Friday, October 16, 2009

നാദാപുരം: ഉത്തരവാദികള്‍ പോലീസും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും


നാദാപുരം മേഖലയെല്‍ കഴിഞ്ഞ കുറെ ദിവസമായി അക്രമികളുടെ കൂത്തരങ്ങാക്കിമാറ്റിയതില്‍ പോലീസിനും മാര്‍ക്സിസ്റ്റുപാര്‍ട്ടിക്കുമുള്ള പങ്ക്‌ വിലയിരുത്തിയശേഷം മാത്രം മതി ആതിരേ, സംഭവങ്ങള്‍ മുതലെടുത്ത സാമൂഹിക വിരുദ്ധ ശക്തികളെക്കുറിച്ച്‌ സംസാരിക്കാന്‍.
കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ആരംഭിച്ച സമൂഹവിരുദ്ധ പ്രവര്‍ത്തികളില്‍ ലക്ഷകണക്കിന്‌ രൂപയാണ്‌ കൊള്ളയടിക്കപ്പെട്ടതും തീവെച്ച്‌ നശിപ്പിക്കപ്പെട്ടതും. അക്രമ പരമ്പരയില്‍ പരിക്കേറ്റവരില്‍ ഭൂരിഭാഗവും നിരപരാധികളായിരുന്നു. തകര്‍ക്കപ്പെട്ടതും തീവെച്ച്‌ നശിപ്പിക്കപ്പെട്ടതുമായ വാഹനങ്ങളും നിരപരാധികളുടേതുതന്നെ. കലാപത്തിന്റെ ഒരു ഭാഗത്ത്‌ മാര്‍ക്സിസ്റ്റുപാര്‍ട്ടിയും പോലീസും മറുഭാഗത്ത്‌ മുസ്ലിം ലീഗും അണിനിരന്നപ്പോഴാണ്‌ ഇടക്കാലത്തെ ശാന്തതയ്ക്കുശേഷം നാദാപുരത്ത്‌ വീണ്ടും സാമുഹികവിരുദ്ധ ശക്തികളുടെ വിളയാട്ടം ഉണ്ടായത്‌.
ഗുണ്ടാ നിയമ പ്രകാരം മുസ്ലിം ലീഗ്‌ പ്രവര്‍ത്തകനെ അറസ്റ്റ്‌ ചെയ്തതിനെതിരെ ലീഗ്‌ നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി തിങ്കളാഴ്ച നടന്ന പ്രകടനത്തെത്തുടര്‍ന്നാണ്‌ കഴിഞ്ഞ അഞ്ചുദിവസമായി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഇല്ലാതായ ഭീഷണിയുടെ അന്തരീക്ഷം സംജാതമായത്‌.
രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്‌ അറസ്റ്റ്‌ എന്ന്‌ ആരോപിച്ച്‌ നടത്തിയ മുസ്ലിം ലീഗിന്റെ പ്രതിഷേധ പ്രകടനം അവസാനിച്ചപ്പോള്‍ പോലീസിനു നേരെയുണ്ടായ കല്ലേറാണ്‌ അനിഷ്ട സംഭവങ്ങള്‍ക്ക്‌ തുടക്കമിട്ടത്‌. കല്ലെറിഞ്ഞവരെ നിയന്ത്രിക്കാനെന്നപേരില്‍ പോലീസ്‌ നടത്തിയ നര നായാട്ട്‌ പ്രശ്നം വഷളാക്കുകയായിരുന്നു. തങ്ങളുടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുന്ന യോഗം നടക്കാനിരിക്കെ പോലീസിനു നേരെ കല്ലെറിഞ്ഞ്‌ പ്രകോപനം ഉണ്ടാക്കുമോ എന്നാണ്‌ ലീഗ്‌ പ്രവര്‍ത്തകരുടെ ചോദ്യം. കല്ലേറ്‌ നടത്തി അന്തരീക്ഷം വഴളാക്കിയത്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കാരാണെന്ന്‌ ഇവര്‍ ആരോപിക്കുന്നു. രണ്ടായാലും പ്രകടനക്കാരെ നേരിടാനെന്നോണം പോലീസ്‌ നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ കണ്ണില്‍ക്കണ്ട വാഹനങ്ങളെല്ലാം അടിച്ചു തകര്‍ക്കുകയായിരുന്നു.
പോലീസിന്റെ ഈ താണ്ഡവം രാത്രി സിപിഎം ഏറ്റെടുത്തതോടെയാണ്‌ ആതിരേ, യഥാര്‍ത്ഥത്തില്‍ നാദാപുരത്ത്‌ വെട്ടുംകുത്തും ബോംബേറും ആരംഭിച്ചത്‌. ലീഗുകാരുടെ കല്ലേറില്‍ സിപിഎം നേതാവിനും പരിക്കേറ്റു എന്ന്‌ ആരോപിച്ചായിരുന്നു അവരുടെ തിരിച്ചടി. അതോടെ നാടന്‍ സ്റ്റീല്‍ ബോംബുകള്‍ തലങ്ങും വിലങ്ങും പൊട്ടുന്നതും വീടുകള്‍ കയറി ആക്രമിക്കുന്നതും കടകള്‍ കൊള്ളയടിക്കുന്നതുമാണ്‌ കണ്ടത്‌. കല്ലെറിഞ്ഞ ലീഗുകാരെ വിരട്ടിയോടിച്ച പോലീസ്‌ പക്ഷേ സിപിഎമ്മുകാര്‍ പ്രതികാരം ഏറ്റെടുത്തതോടെ നിശബ്ദരാകുകയായിരുന്നു. പോലീസിന്റെ ഈ മൗനം കുട്ടിസഖാക്കളുടെ വിളയാട്ടത്തിനു മാത്രമല്ല, ഗുണ്ടകളടക്കമുള്ള സാമൂഹിക വിരുദ്ധര്‍ക്ക്‌ മുതലെടുപ്പിനും അവസരം ഒരുക്കുകയായിരുന്നു.
ഇതേത്തുടര്‍ന്നാണ്‌ സിപിഎമ്മിന്റെ ഓഫീസുകള്‍ക്കും സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക്‌ നേരെയും അക്രമകാരികള്‍ തിരിഞ്ഞത്‌. മാദ്ധ്യമ പ്രവര്‍ത്തകരെ വരെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുന്ന സാഹചര്യമുണ്ടായി. ഇതിന്‌ മുന്‍കൈ എടുത്തത്‌ പക്ഷേ, സിപിഎം പ്രവര്‍ത്തകരായിരുന്നു.
അന്തരീക്ഷം ഇത്രത്തോളം കലുഷിതമായതോടെ കൊള്ളയും നിര്‍ബ്ബാധം അരങ്ങേറി. ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന യൂത്ത്‌ ലീഗുനേതാവ്‌ കെ.ടി.ഗഫൂറിന്റെ ഫര്‍ണിച്ചര്‍ കടയില്‍ നിന്ന്‌ പട്ടാപ്പകലാണ്‌ ലക്ഷക്കണക്കിനു രൂപയുടെ ഉപകരണങ്ങള്‍ ലോറിയില്‍ കടത്തിക്കൊണ്ടുപോയത്‌. പിന്നീട്‌ കടയ്ക്ക്‌ തീ ഇടുകയും ചെയ്തു. തുടര്‍ന്ന്‌ നാദാപുരം പെട്രോള്‍ പമ്പിനു സമീപത്തെ സിനിഷീന്റെ ബാറ്ററി കടയും അക്രമികള്‍ അഗ്നിക്കിരയാക്കി. നാദാപുരം ചേറ്റുകെട്ടിയില്‍ ലീഗ്‌ പ്രവര്‍ത്തകനായ പാട്ടത്തില്‍കാസിമിന്റെ വാഴകൃഷിയും വ്യാപകമായി നശിപ്പിച്ചു. ഇതെല്ലാം പോലീസിന്റെ കണ്‍മുന്നിലാണ്‌ നടന്നത്‌. എന്നിട്ടും ചെറുവിരല്‍ അനക്കാന്‍ പോലും ഒരു പോലീസുകാരനും തയ്യാറായില്ല.
ലീഗ്‌ സിപിഎം സംഘര്‍ഷം രൂക്ഷമായിതിനെത്തുടര്‍ന്ന്‌ കല്ലാച്ചിയില്‍ കലക്ടറുടെയും എഡിജിബിയുടെയും നേതൃത്വത്തില്‍ സമാധാന സമ്മേളനം നടന്നശേഷമാണ്‌ പുലര്‍ച്ചെ മേല്‍സൂചിപ്പിച്ച അക്രമ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറിയത്‌. ഇതില്‍ നിന്ന്‌ വ്യക്തമാകുന്നത്‌, സിപിഎം പ്രവര്‍ത്തകര്‍ പ്രതികാര നടപടിക്ക്‌ തയ്യാറായതോടെ മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം അനുസരിച്ച്‌ പോലീസ്‌ നിഷ്ക്രിയമായി എന്നു തന്നെയാണ്‌. അതായത്‌ നാദാപുരത്തെ ഈ ദിവസങ്ങളിലുണ്ടായ അനിഷ്ടസംഭവങ്ങളുടെയെല്ലാം ഉത്തരവാദികള്‍ പോലീസും സിപിഎമ്മും ആണെന്ന്‌ സാരം.
പോലീസ്‌ കസ്റ്റഡിയിലെടുക്കുന്ന പ്രതികളെ ബലം പ്രയോഗിച്ച്‌ മോചിപ്പിക്കുന്ന ഗുണ്ടായിസം ഏറ്റവും അധികം നടപ്പിലാക്കിയത്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയാണ്‌. കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിനിടയില്‍ ഇത്തരം 33 കേസുകളാണ്‌ കേരളത്തിലുണ്ടായത്‌. ഇതില്‍ പത്തൊമ്പതും പാര്‍ട്ടിയുടെ കോട്ട എന്ന്‌ അവകാശപ്പെടുന്ന കണ്ണൂരിലാണ്‌.
നാദാപുരം സംഭവങ്ങള്‍ക്ക്‌ മുമ്പാണ്‌ പാലക്കാട്‌ ജില്ലയില്‍ കോരിയാര്‍ ചള്ളയില്‍ വടിവാളുമായി പിടിയിലായ മാര്‍ക്സിസ്റ്റ്‌ പ്രവര്‍ത്തകന്‍ രാമദാസുമായി പോലീസ്‌ ജീപ്പ്പില്‍ വരുമ്പോള്‍ ആയുധങ്ങളുമായെത്തിയ ഒരു സംഘം ആക്രമിച്ച്‌ പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചത്‌. എന്നാല്‍ നേരം പുലര്‍ന്നപ്പേഴേയ്ക്കും പോലീസിന്‌ തങ്ങളുടെ വാക്ക്‌ വിഴുങ്ങേണ്ടി വന്നു. സായുധരായ സംഘമാണ്‌ തങ്ങളെ ആക്രമിച്ചതെന്ന ആദ്യത്തെ വിശദീകരണം പിന്‍വലിച്ച്‌ രാമദാസ്‌ മാത്രമാണ്‌ ആക്രമിക്കാനെത്തിയതെന്ന്‌ പറയാന്‍ പോലീസ്‌ നിര്‍ബ്ബന്ധിതമായി. സമാനസ്വഭാവമുള്ള നിരവധി സംഭവങ്ങള്‍ കോടിയേരി ബാലകൃഷ്ണന്റെ ഭരണ നേട്ടമായി ചൂണ്ടിക്കാണിക്കാവുന്നതാണ്‌. പോലീസ്‌ സ്റ്റേഷന്‌ ഉള്ളില്‍ കയറി സി.ഐ. അടക്കമുള്ളവരെ മര്‍ദ്ദിച്ച്‌ മാര്‍ക്സിസ്റ്റ്‌ പ്രവര്‍ത്തകരായ പ്രതികളെ രക്ഷിച്ച സംഭവവും ആരും മറന്നിട്ടില്ല. ക്രമസമാധാനപാലനത്തിനുള്ള ഇന്ത്യാ ടുഡേയുടെ പുരസ്ക്കാരം വാങ്ങി കോടിയേരി ഡല്‍ഹിയില്‍ നിന്ന്‌ കേരളത്തില്‍ എത്തിയപ്പോഴാണ്‌ എറണാകുളം ജില്ലയില്‍ ഡിവൈഎഫ്‌ ഐ നേതാവായ ഗുണ്ട എസ്‌.ഐ. മര്‍ദ്ദിച്ച്‌ കൈ തല്ലിയൊടിച്ചത്‌.
ഇത്തരം മൃഗീയതകള്‍ നിരന്തരം അരങ്ങേറിയിട്ടും പ്രതികള്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ പാര്‍ട്ടിയും സര്‍ക്കാരും തയ്യാറാകാതിരുന്നതുകൊണ്ടാണ്‌ ആതിരേ, കഴിഞ്ഞ തിങ്കഴാഴ്ച കസ്റ്റഡിയിലെടുത്ത ലീഗ്‌ പ്രവര്‍ത്തകനെ മോചിപ്പിക്കാന്‍ മുസ്ലിം ലീഗ്‌ പ്രവര്‍ത്തകര്‍ അക്രമാസക്തരായത്‌. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി അംഗങ്ങള്‍ക്ക്‌ നടത്താവുന്ന ഗുണ്ടായിസം മറ്റു പാര്‍ട്ടിപ്രവര്‍ത്തര്‍ക്കും ചെയ്യാമെന്ന തോന്നല്‍ വരുത്തി തീര്‍ത്തത്‌ പാര്‍ട്ടിയുടെ മുതിര്‍ന്ന സഖാക്കളും ആഭ്യന്തരമന്ത്രിയും ഡിജിപിയുമാണ്‌. തന്റെ കീഴിലുള്ള ജീവനക്കാരെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ കയ്യൂക്കൂള്ളവരും അവരുടെ പിന്തുണയുള്ള ഗുണ്ടകളും പൊതുനിരത്തിലിട്ട്‌ പേപ്പട്ടിയെ തല്ലിയപ്പോഴും വെട്ടിയപ്പോഴും ഒരക്ഷരം പോലും മിണ്ടാതെ ഒന്നു പ്രതിഷേധിക്കപോലും ചെയ്യാതെ വിശ്വസ്തദാസനായി ഡിജിപി മാറിയതിന്റെ കിരാതമായ പരിണാമമാണ്‌ തിങ്കളാഴ്ച നാദാപുരത്ത്‌ ഉണ്ടായത്‌. ആ അവസരം രൂക്ഷമാക്കാനാണ്‌ മാര്‍ക്സിസ്റ്റ്‌ ഇടപെടല്‍ സഹായകമായത്‌.
ഇത്തരത്തില്‍ കേരളത്തിലെ ജനങ്ങളുടെ സുരക്ഷിതത്വ ജീവിതം പന്താടുന്ന സമൂഹവിരുദ്ധ ശക്തികളായി മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ ഒരു വിഭാഗവും അവരുടെ പിന്തുണയുള്ള ഗുണ്ടകളും പരിണമിച്ചുകഴിഞ്ഞു. ഇവിടെ സമാധാന സമ്മേളനങ്ങള്‍ക്കോ അനുരജ്ഞന ചര്‍ച്ചകള്‍ക്കോ വിലയില്ലാതാകുന്നതും മറ്റൊന്നും കൊണ്ടല്ല, ഭരിച്ച്‌ നാടും നാട്ടാരുടെ ജീവനും കുട്ടിച്ചോറാക്കിയ ഈ സഖാക്കളുടെ കാലത്ത്‌ നാട്ടില്‍ സമാധാനമല്ല, വാഴുക ആതിറേ,മറിച്ച്‌ ഇത്തരം സമൂഹവിരുദ്ധ ശക്തികളായിരിക്കും മുടിയഴിച്ച്‌ ആടുക.
ഇതിനെ നിയന്ത്രിക്കണമെങ്കില്‍ ആഭ്യന്തരമന്ത്രിയും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയും ഡിജിപിയും ഇച്ഛാശക്തിയോടെ തീരൂമാനങ്ങള്‍ എടുത്തേ മതിയാവൂ. പക്ഷേ അവര്‍ അതിന്‌ സന്നദ്ധരല്ല എന്നാണ്‌ തുടര്‍ച്ചയായി ഉണ്ടാകുന്ന അനിഷ്ട സംഭവങ്ങള്‍ വ്യക്തമാക്കുന്നത്‌. ഈ നിലപാട്‌ മൂലം, പോലീസ്‌ സ്റ്റേഷന്‍ ആക്രമിച്ചെങ്കില്‍ മാത്രമേ നീതിയും ന്യായവും നടത്തിക്കിട്ടൂ എന്ന സമൂഹ വിരുദ്ധ ചിന്തയാണ്‌ ജനങ്ങളില്‍ ഇപ്പോള്‍ വേരോട്ടം നേടിയിട്ടുള്ളത്‌. പൊതു സമൂഹം കീടി ഈ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ എന്തായിരിക്കും കേരളത്തിന്റെ ഭാവി, ആതിരേ..?
സത്യം, ഈശ്വരനു പോലും അതു നിശ്ചയമുണ്ടവില്ല

No comments: