Monday, June 25, 2012

ഈ മെത്രാന്മാരെ തലകീഴായി ക്രൂശിക്കണം

ഗുണ്ട അക്രമണം ഭയന്ന്‌ കുര്യാക്കോസ്‌ മാര്‍ ക്ലീമിസിന്‌ ഇടുക്കി ഭദ്രാസനാലയത്തില്‍ നിന്ന്‌ ഒളിച്ചു പോകേണ്ട അവസ്ഥ സംജാതമായെങ്കില്‍ സംശയമില്ല, രാഷ്ട്രീയക്കാരും അവരുടെ ഗുണ്ടകളും എതിരാളികളെ ഒതുക്കാന്‍ അനുവര്‍ത്തിക്കുന്ന ഉന്മൂലന ശൈലി അതിന്റെ എല്ലാ ക്രൗര്യതയോടും അരമനകളിലും എത്തിച്ചേര്‍ന്നിരിക്കുന്നു . കോതമംഗലം മാര്‍ ബസേലിയോസ്‌ ആശുപത്രിയില്‍ സമരം ചെയ്യുന്ന നഴ്സുമാരെ ആക്രമിക്കാന്‍ എത്തിയത്‌ സഭയുടെ സ്ഥിരം ഗുണ്ടകളായിരുന്നു എന്നാണ്‌ പോലീസ്‌ ഉദ്യോഗസ്ഥര്‍ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്‌. സഭാ പ്രവര്‍ത്തനം ഇത്തരത്തില്‍ ഗുണ്ടാവാഴ്ചയ്ക്കും ക്വട്ടേഷന്‍ സംഘങ്ങളുടെ വിളയാട്ടത്തിനുമായി തീരുമ്പോള്‍ ഇവരെല്ലാം പ്രസംഗിക്കുന്ന ക്രിസ്തു 2000 വര്‍ഷം മുന്‍പ്‌ ചോദിച്ച ഒരു ചോദ്യമാണ്‌ പ്രസക്തമാകുന്നത്‌: 'മനുഷ്യ പുത്രന്‍ വരുമ്പോള്‍ വിശ്വാസം കണ്ടെത്തുമോ? ഈ ചോദ്യത്തിന്‌ ഉത്തരം നല്‍കാനുള്ള നന്മയും വിശുദ്ധിയും ശ്രേഷ്ഠ കത്തോലിക്ക ബാവ ബസേലിയോസ്‌ തോമസ്‌ പ്രഥമനും ഇടുക്കി ഭദ്രാസനാധിപനായിരുന്ന കുര്യാക്കോസ്‌ മാര്‍ ക്ലീമിസിനും സംഘത്തിനും ഉണ്ടോ? ആതിരേ,യഹൂദര്‍ ഒരിക്കല്‍ കുരിശില്‍ തറച്ചു കൊന്ന ക്രിസ്തുവിനെ ക്രിസ്ത്യാനികള്‍ അനുനിമിഷം ക്രൂശീകരിച്ചു കൊണ്ടിരിക്കുകയാണെന്ന നിരീക്ഷണം അക്ഷരാര്‍ത്ഥത്തില്‍ ശരിവയ്ക്കുന്നതാണ്‌ ഇപ്പോള്‍ മലങ്കര യാക്കോബായ സഭയുമായി ബന്ധപ്പെട്ട്‌ പുറത്തു വന്നിട്ടുള്ള ക്രിമിനല്‍ വാര്‍ത്തകള്‍. ഒരു ഭദ്രസനാധിപനെ വധിക്കാന്‍ സഭയുടെ പരമാദ്ധ്യക്ഷന്‍ ക്വട്ടേഷന്‍ സംഘത്തെ അയച്ചു എന്ന്‌ ആരോപിക്കപ്പെടുമ്പോള്‍ തെരുവു തെമ്മാടികളുടെ തലത്തില്‍ എത്തി നില്‍ക്കുകയാണ്‌ ഭദ്രസനാധിപനും സഭയുടെ പരമാദ്ധ്യക്ഷനും അടങ്ങുന്ന സഭാ നേതൃത്വം മുഴുവന്‍. ലോകത്തിന്‌ സ്നേഹത്തിന്റെയും സഹകരണത്തിന്റെയും ക്ഷമയുടെയും പാപവിമോചനത്തിന്റെയും സുവിശേഷവുമായാണ്‌ ക്രിസ്തു അവതരിച്ചതെന്നാണ്‌ ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നത്‌. ഏഴ്‌ എഴുപതുവട്ടം ക്ഷമിക്കാനാണ്‌ ക്രിസ്തുവിന്റെ ഏറ്റവും മൂല്യവത്തായ പ്രബോധനങ്ങളില്‍ ഒന്ന്‌. നിന്റെ വലത്തേ കവളില്‍ ആരെങ്കിലും അടിച്ചാല്‍ ഇടത്തേ കവളും കാണിച്ചുകൊടുക്കാന്‍ ഉപദേശിച്ച്‌ ക്ഷമയുടെ പുതിയ സുവിശേഷം രചിച്ച ക്രിസ്തു തന്നെയാണ്‌ നിങ്ങള്‍ ലോകത്തിലുള്ളതല്ല സ്വര്‍ഗത്തിലുള്ളത്‌ ചിന്തിക്കാന്‍ പഠിപ്പിച്ചത്‌. ഇഹലോഹ ജീവിതവുമായി ബന്ധപ്പെട്ട ഭൗതിക വിഷയങ്ങളില്‍ നിന്ന്‌ മനസ്സ്‌ മാറ്റുമ്പോള്‍ മാത്രമാണ്‌ മനുഷ്യന്‍ നിസ്വാര്‍ത്ഥനും സ്നേഹിക്കാന്‍ കഴിവുള്ളവനും അന്യനെ സഹായിക്കാന്‍ മനസ്സുള്ളവനും ആകുക എന്ന്‌ തിരിച്ചറിഞ്ഞാണ്‌ ഭൗതിക ലോകത്തിന്റെ സുഖസൗകര്യങ്ങളെക്കുറിച്ചല്ല സ്വര്‍ഗ്ഗലോകത്തെ കുറിച്ച്‌ ചിന്തിക്കാന്‍ ക്രിസ്തു പഠിപ്പിച്ചത്‌. ഈ പഠനത്തിന്‌ പൊരുള്‍ നിരവധിയാണ്‌. അതിലൊന്നാണ്‌ നിങ്ങള്‍ക്കിടയില്‍ തന്നെയാണ്‌ സ്വര്‍ഗവും നരകവും എന്നുള്ള ക്രിസ്തുവിന്റെ ഉദ്ബോധനം. ആതിരേ,ഇതെല്ലാം വായിക്കാനും പുള്‍പ്പിറ്റുകളില്‍ നിന്നുകൊണ്ട്‌ ഇടവകാംഗങ്ങളെയും വിശ്വാസികളെയും ബോധിപ്പിക്കാനുള്ളതല്ല മറിച്ച്‌, സ്വന്തം ജീവിതത്തില്‍ പകര്‍ത്തി കാട്ടി ക്രിസ്തുവിന്റെ സാക്ഷികളാകാനാണ്‌ സുവിശേഷവും ക്രിസ്തുവും ആഹ്വാനം ചെയ്യുന്നത്‌. ഇത്‌ ഒരു സംഘടിത മത സൃഷ്ടിക്കു വേണ്ടിയുള്ള ശ്രമമല്ല. മറിച്ച്‌, തന്റെ ഏകജാതനായ പുത്രനെ ബലിയായി നല്‍കാന്‍ ലോകത്തെ മുഴുവന്‍ സ്നേഹിച്ച ദൈവത്തിന്റെ വലിയ മനസ്സ്‌ വ്യക്തമാക്കുന്ന സാര്‍വ്വലൗകികമായ, സാര്‍വ്വജനീനമായ സൗഹാര്‍ദ്ദത്തിനും സഹകരണത്തിനും സ്നേഹത്തിനും ക്ഷമയ്ക്കും വേണ്ടിയുള്‍ല ആഹ്വാനമാകുന്നു. എന്നാല്‍, ക്രിസ്തുവിനെ മരത്തിലും സ്വര്‍ണ്ണം, വെള്ളി ലോഹങ്ങളിലും രൂപമാക്കി നെഞ്ചത്ത്‌ ധരിക്കുന്ന സഭാ നേതൃത്വം പക്ഷേ, ഓരോ നിമിഷവും ക്രിസ്തുവിനെയും ക്രിസ്തുവിന്റെ സുവിശേഷത്തെയും ക്രൂശിച്ചുകൊണ്ട്‌ ക്രിസ്തുവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണെന്ന സത്യം ഒരിക്കല്‍ കൂടി വെളിവാകുന്നതാണ്‌ യാക്കോബായ സഭയില്‍ നിന്ന്‌ ഇപ്പോള്‍ പൊട്ടിപ്പുറത്തു വന്നിട്ടുള്ള ഗ്വാഗ്വാ വിളികളും ക്വട്ടേഷന്‍ ഇടപാടുകളും. 48 ലക്ഷം രൂപ ഒരു ഭദ്രസനാധിപന്‍ ആഡംബരാവശ്യങ്ങള്‍ക്ക്‌ ചെലവഴിച്ച്‌ സഭയ്ക്ക്‌ ബാധ്യത വരുത്തി എന്നാണ്‌ ,ആതിരെ,മലങ്കര യാക്കോബായ സഭയുടെ നേതൃത്വം ഇടുക്കി ഭദ്രസനാധിപനായിരുന്ന കുര്യാക്കോസ്‌ മാര്‍ ക്ലീമിസിനെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ ഒന്ന്‌. ഭൗതിക സുഖസൗകര്യങ്ങള്‍ എല്ലാം ത്യജിച്ച്‌ ദാരിദ്ര്യ വ്രതവാഗ്ദാനത്തോടെയാണ്‌ ക്രൈസ്തവ സഭകളില്‍ പുരോഹിതനും സന്യസ്തരും പ്രേഷിത പ്രവര്‍ത്തനത്തിന്‌ തയ്യാറാകുന്നത്‌. അങ്ങനെ ഒരു ഭദ്രാസനത്തിന്റെ അധിപനായ വ്യക്തിയാണ്‌ ആഡംബരത്തിനുവേണ്ടി 48 ലക്ഷം രൂപ കടംവരുത്തി എന്ന ആരോപണത്തെ നേരിടുന്നത്‌. ചുങ്കക്കാരെയും പാപികളെയും വേശ്യകളെയും മുക്കുവന്മാരെയും തേടിയെത്തുകയും അവര്‍ക്കൊപ്പം ജീവിക്കുകയും ചെയ്ത്‌ സുവിശേഷത്തിന്റെ മഹത്വവും പ്രേഷിത വൃത്തിയുടെ വിശുദ്ധിയും വ്യക്തമാക്കിയ യേശുക്രിസ്തുവിനെ തെരുവില്‍, ആക്രിക്കടയില്‍ തൂക്കിവില്‍ക്കുന്നതിന്‌ തുല്യമാണ്‌ സഭാ നേതൃത്വങ്ങളുടെ ഈ ആഡംബര ജീവിതവും ഭൗതിക സുഖങ്ങള്‍ക്കു പിന്നാലെയുള്ള പാച്ചിലും. തീരുന്നില്ല ഈ ഭദ്രസനാധിപനെതിരായുള്ള ആരോപണം. യാക്കോബായ സഭയിലെ ചില കന്യാസ്ത്രീകളുമായി ബന്ധപ്പെടുത്തിയും കുര്യാക്കോസ്‌ മാര്‍ ക്ലീമിസിനെതിരെ ആരോപണം ഉന്നയിക്കുന്നത്‌ ശ്രേഷ്ഠ കാതോലിക്ക ബാവ അടങ്ങുന്ന സഭയുടെ നേതൃനിരയാണ്‌. ക്ലീമിസിന്റെ ഇത്തരം സഭാ വിരുദ്ധ നിലപാടുകളുടെ പേരിലാണെന്ന്‌ പറയപ്പെടുന്നു, അദ്ദേഹത്തെ ഇടുക്കി ഭദ്രാസനത്തിന്റെ ചുമതലയില്‍ നിന്ന്‌ നീക്കിയത്‌. അതേസമയം, ശ്രേഷ്ഠ കാതോലിക്ക ബാവയും സംഘവും ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും പച്ചക്കള്ളവും സുവിശേഷത്തിന്‌ നിരക്കുന്നതുമല്ലെന്ന്‌ ക്ലിമീസ്‌ തിരിച്ചടിക്കുന്നു. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച്‌ സഭാ നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ച്‌ ചില തല്‍പര കക്ഷികള്‍ ചില കന്യാസ്ത്രീമാരെ സഭയില്‍ നിന്ന്‌ ചിത്രവധം ചെയ്ത്‌ പുറത്താക്കാന്‍ ശ്രമിച്ചപ്പോള്‍ അവരെ സഹായിച്ചതിന്റെ പേരിലാണ്‌ തനിക്കെതിരെ അസാന്മാര്‍ഗ്ഗിക ആരോപണം ഉന്നയിക്കുന്നതെന്ന്‌ ക്ലീമിസ്‌ ആരോപിക്കുന്നു. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ മനസ്സിലാണ്‌ അശ്ലീലതയും അസാന്മാര്‍ഗ്ഗിക ചിന്തയും ഉടലെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. മൂന്ന്‌ കോടി രൂപ കൊടുത്തിട്ടാണ്‌ താന്‍ ഇടുക്കി ഭദ്രാസനത്തിന്റെ അധിപനായതെന്ന്‌ ക്ലീമിസ്‌ വെളിപ്പെടുത്തുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനമോഹികള്‍ക്ക്‌ സീറ്റുകള്‍ കോഴവാങ്ങി വില്‍ക്കുന്നതിനെ അനുസ്മരിപ്പിക്കുന്നു ഈ ആരോപണം. ഒരുവേള രാഷ്ട്രീയക്കാരുടെ ആ ഇടപാടിനെക്കാള്‍ നിന്ദ്യവും നീചവും സഭാ വിരുദ്ധവുമായ നിലയിലാണ്‌ യാക്കോബായ സഭയിലെങ്കിലും ഭദ്രാസനാധിപന്മാരെ നിയമിക്കുന്നതെന്ന്‌ വേണം ക്ലീമിസിന്റെ വെളിപ്പെടുത്തലില്‍ നിന്ന്‌ വായിച്ചെടുക്കാന്‍. തന്നെ വധിക്കാന്‍ സഭാ നേതൃത്വം ക്വട്ടേഷന്‍ സംഘത്തെ അയച്ചു എന്ന്‌ പരസ്യമായി മാധ്യമങ്ങളോട്‌ പറയാന്‍ ഒരു ഭദ്രാസനാധിപന്‍ നിര്‍ബന്ധിതനാകുമ്പോള്‍ പശ്ചാത്തലത്തില്‍ നടക്കുന്ന ഗുണ്ടാ പ്രവര്‍ത്തനങ്ങളുടെ രൂക്ഷതയും ആഴവും പരപ്പും ഊഹാതീതമാകുന്നു. ആതിരേ,ഈ ഗുണ്ട അക്രമണം ഭയന്ന്‌ കുര്യാക്കോസ്‌ മാര്‍ ക്ലീമിസ്‌ ഇടുക്കി ഭദ്രാസനാലയത്തില്‍ നിന്ന്‌ ഒളിച്ചു പോകേണ്ട അവസ്ഥ സംജാതമായെങ്കില്‍ സംശയമില്ല, രാഷ്ട്രീയക്കാരും അവരുടെ ഗുണ്ടകളും എതിരാളികളെ ഒതുക്കാന്‍ അനുവര്‍ത്തിക്കുന്ന ഉന്മൂലന ശൈലി അതിന്റെ എല്ലാ ക്രൂരതകളോടും അരമനകളിലും എത്തിച്ചേര്‍ന്നിരിക്കുന്നു എന്നാണ്‌ വ്യക്തമാക്കുന്നത്‌. കോതമംഗലം മാര്‍ ബസേലിയോസ്‌ ആശുപത്രിയില്‍ സമരം ചെയ്യുന്ന നഴ്സുമാരെ ആക്രമിക്കാന്‍ എത്തിയത്‌ സഭയുടെ സ്ഥിരം ഗുണ്ടകളായിരുന്നു എന്നാണ്‌ പോലീസ്‌ ഉദ്യോഗസ്ഥര്‍ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്‌. സഭാ പ്രവര്‍ത്തനം ഇത്തരത്തില്‍ ഗുണ്ടാവാഴ്ചയ്ക്കും ക്വട്ടേഷന്‍ സംഘങ്ങളുടെ വിളയാട്ടത്തിനുമായി തീരുമ്പോള്‍ ഇവരെല്ലാം പ്രസംഗിക്കുന്ന ക്രിസ്തു 2000 വര്‍ഷം മുന്‍പ്‌ ചോദിച്ച ഒരു ചോദ്യമാണ്‌ പ്രസക്തമാകുന്നത്‌. കുരിശില്‍ മരിച്ച്‌ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു താന്‍ വീണ്ടും വരുമെന്നാണ്‌ ശിഷ്യന്മാര്‍ക്ക്‌ ഉറപ്പ്‌ കൊടുത്തത്‌. ക്രൈസ്തവ സഭയുടെ അടിസ്ഥാന വിശ്വാസം കൂടിയാണ്‌ ക്രിസ്തുവിന്റെ രണ്ടാം വരവ്‌. ആ ക്രിസ്തുവാണ്‌ ഒരിക്കല്‍ ചോദിച്ചത്‌ 'മനുഷ്യ പുത്രന്‍ വരുമ്പോള്‍ വിശ്വാസം കണ്ടെത്തുമോ? ഈ ചോദ്യത്തിന്‌ ഉത്തരം നല്‍കാനുള്ള നന്മയും വിശുദ്ധിയും ശ്രേഷ്ഠ കത്തോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമനും ഇടുക്കി ഭദ്രാസനാധിപനായിരുന്ന കുര്യാക്കോസ്‌ മാര്‍ ക്ലീമിസിനും സംഘത്തിനും ഉണ്ടോ?

No comments: