Friday, May 4, 2012

"ഒഞ്ചിയത്ത്‌ സിപിഎം ഫാസിസം.."

ആതിരേ,സിപിഎമ്മിന്റെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒഞ്ചിയത്തെ വിമത നേതാവ്‌ ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിന്‌ ആഴ്ചകള്‍ക്ക്‌ മുമ്പ്‌ സിപിഎം ഫാസിസത്തിനെതിരെ ലേഖനമെഴുതിയിരുന്നു. സിപിഎം അക്രമ പരമ്പരകളുടെ തെളിവ്‌ നിരത്തി, റവല്യൂഷണറിയുടെ മുഖപത്രമായ ' ഇടതുപക്ഷ 'ത്തില്‍ പ്രസിദ്ധീകരിച്ചതാണ്‌ ഈ ലേഖനം . ചന്ദ്രശേഖരന്‍ ചൂണ്ടിക്കാണിച്ച അതേ തേര്‍വാഴ്ചയ്ക്ക്‌ അദ്ദേഹത്തിനും ഇരയാകേണ്ടിവന്നു എന്നത്‌ യാദൃച്ഛികതയല്ല..
പാര്‍ട്ടിയുടെ ആന്തരിക ഘടനയില്‍നിന്ന്‌ മാര്‍ക്സിസം, ലെനിനിസം കുടിയിറങ്ങിപ്പോകുകയും രൂപഘടനയില്‍ ജനാധിപത്യ കേന്ദ്രീകരണത്തിന്റെ കാര്‍ക്കശ്യം പുലര്‍ത്തുകയും ചെയ്യുമ്പോള്‍ അത്‌ ഫാസിസ്റ്റായിത്തീരുന്നു എന്നതിന്റെ ഏറ്റവും കൃത്യമായ ഉദാഹരണമാണിന്ന്‌ സിപിഐഎം. ചിന്തയിലോ പ്രായോഗിക പദ്ധതിയിലോ അല്‍പജ്ഞാനം പോലും ഇല്ലാത്ത മാടമ്പികളും സ്വേച്ഛാധിപതികളുമായ ഒരു നേതൃത്വമാണ്‌ കേരളത്തില്‍ ഇന്ന്‌ പാര്‍ട്ടിയിലുള്ളത്‌. പാര്‍ട്ടിക്കകത്ത്‌ എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്തുകയും ഒച്ചയിട്ട്‌ കാര്യങ്ങള്‍ നേടുകയും കീഴ്ഘടകങ്ങളിലെ സഖാക്കളെ അടിമതുല്യമായി പരിഗണിക്കുകയും ചെയ്യുമ്പോള്‍ത്തന്നെ പാര്‍ട്ടിക്ക്പുറത്ത്‌ വ്യാജമായ ഗൗരവവും കൃത്രിമമായ പെരുമാറ്റരീതികളും കൊണ്ട്‌ ജനങ്ങളില്‍നിന്ന്‌ ഒന്നടങ്കം ഒറ്റപ്പെട്ടുപോകുകയും ചെയ്ത കൂട്ടമാണിവര്‍. ഇത്തരം ഒറ്റപ്പെടല്‍ ഫാസിസ്റ്റ്‌ മുറയിലുള്ള ആക്രമണ രീതികള്‍ കൈയ്യേല്‍ക്കാന്‍ അവരെ പ്രേരിപ്പിക്കുന്നു. കേന്ദ്രീകരിക്കപ്പെട്ട അധികാരങ്ങളും അവിശുദ്ധ ബന്ധങ്ങളിലൂടെ വാരിക്കൂട്ടിയ സമ്പത്തും ജനങ്ങളോടുന്ന പുച്ഛവും യാഥാര്‍ത്ഥ്യങ്ങളെ സമീപിക്കാനുള്ള സഹജമായ ഭയവും മാര്‍ക്സിസ്റ്റ്‌ തത്വശാസ്ത്രത്തിലുള്ള അജ്ഞതകൊണ്ടുള്ള അപഹര്‍ഷത്ത്വവും അത്‌ അംഗീകരിക്കുന്നതിന്‌ അനുവദിക്കാത്ത ദുരഭിമാനവും പ്രശ്നങ്ങളൊക്കെയും വടിവാള്‍കൊണ്ടും ഗുണ്ടാസംഘത്തെക്കൊണ്ടും പരിഹരിക്കാമെന്ന മൂഢത്വവുമാണ്‌ സിപിഎം എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിന്റെ പിന്നിലും ഒഞ്ചിയത്ത്‌ കഴിഞ്ഞ നാലുവര്‍ഷമായി സിപിഐഎം നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണ പരമ്പരകള്‍ ഈ നിലയിലുള്ളതാണ്‌. ഏറ്റവും അവസാനം ഇക്കഴിഞ്ഞ പതിനാറിന്‌ ഒരു പ്രകോപനവുമില്ലാതെ ജില്ലയുടെ പുറത്തുനിന്നുപോലും ക്രിമിനലുകളെ കേന്ദ്രീകരിപ്പിച്ച്‌ റവല്യൂഷണറി മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ വെള്ളിക്കുളങ്ങരയിലെ ഓഫീസും കൊടിതോരണങ്ങളും അടിച്ചുതകര്‍ത്തു. റവല്യൂഷണറി മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ഏരിയ സമ്മേളനം നടത്താന്‍ അനുവദിക്കില്ലെന്ന്‌ പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട്‌ ജില്ലയ്ക്ക അകത്തും പുറത്തുനിന്നുമുള്ള ക്രിമിനലുകളെ കൊണ്ടുവന്ന്‌ ഫാസിസ്റ്റ്‌ നടപടികളാണ്‌ സിപിഐഎം സ്വീകരിക്കുന്നത്‌. സിപിഎം സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ്‌ കോഴിക്കോട്‌ നടത്തുന്ന സാഹചര്യത്തില്‍ ഒഞ്ചിയത്ത്‌ വിമത സംഘടനയുടെ ശക്തി പ്രകടിപ്പിക്കുന്ന ഒരു സമ്മേളനം അനുവദിക്കില്ലെന്ന്‌ ആദ്യം രഹസ്യമായി പ്രകടിപ്പിച്ച സിപിഐഎം പരസ്യമായി പ്രഖ്യാപിച്ചുകൊണ്ടാണ്‌ ഇപ്പോള്‍ തേര്‍വാഴ്ച നടത്തുന്നത്‌. തങ്ങള്‍ക്കിഷ്ടമുള്ള രാഷ്ട്രീയ നിലപാട്‌ സ്വീകരിക്കാനും സംഘടന രൂപീകരിക്കാനുമുള്ള ഒരു ജനതയുടെ ജനാധിപത്യ അവകാശം അനുവദിക്കില്ലെന്നത്‌ തനി ഫാസിസമാണ്‌. ഒഞ്ചിയത്തുള്‍പ്പടെ പാര്‍ട്ടി അണികളില്‍നിന്നും ജനങ്ങളില്‍നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന സിപിഐഎം പിണറായി വിജയന്‍ന്റെ നേതൃത്വത്തില്‍ ഒരു ഫാസിസ്റ്റ്‌ സംവിധാനമായി മാറിയതിന്റെ ഉദാഹരണമാണിത്‌. ഭീകരവാദികളെപ്പോലും നാണിപ്പിക്കുന്ന തരത്തില്‍ തളിപ്പറമ്പിലെ അറിയില്‍ അബ്ദുള്‍ ഷുക്കൂര്‍ എന്ന ചെറുപ്പക്കാരനെ പരസ്യവിചാരണ നടത്തി ജനക്കൂട്ടത്തിന്‌ മുന്നിലിട്ട്‌ മൃഗീയമായി കൊലപ്പെടുത്തിയത്‌ ഇത്തരം ഫാസിസ്റ്റ്‌ നടപടികളുടെ തെളിവാണ്‌. സിപിഐഎമ്മിന്റെ വഴിപിഴച്ച പോക്കിനെതിരെ ഒഞ്ചിയം ഏരിയായില്‍ ബഹുജനമുന്നേറ്റമുണ്ടാകുന്നത്‌ 2008 മുതലാണ്‌. ആയിരക്കണക്കിന്‌ സാധാരണജനങ്ങള്‍ റവല്യൂഷണറി മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി രൂപീകരിച്ച്‌ പ്രവര്‍ത്തനം തുടങ്ങി. 2008 മുതല്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ ഫാസിസ്റ്റുകളെപ്പോലും നാണിപ്പിക്കുന്ന ആക്രമണ പരമ്പരകളാണ്‌ ഒഞ്ചിയത്ത്‌ നടക്കുന്നത്‌. അഴിയൂര്‍ പഞ്ചായത്തിലെ അബ്ദുള്‍ ഖാദര്‍ എന്ന 65 കാരനെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചുകൊണ്ടാണ്‌ ഇതിന്‌ തുടക്കമിട്ടത്‌. വടിവാളുകളും ഇരുമ്പ്‌ ദണ്ഡുകളും ഉപയോഗിച്ച്‌ നടത്തിയ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ താടിയെല്ലുകള്‍ തകര്‍ന്നു. റവല്യൂഷണറി യോഗത്തിലേയ്ക്ക്‌ പാഞ്ഞുകയറി ആക്രമണം നടത്തിയ ക്രിമിനലുകള്‍ക്കെതിരെ പോലീസ്‌ യാതൊരു നടപടിയും സ്വീകരിച്ചില്ല. 2008 നവംബര്‍ 29 ന്‌ വൈക്കിലശേരിയില്‍ സിപിഐഎം ക്രിമിനലുകളുടെ തേര്‍വാഴ്ചയില്‍ ഓര്‍ക്കാട്ടേരിയിലെ കുളങ്ങര സനീഷിന്റെ ഇടതുകാല്‍ തകര്‍ന്നു. കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലും ബേബിമെമ്മോറിയല്‍ ആശുപത്രിയിലും സിനീഷിന്‌ ശസ്ത്രക്രിയ നടത്തേണ്ടിവന്നു. 2009 നവംബര്‍ ആറ്‌ വെള്ളിയാഴ്ച ഒഞ്ചിയത്തെ ഇപ്പോഴത്തെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ജയരാജന്‌ സിപിഐഎം നേതൃത്വം ആസുത്രിതമായി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ജയരാജിനെ ക്വട്ടേഷന്‍ സംഘം തലങ്ങും വിലങ്ങും വെട്ടി. 16 വെട്ടുകളാണ്‌ ജയരാജിനേറ്റത്‌. മാസങ്ങള്‍ നീണ്ട ചികിത്സയ്ക്ക്‌ ശേഷമാണ്‌ ജയരാജന്‍ സാധാരണ നിലയിലേയ്ക്ക്‌ തിരിച്ചുവന്നത്‌. ഈ കേസിലെ പ്രതികളെ ഇതുവരെയും അറസ്‌ററ്‌ ചെയ്യാനോ കുറ്റപത്രം നല്‍കാനോ പോലീസ്‌ തയ്യാറായിട്ടില്ല. 2010 മാര്‍ച്ച്‌ 16 ന്‌ മൂയിപ്രായില്‍ പടിക്കുതാഴേക്കുനി കേളപ്പന്‍, അഖിലേഷ്‌ എന്നിവര്‍ ആക്രമിക്കപ്പെട്ടു. 2010 മാര്‍ച്ച്‌ 18 ന്‌ റവല്യൂഷണറി മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ലോക്കല്‍ കമ്മറ്റി അംഗം എം.പി. ദാമോദരന്റെ സിപിഐഎം ക്രിമിനലുകള്‍ ബോംബ്‌ എറിഞ്ഞും വെട്ടിയും കൊലപ്പെടുത്താന്‍ ശ്രമിച്ചു. മാരകമായ പരിക്കുകളോടെ ദാമോദരന്‍ രക്ഷപെട്ടു. എന്നാല്‍ ഒരുവര്‍ഷം തികയുന്നദിവസം വീണ്ടും ദാമോദരന്‍ ആക്രമിക്കപ്പെട്ടു. മാരകമായി പരിക്കേറ്റ ദാമോദരന്‍ ഇപ്പോഴും ചികിത്സയിലാണ്‌. 2010 മാര്‍ച്ച്‌ 19 ന്‌ റവല്യൂഷണറി യൂത്തിന്റെ ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ.കെ. ജയനെ മാരകമായി ആക്രമിച്ചു. കൈകാലുകള്‍ക്കും വാരിയെല്ലിനും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റ ജയന്‍ തലനാരിഴയ്ക്കാണ്‌ രക്ഷപെട്ടത്‌. 2012 ഫെബ്രുവരി 19 ന്‌ റവല്യൂഷണറി മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ഏരിയാ സമ്മേളന പതാക ജാഥ ആക്രമിക്കപ്പെട്ടു. 50ലേറേ പേര്‍ക്ക്‌ പരിക്കേറ്റു. റവല്യൂഷണറി പ്രവര്‍ത്തകന്‍ രാജന്റെ കൈ അടിച്ചുതകര്‍ത്തു. നിരവധി വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. 2012 ഫെബ്രുവരി 20 ന്‌ കുന്നുമ്മല്‍കരയയില്‍ ടി.പി. ബാലന്റെ വീട്‌ ആക്രമിച്ച്‌ ബെഡ്‌റൂമിലിട്ട്‌ വെട്ടി. ഒരു കൈ അറ്റുപോയി. കൈകാലുകള്‍ക്കും തലയിലും ആഴത്തില്‍ മുറിവേറ്റു. അന്നുതന്നെ മൃഗേഷിനെ ബോംബെറിഞ്ഞ്‌ പരിക്കേല്‍പിച്ചു. ഇത്രയൊക്കെ ആക്രമണം ഉണ്ടായിട്ടും ഒഞ്ചിയത്ത്‌ ഒരൊറ്റ സിപിഎം പ്രവര്‍ത്തകന്‍പോലും ആക്രമിക്കപ്പെട്ടില്ല. എന്നിട്ടും റവല്യൂഷണറിയുടെ 100 കണക്കിന്‌ ആളുകളുടെപേരില്‍ കള്ളക്കേസുകള്‍ എടുത്തു. 52 പേരുടെ പാസ്പോര്‍ട്ടുകള്‍ കണ്ടുകെട്ടി. ഗള്‍ഫില്‍ നിന്നുംവന്ന പലര്‍ക്കും തിരിച്ചുപോകാനായില്ല. 12 ചെത്ത്‌ തൊഴിലാളികളെ സഹകരണ സംഘത്തില്‍ നിന്നും പിരിച്ചുവിട്ടു. കേരളത്തില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ആരംഭകാലത്ത്പോലും നേരിടേണ്ടിവന്നിട്ടില്ലാത്ത അതിക്രൂരമായ ആക്രമണങ്ങളാണ്‌ സിപിഎം നേതൃത്വത്തില്‍ റവല്യൂഷണറി പാര്‍ട്ടിക്കെതിരെ നടത്തുന്നത്‌. വിപുലമായ ജനകീയ പന്‍തുണ സമാഹരിച്ച്‌ ഈ ഫാസിസ്റ്റ്‌ വെല്ലുവിളികളെ ജനകീയ പ്രതിരോധത്തിലൂടെ ഞങ്ങള്‍ പരാജയരപ്പെടുത്തും. ഒരു പ്രദേശത്തെ ക്രിമിനല്‍ വാഴ്ച തടയാനും നിയമ വാഴ്ച നടപ്പിലാക്കാനുമുള്ള ഉത്തരവാദിത്തം പോലീസിനും ഗവണ്‍മെന്റിനുമുണ്ട്‌. നേരത്തേ പോലീസ്‌ അസോസിയേഷന്‍ ഭാരവാഹികളായി ഇരുന്നിട്ടുള്ള സിപിഎംകാരായ ചില എഎസ്‌ഐമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അക്രമികള്‍ക്ക്‌ ഒത്താശ ചെയ്യുകയാണ്‌. ഇതുകാരണം ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ പോലീസിന്‌ കഴിയുന്നില്ല. ക്രമസമാധാനവും ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളും ഉറപ്പാക്കാന്‍ ഗവണ്‍മെന്റ്‌ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

No comments: