Saturday, July 19, 2014

``വിമോചന സമരത്തെ നെഹൃ തള്ളിപ്പറഞ്ഞിരുന്നു.പക്ഷെ..''

ബാലറ്റ്‌ പെട്ടിയിലൂടെ അധികാരത്തിലെത്തിയ ലോകത്തെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയില്‍ അംഗമായതും ആ മന്ത്രിസഭയെ പിരിച്ചു വിടാന്‍ കാരണമായ വിമോചന സമരമെന്ന `` അര്‍ദ്ധസൈനികസ്വഭാവത്തിലുള്ള അക്രമിസംഘങ്ങളുടെ:''ഗൂഢലോചനയെക്കുറിച്ചും റിട്ട്‌.ജസ്റ്റിസ്‌ വി.ആര്‍,കൃഷ്‌ണയ്യര്‍ക്ക്‌ പറയാനുള്ള വാസ്‌തവങ്ങള്‍ ബീഭത്സമാണ്‌.ഭരണഘടനാ വിരുദ്ധമായ വിഷലിപ്‌തമായ പ്രവര്‍ത്തനങ്ങളായിരുന്നു വിമോചന സമരമെന്ന പേരില്‍ കോണ്‍ഗ്രസും കത്തോലിക്കാ സഭയും അമേരിക്കാന്‍ സാമ്പത്തീക സഹായത്തോടെ കേരളത്തില്‍ നടത്തിയത്‌.കോണ്‍ഗ്രസിന്റെ ചീഞ്ഞ കളിയില്‍നിന്ന്‌ സമുന്നതനേതാക്കളായ ദാമോദരമേനോനെയും വി.കെ.കൃഷ്‌ണമേനോനെയും പോലുള്ളവര്‍ ഒഴിഞ്ഞുനിന്നു. എന്നാല്‍, ആര്‍.ശങ്കര്‍ സമരക്കാര്‍ക്ക്‌ പൂര്‍ണപിന്തുണയേകി.വാസ്‌തവങ്ങള്‍ തിരിച്ചറിഞ്ഞ നെഹൃ കോയമ്പത്തൂരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വിമോചനസമരത്തെ തള്ളിപ്പറഞ്ഞെങ്കിലും മലയാളമനോരമയും മാതൃഭൂമിയും ദീപികയുമടങ്ങിയ മുഖ്യധാരാ മാധ്യമങ്ങളും വിമോചന സമരത്തോടെ പ്രസിദ്ധീകരണമാരംഭിച്ച്‌ മറ്റ്‌ മുപ്പതോളം പത്രങ്ങളും നെഹൃവിന്റെ ഈ വിവേകത്തെ തമസ്‌കരിച്ചു.ഇന്ദിരയുടേയും കോണ്‍ഗ്രസിന്റേയും കത്തോലിക്കാ സഭയുടേയും പ്രതിലോമ നിലപാടുകള്‍ക്ക്‌ ഹല്ലേലുയ്യ പാടുകയായിരുന്നു അന്ന്‌ ഈ മാധ്യമ സിന്‍ഡിക്കേറ്റ്‌
റിട്ട.ജസ്റ്റിസ്‌ വി.ആര്‍.കൃഷ്‌ണയ്യര്‍:നീതി ബോധത്തിന്റെ മാനവപൂര്‍ണിമ-രണ്ടാം ഭാഗം) ആതിരേ,ബാലറ്റ്‌ പെട്ടിയിലൂടെ അധികാരത്തിലെത്തിയ ലോകത്തെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയില്‍ അംഗമായതും ആ മന്ത്രിസഭയെ പിരിച്ചു വിടാന്‍ കാരണമായ വിമോചന സമരമെന്ന `` അര്‍ദ്ധസൈനികസ്വഭാവത്തിലുള്ള അക്രമിസംഘങ്ങളുടെ:''ഗൂഢലോചനയെക്കുറിച്ചും റിട്ട്‌.ജസ്റ്റിസ്‌ വി.ആര്‍,കൃഷ്‌ണയ്യര്‍ക്ക്‌ പറയാനുള്ള വാസ്‌തവങ്ങള്‍ ബീഭത്സമാണ്‌.ഭരണഘടനാ വിരുദ്ധമായ വിഷലിപ്‌തമായ പ്രവര്‍ത്തനങ്ങളായിരുന്നു വിമോചന സമരമെന്ന പേരില്‍ കോണ്‍ഗ്രസും കത്തോലിക്കാ സഭയും അമേരിക്കാന്‍ സാമ്പത്തീക സഹായത്തോടെ കേരളത്തില്‍ നടത്തിയത്‌.കോണ്‍ഗ്രസിന്റെ ചീഞ്ഞ കളിയില്‍നിന്ന്‌ സമുന്നതനേതാക്കളായ ദാമോദരമേനോനെയും വി.കെ.കൃഷ്‌ണമേനോനെയും പോലുള്ളവര്‍ ഒഴിഞ്ഞുനിന്നു. എന്നാല്‍, ആര്‍.ശങ്കര്‍ സമരക്കാര്‍ക്ക്‌ പൂര്‍ണപിന്തുണയേകി.വാസ്‌തവങ്ങള്‍ തിരിച്ചറിഞ്ഞ നെഹൃ കോയമ്പത്തൂരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വിമോചനസമരത്തെ തള്ളിപ്പറഞ്ഞെങ്കിലും മലയാളമനോരമയും മാതൃഭൂമിയും ദീപികയുമടങ്ങിയ മുഖ്യധാരാ മാധ്യമങ്ങളും വിമോചന സമരത്തോടെ പ്രസിദ്ധീകരണമാരംഭിച്ച്‌ മറ്റ്‌ മുപ്പതോളം പത്രങ്ങളും നെഹൃവിന്റെ ഈ വിവേകത്തെ തമസ്‌കരിച്ചു.ഇന്ദിരയുടേയും കോണ്‍ഗ്രസിന്റേയും കത്തോലിക്കാ സഭയുടേയും പ്രതിലോമ നിലപാടുകള്‍ക്ക്‌ ഹല്ലേലുയ്യ പാടുകയായിരുന്നു അന്ന്‌ ഈ മാധ്യമ സിന്‍ഡിക്കേറ്റ്‌. അക്കാലത്തെ കുറിച്ച്‌ കൃഷ്‌ണയ്യര്‍ ഓര്‍ക്കുന്നത്‌ ഇങ്ങനെ:``ഒരു അഭിഭാഷകന്‌ തൊഴില്‍പരമായിത്തന്നെ കാര്യങ്ങള്‍ വ്യക്തമായും ബോധ്യപ്പെടുത്തും വിധവും അവതരിപ്പിക്കാന്‍ ശേഷിയുണ്ടാകും. വാക്കിന്റെ കരുത്ത്‌ വളര്‍ത്തിയെടുക്കാന്‍ 1952 മുതല്‍ 56 വരെയുള്ള മദ്രാസ്‌ നിയമസഭയിലെ കാലയളവ്‌ എനിക്ക്‌ ഒട്ടേറെ അവസരമേകി. പാര്‍ലെന്റേറിയന്മാരിലെ അത്ഭുതമായിരുന്ന രാജാജിയായിരുന്നു പ്രധാന പ്രചോദനം'' ``1956 അവസാനം, സംസ്ഥാന പുനഃസംഘാടനത്തോടെ മലബാറില്‍ നിന്നുള്ള എം.എല്‍.എമാര്‍ കേരളത്തിലേക്ക്‌ മടക്കി അയക്കപ്പെട്ടു. കേരള നിയമസഭായിലേക്കുള്ള ആദ്യതിരഞ്ഞെടുപ്പില്‍ സ്വാഭാവികമായി സ്ഥാനാര്‍ത്ഥിയായിത്തീര്‍ന്ന കൃഷ്‌ണയ്യര്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ടി പിന്തുണയോടെ തലശ്ശേരിയില്‍നിന്ന്‌ വിജയിച്ചു. ഇങ്ങനെയുള്ള പിന്തുണയോടെ ജയിച്ച ഏതാനും സ്വതന്ത്രന്മാരും ചേര്‍ന്ന്‌ പാര്‍ടി നേരിയ ഭൂരിപക്ഷം കരസ്ഥമാക്കുകയും സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കപ്പെടുകയും ചെയ്‌തു. അങ്ങനെ കേരളനിയമസഭയിലേക്ക്‌ നടന്ന ആദ്യതിരഞ്ഞെടുപ്പ്‌ '' ബൂര്‍ഷ്വാ ബാലറ്റിലൂടെ കമ്മ്യൂണിസ്റ്റ്‌ പാര്‍ടിക്ക്‌ ഭൂരിപക്ഷം നേടിക്കൊടുക്കുകവഴി ചരിത്രസംഭവമായി. ലോകനയതന്ത്രജ്ഞനായി പേരുകേട്ട നെഹ്രു നയിക്കുന്ന കോണ്‍ഗ്രസിനെതിരെയാണ്‌ പാര്‍ടി ആ ജയം നേടിയത്‌ `` കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയുടെ അതുല്യനായ നേതാവ്‌ ഇ.എം.എസ്‌ നമ്പൂതിരിപ്പാടിനെ ജനാധിപത്യപരമായ എല്ലാ കൂടിയാലോചനകള്‍ക്കും ശേഷം മുഖ്യമന്ത്രിയാവാന്‍ പാര്‍ടി നിയോഗിച്ചു. എറണാകുളത്ത്‌ ഒരു പൊതുയോഗം വിളിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ ചട്ടക്കൂടിനകത്തു നിന്നുകൊണ്ടുള്ള നിയുക്ത സര്‍ക്കാരിന്റെ തൊഴിലാളി വര്‍ഗ സമീപനത്തെക്കുറിച്ച്‌ പാര്‍ടി നിലപാട്‌ നേതാവെന്ന നിലയില്‍ ഇ.എം.എസ്‌.വ്യക്തമാക്കി. '' അംഗമാകാന്‍ അന്നുതന്നെ വൈകിട്ട്‌ ഇ.എം.എസ്‌ എന്നോട്‌ അഭ്യര്‍ത്ഥിക്കുകയും എന്റെ എതിര്‍പ്പ്‌ മറികടക്കുകയും ചെയ്‌തു.`` ''പ്രാദേശികതലത്തിലായിരുന്ന തൊഴിലെങ്കിലും അഭിഭാഷകവൃത്തി വഴി എനിക്ക്‌ കിട്ടിപ്പോന്ന ശമ്പളത്തേക്കാള്‍ കുറഞ്ഞതായിരുന്നു മന്ത്രിയാകുമ്പോഴുള്ള വരുമാനം (അഞ്ഞൂറ്‌ രൂപയായിരുന്നു അന്ന്‌ മന്ത്രിക്ക്‌ ശമ്പളം). അതിനാല്‍ തൊഴില്‍പരമായും സാമ്പത്തികമായും എനിക്ക്‌ ത്യാഗങ്ങള്‍ വേണ്ടിവന്നു. അറബിക്കടലിന്റെ ഓരത്തെ എന്റെ മനോഹരമായ ബംഗ്ലാവില്‍നിന്ന്‌ എനിക്ക്‌ ഒഴിയേണ്ടിവന്നു. ജീവിതത്തിലെ നല്ല ഒരു പാട്‌ കാര്യങ്ങള്‍ ഉപേക്ഷിച്ച്‌ ഒരു ചെറുസംസ്ഥാനത്തിന്റെ മന്ത്രിയായി കാര്യങ്ങള്‍ ഉപേക്ഷിച്ച്‌ ഒരു ചെറുസംസ്ഥാനത്തിന്റെ മന്ത്രിയായി തിരുവനന്തപുരത്ത്‌ പോകുകയെന്നത്‌ കുടുംബപരമായിക്കൂടി തീരുമാനിക്കേണ്ട ഒന്നായിരുന്നു. ഒടുവില്‍ ഞാന്‍ അങ്ങനെ തീരുമാനിച്ചു`` ''കേരള സംസ്ഥാനത്തിന്റെ രൂപീകരണത്തിനുമുമ്പ്‌ തിരുകൊച്ചിക്കും മലബാറിനുമിടക്ക്‌ ഒരു രാഷ്ട്രീയ ഉരുക്കുമറയുണ്ടായിരുന്നു. തിരുകൊച്ചിയിലെ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചും നേതാക്കളെക്കുറിച്ചും അതിനാല്‍ ഞാന്‍ ഏറെക്കുറെ അജ്ഞനായിരുന്നു. ഒരു പക്ഷെ, മലബാറിലെ രാഷ്ട്രീയ നേതൃനിരയെക്കുറിച്ചും സംഭവവികാസങ്ങളെക്കുറിച്ചും തിരുകൊച്ചി ജനതയും ഇതുപോലെതന്നെയായിരുന്നിരിക്കണം. എന്നിരുന്നാലും, ഐക്യകേരള സംസ്ഥാനം ആവേശകരമായി സ്വീകരിക്കപ്പെട്ടു. ഇങ്ങനെയൊരു സന്ദര്‍ഭത്തിലായിരുന്നു മന്ത്രിപദവിയിലേക്കുള്ള എന്റെ പ്രവേശം. നാമമാത്രമായല്ലാതെ എന്നെ കേള്‍ക്കാതിരുന്നവര്‍ എന്നെ ഉള്‍ക്കൊണ്ടു. ഒരു സംശയവുമില്ലാതെ എന്നില്‍ വിശ്വാസമര്‍പ്പിച്ച ഇ.എം.എസിനോട്‌ ഇക്കാര്യത്തില്‍ ഞാന്‍ നന്ദി പറയണം`` ആതിരേ,നിയമം, ജയില്‍, സാമൂഹ്യക്ഷേമം, ഊര്‍ജ്ജം, ജലസേചനം, ഉള്‍നാടന്‍ ജലഗതാഗതം എന്നീ വകുപ്പുകളായിരുന്നു കൃഷ്‌ണയ്യര്‍ക്ക്‌ ലഭിച്ചത്‌ . ഏതൊരു സര്‍ക്കാരിനും ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളായ ആഭ്യന്തരവും നീതിന്യായവും കൂടി പിന്നീട്‌ അദ്ദേഹത്തെ ഭരമേല്‍പ്പിച്ചു . ''ഏല്‍പിച്ച മേഖലകളിലെല്ലാം ഒരു മാറ്റം ഉണ്ടാക്കാനാകുമെന്ന പ്രതീക്ഷയില്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ എന്നെ മുഴുവനായും ചുമതലകള്‍ക്കായി ഞാന്‍ നീക്കിവെച്ചു`` എന്നാണ്‌ കൃഷ്‌ണയ്യര്‍ ഓര്‍ക്കുന്നത്‌.അദ്ദേഹം അന്ന്‌ നടത്തിയ ജയില്‍ പരിഷ്‌കരണം വിപ്ലവകരമായിരുന്നു.അതിന്‌ ശേഷം അത്തരത്തില്‍ ഒരു മാറ്റം ജയില്‍ കാര്യത്തില്‍ ഉണ്ടായിട്ടില്ല എന്നറിയുമ്പോഴാണ്‌ ശിക്ഷിക്കപ്പെട്ട തടവുകാരുടെ മനുഷ്യാവകാശത്തെക്കുറിച്ച്‌ അദ്ദേഹത്തിനുണ്ടായിരുന്ന ജാഗ്രതയും തീക്ഷ്‌ണതയും വ്യക്തമാകുക. കൃഷ്‌ണയ്യര്‍ തുടര്‍ന്നു:''മന്ത്രിയായിരിക്കെ പ്രധാനമന്ത്രി നെഹ്രുവിനെ കാണാനും വിവിധ വിഷയങ്ങളില്‍ അദ്ദേഹത്തോട്‌ കത്തിടപാടുകള്‍ നടത്താനും പിന്തിരിപ്പത്തരം നിറഞ്ഞ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ എതിര്‍പ്പുകള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ഉപദേശനിര്‍ദേശങ്ങള്‍ ആരായാനും എനിക്ക്‌ അവസരങ്ങളുണ്ടായി. ഇതെന്നെ അദ്ദേഹവുമായി അടുപ്പത്തിലേക്ക്‌ നയിച്ചു. നെഹ്രുവിന്റെ കുലീനമായ നയതന്ത്രജ്ഞതയോടും കലവറയില്ലാതെ കാഴ്‌ചപ്പാടുകള്‍ അവതരിപ്പിക്കുന്ന രീതിയോടും എനിക്ക്‌ വലിയ മതിപ്പുണ്ടായിരുന്നു. ആ കാഴ്‌ചപ്പാടുകള്‍ എന്നെ പ്രചോദിപ്പിച്ചു`` ''ബാലറ്റുപെട്ടിയിലൂടെയുള്ള കമ്മ്യൂണിസ്റ്റ്‌ വിജയം കോണ്‍ഗ്രസ്‌ ബൂര്‍ഷ്വാസിക്ക്‌ ദഹിക്കുക വിഷമമായിരുന്നു. അസാധാരണവും അപ്രതീക്ഷിതവുമായ ഈ പ്രതിഭാസം പരമ്പരാഗതരാഷ്ട്രീയക്കാരിലും കച്ചവടസമൂഹത്തിലും, കേരളത്തിലാണെങ്കില്‍ പള്ളിക്കാരിലും, ശത്രുതയുണര്‍ത്തി. പൊതുകാര്യങ്ങളില്‍ നിഷേധാത്മകശക്തിയായ നിലനിന്നുവരികയായിരുന്നു പള്ളി. തുടക്കം മുതലേ ഉന്നത കോണ്‍ഗ്രസ്‌ നേതാക്കള്‍ ഉണ്ടാക്കിയ പ്രതീതി കേരളത്തില്‍ ഭരണഘടന അപകടത്തിലാണെന്ന്‌. കാരണം, കമ്മ്യൂണിസ്റ്റുകാര്‍ക്ക്‌ അവരുടെ സിദ്ധാന്തപ്രകാരം നിയമവാഴ്‌ചയിലും ജനാധിപത്യത്തിലും വിശ്വാസമില്ലെന്നായിരുന്നു പൊതുധാരണ. മാര്‍ക്‌സിസ്റ്റുകാരുടെ എതിരാളിയായിരുന്നു സഭ.
പ്രഖ്യാപിക്കുകയല്ലാതെ നടപ്പാക്കാതിരുന്ന കോണ്‍ഗ്രസ്‌ പാര്‍ടിയുടെ പുരോഗമനപരമായ നയങ്ങളും പരിപാടികളും നടപ്പില്‍ വരുത്തലാണ്‌ തന്റെ സര്‍ക്കാരിന്റെ അടിസ്ഥാനനിലപാടെന്ന്‌ ഇ.എം.എസ്‌.നമ്പൂതിരിപ്പാട്‌ വിശദീകരിച്ചത്‌ ഞാനോര്‍ക്കുന്നു. കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ അല്ല, കോണ്‍ഗ്രസിന്റെ കാര്യപരിപാടിയായ ഭൂപരിഷ്‌കരണം, തൊഴിലാളികളുടെ അവകാശസംരക്ഷണം തുടങ്ങിയവയായിരുന്നു അടിയന്തിരപരിപാടികള്‍. സ്വാഭാവികമായും ഈ ഭരണകാര്യപരിപാടിയോട്‌ നേരിട്ട്‌ എതിര്‍പ്പുപ്രകടിപ്പിക്കാന്‍ കോണ്‍ഗ്രസിനോ സഭക്കോ ആയില്ല. ഭരണഘടനയുടെ ആധാരശിലയായ ഈ കാര്യപരിപാടി കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ പോരാട്ടത്തിനൊരുങ്ങിയ പ്രതിപക്ഷത്തെ നിരായുധമാക്കി. എന്നാല്‍, എതിര്‍ക്കാനും ഭരണം പിടിച്ചെടുക്കാനും തന്നെയായിരുന്നു അവരുടെ നീക്കം. നാഷണല്‍ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ ധേബാര്‍ജി കേരളത്തില്‍ വന്നു. തൊഴില്‍ത്തര്‍ക്കങ്ങളിലും കര്‍ഷകപ്രക്ഷോഭങ്ങളിലും ഇടപെടില്ലെന്ന പോലീസ്‌ നയത്തെ വിമര്‍ശിച്ചു. ആഭ്യന്തരമന്ത്രിയെന്ന നിലയ്‌ക്ക്‌ ഞാന്‍ അദ്ദേഹത്തെ കണ്ട്‌ സര്‍ക്കാരിന്റെ നയം പരമാവധി വ്യക്തമായി വിശദീകരിച്ചു. ക്രമസമാധാനസാഹചര്യം ആവശ്യപ്പെടുന്നപക്ഷം തീര്‍ച്ചയായും സര്‍ക്കാര്‍ ഇടപെടുമെന്നും പറഞ്ഞു. എന്നാലിത്‌ ന്യായമായ തൊഴില്‍ദാതാവിനെയും ഭൂവുടമയെയും പിന്തുണക്കുന്ന പരമ്പരാഗതനയമാവില്ലെന്നും അദ്ദേഹത്തിന്‌ വിശദീകരിച്ചുകൊടുത്തു. അദ്ദേഹത്തിന്‌ അതെല്ലാം ബോധ്യപ്പെട്ടുവെന്ന്‌ തോന്നി`` ''1958 ല്‍ ഡല്‍ഹിയില്‍ ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഓഫ്‌ ജൂറിസ്റ്റ്‌സ്‌ (ഐ.സി.ജെ) സമ്മേളനം ചേര്‍ന്നിരുന്നു. നെഹ്രുവായിരുന്നു ഉദ്‌ഘാടകന്‍. കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തിലിരിക്കുന്ന സ്ഥലത്ത്‌ ഭരണഘടന ആപത്തിലാണ്‌ പ്രതീതിയുണ്ടാക്കാന്‍ അവിടെ ശ്രമം നടന്നു. ഭരണഘടനാതകര്‍ച്ചയെക്കുറിച്ച്‌ അന്വേഷിക്കാന്‍ ഐ.സി.ജെ അദ്ധ്യക്ഷന്‍ തിരുവനന്തപുരം വരെ വന്നു. പ്രഗല്‍ഭ നിയമജ്ഞനായിരുന്ന അദ്ദേഹത്തെ ഭക്ഷണത്തിന്‌ ക്ഷണിച്ച്‌ കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ ഞാന്‍ മുന്‍കൈയെടുത്തു. ഇന്ത്യന്‍ ഭരണഘടനയുടെയും നിയമങ്ങളുടെയും മനുഷ്യാവകാശപ്രശ്‌നങ്ങളുടെയും പശ്ചാത്തലത്തില്‍ ഊന്നി ഞാന്‍ വസ്‌തുതകളും സംഭവങ്ങളും വിശദീകരിച്ചു. കമ്മ്യൂണിസ്റ്റുകാരുടെ സൈദ്ധാന്തികഭാഷയില്ല, നിയമഭാഷയിലാണ്‌ ഞാന്‍ കാര്യങ്ങള്‍ പറഞ്ഞത്‌. മദ്രാസിലേക്ക്‌ തിരിച്ചുപോയ അദ്ദേഹം അവിടെ കോസ്‌മോപൊളിറ്റന്‍ ക്ലബില്‍ നടത്തിയ പ്രസംഗത്തില്‍ സര്‍ക്കാരിന്റെ നയങ്ങളെക്കുറിച്ച്‌ അദ്ദേഹത്തിന്‌ എന്നില്‍നിന്നുണ്ടായ ബോധ്യം വെളിപ്പെടുത്തിയത്‌ കോസ്‌മോപൊളിറ്റന്‍ ക്ലബ്‌ പ്രസിഡന്റ്‌ പിന്നീടെന്നെ കത്തിലൂടെ അറിയിച്ചു`` ആതിരേ,കമ്മ്യൂണിസ്റ്റ്‌ ഭരണത്തിന്‌ സ്വീകാര്യത ലഭിച്ചുതുടങ്ങിയതോടെ പള്ളിക്കാര്‍ അസ്വസ്ഥരും പ്രതിപക്ഷപാര്‍ടികള്‍ കോപാകുലരും ആയി. ഭൂപരിഷ്‌കരണവും ക്ഷേമനടപടികളും സ്വകാര്യമാനേജ്‌മെന്റുകളുടെ പിടിയില്‍നിന്ന്‌ വിദ്യാഭ്യാസത്തെ മോചിപ്പിക്കലും കൃഷി, ജലസേചനം, വൈദ്യുതി എന്നീ രംഗങ്ങളിലെ പുരോഗമനപരമായ നയങ്ങളുമെല്ലാം ചേര്‍ന്നപ്പോള്‍ പ്രതിപക്ഷത്തിന്റെ അടിത്തറ ഇളകിത്തുടങ്ങി. തുടര്‍ന്നായിരുന്നു അവസരവാദസംഘങ്ങളുടെ മുന്‍നിരയില്‍ വിമോചനസമരം. ഇന്ദിരാഗാന്ധിയും സുചേതാ കൃപലാനിയും ഒക്കെ നയിച്ച കോണ്‍ഗ്രസിന്റെയും ഏതാണ്ട്‌ ഭീകരവാദികളെപ്പോലെയായി മാറിയ പള്ളിയുടെയും സാമുദായിക ശക്തികളുടെയുമൊക്കെ അംഗീകാരത്തോടെ ഭരണഘടനാവിരുദ്ധമായ നടപടികളിലേക്ക്‌ സമരം നീങ്ങി. ``അര്‍ദ്ധഭീകരവാദദൗത്യത്തോടെയുള്ള അക്രമാസക്തസമരത്തിന്റെ നേതൃറോളായിരുന്നു എന്‍.എസ്‌.എസ്‌.നായകനായിരുന്ന ബഹുമാന്യനായ മന്നത്ത്‌ പത്മനാഭന്‌. കമ്മ്യൂണിസ്റ്റ്‌ വിരുദ്ധതയുടെ പേരില്‍ പള്ളിയുടെ കായികപിന്തുണയും സമരത്തിനുണ്ടായി. മുസ്ലീംലീഗടക്കമുള്ള വര്‍ഗീയശക്തികളും പട്ടംതാണുപിള്ളയെപ്പോലുള്ള പ്രഗല്‍ഭമതികളും സര്‍ക്കാരിനെതിരെ അണിനിരന്നു. സംസ്ഥാനത്ത്‌ ക്രമസമാധാനവും ശാന്തിയും നിലനിര്‍ത്തല്‍ കടുത്ത വെല്ലുവിളിയായിരുന്നു എനിക്ക്‌. തീര്‍ച്ചയായും ഇ.എം.എസിന്റെ സര്‍വപിന്തുണയും എനിക്കുണ്ടായി'' ``വിമോചനസമരമെന്നായിരുന്നു പേരെങ്കിലും സര്‍ക്കാരിനെ അക്രമത്തിലൂടെ അട്ടിമറിക്കുകയായിരുന്നു അര്‍ദ്ധസൈനികസ്വഭാവത്തിലുള്ള അക്രമിസംഘങ്ങളുടെ പ്രഖ്യാപിതലക്ഷ്യം. തുടക്കത്തില്‍ എല്ലാ അക്രമങ്ങള്‍ക്കും പിന്നില്‍ ഗൂഢമായി ഒളിഞ്ഞിരിക്കുകയായിരുന്നു കോണ്‍ഗ്രസ്‌. അവിശുദ്ധസഖ്യത്തിന്‌ ആദ്യഘട്ടത്തില്‍ ചില ജയങ്ങള്‍ ലഭിച്ചതോടെ അതിന്‌ രാഷ്ട്രീയസ്വീകാര്യത നല്‍കാന്‍ കോണ്‍ഗ്രസ്‌ പരസ്യമായി രംഗത്തുവന്നു. കേന്ദ്രസര്‍ക്കാരിനും ഉയര്‍ന്ന തലത്തിലുള്ള കോണ്‍ഗ്രസ്‌ നേതൃത്വത്തിനും ഒരു പക്ഷെ, നെഹ്രു ഒഴികെ ഈ ഭരണഘടനാ വിരുദ്ധ വിളയാട്ടങ്ങളെപ്പറ്റി നന്നായറിയാമായിരുന്നു. സര്‍ക്കാരിനെ ബലം പ്രയോഗിച്ചു നീക്കുമെന്നുവരെ അവര്‍ ചിലപ്പോള്‍ വെല്ലുവിളിച്ചു. അക്രമാസക്തമായ പ്രകടനങ്ങളുടെ എണ്ണം കൂടിക്കൂടി വന്നു. പള്ളിവളപ്പുകളില്‍ സേനാപരിശീലനംവരെ പതിവായി. ഒരു വിധത്തിലുള്ള തിരിച്ചടിക്കും ഞങ്ങള്‍ മുതിര്‍ന്നില്ല. ഗാന്ധിയന്മാരായി ചിന്തിക്കുകയും ഗാന്ധിയന്മാരായി പ്രസംഗിക്കുകയും ചെയ്യല്‍ അന്ന്‌ സര്‍വസാധാരണമായിരുന്നു. എന്നാല്‍, ഗാന്ധിയനായി പ്രവര്‍ത്തിക്കുകയെന്നത്‌ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അപകടം നിറഞ്ഞ പണിയായിരുന്നു. മൃഗതുല്യനായ പ്രകടനങ്ങള്‍ തടയുകയും പിരിച്ചുവിടുകയും ചെയ്യേണ്ടിയിരുന്ന ഘട്ടങ്ങളില്‍പോലും പോലീസ്‌ അങ്ങനെ ചെയ്‌തില്ല. അക്രമിസംഘങ്ങള്‍ക്കുനേര്‍ക്ക്‌ വെടിവെക്കാന്‍ പോലീസിനെ നിര്‍ബന്ധിതമാക്കുകയും തുടര്‍ന്ന്‌ അതില്‍ പേരില്‍ രംഗം കൊഴുപ്പിച്ച്‌ സര്‍ക്കാരിനെ നിര്‍ബന്ധിച്ച്‌ രാജിവെപ്പിക്കുകയോ രാഷ്ട്രപതിയെക്കൊണ്ട്‌ പിരിച്ചുവിടുവിക്കുകയോ ചെയ്യുകയെന്നതായിരുന്നു അക്രമങ്ങളുടെ ആസൂത്രകരുടെ മനസ്സിലിരുപ്പ്‌. പോലീസ്‌ പ്രതിരോധത്തിന്‌ തുനിയാതിരിക്കുകയെന്ന എന്റെ നയത്തോട്‌ മന്ത്രിമാരെല്ലാം യോജിച്ചു. അതിനാല്‍, സര്‍വസന്നാഹങ്ങളും ഉണ്ടായിട്ടും പോലീസ്‌ തിരിച്ചടിക്ക്‌ മുതിര്‍ന്നില്ല. തീര്‍ച്ചയായും സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായ ഒന്നോരണ്ടോ വേളകളില്‍ പോലീസിന്‌ അങ്ങനെയല്ലാതെയും ഇടപെടേണ്ടിവന്നു. ഒരു യുവതിയുടെ ജീവന്‍ നഷ്ടപ്പെട്ട ഒരു സംഭവത്തില്‍ ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തു`` ( ആതിരേ,1957 ജൂലൈ മൂന്നിന്‌ ചെറിയതുറയില്‍ നടന്ന പോലീസ്‌ വെളിവയ്‌പ്പില്‍ ഫ്‌ളോറി എന്ന ഗര്‍ഭിണിയടക്കം മൂന്ന്‌ പേര്‍ കൊല്ലപ്പെട്ടു.അതിന്‌ മുന്‍പ്‌ ജൂണ്‍ 13ന്‌ അങ്കമാലിയില്‍ നടന്ന പോലീസ്‌ വെടിവയ്‌പ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.അങ്കമാലി വെടിവയ്‌പ്പിനേക്കാള്‍ ചെറിയതുറ വെടിവയ്‌പ്പാണ്‌ വിമോചനസമരം ആളിക്കത്തിക്കാന്‍ കോണ്‍ഗ്രസും കത്തോലിക്ക സഭയും ആരൂഢമാക്കിയത്‌.കാരണം ഫ്‌ളോറി മുക്കുവ സ്‌ത്രീയും ഗര്‍ഭിണിയുമായിരുന്നു.ഇത്രത്തോളമായപ്പോള്‍ അന്ന്‌ കേരളത്തിലുണ്ടായിരുന്ന 895 പഞ്ചായത്തുകളില്‍ 700 ഉം, 29 നഗരസഭകളില്‍ 26 ഉം, 30ഓളം വരുന്ന ബാര്‍ അസ്സോസിയേഷനുകളും കേരള സ?ക്കാരിനെ പുറത്താക്കണമെന്ന്‌ ഗവര്‍ണറോട്‌ ആവശ്യപ്പെട്ടു.വിമോചനസമരവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളില്‍ 42,745 സ്‌ത്രീകള്‍ അടക്കം 1,77,850 പേരാണ്‌ അറസ്റ്റുചെയ്യപ്പെട്ടത്‌.വെടിവയ്‌പ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടു)
'' കോണ്‍ഗ്രസിന്റെ ചീഞ്ഞ കളിയില്‍നിന്ന്‌ സമുന്നതനേതാക്കളായ ദാമോദരമേനോനെയും വി.കെ.കൃഷ്‌ണമേനോനെയും പോലുള്ളവര്‍ ഒഴിഞ്ഞുനിന്നു. എന്നാല്‍, ആര്‍.ശങ്കര്‍ സമരക്കാര്‍ക്ക്‌ പൂര്‍ണപിന്തുണയേകി. വിഷലിപ്‌തമായ പ്രവര്‍ത്തനങ്ങളുടെ ഭരണഘടനാ വിരുദ്ധതെയപ്പറ്റി തെല്ലും ആധിയില്ലാതെ വിദ്യാര്‍ത്ഥികളക്കം ഏതാനും യുവകോണ്‍ഗ്രസുകാരും സമരത്തിനിറങ്ങി. കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ തകരുമെന്നും കോണ്‍ഗ്രസ്‌ അധികാരമേറുമെന്നുമുള്ള ഉറപ്പില്‍ യുവകോണ്‍ഗ്രസുകാര്‍ വിവേകശൂന്യരായി രംഗത്തേക്ക്‌ ചാടി വീഴാന്‍ മാത്രം ഉച്ചസ്ഥായിയിലായിരുന്നു ഉന്മാദതരംഗം. വസ്‌തുതകളും നിയമങ്ങളും നോക്കിയാല്‍ എത്രയും അടിസ്ഥാനരഹിതമായ മഹാപ്രചരവേലയായിരുന്നു കമ്മ്യൂണിസ്റ്റ്‌ ഭരണത്തിനെതിരെ. കുപിതകൗമാരങ്ങള്‍ അട്ടമറി പ്രസ്ഥാനത്തിന്റെ ശരിതെറ്റുകളെപ്പറ്റി തെല്ലും വേവലാതിപ്പെട്ടില്ല. ഇടവേളകളില്‍ കോണ്‍ഗ്രസ്‌ ദേശീയനേതൃത്വത്തെ പ്രതിനിധാനംചെയ്‌ത്‌ ഭഅട്ടിമറി സാഹസ`ത്തെ കത്തിച്ചുപടര്‍ത്താന്‍ ഡല്‍ഹിയില്‍ നിന്നും ആളെത്തി. ഈ നികൃഷ്ട ഉദ്യമത്തെ നെഹ്രുവിന്റെ കോണ്‍ഗ്രസ്‌ അവജ്ഞയോടെ അവസാനിപ്പിക്കേണ്ടിയിരുന്നു. പകരം, സുചേതാകൃപലാനിയെപ്പോലുള്ള പ്രഗല്‍ഭ വനിത സമരത്തിന്‌ ധാര്‍മികബലം നല്‍കാന്‍ ഇത്രയും ദൂരം താണ്ടിയെത്തി. ഇവിടുത്തെ ഭരണഘടനാലംഘനത്തെപ്പറ്റിയും സഞ്ചാരസ്വാതന്ത്ര്യത്തിനുള്ള വിലക്കിനെപ്പറ്റിയും അവര്‍ ഇടിമുഴക്കമുണ്ടാക്കി. ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ ഞാനവരെ ഫോണില്‍ വിളിച്ച്‌ ഒരു ചായ സല്‍ക്കാരത്തിന്‌ വരാനും എവിടെയാണവര്‍ സഞ്ചാരസ്വാതന്ത്ര്യത്തിന്‌ വിലക്കുകണ്ടതെന്ന്‌ പറയാനും അഭ്യര്‍ത്ഥിച്ചു. അവരാഗ്രഹിക്കുന്ന എവിടേക്കും പോകാന്‍ പോലീസുതന്നെ സൗകര്യമൊരുക്കിത്തരാമെന്നും ഞാനവരോട്‌ പറഞ്ഞു. പിന്നീട്‌ അവരൊരു പ്രതിഷേധശബ്ദവും ഉയര്‍ത്തിയത്‌ കേട്ടില്ല; മിണ്ടാതെ സ്ഥാലം വിട്ടു`` ''സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടെന്നും പതനം ആസന്നമാണെന്നുമായിരുന്നു പൊതുപ്രതീതി. അക്രമങ്ങളിലൂടെ കേന്ദ്രത്തിന്റെ അനുഭാവം പിടിച്ചുപറ്റി രാഷ്ട്രപതിഭരണം പ്രഖ്യാപിക്കാമെന്നായിരുന്നു മനസ്സിലിരിപ്പ്‌. എന്നാല്‍ അതത്ര എളുപ്പമായിരുന്നില്ല. പോലീസിന്റെ നിസ്സംഗസമീപനത്തിനും പരിധിയുണ്ടായിരുന്നു. വര്‍ദ്ധമാനമായ തോതില്‍ അക്രമങ്ങളിലേക്ക്‌ തിരിഞ്ഞവരെ അറസ്റ്റു ചെയ്യാനും റിമാണ്ടുചെയ്‌ത്‌ ജയിലിലയക്കാനും ഞങ്ങള്‍ നിര്‍ബന്ധിതമായി. കെട്ടിടങ്ങള്‍ ഏറ്റെടുത്ത്‌ താല്‍ക്കാലികജയിലായി പ്രഖ്യാപിക്കേണ്ടിവന്നു. ജയില്‍ പരിഷ്‌കരണനയം കാരണം തടവുകാര്‍ക്ക്‌ ജയിലിനകത്ത്‌ ഒരു പ്രയാസവുണ്ടായില്ല. ജയിലിലുള്ള കോണ്‍ഗ്രസുകാരുടെ ഭദുരിതം` നേരില്‍ കാണാനെത്തിയ കേന്ദ്രമന്ത്രി രാം സുബ്ബാസിങ്‌ തടവുപുള്ളികള്‍ സന്തോഷത്തോടെ കഴിയുന്നതാണ്‌ കണ്ടത്‌. ഒരു അലട്ടലുമില്ലാത്ത തടവ്‌ എന്ന നയം എന്തിനാണെന്നായിരുന്നു നേരെ വന്ന്‌ എന്നോട്‌ അദ്ദേഹത്തിന്റെ ചോദ്യം`` ആതിരേ,അത്യസാധാരണമായ പുതുമയോടും ജനവികാരത്തിന്റെ ബഹിര്‍സ്‌ഫുരണമായും ആദ്യ സര്‍ക്കാര്‍ വന്നതോടെ യാഥാസ്ഥിതിക വിഭാഗങ്ങളില്‍ കമ്മ്യൂണിസ്റ്റുകാരെപ്പറ്റി മുന്‍വിധി ശക്തമായി. മുതലാളിവര്‍ഗം കമ്മ്യൂണിസ്റ്റുകാരെപറ്റി മുന്‍വിധി ശക്തമായി. മുതലാളി വര്‍ഗം കമ്മ്യൂണിസ്റ്റുകാരെ വെറുത്തു. സ്വത്തെല്ലാം സര്‍ക്കാര്‍ പിടിച്ചെടുക്കുമെന്ന്‌ അവര്‍ ഭയന്നു. സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനക്കു കീഴില്‍ പ്രവര്‍ത്തിക്കുകയും കമ്മ്യൂണിസ്റ്റുകാരുമായി യാതൊരു ബന്ധവുമില്ലാത്ത കേന്ദ്രസര്‍ക്കാര്‍ നിലനില്‍ക്കുകയും ചെയ്യുന്നേടത്തോളം അത്തരം ഭയം തീര്‍ത്തും അസ്ഥാനത്തായിരുന്നു. ഒരു ലെനിനിസ്റ്റ്‌ വിപ്ലവം നടത്തി സര്‍ക്കാര്‍ സ്വകാര്യഭൂമിയിലാകെ കൈവയ്‌ക്കുമെന്നും ധാരണ പരന്നു.
``1957 ലോ 58 ലോ വിനോബാഭാവെ കാലടിയില്‍ ദേശീയ സര്‍വോദയ സമ്മേളനത്തിനെത്തി. പാര്‍ട്ടി ഭൂപരിഷ്‌കരണം നടപ്പാക്കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസിന്റെ വാഗ്‌ദാനം നടപ്പാക്കുക മാത്രമാണ്‌ ഇടതുപക്ഷം ചെയ്യുന്നതെന്നും വിശദമാക്കിയിരുന്നു. വിനോബായുടെ ഭൂദാനപ്രസ്ഥാനത്തില്‍ ആകൃഷ്ടനായിരുന്ന ഞാന്‍ അവിടെ പോകാനാഗ്രഹിച്ചു. അങ്ങനെയെങ്കില്‍ സര്‍ക്കാര്‍ പ്രതിനിധിയായി പോകാന്‍ ഇ.എം.എസ്‌ ആവശ്യപ്പെട്ടു. ജയപ്രകാശ്‌ നാരായണന്‍ നിര്‍ബന്ധിച്ചപ്പോള്‍ എനിക്ക്‌ വേദിയിലിരിക്കേണ്ടിവന്നു. വിനോബാജിയുടെ പ്രസംഗം കഴിഞ്ഞപ്പോള്‍ മന്ത്രിയെന്ന നിലയില്‍ സംസാരിക്കാന്‍ ജയപ്രകാശ്‌ നാരായണന്‍ എന്നോടാവശ്യപ്പെട്ടു. പ്രതീക്ഷിക്കാതെയാണെങ്കിലും ദീര്‍ഘമായിത്തന്നെ ഭൂപരിഷ്‌കരണത്തിന്റെ അനിവാര്യത ഞാന്‍ അവതരിപ്പിച്ചു. കാര്‍ഷിക പരിഷ്‌കരണത്തോട്‌ ഭൂവുടമകള്‍ക്കുള്ള എതിര്‍പ്പ്‌ ലഘൂകരിക്കാനുള്ള വിനോബാജിയുടെ പ്രസ്ഥാനത്തിന്റെ ആത്മീയമൂല്യത്തില്‍ ഊന്നിയായിരുന്നു എന്റെ പ്രസംഗം. ഭൂപരിഷ്‌കരണത്തിന്‌ അനുകൂലമായി ഭൂവുടമകളുടെ മനസ്സൊരക്കാന്‍ ധാര്‍മ്മികശക്തിയായി ഭൂദാനപ്രസ്ഥാനം മാറണമെന്നും ഞാന്‍ പറഞ്ഞു. മാനസികമായി ഭൂവുടമകളെ മാറ്റാന്‍ കഴിഞ്ഞാല്‍ കാര്‍ഷിക നിയമത്തിലൂടെ, കൈവശം വയ്‌ക്കാവുന്ന ഭൂമിക്ക്‌ പരിധി നിശ്ചയിക്കാം; അധികമുള്ള ഭൂമി ഭൂരഹിതര്‍ക്ക്‌ വിതരണം ചെയ്യാം. വിനോബാജിയുടെ പ്രസ്ഥാനത്തിനും കേരളസര്‍ക്കാര്‍ കൊണ്ടുവരാന്‍ കരുതുന്ന നിയമത്തിനും ഇക്കാര്യത്തില്‍ പരസ്‌പരപൂരകമായ ധര്‍മമുണ്ട്‌. ഇതായിരുന്നു എന്റെ വാദം. പ്രസംഗം കേള്‍വിക്കാര്‍ കയ്യടിച്ച്‌ സ്വീകരിച്ചു. ഇങ്ങനെയൊരു നയമാണോ കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാരിന്റേതെന്ന്‌ ജെ.പി അതിശയപ്പെട്ടു. കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാരിലെ നിയമമന്ത്രിയെന്ന നിലയില്‍ എന്റെ വാക്കുകള്‍ ആധികാരികമായെടുക്കാമെന്ന്‌ ഞാന്‍ മറുപടി നല്‍കി`` ''കൃഷിഭൂമി കര്‍ഷകനെന്നത്‌ മുദ്രാവാക്യത്തില്‍ നിന്നു മാറി നിയമമാകാന്‍ പോകുന്നതോടെ ഭൂപ്രഭുക്കളില്‍ ശത്രുത പടര്‍ന്നു. എന്നാല്‍, കാര്‍ഷിക പരിഷ്‌കരണത്തില്‍ നിന്ന്‌ പിന്മാറാതെ സംസ്ഥാന സര്‍ക്കാര്‍ കേരള കാര്‍ഷികബന്ധബില്‍ പാസ്സാക്കി`` ആതിരേ,സഭയും എന്‍.എസ്‌.എസും ഉള്‍പ്പെട്ട സ്ഥാപിതതാല്‍പര്യക്കാരുടെ കച്ചവടപ്പിടിയില്‍നിന്ന്‌ വിദ്യാഭ്യാസത്തെ വിമോചിപ്പിച്ച വിദ്യാഭ്യാസ ബില്ലായിരുന്നു പിന്നെ. സഭയുടെയും മറ്റ്‌ സാമുദായിക സംഘടനകളുടെയും വറ്റാത്ത വരുമാനസ്രോതസ്സും സ്വാധീനശക്തിയുമായിരുന്നു ലാഭക്കച്ചവടമായി സംസ്ഥാനത്തെങ്ങും നിലനിന്ന സ്‌കൂള്‍വ്യവസായം. സഹായം നല്‍കുമ്പോഴും സര്‍ക്കാരിന്‌ ഇവയുടെ മാനേജ്‌മെന്റ്‌ നടത്തിപ്പില്‍ ഒരു പങ്കാളിത്തവുമുണ്ടായിരുന്നില്ല. കമ്യൂണിസവുമായി ബന്ധപ്പെട്ടതൊന്നുമല്ലായിരുന്നു വിദ്യാഭ്യാസബില്‍. മറിച്ച്‌, ജനങ്ങളുടെ അടിയന്തര താല്‍പര്യ സംരക്ഷണത്തിനായിരുന്നു അത്‌. വിദ്യാഭ്യാസത്തില്‍ സാമൂഹ്യനിയന്ത്രണം ന്യായവും അവശ്യവുമായിരുന്നു. '' കമ്യൂണിസ്റ്റുകാരാണ്‌ നടപ്പാക്കുന്നതെന്നതുകൊണ്ടുമാത്രം അതില്‍ ചുകപ്പ്‌` കാണേണ്ട ഒരു കാര്യവുമുണ്ടായിരുന്നില്ല. ഇടതുപക്ഷ സ്വതന്ത്രനായിരുന്ന വിദ്യാഭ്യാസമന്ത്രി പ്രൊഫ. മുണ്ടശ്ശേരിക്ക്‌ തനിക്ക്‌ ചെയ്യാനുള്ളതെന്താണെന്ന്‌ നന്നായറിയുമായിരുന്നു. അതിനോട്‌ ധീരമായ പ്രതിബദ്ധതയുമുണ്ടായിരുന്നു അദ്ദേഹത്തിന്‌`` ''ബില്‍ പാസായതോടെ ഒക്ടോബര്‍ വിപ്ലവം നടന്നെന്ന മട്ടിലായിരുന്നു ബഹളം. സര്‍ക്കാരിന്റെ പൂര്‍ണ്ണ ധനസഹായത്തോടെയുള്ള നിയമമില്ലാവ്യവസ്ഥയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളായിരുന്ന സഭയ്‌ക്ക്‌ അതോടെ മുറിവേറ്റു. കലാപവുമായി ഉണര്‍ന്നെണീറ്റ അവര്‍ പ്രക്ഷോഭത്തിന്റെ എല്ലാ രീതികളും പുറത്തെടുത്തു. സ്വകാര്യ വിദ്യാഭ്യാസക്കച്ചവടം നടത്തിവന്ന വലുതും ചെറുതുമായ സാമുദായിക ശക്തികളൊക്കെ കലാപത്തിനിറങ്ങി. ഒരു വിദ്യാഭ്യാസ നിയമവിരുദ്ധ പ്രസ്ഥാനം തന്നെ ഉടലെടുത്തു. കായികശക്തി ഉപയോഗിച്ചും കമ്മ്യൂണിസ്റ്റുകാരെ അധികാരത്തില്‍ നിന്ന്‌ പിടിച്ചിറക്കാന്‍ ആഹ്വാനം മുഴങ്ങി. സര്‍ക്കാരിനെ സ്ഥാനഭ്രഷ്ടമാക്കാന്‍ അമേരിക്കയ്‌ക്കുള്ള താല്‍പര്യം സുവ്യക്തമായിരുന്നു. മതപരിവേഷത്തിന്റെ മറപിടിച്ച്‌ സഭ അമേരിക്കന്‍ ഫണ്ട്‌ ഇവിടേക്ക്‌ ഒഴുകിയെത്താനുള്ള കുഴലായി പ്രവര്‍ത്തിച്ചുവെന്ന്‌ ആഭ്യന്തരമന്ത്രിയെന്ന നിലയ്‌ക്ക്‌ എനിക്ക്‌ കിട്ടിയ രഹസ്യ പോലീസ്‌ റിപ്പോര്‍ട്ടുകളില്‍ തെളിഞ്ഞു. അങ്ങനെ, ഭരണഘടനാതീതവും കമ്മ്യൂണിസ്റ്റ്‌ വിരുദ്ധവുമായ ശക്തികളുടെ അവിശുദ്ധസഖ്യം ഉയര്‍ന്നുവന്നു. തലപ്പത്ത്‌ സഭയും, പണം നല്‍കി അമേരിക്കയും, ഔപചാരികമായ നേതൃത്വത്തില്‍ മന്നത്ത്‌ പത്മനാഭനും അടങ്ങുന്നതായിരുന്നു ആ സഖ്യം. ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ സര്‍ക്കാരിനോടോ കമ്മ്യൂണിസ്റ്റുകാരോടോ അമര്‍ഷമുണ്ടായിരുന്ന എല്ലാവരും പ്രതിസന്ധി മൂര്‍ച്ഛിപ്പിക്കാന്‍ പരമാവധി പങ്കുവഹിച്ചു. സര്‍ക്കാര്‍ ബസ്സുകള്‍, സര്‍ക്കാര്‍ ആപ്പീസുകള്‍, മന്ത്രിമാര്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ ഇവയെല്ലാം സംശയകരമായ സാമ്പത്തിക ബലത്തില്‍ കെട്ടിച്ചമയ്‌ക്കപ്പെട്ട ഭജനരോഷ`ത്തിന്റെ പ്രകടനവേദികളായിത്തീര്‍ന്നു`` ''ഏതാനും സ്വതന്ത്രന്മാരടക്കം കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ മാത്രമാണ്‌ നിന്ദ്യമായ അതിക്രമങ്ങളെ ചെറുക്കാനുണ്ടായത്‌. സാധാരണക്കാരായ ജനങ്ങള്‍ക്കും മാന്യമായി ജീവിക്കുന്നവര്‍ക്കുമൊക്കെ അസഹനീയമായിരുന്നു വിമോചനസമരമെന്ന പേരില്‍ നടന്ന അതിക്രമങ്ങള്‍. അക്രമികളെ പിടിച്ച്‌ തടവിലിടണമെന്ന്‌ കമ്മ്യൂണിസ്റ്റുകാരും അല്ലാത്തവരുമായ ഒട്ടേറെ സുഹൃത്തുക്കള്‍ എന്നോട്‌ പറഞ്ഞു. കാര്യങ്ങള്‍ അരാജകാവസ്ഥയിലേക്ക്‌ നീങ്ങുമ്പോഴും ഞങ്ങളതിന്‌ വഴങ്ങിയില്ല. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നേരിയ തിരിച്ചടിപോലും സര്‍ക്കാരിനെ വലിച്ചിറക്കാനുള്ള പദ്ധതിക്ക്‌ ഉള്‍പ്രേരകമാകുമായിരുന്നു. ഓരോ കരുതല്‍തടങ്കലും കമ്മ്യൂണിസ്റ്റ്‌ സ്വ?ച്ഛാധിപത്യത്തെക്കുറിച്ചുള്ള മുറവിളികളില്‍ കലാശിക്കുമെന്നും ഉറപ്പായിരുന്നു. തിരുകൊച്ചി മേഖലയായിരുന്നു ജനജീവിതത്തെ താറുമാറാക്കിയ വിമോചനസമരത്തിന്റെ കാര്യമായ ഇടം``
''വിടാതെ തുടര്‍ന്ന പ്രതിസന്ധിക്കിടയിലാണ്‌ ആ വാര്‍ത്ത വന്നത്‌പഞ്ചവത്സരപദ്ധതി ആസൂത്രണം ചെയ്യാന്‍ അഖിലേന്ത്യാ കോണ്‍ഗ്രസ്‌ കമ്മിറ്റി ഊട്ടിയില്‍ യോഗം ചേരുന്നു. നെഹ്‌റുവും ഇന്ദിരാഗാന്ധിയും പങ്കെടുക്കുന്നുണ്ടായിരുന്നു. പാര്‍ടി പ്രസിഡന്റിന്റെ പ്രത്യക്ഷ പിന്തുണയോടെ കോണ്‍ഗ്രസ്സുകാര്‍ കേരളത്തില്‍ അഴിച്ചുവിടുന്ന അക്രമങ്ങളെപ്പറ്റി പ്രധാനമന്ത്രി നെഹ്രുവിനെ നേരിട്ട്‌ ബോധ്യപ്പെടുത്തണമെന്ന്‌ ഇ.എം.എസ്‌ എന്നോട്‌ നിര്‍ദ്ദേശിച്ചു. എനിക്ക്‌ നെഹ്രുവുമായുള്ള അടുപ്പം ഇ.എം.എസിന്‌ അറിയാമായിരുന്നു. ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ കാര്യങ്ങളുടെ സത്യാവസ്ഥ ആധികാരികമായി എനിക്ക്‌ നെഹ്രുവിനോട്‌ അവതരിപ്പിക്കാനാവുമെന്നും അദ്ദേഹം കരുതി. അഖിലേന്ത്യാ നേതൃത്വം ഇടപെട്ടാല്‍ ഇവിടത്തെ പ്രതിസന്ധിക്ക്‌ അവസാനമാകുമെന്നും ഇ.എം.എസിന്‌ ഉറപ്പുണ്ടായിരുന്നു. എന്നാല്‍, അത്രയ്‌ക്ക്‌ പ്രത്യാശയൊന്നും ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. കാരണം, കൈവിട്ടുകളിക്കുന്ന ഇരുട്ടിന്റെ ശക്തികള്‍ നെഹ്രുവിനെക്കാളും അദ്ദേഹം ധരിക്കുന്ന സമാധാനത്തിന്റെ റോസാപ്പൂവിനെക്കാളും ശക്തരായിരുന്നു`` ''ആസുരശക്തി ഉപയോഗിച്ച്‌ വിളയാടുന്ന ഭ്രാന്തന്‍ പ്രസ്ഥാനത്തെക്കുറിച്ച്‌ നെഹ്രുവിനെ ബോധ്യപ്പെടുത്താന്‍ ഊട്ടിയില്‍ പോകാനുള്ള ദൗത്യം ഞാന്‍ ഏറ്റെടുത്തു. വിശാലവീക്ഷണമുള്ള വ്യക്തിയും നയതന്ത്രജ്ഞനുമായ നെഹ്രു ഭരണഘടനയ്‌ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി കൂടിയാണല്ലോ എന്നത്‌ എനിക്ക്‌ പ്രതീക്ഷ നല്‍കി. ഞാന്‍ പറയുന്നത്‌ ശ്രദ്ധിക്കുമെന്നും അനുയായികളെ ദുഷ്‌ചെയ്‌തികളില്‍ നിന്ന്‌ പിന്തിരിപ്പിക്കുമെന്നും എനിക്ക്‌ വിശ്വാസമുണ്ടായിരുന്നു. എന്റെ ഏത്‌ യാത്രകളിലും ഭാര്യ ശാരദ കൂടെയുണ്ടാവാറുണ്ട്‌. അവരുടെ സാന്നിധ്യം ദൗത്യയാത്രയിലുള്ള എന്റെ വിശ്വാസം ദൃഢമാക്കി. കോണ്‍ഗ്രസ്‌ നേതാക്കളായ ദാമോദരമേനോനെയും വി.കെ. കൃഷ്‌ണമേനോനെയും അവിടെവച്ച്‌ കണ്ടു. കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തത്തില്‍ വേദനയുള്ളവരായിരുന്നു രണ്ട്‌ മേനോന്മാരും. ഒന്നൊഴിയാതെ എല്ലാ കാര്യങ്ങളും യഥാത്ഥമായി പണ്ഡിറ്റ്‌ജിക്കു മുന്നില്‍ അവതരിപ്പിക്കുക മാത്രമാണ്‌ പോംവഴിയെന്നായിരുന്നു ഇരുവരുടെയും അഭിപ്രായം. തെരഞ്ഞെടുത്ത പാത ഉചിതം തന്നെയെന്ന്‌ എനിക്കുറപ്പായി. അന്നു തന്നെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ചയ്‌ക്ക്‌ ഞാന്‍ സമയം തേടി. ഭാര്യയുമുണ്ടായിരുന്നു എന്നോടൊപ്പം. ഉച്ചയൂണിന്‌ നെഹ്രു ഞങ്ങളെ ക്ഷണിച്ചു. നെഹ്രുവിനൊപ്പം ഇരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുകയെന്നത്‌ ശരിക്കും ആനന്ദകരമായിരുന്നു. ഒരു മാങ്ങയെടുത്ത്‌ മുറിച്ചുകൊണ്ട്‌ അതെവിടെനിന്നുള്ളതാണെന്നും അതിന്റെ രുചിയുടെ പ്രത്യേകതയെന്തെന്നും എങ്ങനെ വേണം അത്‌ മുറിക്കാനെന്നുമൊക്കെ നെഹ്രു ശാരദയോട്‌ വിശദീകരിച്ചു. സ്‌നേഹം തുളുമ്പുന്ന സംഭാഷണത്തില്‍നിന്ന്‌ അദ്ദേഹത്തെ എന്റെ ദൗത്യത്തിലേക്ക്‌ കൊണ്ടുവരാന്‍ എനിക്ക്‌ നയചാതുരി വേണ്ടിവന്നു. കാര്യങ്ങള്‍ കേട്ട നെഹ്രുവിന്‌ പ്രഥമദൃഷ്ട്യാ ഒക്കെ ബോധ്യപ്പെട്ടു. ഇന്ദിരാഗാന്ധിയെ വിളിച്ച്‌ അദ്ദേഹം പറഞ്ഞു: ഭഇന്ദൂ, കേരളത്തിലെ ചില രാഷ്ട്രീയപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ്‌ കൃഷ്‌ണയ്യര്‍ വന്നിരിക്കുന്നത്‌. അദ്ദേഹം പറയുന്നത്‌ കേട്ട്‌ പ്രശ്‌നങ്ങള്‍ മനസ്സിലാക്കൂ.`` ഭശരി'', അവര്‍ പറഞ്ഞു. അവരോട്‌ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ അവസരത്തിനായി ഞാന്‍ കാത്തുനിന്നു`` ''കേരളത്തില്‍ നടക്കുന്ന ഗൂഢാലോചനയെക്കുറിച്ചും ഞെട്ടിക്കുന്ന കൃത്യങ്ങളെക്കുറിച്ചും ഇന്ദിരാഗാന്ധിക്ക്‌ അറിവുണ്ടെന്ന്‌ വിശ്വസനീയമായ ഊഹാപോഹം കേരളത്തിലുണ്ടായിരുന്നു. എന്നാല്‍, അതെന്നെ അവരോട്‌ സംസാരിക്കുന്നതില്‍ നിന്ന്‌ പിന്മാറ്റിയില്ല. എന്നോട്‌ സംസാരിക്കുന്നത്‌ വൈകിക്കുന്നതിനെച്ചൊല്ലി അച്ഛന്‍ രോഷം പ്രകടിപ്പിക്കുന്നതുവരെയും അവരെനിക്ക്‌ കൂടിക്കാഴ്‌ചയ്‌ക്ക്‌ സമയം തന്നില്ല. കേരളത്തിലെ അതിക്രമങ്ങളുടെ ചിത്രം ഞാന്‍ അവര്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. എല്ലാം കേട്ടെങ്കിലും അവര്‍ ഒരു വാക്കുപോലും പറഞ്ഞില്ല. മൂന്നാം ദിവസം വീണ്ടും നെഹ്രുവിനെ കണ്ട ഞാന്‍ സംഭവവികാസങ്ങളില്‍ അദ്ദേഹത്തിന്റെ ഇടപെടല്‍ ഉടന്‍ വേണമെന്ന്‌ അഭ്യര്‍ത്ഥിച്ചു. ക്ഷുഭിതനും അങ്ങേയറ്റം അതൃപ്‌തനുമായിരുന്നു നെഹ്രു. സംഭവങ്ങളെ അപലപിക്കാമെന്ന്‌ അദ്ദേഹം ഉറപ്പുനല്‍കി. കോയമ്പത്തൂരില്‍ പത്ര അഭിമുഖത്തില്‍ അദ്ദേഹം അങ്ങനെ ചെയ്യുകയും ചെയ്‌തു. മുന്‍വിധികള്‍ നിറഞ്ഞ കേരളത്തിലെ മാധ്യമങ്ങള്‍ അത്‌ പ്രസിദ്ധീകരിച്ചുപോലുമില്ല. കേരളത്തില്‍ വരാനും കാര്യങ്ങള്‍ നേരിട്ടുകാണാനും ഞാന്‍ നെഹ്രുവിനോട്‌ അഭ്യര്‍ത്ഥിച്ചു. ജൂണിലായിരുന്നു നെഹ്രുവുമായി എന്റെ കൂടിക്കാഴ്‌ച. കേരളത്തില്‍ വരാമെന്നും ഉചിതമായ നടപടിയെടുക്കാമെന്നും അദ്ദേഹം എനിക്ക്‌ വാക്കു തന്നു. ജൂലൈയില്‍ നെഹ്രു കേരളത്തിലെത്തി. നെഹ്രുവിനെ സ്വീകരിച്ച മുഖ്യമന്ത്രി ഇ.എം.എസ്‌ ഒരിക്കല്‍ക്കൂടി കാര്യങ്ങള്‍ വിശദമായി അദ്ദേഹത്തിനു മുന്നില്‍ അവതരിപ്പിച്ചു. മൂന്നുദിവസം കേരളത്തില്‍ താമസിച്ച നെഹ്രു അതിനിടെ രണ്ടുതവണ മന്ത്രിസഭാംഗങ്ങളുമായി കൂടിക്കാഴ്‌ച നടത്തി`` ''ഇതിനിടെ മറ്റൊരു കാര്യവും നടന്നിരുന്നു. കേരള സര്‍ക്കാരിനെതിരെ 32 ആരോപണങ്ങള്‍ അശോക്‌ മേത്ത പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഒരു സംസ്ഥാന സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ പ്രമേയം കൊണ്ടുവരാന്‍ സാധിക്കുന്നതെങ്ങനെയെന്ന്‌ എനിക്ക്‌ മനസ്സിലായതേയില്ല. പാര്‍ലമെന്ററി മര്യാദകളെ രാഷ്ട്രീയവൈരം മുറിപ്പെടുത്തിക്കൂടാ. പ്രതിസ്ഥാനത്ത്‌ കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാരാണെങ്കില്‍ക്കൂടി ഭരണഘടന അത്തരം നടപടിക്രമത്തിന്‌ അനുമതിയേകുന്നില്ല. എന്നിട്ടും അത്തരമൊരു പ്രമേയം പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടുകയും സംസ്ഥാന ആഭ്യന്തരമന്ത്രിയെന്ന നിലക്ക്‌ ആരോപണങ്ങള്‍ക്ക്‌ മറുപടി നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി എന്നോട്‌ ആവശ്യപ്പെടുകയും ചെയ്‌തു. താന്‍ വിധികര്‍ത്താവും സംസ്ഥാനസര്‍ക്കാര്‍ പ്രതിയുമാണെന്ന മട്ടില്‍ ആരോപണങ്ങളെപ്പറ്റി സംസ്ഥാനസര്‍ക്കാരിനോട്‌ വിശദീകരണം തേടുകയെന്നതും കേന്ദ്രആഭ്യന്തരമന്ത്രിയുടെ ചുമതലയുടെ പരിധിയില്‍ വരുന്നതല്ല. എന്നിട്ടും ഞാന്‍ അവക്കെല്ലാം മറുപടി തയ്യാറാക്കി ഞങ്ങളുടെ ഭാഗവും അവതരിപ്പിച്ച സ്‌പീക്കര്‍ക്ക്‌ (അതോ, ആഭ്യന്തരമന്ത്രിക്കോ, ഞാന്‍ ഓര്‍ക്കുന്നില്ല) അയച്ചുകൊടുത്തു. പിന്നീട്‌ ഞങ്ങള്‍ ആ ആരോപണങ്ങള്‍ കേള്‍ക്കുന്നത്‌ പണ്ഡിറ്റ്‌ജി കേരളമന്ത്രിയുമാരുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌``
''ഈ കൂടിക്കാഴ്‌ചയില്‍ മൂന്ന്‌ പ്രശ്‌നങ്ങള്‍ ഉന്നയിച്ച നെഹ്രു ഞങ്ങളോട്‌ പ്രതികരണം ആരാഞ്ഞു. അശോക്‌ മേത്ത ഉന്നയിച്ച 32 ആരോപണങ്ങള്‍ അന്വേഷിക്കാമോ എന്നതായിരുന്നു ആദ്യത്തേത്‌. ഫ്‌ളോറിയെന്ന യുവതിയുടെ മരണത്തില്‍ കലാശിച്ച പോലീസ്‌ വെടിവെപ്പിനെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം വേണമെന്നതായിരുന്നു രണ്ടാമത്തെ ആവശ്യം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്‌മെന്റുകളെ മുറിപ്പെടുത്തിയ കേരള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്‌മെന്റുകളെ മുറിപ്പെടുത്തിയ കേരള വിദ്യാഭ്യാസ നിയമത്തിലെ പതിനൊന്നാം വകുപ്പ്‌ നാക്കം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണോ എന്നതായിരുന്നു മൂന്നാമത്തെ ചോദ്യം. മറുപടിക്ക്‌ ഞങ്ങള്‍ ഒരു ദിവസത്തെ സമയം ചോദിച്ചു. ഇ.എം.എസ്‌ എം.എല്‍.എമാരുടെയും പാര്‍ടി നേതാക്കളുടെയും യോഗം വിളിച്ചുകൂട്ടി. പ്രധാനമന്ത്രി ഉന്നയിച്ച മൂന്ന്‌ ആവശ്യങ്ങളും യോഗത്തില്‍ അവതരിപ്പിച്ച ഇ.എം.എസ്‌ കാര്യങ്ങളുടെ എല്ലാ വശങ്ങളും അവതരിപ്പിച്ച്‌ ചര്‍ച്ചക്ക്‌ തുടക്കമിട്ടു`` ''ആരോപണങ്ങള്‍ ആദ്യം കൈകാര്യം ചെയ്യുകയും കേന്ദ്ര ആഭ്യന്തരമന്ത്രിക്ക്‌ മറുപടി തയ്യാറാക്കി നല്‍കുകയും ചെയ്‌തയാളെന്ന നിലക്ക്‌ യോഗത്തില്‍ പങ്കെടുത്ത സഖാക്കള്‍ക്ക്‌ ഞാന്‍ ഉറപ്പുനല്‍കി: ഒരൊറ്റ ആരോപണത്തിലും തെല്ലും കഴമ്പില്ല; അന്വേഷിച്ചാലും ഒരു കളങ്കവുമില്ലാതെ നമുക്ക്‌ പുറത്തു വരാനാകും. ഒടുവില്‍ ഞങ്ങളങ്ങനെയൊരു ധാരണയിലെത്തി. നെഹ്രുവിനെ മദ്ധ്യസ്ഥനായി അംഗീകരിച്ച്‌ ആരോപണങ്ങളുടെ കാര്യത്തില്‍ അദ്ദേഹത്തിന്റെ തീര്‍പ്പിന്‌ വഴങ്ങാമെന്ന്‌ ഞങ്ങള്‍ അറിയിച്ചു. അരാജകത്വത്തിന്‌ പരിഹാരമുണ്ടാകുമെങ്കില്‍ വിദ്യാഭ്യാസനിയമത്തിലെ പതിനൊന്നാം വകുപ്പിന്റെ നിര്‍ദ്ദേശം അംഗീകരിക്കാമെന്ന്‌ ഞങ്ങള്‍ സമ്മതിച്ചു. പോലീസ്‌ വെടിവെപ്പിനെക്കുറിച്ചുള്ള നേതാക്കള്‍ ഉറച്ച നിലപാടെടുത്തു. അദ്ദേഹം ഉന്നയിച്ച കാരണങ്ങളും ന്യായമായിരുന്നു. അന്നത്തെ അതിക്രമങ്ങളുടെ സാഹചര്യത്തില്‍ ഏറ്റവും പരീക്ഷിക്കപ്പെട്ട പോലീസ്‌, അക്രമം പരമാവധി നിയന്ത്രിക്കാന്‍ കഴിഞ്ഞതിന്‌ അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന്‌ അച്യുതമേനോന്‍ പറഞ്ഞു. അതിനാല്‍, പോലീസിന്റെ ധാര്‍മികബലത്തെ ബാധിക്കുന്ന ജുഡീഷ്യല്‍ അന്വേഷണത്തിന്‌ വഴങ്ങരുതെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. നേരെ മറിച്ചായിരുന്നു എന്റെ നിലപാട്‌. രാജ്യത്തെവിടെയായാലും പോലീസ്‌ വെടിവെപ്പില്‍ ദുരന്തമുണ്ടായല്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുകയെന്നത്‌ ജനാധിപത്യരീതിയാണെന്ന്‌ ഞാന്‍ വാദിച്ചു. അന്വേഷണത്തിന്‌ വഴങ്ങുന്നില്ലെങ്കില്‍ സ്ഥാനമൊഴിയാനാണ്‌ ആഗ്രഹിക്കുന്നതെന്നുവരെ ഞാന്‍ പറഞ്ഞു. ജൂഡീഷ്യല്‍ അന്വേഷണം നടത്താമെന്നും ഒടുവില്‍ ധാരണയായി`` (സര്‍ക്കാരിന്റെ അവസാനനാളുകളില്‍ ആഭ്യന്തരവകുപ്പ്‌ അച്യുതമേനോന്‌ കൈമാറി. കൃഷിയും സഹകരണവുമായിരുന്നു പകരം എനിക്ക്‌ കൈകാര്യം ചെയ്യേണ്ടിവന്ന വകുപ്പുകള്‍. എന്നെപ്പോലെതന്നെ അച്യുതമേനോനും അക്രമം തടയാന്‍ കരുതല്‍ തടങ്കലില്‍ അടക്കാനുള്ള അധികാരം വിനിയോഗിച്ചില്ല.) ''പിറ്റേന്ന്‌ പ്രധാനമന്ത്രിയെ അത്ഭുതപെടുത്തിക്കൊണ്ട്‌ മൂന്ന്‌ ആവശ്യങ്ങളും അംഗീകരിക്കാനുള്ള തീരുമാനം ഞങ്ങള്‍ അദ്ദേഹത്തെ അറിയിച്ചു. മൂന്ന്‌ നിര്‍ദ്ദേശങ്ങളം എതിര്‍പ്പില്ലാതെ സ്വീകരിച്ചത്‌ ഉള്ളിലെങ്കിലും പ്രധാനമന്ത്രിയെ നടുക്കിക്കാണുമെന്നാണ്‌ എന്റെ ഊഹം. ഞങ്ങളുടെ ന്യായയുക്തമായ ആവശ്യം അംഗീകരിക്കാമെന്ന്‌ വാക്കുനല്‍കി നെഹ്രു ഞങ്ങളെ അയച്ചു.`` ''നടന്നതെന്തൊക്കെയെന്ന്‌ പ്രധാനമന്ത്രി കോണ്‍ഗ്രസ്‌ നേതാക്കളോട്‌ പറഞ്ഞിരിക്കാം. നെറി കാണിക്കലല്ല, ഞങ്ങളുടെ രക്തം കിട്ടലായിരിക്കാം പ്രതിപക്ഷത്തിന്‌ വേണ്ടിയിരുന്നതെന്നും ഞാന്‍ ഊഹിക്കുന്നു. നെഹ്രുവിന്റെ വിശ്വാസ്യത കാക്കലല്ല, ഞങ്ങളുടെ രക്തം കിട്ടലായിരിക്കാം പ്രതിപക്ഷത്തിന്‌ വേണ്ടിയിരുന്നതെന്നും ഞാന്‍ ഊഹിക്കുന്നു. നെഹ്രുവിന്റെ വിശ്വസ്യത കാക്കലല്ല, സര്‍ക്കാരിനെ പിരിച്ചുവിടലായിരുന്നു അവര്‍ക്ക്‌ വേണ്ടിയിരുന്നത്‌. പിറ്റേന്ന്‌ കേരളം വിടുകയായിരുന്നെങ്കിലും അന്ന്‌ നെഹ്രു ഞങ്ങളെ തന്റെ തീരുമാനം അറിയിച്ചില്ല. കേരളത്തിലെ പ്രതിസന്ധി നിറഞ്ഞ അവസ്ഥ നേരിട്ടറിയുകയും അതില്‍ തന്റെ പാര്‍ടിയെടുക്കുന്ന ഏറ്റവും അസ്വീകാര്യമായ നിലപാട്‌ ബോധ്യപ്പെടുകയും ചെയ്‌ത അദ്ദേഹത്തിന്‌ തന്റെ ഒത്തുതീര്‍പ്പുനിര്‍ദ്ദേശങ്ങള്‍ക്കെല്ലാം കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ വഴങ്ങിയതും അദ്ദേഹം കണ്ടു. അട്ടിമറി സമരക്കാരെ വിളിച്ച്‌ നിയമവിരുദ്ധസമരം നിര്‍ത്തണമെന്നാവശ്യപ്പെടുകയല്ലാതെ മേറ്റ്‌ന്താണ്‌ പ്രധാനമന്ത്രിയെന്ന നിലയ്‌ക്കും പാര്‍ടി നേതാവെന്ന നിലയ്‌ക്കും അദ്ദേഹത്തിന്‌ ചെയ്യാനുണ്ടായിരുന്നത്‌? എന്നാല്‍, 1959 ജൂലൈയോടെ നെഹ്രു ദൃഢമായ കാമ്പുള്ളയാളല്ലാതായിത്തീര്‍ന്നു. ഭഓപ്പറേഷന്‍ അട്ടിമറി` നിര്‍ത്തിവയ്‌ക്കണമെന്നാവശ്യപ്പെടാനുള്ള ധൈര്യവും ഇച്ഛാശക്തിയും അദ്ദേഹത്തിന്‌ ഇല്ലാതായിപ്പോയി...`` '' മൂന്നുദിവസം, നെഹ്രു കേരളം വിടുന്ന അന്ന്‌, അദ്ദേഹത്തെ യാത്രയാക്കാനും അദ്ദേഹത്തിന്റെ തീര്‍പ്പറിയാനും ഞാന്‍ രാജ്‌ഭവനില്‍ ചെന്നു. ഞാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം പുറത്തേക്കു വരികയായിരുന്നു. മഹാനായ ആ മനുഷ്യനെ അഭിവാദ്യം ചെയ്യാന്‍ ഞാന്‍ അടുത്തെത്തിയപ്പോള്‍ ആ മുഖത്ത്‌ പതിവുള്ള ഉന്മേഷം ചോര്‍ന്നുപോയിരുന്നു. ഭപണ്ഡിറ്റ്‌ജി, താങ്ങള്‍ ഇന്ന്‌ പോകുകയാണല്ലോ. എന്നാല്‍ പ്രശ്‌നം അങ്ങനെ കിടക്കുന്നു. താങ്കള്‍ ആവശ്യപ്പെട്ടതിനെല്ലാം ഞങ്ങള്‍ വഴങ്ങി. എന്താണിനി അങ്ങയുടെ പ്രശ്‌നപരിഹാരം?' അദ്ദേഹം എന്നെ തുറിച്ചുനോക്കി. മുഖം ആകെവാടി. ഏതാണ്ട്‌ ബോധശൂന്യനായി. വീഴാതിരിക്കാന്‍ കൈകള്‍ അരികിലെ കയറില്‍ പിടിച്ചു. ചരിത്രപ്രധാനമായ രണ്ട്‌ ഛായാചിത്രങ്ങള്‍ ഇന്നും എന്റെ ചുവരില്‍ തൂങ്ങുന്നുണ്ട്‌ ദയനീയഭാവവും തളര്‍ന്ന മുഖവുമുള്ള നെഹ്രുവിന്റെ രണ്ടു ചിത്രങ്ങള്‍. പിന്നീട്‌ വിമാനത്താവളത്തില്‍ അദ്ദേഹം പത്രക്കാരോട്‌ സംസാരിച്ചു. കേരളത്തില്‍ ജനങ്ങള്‍ക്കും സര്‍ക്കാരിനുമിടയ്‌ക്ക്‌ ഒരു മതില്‍ ഉയര്‍ന്നിരിക്കുന്നെന്നും അനിയന്ത്രിതമായിത്തീര്‍ന്ന ജനവികാരത്തെ പുതിയൊരു തെരഞ്ഞെടുപ്പിലൂടെയല്ലാതെ അടക്കാനാവില്ലെന്നും.`` ''ജവഹര്‍ലാല്‍ വന്നു, കണ്ടു. പക്ഷെ, കീഴടക്കിയില്ല. എന്തുകൊണ്ട്‌? ഒരു പക്ഷെ, സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കച്ചകെട്ടിയിറങ്ങിയ പിന്തിരിപ്പന്‍ ശക്തികള്‍ അദ്ദേഹത്തെ മറികടന്നതുകൊണ്ടാകാം. അതില്‍ കുറഞ്ഞ മറ്റൊരു കാരണവും ഞാനതില്‍ കാണുന്നില്ല. മൂന്നാംദിവസം നെഹ്രുവില്‍ കണ്ട ദയനീയതയ്‌ക്ക്‌ കാരണം പാര്‍ടിയിലെ ഉള്‍പ്പാര്‍ട്ടി സമരമാണെന്നാണ്‌ എന്റെ ഊഹം. യഥാര്‍ത്ഥ നെഹ്രു തകര്‍ച്ചയിലായിരുന്നു. ഇന്ദിരാഗാന്ധിയുടെ അദ്ധ്യക്ഷതയില്‍ കോണ്‍ഗ്രസ്‌ കേരള നിയമസഭ പിരിച്ചുവിടാനും സര്‍ക്കാരിനെ പുറത്താക്കി രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കാനും തീരുമാനിച്ചതായി പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഇങ്ങനെയൊരു തീരുമാനത്തിന്‌ ഊര്‍ജ്ജം പകര്‍ന്ന്‌ മന്നത്ത്‌ പത്മനാഭനും കൂട്ടരും സെക്രട്ടറിയറ്റിലേക്ക്‌ മാര്‍ച്ച്‌ നടത്തുമെന്നും ബലം പ്രയോഗിച്ചും അധികാരം പിടിച്ചെടുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റ്‌ ഭരണതീരുമാനത്തിലൂടെ കേന്ദ്രത്തിലെ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ അവരോടുള്ള വിധേയത്വം പ്രകടിപ്പിച്ചു`` ''മൈസൂരില്‍ സഹകരണമന്ത്രിമാരുടെ സമ്മേളനം കഴിഞ്ഞുവരും വഴി, മദ്രാസിലുണ്ടായിരുന്ന ഉപരാഷ്ട്രപതി രാധാകൃഷ്‌ണനെ ഞാന്‍ സന്ദര്‍ശിച്ചു. ഹീനമായ സംഭവങ്ങളുടെ ലഘുചരിത്രവും പിരിച്ചുവിടല്‍ ഭീഷണിയെക്കുറിച്ചും ഞാന്‍ അദ്ദേഹത്തോട്‌ സംസാരിച്ചു. ഡല്‍ഹിയില്‍ ചെന്നയുടന്‍ പ്രധാനമന്ത്രിയെ കാണാമെന്നും കടുത്ത നടപടിയില്‍ നിന്ന്‌ പിന്‍മാറാന്‍ സമ്മര്‍ദ്ദം ചെലുത്താമെന്നും ഉപരാഷ്ട്രപതി വാഗ്‌ദാനം ചെയ്‌തു. അദ്ദേഹം ആ ദൗത്യത്തില്‍ വിജയിക്കുമോയെന്നത്‌ സംശയമായിരുന്നു. ഉപരാഷ്ട്രപതി ഡല്‍ഹിയിലെത്തുംമുമ്പേ 356ാം വകുപ്പുപ്രകാരമുള്ള ഉത്തരവുമായി ആഭ്യന്തരമന്ത്രി (ശങ്കര്‍) തിരുവനന്തപുരത്തേക്ക്‌ തിരിച്ചിരുന്നു. മദ്രാസില്‍നിന്ന്‌ തിരുവനന്തപുരംവരെ ഞങ്ങള്‍ ഒരുമിച്ചായിരുന്നു യാത്ര. ഞങ്ങളുടെ മരണവിധയുമായാണ്‌ ആഭ്യന്തരസെക്രട്ടറിയുടെ വരവെന്ന്‌ ഞാന്‍ ഊഹിച്ചു. അന്നു വൈകിട്ട്‌ ഗവര്‍ണര്‍ ബി.രാമകൃഷ്‌ണറാവു അടിയന്തരസന്ദേശമയച്ച്‌ ഞങ്ങളെയെല്ലാവരെയും വിളിപ്പിച്ചു. രാജ്‌ഭവനില്‍ ഞങ്ങള്‍ക്ക്‌ ചായ പകര്‍ന്നുതന്ന്‌ അദ്ദേഹം പറഞ്ഞു, നിങ്ങളുടെ സര്‍ക്കാര്‍ ഇല്ലാതാകാന്‍ പോകുകയാണെന്ന്‌. പിറ്റേന്ന്‌ ഇ.എം.എസിനും മന്ത്രിസഭാംഗങ്ങള്‍ക്കും സെക്രട്ടറിയറ്റ്‌ ഉദ്യോഗസ്ഥരുടെ യാത്ര അയപ്പായിരുന്നു. ഉജ്ജ്വലമായ ഉപസംഹാരപ്രസംഗത്തില്‍ സര്‍ക്കാര്‍ പോകുകയാണെന്ന്‌ ഇ.എം.എസ്‌ പ്രഖ്യാപിച്ചു. ജനങ്ങളിലേക്കാണ്‌ പോകുന്നത്‌; അവിടെനിന്ന്‌ വീണ്ടും മന്ത്രിസഭയുണ്ടാക്കാന്‍ മടങ്ങിവരുംഉറച്ച സ്വരത്തില്‍ ഇ.എം.എസ്‌ പറഞ്ഞു. കേരളത്തിലെ അരാജകനീക്കത്തെ അംഗീകരിക്കുകയും ആദര്‍ശവല്‍ക്കരിക്കുകയും ചെയ്യുകവഴി 1959 ല്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ കീഴടങ്ങല്‍ ഇന്ത്യന്‍ ഭരണഘടനാക്രമത്തിന്റെ തകര്‍ച്ചയുടെ തുടക്കമായിത്തീര്‍ന്നു`` ആ തകര്‍ച്ച നെഹൃകുടുംബാധിപത്യത്തിലൂടെ,ഇന്ദിരയുടെ അടിയന്തിരാവസ്ഥയിലൂടെ രാജീവിന്റെ അവസരവാദ കൂട്ടുകെട്ടിലൂടെ,സോനിയയുടെ പിന്‍ബഞ്ച്‌ നിയന്ത്രണത്തിലൂടെ ,രാഹുലിന്റെ പാര്‍ലമെന്റിലെ ഉറക്കത്തിലൂടെ ദുഷിക്കപ്പെട്ടതിന്റെ ഇരകളാണ്‌ നമ്മള്‍. നാം ജീവിക്കുന്ന കാലത്തെ ആസുരതകളുടെ നടുവില്‍ ശ്വാസം മുട്ടുമ്പോഴും, ആതിരേ, നമ്മുടെയൊക്കെ വാഴ്‌വിന്‌ സുകൃത സ്‌പര്‍ശമുണ്ടെന്ന്‌ പറയണം.അല്ലെങ്കില്‍ റിട്ട.ജസ്റ്റിസ്‌.കൃഷ്‌ണയ്യര്‍ ജീവിച്ച കാലത്ത്‌ ജീവിക്കാന്‍ നമുക്കാവുമായിരുന്നില്ലല്ലോ!
വൈദ്യനാഥപുരം രാമയ്യര്‍ കൃഷ്‌ണയ്യര്‍ എന്ന വി.ആര്‍. കൃഷ്‌ണയ്യര്‍. 1915 നവംബര്‍ 15ന്‌ പാലക്കാട്ട്‌ ജനിച്ചു. അണ്ണാമലൈ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ബി.എയും മദ്രാസ്‌ യൂണിവേഴ്‌സിറ്റിയി?നിന്നും ബി.എല്‍ ഡിഗ്രിയും നേടി. 1938ല്‍ മലബാറിലെയും കൂര്‍ഗ്ഗിലെയും കാനറയിലെയും കോടതികളില്‍ പ്രാക്ടീസ്‌ തുടങ്ങി. മദ്രാസ്‌ ലെജിസ്ലേറ്റീവ്‌ അസംബ്ലിയിലേക്ക്‌ കൂത്തുപറമ്പില്‍നിന്നും 1957ല്‍ കേരളത്തിലെ നിയമസഭയിലേക്ക്‌ നടന്ന തിരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ടു. ഇ.എം.എസ്‌ മന്ത്രിസഭയില്‍ ആഭ്യന്തരം, വൈദ്യുതി, നിയമം, ജയില്‍, സാമുഹികക്ഷേമം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്‌തു. ജനകീയോന്മുഖമായ പല പരിഷ്‌കരണങ്ങളും നടപ്പിലാക്കി. 1960ല്‍ കേരള ഹൈക്കോടതി ജഡ്‌ജിയായി ചുമതലയേറ്റു. 1970ല്‍ ഇന്ത്യന്‍ ലോ കമ്മീഷന്‍ അംഗമായി. 1973ല്‍ സുപ്രീംകോടി ജഡ്‌ജിയാകുകയും 1980 വരെ ആ സ്ഥാനത്ത്‌ തുടരുകയും ചെയ്‌തു. സാമുഹികനീതിക്കും മനുഷ്യാവകാശ സംരക്ഷണത്തിനുമായി പ്രവൃത്തിക്കുന്ന അറുപതോളം സംഘടനകളുടെ ഭാരവാഹിയാണ്‌. പ്രമുഖ വിദേശ, ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളിലെ വിസിറ്റിംഗ്‌ പ്രൊഫസര്‍. നിയമ സംബന്ധിയായി അറുപതോളം പ്രഖ്യാത പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.വിലാസം:`സദ്‌ഗമയ'എം.ജി റോഡ്‌, കൊച്ചി.

No comments: