Thursday, May 10, 2012
"താടിക്ക് തീപിടിച്ച് " പിണറായിയും കൂട്ടരും
പോലീസ് കൊലയാളികളെ കണ്ടെത്തട്ടെ. പക്ഷേ അണികള്‍ക്കും പൊതു സമൂഹത്തിനും അറിയേണ്ടത് മറ്റുചില വാസ്തവങ്ങളാണ്. ആരാണ് ഈ ക്വട്ടേഷന്‍ സംഘത്തിന് ലക്ഷങ്ങള്‍ നല്‍കിയത്?. അണികള്‍ ബക്കറ്റ് പിരിവിലൂടെയാണോ ഇതിനുവേണ്ട പണം ഉണ്ടാക്കിയത്?. അതോ പാര്‍ട്ടിയുടെ ഫിക്സഡ് ഡിപ്പോസിറ്റില്‍നിന്നാണോ നല്‍കിയത്?. അതുമല്ലെങ്കില്‍ നായനാര്‍ ഫുട്ബോള്‍ നടത്തിപ്പ് നഷ്ടത്തിലായപ്പോള്‍ സഹായിച്ചതുപോലെയുള്ള 'കളങ്കിതരുടെ' പണമാണോ ഉപയോഗിച്ചത്?. ഇതിനെല്ലാം പിണറായി വിജയന്‍ ഉത്തരം പറഞ്ഞേ മതിയാകൂ.....!
റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവും ടി.പി. ചന്ദ്രശേഖരനെ ബീഭത്സമായി വെട്ടിക്കൊലപ്പെടുത്തിയതോടെ അക്ഷരാര്‍ത്ഥത്തില്‍തന്നെ താടിക്ക് തീപിടിച്ച അവസ്ഥയിലാണ് ആതിരേ, സിപിഎം നേതൃത്വം. കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് പാര്‍ട്ടി നേതൃത്വത്തിന് ഒരുവിധത്തിലും ഒഴിഞ്ഞുമാറാനാവാത്തവിധം സാഹചര്യത്തെളിവുകള്‍ നെഞ്ചുവരിച്ച് നില്‍ക്കേ അണികള്‍ക്കിടയിലും ഇടുതുമുന്നണിയിലും സിപിഎം ഒറ്റപ്പെട്ടിരിക്കുകയാണിപ്പോള്‍. അതിന്റെ ദൃഷ്ടാന്തമായിരുന്നു ഒഞ്ചിയം സന്തര്‍ശിച്ച എംഎല്‍എ സംഘത്തില്‍നിന്ന് സിപിഐ വിട്ടുനിന്നതും ബിനോയ് വിശ്വത്തിന്റേയും പന്ന്യന്‍ രവീന്ദ്രന്റ്യും കെ.ഇ. ഇസ്മായേലിന്റെയുമൊക്കെ പ്രസ്താവനകളും.
ആതിരേ, രാഷ്ട്രീയ കൊലപാതകങ്ങളുടെപേരില്‍ പാര്‍ട്ടിയും പാര്‍ട്ടിനേതൃത്വവും പരസ്യ വിചാരണയ്ക്ക് വിധേയമാകുന്നത് ആദ്യമല്ല. എന്നാല്‍ ഇപ്പോഴത്തേതുപോലെ അണികളും പൊതുസമൂഹവും പാര്‍ട്ടിയേയും നേതൃത്വത്തേയും കുറ്റപ്പെടുത്തി തള്ളിപ്പറഞ്ഞ അവസ്ഥ മുമ്പുണ്ടായിട്ടില്ല. പിഞ്ചു വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് പഠിപ്പിച്ചുകൊണ്ടിരുന്ന ജയകൃഷ്ണന്‍ മാസ്റ്ററെ വെട്ടിക്കൊലപ്പെടുത്തി ലോകത്തെ ഞെട്ടിച്ചപ്പോഴും പാര്‍ട്ടിയെ ന്യായീകരിക്കാന്‍ എം.എന്‍. വിജയനെപ്പോലെയുള്ള ബുദ്ധിജീവികള്‍ ഉണ്ടായിരുന്നു. സ്വന്തം അമ്മയുടെ മുന്നിലിട്ട് വെട്ടിക്കൊല്ലാമെങ്കില്‍ വിദ്യാര്‍ത്ഥികളുടെ മുന്നിലും അതാകാം എന്നായിരുന്നുഅന്ന് വിജയന്‍ മാഷ് പാര്‍ട്ടിയുടെ രക്ഷയ്ക്ക് നടത്തിയ പ്രസ്താവന. അതില്‍ യുക്തിയുണ്ടായിരുന്നു: ആര്‍എസ്‌എസ് നടത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ കിരാതത്വം ഉണ്ടായിരുന്നു, അതിനെ പ്രതിരോധിക്കുന്ന സിപിഎമ്മിന്റെ രണശൂരത്വവും ഉണ്ടായിരുന്നു.
എന്നാല്‍, ആതിരേ, മുഖംപോലും വികൃതമാക്കി 51 വെട്ടേല്‍പിച്ച്, ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്താല്‍ ടി.പി. ചന്ദ്രശേഖരനെ ഉന്മൂലനം ചെയ്ത രാഷ്ട്രീയ വൈരാഗ്യത്തിന് ന്യായീകരണം നല്‍കാന്‍ പാര്‍ട്ടി അണികള്‍ തയ്യാറല്ല. കോഴിക്കോട് ജില്ലയില്‍ അണികള്‍ക്കിടയില്‍ രൂക്ഷമായിട്ടുള്ള അമര്‍ഷവും പ്രതിഷേധവും പ്രസ്താവനകള്‍ കൊണ്ടോ ന്യായീകരണംകൊണ്ടോ യുക്തിവാദം കൊണ്ടോ പിണറായി അടക്കമുള്ള നേതൃത്വത്തിന് തണുപ്പിക്കാനോ നിയന്ത്രിക്കാനോ കഴിയുകയില്ല. പാര്‍ട്ടി വന്‍ പ്രതിസന്ധിയിലാണ് ഇപ്പോളെത്തിനില്‍ക്കുന്നത്. കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് രോഷത്തോടെ കണ്ടു നില്‍ക്കാനേ നേതൃത്വത്തിന് കഴിയുകയുള്ളൂ.
കമ്മ്യൂണിസ്റ്റ് മൂല്യബോധങ്ങളില്‍നിന്ന് വ്യതിചലിച്ച് വര്‍ഗശത്രുക്കളുമായി ബാന്ധവം സ്ഥാപിച്ച് സോഷ്യല്‍ ഡെമോക്രാറ്റുകളായി രൂപംമാറി പിണറായി അടക്കമുള്ള സിപിഎം നേതൃത്വം നടത്തുന്ന പ്രത്യശാസ്ത്രവിരുദ്ധവും വര്‍ഗവിരുദ്ധവുമായ നിലപാടുകള്‍ നേരത്തേതന്നെ അണികള്‍ക്കിടയിലും അടക്കാനാകാത്ത രോഷവും പ്രതിഷേധവും സൃഷ്ടിച്ചിരുന്നു. അനിയന്ത്രിതമായ വര്‍ഗപക്ഷ വ്യതിയാനത്തില്‍ മനംനൊന്തും അടിസ്ഥാനവര്‍ഗം താത്പര്യങ്ങളില്‍നിന്ന് പിണറായി അടക്കുമുള്ളവര്‍ അകന്നുപോകുന്നതില്‍ രോഷംപൂണ്ടുമായിരുന്നു പി.ടി. ചന്ദ്രശേഖരന്‍ അടക്കമുള്ളവര്‍ നേതൃത്വത്തോട് കലഹിച്ച് പുറത്തുപോയത്. എംഎല്‍എ സ്ഥാനമോ എംപി സ്ഥാനമോ ലഭിക്കാത്തതുകൊണ്ടോ, ലഭിച്ച സീറ്റില്‍ വിജയസാധ്യത ഇല്ലാത്തതുകൊണ്ടോ പാര്‍ട്ടിവിട്ടുപോയ അവസരവാദികളെപ്പോലെയായിരുന്നില്ല ചന്ദ്രശേഖരനും കൂട്ടരും. മാര്‍ക്സിസ്റ്റ് മൂല്യബോധങ്ങളില്‍ അടിയുറച്ച് ആര്‍ജവമുള്ള കമ്മ്യൂണിസ്റ്റാകാരായി തുടര്‍ന്ന് കാലം ഏല്‍പിച്ച തിരുത്തല്‍ദൗത്യം നിര്‍വ്വഹിക്കുകയായിരുന്നു ചന്ദ്രശേഖരന്‍. യുഡിഎഫ് വെച്ചുനീട്ടിയ എംഎല്‍എ സ്ഥാനവും എംപി സ്ഥാനവും പുറംകാലുകൊണ്ട് തട്ടിത്തെറിപ്പിച്ച് "ധീരനായ കമ്മ്യൂണിസ്റ്റായി" രുന്നു ചന്ദ്രശേഖരന്‍. അദ്ദേഹത്തൊടൊപ്പം പതിനായിരങ്ങളാണ് പിണിറായിയുടേയും കണ്ണൂര്‍ ലോബിയുടേയും നേതൃത്വപരമായ അവസരവാദത്തോടും വഞ്ചനകളോടും തെറ്റിപ്പിരിഞ്ഞത്. കോഴിക്കോട് ജില്ലയില്‍ ഭൂരിപക്ഷം പ്രദേശങ്ങളിലും ബ്രാഞ്ചുകമ്മറ്റിയടക്കമുള്ള സംഘടനാ സംവിധാനങ്ങള്‍ ചന്ദ്രശേഖരനൊപ്പം നിന്നു. എന്നാല്‍ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചുമാണ് ഇവരില്‍ പലരേയും തിരികെ പാര്‍ട്ടിയില്‍ നേതൃത്വം കൊണ്ടുവന്നത്. ചോറിങ്ങും കൂറെങ്ങും എന്ന അവസ്ഥയിലായിരുന്നു ജില്ലയുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ എല്ലാവരുംതന്നെ. അതുകൊണ്ടാണ് ചന്ദ്രശേഖരന്റെ ബീഭ്ത്സമായ അന്ത്യത്തില്‍ അവരെല്ലാം പാര്‍ട്ടി നേതൃത്വത്തെ മനസുകൊണ്ട് തള്ളിപ്പറയുന്നത്. പിണറായി അടക്കമുള്ള നേതൃത്വത്തിന് ഈ വാസ്തവം അറിയാം. അതുകൊണ്ടാണ് താടിക്ക് തീപിടിച്ച അവസ്ഥയിലാണ് പാര്‍ട്ടിയെന്ന് സമ്മതിക്കേണ്ട ഗതികേട് പിണറായിക്ക് വന്നത്.
ആതിരേ,സ്റ്റാലിനുമായിതെറ്റി ജിവനില്‍ ഭയന്ന് മെക്സികോയിലേയ്ക്ക് പലായനം ചെയ്ത ട്രോഡ്സ്കിയെ വകവരുത്തിയ അതേ രീതിയിലും രൂപത്തിലുമാണ് ചന്ദ്രശേഖരനേയും ഉന്മൂലനം ചെയ്തത്. മഴുകൊണ്ട് മുഖംവെട്ടിക്കീറിയാണ് സ്റ്റാലിന്റെ ഗുണ്ടകള്‍ ട്രോഡ്സ്കിയെ ഇല്ലാതാക്കിയതെങ്കില്‍ അതേ മോഡസ്‌ഓപ്പറാണ്ടിയാണ് കൊടി സുനിയുടേയും റഫീക്കിന്റേയും നേതൃത്വത്തിലുള്ള ക്വട്ടേഷന്‍സംഘം സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശം നടപ്പിലാക്കിയത്. ഇത് യദൃച്ഛികതയോ, കാവ്യനീതിയോ? കാലം ഉത്തരം തരും.
നവലിബറല്‍ സാമ്പത്തിക നയങ്ങളെപ്പുല്‍കി കമ്പോള മൂലധന ശക്തികള്‍ക്കൊപ്പം അണിചേര്‍ന്ന് പുതിയമാര്‍ക്കറ്റിംഗ് തന്ത്രങ്ങളാണ് പാര്‍ട്ടി നടത്തിപ്പില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നേതൃത്വം ഇപ്പോള്‍ പയറ്റിക്കൊണ്ടിരിക്കുന്നത്. ഈവന്റ് മാനേജ്മെന്റിന്റെ സഹായത്തോടെ സംസ്ഥാനസമ്മേളനം നടത്തിയവര്‍, മഴു പ്രയോഗത്തിലും, വടിവാള്‍ പ്രയോഗത്തിലും എല്‍ഡിഎഫിനേയും ആര്‍എസ്‌എസിനേയും നേരിട്ട് മികവ് തെളിയിച്ച സഖാക്കള്‍ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നിട്ടും അവരെ ഒഴിവാക്കി പ്രഫഷണല്‍ കൊലയാളികള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയാണ് ചന്ദ്രശേഖരന്റെ ഉന്മൂലനം സാധിച്ചെടുത്തത്. ഇനി പാര്‍ട്ടി പ്രകടനങ്ങള്‍ ഔട്ട്സോഴ്സ് ചെയ്യുന്ന ദിനങ്ങള്‍ വിദൂരത്തിലല്ല.
പോലീസ് കൊലയാളികളെ കണ്ടെത്തട്ടെ. പക്ഷേ അണികള്‍ക്കും പൊതു സമൂഹത്തിനും അറിയേണ്ടത് മറ്റുചില വാസ്തവങ്ങളാണ്. ആരാണ് ഈ ക്വട്ടേഷന്‍ സംഘത്തിന് ലക്ഷങ്ങള്‍ നല്‍കിയത്?. അണികള്‍ ബക്കറ്റ് പിരിവിലൂടെയാണോ ഇതിനുവേണ്ട പണം ഉണ്ടാക്കിയത്?. അതോ പാര്‍ട്ടിയുടെ ഫിക്സഡ് ഡിപ്പോസിറ്റില്‍നിന്നാണോ നല്‍കിയത്?. അതുമല്ലെങ്കില്‍ നായനാര്‍ ഫുട്ബോള്‍ നടത്തിപ്പ് നഷ്ടത്തിലായപ്പോള്‍ സഹായിച്ചതുപോലെയുള്ള 'കളങ്കിതരുടെ' പണമാണോ ഉപയോഗിച്ചത്?. ഇതിനെല്ലാം പിണറായി വിജയന്‍ ഉത്തരം പറഞ്ഞേ മതിയാകൂ, ആതിരേ....!
Subscribe to:
Post Comments (Atom)
No comments:
Post a Comment