Friday, May 11, 2012

കുലംകുത്തികളും' പ്രത്യയശാസ്ത്ര പ്രതിസന്ധിയും

സിപിഎം വിഭാഗീയതയുടെ ആദ്യ രക്തസാക്ഷിയാണ്‌ ടി.പി. ചന്ദ്രശേഖരന്‍. ഔദ്യോഗിക വിഭാഗത്തിനെതിരെ പോരാടി പുറത്തുപോകേണ്ടിവന്നതും രക്തസാക്ഷി ആകേണ്ടിവന്നതും വി.എസിന്റെ നിലപാടിനൊപ്പം നിന്നതുകൊണ്ടാണ്‌. അതിന്റെ കുറ്റബോധം വി.എസിന്‌ ഉണ്ടാകുക സ്വാഭാവികം. അതുകൊണ്ടാണ്‌ പാര്‍ട്ടി സെക്രട്ടറിയെ തിരുത്തുന്ന, സംഘടനാപരമായ അച്ചടക്ക ലംഘനത്തിന്‌ വി.എസ്‌. മുതിര്‍ന്നത്‌. ഇതുപക്ഷേ പാര്‍ട്ടി അണികളുടെ മൊത്തം വികാരമായി പരിണമിച്ചപ്പോഴാണ്‌, കടുത്ത എതിര്‍പ്പിന്റെ ഭാഷയും വിമര്‍ശനത്തിന്റെ വാക്കുകളുമായി പിണറായിക്ക്‌ രംഗത്തെത്തേണ്ടിവന്നത്‌.പ്രത്യശാസ്ത്രപരമായ നിലപാടുകളില്‍ കഴിഞ്ഞ കുറെ കാലങ്ങളായി പാര്‍ട്ടി നേതൃത്വം ബോധപൂര്‍വ്വം വരുത്തിയ വ്യതിയാനങ്ങളുടെ തിരിച്ചടിയാണ്‌ ഈ പരിണാമങ്ങളെല്ലാം. ഇതില്‍നിന്ന്‌ രക്ഷപെടാന്‍ എത്ര ശ്രമിച്ചാലും പിണറായിക്കോ ഔദ്യോഗിക പക്ഷത്തിനോ ഇനി കഴിയുകയില്ല
ആതിരേ,റവല്യൂഷണറി മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെ കടുത്ത പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്‌. പിണറായി വിജയന്‍ ആവര്‍ത്തിക്കുന്ന കുലംകുത്തി' പ്രയോഗവും അതിന്‌ അച്യുതാനന്ദന്‍ നടത്തിയ തിരുത്തലുമാണ്‌, അപമ്യത്യൂനടന്ന വീട്ടിലേതുപോലെയുള്ള നിശബ്ദ സാഹചര്യം പാര്‍ട്ടിയില്‍ സൃഷ്ടിച്ചിരിക്കുന്നത്‌. സംഘടനാപരമായി നോക്കിയാല്‍ പാര്‍ട്ടി സെക്രട്ടറി നടത്തുന്ന പ്രസ്താവനകള്‍ പാര്‍ട്ടിയുടെ ഔദ്യോഗിക അഭിപ്രായമാണെന്നിരിക്കെ ടി.പി.ചന്ദ്രശേഖരന്‍ കുലംകുത്തിയാണെന്നത്‌ വിജയന്റെ മാത്രം അഭിപ്രായമാണെന്ന്‌ വി.എസ്‌. തുറന്നടിച്ചതാണ്‌ പാര്‍ട്ടിയെ ഇപ്പോള്‍ അനുരഞ്ജനമില്ലാത്ത പ്രതിസന്ധിയില്‍ എത്തിച്ചിരിക്കുന്നത്‌. പാര്‍ട്ടിയുടെ സംസ്ഥാനത്തെ മുന്‍നിര നേതാക്കന്മാര്‍പോലും ഈ വിഷയത്തില്‍ അഭിപ്രായം പറയാന്‍ ശേഷിയില്ലാത്തവിധം തളര്‍ന്നിരിക്കുന്ന കാഴ്ചയാണ്‌ സംസ്ഥാനത്തുള്ളത്‌. ചന്ദ്രശേഖരന്‍ വധത്തിന്റെ ഗൂഢാലോചനയില്‍ പി.സി. ജോര്‍ജിന്‌ പങ്കുണ്ടെന്ന ദയനീയമായ ഒരു പ്രതികരണം പി. ജയരാജനില്‍നിന്നുണ്ടായതല്ലാതെ മറ്റുള്ളവരാരും പ്രതികരിക്കാന്‍ തയ്യാറായിട്ടുപോലുമില്ല. ഈ ഗൂഢാലോചനയില്‍ അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികള്‍ക്കുള്ള പങ്ക്‌ കണ്ടെത്താന്‍ 'സിദ്ധാന്തപരമായ മികവുള്ള' ഇ.പി. ജയരാജന്‍പോലും മൂകനാണിപ്പോള്‍. കാരട്ടും യച്ചൂരിയും എസ്‌.രാമചന്ദ്രന്‍ പിള്ളയും വൃന്ദ കാരട്ടുമൊക്കെ അടങ്ങുന്ന അവയ്‌ലബിള്‍ പോളിറ്റ്‌ ബ്യൂറോയും നിഗൂഢമൗനത്തില്‍..!ചന്ദ്രശേഖരന്‍ വധക്കേസില്‍ പൊതുസമൂഹത്തിന്റെ വികാരം തങ്ങള്‍ക്കെതിരാണെന്ന തിരിച്ചറിവാണ്‌ ഈ നേതാക്കന്മാരെ നിശബ്ദരാക്കിയിരിക്കുന്നത്‌. പാര്‍ട്ടിയിലെ കണ്ണൂര്‍ ലോബിക്ക്‌, നടുക്കുന്ന ഈ ഉന്മൂലനത്തിലുള്ള പങ്ക്‌ വക്തമാക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നസാഹചര്യത്തിലാണ്‌ ആതിരേ,വി.എസിന്റെ പ്രസ്താവന പാര്‍ട്ടിയെ, തലയൂരാനാവാത്ത പുതിയ പ്രതിസന്ധിയില്‍ കൊണ്ടെത്തിച്ചിട്ടുള്ളത്‌. കേരളീയ പൊതുസമൂഹം, പൈശാചികമായ ഈ വധത്തില്‍ പാര്‍ട്ടിക്ക്‌ എതിരാണെന്ന തിരിച്ചറിവില്‍ സിപിഎം നേതാക്കളും പ്രവര്‍ത്തകരും തളരാതിരിക്കുന്നതിനുവേണ്ടി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തുന്ന അത്യദ്ധ്വാനത്തിന്റെ മുഖം വെട്ടിക്കീറി വികൃതമാക്കുന്നതായിത്തീര്‍ന്നു വി.എസിന്റെ പ്രസ്താവന. പാര്‍ട്ടിയണികള്‍ക്ക്‌ ഊര്‍ജം പകരാന്‍വേണ്ടിയാണ്‌ വിവാദപരമായ കുലംകുത്തി പ്രയോഗം പിണറായി വിജയന്‍ വീണ്ടും പൊടിതട്ടിയെടുത്തത്‌.എന്നാല്‍ അത്‌ ഉഹാതീതമായ പ്രഹരമായിത്തീര്‍ന്നു. കൊലപാതകവുമായി പാര്‍ട്ടിക്ക്‌ ബന്ധമില്ല എന്ന പിണറായിയുടെ അവകാശവാദത്തെ ചിതറിക്കുന്നതായിരുന്നു പ്രതികളെക്കുറിച്ചുള്ള സൂചനകളും ഗൂഢാലോചനയ്ക്ക്‌ പിന്നിലെ സാധ്യതകളും. ഈ സാഹചര്യത്തില്‍ മുഖംരക്ഷിക്കാന്‍ കുലംകുത്തി പ്രയോഗം മാത്രമാണ്‌ പിണറായി വിജയന്‍ അനുകൂലംഘടകമായി വിലയിരുത്തിയത്‌. അതുകൊണ്ടാണ്‌ ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ ഔദ്യോഗികമായി അനുശോചിക്കാന്‍പോലും മനസുകാട്ടാതെ കുലംകുത്തി പ്രയോഗവുമായി തങ്ങളുടെ നിലപാടാണ്‌ ശരിയെന്ന ശാഠ്യവുമായി പിണറായി വിജയന്‍ മുന്നില്‍ നിന്നത്‌. ഇത്‌ പക്ഷേ അദ്ദേഹം ചിന്തിച്ചതിനും കണക്കുകൂട്ടിയതിനും വിരുദ്ധമായി കൊലപാതകത്തില്‍ പാര്‍ട്ടിക്കുള്ള പങ്ക്‌ പരോക്ഷമായി സമ്മതിക്കുന്നതിന്‌ തുല്യമായിരുന്നു. വി.എസിന്റെ അഭിപ്രായം പുറത്തുവന്നതോടെ കൊലപാതകികള്‍ മറ്റാരുമല്ലെന്നും അവരെ സംരക്ഷിക്കുന്നത്‌ ഔദ്യോഗിക വിഭഗമാണെന്നുമുളള്ള ധാരണയാണ്‌ പൊതുമനസില്‍ ശക്തമായിട്ടുള്ളത്‌. ഇത്‌ പാര്‍ട്ടിക്കുള്ളില്‍ സൃഷ്ടിച്ചിട്ടുള്ളത്‌, ഇതുവരെ അഭിമുഖീകരിക്കാത്ത തരത്തിലുള്ള ആഘാതം തന്നെയാണ്‌. കോഴിക്കോട്‌ ജില്ലയില്‍ ഈ പ്രക്ഷുബ്ദതയുടെ അനുരണനങ്ങള്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.പാര്‍ട്ടി അണികളുടെ കൊഴിഞ്ഞു പോക്കും ആരംഭിച്ചിരിക്കുന്നു...!! ടി.പി. ചന്ദ്രശേഖരന്‍ കുലംകുത്തിയാണെന്ന അഭിപ്രായം പാര്‍ട്ടിക്കില്ലെന്നും അത്‌ വിജയന്റെ മാത്രം അഭിപ്രായമാണെന്നുമാണ്‌ കോഴിക്കോട്‌ വെച്ച്‌ വി.എസ്‌ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞത്‌. " അധോലോക സംസ്കാരം കമ്മ്യൂണിസ്റ്റ്‌ രീതിയല്ലെന്ന സിപിഐയുടെ അഭിപ്രായത്തോട്‌ യോജിക്കുന്നു. പാര്‍ട്ടിവിട്ടവരെ ക്രിയാത്മക ശ്രമങ്ങളിലൂടെയാണ്‌ പാര്‍ട്ടിയില്‍ കൊണ്ടുവരേണ്ടത്‌. ആശയങ്ങളും നിലപാടുകളും വിശദീകരിച്ച്‌ നല്ലനിലയില്‍ അവരെ പാര്‍ട്ടിയിലേയ്ക്ക്‌ മടക്കിക്കൊണ്ടുവരണം. തിരിച്ചുവന്നില്ലെങ്കില്‍ സ്വതന്ത്രരരായി അവര്‍ പ്രവര്‍ത്തിച്ചോട്ടെ. എം.വി. രാഘവനും കെ.ആര്‍. ഗൗരിയമ്മയും പാര്‍ട്ടിയില്‍ നിന്നകന്ന്‌ വേറേ പാര്‍ട്ടി ഉണ്ടാക്കിയിട്ടുണ്ടല്ലോ?. അതുപോലെ അവരും പുതിയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കട്ടെ. വലിയ പാര്‍ട്ടികളെപ്പോലെ ചെറിയ പാര്‍ട്ടികളും ഇടത്തരം പാര്‍ട്ടികളും കേരളത്തിലുണ്ട്‌. അതില്‍ തെറ്റില്ല " - ഇതായിരുന്നു വി.എസിന്റെ വിവാദമായ വിശദീകരണം. വി.എസിന്റെ ഈ പരാമര്‍ശങ്ങള്‍ക്ക്‌ ചുട്ട മറുപടിയുമായി പിണറായി രംഗത്തെത്തുന്നതാണ്‌ പിന്നെ കണ്ടത്‌. "ശത്രുപക്ഷത്തിന്‌ സഹായമായ രീതിയില്‍ സ്വന്തം പാളയത്തിലുള്ളവര്‍ മുന്നോട്ട്‌ വരുന്നതാണ്‌ ഇടതുപക്ഷത്തിന്റെ ദൗര്‍ഭാഗ്യം " എന്നുപറഞ്ഞ പിണറായി പാര്‍ട്ടിയെ ആശയപരമായി പിളര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മുന്നറിയിപ്പ്നല്‍കി. ഒരുവിഭാഗം എല്ലാം നന്മകളുടേയും പ്രതീകവും മറുവിഭാഗം എന്തെല്ലാം തിന്മകളുണ്ടോ അതിന്റെ വിളനിലമാണെന്ന പ്രചാരണവും പാര്‍ട്ടിയെ ആശയപരമായി വിഭജിച്ച്‌ നിര്‍ത്താനുള്ള ബുദ്ധിപൂര്‍വ്വകമായ നീക്കമാണെന്നും പിണറായി വിശദീകരിച്ചു. രണ്ടുതരത്തില്‍ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്തുപോകാം. നടപടി നേരിട്ട്‌ പുറത്തുപോയവരെപ്പോലെയല്ല ശത്രുപാളയത്തിലെത്തി പാര്‍ട്ടിയെ നശിപ്പിക്കാന്‍ശ്രമിക്കുന്ന ഒഞ്ചിയത്ത്‌ ഒരുവിഭാഗം കൂടണഞ്ഞത്‌ ശത്രുപക്ഷത്താണ്‌. ഞങ്ങളുടെ കുലത്തെ നശിപ്പിക്കാന്‍ ശ്രമിച്ചു എന്ന നിലയിലാണ്‌ അവരെ കുലംകുത്തികളെന്ന്‌ വിശേഷിപ്പിച്ചത്‌. ചന്ദ്രശേഖരന്റെ വധത്തില്‍ സിപിഎമ്മിന്‌ യാതൊരു പങ്കുമില്ലെന്നും ഇപ്പോള്‍ നടക്കുന്ന കോലാഹലങ്ങളില്‍ പ്രവര്‍ത്തകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പിണറായി വിശദീകരിക്കുമ്പോള്‍ പാര്‍ട്ടിയും നേതൃത്വവും ഇപ്പോള്‍ എത്തിനില്‍ക്കുന്ന ഗതികേടിന്റെ ആഴം എത്രയെന്ന്‌ വ്യക്തമാകുന്നു, ആതിരേ. സിപിഎം വിഭാഗീയതയുടെ ആദ്യ രക്തസാക്ഷിയാണ്‌ ടി.പി. ചന്ദ്രശേഖരന്‍. ഔദ്യോഗിക വിഭാഗത്തിനെതിരെ പോരാടി പുറത്തുപോകേണ്ടിവന്നതും രക്തസാക്ഷി ആകേണ്ടിവന്നതും വി.എസിന്റെ നിലപാടിനൊപ്പം നിന്നതുകൊണ്ടാണ്‌. അതിന്റെ കുറ്റബോധം വി.എസിന്‌ ഉണ്ടാകുക സ്വാഭാവികം. അതുകൊണ്ടാണ്‌ പാര്‍ട്ടി സെക്രട്ടറിയെ തിരുത്തുന്ന, സംഘടനാപരമായ അച്ചടക്ക ലംഘനത്തിന്‌ വി.എസ്‌. മുതിര്‍ന്നത്‌. ഇതുപക്ഷേ പാര്‍ട്ടി അണികളുടെ മൊത്തം വികാരമായി പരിണമിച്ചപ്പോഴാണ്‌, ആതിരേ കടുത്ത എതിര്‍പ്പിന്റെ ഭാഷയും വിമര്‍ശനത്തിന്റെ വാക്കുകളുമായി പിണറായിക്ക്‌ രംഗത്തെത്തേണ്ടിവന്നത്‌. പ്രത്യശാസ്ത്രപരമായ നിലപാടുകളില്‍ കഴിഞ്ഞ കുറെ കാലങ്ങളായി പാര്‍ട്ടി നേതൃത്വം ബോധപൂര്‍വ്വം വരുത്തിയ വ്യതിയാനങ്ങളുടെ തിരിച്ചടിയാണ്‌ ഈ പരിണാമങ്ങളെല്ലാം. ഇതില്‍നിന്ന്‌ ഇനി രക്ഷപെടാന്‍ എത്ര ശ്രമിച്ചാലും പിണറായിക്കോ ഔദ്യോഗിക പക്ഷത്തിനോ കഴിയുകയില്ല. അടിസ്ഥാന വര്‍ഗങ്ങളുടേയും അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടേയും താത്പര്യങ്ങളെ കുഴിച്ചുമൂടി നവലിബറല്‍ ആശയങ്ങളിലേയ്ക്ക്‌ ചേക്കേറിയപ്പോള്‍ ഇത്തരം ഒരു പ്രതിസന്ധിയുണ്ടാകുമെന്ന്‌ മുന്‍കൂട്ടിക്കാണാന്‍ കഴിയാത്തവിധം അദ്ദേഹത്തെ അന്ധനാക്കിയ വര്‍ഗവിരുദ്ധ താത്പര്യങ്ങളുടെ ബലിച്ചോറാണിതെല്ലാം. എല്ലാ ചൂഷണങ്ങളോടും എതിരിട്ട്‌ അടിസ്ഥാന വിഭാഗങ്ങളെ സംരക്ഷിക്കേണ്ട ഒരു പാര്‍ട്ടിക്ക്‌ സംഭവിച്ച പ്രത്യയ ശാസ്ത്രപരമായ ഈ പ്രതിസന്ധി നേതൃത്വത്തിന്റെ സ്വയംകൃതാനര്‍ത്ഥമാണ്‌. അതില്‍നിന്ന്‌ അവര്‍ക്ക്‌ മോചനമില്ല, ആതിരേ....

No comments: