Thursday, July 31, 2014

പ്ലസ്‌ ടു: കോഴ @1000 കോടി;നഗ്നമായ ഭരണഘടനാ ലംഘനം

അനുവദിച്ച സ്‌കൂളുകളും ബാച്ചുകളും അര്‍ഹരായ വിദ്യാര്‍ത്ഥികളും തമ്മിലുള്ള അനുപാതം നോക്കിയാല്‍ ഈ കുംഭകോണത്തിന്റെ വ്യാപ്‌തി ഏതൊരു മന്ദബുദ്ധിക്കും ബോദ്ധ്യമാകും.ആവശ്യം അനുസരിച്ച്‌ മാത്രമാണ്‌ പ്‌്‌ളസ്‌ ടു അധിക ബാച്ചുകള്‍ അനുവദിച്ചത്‌ എന്നാണ്‌ മുഖ്യമന്ത്രി പറയുന്നത്‌.പക്ഷേ കണക്കുകള്‍ വ്യക്തമാക്കുന്നത്‌ ഭീഷണമായ ചിത്രമാണ്‌. പുതിയ ബാച്ചുകളില്‍ 21000 ഉം പുതിയ സ്‌്‌കൂളുകളില്‍ 6550 ഉും അപ്‌ഗ്രേഡ്‌ ചെയ്യുന്നവയില്‍ 7150 ഉും സീറ്റുകളും ചേര്‍ന്ന്‌ 34950 സീറ്റുകള്‍ പുതുതായി നിലവില്‍ വരും. ഇപ്പോള്‍ സംസ്ഥാനത്ത്‌ 3,90,000 പ്‌്‌ളസ്‌ ടു സീറ്റുകളും 39,640 വി.എച്ച്‌.സി, ഐ.റ്റി.ഐ, പോളീടെക്‌നിക്ക്‌ സീറ്റുകളുമുണ്ട്‌. ഇവയും പുതിയ സീറ്റുകളും ചേരുമ്പോള്‍ ഉപരി പഠനത്തിന്‌ 4,64,590 സീറ്റുകളുണ്ടാവും. ഉപരിപഠനത്തിന്‌ അര്‍ഹത നേടിയവരാകട്ടെ 4,42,678 പേരാണ്‌. എല്ലാവരും ഉപരിപഠന സാധ്യതകളുപയാഗിച്ചാലും 21912 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കും.കഴിഞ്ഞ അധ്യയന വര്‍ഷം 25,000 സീറ്റുകള്‍ഒഴിഞ്ഞുകിടന്നിരുന്നു.ഓപ്പണ്‍സ്‌്‌കൂളില്‍ ചേര്‍ന്നത്‌ 90,000 പേരും. ഇതു കൂടികണക്കിലെടുക്കുമ്പോള്‍ ഇത്രയധികം ബാച്ചുകളും സ്‌കൂളുകളും അനുവദിച്ചത്‌ എന്തിന്‌ ആര്‍ക്ക്‌ എന്ന്‌ ഊഹിക്കാന്‍ കവിടി നിരത്തേണ്ട ആവശ്യമില്ല.
പ്ലസ്‌ ടു അനുവദിക്കാന്‍ തന്നോട്‌ ഭരണകക്ഷിയുമായി ബന്ധമുള്ളവര്‍ ഒരു കോടി രൂപ ആവശ്യപ്പെട്ടു എന്ന്‌ കൊല്ലം പുത്തൂര്‍ എസ്‌എന്‍ജിഡി വെക്കേഷണള്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാനേജര്‍ ഓമന ശ്രീറാം കൂടി വെളിപ്പെടുത്തിയതോടെ, ആതിരേ, പ്ലസ്‌ ടു സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചത്‌ തല്‍പരകക്ഷികളുടെ മടിശീലയുടെ കനം മാത്രം നോക്കിയാണെന്ന്‌ വ്യക്തമായി.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബും സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫും അടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ പറഞ്ഞതെല്ലാം പച്ചക്കള്ളമായിരുന്നെന്നും പ്ലസ്‌ ടു സ്‌കൂളും അധിക ബാച്ചുകളും അനുവദിച്ചതിലൂടെ ഉണ്ടായ `നേട്ടം' ആയിരം കോടി രൂപയുടെ വിദ്യാഭ്യാസ കുംഭകോണമായിരുന്നെന്നും തെളിഞ്ഞു.ഈ പകല്‍ കൊള്ളയ്‌ക്ക്‌ ചൂട്ടുപിടിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശനെന്നും ബോദ്ധ്യമായി. ഈ വിഷയത്തില്‍ എംഇഎസ്‌.പ്രസിഡന്റ്‌ ഡോ.ഫസല്‍ ഗഫൂര്‍,കോഴിക്കോട്‌ ജില്ലയിലെ എളേറ്റില്‍ എം ജെ സ്‌കൂള്‍ സെക്രട്ടറി പോക്കര്‍,തിരുവനന്തപുരം പട്ടം സെന്റ്‌ മേരീസ്‌ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റവ.ഡോ.വര്‍ക്കി എ.വി, യുഡിഎഫ്‌ കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ തുടങ്ങിയവരുടെ വെളിപ്പെടുത്തലുകളും കൂട്ടിവായിക്കുമ്പോള്‍, ആതിരേ,മന്ത്രി കെ.സി.ജോസഫ്‌ പറഞ്ഞത്‌ വാസ്‌തവമാണെന്ന്‌ വരുന്നു.``ആവശ്യാനുസരണമാണ്‌'' പ്ലസ്‌ ടു സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചതെന്നും ആക്ഷേപമുള്ളവര്‍ തെളിവുകള്‍ സഹിതം മുന്നോട്ടു വന്നാല്‍ നടപടി എടുക്കാമെന്നുമായിരുന്നു വെല്ലുവിളിയുടെ സ്വരത്തില്‍ അദ്ദേഹം പറഞ്ഞത്‌.കോടികള്‍ കോഴ നല്‍കിയവരുടെ ആവശ്യാനുസരണമാണ്‌ പ്ലസ്‌ ടു സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചതെന്നതിന്‌ ഇനി മറ്റു തെളിവുകള്‍ ആവശ്യമില്ല. സ്‌കൂളും ബാച്ചും അനുവദിച്ചു കിട്ടാന്‍ ഒരു കട്ടന്‍ ചായ പോലും താന്‍ വാങ്ങി നല്‍കിയിട്ടില്ലെന്നായിരുന്നു,ഭരണ കൂടത്തിന്‌ ഓശാന പാടി വെള്ളപ്പള്ളി നടേശന്‍ വിശദീകരിച്ചത്‌.കോടികള്‍ നല്‍കിയില്ലെങ്കിലും സ്‌കൂളും ബാച്ചും കിട്ടാന്‍ മറ്റൊരു ഓപ്‌ഷന്‍ കൂടി ഉണ്ടായിരുന്നു എന്നാണ്‌ ഓമന ശ്രീരാം വെളിപ്പെടുത്തിയത്‌ . മൂന്ന്‌ അദ്ധ്യാപകരും ഒരു പ്യൂണും അടക്കമുള്ള നാല്‌ നിയമനങ്ങള്‍ വിട്ടുകൊടുത്താല്‍ സ്‌കൂളും ബാച്ചും കിട്ടുമായിരുന്നു.ഈ ഓപ്‌ഷനുകള്‍ക്കൊന്നും വഴങ്ങാതിരുന്നത്‌ കൊണ്ടാണ്‌ ഡോ.ഫസല്‍ ഗഫൂറിനും എള്ളേറ്റില്‍ ജെ.എം സ്‌കൂളിനും,കേരളത്തില്‍ ഏറ്റവും അധികം വിദ്യാര്‍ത്ഥികള്‍ എസ്‌എസ്‌എല്‍സി പരീക്ഷ എഴുതി ജയിച്ച പട്ടം സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളിനും അടക്കം നിരവധി സര്‍ക്കാര്‍ -കോര്‍പ്പറേറ്റ്‌ മാനേജ്‌മെന്റ്‌ സ്‌കൂളുകള്‍ക്ക്‌ കോഴ്‌സും ബാച്ചും കിട്ടാതെ പോയത്‌. എല്ലാ പഞ്ചായത്തിലും പ്ലസ്‌ ടു സ്‌കൂള്‍, സ്‌കൂളും ബാച്ചും അനുവദിക്കുമ്പോള്‍ സര്‍ക്കാര്‍ സ്‌കൂള്‍,കോര്‍പ്പറേറ്റ്‌ മാനേജ്‌മെന്റ്‌ സ്‌കൂള്‍,സിംഗിള്‍ മാനേജ്‌മെന്റ്‌ സ്‌കൂള്‍ എന്നിങ്ങനെയാകും മുന്‍ഗണന എന്നൊക്കെ പറഞ്ഞാണ്‌,ആതിരേ, സ്‌കൂളും ബാച്ചും അനുവദിച്ചതെങ്കിലും ലീഗും ഭരണമുന്നണിയിലെ ഉന്നതരും ആവശ്യപ്പെട്ട കോഴ കൊടുത്തവര്‍ക്ക്‌ എല്ലാം വാരിക്കോരിക്കൊടുത്ത്‌ കേരളീയരെ മുഴുവന്‍ കൊഞ്ഞാണന്മാരാക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടിയും ലീഗും കേരളാ കോണ്‍ഗ്രസും അബ്ദുറബ്ബും.സിംഗിള്‍ മാനേജ്‌മെന്റ്‌റ്‌ സ്‌കൂളുകളില്‍, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാതിരുന്നിട്ടും പുതിയ ബാച്ചിന്‌ സര്‍ക്കാര്‍ അനുമതി കൊടുത്തപ്പോള്‍ തഴയപ്പെട്ടത്‌ അര്‍ഹരായ സര്‍ക്കാര്‍-കോര്‍പ്പറേറ്റ്‌ മാനേജ്‌മെന്റ്‌ സ്‌കൂളുകളും വിദ്യാര്‍ത്ഥികളുമാണ്‌.ഇതിനെതിരെ ജനരോഷം പുകയുകയാണ്‌.പലയിടത്തും പ്രത്യക്ഷസമരത്തിനും നിയമ നടപടികള്‍ക്കും നാട്ടുകാര്‍ ഒരുങ്ങിക്കഴിഞ്ഞു.പത്തനംതിട്ടയിലെ പൂയപ്പള്ളിയില്‍ ഇന്നലെ ഹര്‍ത്താല്‍ ആചരിച്ചാണ്‌ പൊതുസമൂഹം ഈ കൊടിയ വഞ്ചനയ്‌ക്കെതിരേ പ്രതികരിച്ചത്‌.ഈ ജനരോഷത്തിന്‌ അനുരോധമായിട്ടാണ്‌ ഹൈക്കോടതിയുടെ നടപടി.പുതിയ പ്ലസ്‌ ടു സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചത്‌ സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനത്തിന്റെ വിശദാംശങ്ങള്‍ ഇന്ന്‌ (2014 ആഗസ്റ്റ്‌ ഒന്ന്‌) ബോദ്ധ്യപ്പെടുത്തണമെന്നാണ്‌ ഹൈക്കോടതിയുടെ നിര്‍ദേശം. 131 പുതിയ സ്‌കൂളുകളും 94 ഹൈസ്‌കൂളുകളുടെ അപ്‌ഗ്രഡേഷനും 495 പുതിയ ബാച്ചുകള്‍ക്കുമാണ്‌ സര്‍ക്കര്‍ അംഗീകാരം. കൊല്ലം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍ എന്നീ എട്ട്‌ ജില്ലകളിലാണ്‌ പ്ലസ്‌ ടുവിന്‌ അധികബാച്ച്‌ അനുവദിച്ചത്‌.ഇതില്‍ ഭൂരിപക്ഷവും സിംഗിള്‍ മാനേജ്‌മെന്‍ സ്‌കൂളുകളാണ്‌ ` അടിച്ചുമാറ്റിയത്‌'.
ആതിരേ,അനുവദിച്ച സ്‌കൂളുകളും ബാച്ചുകളും അര്‍ഹരായ വിദ്യാര്‍ത്ഥികളും തമ്മിലുള്ള അനുപാതം നോക്കിയാല്‍ ഈ കുംഭകോണത്തിന്റെ വ്യാപ്‌തി ഏതൊരു മന്ദബുദ്ധിക്കും ബോദ്ധ്യമാകും.ആവശ്യം അനുസരിച്ച്‌ മാത്രമാണ്‌ പ്‌്‌ളസ്‌ ടു അധിക ബാച്ചുകള്‍ അനുവദിച്ചത്‌ എന്നാണ്‌ മുഖ്യമന്ത്രി പറയുന്നത്‌.പക്ഷേ കണക്കുകള്‍ വ്യക്തമാക്കുന്നത്‌ ഭീഷണമായ ചിത്രമാണ്‌. പുതിയ ബാച്ചുകളില്‍ 21000 ഉം പുതിയ സ്‌്‌കൂളുകളില്‍ 6550 ഉും അപ്‌ഗ്രേഡ്‌ ചെയ്യുന്നവയില്‍ 7150 ഉും സീറ്റുകളും ചേര്‍ന്ന്‌ 34950 സീറ്റുകള്‍ പുതുതായി നിലവില്‍ വരും. ഇപ്പോള്‍ സംസ്ഥാനത്ത്‌ 3,90,000 പ്‌്‌ളസ്‌ ടു സീറ്റുകളും 39,640 വി.എച്ച്‌.സി, ഐ.റ്റി.ഐ, പോളീടെക്‌നിക്ക്‌ സീറ്റുകളുമുണ്ട്‌. ഇവയും പുതിയ സീറ്റുകളും ചേരുമ്പോള്‍ ഉപരി പഠനത്തിന്‌ 4,64,590 സീറ്റുകളുണ്ടാവും. ഉപരിപഠനത്തിന്‌ അര്‍ഹത നേടിയവരാകട്ടെ 4,42,678 പേരാണ്‌. എല്ലാവരും ഉപരിപഠന സാധ്യതകളുപയാഗിച്ചാലും 21912 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കും.കഴിഞ്ഞ അധ്യയന വര്‍ഷം 25,000 സീറ്റുകള്‍ഒഴിഞ്ഞുകിടന്നിരുന്നു.ഓപ്പണ്‍സ്‌്‌കൂളില്‍ ചേര്‍ന്നത്‌ 90,000 പേരും. ഇതു കൂടികണക്കിലെടുക്കുമ്പോള്‍ ഇത്രയധികം ബാച്ചുകളും സ്‌കൂളുകളും അനുവദിച്ചത്‌ എന്തിന്‌ ആര്‍ക്ക്‌ എന്ന്‌ ഊഹിക്കാന്‍ കവിടി നിരത്തേണ്ട ആവശ്യമില്ല. കോടികള്‍ എറിഞ്ഞ്‌ നേടിയെടുത്ത പ്ലസ്‌ ടു അനുമതി അധ്യാപക നിയമനത്തിലൂടെ പരിഹരിക്കാനാണ്‌, ആതിരേ, മാനേജ്‌മെന്റുകളുടെ ശ്രമം ഇപ്പോള്‍ ഗസ്റ്റ്‌ ആധ്യാപകരായാണ്‌ നിയമനം എങ്കിലും വൈകാതെ ഇവരെ സര്‍ക്കാരിന്‌ സ്ഥിരപ്പെടുത്തേണ്ടി വരും. ഇത്‌ മുന്നില്‍ കണ്ടാണ്‌ ഗസ്റ്റ്‌ അധ്യാപക നിയമനത്തിന്‌ മനേജ്‌മെന്റുകള്‍ കോഴ വാങ്ങുന്നത്‌. ജോലി ലഭിക്കും എന്ന്‌ ഉറപ്പുള്ളത്‌ കൊണ്ട്‌ പണം നല്‍കാന്‍ ഉദ്യോഗാര്‍ഥികളും തയ്യാറാണ്‌. ഒരു അധ്യാപക നിയമനത്തിന്‌ 25 മുതല്‍ 40 ലക്ഷം വരെയാണ്‌ മാനേജ്‌മെന്റുകള്‍ ആവശ്യപ്പെടുന്നത്‌. മുഴുവന്‍ ബാച്ചുകളുടേയും നിയമനം കഴിയുമ്പോള്‍ എകദേശം 1000 കോടി രൂപ മാനേജ്‌മെന്റുകളുടെ കൈയ്യിലെത്തും. സാമ്പത്തിക ചെലവില്ലാതെയാണ്‌ പുതിയ ബാച്ചുകളുടെ അനുമതി എന്ന്‌ സര്‍ക്കാര്‍ പറയുമ്പോഴും നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുമ്പോള്‍ കോടികളുടെ ബാധ്യതയാണ്‌ സര്‍ക്കാരിന്‌ ഉണ്ടാകാന്‍ പോകുന്നത്‌.
പ്ലസ്‌ ടു അധികബാച്ചുകളിലെ അധ്യാപക നിയമനങ്ങള്‍ താല്‍കാലികമാണെങ്കില്‍പോലും സര്‍ക്കാരിന്‌ കോടികളുടെ ബാധ്യത ഉണ്ടാക്കും, ആതിരേ! പുതിയതായി 699 ബാച്ചുകള്‍ വരുമ്പോള്‍ ഒരുബാച്ചില്‍ കുറഞ്ഞത്‌ അഞ്ച്‌ അധ്യാപകര്‍ വച്ച്‌ 3495 അധ്യാപകരെങ്കിലും വേണം. ഇവരുടെ ദിവസവേതനം 750 രൂപവച്ച്‌ ഒരു മാസം ആറുകോടിയിലേറെ ശമ്പളം ഇനത്തില്‍ സര്‍ക്കാര്‍ മാറ്റിവയ്‌ക്കണം. ചുരുക്കത്തില്‍ ഈ അധ്യയന വര്‍ഷം സര്‍ക്കാരിന്‌ അധ്യാപകരുടെ ശമ്പളം ഇനത്തില്‍ മാത്രം ചെലവ്‌ 80 കോടിയിലേറെ രൂപയാണ്‌. ഒരു ബാച്ച്‌ പുതിയതായി തുടങ്ങുമ്പോള്‍ സര്‍ക്കാരിന്റെ അധിക ചെലവ്‌ വിദ്യാഭ്യാസ വകുപ്പിന്റെ തന്നെ കണക്കനുസരിച്ച്‌ 70ലക്ഷം രൂപയാണ്‌. വര്‍ഷത്തില്‍ 400 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത സര്‍ക്കാരിനുമേല്‍ വീഴുകയാണ്‌.എന്നിട്ടും സര്‍ക്കാരിന്‌ അധിക ബാധ്യത ഉണ്ടാകില്ലെന്ന്‌ വാദിച്ച്‌ കേരളീയരെ ഉണ്ണാക്കന്മാരാക്കുകയാണ്‌ ഉമ്മന്‍ ചാണ്ടിയും സഹമന്ത്രിമാരും.
ഇതിലെല്ലാം ഭീകരമായ മറ്റൊരു അടിവലിയാണ്‌, ആതിരേ, പുതിയ ബാച്ചുകളിലേക്കുള്ള പ്രവേശനത്തിന്‌ ഏകജാലക സംവിധാനം വേണ്ടെന്ന്‌ വച്ചത്‌.മുണ്ടശ്ശേരി മാഷിന്റെ വിദ്യാഭ്യാസ നിയമത്തിന്‌ ശേഷം ഈ മേഖലയിലുണ്ടായ വിപ്ലവകരമായ നടപടിയായിരുന്നു പ്ലസ്‌ ടു വിദ്യാഭ്യാസത്തിന്‌ ഏര്‍പ്പെടുത്തിയ ഏകജാലകം.നിക്ഷിപ്‌ത താത്‌പര്യങ്ങളെ ഉല്ലംഘിച്ച്‌ മെരിറ്റിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കിയിരുന്ന ആ സംവിധാനം തകര്‍ത്തുകൊണ്ട്‌ മാനേജ്‌മെന്റുകള്‍ക്ക്‌ തന്നിഷ്ടപ്രകാരം വിദ്യാര്‍ത്ഥി പ്രവേശനത്തിന്‌ അനുമതി നല്‍കുമ്പോള്‍ ഭരണഘടന അനുശാസിക്കുന്ന,സാമൂഹിക സമത്വത്തിന്റെ വാതായനമായ സംവരണ തത്വമാണ്‌ നഗ്നമായി ലംഘിക്കപ്പെടുക.ഏകജാലകം ഉപേക്ഷിച്ചതോടെ സയന്‍സ്‌ ബാച്ചുകള്‍ തുടങ്ങി കുട്ടികളെ പ്രവേശിപ്പിക്കാനാണ്‌ മാനേജ്‌മെന്റുകളുടെ നീക്കം. ഇതോടെ സയന്‍സ്‌, കൊമേഴ്‌സ്‌ ബാച്ചുകള്‍ കിട്ടാത്ത സാഹചര്യത്തില്‍ മറ്റ്‌ വിഷയങ്ങളെടുത്ത്‌ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ന്ന കുട്ടികള്‍ എയ്‌ഡഡ്‌ മേഖലയിലേക്ക്‌ വരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അങ്ങനെ വന്നാല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം കുറയുകയും പ്രവര്‍ത്തനം പ്രതിസന്ധിയിലാവുകയും ചെയ്യും.ആയിരം കോടിയുടെ കുംഭകോണവും ഭരണഘടനാ ലംഘനവുമാണ്‌ ചുരുക്കി പറഞ്ഞാല്‍ സര്‍ക്കാരിന്റെ പുതിയ പ്ലസ്‌ ടു നയത്തിന്റെ അന്തര്‍ധാര.
വിദ്യാര്‍ത്ഥികളുടെ മറവില്‍,സര്‍ക്കാര്‍ ചെലവില്‍ വിദ്യാഭ്യാസ വാണിക്കുകളുടെ പോക്കറ്റ്‌ വീര്‍പ്പിക്കാനുള്ള ഏറ്റവും ജുഗുപ്‌സാവഹമായ നടപടിയാണിത്‌.അശാസ്‌ത്രിയമായി,നിക്ഷിപ്‌ത താത്‌പര്യ പ്രകാരം കോഴ്‌സും ബാച്ചും അനുവദിച്ച സര്‍ക്കാര്‍ നടപടിയില്‍ പൊതുജന രോഷം ഇരമ്പുമ്പോഴും ഗര്‍ഹണീയമായ മൗനമാണ്‌ പ്രതിപക്ഷം പുലര്‍ത്തുന്നത്‌.സര്‍ക്കാരിനൊപ്പം ചേര്‍ന്ന്‌ വിദ്യാര്‍ത്ഥികളെയും രക്ഷകര്‍ത്താക്കളേയും പമ്പര വിഢികളാക്കുകയാണ്‌, ആതിരേ, പിണറായിയുടെ സിപിഎമ്മും ആ പാര്‍ട്ടി നേതൃത്വം കൊടുക്കുന്ന പ്രതിപക്ഷവും.

No comments: