Thursday, October 8, 2009

ഡോ.വെങ്കട്‌ രാമകൃഷ്ണന്‍ : സ്വീഡിഷ്‌ അഹങ്കാരത്തിന്‌ മുകളില്‍ പാറിയ ത്രിവര്‍ണം


വിശ്വത്തേയും വിശ്രുത ശാസ്ത്രജ്ഞന്‍ ആല്‍ബെര്‍ട്‌ ഐന്‍സ്റ്റൈനേയും അമ്പരപ്പിച്ച മഹാത്മാ ഗാന്ധി,സത്യേന്ദ്രനാഥ്‌ ബോസ്‌,മേഘ്നാഥ്‌ സാഹ,മലയാളികളായ
ഡോ. ഗോപിനാഥ്‌ കര്‍ത്ത,ഡോ.ഇ.സി.ജി.സുദര്‍ശന്‍ തുടങ്ങിയ ഇന്ത്യന്‍ മികവുകളെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്കായി അപമാനിച്ച നൊബേല്‍ കമ്മറ്റിയുടെ അഹന്ത്യക്കു മുകളില്‍ ത്രിവര്‍ണ്ണം പ്രതിഷ്ഠിച്ചതു കൊണ്ടാണ്‌ ആതിരേ,ഡോ.വെങ്കട്‌ രാമകൃഷ്ണന്‍ ഇന്ത്യയ്ക്കി്‌ അഭിമാനത്തിന്റേയും അംഗീകാരത്തിന്റേയും സുവര്‍ണ്ണ നിമിഷങ്ങളാകുന്നത്‌ അതേ. രസതന്ത്ര നൊബേലില്‍ ആദ്യമായി ഇന്ത്യന്‍ സാന്നിദ്ധ്യമാണ്‌ ഡോ. വെങ്കട ്‌ രാമകൃഷ്ണന്‍.
ഇന്ത്യന്‍ ശാസ്ത്ര സമൂഹം നേടിയ മഹത്തായ ഒരു കണ്ടുപിടിത്തത്തിന്റെ ആവേശത്തിമിര്‍പ്പിലാണ്‌ ഇന്ത്യയും ഇന്ത്യാക്കാരും.അതിനൊപ്പമാണ്‌ രസതന്ത്ര നൊബേലിലൂടെ ഇന്ത്യന്‍ മികവിന്‌ വിശ്വാംഗീകാരം ലഭിച്ചതെന്നത്‌ നമ്മുടെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു. ഇന്ത്യയുടെ ചന്ദ്രയാന്‍, ചന്ദ്രപ്രതലത്തില്‍ ജലസാന്നിദ്ധ്യം കണ്ടെത്തിയെന്ന വിപ്ലവകരമായ ശാസ്ത്രീയ നേട്ടത്തിന്‌ രണ്ടാഴ്ച തികയും മുമ്പാണ്‌ നോബല്‍ ജേതാക്കളുടെ പട്ടികയില്‍ ഒരു ഇന്ത്യന്‍ സാമര്‍ത്ഥ്യം ഇടം നേടിയിരിക്കുന്നത്‌.
രസതന്ത്രത്തിന്‌, ഇതിനു മുമ്പ്‌ നൂറു തവണ നൊബേല്‍ പുരസ്ക്കാരം പ്രഖ്യാപിച്ചിട്ടുണ്ട്‌ ആതിരേ. അതില്‍ ഒരിക്കല്‍ പോലും ഒരു ഇന്ത്യന്‍സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല. ഇപ്പോള്‍, 101-ാ‍ം തവണ ഡോ. രാമകൃഷ്ണനിലൂടെ അപൂര്‍വ്വമായ ആ അംഗീകാരമാണ്‌ ഇന്ത്യയ്ക്ക്‌ ലഭിച്ചിരിക്കുന്നത്‌.
ഡിഎന്‍എ തന്മാത്രയില്‍ നിന്നുള്ള ജനിതക നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ പ്രോട്ടീനുകള്‍ക്ക്‌ രൂപം നല്‍കുന്നത്‌ റൈബോസോമുകളാണ്‌. മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവിവൃന്ദത്തിന്റെ ജീവല്‍പ്രവര്‍ത്തനങ്ങളാകെ സാദ്ധ്യമാക്കുന്ന റൈബോസോമുകളുടെ പൊരുള്‍ കണ്ടെത്തുന്നതിലാണ്‌ ഡോ. രാമകൃഷ്ണന്‍ ഉള്‍പ്പെട്ട നൊബേല്‍ പുരസ്ക്കാര ജേതാക്കള്‍ വിജയം കണ്ടത്‌. എക്സറേ ക്രിസ്റ്റലോഗ്രഫിയുടെ സഹായത്തോടെ ഇവര്‍ സ്വായത്തമാക്കിയ ഈ അപൂര്‍വ്വ നേട്ടം ഭാവിയില്‍ ഫലപ്രദമായ ആന്റി ബയോട്ടിക്കുകള്‍ രൂപപ്പെടുത്താന്‍ സഹായിക്കുമെന്നതാണ്‌ ഈ കണ്ടുപിടത്തത്തിന്റെ മഹത്തായ വശം.
