജീവിതം കൊണ്ടു തെളിയിച്ച ഇവരെ എല്ലാം ആദരം തുളുമ്പുന്ന മനസ്സോടെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ഇവര്‍ക്കൊപ്പം ഒരുവേള ഇവരെക്കാളധികം അഭിനന്ദനമര്‍ഹിക്കുന്നവരാണ്‌ ആതിരേ കുമിളിയിലെ ആദിവാസികള്‍.രക്ഷാപ്രവര്‍ത്തനത്തില്‍ ഈ സാധുക്കള്‍ പ്രകടിപ്പിച്ച മനുഷ്യത്വവും സന്നദ്ധതയും സമര്‍പ്പണവുംസമാനതകളില്ലാത്തതായിരുന്നു.
കുമളി ഷംസുല്‍ ഇസ്ലാം ജമാ അത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്‌ ഭക്ഷണവും മറ്റു സഹായങ്ങളും പരിക്കേറ്റവര്‍ക്കും മറ്റും എത്തിച്ചുകൊടുത്തത്‌. പള്ളി ഇമാം അബ്ദുള്‍ സലാം മൗലവി, ജമാ അത്ത്‌ പ്രസിഡന്റ്‌ കെ.എ. അബ്ദുള്‍ സലാം റോളക്സ്‌, എ. അബ്ദുള്‍സലാം, കെ. മുഹമ്മദ്‌ കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ജമാഅത്ത്‌ കമ്മിറ്റി ഭക്ഷണമെത്തിച്ചത്‌.
വ്യാപാരി വ്യവസായി ഏകോപനസമിതി അപകടം നടന്ന രാത്രി മുതല്‍ ആംബുലന്‍സ്‌, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള ബോട്ടുകള്‍ എന്നിവയ്ക്ക്‌ ഇന്ധനം എത്തിക്കുന്നതിലാണ്‌ ശ്രദ്ധകേന്ദ്രീകരിച്ചത്‌. ആയിരത്തോളം ഭക്ഷണപൊതികളാണ്‌ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തത്‌. സണ്ണിമാത്യു, ജെബി എബ്രഹാം, ടി.എം. ശശികുമാര്‍, എം.എം.ജോണി എന്നിവരായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ചത്‌. ലയണ്‍സ്‌ ക്ലബ്‌ ഭാരവാഹികളായ അഡ്വ. ഷൈന്‍ വര്‍ഗീസ്‌, ബെന്നി, കൊച്ചുമോന്‍ കരേത്ത്‌ എന്നിവരുടെ നേതൃത്വത്തില്‍ ക്ലബ്‌ പ്രവര്‍ത്തകര്‍ സഹായവുമായി ഗവണ്‍മെന്റ്‌ ആശുപത്രിപരിസരത്തുണ്ടായത്‌ ഏറെ പ്രയോജനപ്രദവും ആശ്വാസകരവുമായിരുന്നു.
തേക്കടി സെന്റ്‌ ജോര്‍ജ്ജ്‌ പള്ളിവികാരിയുടെ നേതൃത്വത്തിലുള്ള സംഘവും ഭക്ഷണവും മറ്റും എത്തിക്കാന്‍ സന്നദ്ധരായി ഉണ്ടായിരുന്നു. രാഷ്ട്രീയ കക്ഷികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ ആശുപത്രികളില്‍ നിന്ന്‌ മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്ക്‌ പോസ്റ്റ്മോര്‍ട്ടത്തിനായി എത്തിക്കുന്നതിന്‌ സ്ക്വാഡുകള്‍ രൂപീകരിച്ച്‌ പ്രവര്‍ത്തനക്ഷമമായിരുന്നു. ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യവകുപ്പുദ്യോഗസ്ഥരുടെ ചിട്ടയായ പ്രവര്‍ത്തനം ഇവിടെ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ആ സന്നദ്ധത മൂലമാണ്‌ മൃതദേഹങ്ങള്‍ വേഗത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുക്കാന്‍ കഴിഞ്ഞത്‌.
അപകടങ്ങളുണ്ടാകുമ്പോള്‍ എന്തിലും ഏതിലും സഹായവുമായി ഓടിയെത്തുന്ന കുമളിയിലെ ഓട്ടോ-ടാക്സി തൊഴിലാളികളുടെ മനുഷ്യസ്നേഹം ഏറെ പ്രകടമായത്‌ ഈ ദിവസങ്ങളിലായിരുന്നു. ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചുകൊണ്ടാണ്‌ കുമളി തേക്കടി ബോട്ടപകടത്തില്‍ മരിച്ചവരോടുള്ള ആദരം ഹൃദയത്തില്‍ സൂക്ഷിക്കുന്നത്‌.
ആതിരേ ഇന്ന്‌ ഏറെ പഴികേള്‍ക്കുന്നവരാണ്‌ കേരളത്തിലെ പോലീസുകാര്‍.അതിനു കാരണങ്ങളുമുണ്ട്‌.പല്‍പ്പോഴും മനുഷ്യമൃഗങ്ങളെ പോലെയാണ്‌ അവരുടെ ചെയ്തികളും സംസാരവും. എന്നാല്‍, അപകടം നടന്ന ബുധനാഴ്ച വൈകുന്നേരം മുതലുള്ള പോലീസിന്റെ പ്രവര്‍ത്തനങ്ങളെ എത്ര ശ്ലാഘിച്ചാലും മതിയാവുകയില്ല. ദുരന്തത്തില്‍ പെട്ടവരെ സഹായിക്കുന്നതിനും മറ്റു ക്രമീകരണങ്ങള്‍ നടത്തുന്നതിനും കനത്ത മഴയെ വകവെയ്ക്കാതെ ഉയര്‍ന്ന ഉദ്യോഗസ്ഥരടക്കമുള്ള പോലീസുകാര്‍ ഇവിടെ സേവനത്തിന്റെ നനുത്ത പര്യായമാകുന്നതാണ്‌ കണ്ടത്‌.കക്കിക്കുള്ളിലെ മാലാഖമ്മാരായിരുന്നവരേയും ഞാന്‍ അഭിവാദ്യം ചെയ്യട്ടെ.
മാതൃകാ പരമായ പ്രവര്‍ത്തനത്തിലൂടെ കൊച്ചി വിമാത്താവളവും ദുരന്തത്തില്‍ പെട്ടവരോടുള്ള തങ്ങളുടെ ആദരം വ്യക്തമാക്കി. കുമളി ബോട്ടപകടത്തില്‍ മരിച്ച 22 പേരുടെ മൃതദേഹം സ്വദേശങ്ങളിലേക്കെത്തിക്കാന്‍ ഉത്സാഹിച്ച കൊച്ചി വിമാനത്താവളത്തിലെ ജീവനക്കാര്‍ ആപത്ഘട്ടത്തിലെ പ്രവര്‍ത്തനക്ഷമതയ്ക്ക്‌ മാതൃകയായി. വ്യാഴാഴ്ച 5.30ന്‌ സായ്‌ മാനസി എന്ന നാലരവയസുകാരിയുടെ മൃതദേഹമാണ്‌ ആദ്യം വിമാനത്തില കയറ്റിയത്‌. ശവമഞ്ചങ്ങളുടെ എക്സ്‌റേ സ്ക്രീനിംഗ്‌ ഉള്‍പ്പെടെയുള്ള ജോലികളും പേപ്പര്‍ വര്‍ക്കുകളും രണ്ടോമൂന്നോ മിനിറ്റിനകം പൂര്‍ത്തിയാക്കിയാണ്‌ ഇവര്‍ മനുഷ്യത്വത്തിന്റെ മാതൃകയായത്‌. രാത്രിതന്നെ രണ്ട്‌ ചാര്‍ട്ടേഡ്‌ ഫ്ലൈറ്റുകളില്‍ ഭൂരിപക്ഷം മൃതദേഹങ്ങളും കയറ്റിവിട്ടു. സര്‍വീസ്‌ ഫ്ലൈറ്റുകളില ചരക്കുകള്‍ കയറ്റാതെയാണ്‌ ശവമഞ്ചം കൊണ്ടുപോകാന്‍ സൗകര്യമൊരുക്കിയത്‌. എയര്‍പോര്‍ട്ട്‌ ഡയറക്ടര്‍ എസി.കെ നായരുടെ സാന്നിദ്ധ്യത്തില്‍ പലവട്ടം വിമാനത്താവളത്തിലെ ക്രൈസിസ്‌ മാനേജ്മെന്റുകൂടി തീരുമാനമെടുത്താണ്‌ തങ്ങളുടെ പ്രവര്‍ത്തന ക്ഷമത മാതൃകാ പൂര്‍വം ഇവര്‍ കാഴ്ചവെച്ചത്‌. ടെര്‍മിനല്‍ കെട്ടിടത്തിനകത്ത്‌ ഹെല്‍പ്പന്‍ലൈന്‍ ഡെസ്കും തുറന്നിരുന്നു. മരിച്ചവരുടെ ബന്ധുക്കളെ സഹായിക്കാന്‍ പ്രത്യേക സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ എല്ലാ സേവനങ്ങളും പരിശോധനകളും പ്രതിഫലം വാങ്ങാതെയാണ്‌ ചെയ്തതെന്ന്‌ പ്രത്യേകം എടുത്ത്‌ പറയേണ്ടതുണ്ട്‌.
ദുരന്തത്തില്‍ പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌ മോര്‍ട്ടത്തിനായും എംബാമിങ്ങിനായും വിവിധ ആശുപത്രികളിലെത്തിച്ചപ്പോള്‍ ആയിരക്കണക്കിന്‌ നാട്ടുകാരാണ്‌ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്‌. പലയിടത്തും നാട്ടുകാരുടെ തിരക്ക്‌ നിയന്ത്രിക്കാന്‍ പോലീസിന്‌ നന്നേ ബുദ്ധിമുട്ടേണ്ടിവന്നു.
ഒരു ദുരന്തമുണ്ടാകുമ്പോള്‍ കാണാത്ത കോണുകളില്‍ നിന്ന്‌ പോലും മനുഷ്യത്വത്തിന്റെ പ്രവാഹം ഇങ്ങനെ ഉണ്ടാകുമ്പോഴും ആതിരേ, ചില അധികാരികളെങ്കിലും നിയമത്തിന്റെയും സാങ്കേതികതയുടെയും പേരില്‍ ദുശാഠ്യമുള്ളവരായി മാറുന്നതും തേക്കടി ദുരന്തത്തോടനുബന്ധിച്ച്‌ കാണാനുള്ള ദൗര്‍ഭാഗ്യവും നമുക്കുണ്ടായി. മരിച്ചവരുടെ മൃതദേഹങ്ങള്‍ സ്വദേശത്തെത്തിക്കാന്‍ വ്യോമസേനയുടെ വിമാനം വിട്ടുതരണമെന്ന്‌ നാലുവട്ടം കേരളമുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും നിലവിലുള്ള ചില ചട്ടങ്ങളുടേയും നിയമങ്ങളുടേയും പേര്‌ പറഞ്ഞ്‌ ആ സഹായം നിഷേധിക്കുകയായുണ്ടായത്‌. ദുരന്തസ്ഥലത്ത്‌ കേരളത്തിലെ എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും ഓരേ മനസ്സോടെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നത്‌ കണ്ടെങ്കിലും 6 കേന്ദ്രമന്ത്രിമാരുണ്ടായിട്ടും മൃതശരീരങ്ങള്‍ സ്വദേശത്തെത്തിക്കാന്‍ വ്യോമസേനയുടെ ഒരു വിമാനം പോലും അനുവദിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നുപറയുന്നത്‌ ഏറെ ദുഃഖകരവും പ്രതിഷേധമുണര്‍ത്തുന്നതുമായ വാസ്തവമാണ്‌. സിവിലയന്മാര്‍ക്ക്‌ ഈ സൗകര്യമൊരുക്കാന്‍ നിയമം അനുവദിക്കുന്നില്ല എന്ന്‌ സാങ്കേതിക ന്യായമാണ്‌ ബന്ധപ്പെട്ടവര്‍ മുറുകെ പിടിച്ചത്‌. തന്മൂലം വളരെയധികം പണം മുടക്കി സ്വകാര്യ വിമാനക്കമ്പനികളെ ആശ്രയിച്ചാണ്‌ കേരള സര്‍ക്കാരിന്‌ ദുരന്തത്തില്‍ പെട്ടവരുടെ മൃതദേഹം സ്വദേശങ്ങളിലെത്തിക്കാന്‍ കഴിഞ്ഞത്‌. ഏത്‌ നിയമവും ചട്ടവും നികുതി നല്‍കുന്ന സാധാരണക്കാരന്‌ വേണ്ടിയുള്ളതാണെന്ന്‌ ചിന്തിക്കാന്‍ ഈ ഉദ്യേഗസ്ഥരൊക്കെ ഇനി എന്നാണ്‌ തയ്യാറാകുക?!
വിവിഐപികള്‍ക്ക്‌ മാത്രമായി റിസര്‍വ്‌ ചെയ്തിട്ടുള്ള വിമാനങ്ങള്‍ സ്വകാര്യ ആവശ്യത്തിന്‌ ഉപയോഗിച്ച്‌ വ്യോമസേനയിലെ ഉന്നതന്മാരും അവരുടെ ഭാര്യമാരും ചില സംഘടനാ പ്രവര്‍ത്തകരും കോടിക്കണക്കിന്‌ രൂപ കേന്ദ്രസര്‍ക്കാരിന്‌ നഷ്ടമുണ്ടാക്കിയ വാര്‍ത്ത അടുത്ത ദിവസങ്ങളിലാണ്‌ പുറത്ത്‌ വന്നത്‌. അവര്‍ക്കൊന്നും ബാധകമാകാതിരുന്ന സാങ്കേതികതയും ചട്ടങ്ങളുമൊക്കെ ദുരന്തത്തില്‍ മരിച്ചവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ബാധകമാക്കിയത്‌ ഏറ്റവും മൃദുവായി പറഞ്ഞാല്‍ കറതീര്‍ന്ന നെറികേടാണ്‌.
ഇതിനൊപ്പം വായിക്കേണ്ടതാണ്‌ തേക്കടിയിലെ ബോട്ട്‌ യാത്രക്കുള്ള സുരക്ഷാ ക്രീകരണങ്ങളിലെ വീഴ്ച. ദുരന്തം അറിഞ്ഞ ഉടന്‍ അപകടസ്ഥലത്തേക്ക്‌ പുറപ്പെടാന്‍ തയാറായ സ്പീഡ്‌ ബോട്ടുകളില്‍ ഇന്ധനമിലായിരുന്നു. രണ്ടുബോട്ടീല്‍ ഇന്ധനമില്ലാതെ വന്നതും ഒരെണ്ണത്തിന്‌ ഡ്രൈവര്‍ ഇല്ലാതെ പോയതും രക്ഷാപ്രര്‍ത്തനം താമസിപ്പിക്കാന്‍ കാരണമായി. അപകടസ്ഥലത്തേക്ക്‌ പുറപ്പെടാന്‍ എത്തിയ കുമളി ഷാജി സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫര്‍മാര്‍ അടുത്ത വീടുകളില്‍ പോയി മണ്ണെ കൊണ്ടുവന്ന്‌ ബോട്ടിലൊഴിച്ചും അതിനിടയില്‍ കണ്ടുമുട്ടിയ ഒരു ബോട്ട്‌ ഡ്രൈവരേയും കൂട്ടിയാണ്‌ അപകടസ്ഥലത്തേക്ക്‌ കുതിച്ചത്‌. ഈ വീഴ്ചയുടെ ഉത്തരവാദിത്തം ആരേറ്റെടുക്കും? തേക്കടി ദുരന്തത്തിന്റെ ധാര്‍മിക ഉത്തവാദിത്തം ഏറ്റെടുക്കാനുള്ള മാന്യത ചെറിയാന്‍ ഫിലിപ്പ്‌ പ്രദര്‍ശിപ്പിച്ചത്‌ എന്തുകൊണ്ടും നന്നായി. എന്നാല്‍, ഇത്തരത്തില്‍ ഉത്തരവാദിത്തങ്ങള്‍ വാക്കുകള്‍ കൊണ്ട്‌ ഏറ്റെടുക്കുകയല്ല വേണ്ടെതെന്നും തേക്കടി ഉള്‍പ്പെടടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലെ സുരക്ഷാക്രമീകരണങ്ങള്‍ ആധുനീകവും ശാസ്ത്രീയവുമാക്കുകയാണ്‌ വേണ്ടതെന്നും ആരാണിനി അധികാരികളെ പദിപ്പിക്കുക. ഇനിയെങ്കിലുംഅതിനുള്ള സന്നദ്ധതയും സമര്‍പ്പണവും ബന്ധപ്പെ:ട്ടവരില്‍ നിന്നും ഉണ്ടാകണമെന്നാണ്‌ ദുരന്തത്തില്‍ പെട്ടവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും നേരെ നീണ്ട മനുഷ്യത്വത്തിന്റെ, കരുണയുടെ മനസ്സുകള്‍ സൗമ്യമായി ആവശ്യപ്പെടുന്നത്‌ ആതിരേ.

No comments: