Thursday, July 3, 2014
റാന്‍ മൂളിക്കാനൊരു തഹസില്‍ദാറും സ്‌ത്രീകള്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിക്കുന്ന വൈസ്‌ചാന്‍സലറും
വിദ്യാഭ്യാസത്തിലും സാക്ഷരതയിതുമൊക്കെ എത്ര മുന്നേറിയാലും മലയാളി സ്‌ത്രീകള്‍ക്ക് എന്നും വിവേചനത്തിന്റെ കയ്‌പ്പുനീര്‍ കുടിക്കേണ്ടി വരുമെന്നും അത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലുമെല്ലാം തുടര്‍ന്നു കൊണ്ടിരിക്കുമെന്നുമാണ് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.നീചമായ ജാതി ചിന്തയും നഗ്നമായ ലിംഗ വിവേചനവും കാണിച്ചിട്ടും കണ്ണൂര്‍ ഇരിട്ടി തഹസീല്‍ദാറിനെതിരേയോ കാലിക്കട്ട് വാഴ്‌സിറ്റി ചാന്‍സലര്‍ക്കെതിരായോ ഇതുവരെ നടപടിയുണ്ടായിട്ടില്ല.കേരളത്തെ നൂറ്റാണ്ടുകളോളം പിന്നാക്കം കൊണ്ടുപോകുന്ന ഈ അഹന്തയെക്കുറിച്ചറിഞ്ഞിട്ടും മൗനം പാലിക്കുകയാണ് ലിംഗസമത്വത്തിന് വേണ്ടി പോരാടുന്ന വനിതാസംഘടനകളും സംസ്ഥാനത്തെ പുരോഗമന- യുവജന സംഘടനകളും. സച്ചിനെ അറിയില്ലെന്ന് പറഞ്ഞതിന്റെ പേരില്‍ മറിയം ഷെറപ്പോവയെ ,അവരുടെ ഫേസ്‌ബുക്ക് വാളില്‍,മലായളത്തിലെ തെറിപ്പദങ്ങള്‍ കൊണ്ട് മൂടുന്ന പ്രതികരണ ശേഷികള്‍ ഇരിട്ടി തഹസില്‍ദാറിനോടും കാലിക്കട്ട് വാഴ്‌സിറ്റി ചാന്‍സലറോടും അനുരഞ്‌ജനപ്പെട്ടത് മലയാളികളുടെ അപായകരമായ സാമൂഹിക പരിണതിയുടെ സൂചകമാണ്.
ആതിരേ,ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ തനിക്കുമുന്നില്‍ തെയ്യം തോറ്റം പാടി സമുദായാചാരം പ്രദര്‍ശിപ്പിച്ച് റാന്‍ മൂളണമെന്ന് ശഠിച്ച തഹസില്‍ദാര്‍ തമ്പ്രാനും തന്നെ കാണാന്‍ സ്‌ത്രീകളെ അനുവദിക്കില്ലെന്ന് സര്‍ക്കുലര്‍ ഇറക്കിയ വൈസ് ചാന്‍സലര്‍ തമ്പ്രാനുംകേരളത്തിലാണ് ജീവിക്കുന്നതെന്ന് പറയുമ്പോള്‍,നാമൊക്കെ അഭിമാനിക്കുന്ന സാമൂഹിക നവോത്ഥാനവും സാക്ഷരതാ മുന്നേറ്റവും എത്ര അശ്ലീലകരമാണ്!
വിദ്യാഭ്യാസത്തിലും സാക്ഷരതയിതുമൊക്കെ എത്ര മുന്നേറിയാലും മലയാളി സ്‌ത്രീകള്‍ക്ക് എന്നും വിവേചനത്തിന്റെ കയ്‌പ്പുനീര്‍ കുടിക്കേണ്ടി വരുമെന്നും അത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലുമെല്ലാം തുടര്‍ന്നു കൊണ്ടിരിക്കുമെന്നുമാണ്, ആതിരേ, ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.നീചമായ ജാതി ചിന്തയും നഗ്നമായ ലിംഗ വിവേചനവും കാണിച്ചിട്ടും കണ്ണൂര്‍ ഇരിട്ടി തഹസീല്‍ദാറിനെതിരേയോ കാലിക്കട്ട് വാഴ്‌സിറ്റി ചാന്‍സലര്‍ക്കെതിരായോ ഇതുവരെ നടപടിയുണ്ടായിട്ടില്ല.കേരളത്തെ നൂറ്റാണ്ടുകളോളം പിന്നാക്കം കൊണ്ടുപോകുന്ന ഈ അഹന്തയെക്കുറിച്ചറിഞ്ഞിട്ടും മൗനം പാലിക്കുകയാണ് ലിംഗസമത്വത്തിന് വേണ്ടി പോരാടുന്ന വനിതാസംഘടനകളും സംസ്ഥാനത്തെ പുരോഗമന- യുവജന സംഘടനകളും. സച്ചിനെ അറിയില്ലെന്ന് പറഞ്ഞതിന്റെ പേരില്‍ മറിയം ഷെറപ്പോവയെ ,അവരുടെ ഫേസ്‌ബുക്ക് വാളില്‍,മലായളത്തിലെ തെറിപ്പദങ്ങള്‍ കൊണ്ട് മൂടുന്ന പ്രതികരണ ശേഷികള്‍ ഇരിട്ടി തഹസില്‍ദാറിനോടും കാലിക്കട്ട് വാഴ്‌സിറ്റി ചാന്‍സലറോടും അനുരഞ്‌ജനപ്പെട്ടത്, ആതിരേ,മലയാളികളുടെ അപായകരമായ സാമൂഹിക പരിണതിയുടെ സൂചകമാണ്.
പേരാവൂര്‍ മണത്തണയിലെ ഐശ്വര്യ പ്രകാശനാണ് ഉത്തരവാദിത്തപ്പെട്ട ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെജാതിവംശ ചിന്തയുടെ ഇരയായി സര്‍ക്കാര്‍ ഓഫീസില്‍ അപമാനിക്കപ്പെട്ടത്. കോളജ് പ്രവേശനത്തിനായാണ് ഐശ്വര്യ പ്രകാശന്‍ ജാതി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചത്.പട്ടികജാതിയിലുള്‍പ്പെടുന്ന വണ്ണാന്‍ സമുദായാംഗമാണ് ഐശ്വര്യ. സമുദായാചാരവും കലയുമായ തെയ്യം തോറ്റം പാട്ടും നാട്യം പഠിക്കലും ശാസ്‌ത്രീയമായി വേണം അഭ്യസിക്കാന്‍. പ്രധാനമായും ഇതു കേട്ടും കണ്ടുമാണ് പഠിക്കണ്ടത്. ഈ കലയില്‍ മികവു പ്രകടിപ്പിക്കുന്ന സമുദായാംഗങ്ങള്‍ക്കു ക്ഷേത്രാധികാരികള്‍ പട്ടും വളയും നല്‍കുന്ന കീഴ്‌വഴക്കമുണ്ട്.മൂന്നുവട്ടം റാന്‍ മൂളിയാണ് സമുദായാംഗങ്ങള്‍ തമ്പ്രാനില്‍ നിന്ന് അംഗീകാരമേറ്റുവാങ്ങുക. അര്‍ഹതപ്പെട്ട സര്‍ട്ടിഫിക്കറ്റു ലഭിക്കുന്നതിന് ഇതേ രീതിയിലുള്ള കീഴ്‌വഴക്കം നടത്തണമെന്നാണ്, ആതിരേ, തഹസീല്‍ദാറുടെ നിര്‍ബന്ധം.അത് അംഗീകരിക്കാന്‍ പറ്റില്ലെന്നാണ് ഐശ്വര്യയുടെ നിലപാട്.
ഐശ്വര്യയുടെ പിതാവ് വി.കെ. പ്രകാശന്‍ വണ്ണാന്‍(എസ്.സി) സമുദായത്തില്‍ പെട്ട ആളും മാതാവ് ശാലിയ (ഒ.ബി.സി)യില്‍ പെട്ട ആളുമാണ്. വണ്ണാന്‍ സമുദായത്തിന്റെ ആചാരാനുഷ്‌ഠാനങ്ങള്‍ പാലിച്ചും ആ സമുദായത്തിന്റെ സാമൂഹികാവസ്ഥയിലുമാണ് ഐശ്വര്യയുടെ ജീവിതവും. അതുകൊണ്ടാണു ഡിഗ്രിതലം വരെയും എസ്.സി. ജാതിസര്‍ട്ടിഫിക്കറ്റു തന്നെ ലഭിച്ചത്. ഐശ്വര്യയുടെ അനുജത്തി അമൃത പ്രകാശനും രണ്ടാഴ്‌ച മുമ്പ് ഇരിട്ടി താലൂക്കില്‍ നിന്നു തന്നെ എസ്.സി. ജാതി സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.ജാതി സര്‍ട്ടിഫിക്കറ്റ് അപേക്ഷ പരിശോധിച്ച് വണ്ണാന്‍ സമുദായത്തില്‍ പെട്ട ആളാണെന്നു വ്യക്തമാക്കി വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയതിനു ശേഷമാണ്, ആതിരേ, തഹസില്‍ദാര്‍ കുലത്തൊഴില്‍ വൈദഗ്‌ധ്യം പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെട്ടത്.
എന്നാല്‍, പട്ടികജാതിക്കാരുടെ സാമൂഹിക പശ്ചാത്തലമില്ലാത്ത മിശ്ര വിവാഹിതരുടെ മക്കള്‍ക്ക് ജാതി ആനുകൂല്യം നല്‍കാനാവില്ലെന്ന സുപ്രീം കോടതി-ഹൈക്കോടതി ഉത്തരവും കിര്‍ത്താഡ്‌സ് റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥര്‍ ജാതിസര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നത്. പ്രഫഷണല്‍ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട ഒരു കേസില്‍ മിശ്രവിവാഹിതരിലെ ഒരു പങ്കാളി പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുന്നുവെന്നതുകൊണ്ട് മാത്രം അവരുടെ മക്കള്‍ ആനുകൂല്യത്തിന് അര്‍ഹരാകില്ലെന്നും സാമുഹികസ്ഥിതി പരിഗണിക്കണമെന്നുമായിരുന്നു കോടതി നിര്‍ദേശം. ഈ കേസിലെ വിധി മറ്റു കേസുകള്‍ക്കു ബാധകമാകില്ലെന്ന്, ആതിരേ, സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നതുമാണ്.എന്നിട്ടാണ് തെയ്യം തോറ്റം പാറാനും റാന്‍ മൂളാനും തഹസീല്‍ദാര്‍ നിര്‍ബന്ധിച്ചത്.മാധ്യമങ്ങളിലൂടെ ഐശര്യ പ്രകാശന്റെ അവസ്ഥ പുറത്ത് വന്നിട്ടും പിന്തുണയുമായെത്താന്‍ പുരോഗമന സംഘടനകളോ യുവജന സംഘടനകളോ വനിതാ സംഘടനകളോ ഇതുവരെ തയ്യാറാകാത്തത് ജാതിചിന്തയുടെ ഉന്മൂലനത്തിനായി കേരളത്തിലെ നവോത്ഥാന നായകര്‍ നടത്തിയ ധിരോദത്തമായ പോരാട്ടങ്ങളെ നിന്ദിക്കുന്നതിനും നിസാരവത്‌ക്കരിക്കുന്നതിനും തുല്യമാണ്.സവര്‍ണ ജാതിചിന്തയിലും അതിന്റെ പുരോഗമനവിരുദ്ധതയിലും അഭിരമിക്കുന്ന ബിജെപിക്ക് ,കേരളത്തില്‍, അഭൂതപുര്‍വമായ പിന്തുണ കിട്ടിയ സാഹചര്യത്തില്‍ ഇത്തരം ജാതിവിവേചനത്തിന്റെ ഇരകള്‍ ഇനിയും സൃഷ്ടിക്കപ്പെടുമെന്ന ഭീഷണാവസ്ഥ കണ്ടില്ലെന്ന് നടിച്ചു കൂടാ.
സമാനമായ ദൂഷിതാവസ്ഥ സൃഷ്ടിച്ച് താഴ്‌ന്ന ജാതിക്കാര്‍ക്ക് ക്ഷേത്രാനുമതി നിഷിദ്ധമായിരുന്ന കാലത്തെ അനുസ്‌മരിപ്പിച്ച് കൊണ്ടാണ്, ആതിരേ, വടക്കന്‍ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും ഉയര്‍ന്ന പദവി വഹിക്കുന്ന ഒരു ഉദ്യോഗസ്ഥന്റെ അഹന്ത വാലുപൊക്കിയിരിക്കുന്നത് . വനിതകള്‍ക്ക് ചേംബറില്‍ സന്ദര്‍ശന വിലക്കേര്‍പ്പെടുത്തിക്കൊണ്ട് കാലിക്കറ്റ് സര്‍വ്വകലാശാല വി.സി ജൂണ്‍ 28നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.
സ്‌ത്രീ വിദ്യാഭ്യാസത്തിലും സാക്ഷരതയിലും ഏറെ മുമ്പിലെന്ന് അഭിമാനിക്കുന്ന മലയാളികളെ ഒന്നാകെ അപമാനിക്കുകയാണ്, സ്‌ത്രീകള്‍ക്ക് സന്ദര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടിയിലൂടെ കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ .സംസ്ഥാനത്ത് ഏറ്റവുമധികം കോളേജുകള്‍ അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന സര്‍വ്വകലാശാലയാണ് കാലിക്കറ്റ് സര്‍വ്വകലാശാല. 280 ലധികം കോളേജുകള്‍. വിവിധ കോളേജുകളിലായി ആയിരക്കണക്കിനു വിദ്യാര്‍ഥിനികളാണ് സര്‍വ്വകലാശാലക്കു കീഴില്‍ പഠിക്കുന്നത്. വിവിധ വകുപ്പുകളിലായി ജോലി ചെയ്യുന്ന വനിതാ ജീവനക്കാരും അദ്ധ്യാപികമാരും വേറെയും. ഇവരെയൊക്കെ അവഹേളിക്കുന്നതും വാഴ്‌സിറ്റിയില്‍ വിവേചനപൂര്‍ണ്ണമായ ഭരണ നിര്‍വഹണം അനുവദിക്കുന്നതുമാണ് പുതിയ സര്‍ക്കുലര്‍.
ചാവേര്‍ വനിതകളെയും അത്തരം ഗുണ്ടകളെയും മുന്നില്‍ കണ്ട് സ്വയംരക്ഷ എന്ന ചിന്തയില്‍ നിന്നാണത്രേ ഇത്തരമൊരു വിശേഷപ്പെട്ട സര്‍ക്കുലര്‍ ഇറക്കാന്‍ വിസി മുതിര്‍ന്നത്. മാന്യ സ്‌ത്രീകളെ പരാമര്‍ശിച്ചിട്ടില്ലെന്ന് വിസി എടുത്തു പറയുന്നു. തന്നെ അപായപ്പെടുത്താനും ആക്രമിക്കാനും സംഘടിത നീക്കം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ കര്‍ക്കശമാക്കി ഉത്തരവ് ഇറക്കിയതെന്നു വാദിക്കുന്ന വിസി, അക്രമിക്കാന്‍ വരുന്നവര്‍ സ്‌ത്രീകള്‍ ആയിരിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു എന്നതാണ്, ആതിരേ, ഞെട്ടിപ്പിക്കുന്ന വാസ്‌തവം.സ്‌ത്രീകള്‍ക്ക് പങ്കാളിത്തം കുറഞ്ഞ ഭരണ പരിഷ്‌കരണ പ്രക്രിയകള്‍ വാഴ്‌സിറ്റിയില്‍ നടപ്പിലാക്കുക വഴി വിസിയുടെ മനോനില എന്തെന്ന സംശയമാണ് ബാക്കി നില്‍ക്കുന്നത്.
യൂണിവേഴ്‌സിറ്റിയുടെ ഭൂമി ലീഗിന്റെ സ്വകാര്യ ട്രസ്റ്റുകള്‍ക്ക് കൈമാറാനുള്ള നീക്കത്തെ എതിര്‍ത്തതും കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് 1,47,500 രൂപ പ്രതിമാസ ശമ്പളം വാങ്ങുന്നതിന് പുറമേ കാര്‍ഷിക സര്‍വകലാശാലയിലെ പ്രഫസറായിരിക്കെ സ്വയം വിരമിച്ച അദ്ദേഹം പെന്‍ഷന്‍ ഇനത്തില്‍ 49,668 രൂപയും ഓരോ മാസവും വാങ്ങുന്നത് ചൂണ്ടിക്കാട്ടി സര്‍വീസ് സംഘടനകള്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയതും കാലിക്കട്ട് വാഴ്‌സിറ്റി പ്രോ വൈസ്‌ചാന്‍സലര്‍ കെ. രവീന്ദ്രനാഥിനെപ്പോലെ സര്‍വകലാശാല വിസി ഡോ. എം. അബ്ദുള്‍ സലാമും വ്യാജ വിസയില്‍ വിദേശസന്ദര്‍ശനം നടത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തതുമാണ് തന്നെ അപായപ്പെടുത്താനും ആക്രമിക്കാനും നടത്തുന്ന സംഘടിതനീക്കമായി വൈസ് ചാന്‍സലര്‍ വ്യാഖ്യാനിക്കുന്നത്.അബ്ദുറബ്ബ് എന്ന വിവരദോഷിത്തം കേരളത്തില്‍ വിദ്യാഭ്യാസമന്ത്രിയായി തുടരുന്നതിന്റെ ആസുരമായ പരിണതിയാണ്, ആതിരേ, ഡോ.എം.അബ്ദുള്‍ സലാമും അദ്ദേഹത്തിന്റെ തോന്ന്യാസങ്ങളും.
എന്നാല്‍ പ്രഥമ ദൃഷ്ട്യാ തന്നെ സ്‌ത്രീ വിരുദ്ധവും വിവേചനപരവുമായ ഈ നിലപാടിനെതിരെ ലിംഗ സമത്വത്തിനും ലിംഗ നീതിക്കും വേണ്ടി മുറവിളിക്കുന്ന വനിതാ സംഘടനകളൊന്നും പ്രതികരിക്കാതെ മൗനം പുലര്‍ത്തുന്നതാണ് അബ്ദുറബ്ബിനേക്കാളും അബ്ദുള്‍ സലാമിനേക്കാളും ഭയാനകം .
സമൂഹത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്കൊണ്ട് മാന്യതയും മാത്യകയുമാകേണ്ട ഒരു തഹസില്‍ദാറില്‍ നിന്നും ഒരു വാഴ്‌സിറ്റി വൈസ് ചാന്‍സലറില്‍ നിന്നുമാണ് മാനുഷിക മൂല്യങ്ങളെയും അവകാശങ്ങളെയും ചോദ്യം ചെയ്യുന്ന ഈ നീചനടപടികള്‍ ഉണ്ടായിരിക്കുന്നത്.എന്നിട്ടും പ്രതികരിക്കാതിരിക്കുന്ന കേരളീയ പൊതുസമൂഹത്തിന്റെ മാനസികഭാവമാണ്, ആതിരേ, ഇതിലൊക്കെ ആപത്‌ക്കരം.
Subscribe to:
Post Comments (Atom)
No comments:
Post a Comment