ആതിരേ, ഡോ. രാമകൃഷ്ണന്റെ ഈ നേട്ടം ശാസ്ത്രസാങ്കേതിക രംഗങ്ങളില്‍ ഇന്ത്യയ്ക്കുള്ള ആധൃഷ്യമായ സ്ഥാനമാണ്‌ വ്യക്തമാക്കുന്നത്‌. നൂറ്റിപ്പത്തു കോടി ജനങ്ങള്‍ക്ക്‌ അഭിമാനിക്കാന്‍ ഇതു ധാരാളം. എന്നുമാത്രമല്ല, അമേരിക്ക ഉള്‍പ്പെടെയുള്ള ഒട്ടേറെ രാജ്യങ്ങളില്‍ ഇന്ത്യന്‍ ഗവേഷകര്‍ നടത്തുന്ന മുന്നേറ്റത്തിന്റെ സൂചനകൂടിയാണ്‌ ഡോ. രാമകൃഷ്ണന്‌ ലഭിച്ചിരിക്കുന്ന ഈ അംഗീകാരം. നാനോ ടെക്നോളജി, വിവരസാങ്കേതിക വിദ്യ, വൈദ്യശാസ്ത്രം തുടങ്ങി ആധുനിക സമൂഹത്തിന്റെ നിത്യജീവിതവുമായി അഭേദ്യബന്ധമുള്ള മേഖലകളില്‍ ശ്രദ്ധേയമായ കണ്ടെത്തലുകള്‍ നടത്തുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്ക്‌ ഇത്‌ കൂടുതല്‍ സമര്‍പ്പണത്തോടെ തങ്ങളുടെ മേഖലകളില്‍ വ്യാപരിക്കാനുള്ള പ്രചോദനവുമാകുന്നു.
മുമ്പ്‌ എട്ടു പേര്‍ക്ക്‌ നൊബേല്‍ സമ്മാനം ലഭിച്ചിട്ടുണ്ടെങ്കിലും ഇന്ത്യന്‍ പൗരന്മാര്‍ എന്നു രേഖപ്പെടുത്തിയിട്ടുള്ള നാലുപേരുകളേയുള്ളു - രവീന്ദ്രനാഥ്‌ ടാഗോര്‍, സി.വി. രാമന്‍, മദര്‍ തെരേസാ, ഡോ. അമൃത്യ സെന്‍. എന്നാല്‍ ഇന്ത്യന്‍ വംശജരുടെ പേര്‌ വേറെയും ആ പട്ടികയിലുണ്ട്‌. ഹര്‍ ഗോവിന്ദ്‌ ഖുരാന, സുബ്രഹ്മണ്യന്‍ ചന്ദ്രശേഖര്‍, വി.എസ്‌. നയ്പാള്‍.... ഇപ്പോള്‍ വെങ്കട്‌ രാമന്‍ രാമകൃഷ്ണനും. അമേരിക്കന്‍ പൗരനാണെങ്കിലും ആതിരേ,ഡോ. രാമകൃഷ്ണന്റെ നൊബേല്‍ പുരസ്ക്കാരം ഇന്ത്യയുടെ യശസ്സാണ്‌ ഉയര്‍ത്തുന്നത്‌. ബ്രിട്ടീഷ്‌ ഇന്ത്യയില്‍ ജനിച്ച ഡോ. റൊണാള്‍ഡ്‌ റോസ്‌ (1902, വൈദ്യശാസ്ത്രം) റുഡ്യാര്‍ഡ്‌ കപ്ലിങ്‌ (1907, സാഹിത്യം) എന്നിവരും നൊബേല്‍ പുരസ്ക്കാരം നേടിയിട്ടുള്ളവരാണ്‌. ഇന്ത്യാക്കാരാനായ രജേന്ദ്ര പച്ചൗരി അദ്ധ്യക്ഷനായ ഐപിസിസി 2007ല്‍ അല്‍ഗോറിനൊപ്പം സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പങ്കിട്ടതും അഭിമാനത്തോടെ ഓര്‍ക്കേണ്ടതാണ്‌.
എന്നാല്‍ ആതിരേ,ശാസ്ത്രത്തിനുള്ള നൊബേല്‍ വേദിയില്‍ ഇന്ത്യയുടെ യഥാര്‍ത്ഥ സാന്നിദ്ധ്യം ഒരിക്കലേ ഉണ്ടായിട്ടുള്ളു - 1930-ല്‍ സി.വി. രാമനിലൂടെ. രാമന്‍ പ്രഭാവം എന്നറയപ്പെടുന്ന പ്രകാശപ്രതിഭാസം കണ്ടെത്തിയതിനാണ്‌ ഭൗകീക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം അദ്ദേഹത്തിന്‌ ലഭിച്ചത്‌. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു വസ്തുതയുണ്ട്‌. പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗിച്ച്‌ അദ്ദേഹം കൈവരിച്ച നേട്ടം ആവര്‍ത്തിക്കാന്‍ പിന്നീട്‌ ഇന്ത്യയിലാര്‍ക്കും കഴിഞ്ഞിട്ടില്ല.
എന്നാല്‍ വിദേശത്തുപോയി ഗവേഷണത്തിലേര്‍പ്പെടുകയും നൊബേല്‍ പുരസ്ക്കാരം നേടുകയും ചെയ്ത ചിലരുണ്ട്‌ അതില്‍ പ്രമുഖന്‍ 1968-ല്‍ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്ക്കാരം നേടിയ ഹര്‍ ഗോവിന്ദ്‌ ഖുരാനയാണ്‌. ലോകത്താദ്യമായി ഒരു ജീവിയുടെ കൃത്രിമ ജീന്‍ സൃഷ്ടിച്ച്‌ (എസ്ചെരിയ കോളി എന്ന ബാക്ടീരിയയുടെ) ചരിത്രം സൃഷ്ടിച്ച വ്യക്തിയാണ്‌ ഖുരാന. ജനറ്റിക്‌ കോഡിന്റെ രഹസ്യ ഭാഷ മനസ്സിലാക്കാന്‍ നല്‍കിയ സംഭാവന മുന്‍നിര്‍ത്തിയാണ്‌ മറ്റു രണ്ടുപേരോടൊപ്പം ഖുരാനയ്ക്ക്‌ നൊബേല്‍ സമ്മാനം ലഭിച്ചത്‌. ബയോടെക്നോളജി എന്ന ശാസ്ത്രശാഖയ്ക്ക്‌ അടിത്തറയിട്ടവരില്‍ പ്രമുഖന്‍ ഖുരാനയാണ്‌ എന്നത്‌ ഇന്ത്യക്കാര്‍ക്ക്‌ എക്കാലത്തും പുളകത്തോടെ സ്മരിക്കാവുന്ന നേട്ടമാണ്‌.
നക്ഷത്രങ്ങളുടെ അന്ത്യം സംബന്ധിച്ച കണ്ടെത്തലിന്‌ 1983-ലെ ഭൗതിക ശാസ്ത്ര നൊബേല്‍ നേടിയ സുബ്രഹ്മണ്യന്‍ ചന്ദ്രശേഖറാണ്‌ യശ്ശസിന്റെ അംബരത്തില്‍ തിളങ്ങുന്ന മറ്റൊരു നക്ഷത്രം. 1930-കളില്‍ ചന്ദ്രശേഖര്‍ നടത്തിയ കണ്ടെത്തലുകളാണ്‌ അരനൂറ്റാണ്ടിനുശേഷം അംഗീകരിക്കപ്പെട്ടത്‌. 1999-ല്‍ നാസ അവരുടെ എക്സ്‌റേ ടെലിസ്കോപ്പ്‌ വിക്ഷേപിച്ചപ്പോള്‍ അതിനു നല്‍കിയ പേര്‌ ചന്ദ്രശേഖറിന്റേതായിരുന്നു. ഒരു ഇന്ത്യന്‍ ശാസ്ത്രജ്ഞന്റെ പേരിലറിയപ്പെടുന്ന ഏക സ്പേസ്‌ ടെലിസ്കോപ്പാണ്‌ ചന്ദ്ര എക്സ്‌റേ ഒബ്സര്‍വേറ്ററി.
നൊബേല്‍ പുരസ്ക്കാര ജേതാക്കളിലൂടെ അഭിമാനിക്കുന്ന ഇന്ത്യയ്ക്ക്‌ ആതിരേ നൊബേല്‍ നിഷേധത്തിലൂടെ അപമാനിക്കപ്പെട്ടവരുടെ നോവും സ്വന്തമായുണ്ട്‌. ഇത്തരത്തില്‍ അപമാനിതരായവരില്‍ പ്രമുഖന്‍ കോട്ടയം സ്വദേശിയായ ഡോ. ഇ.സി.ജി. സുദര്‍ശനാണ്‌. ക്വാണ്ടം ഭൗതികത്തില്‍ സുദര്‍ശനന്‍ ഉള്‍പ്പെട്ട കണ്ടുപിടുത്തങ്ങള്‍ക്ക്‌ ഇതിനകം ഒന്നിലേറെ തവണ നൊബേല്‍ സമ്മാനം നല്‍കിയിട്ടുണ്ട്‌. പക്ഷേ മലയാളിയായ സുദര്‍ശനനെ പരിഗണിക്കാന്‍ നൊബേല്‍ കമ്മിറ്റി തയ്യാറായിരുന്നില്ല. 2005-ല്‍ പ്രകാശീയ സംസക്തതയുമായി ബന്ധപ്പെട്ട ക്വാണ്ടം സിദ്ധാന്തം കണ്ടെത്തിയതിന്‌ അമേരിക്കക്കാരനായ റോയ്‌ ഗ്ലാബറിന്‌ നൊബേല്‍ പുരസ്ക്കാരം ലഭിച്ചപ്പോള്‍ ക്രൂരമായ അവഗണനയാണ്‌ ഡോ. സുദര്‍ശനന്‍ അനുഭവിച്ചത്‌. കാരണം 1960-കളുടെ തുടക്കത്തില്‍ സുദര്‍ശനന്‍ രൂപപ്പെടുത്തിയ സിദ്ധാന്തത്തില്‍ ചില കൂട്ടിച്ചേര്‍ക്കല്‍ മാത്രമാണ്‌ റോയ്‌ ഗ്ലാബര്‍ ചെയ്തതെന്ന്‌ ശാസ്ത്രലോകം ഒന്നടങ്കം അംഗീകരിക്കുന്ന വാസ്തവമാണ്‌. അതുപോലെ തന്നെയാണ്‌ ക്ഷീണബലവുമായി ബന്ധപ്പെട്ട്‌ നല്‍കിയ പുരസ്ക്കാരങ്ങളില്‍ നിന്നുപോലും സുദര്‍ശനനെ ഒഴിവാക്കിയത്‌.
നൊബേലിന്‌ അര്‍ഹനെന്ന്‌ ശാസ്ത്രലോകം വിധിയെഴുതിയിട്ടും നൊബേല്‍ കമ്മിറ്റി പരിഗണിക്കാതെ പോയ ഇന്ത്യക്കാരെക്കുറിച്ചുകൂടി സൂചിപ്പിച്ചെങ്കില്‍ മാത്രമേ ഡോ. രാമകൃഷ്ണന്റെ അംഗീകാരത്തിന്റെ തിളക്കം വ്യക്തമാകു. ചേര്‍ത്തലയില്‍ 1927-ല്‍ ജനിക്കുകയും ഗവേഷണത്തിനായി അമേരിക്കയിലേക്ക്‌ കുടിയേറുകയും ചെയ്ത ഡോ. ഗോപിനാഥ്‌ കര്‍ത്തയാണ്‌ അതിലൊരാള്‍. റൈബോന്യൂക്ലീയസ്‌ എന്‍സൈമിന്റെ ഘടന കണ്ടെത്തിയ അദ്ദേഹം 1984 ജൂണ്‍ 18ന്‌ അമ്പത്തിയേഴാം വയസ്സില്‍ അന്തരിച്ചു. പ്രകാശകണങ്ങളും ദ്രവ്യത്തിന്റെ ഭാഗമാണെന്ന്‌ തെളിയിക്കുന്ന ഗണിതസമീകരണം കണ്ടെത്തി ഐന്‍സ്റ്റൈനെ അമ്പരിപ്പിച്ച സത്യേന്ദ്രനാഥ്‌ ബോസ്‌, നക്ഷത്രങ്ങളിലെ മൂലകങ്ങളുടെ അയീണകരണത്തോത്‌ അവയുടെ ഉഷ്മാവിന്‌ നേര്‍അനുപാതത്തിലായിരിക്കുമെന്ന്‌ തെളിയിച്ച മേഘ്നാഥ്‌ സാഹ എന്നിവരെല്ലാം ഇത്തരത്തില്‍ തഴയപ്പെട്ടവരുടെ കൂട്ടത്തില്‍ പെടുന്നു.
ഗവേഷകനല്ലെങ്കിലും നൊബേല്‍ പുരസ്ക്കാരം നിഷേധിക്കപ്പെട്ടവരില്‍ ഏറ്റവും പ്രമുഖന്‍ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയാണ്‌.
ഇത്തരം ദുരനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിഷ്ഠിക്കുമ്പോഴാണ്‌ ഡോ. രാമകൃഷ്ണന്റെ അംഗീകാരത്തിന്റെ മഹത്വം ബോദ്ധ്യപ്പെടുക. ഈ അംഗീകാരം ആതിരേ ഭാവിയില്‍ ശാസ്ത്രത്തിനുള്ള നൊബേല്‍ വേദിയില്‍ കൂടുതല്‍ ഇന്ത്യന്‍ സാന്നിദ്ധ്യമുണ്ടാകുമെന്നതിന്റെ സൂചനയായിട്ടുവേണം വിലയിരുത്തേണ്ടത്‌.

No comments: