Sunday, June 3, 2012

ചന്ദ്രശേഖരന്‍ വധം: ഒരു മാസം;ഓര്‍മ്മകളില്‍ ട്രോട്സ്കിയും സ്റ്റാലിനും

1940 മെയ്‌ 24.സ്പെയിനില്‍ ജനിച്ച സോവിയറ്റ്‌ ചാരനായ റമോണ്‍ മെര്‍ക്കാര്‍ഡര്‍ എന്ന അന്നത്തെ 'കൊടി സുനിയെ ' ഉപയോഗിച്ചാണ്‌ സ്റ്റാലിന്‍ ട്രോട്സ്കിയെ വക വരുത്തുന്നത്‌.കട്ടി മഞ്ഞ്‌ കീറിമുറിക്കാനുപയോഗിക്കുന്ന മഴു കൊണ്ട്‌ ട്രോട്സ്കിയുടെ മുഖം വികൃതമായി വെട്ടിക്കീറിയാണ്‌ സ്റ്റാലിന്റെ അധികാര ധാര്‍ഷ്ട്യത്തെ ചോദ്യം ചെയ്ത ആ വിപ്ലവകാരിയെ, യഥാര്‍ത്ഥ കമ്യൂണിസ്റ്റിനെ, ട്രോട്സ്കിയെ ഉന്മൂലനം ചെയ്തത്‌. ജോസഫ്‌ സ്റ്റാലിനും ലിയോണ്‍ ട്രോട്സ്കിയും വര്‍ത്തമാനകാലത്തില്‍ എത്തിയപ്പോള്‍ പിണറായി വിജയനും ടി.പി.ചന്ദ്രശേഖരനുമായത്‌ യാദൃച്ഛികമല്ല മറിച്ച്‌, മാര്‍ക്സ്‌ നിരീക്ഷിച്ച " ചരിത്രത്തിന്റെ ദുരന്ത " പൂര്‍ണ്ണതയായിരുന്നു. ഒരു മെയ്‌ 24-ാ‍ം തീയതിയാണ്‌ ലിയോണ്‍ ട്രോട്സ്കിയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയതെങ്കില്‍ മറ്റൊരു മെയ്‌ നാലാം തീയതിയാണ്‌ ടി.പി.ചന്ദ്രശേഖരനും സമാനമായ ദുരന്തത്തിന്‌ ഇരയായത്‌. എന്നാല്‍, യഥാര്‍ത്ഥ പ്രതികള്‍ അറസ്റ്റ്‌ ചെയ്യപ്പെടാതിരിക്കാനുള്ള സാധ്യതകളാണ്‌ ഇപ്പോള്‍ തെളിയുന്നത്‌. യുഡിഎഫിലെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള മന്ത്രിമാരുടെയും കെ.വി.തോമസ്‌, വയലാര്‍ രവി തുടങ്ങിയ കേന്ദ്ര മന്ത്രിമാരുടെയും സഹായത്തോടെ പി.ജയരാജന്‍ മുതലുള്ള നേതാക്കളെ രക്ഷപ്പെടുത്തി ഏതാനും ഗുണ്ടാ സംഘത്തിന്റെ തലയില്‍ ചന്ദ്രശേഖരന്‍ വധശ്രമത്തിന്റെ ഉത്തരവാദിത്തം കെട്ടിവയ്ക്കാനുള്ള സാധ്യതയാണ്‌ ഇപ്പോള്‍ തെളിയുന്നത്‌. അപ്പോള്‍ പോലും ചന്ദ്രശേഖരന്‍ വധത്തിന്റെ രാഷ്ട്രീയവും ധാര്‍മ്മികവുമായ ഉത്തരവാദിത്തത്തില്‍ നിന്ന്‌ പി.ജയരാജനും പിണറായി വിജയനും മാറി നില്‍ക്കാന്‍ കഴിയുകയില്ല. ആതിരേ റവല്യൂഷണറി മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ ടി.പി.ചന്ദ്രശേഖരന്റെ ബീഭത്സമായ അന്ത്യം നറ്റാണ്ണീട്ട്‌ ഇന്ന്‌ 30 ദിവസം.51 വെട്ടുകൊണ്ട്‌ സഖാവ്‌ ടി.പി.യെ ഉന്മൂലനം ചെയ്ത കേസിന്റെ അന്വേഷണത്തില്‍ ഇതുവരെ 13 പേര്‍ കുരുങ്ങിക്കഴിഞ്ഞു.അനുബന്ധമായ രണ്ട്‌ കേസുകള്‍കൂടി പരിഗണിക്കുമ്പോള്‍ ആകെ 21 പേര്‍ കസ്റ്റഡിയിലായി.നിഷ്ഠൂരമായ ഈ കൊലപാതകത്തിന്‌ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ച ' മാസ്റ്റര്‍ ബ്രെയിന്‍' ഉള്‍പ്പെടുന്ന ഗൂഢാലോചനക്കാരെ എപ്പോള്‍ കൈയ്യാമം വയ്ക്കും എന്ന്‌ ഔത്സുക്യത്റ്റ്ഘോടെയാണ്‌ കേരളം കാത്തിരിക്കുന്നത്‌ ഈ നിമിഷങ്ങള്‍, ആതിരേ, സഖാവ്‌ ടി.പി.വധത്തിന്‌ മുന്നോടിയായി നടന്ന ഗൂഢാലോചനകളും ഉന്മൂലനം നടപ്പാക്കിയ രീതിയും പഴയ സോവിയറ്റ്‌ യൂണിയനിലെ ലിയോണ്‍ ട്രോട്സ്കിയുടെ ദാരുണമായ അന്ത്യത്തേയും അതിന്‌ ചുക്കാന്‍ പിടിച്ച ജോസഫ്‌ സ്റ്റാലിനേയും അനുസ്മരിപ്പിക്കുന്നു. റഷ്യന്‍ വിപ്ലവ വിജയത്തിന്‌ വീരോചിതമായ പോരാട്ടം നടത്തുകയും പ്രധാന പങ്ക്‌ വഹിക്കുകയും ചെയ്ത റെഡ്‌ ആര്‍മിയുടെ സ്ഥാപകനും പ്രഥമ നേതാവുമായിരുന്നു ലിയോണ്‍ ട്രോട്സ്കി. വിപ്ലവ വിജയത്തിനുശേഷം ജോസഫ്‌ സ്റ്റാലിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന സോവിയറ്റ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി, മാര്‍ക്സിയന്‍ തത്വങ്ങളില്‍ നിന്ന്‌ വ്യതിചലിക്കുന്നുവെന്നും ഭരണരംഗത്ത്‌ ഉദ്യോഗസ്ഥ മേധാവിത്വം അനധികൃതമായ സ്വാധീനം ചെലുത്തുന്നുവെന്നും ചൂണ്ടിക്കാട്ടി സ്റ്റാലിന്റെ അധികാര ഗര്‍വ്വ്‌ നിറഞ്ഞ നടപടികളെ വിമര്‍ശിച്ച വ്യക്തിയായിരുന്നു ട്രോട്സ്കി. പത്രപ്രവര്‍ത്തകന്‍ കൂടിയായിരുന്ന ട്രോട്സ്കിയുടെ വാക്കുകള്‍ക്ക്‌ വാളുകളേക്കാള്‍ വെടിയുണ്ടകളേക്കാള്‍ മൂര്‍ച്ചയുണ്ടായത്‌ സ്വാഭാവികം. സോവിയറ്റ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ആദ്യകാല പോളിറ്റ്‌ ബ്യൂറോ മെമ്പര്‍മാരില്‍ ഒരാളായ ട്രോട്സ്കി അങ്ങനെ സ്റ്റാലിന്റെ കണ്ണിലെ കരടായി. സ്റ്റാലിനെ വിമര്‍ശിച്ചു കൊണ്ട്‌ പാര്‍ട്ടിക്കുള്ളില്‍ തുടരുക അസാധ്യമായിരുന്നു അന്ന്‌. രാജ്യവും ശക്തിയും മഹത്വവും ആവാഹിച്ച സ്റ്റാലിനെ എതിര്‍ക്കുക എന്നത്‌ ജീവന്‍ പണയം വച്ചുകൊണ്ടുള്ള കളിയുമായിരുന്നു. ട്രോട്സ്കിയുടെ എതിര്‍പ്പ്‌ രൂക്ഷമായപ്പോള്‍ 1920-ല്‍ സ്റ്റാലിന്‍ ട്രോട്സ്കിയെ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കി. പിന്നെ സോവിയറ്റ്‌ യൂണിയനില്‍ പിടിച്ചു നില്‍ക്കുക എന്നത്‌ മനുഷ്യ സാധ്യമായ കാര്യമായിരുന്നില്ല. അങ്ങനെയാണ്‌ ജീവനുംകൊണ്ട്‌ ട്രോട്സ്കി മെക്സിക്കോയിലേക്ക്‌ പലായനം ചെയ്യുന്നത്‌. ട്രോട്സ്കി രാജ്യം വിട്ടുപോയെങ്കിലും സ്റ്റാലിന്റെ പ്രതികാര ദാഹം അല്‍പ്പംപോലും ശമിച്ചില്ല. ട്രോട്സ്കിയെ ഉന്മൂലനം ചെയ്യാനുള്ള ഗൂഢാലോചനയിലായിരുന്നു ജോസഫ്‌ സ്റ്റാലിന്‍. 1940 മെയ്‌ 24-ന്‌ ആ ഗൂഢാലോചന വിജയിച്ചു. സ്പെയിനില്‍ ജനിച്ച സോവിയറ്റ്‌ ചാരനായ റമോണ്‍ മെര്‍ക്കാര്‍ഡര്‍ എന്ന അന്നത്തെ 'കൊടി സുനിയെ ' ഉപയോഗിച്ചാണ്‌ സ്റ്റാലിന്‍ ട്രോട്സ്കിയെ വക വരുത്തുന്നത്‌.കട്ടി മഞ്ഞ്‌ കീറിമുറിക്കാനുപയോഗിക്കുന്ന മഴു കൊണ്ട്‌ ട്രോട്സ്കിയുടെ മുഖം വികൃതമായി വെട്ടിക്കീറിയാണ്‌ സ്റ്റാലിന്റെ അധികാര ധാര്‍ഷ്ട്യത്തെ ചോദ്യം ചെയ്ത ആ വിപ്ലവകാരിയെ, യഥാര്‍ത്ഥ കമ്യൂണിസ്റ്റിന്‍, ട്രോട്സ്കിയെ ഉന്മൂലനം ചെയ്തത്‌. ആതിരേ,ഇവിടെ ജോസഫ്‌ സ്റ്റാലിനെക്കുറിച്ച്‌ അല്‍പ്പം ചിലത്‌ കൂടി അറിയേണ്ടതുണ്ട്‌. പ്രത്യേകിച്ച്‌ അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച്‌. നന്നായി പുകവലിച്ചിരുന്ന, നന്നായി മദ്യപിച്ചിരുന്ന കമ്യൂണിസ്റ്റ്‌ നേതാവായിരുന്നു ജോസഫ്‌ സ്റ്റാലിന്‍. റഷ്യന്‍ വോഡ്കയെക്കാള്‍ ജോര്‍ജിയയില്‍ നിന്നുള്ള വൈനായിരുന്നു സ്റ്റാലിന്‌ ഇഷ്ടം. അമേരിക്കന്‍ കൗബോയ്‌ ചിത്രങ്ങള്‍ ആസ്വദിക്കുകയും ബില്യാര്‍ഡ്സ്‌ കളിക്കുകയും ചെയ്തിരുന്ന ജോസഫ്‌ സ്റ്റാലിന്റെ മറ്റൊരു ഇഷ്ടവിനോദമായിരുന്നു മൃഗവേട്ടയും മീന്‍ പിടുത്തവും. ജോസഫ്‌ സ്റ്റാലിനും ലിയോണ്‍ ട്രോട്സ്കിയും വര്‍ത്തമാനകാലത്തില്‍ എത്തിയപ്പോള്‍ പിണറായി വിജയനും ടി.പി.ചന്ദ്രശേഖരനുമായത്‌ യാദൃച്ഛികമല്ല മറിച്ച്‌, മാര്‍ക്സ്‌ നിരീക്ഷിച്ച " ചരിത്രത്തിന്റെ ദുരന്ത " പൂര്‍ണ്ണതയായിരുന്നു. ഒരു മെയ്‌ 24-ാ‍ം തീയതിയാണ്‌ ലിയോണ്‍ ട്രോട്സ്കിയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയതെങ്കില്‍ മറ്റൊരു മെയ്‌ നാലാം തീയതിയാണ്‌ ടി.പി.ചന്ദ്രശേഖരനും സമാനമായ ദുരന്തത്തിന്‌ ഇരയായത്‌. ആതിരേ,കൊല്ലപ്പെട്ട ചന്ദ്രശേഖരന്‍ ജീവിച്ചിരുന്ന ചന്ദ്രശേഖരനെക്കാള്‍ പിണറായി വിജയനെയും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെയും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്‌. ചന്ദ്രശേഖരന്റെ ബീഭത്സമായ അന്ത്യത്തിന്‌ കാരണക്കാര്‍ ആരൊക്കെയാണെന്ന്‌ ഇന്ന്‌ കേരളത്തിലെ ഏതൊരു കൊച്ചു കുട്ടിക്കും വ്യക്തമാണ്‌. കണ്ണൂര്‍ ജില്ല സെക്രട്ടറി പി.ജയരാജന്റെ നിര്‍ദ്ദേശപ്രകാരം കൊടി സുനിയും കൂട്ടരും നടപ്പാക്കിയ കിരാതമായ ഉന്മൂലനമായിരുന്നു മെയ്‌ നാലിന്‌ ഒഞ്ചിയത്ത്‌ നടന്നത്‌. പറഞ്ഞു പരത്തിയതുപോലെ ഇതൊരു ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണമായിരുന്നില്ല. മറിച്ച്‌, പാര്‍ട്ടി ആവശ്യപ്പെട്ടതനുസരിച്ച്‌ പാര്‍ട്ടിയുടെ ആക്രമണങ്ങള്‍ ഏറ്റെടുത്ത്‌ നടത്തിയിരുന്ന കൊടി സുനിയും കൂട്ടരും ചന്ദ്രശേഖരനെ ഉന്മൂലനം ചെയ്യുകയായിരുന്നു. അതിന്റെ തെളിവുകള്‍ ഓരോ ദിവസമായി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്‌. ഒഞ്ചിയത്തെയും സമീപപ്രദേശങ്ങളിലെയും പ്രാദേശിക മാര്‍ക്സിസ്റ്റ്‌ നേതാക്കളെ ഉള്‍പ്പെടുത്തി ദീര്‍ഘനാളത്തെ ആലോചനയ്ക്കും തയ്യാറെടുപ്പിനുംശേഷം നടപ്പിലാക്കിയ അതിനീചമായ നരഹത്യയായിരുന്നു ടി.പി.ചന്ദ്രശേഖരന്റേത്‌. ഈ അരുംകൊല നടത്താന്‍ തെരഞ്ഞെടുത്ത സമയവും സന്ദര്‍ഭവും സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം കൊടുംപിരി കൊണ്ടിരിക്കുമ്പോള്‍ ചന്ദ്രശേഖരനെ ഇല്ലാതാക്കിയാല്‍ അതിന്റെ ഉത്തരവാദിത്തം ഒന്നുകില്‍ യുഡിഎഫിന്റെ തലയിലോ അല്ലെങ്കില്‍ മുസ്ലീം തീവ്രവാദികളുടെ തലയിലോ കെട്ടിവച്ച്‌ രക്ഷപ്പെടാമെന്ന്‌ ഗൂഢാലോചനയ്ക്ക്‌ നേതൃത്വം നല്‍കിയ പാര്‍ട്ടിയിലെ ഉന്നതന്മാര്‍ കണക്കു കൂട്ടി. ഒരു തെരഞ്ഞെടുപ്പ്‌ കാലത്ത്‌ ഒരിക്കലും ഇടതുപക്ഷത്തിന്‌ എതിരാകുന്നു ഒരു നടപടിയും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി സ്വീകരിക്കുകയില്ല എന്ന ധാരണ അങ്ങനെ അണികളിലും പൊതുസമൂഹത്തിലും വളര്‍ത്താമെന്നും അവര്‍ കരുതി. എന്നാല്‍,ആതിരേ, എല്ലാ കൊള്ളരുതായ്മകള്‍ക്കും കാലം കൂട്ടുനില്‍ക്കില്ല ! ചന്ദ്രശേഖരന്റെ കൊലപാതകികളെക്കുറിച്ചും കൊലപാതകത്തിലേക്ക്‌ നയിച്ച ഗൂഢാലോചനയെക്കുറിച്ചും അതില്‍പങ്കുള്ള പാര്‍ട്ടിയിലെ ഉന്നതന്മാരെക്കുറിച്ചും കൊലപാതകം നടന്ന്‌ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ തെളിവുകള്‍ ലഭിച്ചു എന്നതാണ്‌ ഈ സംഭവത്തിലെ പ്രത്യേകത. ചന്ദ്രശേഖരന്റെ കൊലപാതകം സൃഷ്ടിച്ച പ്രതിഷേധം പൊതുസമൂഹത്തിലും പാര്‍ട്ടി അണികളിലും ഇന്നും കത്തി നില്‍ക്കുകയാണ്‌. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയോട്‌ ഓരോരുത്തരായി വിടപറഞ്ഞുകൊണ്ടിരിക്കുകയാണ്‌. ഏറ്റവും ഒടുവില്‍ ടി.പി.ചന്ദ്രശേഖരനെയും കൂട്ടാളികളെയും യഥാര്‍ത്ഥ കമ്യൂണിസ്റ്റുകളായി അംഗീകരിച്ച്‌ പിണറായി വിജയനെ 1964-നു മുമ്പുള്ള അവിഭക്ത കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയായിരുന്ന എസ്‌.എ.ഡാങ്കെയോട്‌ ഉപമിച്ച്‌ വി.എസ്‌.അച്യുതാനന്ദന്‍ രംഗത്തെത്തിയതും പിണറായിയെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന്‌ നീക്കണമെന്നും സംസ്ഥാന കമ്മിറ്റി പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട്‌ പ്രകാശ്‌ കാരാട്ടിന്‌ കത്തെഴുതിയതുമൊക്കെ കൂടി സൃഷ്ടിക്കപ്പെട്ട സവിശേഷ സാഹചര്യത്തില്‍ സ്വയം ന്യായീകരിക്കാന്‍ പോലും ആകാതെ വെട്ടിലായിരിക്കുകയാണ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും പിണറായി വിജയനും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക്‌ പങ്കില്ല എന്ന്‌ എപ്പോഴൊക്കെ പിണറായി വിജയന്‍ പറയുന്നുവോ തൊട്ടു പിന്നാലെ പാര്‍ട്ടിയുടെ ഒരു പ്രാദേശിക നേതാവ്‌ ഈ സംഭവവുമായി ബന്ധപ്പെട്ട്‌ അറസ്റ്റ്‌ ചെയ്യപ്പെടുന്ന വൈരുദ്ധ്യമാണ്‌ കേരളം കണ്ടുകൊണ്ടിരിക്കുന്നത്‌. പിടിയിലായവരെല്ലാം പറയുന്ന ഒരു വസ്തുതയുണ്ട്‌. തങ്ങള്‍ പിടിക്കപ്പെടുമെന്ന്‌ ഒരിക്കലും കരുതിയിരുന്നില്ല എന്നതാണത്‌. ആതിരേ,മുന്‍കാലങ്ങളില്‍ കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടായാല്‍ യഥാര്‍ത്ഥ പ്രതികളെ ഒളിപ്പിച്ച്‌ പകരം പ്രതികളെ നല്‍കന്ന രീതിയാണ്‌ സിപിഎം-ഉം ബിജെപിയും കോണ്‍ഗ്രസും അവലംബിച്ചിരുന്നത്‌. അതേ രീതി തന്നെയാകും ഒഞ്ചിയത്തും ഉണ്ടാകുക എന്നാണ്‌ നേതൃത്വം ഇപ്പോള്‍ പിടിയിലായവര്‍ക്ക്‌ കൊടുത്ത ഉറപ്പ്‌. എന്നാല്‍, ഇത്തവണ രാഷ്ട്രീയ പരിഗണനകള്‍ കൂടാതെ എഡിജിപി വിന്‍സണ്‍ എം.പോളിന്റെയും എഐജി അനൂപ്‌ കുരുവിള ജോണിന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘം തെളിവുകള്‍ ശേഖരിക്കുകയും അതനുസരിച്ച്‌ കരുക്കള്‍ നീക്കുകയും ചെയ്തപ്പോള്‍ പി.ജയരാജന്‍ അടക്കമുള്ള ഗൂഢാലോചകരുടെ തന്ത്രങ്ങള്‍ പൊളിക്കപ്പെട്ടു. യഥാര്‍ത്ഥ കുറ്റവാളികള്‍ ആരൊക്കെയാണെന്ന്‌ സമൂഹമദ്ധ്യേ പ്രദര്‍ശിപ്പിക്കപ്പെട്ടു. ഇപ്പോഴും ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക്‌ പങ്കില്ല എന്ന പല്ലവി ആവര്‍ത്തിക്കുകയാണ്‌ പിണറായിയും കൂട്ടാളികളും എങ്കിലും ഈ കൊലപാതകം ആസൂത്രണം ചെയ്തത്‌ കണ്ണൂര്‍ ജില്ല സെക്രട്ടറി പി.ജയരാജന്റെ നേതൃത്വത്തിലാണെന്ന്‌ പിടിയിലായവരില്‍ നിന്നു തന്നെ പോലീസിന്‌ തെളിവ്‌ ലഭിച്ചിട്ടുണ്ട്‌. സംഭവശേഷം കൊടി സുനിയും കൂട്ടരും കൂത്തുപറമ്പ്‌ പാര്‍ട്ടി ഓഫീസില്‍ ഒരു രാത്രി തങ്ങുകയും ചെയ്തതോടെ ആരാണ്‌ കൊലപാതകത്തിന്‌ ക്വട്ടേഷന്‍ കൊടുത്തതെന്ന്‌ ്‌ പ്രത്യേകിച്ച്‌ പറയേണ്ട കാര്യമില്ല. സിപിഎം ഒരു കേഡര്‍ പാര്‍ട്ടിയാണ്‌. നേതൃത്വം അറിയാതെ കീഴ്ഘടകങ്ങള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ ഒരു ചുവടുപോലും വയ്ക്കാന്‍ കഴിയുകയില്ല. പ്രത്യേകിച്ച്‌ ഇത്തരം കൊലപാതകങ്ങളുടെ കാര്യത്തില്‍ അടിമുടി കണിശമായ ആലോചനയും പദ്ധതി നിര്‍വ്വഹണവുമാണ്‌ സിപിഎം-ന്റെ സ്വഭാവം. അതുകൊണ്ടു തന്നെ ചന്ദ്രശേഖരന്‍ വധം സിപിഎം-ന്റെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അടക്കമുള്ളവരുടെ അറിവോടും അനുവാദത്തോടുമാണ്‌ നടന്നതെന്ന കാര്യത്തില്‍ അണുവിട സംശയിക്കേണ്ട കാര്യമില്ല. എന്നുമാത്രമല്ല, ഈ സംഭവത്തെക്കുറിച്ചും കൊലപാതകത്തിനുശേഷമുള്ള നീക്കങ്ങളെക്കുറിച്ചും പിണറായി വിജയന്‌ വ്യക്തമായി ധാരണയുണ്ടായിരുന്നു എന്ന്‌ തെളിയിക്കുന്നതാണ്‌ സംഭവത്തെക്കുറിച്ച്‌ പിണറായിയില്‍ നിന്നുണ്ടായ പ്രതികരണം. ചന്ദ്രശേഖരനെ കൊന്നത്‌ ക്വട്ടേഷന്‍ സംഘങ്ങളാണെന്നും അവര്‍ മുസ്ലീം തീവ്രവാദി വിഭാഗത്തില്‍പ്പെട്ടവരാണെന്നും ആദ്യമായി പറയുന്നത്‌ പിണറായി വിജയനാണ്‌. ക്വട്ടേഷന്‍ സംഘത്തിന്റെ പ്രകോപനം മൂലം സംഭവിച്ചതാണ്‌ കൊലപാതകം എന്ന്‌ വരുത്തി തീര്‍ക്കാന്‍ വളരെ ആസൂത്രിതമായി കരുക്കള്‍ നീക്കിയെങ്കിലും അതും പരാജയപ്പെടുകയായിരുന്നു. പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍, ചന്ദ്രശേഖരന്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിപ്പിച്ച്‌ ചന്ദ്രശേഖരനെ താഴെ വീഴ്ത്തിയ ശേഷമാണ്‌ അരുംകൊല നടത്തുന്നത്‌. മുത്തൂറ്റ്‌ പോള്‍ വധക്കേസില്‍ എന്നപോലെ വണ്ടി ഇടിച്ചതിനുശേഷം ഉണ്ടായ വാഗ്‌വാദത്തില്‍ നിന്ന്‌ ഒരു കൊലപാതകം പൊടുന്നനെ സംഭവിച്ചു എന്ന്‌ വരുത്തി തീര്‍ക്കാനും ശ്രമമുണ്ടായിരുന്നു. അതിലും ഗൂഢാലോചകര്‍ പാളിപ്പോയി. പറഞ്ഞു വന്നത്‌ ക്വട്ടേഷന്‍ സംഘത്തെക്കുറിച്ചും തീവ്രവാദി വിഭാഗത്തെക്കുറിച്ചുമായിരുന്നല്ലോ. കൊലപാതകം നടന്ന്‌ മണിക്കൂറുകള്‍ക്കുള്ളില്‍ ഇത്തരം ഒരു വിലയിരുത്തല്‍ നടത്താന്‍ ആതിരേ,പിണറായി വിജയന്‌ എന്ത്‌ തെളിവുകളാണ്‌ ലഭിച്ചതെന്ന ചോദ്യം ആരും അപ്പോള്‍ ഉന്നയിച്ചില്ലെങ്കിലും ഇപ്പോഴും പ്രസക്തമാണ്‌. അന്വേഷക സംഘത്തിനുപോലും ലഭിക്കാത്ത ഈ സത്യം സഖാവിന്‌ എവിടെ നിന്ന്‌ ലഭിച്ചു എന്ന്‌ ചിന്തിക്കുമ്പോഴാണ്‌ ഗൂഢാലോചനയുടെ ആദിമദ്ധ്യാന്തങ്ങള്‍ പിണറായി വിജയന്‌ അറിയാമെന്ന്‌ വ്യക്തമാകുന്നത്‌. ശ്രദ്ധിക്കണം പിണറായി വിജയന്‍ ഈ പരാമര്‍ശം നടത്തുമ്പോള്‍ പ്രതികള്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ കണ്ടു കിട്ടിയിരുന്നില്ല. അതിനുമുന്‍പു തന്നെ മുസ്ലീം തീവ്രവാദികളായ ക്വട്ടേഷന്‍ സംഘമാണ്‌ ചന്ദ്രശേഖരനെ കൊന്നതെന്ന്‌ പിണറായി പറഞ്ഞണമെങ്കില്‍ അതിന്‌ ഉപോത്ബലകമായ സംഗതികള്‍ പിണറായിക്ക്‌ അറിവുണ്ടായിരിക്കണമല്ലോ. പിണറായി പറഞ്ഞതുപോലെ തന്നെ പൊതുജനത്തെ കബളിപ്പിക്കാനുള്ള ശ്രമം കാര്‍ കണ്ടെത്തിയപ്പോള്‍ വ്യക്തമായി. മുസ്ലീം തീവ്രവാദികളിലേക്ക്‌ ശ്രദ്ധ ശ്രദ്ധ തിരിച്ചുവിടാന്‍ കാറില്‍ അറബി വചനം എഴുതിയ സ്റ്റിക്കര്‍ ഒട്ടിച്ചു വച്ച ശേഷമാണ്‌ പ്രതികള്‍ രക്ഷപ്പെട്ടത്‌. ആവര്‍ത്തിക്കുന്നു കാര്‍ കണ്ടെത്തും മുന്‍പ്‌ സംഭവം നടത്തിയത്‌ മുസ്ലീം തീവ്രവാദികളാണ്‌ എന്ന പിണറായിയുടെ പ്രസ്താവന ഇപ്പോള്‍ അദ്ദേഹത്തിനുനേരെ തിരിഞ്ഞു കൊത്തുകയാണ്‌. ഈയൊരു പരാമര്‍ശം മാത്രം മതി ഗൂഢാലോചനയെക്കുറിച്ച്‌ പിണറായിക്ക്‌ മുന്‍കൂട്ടി,വ്യക്തമായ ധാരണയുണ്ടായിരുന്നു എന്നു മനസ്സിലാക്കാന്‍. ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ പി.ജയരാജന്‍, എളമരം കരീം, സാക്ഷാല്‍ പിണറായി വിജയന്‍ എന്നിവരെ പ്രതികളാക്കാന്‍ ഉതകുന്ന നിരവധി തെളിവുകള്‍ ഇപ്പോള്‍ തന്നെ പോലീസിന്റെ കൈവശമുണ്ട്‌. കൂത്തുപറമ്പ്‌ പാര്‍ട്ടി ഓഫീസ്‌ സെക്രട്ടറിയെ അറസ്റ്റ്‌ ചെയ്തപ്പോള്‍ കണ്ണൂരില്‍ നിന്ന്‌ എം.വി.ജയരാജന്‍ കോഴിക്കോട്ടെത്തി പോലീസ്‌ സ്റ്റേഷന്‍ ഉപരോധിച്ചതും പാര്‍ട്ടി നേതാക്കളെ കള്ളക്കേസില്‍ കുടുക്കി ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ പാര്‍ട്ടി തീപന്തമാകുമെന്ന പിണറായിയുടെ മുന്നറിയിപ്പും പ്രതികളെ തേടി പോലീസ്‌ പാര്‍ട്ടിയുടെ ഓഫീസുകളില്‍ എത്തിയാല്‍ കണ്ണൂരിലെ കോണ്‍ഗ്രസിന്റെ ഓഫീസുകള്‍ പോലീസിന്റെ സംരക്ഷണയില്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്ന പി.ജയരാജന്റെ ഭീഷണിയും കൂട്ടിവായിക്കുമ്പോള്‍ വ്യക്തമാകുന്നത്‌ ചന്ദ്രശേഖരന്‍ വധത്തിനുപിന്നില്‍. പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുതല്‍ പിണറായി വിജയന്‍ വരെയുള്ള നേതാക്കളുടെ ഗൂഢാലോചന ഉണ്ടെന്നും അവരുടെ അറിവോടും സമ്മതത്തോടുമാണ്‌ ഈ ക്രൂരകൃത്യം നടന്നത്‌ എന്നുമാണ്‌. എന്നാല്‍, ആതിരേ യഥാര്‍ത്ഥ പ്രതികള്‍ അറസ്റ്റ്‌ ചെയ്യപ്പെടാതിരിക്കാനുള്ള സാധ്യതകളാണ്‌ ഇപ്പോള്‍ തെളിയുന്നത്‌. യുഡിഎഫിലെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള മന്ത്രിമാരുടെയും കെ.വി.തോമസ്‌, വയലാര്‍ രവി തുടങ്ങിയ കേന്ദ്ര മന്ത്രിമാരുടെയും സഹായത്തോടെ പി.ജയരാജന്‍ മുതലുള്ള നേതാക്കളെ രക്ഷപ്പെടുത്തി ഏതാനും ഗുണ്ടാ സംഘത്തിന്റെ തലയില്‍ ചന്ദ്രശേഖരന്‍ വധശ്രമത്തിന്റെ ഉത്തരവാദിത്തം കെട്ടിവയ്ക്കാനുള്ള സാധ്യതയാണ്‌ ഇപ്പോള്‍ തെളിയുന്നത്‌. അപ്പോള്‍ പോലും ചന്ദ്രശേഖരന്‍ വധത്തിന്റെ രാഷ്ട്രീയവും ധാര്‍മ്മികവുമായ ഉത്തരവാദിത്തത്തില്‍ നിന്ന്‌ പി.ജയരാജനും പിണറായി വിജയനും മാറി നില്‍ക്കാന്‍ കഴിയുകയില്ല.

No comments: