Sunday, October 11, 2009

അച്യുതാനന്ദന്‍ ഇത്രയ്ക്ക്‌ വഞ്ചകനാകരുതായിരുന്നു

വേലിക്കകത്ത്‌ ശങ്കരന്‍ മകന്‍ അച്യുതാനന്ദന്‍ കേരള മുഖ്യമന്ത്രിയായതിനുശേഷം അനുരഞ്ജനത്തിന്റെ നാണംകെട്ട പ്രതീകമാകുന്നതാണ്‌ കേരളം കണ്ടത്‌ ആതിരേ. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഏതെല്ലാം വിഷയങ്ങളില്‍ ഏകാംഗ പോരാട്ടം നടത്തിയോ അതെല്ലാം ഭരണകര്‍ത്താവ്‌ എന്ന നിലയ്ക്ക്‌ കൈകാര്യം ചെയ്യേണ്ടിവന്നപ്പോഴെല്ലാം തോടിനുള്ളിലേക്ക്‌ തല വലിക്കുന്ന ഒച്ചിന്റെ സ്വാഭാവമാണ്‌ അദ്ദേഹം കാഴ്ചവച്ചത്‌. മറ്റൊരു മുഖ്യമന്ത്രിക്കുമേലും പ്രതിഷ്ഠിക്കാത്ത പ്രതീക്ഷകളായിരുന്നു കേരളത്തിലെ പൊതുസമൂഹം അച്യുതാനന്ദന്‍ എന്ന മുഖ്യമന്ത്രിയില്‍ ഇറക്കിവെച്ചത്‌. പരമ്പരാഗതമായ സത്യപ്രതിജ്ഞാ ശൈലി ലംഘിച്ച്‌ പൊതുജനമദ്ധ്യത്തില്‍ മുഖ്യമന്ത്രിയായി ദൃഢപ്രതിജ്ഞ ചെയ്തപ്പോള്‍ ഈ പ്രതീക്ഷകള്‍ക്ക്‌ പുതിയ ചിറകുകള്‍ വയ്ക്കുകയായിരുന്നു.
എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത പലപ്പോഴും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കൂച്ചുവിലങ്ങിടുന്നതായിരുന്നു പില്‍ക്കാല അനുഭവം.എന്നാല്‍ അതില്‍ നിന്ന്‌ കുതറി തെറിക്കാനുള്ള ശ്രമങ്ങള്‍ അദ്ദേഹം നടത്തുകയും ചെയ്തു. അതാണ്‌ മൂന്നാര്‍ ഒഴിപ്പിക്കലായി പ്രാവര്‍ത്തികമായത്‌. എന്നാല്‍ മുളയിലെ തന്നെ അതിനെ നുള്ളി അച്യുതാനന്ദനെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന അഴിമതി വിരുദ്ധ നിലപാടുകളെയും നാണം കെടുത്താനായിരുന്നു പിണറായി വിജയന്‍ അടങ്ങുന്ന ഔദ്യോഗിക പക്ഷത്തിന്റെ ശ്രമം. അതിലവര്‍ വിജയിക്കുകയും ചെയ്തു. അപ്പോള്‍ കേരളം പ്രതീക്ഷിച്ചത്‌ പിടഞ്ഞെതിര്‍ത്ത്‌ പ്രതിഷേധിച്ച്‌ അച്യുതാനന്ദന്‍ പുറത്തുവരുമെന്നായിരുന്നു. എന്നാല്‍ ക്ലിഫ്‌ ഹൗസിന്റെ സമശീതോഷ്ണാവസ്ഥയില്‍ ഒതുങ്ങാനാണ്‌ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചത്‌. ഇതിനിടയിലും പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗത്തെ ചൊടിപ്പിക്കുന്ന നിലപാടുകളും ചിരികളുമായി അദ്ദേഹം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുകയും അതിന്റെ ശിക്ഷ ഏറ്റുവാങ്ങി നിശബ്ദനാകുകയും ചെയ്യുന്നതാണ്‌ പിന്നീട്‌ കണ്ടത്‌.
അച്ചടക്കമുള്ള ഒരുപാര്‍ട്ടി പ്രവര്‍ത്തകന്‍ അനുവര്‍ത്തിക്കേണ്ട നിലപാടാണ്‌ അച്യുതാനന്ദന്‍ കൈക്കൊണ്ടത്‌ എന്നു തിരിച്ചറിഞ്ഞ്‌ അധികാരത്തിന്റെ വേലിക്കകത്തേക്കുള്ള അദ്ദേഹത്തിന്റെ പിന്‍വാങ്ങലിനെ മനസ്സില്ലാതെ തന്നെ അംഗീകരിക്കുകയായിരുന്നു പൊതുസമൂഹം.
അച്യുതാനന്ദന്റെ മന്ത്രിസഭയിലെ പല അംഗങ്ങളും കേരളത്തിന്‌ തീരാത്ത ശാപമാണെന്ന്‌ അവരുടെ പ്രവര്‍ത്തികളിലൂടെ കേരളം അനുഭവിച്ചതാണ്‌. അതില്‍ പ്രധാനികള്‍ എം.എ.ബേബിയും പി.കെ. ശ്രീമതിയുമാണ്‌. രണ്ടാം മുണ്ടശ്ശേരി എന്ന്‌ സ്വയം അഭിമാനിച്ച്‌ ഇന്ത്യയ്ക്കാകെ മാതൃകയായിരുന്ന കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ സ്വാശ്രയ സ്വകാര്യ വാണിക്കുകള്‍ക്ക്‌ അടിയറവു വെച്ച്‌ കേരളത്തിലെ സാധാരണക്കാരെ വിഡ്ഢികളാക്കുകയായിരുന്നു ബേബി. ബേബിയോട്‌ മത്സരിച്ചാണെന്നു തോന്നുന്നു പി.കെ.ശ്രീമതിയും കേരളീയരെ ഓരോ ഘട്ടത്തിലായി ശ്വാസം മുട്ടിച്ചുകൊന്നത്‌. എസ്‌.എ.ടി. ആശുപത്രിയില്‍ അണുബാധയേറ്റ്‌ മരിച്ച കുഞ്ഞുങ്ങള്‍ മുതല്‍ ഇപ്പോള്‍ പന്നിപ്പനി ബാധിച്ച്‌ മരിക്കുന്നവര്‍ വരെയുള്ളവര്‍ ശ്രീമതിയുടെ കെടുകാര്യസ്ഥതയ്ക്കും അവര്‍ നേതൃത്വം നല്‍കുന്ന ആരോഗ്യവകുപ്പിന്റെ ജനവിരുദ്ധ നിലപാടുകള്‍ക്കും ബലിയാടാകേണ്ടിവന്നവരാണ്‌. കിളിരൂര്‍-കവിയൂര്‍ കേസ്സുകള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ പി.കെ.ശ്രീമതിക്ക്‌ മന്ത്രി സ്ഥാനം ലഭിക്കുമായിരുന്നില്ല എന്നു പറയുന്നത്‌ പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗത്തിലെ പ്രമുഖര്‍ തന്നെയാണ്‌. അങ്ങനെ വിക്രമാദിത്യകഥയില്‍ തോളത്തു കയറിയിരിക്കുന്ന വേതാളം പോലെ കേരളീയന്റെ ആരോഗ്യ - അതിജീവന താല്‍പര്യങ്ങള്‍ക്കു മുകളില്‍ പിടിവിടാതിരിക്കുന്ന രാഷ്ട്രീയ വേതാളമാണ്‌ ശ്രീമതി.
ഈ ശ്രീമതി മന്ത്രി എന്ന നിലയ്ക്ക്‌ സ്വീകരിച്ച അഴിമതിക്ക്‌ കൂട്ടുനില്‍ക്കുകവഴി വി.എസ്‌. അച്യുതാനന്ദന്‍ ഒരിക്കല്‍ കൂടി അധികാരത്തിന്റെ വേലിക്കകത്തേക്ക്‌ ഒതുങ്ങി കേരളീയനെ വഞ്ചിക്കുകയായിരുന്നു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ ശ്രീമതി മരുമകളെ കുക്കായി പര്ഴ്സണല്‍ സ്റ്റാഫില്‍ നിയമിച്ച അന്നു തന്നെ ഇവര്‍ നടത്തുന്ന ക്രമക്കേട്‌ മാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയതാണ്‌. എന്നാല്‍ പാര്‍ട്ടിയോ മുഖ്യമന്ത്രി അച്യുതാനന്ദനോ അതു കേട്ട ഭാവം നടിച്ചില്ല. അതുകൊണ്ട്‌ കുക്കായി ജോലിയില്‍ പ്രവേശിച്ച മരുമകള്‍ക്ക്‌ ഒരുവര്‍ഷംകഴിഞ്ഞപ്പോള്‍ ഗസറ്റഡ്‌ ഓഫീസറായി സ്ഥാനം കയറ്റം നല്‍കാനുള്ള അഹന്ത ശ്രീമതിക്കുണ്ടായി. എന്നു മാത്രമല്ല, മറ്റൊരു കേന്ദ്ര കമ്മറ്റി അംഗവും തന്റെ സഹോദരിയുടെ ഭര്‍ത്താവുമായ ഇ.പി. ജയരാജന്റെ മകനെയും പര്‍സണല്‍ സ്റ്റാഫില്‍ നിയമിച്ച്‌ സുതാര്യമായ ഭരണം ആഗ്രഹിച്ചവര്‍ക്കു നേരെ കൊഞ്ഞനം കുത്തി. ശ്രീമതി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം ആദ്യം സ്വീകരിച്ച ഔദ്യോഗിക നടപടികളില്‍ ഒന്ന്‌ ജയരാജന്റെ മകന്‍ ജിജിന്‍ത്‌ രാജിനെ തന്റെ ഓഫീസില്‍ ക്ലാര്‍ക്കായി നിയമിക്കുകയായിരുന്നു. ഒപ്പം തന്നെ മകന്റെ ഭാര്യ ധന്യ എം. നായരെ ജൂണ്‍ ഒന്നുമുതല്‍ കുക്ക്‌ എന്ന തസ്തികയിലും നിയമിച്ചു.
സിപിഎം മന്ത്രിമാരുടെ പര്‍സണല്‍ സ്റ്റാഫിലേക്കുള്ള നിയമനങ്ങളെല്ലാം പാര്‍ട്ടി നിശ്ചയിച്ചു കഴിഞ്ഞ ശേഷമാണ്‌ ജയരാജന്റെ മകനെ ക്ലര്‍ക്കായി ശ്രീമതി നിയമിച്ചത്‌. ഇതിനെ പൊതുഭരണ വിഭാഗം എതിര്‍ത്തു. പതിനഞ്ചു പേരെ നിയമിക്കാന്‍ ചട്ടം അനുശാസിക്കുന്നിടത്ത്‌ പതിനെട്ടുപേരെ നിയമിച്ചു എന്നും ഇനി ഒരാളെ നിയമിക്കണമെങ്കില്‍ മുഖ്യമന്ത്രിയുടെ അനുമതി വേണം എന്നായിരുന്നു പൊതു ഭരണവിഭാഗം ഉയര്‍ത്തിയ തടസ്സവാദം. ഈ തടസ്സവാദത്തെ പ്രത്യേക അനുമതിയിലൂടെ ചിതറിക്കുകയായിരുന്നു മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍. അങ്ങനെ കൊമേഴ്സ്യല്‍ ബിരുദം മാത്രമുള്ള ജിജിന്‍തിനെ 7990-12390 ശമ്പള സ്കെയിലില്‍ നിയമിക്കാന്‍ ശ്രീമതിക്ക്‌ അനുവാദവും ലഭിച്ചു.
2006 ഓക്ടോബര്‍ 30ന്‌ ജിജിന്ത്‌ രാജ്‌ ഗള്‍ഫില്‍ ജോലി കിട്ടി കേരളം വിട്ടു. ജിജിന്ത്‌ പോയ ഒഴിവില്‍ പാചകക്കാരിയായ മകള്‍ ധന്യയെ ക്ലാര്‍ക്കായി നിയമിച്ചുകൊണ്ട്‌ ശ്രീമതിയുടെ അഹങ്കാരവും അഴിമതിയും പുതിയ അശ്ലീലത നേടുകയായിരുന്നു. 2006 ജൂണ്‍ 1-ന്‌ പാചകക്കാരിയയി കയറി ധന്യ നവംബര്‍ 1 മുതല്‍ ക്ലാര്‍ക്കായി. എന്നാല്‍ 2007 ജൂലൈയില്‍ ഗസറ്റഡ്‌ റാങ്കില്‍ അഡീഷണല്‍ പി.എ. ആയി ധന്യയെ നിയമിച്ചുകൊണ്ട്‌ ശ്രീമതി വീണ്ടും കേരളത്തിലെ നികുതിദായകരുടെ മുഖത്ത്‌ കാര്‍ക്കിച്ചുതുപ്പി. കേരള സര്‍ക്കാര്‍ സര്‍വ്വിസില്‍ കുക്കായി കയറി ഒരുവര്‍ഷത്തിനുള്ളില്‍ ഗസറ്റഡ്‌ ഓഫീസറായ ചരിത്രം അങ്ങനെ ധന്യയ്ക്കു മാത്രം സ്വന്തം. ഈ നിയമനത്തെയും പൊതുഭരണ വകുപ്പ്‌ എതിര്‍ത്തിരുന്നു. അപ്പോഴും പ്രത്യേക അനുമതി നല്‍കി അച്യുതാനന്ദന്‍ കേരളീയരെ വഞ്ചിക്കുകയായിരുന്നു. അങ്ങനെ 4300-5930 ശമ്പള സ്കെയിലില്‍ നിന്ന്‌ ഒറ്റയടിക്ക്‌ ധന്യ 10,790-18000 സ്കെയിലേക്ക്‌ ഉയര്‍ത്തപ്പെടുകയായിരുന്നു.
ശ്രീമതിയുടെ വൃത്തികെട്ട ഈ കളികള്‍ അപ്പോഴേക്കും മാദ്ധ്യമങ്ങളില്‍ വരുകയും ചില സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി മരുമകളെ പര്‍സണല്‍ സ്റ്റാഫില്‍ നിന്ന്‌ ഒഴിവാക്കുകയാണെന്ന്‌ പ്രഖ്യാപിക്കാന്‍ ശ്രീമതി നിര്‍ബ്ബന്ധിതയാകുകയും ചെയ്തു. എന്നാല്‍ അപ്പോഴേയ്ക്കും രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ നിലയ്ക്ക്‌ ധന്യ പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹത നേടുകയും ചെയ്തു.
പിണറായി വിജയന്‍ നയിക്കുന്ന, ജയരാജന്മാര്‍ ശക്തി പകരുന്ന മനോജ്‌-പ്രഭാവര്‍മ്മ-ഗോവിന്ദന്‍കുട്ടി ഉപജാപക സംഘം നിര്‍ദ്ദേശം നല്‍കുന്ന കേരളത്തിലെ മാര്‍ക്സിസ്റ്റുപാര്‍ട്ടിയിലെ നേതാക്കള്‍ക്ക്‌ സംഭവിച്ച ദയനീമായ ധാര്‍മ്മിക അധപതനത്തിന്റെ നഗ്നരൂപമാണ്‌ പി.കെ. ശ്രീമതി ഇപ്പോള്‍. എന്നാല്‍ ശ്രീമതിയും ഇ.പി. ജയരാജനും കേന്ദ്ര കമ്മിറ്റി അംഗങ്ങളായതുകൊണ്ട്‌ ഇവര്‍ കാണിക്കുന്ന തോന്ന്യാസങ്ങളെ ചോദ്യംചെയ്യാന്‍ പാര്‍ട്ടിയില്‍ ഒരു കൊഞ്ഞാണനും ഉണ്ടാകില്ല. അതല്ല പ്രശ്നം അഴിമതിക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തിയ വേലിക്കകത്ത്‌ ശങ്കരന്‍ അച്യുതാനന്ദന്‍ തന്നെ പൊതുഭരണ വിഭാഗത്തിന്റെ എതിര്‍പ്പ്‌ മറികടന്ന്‌ പ്രത്യേക ഓര്‍ഡറിലൂടെ ശ്രീമതിയുടെ അധികാര വ്യഭിചാരത്തിന്‌ കൂട്ടുനിന്നതാണ്‌ സഹിക്കാന്‍ പറ്റാത്ത വാസ്തവം. ഈ തോന്ന്യാസങ്ങള്‍ പ്രകാശ്‌ കാരാട്ട്‌ അറിഞ്ഞിട്ടുണ്ടോ എന്നത്‌ കേരളത്തിലെ പൊതുസമൂഹത്തിന്‌ അറിയേണ്ട മറ്റൊരു വാസ്തവവുമാണ്‌. ശ്വാനന്മാര്‍ കുരയ്ക്കും ശ്രീമതിമാര്‍ അധികാര വ്യഭിചാരങ്ങള്‍ നടത്തും എന്നായിരിക്കുന്നു കേരത്തിലെ അവസ്ഥ.
ഈ നാണക്കേട്‌ സഹിക്കാനാവാതെയാണ്‌ പൊതുസമൂഹം ചോദിക്കുന്നത്‌ അച്യുതാനന്ദന്‍ ഇത്രയ്ക്ക്‌ വഞ്ചകനാകാമായിരുന്നോ എന്ന്‌?
മറുപടി പറയേണ്ടി വരും സഖാവേ..., നിങ്ങള്‍.

No comments: