Sunday, May 27, 2012

ഒ.എന്‍.വി ,സുഗതകുമാരി നിങ്ങളെ ഓര്‍ത്ത്‌ ഞങ്ങള്‍ ലജ്ജിക്കുന്നു

മൂവാറ്റുപുഴയില്‍ ഒരു അദ്ധ്യാപകന്റെ കൈ വെട്ടിയപ്പോള്‍ കടുകു പൊട്ടുന്നതുപോലെയായിരുന്നു ഈ സാംസ്കാരിക സാഹിത്യ നായകന്മാരുടെ പ്രതികരണം. അതിനൊരു കാരണമുണ്ട്‌. ആ സംഭവത്തില്‍ പ്രതിസ്ഥാനത്തു നിന്നത്‌ മുസ്ലീം തീവ്രവാദികളായിരുന്നു. ഇവിടെ പക്ഷേ, മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ സമുന്നതരായ നേതാക്കളും ഹിന്ദുക്കളുമാണ്‌ പ്രതിസ്ഥാനത്തുള്ളത്‌ എന്നതുകൊണ്ടാണ്‌ ഇവരെല്ലാം ഉളുപ്പില്ലാത്ത മൗനം പാലിച്ചതെന്നു വേണം അനുമാനിക്കേണ്ടത്‌.. എത്ര വൃത്തികെട്ട,ഹീനമായ വര്‍ഗ്ഗീയ ചിന്തകളാണ്‌ ഈ സാഹിത്യ നായകന്മാരുടെ മനസ്സിലും ചെയ്തികളിലും നിറഞ്ഞു നിന്നതെന്ന്‌ തിരിച്ചറിഞ്ഞ്‌ നാം അന്തം വിട്ടുപോകുമ്പോള്‍ അറിയുക, അധികാരത്തോട്‌ ഒട്ടിനിന്ന്‌ സമൂഹത്തെയും നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളെയും ഒറ്റിക്കൊടുത്ത യൂദാസുകളുടെ സാന്നിദ്ധ്യം കൂടിയുള്ളതാണ്‌ ചരിത്രം. മാര്‍ക്സ്‌ പറഞ്ഞതുപോലെ ചരിത്രം അതിന്റെ രണ്ടാമത്തെ തലത്തിലെ ആവര്‍ത്തനമാകുകയാണ്‌ ഇവരിലൂടെ കേരളത്തിലിപ്പോള്‍. നീതിക്കും നേരിനും ന്യായത്തിനും വേണ്ടിയുള്ള നിലവിളികളെയും കണ്ണീര്‍ കണങ്ങളെയും വിറ്റ്‌ കാശാക്കുന്ന ഷൈലോക്കുമാരാണ്‌ തങ്ങളെന്ന്‌ നാണവും മാനവും കൂടാതെ സുഗതകുമാരിയും ഒ.എന്‍.വി.കുറുപ്പും എം.ടി.വാസുദേവന്‍ നായരും എം.മുകുന്ദനുമൊക്കെ സമ്മതിക്കുമ്പോള്‍ ഇവരുടെ അക്ഷരങ്ങളിലൂടെ സാഹിത്യത്തെ തിരിച്ചറിഞ്ഞ,മലയാള ഭാഷയെ ഉള്‍ക്കൊണ്ട നിമിഷത്തെ ഞാന്‍ പ്രാകുകയാണ്‌. ഇവരെയോര്‍ത്ത്‌ ലജ്ജിക്കുകയാണ്‌.
റവല്യൂഷണറി മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ ടി.പി.ചന്ദ്രശേഖരനെ അതിനീചമായും ബീഭത്സമായും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കേരളം ഒന്നടങ്കം നടുങ്ങുകയും ആ സംഭവത്തെ ഒരേമനസ്സോടെ അപലപിക്കുകയും ചെയ്തപ്പോള്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും കേരളത്തിലെ ബുദ്ധിജീവികളും ഗര്‍ഹണീയമായ മൗനം പുലര്‍ത്തിയത്‌ എന്തുകൊണ്ടാണ്‌ ആതിരേ? മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ നീചമായ മൗനത്തിനു പിന്നില്‍ കുറ്റവാളിയുടെ, കൊലപാതകിയുടെ കൗശലപൂര്‍ണമായ പ്രതിരോധമാണുള്ളതെന്ന്‌ ആര്‍ക്കാണറിയാത്തത്‌?പക്ഷേ നമ്മുടെ ബുദ്ധിജീവികള്‍ക്കെന്താണ്‌ പറ്റിയത്‌.?പ്രായത്തിന്റെ അവശതകള്‍ മറന്ന്‌ ബംഗാളില്‍ നിന്ന്‌ ജ്ഞാനപീഠം പുരസ്കാര ജേതാവായ മഹാശ്വേതദേവി ഒഞ്ചിയത്തെത്തിയിട്ടും മലയാളത്തിന്റെ ജ്ഞാനപീഠങ്ങളുടെ നാവ്‌ ആര്‍ക്കാണവര്‍ വാടയ്കയ്ക്ക്‌ കൊടുത്തത്‌, ആതിരേ..? "രാജാവ്‌ നഗ്നനാണെന്ന സത്യത്തെ രാജഭക്തന്മാര്‍ നടുങ്ങുമാറുച്ചത്തില്‍ നാളേവിളിച്ചു പറയുവാനുണ്ണി നിന്‍ നാവിനുണ്ടാകട്ടെ ശക്തിയും ധൈര്യവും" എന്നു കുറിച്ച ജ്ഞാനപീഠം , പിണറായിഭക്തനായിത്തീര്‍ന്നതെങ്ങനെ? ആതിരേ,നമ്മുടെ ബുദ്ധിജീവികള്‍ക്കും ചന്ദ്രശേഖരന്‍ കുലംകുത്തിയായിരുന്നെന്നോ? ചന്ദ്രശേഖരന്റെ വധത്തില്‍ കേരളത്തിലെ സാഹിത്യകാരന്മാരും സാംസ്കാരിക നായകന്മാരും എന്തുകൊണ്ടാണ്‌ പ്രതികരിക്കാത്തതെന്ന ചോദ്യം ഉന്നയിച്ച്‌ എഴുത്തുകാരനായ സക്കറിയയാണ്‌ ആതിരേ,വിഷയത്തിലേക്ക്‌ പൊതുസമൂഹത്തിന്റെ ശ്രദ്ധ തിരിച്ചത്‌. ഭയം കൊണ്ടാണ്‌ പ്രതികരിക്കാതിരുന്നതെന്ന്‌ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ അപ്പോള്‍ തന്നെ തന്റെ അവസ്ഥ വെളിപ്പെടുത്തിയെങ്കിലും സാഹിത്യത്തിനുള്ള സര്‍ക്കാര്‍-അക്കാദമി പുരസ്കാരങ്ങള്‍ നേടിയ കവികളും നോവലിസ്റ്റുകളുമടങ്ങുന്ന സാഹിത്യകാരന്മാരും മറ്റ്‌ സാംസ്കാരിക നായകന്മാരും മൗനികളായത്‌ ആരേ പേടിച്ചാണ്‌?. സക്കറിയ തുടങ്ങിവച്ച വിവാദത്തിന്റെ ചുവട്‌ പിടിച്ച്‌ പത്രലേഖകരും ചാനല്‍ റിപ്പോര്‍ട്ടര്‍മാരും കേരളത്തിലെ സാഹിത്യ നായകന്മാരെയും സാംസ്കാരിക നേതാക്കളെയും സമീപിച്ചപ്പോഴാണ്‌ ഇങ്ങനെ ഒരു ദുരന്തം നടന്നതായി അവര്‍ അറിഞ്ഞതെന്ന ഉദാസീനമട്ടിലായിരുന്നു പ്രതികരണങ്ങള്‍! ആനന്ദിനേയും സുധീരയേയും പോലുള്ളവര്‍ ചന്ദ്രശേഖരന്റെ വധത്തെ നിശിതമായി വിമര്‍ശിച്ചെങ്കിലും മുകുന്ദനെപ്പോലെ ഉള്ളവര്‍ എങ്ങും തൊടാത്ത നിലപാടെടുത്ത്‌ തങ്ങളുടെ നില സംരക്ഷിക്കുന്ന അതിദയനീയമായ കാഴ്ചയാണ്‌ കേരളം കണ്ടത്‌.സാംസ്കാരിക അധ:പതനത്തിന്റെയും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയോടുള്ള വിധേയത്വത്തിന്റെയും ഏറ്റു പറച്ചിലുകളാണ്‌ മുഖ്യധാരാ സാഹിത്യ-സാംസ്കാരിക നായകരെന്ന്‌ കരുതുന്നവരില്‍ നിന്നുണ്ടായത്‌. തന്റെ ഭര്‍ത്താവ്‌ അതിക്രൂരമായി കൊല ചെയ്യപ്പെട്ടിട്ടും കേരളത്തിലെ ബുദ്ധിജീവികളും എഴുത്തുകാരും പുലര്‍ത്തിയ ലജ്ജാരഹിതമായ മൗനത്തെ കണ്ണീരില്‍ കുതിര്‍ന്ന രോഷത്തോടെയാണ്‌ ചന്ദ്രശേഖരന്റെ വിധവ കെ.കെ.രമ ചോദ്യം ചെയ്തത്‌. സാധാരണ കാട്ടില്‍ ഒരു ഇല വീണാല്‍പോലും പ്രതികരിക്കാറുള്ള കവയത്രികളാരും എന്തേ ഇക്കാര്യത്തില്‍ പ്രതികരിക്കുന്നില്ല എന്നായിരുന്നു രമയുടെ അന്വേഷണം. ഇതിന്‌ കവയിത്രി സുഗതകുമാരി നല്‍കിയ മറുപടി തികഞ്ഞ സ്വാര്‍ത്ഥതയുടെയും പാദസേവയുടെയും അശ്ലീലത നിറഞ്ഞ അഹങ്കാരത്തിന്റേതായിരുന്നു, ആതിരേ.. . " നിങ്ങള്‍ക്ക്‌ മിണ്ടാനുള്ളതുപോലെ മറ്റുള്ളവര്‍ക്ക്‌ മിണ്ടാതിരിക്കാനും അവകാശമുണ്ട്‌ " എന്നായിരുന്നു സുഗതകുമാരിയുടെ പ്രതികരണം. എന്നുമാത്രമല്ല, കഴിഞ്ഞ 30 വര്‍ഷമായി കേരളത്തിലെ വിവിധ രാഷ്ട്രീയ സംഘട്ടനങ്ങള്‍ക്കെതിരെ തങ്ങള്‍ പ്രതികരിച്ചിട്ട്‌ എന്തു സംഭവിച്ചു എന്ന്‌ ചോദിക്കാനുള്ള അഹന്തയും സുഗതകുമാരിക്കുണ്ടായിരുന്നു. ആദരണീയനായ അദ്ധ്യാപകനും കവിയും ജ്ഞാനപീഠ പുരസ്ക്കാര ജേതാവുമായ ഒ.എന്‍.വി.കുറുപ്പിന്റെ പ്രതികരണം ഇതിലും നീചമായ തലത്തില്‍ നിന്നുകൊണ്ടായിരുന്നു. കൊലപാതകങ്ങള്‍ക്ക്‌ സാക്ഷി പറയാന്‍ കവികള്‍ ബാധ്യസ്ഥരല്ലെന്നും വാദിക്കോ പ്രതിക്കോ വേണ്ടി സാക്ഷി പറയുന്നതുപോലെ ഒരു കൊലപാതകത്തില്‍ സാക്ഷി പറയാന്‍ കവിയെ നിര്‍ബന്ധിക്കാനാവുകയില്ലെന്നുമൊക്കെയായിരുന്നു ഒ.എന്‍.വിയുടെ പ്രതികരണം. ജനനത്തിനും മരണത്തിനും മംഗള കാവ്യങ്ങള്‍ രചിക്കുന്നതുപോലെ ഒരു കൊലപാതകം ഉണ്ടായാല്‍ കവിത എഴുതാനോ പ്രതികരിക്കാനോ കവികളെ കിട്ടുകയില്ല എന്നാണ്‌ ഡി.വിനയചന്ദ്രന്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്‌. ഈ ദിവസങ്ങളില്‍ ടി.പി.ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സിപിഎം-ന്റെ സൈദ്ധാന്തിക സംരക്ഷകനായി പ്രത്യക്ഷപ്പെട്ടിട്ടുള്ള ഭാസുരേന്ദ്ര ബാബു പറഞ്ഞത്‌ ഗാന്ധിജിയുടെ വധം രാഷ്ട്രീയമായി കോണ്‍ഗ്രസ്‌ ആഘോഷിച്ചതുപോലെ ഓരോ രക്തസാക്ഷിത്വവും ബന്ധപ്പെട്ട പാര്‍ട്ടികള്‍ രാഷ്ട്രീയ ആഘോഷമാക്കി മാറ്റുന്നു. അവിടെ എഴുത്തുകാരന്റെയോ കവിയുടെയോ സാംസ്കാരിക നായകന്റെയോ പ്രതികരണത്തിന്‌ പ്രത്യേക പ്രസക്തിയില്ലെന്നുമാണ്‌ ചാനല്‍ ചര്‍ച്ചയില്‍ ഭാസുരേന്ദ്ര ബാബു വീറോടെ വാദിച്ചത്‌. എഴുത്തുകാരും സാംസ്കാരിക നായകന്മാരും അടങ്ങുന്ന ബുദ്ധിജീവി വര്‍ഗ്ഗം പ്രായേണ ഇടതുപക്ഷ ചായ്‌വുള്ളവരായിട്ടാണ്‌ കരുതപ്പെടുന്നത്‌.നന്മയുടേയും മാനവികതയുടേയും പക്ഷമായിട്ടാണ്‌ ഇടത്പക്ഷത്തെ വിശേഷിപ്പിക്കുന്നത്‌.ചൂഷണത്തിനും ചൂഷകര്‍ക്കും എതിരെ പൊരുതുന്ന,സ്വാതന്ത്ര്യത്തിനും സാഹോദര്യത്തിനും വേണ്ടി പോരാടുന്ന വിവേകത്തിന്റേയും മനുഷ്യത്വത്തിന്റേയും തിരിച്ചറിവാണ്‌ ഇടത്പക്ഷ നിലപാട്‌.പക്ഷെ കേരളത്തിലെ ഇടത്‌ പക്ഷ ബുദ്ധിജീവികളുടെ ചായവ്‌ അധികാരത്തോടും അത്‌ നല്‍കുന്ന സൗകര്യങ്ങളോടും അതൊരുക്കിയവരോടുള്ള വിധേയത്വത്തോടുമാണെന്ന്‌ ഇപ്പോള്‍ വ്യക്തമായി. എ.കെ.ജി സെന്ററില്‍ നിന്നും 'കൃത്യമായ അകല'ങ്ങളില്‍ തങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തി അധികാരവുമായി ബന്ധപ്പെട്ട പുരസ്കാരങ്ങളും ബഹുമാനങ്ങളും സ്വന്തമാക്കി മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെയും പിണറായി വിജയന്റെയും എം.എ.ബേബിയുടെയുമൊക്കെ വിശ്വസ്ത തൊമ്മിമാരായി സ്വയം അംഗീകരിക്കുന്ന ഷണ്ഡത്വങ്ങളാണ്‌ സുഗതകുമാരി മുതല്‍ ഒ.എന്‍.വി വരെയുള്ളവര്‍ എന്നാണ്‌ ചന്ദ്രശേഖരന്റെ വധത്തോടുള്ള അവരുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്‌.ചന്ദ്രശേഖരന്റെ കൊലയാളികളെ തേടി ഇതുവരെ നടന്ന അന്വേഷണങ്ങള്‍ ചെന്നെത്തിയിട്ടുള്ളത്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുമായി സംഘടനാ തലത്തില്‍ ബന്ധമുള്ള വ്യക്തികളിലാണ്‌. അന്വേഷണം ഇതേ നിലയില്‍ മുന്നോട്ടുപോയാല്‍ തീര്‍ച്ചയായും ചന്ദ്രശേഖരന്‍ വധത്തിന്‌ പിന്നിലെ ഗൂഢാലോചനയില്‍ പങ്കെടുത്ത തിമിംഗലങ്ങളെ പുറത്തുകൊണ്ടുവരുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ്‌ ആതിരേ, സുഗതകുമാരിയും ഒഎന്‍വിയും എം.ടി.വാസുദേവന്‍ നായരുമൊക്കെ അടങ്ങുന്ന ബഹുമാന്യരായ കവികളും നോവലിസ്റ്റുകളും എഴുത്തുകാരും സാംസ്കാരിക നേതാക്കന്മാരും ബുദ്ധിപൂര്‍വ്വകമായ മൗനം അവലംബിച്ചത്‌. ഇവിടെ ചോദ്യം വാദിയുടെയോ പ്രതിയുടെയോ പക്ഷത്താണോ നിങ്ങള്‍ എന്നല്ല, മറിച്ച്‌ നീതിയുടെ പക്ഷത്ത്‌ നില്‍ക്കാന്‍ നിങ്ങള്‍ക്ക്‌ മനസ്സും നട്ടെല്ലുറപ്പും ആര്‍ജ്ജവവും ഉണ്ടോ എന്നാണ്‌. അത്‌ ഇല്ല എന്ന്‌ ഒരു ഉളുപ്പും കൂടാതെ വ്യക്തമാക്കിയിരിക്കുകയാണ്‌ ആദരണീയരെന്ന്‌ നാം ഇന്നലെ വരെ കരുതിയിരുന്ന ഈ സാഹിത്യ-സാംസ്കാരിക നേതാക്കന്മാര്‍. ഓര്‍ക്കണം മൂവാറ്റുപുഴയില്‍ ഒരു അദ്ധ്യാപകന്റെ കൈ വെട്ടിയപ്പോള്‍ കടുകു പൊട്ടുന്നതുപോലെയായിരുന്നു ഈ സാംസ്കാരിക സാഹിത്യ നായകന്മാരുടെ പ്രതികരണം. അതിനൊരു കാരണമുണ്ട്‌. ആ സംഭവത്തില്‍ പ്രതിസ്ഥാനത്തു നിന്നത്‌ മുസ്ലീം തീവ്രവാദികളായിരുന്നു. ഇവിടെ പക്ഷേ, മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ സമുന്നതരായ നേതാക്കളും ഹിന്ദുക്കളുമാണ്‌ പ്രതിസ്ഥാനത്തുള്ളത്‌ എന്നതുകൊണ്ടാണ്‌ ഇവരെല്ലാം ഉളുപ്പില്ലാത്ത മൗനം പാലിച്ചതെന്നു വേണം അനുമാനിക്കേണ്ടത്‌.. എത്ര വൃത്തികെട്ട,ഹീനമായ വര്‍ഗ്ഗീയ ചിന്തകളാണ്‌ ഈ സാഹിത്യ നായകന്മാരുടെ മനസ്സിലും ചെയ്തികളിലും നിറഞ്ഞു നിന്നതെന്ന്‌ തിരിച്ചറിഞ്ഞ്‌ നാം അന്തം വിട്ടുപോകുമ്പോള്‍ അറിയുക, അധികാരത്തോട്‌ ഒട്ടിനിന്ന്‌ സമൂഹത്തെയും നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളെയും ഒറ്റിക്കൊടുത്ത യൂദാസുകളുടെ സാന്നിദ്ധ്യം കൂടിയുള്ളതാണ്‌ ചരിത്രം. മാര്‍ക്സ്‌ പറഞ്ഞതുപോലെ ചരിത്രം അതിന്റെ രണ്ടാമത്തെ തലത്തിലെ ആവര്‍ത്തനമാകുകയാണ്‌ ഇവരിലൂടെ കേരളത്തിലിപ്പോള്‍. നീതിക്കും നേരിനും ന്യായത്തിനും വേണ്ടിയുള്ള നിലവിളികളെയും കണ്ണീര്‍ കണങ്ങളെയും വിറ്റ്‌ കാശാക്കുന്ന ഷൈലോക്കുമാരാണ്‌ തങ്ങളെന്ന്‌ നാണവും മാനവും കൂടാതെ സുഗതകുമാരിയും ഒ.എന്‍.വി.കുറുപ്പും എം.ടി.വാസുദേവന്‍ നായരും എം.മുകുന്ദനുമൊക്കെ സമ്മതിക്കുമ്പോള്‍ ഇവരുടെ അക്ഷരങ്ങളിലൂടെ സാഹിത്യത്തെ തിരിച്ചറിഞ്ഞ,മലയാള ഭാഷയെ ഉള്‍ക്കൊണ്ട നിമിഷത്തെ ഞാന്‍ പ്രാകുകയാണ്‌. ഇവരെയോര്‍ത്ത്‌ ലജ്ജിക്കുകയാണ്‌. ************** 51 അക്ഷരം 51 വെട്ട്‌ അമ്മേ ഞാനേതില്‍ നിന്ന് തുടങ്ങണം

No comments: