Monday, July 14, 2014
ജസ്റ്റിസ് വി.ആര്‍.കൃഷ്‌ണയ്യര്‍ :നീതിബോധത്തിന്റെ മാനവപൂര്‍ണിമ
ഒരു നൂറ്റാണ്ട് ദീര്‍ഘിച്ച ജീവിതത്തിലും അഞ്ചരപ്പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള പൊതുജീവിതത്തിലും ഏറെ സവിശേഷവും സംഘര്‍ഷങ്ങള്‍ നിറഞ്ഞതുമായ ഘട്ടം,ഐക്യ കേരളത്തിലെ ആദ്യമന്ത്രിസഭയില്‍,മുഖ്യമന്ത്രി ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ കീഴില്‍ മന്ത്രിയായിരുന്ന 28 മാസക്കാലമായിരുന്നു എന്ന് റിട്ട.ജസ്റ്റിസ് വി.ആര്‍.കൃഷ്‌ണയ്യര്‍ ഓര്‍ക്കുന്നു
തലശ്ശേരി കോടതിയില്‍ അഭിവൃദ്ധിപ്പെട്ടു കൊണ്ടിരുന്ന പ്രാക്ടീസും മികച്ച തൊഴില്‍ ഭാവിയുമണ്ടായിരുന്ന യുവ അഭിഭാഷകനായിരുന്നു അന്ന് അദ്ദേഹം. പൊതുരംഗത്ത് ഒട്ടേറെ സാധ്യതകളുണ്ടായിരുന്നു അഭിഭാഷകവൃത്തിക്ക്. .അതുപേക്ഷിച്ചാണ് അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങിയതും കേരളത്തില്‍ എന്നല്ല ലോകത്തില്‍ തന്നെ ആദ്യമായി ബാലറ്റ് രീതിയില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായതും.അതിന്റെ പരിസരം അദ്ദേഹം വിവരിക്കുന്നത് ഇങ്ങനെ: `` നിങ്ങള്‍ക്ക് `പുരോഗമന' ചായ്‌വുണ്ടെങ്കില്‍ ഇടതുപക്ഷപ്രസ്ഥാനങ്ങളാല്‍ ആകര്‍ഷിക്കപ്പെടും. ഗാന്ധിയുടെയും നെഹ്‌റുവിന്റെയും സ്വാധീനം അരുണിമ കലര്‍ന്ന അഭിരുചിയും ചേര്‍ന്ന് എന്റെ വീക്ഷണത്തെ പാകപ്പെടുത്തിയെങ്കിലും, ഒരു തരത്തിലും പ്രഖ്യാപിത സോഷ്യലിസ്റ്റ് പ്രക്ഷോഭങ്ങളൊന്നും കോളേജ് പഠനകാലത്ത് എന്നെ പ്രചോദിപ്പിച്ചില്ല. ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷകളും നെഹ്‌റുവിന്റെ ആത്മകഥയും വലിയൊരളവില്‍ എന്നെ സ്വാധീനിക്കുകതന്നെ ചെയ്‌തു. എന്റെ അഭിഭാഷകവൃത്തിയുടെ ഭൂമികയായിരുന്ന വടക്കേ മലബാറില്‍ കര്‍ഷകസമരങ്ങളും തൊഴിലാളി വര്‍ഗപ്രക്ഷോഭങ്ങളും സത്യാഗ്രഹപ്രസ്ഥാനവും നാല്‍പ്പതുകളില്‍തന്നെ പുറമേക്ക് പ്രകടമായിത്തുടങ്ങിയിരുന്നു. രാഷ്ട്രീയമായെന്നതിനെക്കാള്‍, തൊഴില്‍പരമായി ഞാനാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. മനുഷ്യസംബന്ധിയായ കാര്യങ്ങളില്‍ അതിര്‍വരമ്പുകള്‍ നിശ്ചയിക്കുക സാധ്യമല്ല. നിയമപ്രക്രിയയെന്നാല്‍ കക്ഷികളുടെ ദുരിതങ്ങളെ അഭിസംബോധന ചെയ്യലാണ്; ന്യായത്തോട് സഹഭാവമുണ്ടാകലാണ്; ചൂഷണങ്ങളോടുള്ള പ്രതിരോധമാണ്. യാദൃച്ഛികമായിട്ടായാലും സര്‍വകാലത്തേക്കും അതോടെ ഒരാളുടെ മനോഭാവം രൂപപ്പെടും; ജഡതുല്യമായ നിഷ്‌പക്ഷത അതോടെ അസ്‌തമിക്കും. ഈ പ്രക്രിയയില്‍നിന്ന് എനിക്കും മോചനമുണ്ടാവില്ല. വിശ്വസ്‌തനായ ഇടതുപക്ഷ അഭിഭാഷകനായി ഞാന്‍ വീക്ഷിക്കപ്പെട്ടു..``
ആതിരേ,ദുഷിപ്പിക്കുന്ന അധികാരത്തിന്റെ കെട്ടകാലത്തിലാണ് നാം ജീവിക്കുന്നത്.നീതിയും ന്യായവും ധര്‍മവും അനുനിമിഷം ലംഘിക്കുന്നതാണ് മാന്യതയെന്ന് വരുത്തിത്തീര്‍ത്തിട്ടുള്ള സ്വാര്‍ത്ഥതയുടെ ആസുരകാലം.അന്യനെ,അവന്‍ നിസ്വനും ,ദുര്‍ബലനും,അതിരുകള്‍ക്കപ്പുറത്തേയ്‌ക്ക് വലിച്ചെറിയപ്പെട്ടവനുമാണെങ്കില്‍ അവനെ അവഗണിച്ച് മുന്നേറുന്നതാണ് പുരോഗതിയെന്ന് വികൃതമായി അടയാളപ്പെടുത്തിയ വര്‍ത്തമാനകാലം; കലികാലം
ഇവിടെയാണ്,ആതിരേ, കബീറിനെ നാം ഓര്‍ത്തു പോകുന്നത്.കമ്പോളത്തില്‍ നിന്ന് തെല്ലുമാറിയാണ് അയാളുടെ നെയ്‌ത്തുശാല.അയാളുടെ നെയ്‌തുശാലയിലേയ്‌ക്ക് തിരിയുന്ന വഴിയില്‍ ഒരാളെ കണ്ടാല്‍ മതി കബീര്‍ നെയ്‌ത്ത് നിര്‍ത്തി അവിടം വരെ ചെന്ന് അയാളുടെ കൈചേര്‍ത്ത് പിടിച്ച് തന്റെ പണിശാലയിലേയ്‌ക്ക് കൊണ്ടുവരും.പിന്നെ കാല്‍കഴുകി അയാളെ അകത്ത് പ്രവേശിപ്പിക്കും.പോകുമ്പോള്‍ പാതയുടെ അറ്റം വരെ കൂടെ പോകും.ആ പാവപ്പെട്ട മനുഷ്യര്‍ക്ക് തിരിഞ്ഞു നോക്കാന്‍ ഭയമായിരുന്നു.കാരണം അവര്‍ കാഴ്‌ചയില്‍ നിന്ന് മറയുവോളം കൈകള്‍കൂപ്പി കബീര്‍ അവിടെ നില്‍പ്പുണ്ടാകും.കബീറിനെ കുറിച്ച് അവര്‍ ഇങ്ങനെയാണ് പറഞ്ഞിരുന്നത്:``പുലരി തൊട്ട് അന്തിവരെ നമ്മുടെ പാടങ്ങളില്‍ നാം അടിമകളാണ്.എന്നാല്‍ കബീറിന് മുന്നില്‍ മാത്രം നമ്മള്‍ ദൈവങ്ങളാണ് ''
കബീറിനെ പോലെ ,ന്യായപാലനരംഗത്ത് നീതിതേടുന്ന സാധാരണക്കാരെ ഈശ്വരന് തുല്യം ആദരിച്ച് നിയമനിര്‍മാണം നടത്തുകയും നിയവിധിയെഴുതുകയും ഈ തൊണ്ണൂറ്റി ഒന്‍പതാം വയസിലും നീതിക്കായുള്ള പോരാട്ടത്തിലെ മുന്നണിപ്പോരാളിയായി നില്‍ക്കുകയും ചെയ്യുന്ന ഏക നിയമജ്ഞനും സമര്‍പ്പിത ചേതസുമാണ് റിട്ടയേര്‍ഡ് ജസ്റ്റിസ് വി.ആര്‍.കൃഷ്‌ണയ്യര്‍.
ഒരു നൂറ്റാണ്ട് ദീര്‍ഘിച്ച ജീവിതം.അര നൂറ്റാണ്ട് കവിയുന്ന പൊതുജീവിതം.കാഴ്‌ച്ചപ്പുറങ്ങളിലും ഓര്‍മ്മപ്പുറങ്ങളിലും കേരളത്തിന്റെ ഇന്നത്തെ പരിണതിയിലെ നൂറുനൂറ് ചിത്രം,അനുഭവം.ജീവിച്ചിരിക്കുന്ന ആര്‍ക്കും അവകാശപ്പെടാനാവാത്ത അനന്യത. ആദ്യമായി ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത് മുതല്‍ സമൂഹത്തിലെ അധഃസ്ഥിതര്‍ക്കും നീതിനിഷേധിക്കപ്പെടുന്ന ദുര്‍ബലര്‍ക്കും വേണ്ടിയാണ് റിട്ടയേര്‍ഡ് ജസ്റ്റിസ് വി.ആര്‍.കൃഷ്‌ണയ്യര്‍ നിലകൊണ്ടത്.അതിന്റെ ഒടുവിലത്തെ തെളിവായിരുന്നു അബ്ദുള്‍ നാസര്‍ മഅദ്‌നിക്ക് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധി.ജാമ്യം അനുവദിക്കാന്‍ സുപ്രീം കോടതി അടിസ്ഥാനമാക്കിയ `ന്യായപ്രമാണം' ജസ്റ്റിസ് വി.ആര്‍.കൃഷ്‌ണയ്യരുടേതായിരുന്നു. ``ജാമ്യം എല്ലാവരുടെയും പ്രാഥമിക അവകാശവും അതിന്റെ നിഷേധം അപവാദവുമാണെന്ന''ജസ്റ്റിസ് കൃഷ്‌ണയ്യരുടെ ഒരു വിധി വാക്യം ഉദ്ധരിച്ചാണ് മഅദ്‌നിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത് .അന്യൂനമായ നീതിബോധത്തിന് കാലാതിവര്‍ത്തിയാകുന്ന അംഗീകാരം.
കേരളത്തിന്റെ സാമുഹിക,രാഷ്ട്രീയ,സാമ്പതിക,സാംസ്‌കാരിക,സാമുദായിക,നീതിനിര്‍വഹണ വ്യവഹാരങ്ങളില്‍ വിപ്ലവകരമായ വ്യതിയാനങ്ങള്‍ വരുത്തിയ നവോത്ഥാന കാലത്ത് ജീവിക്കുകയും വളരുകയും ആ പ്രക്രിയയുടെ തുടര്‍വ്യവഹാരങ്ങളില്‍ ഇടപെടുകയും ചെയ്‌ത മറ്റൊരു വ്യക്തി,ആതിരേ, ഇന്ന് ജീവിച്ചിരിപ്പില്ല.അതു കൊണ്ട് ആ കാലഘട്ടത്തിലെ മാറ്റങ്ങളുടെ,അതിന് കാരണക്കാരവരുടെ വിശദവിവരങ്ങള്‍ ശേഖരിച്ച് പ്രസിദ്ധീകരിക്കുക എന്ന ഉദ്ദേശ്യാത്തോടെ റിട്ട.ജസ്റ്റിസ് വി.ആര്‍.കൃഷ്‌ണയ്യരെ നേരിട്ടുകണ്ട് അക്കാര്യം അറിയിച്ചപ്പോള്‍ സന്തോഷത്തോടെ സമ്മതിച്ചു.ദീര്‍ഘനേരം ഇരിക്കാനും സംസാരിക്കാനും പ്രായത്തിന്റെ അവശതകള്‍ അനുവദിക്കാത്തത് കൊണ്ട് അറിയാനുള്ളവയെ കുറിച്ചുള്ള ചോദ്യങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു.അതനുസരിച്ച് 100 ചോദ്യം തയ്യാറാക്കി ആദ്യഘട്ടമെന്ന നിലയില്‍ 25 ചോദ്യം അദ്ദേഹത്തിന് നല്‍കി.`` യുവര്‍ ക്വസ്റ്റ്യന്‍സ് ഇന്‍ മലയാളം ആര്‍ പ്രൊഫൗണ്ട് ആന്‍ഡ് റൂട്ടഡ് ഇന്‍ ട്രഡിഷന്‍'' എന്ന മുഖവുരയോടെ,ആഴമേറിയ വിശകലനത്തോടെ,ആംഗലേയത്തില്‍ അതിനദ്ദേഹം മറുപടിയും നല്‍കി.അത്രയും കഴിഞ്ഞപ്പോള്‍ കാലം നമ്മെ തോല്‍പ്പിച്ചു എന്ന് പറയണം.ശാരീരികാവശതകള്‍ മൂലം മറ്റ് ചോദ്യങ്ങള്‍ക്ക് ഉടന്‍ മറുപടി നല്‍കാന്‍ കഴിയില്ല എന്നാണ് അദ്ദേഹത്തിന്റെ സെക്രട്ടറി അറിയിച്ചത്.അതു കൊണ്ട്,ലക്ഷ്യമിട്ടത് പോലെ റിട്ട.ജസ്റ്റിസ്.കൃഷ്‌ണയ്യര്‍ പിന്നിട്ട കാലത്തിന്റെ സമഗ്രമായ ചിത്രം തത്‌കാലം ലഭിച്ചില്ലെങ്കിലും ജനാധിപത്യ കേരളചരിത്രത്തിലെ ആ ശ്യാമനാളുകളെക്കുറിച്ച്-വിമോചനസമരകാലത്തെക്കുറിച്ച്-ഇന്നത്തെ തലമുറയ്‌ക്കെന്നല്ല അന്നത്തെ തലമുറയ്‌ക്കും അറിയാത്ത വാസ്‌തവങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു.
തൊണ്ണൂറ്റി ഒന്‍പതിന്റെ ശാരീരികാവശതകള്‍ക്ക് തളര്‍ത്താനാവാത്ത വിധം ഉന്നിദ്രമാണ്,ആതിരേ, ഇപ്പോഴും റിട്ട.ജസ്റ്റിസ്.കൃഷ്‌ണയ്യരുടെ നീതി ബോധവും സാധാരണക്കാര്‍ക്ക് നീതി ഉറപ്പിക്കാനുള്ള പോരാട്ടവും.മനുഷ്യാവകാശ സംരക്ഷണത്തിനായി പ്രവൃത്തിക്കുന്ന അറുപതോളം സംഘടനകളുടെ ഭാരവാഹിയാണ് ഇന്നും അദ്ദേഹം.``എയ്‌ജ് കനോട്ട് വിദര്‍ ഹര്‍,നോര്‍ കസ്റ്റം സ്റ്റെയ്‌ല്‍ ഹര്‍ ഇന്‍ഫിനിറ്റ് വെറൈറ്റി''എന്ന് ക്ലിയോപാട്രയെക്കുറിച്ചുള്ള ഷേക്‌സ്‌പിയറുടെ നിരീക്ഷണത്തിലെ ലാവണ്യാംശങ്ങള്‍ മാറ്റി അവിടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ പ്രതിഷ്‌ഠിച്ചാല്‍ റിട്ട.ജസ്റ്റിസ്.കൃഷ്‌ണയ്യര്‍ക്ക് നല്‍കാവുന്ന ഉദാത്തമായ ആദരമായിരിക്കും ആ വാക്കുകള്‍.
ആതിരേ,സാമൂഹിക നീതി ഉറപ്പാക്കാന്‍ മനുഷ്യത്വപൂര്‍ണമായ വിധികള്‍ കോടതികളില്‍ നിന്നും ഉണ്ടാകണമെന്ന് ഇന്നും റിട്ട.ജസ്റ്റിസ് വി.ആര്‍ കൃഷ്‌ണയ്യര്‍ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു .ജസ്റ്റിസ് കൃഷ്‌ണയ്യരുടെ 99ാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി കേരള ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച അനുമോദന സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലും `` ഇന്ത്യയില്‍ കോടിക്കണക്കിനു പാവപ്പെട്ടവരുണ്ടെങ്കിലും ഇവരുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ ഭരണാധികാരികള്‍ക്കു കഴിയുന്നില്ല.ഭരണഘടനയില്‍ വിഭാവന ചെയ്‌തതുപോലുള്ള സമസ്‌തസുന്ദര രാജ്യം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം.സാധാരണക്കാരുടെ ഉയര്‍ച്ചയ്‌ക്ക് ആവശ്യമായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമെ നല്ലൊരു ജനാധിപത്യരാജ്യമായി ഇന്ത്യയ്‌ക്ക് നിലനില്‍ക്കാനാകൂ'' എന്നാണ് അദ്ദേഹം ആഹ്വാനം ചെയ്‌തത്.
നഴ്‌സിംഗ് മേഖലയില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശലംഘനമാണെന്നും ഏതു നിരപരാധിയേയും പിടിക്കാന്‍ മാവോയിസ്റ്റ് ബന്ധംആരോപിക്കാമെന്നും നിരീക്ഷിക്കുമ്പോഴും തന്റെ നിലപാടുകളില്‍ കാലത്തിനൊരു മാറ്റവും വരുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് റിട്ട.ജസ്റ്റിസ് വി.ആര്‍ കൃഷ്‌ണയ്യര്‍ പ്രഖ്യാപിക്കുകയായിരുന്നു.`` ഒരോ പൗരന്മാരുടെയും കണ്ണുകളിലെ കണ്ണീര്‍ ഒപ്പേണ്ടത് ഒരു രാഷ്ട്രനേതാവിന്റെ കടമയാണ്. ദശലക്ഷം കണ്ണുകളിലെ നീരൊഴുക്ക് തടഞ്ഞില്ലെങ്കില്‍ താങ്കളുടെ അധികാരം പിന്നെന്തിന്? പ്രപഞ്ചത്തിന്റെ മാഗ്നാകാര്‍ട്ട അവഗണിക്കരുത്. ശക്തമായ എക്‌സിക്യൂട്ടിവിനേയും ശബ്ദായമാനമായ നിയമസഭകളേയും നിലക്കുനിര്‍ത്താത്ത നീതിപീഠമോ? നിയമം എന്നാല്‍ ജീവന്റെ നിയമമാണ്. നാം ആര്‍ക്കും നിയമം നിഷേധിക്കരുത് .നാം ആര്‍ക്കും നീതി വൈകിക്കരുത് .നാം ആര്‍ക്കും നിയമം വില്‍ക്കരുത്.അതു കൊണ്ട് പ്രധാനമന്ത്രീ, താങ്കള്‍ ഒരു രാഷ്ട്രനേതാവിന്റെ കടമ ചെയ്യുക`` എന്ന് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മാന്‍ മോഹന്‍ സിങ്ങിന് കത്തെഴുതിയപ്പോള്‍,ആതിരേ നീതിയുടെ തളാരത്ത പോരാളിയാണ് ഇന്നും താനെന്ന് അടയാളപ്പെടുത്തുകയായിരുന്നു റിട്ട.ജസ്റ്റിസ്.കൃഷ്‌ണയ്യര്‍.
''നെഹ്‌റുവിന്റെ ജീവചരിത്രം വായിച്ചാല്‍ സോഷ്യലിസം, രാജ്യസ്‌നേഹം, ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള നടപടിയിലൂടെ ജയില്‍വാസം എന്നിവ എന്തെന്ന് മനസ്സിലാക്കാം. രാഹുലാകട്ടെ ഒരു ദിവസംപോലും ജയില്‍വാസം അനുഭവിച്ചിട്ടില്ല.കൊളോണിയലിസത്തിനെതിരെയോ മുതലാളിത്തത്തിനെതിരെയോ ഒരു നടപടിയുമെടുക്കാതെ രാഹുലിപ്പോള്‍ വി.ഐ.പി ആയിരിക്കുന്നു `` എന്നു തുടങ്ങിയ രൂക്ഷ വിമര്‍ശനങ്ങളോടെ രാഹുല്‍ഗാന്ധിക്ക് കത്തെഴുതിയപ്പോള്‍ ദുഷിക്കുന്ന ,ദുഷിപ്പിക്കുന്ന അധികാരത്തോടും അതിന്റെ കിങ്കരന്മാരോടും താന്‍ അനുരഞ്‌ജനത്തിനില്ല എന്ന പ്രഖ്യാപിക്കുകയായിരുന്നു റിട്ട.ജസ്റ്റിസ്.കൃഷ്‌ണയ്യര്‍.
''ദരിദ്രരുടെ മനുഷ്യാവകാശങ്ങള്‍ സമ്പന്നര്‍ക്ക് വേണ്ടി ബലി കഴിക്കരുത്. ദരിദ്രരുടെ വോട്ട് വിലയ്‌ക്ക് വാങ്ങി സമ്പന്നര്‍ സര്‍ക്കാറിനുമേല്‍ അധികാരം ചെലുത്തുകയാണ്. എന്നാല്‍,സമ്മതിദാനാവകാശത്തിന്റെ പ്രാധാന്യം ഇല്ലാതാക്കാന്‍ ഒന്നിനും കഴിയില്ല.കേരളത്തില്‍ ഭൂമി വളരെ പരിമിതമാണ്. വീടില്ലാത്തവരും പട്ടിണിക്കാരുമായ കോടികള്‍ വസിക്കുന്ന കേരളത്തില്‍ നിലനില്‍പ്പിനുവേണ്ടി സമരം ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.ഇവരെ പറിച്ചെറിഞ്ഞ് നിര്‍മിക്കുന്ന വിശാല ഹൈവേകള്‍ സഞ്ചാരസ്വാതന്ത്ര്യം തടയാനുള്ളതാണ്`` എന്ന്, ടോള്‍ പിരിവില്ലാതെ സര്‍ക്കാര്‍ ചെലവില്‍ 30 മീറ്ററില്‍ നാലുവരിപ്പാത നിര്‍മിക്കാനുള്ള സര്‍വകക്ഷിയോഗ തീരുമാനം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ പ്രതികരിച്ചപ്പോള്‍,ആതിരേ, തന്നിലെ ഇടതുപക്ഷപ്പോരാളിക്ക് ഇന്നും യുവത്വം തന്നെയെന്ന് തെളിയിക്കുകയായിരുന്നു അദ്ദേഹം.
മഅദനിയുടെ തടങ്കലിന് പിന്നില്‍ വ്യക്തി വിരോധമാണെന്ന് തുറന്ന് പറയാനുള്ള ചങ്കൂറ്റം കാണിച്ചത് റിട്ട്. വി.ആര്‍. കൃഷ്‌ണയ്യരായിരുന്നു.മഅദനിക്കെതിരെ സാക്ഷി പറഞ്ഞവര്‍ തന്നെ മൊഴി പിന്‍വലിച്ചു.സ്വന്തം മൊഴി നിഷേധിച്ച് കോടതിയില്‍ കേസും കൊടുത്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇപ്പോഴത്തെ തടങ്കല്‍ അന്യായമാണ്. എന്തുകൊണ്ടും അദ്ദേഹം ജാമ്യത്തിന് അര്‍ഹനുമാണ്. രാജ്യത്തെ എല്ലാ പൗരന്മാരുടെയും മൗലിക മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുക എന്നത് എല്ലാ ജനങ്ങളുടെയും ഭരണഘടനാപരമായ ബാധ്യതയും അവകാശവുമാണ്.മഅദനിയുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കല്‍ സമൂഹത്തിന്റെ കര്‍ത്തവ്യമാണ്.ജാമ്യം എല്ലാവരുടെയും പ്രാഥമിക അവകാശവും അതിന്റെ നിഷേധം അപവാദവുമാണെന്നാണ് സുപ്രീംകോടതി ആവര്‍ത്തിച്ചു പറഞ്ഞ തത്ത്വം.അതുകൊണ്ട് അദ്ദേഹത്തെ സ്വതന്ത്രനാക്കി കേസ് വാദിക്കാന്‍ അനുവദിക്കണം.സംശയം എന്ന മരത്തിന്റെ തണലില്‍ യുക്തി തോല്‍ക്കുകയും ന്യായം മരിക്കുകയും ചെയ്യുന്നെന്ന പ്രസിദ്ധമായ അമേരിക്കന്‍ അഭിഭാഷകന്റെ അഭിപ്രായം പ്രസക്തമാണെന്നും കൃഷ്‌ണയ്യര്‍ ചൂണ്ടിക്കാട്ടി.
ആതിരേ,ബാബരി മസ്‌ജിദ് ഭൂമിയെ സംബന്ധിച്ച അലഹബാദ് ഹൈകോടതി ലഖ്‌നോ ബെഞ്ചിന്റെ വിധി തികച്ചും വിചിത്രമാണ്. ``ശരിയായ വിധിയല്ലിത്'' കൃഷ്‌ണയ്യര്‍ തുടരുന്നു: ``ഒന്നുകില്‍ ഭൂമി മുസ്ലിംകള്‍ക്ക് കൊടുക്കണം അല്ലെങ്കില്‍ ഹിന്ദുക്കള്‍ക്ക് നല്‍കണം. രണ്ടുമല്ലാതെ മൂന്ന് ജഡ്‌ജിമാര്‍ മൂന്ന് കഷണമാക്കി ഭൂമി വീതിച്ചത് ശരിയല്ല. ഈ വിധി വെറും തന്ത്രമാണ്. ന്യായാധിപന്മാര്‍ മതത്തിനും ജാതിക്കും അതീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും വേണം. അവരിലും വര്‍ഗീയത തീണ്ടിയിട്ടുണ്ടോ എന്ന സംശയം ജനിപ്പിക്കുന്നതാണ് ഭൂമി മൂന്ന് കഷണമാക്കിയ നടപടി. രണ്ട് വിഭാഗങ്ങള്‍ തമ്മിലെ വസ്‌തു തര്‍ക്കത്തില്‍ തീരുമാനമെടുക്കാന്‍ ഒരു ഹൈകോടതി 62 വര്‍ഷം കാത്തിരുന്നത് ലോകത്ത് മറ്റ് എവിടെയും കാണാന്‍ കഴിയില്ല. ഇതിനുവേണ്ടി സുപ്രീം കോടതി സമയം ചെലവഴിച്ചതും ന്യായീകരിക്കാനാകില്ല. വൈകിയ വേളയില്‍ സുപ്രീം കോടതി ഇടപെട്ട് വിധി എപ്പോള്‍ എങ്ങനെ പുറപ്പെടുവിക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. ഇതാണോ ഒരു സുപ്രീം കോടതിയുടെ ഉത്തരവാദിത്തം. ഹൈകോടതി എന്നത് ഉത്തരവാദിത്തബോധമുള്ള ന്യായാധിപന്മാരുടെ വേദിയാണ്. എപ്പോള്‍ വിധി പ്രസ്‌താവിക്കണമെന്ന് അവര്‍ക്കുമേല്‍ ഉത്തരവ് നല്‍കുകയെന്നത് അപമാനകരമാണ്. ഒരു ഹൈകോടതി വിധിയുടെ പേരില്‍ 144 ാം വകുപ്പ് പ്രഖ്യാപിച്ച് രാജ്യത്തെ സ്‌തംഭിപ്പിച്ചത് ന്യായീകരിക്കാനാകില്ല. നിരോധാജ്ഞ പ്രഖ്യാപിക്കുകവഴി സര്‍ക്കാര്‍ പൊതുജീവിതമാണ് സ്‌തംഭിച്ചത്. ഒരു വസ്‌തു തര്‍ക്കത്തിന്റെ പേരില്‍ ജനങ്ങളുടെ സഞ്ചാരഅഭിപ്രായസ്വാതന്ത്ര്യവും മറ്റ് മനുഷ്യാവകാശങ്ങളും തടഞ്ഞത് ദയനീയം എന്ന് മാത്രമേ പറയാന്‍ കഴിയൂ. നമ്മുടേത് 5000 വര്‍ഷത്തെ പക്വതയും സംസ്‌കാരവുമുള്ള രാജ്യമാണ്. ഒരു വിധിയുടെ പേരില്‍ ജനങ്ങള്‍ പരസ്‌പരം യുദ്ധം ചെയ്യുമെന്ന തെറ്റിദ്ധാരണയോടെ ലക്ഷക്കണക്കിന് സൈനികരെയും പൊലീസുകാരെയും വിന്യസിച്ചത് രാജ്യത്തിന് അപമാനകരമാണ്. ഇത്തരം നടപടികളിലൂടെ ഇനിയും രാജ്യത്തെ അപമാനിക്കരുതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനോട് അഭ്യര്‍ഥിച്ചപ്പോള്‍ ഈ വാര്‍ദ്ധക്യകാലത്തും മതനിരപേക്ഷ നീതിബോധത്തിന്റെ മുന്നണിപ്പോരാളിയാണെന്ന് അടിവരയിട്ട് സ്ഥാപിക്കുകയയിരുന്നു റിട്ട.ജസ്റ്റിസ്.വി.ആര്‍.കൃഷ്‌ണയ്യര്‍
ഒരു നൂറ്റാണ്ട് ദീര്‍ഘിച്ച ജീവിതത്തിലും അഞ്ചരപ്പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള പൊതുജീവിതത്തിലും ഏറെ സവിശേഷവും സംഘര്‍ഷങ്ങള്‍ നിറഞ്ഞതുമായ ഘട്ടം,ഐക്യ കേരളത്തിലെ ആദ്യമന്ത്രിസഭയില്‍,മുഖ്യമന്ത്രി ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ കീഴില്‍ മന്ത്രിയായിരുന്ന 28 മാസക്കാലമായിരുന്നു എന്ന് റിട്ട.ജസ്റ്റിസ് വി.ആര്‍.കൃഷ്‌ണയ്യര്‍ ഓര്‍ക്കുന്നു
തലശ്ശേരി കോടതിയില്‍ അഭിവൃദ്ധിപ്പെട്ടു കൊണ്ടിരുന്ന പ്രാക്ടീസും മികച്ച തൊഴില്‍ ഭാവിയുമണ്ടായിരുന്ന യുവ അഭിഭാഷകനായിരുന്നു അന്ന് അദ്ദേഹം. പൊതുരംഗത്ത് ഒട്ടേറെ സാധ്യതകളുണ്ടായിരുന്നു അഭിഭാഷകവൃത്തിക്ക്. .അതുപേക്ഷിച്ചാണ് അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങിയതും കേരളത്തില്‍ എന്നല്ല ലോകത്തില്‍ തന്നെ ആദ്യമായി ബാലറ്റ് രീതിയില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായതും.അതിന്റെ പരിസരം അദ്ദേഹം വിവരിക്കുന്നത് ഇങ്ങനെ: `` നിങ്ങള്‍ക്ക് `പുരോഗമന' ചായ്‌വുണ്ടെങ്കില്‍ ഇടതുപക്ഷപ്രസ്ഥാനങ്ങളാല്‍ ആകര്‍ഷിക്കപ്പെടും. ഗാന്ധിയുടെയും നെഹ്‌റുവിന്റെയും സ്വാധീനം അരുണിമ കലര്‍ന്ന അഭിരുചിയും ചേര്‍ന്ന് എന്റെ വീക്ഷണത്തെ പാകപ്പെടുത്തിയെങ്കിലും, ഒരു തരത്തിലും പ്രഖ്യാപിത സോഷ്യലിസ്റ്റ് പ്രക്ഷോഭങ്ങളൊന്നും കോളേജ് പഠനകാലത്ത് എന്നെ പ്രചോദിപ്പിച്ചില്ല. ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷകളും നെഹ്‌റുവിന്റെ ആത്മകഥയും വലിയൊരളവില്‍ എന്നെ സ്വാധീനിക്കുകതന്നെ ചെയ്‌തു. എന്റെ അഭിഭാഷകവൃത്തിയുടെ ഭൂമികയായിരുന്ന വടക്കേ മലബാറില്‍ കര്‍ഷകസമരങ്ങളും തൊഴിലാളി വര്‍ഗപ്രക്ഷോഭങ്ങളും സത്യാഗ്രഹപ്രസ്ഥാനവും നാല്‍പ്പതുകളില്‍തന്നെ പുറമേക്ക് പ്രകടമായിത്തുടങ്ങിയിരുന്നു. രാഷ്ട്രീയമായെന്നതിനെക്കാള്‍, തൊഴില്‍പരമായി ഞാനാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. മനുഷ്യസംബന്ധിയായ കാര്യങ്ങളില്‍ അതിര്‍വരമ്പുകള്‍ നിശ്ചയിക്കുക സാധ്യമല്ല. നിയമപ്രക്രിയയെന്നാല്‍ കക്ഷികളുടെ ദുരിതങ്ങളെ അഭിസംബോധന ചെയ്യലാണ്; ന്യായത്തോട് സഹഭാവമുണ്ടാകലാണ്; ചൂഷണങ്ങളോടുള്ള പ്രതിരോധമാണ്. യാദൃച്ഛികമായിട്ടായാലും സര്‍വകാലത്തേക്കും അതോടെ ഒരാളുടെ മനോഭാവം രൂപപ്പെടും; ജഡതുല്യമായ നിഷ്‌പക്ഷത അതോടെ അസ്‌തമിക്കും. ഈ പ്രക്രിയയില്‍നിന്ന് എനിക്കും മോചനമുണ്ടാവില്ല. വിശ്വസ്‌തനായ ഇടതുപക്ഷ അഭിഭാഷകനായി ഞാന്‍ വീക്ഷിക്കപ്പെട്ടു..``
തൊഴില്‍വിജയം നേടിയ യുവഅഭിഭാഷകന്‍, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും അറിയപ്പെടുന്നവന്‍, വിവിധ സംഘടനകളിലൂടെ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളി അങ്ങനെയൊരാള്‍ക്ക് ഇടതുപക്ഷ മേല്‍ക്കൈയുള്ളതല്ലായിരിക്കുകയും ചെയ്‌താല്‍ അയാള്‍ അനുയോജ്യനായ സ്ഥാനാര്‍ത്ഥി തന്നെ. സ്വാഭാവികമെന്നോണം, പുതിയ ഭരണഘടന പ്രകാരമുള്ള 1952 ലെ ഒന്നാം പൊതുതിരഞ്ഞെടുപ്പില്‍ വി.ആര്‍.കൃഷ്‌ണയ്യര്‍ സര്‍വസ്വീകാര്യനായ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി. മല്‍സരം കടുത്തതായിരുന്നെങ്കിലും, മണ്ഡലം ബഹുസമുദായങ്ങളുള്ളതായിരുന്നെങ്കിലും, വോട്ടു വ്യത്യാസം ഏതാനും ആയിരം മാത്രമായാലും, നിയമസഭാസീറ്റില്‍ അദ്ദേഹം ജയിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നു . കോണ്‍ഗ്രസിനോട് എതിര്‍പ്പുണ്ടായിരുന്നതുകൊണ്ട് മുസ്ലീംലീഗുപോലും പിന്തുണച്ചു. പ്രചാരണവും വോട്ടുപിടിത്തവും പത്രികയിറക്കലും സാക്ഷാല്‍ നെഹ്രുതന്നെ റാലിക്കെത്തുന്ന കോണ്‍ഗ്രസിനെ നേരിടലും ഒക്കെയായി കഠിനമായിരുന്നു തെരഞ്ഞെടുപ്പ്. യുവാക്കള്‍ക്ക് വോട്ടവകാശത്തിന്റെ ആദ്യനാളുകളായിരുന്നു അത്.
മലബാര്‍ അന്ന് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. രാജാജി, കാമരാജ്, സി.സുബ്രഹ്മണ്യം തുടങ്ങിയവരായിരുന്നു മദ്രാസ് നിയമസഭയില്‍ ഭരണപക്ഷബഞ്ചിലെ പ്രമുഖര്‍. ആന്ധ്രകേസരി പ്രകാശം, ജി.നാഗിറെഡ്‌ഢി, പി.രാമമൂര്‍ത്തി തുടങ്ങിയവര്‍ പ്രതിപക്ഷ ബഞ്ചുകളില്‍. ചോദ്യോത്തരവേളയിലും നിയമനിര്‍മ്മാണവേളയിലും പ്രതിപക്ഷത്തുനിന്ന് കാര്യമായി ഇടപെടുന്ന ഒരാളായിട്ടാണ് വി.ആര്‍.കൃഷ്‌ണയ്യര്‍ ശ്രദ്ധ നേടിയത്.
അദ്ദേഹം ഓര്‍ക്കുന്നു:``ഒരു അഭിഭാഷകന് തൊഴില്‍പരമായിത്തന്നെ കാര്യങ്ങള്‍ വ്യക്തമായും ബോധ്യപ്പെടുത്തും വിധവും അവതരിപ്പിക്കാന്‍ ശേഷിയുണ്ടാകും. വാക്കിന്റെ കരുത്ത് വളര്‍ത്തിയെടുക്കാന്‍ 1952 മുതല്‍ 56 വരെയുള്ള മദ്രാസ് നിയമസഭയിലെ കാലയളവ് എനിക്ക് ഒട്ടേറെ അവസരമേകി. പാര്‍ലെന്റേറിയന്മാരിലെ അത്ഭുതമായിരുന്ന രാജാജിയായിരുന്നു പ്രധാന പ്രചോദനം''
1956 അവസാനം, സംസ്ഥാന പുനഃസംഘാടനത്തോടെ മലബാറില്‍ നിന്നുള്ള എം.എല്‍.എമാര്‍ കേരളത്തിലേക്ക് മടക്കി അയക്കപ്പെട്ടു. കേരള നിയമസഭായിലേക്കുള്ള ആദ്യതിരഞ്ഞെടുപ്പില്‍ സ്വാഭാവികമായി സ്ഥാനാര്‍ത്ഥിയായിത്തീര്‍ന്ന കൃഷ്‌ണയ്യര്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി പിന്തുണയോടെ തലശ്ശേരിയില്‍നിന്ന് വിജയിച്ചു. ഇങ്ങനെയുള്ള പിന്തുണയോടെ ജയിച്ച ഏതാനും സ്വതന്ത്രന്മാരും ചേര്‍ന്ന് പാര്‍ടി നേരിയ ഭൂരിപക്ഷം കരസ്ഥമാക്കുകയും സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കപ്പെടുകയും ചെയ്‌തു. അങ്ങനെ കേരളനിയമസഭയിലേക്ക് നടന്ന ആദ്യതിരഞ്ഞെടുപ്പ് `` ബൂര്‍ഷ്വാ ബാലറ്റിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ടിക്ക് ഭൂരിപക്ഷം നേടിക്കൊടുക്കുകവഴി ചരിത്രസംഭവമായി. ലോകനയതന്ത്രജ്ഞനായി പേരുകേട്ട നെഹ്രു നയിക്കുന്ന കോണ്‍ഗ്രസിനെതിരെയാണ് പാര്‍ടി ആ ജയം നേടിയത് ``
കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ അതുല്യനായ നേതാവ് ഇ.എം.എസ് നമ്പൂതിരിപ്പാടിനെ ജനാധിപത്യപരമായ എല്ലാ കൂടിയാലോചനകള്‍ക്കും ശേഷം മുഖ്യമന്ത്രിയാവാന്‍ പാര്‍ട്ടി നിയോഗിച്ചു. എറണാകുളത്ത് ഒരു പൊതുയോഗം വിളിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ ചട്ടക്കൂടിനകത്തു നിന്നുകൊണ്ടുള്ള നിയുക്ത സര്‍ക്കാരിന്റെ തൊഴിലാളി വര്‍ഗ സമീപനത്തെക്കുറിച്ച് പാര്‍ടി നിലപാട് നേതാവെന്ന നിലയില്‍ ഇ.എം.എസ്.വ്യക്തമാക്കി. '' അംഗമാകാന്‍ അന്നുതന്നെ വൈകിട്ട് ഇ.എം.എസ് എന്നോട് അഭ്യര്‍ത്ഥിക്കുകയും എന്റെ എതിര്‍പ്പ് മറികടക്കുകയും ചെയ്‌തു.``
അടുത്ത പോസ്റ്റില്‍
വിമോചനസമരകാലം റിട്ട.ജസ്റ്റിസ് വി.ആര്‍.കൃഷ്‌ണയ്യര്‍ ഓര്‍മ്മിക്കുന്നു
Subscribe to:
Post Comments (Atom)
No comments:
Post a Comment